"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 15, ഞായറാഴ്‌ച

കറുത്ത അമേരിക്ക: സര്‍ഗ്ഗശക്തിയുടെ പ്രകാശനം - ദലിത് ബന്ധു എന്‍ കെ ജോസ്

അടിമകളുടെ വിമോചനം സാധ്യമാകുന്നത് എന്നും എവിടെയും ബോധവല്‍ക്കരണ ത്തിലൂടെയാണ്. മോചിതമാകണമെന്ന അടങ്ങാത്ത ആവേശം അടിമയില്‍ രൂപം കൊള്ളുമ്പോള്‍ അവന്‍ മോചിതനാകുക തന്നെ ചെയ്യും. ഒരു അടിമയെ താന്‍ അടിമയാണ് എന്ന് ബോധ്യപ്പെടു ത്തുക പിന്നെ അവന്‍ സ്വതന്ത്രനായി കൊള്ളും. ശ്രീബുദ്ധന്‍ തന്റെ സഹോദരങ്ങളായ ഇന്ത്യന്‍ ജനതയെ ആര്യ ബ്രാഹ്മണമേധാവിത്വ ത്തില്‍ നിന്ന് മോചിപ്പിച്ചത് വാളുകൊണ്ടോ രാഷ്ട്രീയം കൊണ്ടോ അല്ല. സാംസ്‌ക്കാരിക ബോധവല്‍ക്ക രണം ഒന്നു കൊണ്ടു മാത്രമാണ്. ഒന്നര സഹസ്രാ ബ്ദത്തിനു ശേഷം അധഃപതിച്ച ബുദ്ധമതത്തെ ആദിശങ്കരാ ചാര്യര്‍ പരാജയപ്പെടുത്തിയതും അതേ മാര്‍ഗ്ഗം ഉപയോഗിച്ചാണ്. ശങ്കരന്റെ വാളിന് കൂടി അദ്ദേഹത്തിന്റെ നാക്കിനെക്കാള്‍ മൂര്‍ച്ച കൂടുതലുണ്ടെന്ന് വിവേകാനന്ദന്‍ പറഞ്ഞത് മറക്കുന്നില്ല.

തിരുവിതാംകൂറില്‍ 1855 ല്‍ അടിമത്തനിരോധനവിളംബരമു ണ്ടായി. അടിമകള്‍ മോചിക്കപ്പെട്ടു. പക്ഷെ ഒന്നര നൂറ്റാണ്ടിനുശേഷം ഇന്നും ഇവിടെ ആ അടിമകള്‍ മാനസികമായി അടിമകള്‍ തന്നെയാണ്. അന്ന് ക്രൈസ്തവസഭകളില്‍ ചേര്‍ന്നവര്‍ ക്രിസ്തുമതത്തിന്റെ അടിമകള്‍ അല്ലാത്തവര്‍ ഹിന്ദുമതത്തിന്റെ അടിമകള്‍. കാരണം ആ അടിമകള്‍ക്ക് അവരുടെ സ്വന്തം ആഗ്രഹപ്രകാരം മോചനം ലഭിച്ചതല്ല. മോചനം എന്താണെന്നു പോലും അന്നും ഇന്നും അവര്‍ക്ക് അറിഞ്ഞു കൂടാ ക്ഷേത്രപ്രവേശനവിളംബരത്തോളം പോലും (ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധിക്കുന്നത് മോചനമായി കാണുന്നവരുണ്ട്) പ്രാധാന്യം അടിമത്ത നിരോധന വിളംബരത്തിന് സര്‍ക്കാരും അടിമകളും നല്‍കാത്തതിന്റെ കാരണം അതാണ്. ആകെ കൂടി പ്രത്യക്ഷ രക്ഷാ ദൈവസഭ ക്കാരാണ് (പി.ആര്‍.ഡി.എസ്) ആണ്ടുതോറും അത് ഒന്ന് അനുസ്മരിക്കുന്നത്. ആ വിളംബരത്തിലൂടെ മോചനം നേടിയത് അവര്‍ മാത്രമല്ലല്ലോ? എന്തു കൊണ്ട് കേരളപുലയര്‍മഹാസഭയും (കെ.പി.എം.എസ്) മറ്റും ആ വഴി ചിന്തിക്കുന്നില്ല. സര്‍ക്കാരിന്റെ പട്ടിക ജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പുകള്‍ അത് ഓര്‍മ്മിക്കുന്നില്ല.

തങ്ങള്‍ അടിമകളായിരുന്നപ്പോള്‍ അനുഭവിച്ച ദുരിതങ്ങള്‍ എന്തെല്ലാമാ യിരുന്നു? എന്താണ് അന്ന് തങ്ങള്‍ക്കില്ലായിരുന്നത്? അതേ പറ്റി അടിമ കളുടെ ഈ തലമുറയ്ക്ക് ഒന്നും അറിഞ്ഞുകൂടാ. അത് അനുഭവിച്ചത് തങ്ങളുടെ അപ്പനപ്പുപ്പന്‍മാരായിരുന്നു. അന്നും അതെല്ലാം അനുഭവിച്ചവര്‍ അത് അനുഭവിച്ചതല്ലാതെ പിന്‍തലമുറയ്ക്ക് അതറി യാന്‍ വേണ്ടി രേഖപ്പെടുത്തി വച്ചില്ല. പിന്‍തലമുറയ്ക്ക് പറഞ്ഞുകൊടു ത്തില്ല. 1863 ല്‍ ജനിച്ച അയ്യന്‍കാളി അത് അനുഭവിക്കുക മാത്രമല്ല അത് അനുഭവിക്കുക യാണ് എന്നു തിരിച്ചറിയുകകൂടി ചെയ്തു. 1891 ല്‍ ജനിച്ച അംബേദ്ക്കര്‍ അത് അനുഭവിക്കുകയും തിരിച്ചറിയുകയും ചെയ്തു. കല്ലറ സുകുമാരന്‍ തന്റെ മാതാവ് നിര്യാതയായപ്പോള്‍ മറവു ചെയ്യാന്‍ ആറടി മണ്ണു ലഭിക്കാതെ വിഷമിക്കുകയും അവസാനം കായലില്‍ കെട്ടിത്താക്കുകയും ചെയ്തപ്പോള്‍ അടിമ എന്നാല്‍ എന്താണെന്നറിഞ്ഞു. അതിന്റെ എല്ലാം ഫലമായി അവരെല്ലാം സ്വതന്ത്ര രായി. സ്വതന്ത്രരായി ജീവിച്ചു. അടിമ കളുടെ ആ അനുഭവം സ്വയം അനുഭവിച്ച പിതാക്കന്‍മാര്‍ അനുഭവിച്ചത് സ്വാംശീകരിച്ച് ഈ തലമുറ മനസ്സിലാക്കിയില്ല. അതിനാല്‍ അവര്‍ ഇന്നും അടിമകളാണ്.

കേരളത്തില്‍ ദലിതര്‍ക്ക് മാത്രമല്ല പിന്നോക്കസമുദായ ക്കാര്‍ക്കുപോലും നൂറ്റാണ്ടുകളായി നിലനിന്നു പോന്ന അടിമത്തം ചിന്താഗതിയില്‍ നിന്നു മോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ഇന്നും ഒരു അടിമയുടെ ആധിപത്യത്തില്‍ നിന്നും മറ്റൊരു അടിമയുടെ ആധിപത്യത്തിലേയ്ക്ക് തലമാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. തന്നെ ഒരു സ്വതന്ത്രമനുഷ്യനായി അംഗീകരിക്കാന്‍ തയ്യാറില്ലാത്ത സമൂഹത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു പോകാനും സ്വതന്ത്രമനുഷ്യരുടെ സമൂഹത്തിനും രൂപം കൊടുക്കുവാനും കഴിവില്ലാത്തവരാണ് ഇന്നും ഇവിടത്തെ പിന്നോക്കക്കാര്‍. കേന്ദ്രമന്ത്രി യായാലും സ്ഥിതി അതുതന്നെ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വയലാര്‍ രവിയും കുടുംബവും രണ്ടാമതും ചെന്ന് അവഹേളനം നേടി എടുത്തത് അതുകൊണ്ടാണല്ലോ. തൊഴി ക്കുന്ന കാലിന് നക്കുന്ന ആ പഴയസ്വഭാവം ഇന്നും അവരില്‍ നിന്നും വിട്ടുമാറിയിട്ടില്ല അവര്‍ അവിടെ അന്വേഷിച്ചല്ല ചെന്നത്. ആഢ്യത്വം അന്വേഷിച്ചാണ്. ആഢ്യന്‍മാര്‍ ഈശ്വരരാധന നടത്തുന്നിടത്തു ചെന്നാല്‍ തങ്ങളും ആഢ്യന്‍മാരാകും എന്ന ചിന്തയാണ് അവരെ അവിടേയ്ക്ക് നയിച്ചത്. അവര്‍ അവിടെ ആഢ്യന്‍മാരായി കണ്ടവരുടെ കുത്തകയാണ് ആഢ്യത്വം എന്ന മിഥ്യാധാരണയാണ് അവര്‍ക്കുള്ളത്. അതുകൊണ്ടാണ് ആ സംഭവത്തിന് അര്‍ഹിക്കുന്ന പ്രധാന്യം സമൂഹത്തില്‍ ലഭിക്കാതെ പോയത്. അതിനു പ്രത്യാഘാത ങ്ങളും പ്രതികരണങ്ങളും ഇല്ലാതെ പോയതും. അയിത്തം ഭരണഘടന യിലൂടെ നിരോധിച്ചിട്ടുള്ള ഒരു രാജ്യത്ത് ഒരു മനുഷ്യന്‍ ഒരു ക്ഷേത്ര ത്തില്‍ കയറിയതിന്റെ പേരില്‍ ക്ഷേത്രം അശുദ്ധമായി പുണ്യാഹം ചെയ്തു അശുദ്ധി മാറ്റി എന്നു പരസ്യമായി പ്രസ്താവിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആ മനുഷ്യര്‍ അവകാശമില്ലാത്ത സ്ഥലത്ത് കയറിയെങ്കില്‍ അതിന് ക്രിമിനല്‍ കേസു കൊടുത്ത് അയാടെ ശിക്ഷിപ്പി ക്കണം. അയാള്‍ കയറിയ സ്ഥലത്തെ അയിത്തത്തിന് പ്രായശ്ചിത്തം ചെയ്തത് അതും പരസ്യമായി ചെയ്തത് ഭരണഘടനാപ്രകാരം തന്നെ ശിക്ഷാര്‍ഹമാണ്. പക്ഷെ ഇവിടെ നടപടി എടുക്കാന്‍ വാദിയോ സര്‍ക്കാരോ ഇല്ല. ഇനിയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബോധപൂര്‍വ്വമായ ശ്രമം ഒന്നു കൊണ്ടു മാത്രമേ അതവസാനിക്കുകയുള്ളു.

ഇന്ന് ഇവിടെ ഇത് അവസാനിപ്പിക്കണമെന്ന ആഗ്രഹം ആര്‍ക്കുമില്ല. അടിമകള്‍ക്കില്ല. ഉടമകള്‍ക്കുമില്ല. ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും അറിയണ്ടേ? ഒരിക്കല്‍ നാരായണഗുരു അതിനു ശ്രമിച്ചു പരാജയപ്പെട്ടു. (വിശദീകരണം ലേഖകന്റെ അരുവിപ്പുറം പ്രതിഷ്ഠ എന്ന ഗ്രന്ഥത്തിലുണ്ട്.) പരാജയ പ്പെടുത്തിയത് ഉടമകളല്ല. അടിമകള്‍ തന്നെ. അടിമയായിരിക്കുമ്പോള്‍ ലഭിക്കുന്ന ആ പഴകി പരിചയിച്ച സുഖം സ്വതന്ത്രനായാല്‍ ലഭിക്കുക യില്ല. നൂറ്റിഒന്നു ബ്രാഹ്മണരുടെ കാലു കഴുകി വെള്ളം കുടിച്ചപ്പോള്‍ ഡോ.രാജേന്ദ്ര പ്രസാദിനു ലഭിച്ച ആനന്ദം ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ആയപ്പോള്‍ പോലും അദ്ദേഹത്തിനു ലഭിച്ചില്ല. അതുകൊ ണ്ടാണല്ലോ അദ്ദേഹം ഇന്ത്യന്‍ പ്രസിഡന്റായതിനുശേഷം അതു ചെയ്തത്.

ആ പശ്ചാത്തലത്തിലാണ് 1920 കളില്‍ അമേരിക്കന്‍ കറമ്പരിലുണ്ടായ ബോധവത്ക്കരണത്തിന്റെ പ്രധാന്യം വ്യക്തമാ കുന്നത്.

ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളാണ് ഇന്നത്തെ അമേരിക്കന്‍ കറമ്പര്‍ക്ക് രൂപം കൊടുത്തത്. ഒന്നാം ലോകമഹായുദ്ധത്തി നുശേഷമാണ് അവരുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ ഏറ്റവും സുപ്ര ധാനകാലഘട്ടം. കലയ്ക്കും സാഹിത്യത്തിനും മറ്റും ജീവിതത്തിലുള്ള പ്രധാന്യം എത്ര ശക്തമാണ് എന്ന് അന്ന് ആഫ്രോ അമേരിക്കന്‍ നീഗ്രോകള്‍ കണ്ടെത്തി. തങ്ങളുടെ ഉള്ളില്‍ ആളിക്കത്തികൊണ്ടിരുന്ന അമര്‍ഷത്തിന്റെയും അഭിലാഷങ്ങളുടെയും ആഴം എത്ര ശക്തമായിരുന്നു എന്നും അവയുടെ ബഹിര്‍സ്ഫുരണം കൊണ്ടു നേടാവുന്ന വിമോചനത്തിന്റെ ശക്തിയും എത്രയായിരുന്നുവെന്നും അവര്‍ കണ്ടറിഞ്ഞു. ആ ആവേശത്തില്‍ അവര്‍ കഥകളെഴുതി, നാടകങ്ങള്‍ എഴുതി, നോവലുകള്‍ എഴുതി, ലേഖനങ്ങള്‍ എഴുതി. അത് അനേകരെ തങ്ങളുടെ ആലസ്യത്തില്‍ നിന്നും ഉണര്‍ത്തി. ഉള്ളിന്റെ ഉള്ളിലെ ആശയങ്ങളും ആഗ്രഹങ്ങളും ഒന്നാണ് എന്നവര്‍ പരസ്പരം അറിഞ്ഞു. എല്ലാം മറന്ന് ഐക്യപ്പെടുവാന്‍ അത് അവരെ പ്രേരിപ്പിച്ചു. കറമ്പര്‍ ഒന്നാണ് അത് ഏതുസംസ്ഥാനത്താണെങ്കിലും എന്നവര്‍ മനസ്സിലാക്കി. ഒരു നീഗ്രോ മനസ്സ് അമേരിക്കയില്‍ രൂപം കൊണ്ടു. കോട്ടണ്‍ ക്ലബുകള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന രാത്രികാല ഒത്തുചേരലുകള്‍ അവരുടെ മുന്നില്‍ ഒരു പുതിയ ലോകം വിരിയിച്ചു.

യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സമരത്തിന്റെ പാതയിലെ ഒരു പ്രധാന ഘട്ടമാണ് ഹാര്‍ലം നവോത്ഥാനം (Harlem Renaissance) എന്ന പേരില്‍ അറിയപ്പെടുന്ന 1920 മുതലുള്ള രണ്ടു ദശാബ്ദങ്ങള്‍. ഒന്നാം ലോകമഹാ യുദ്ധത്തിനുശേഷമുള്ള കാലഘട്ടം കറുത്തവരുടെ കലയിലെയും സംസ്‌ക്കാരത്തിലെയും സംഗീതത്തിലെയും സാഹിത്യ ത്തിലെയും പ്രത്യേക സ്പന്ദനങ്ങള്‍ അവരുടെ യുവതലമുറ മാത്രമല്ല വെള്ളക്കാരുടെ യുവാക്കളും നേരിട്ടു അനുഭവിച്ച കാലമാണത്. അതിന്റെ ഫലമായി വളരെയേറെ കലാകാരന്‍മാരും സാഹിത്യകാരന്‍മാരും സംഗീതജ്ഞരും പണ്ഡിതരുമെല്ലാം കറുമ്പരുടെ യുവതലമുറയില്‍ നിന്നും വളര്‍ന്നു വന്നു. കല കൊണ്ടു തന്നെ അവര്‍ക്ക് ജീവിതം സാധ്യ മാകുന്ന ഒരു കാലഘട്ടം വരെയെത്തി. അവരുടെ നവോത്ഥാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന അലന്‍ ലോക്കെ (Alen Locke) യുടെ കാലം അതായിരുന്നു. ന്യൂ നീഗ്രോ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം 1923 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അമേരി ക്കയിലെ കറുത്തവരുടെ ഗ്രാമീണസംഗീതം ജോഗ് ആ കാലഘട്ട ത്തിലാണ് ഏറെ പ്രചാരത്തിലെത്തിയത്.