"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 28, ശനിയാഴ്‌ച

വൈകുണ്ഠ സ്വാമികള്‍ കേരളത്തിലെ പ്രഥമ സ്വാതന്ത്ര്യസമര നായകന്‍ - ദലിത്ബന്ധു എന്‍ കെ ജോസ്

മനുഷ്യന്‍ ഏതെല്ലാം വിധത്തില്‍ അസ്വാതന്ത്ര്യം അനുഭവി ക്കുന്നുവോ അതില്‍ നിന്നെല്ലാം വിടുതല്‍ നേടുവാനുള്ള ശ്രമമാണ് സ്വാതന്ത്ര്യ സമരം. ഇംഗ്ലീഷുകാര്‍ ഇന്ത്യയെ രാഷ്ട്രീയമായും സാമ്പത്തികമായും മറ്റു വിധത്തിലും കൈയ്യടക്കിവച്ചു ചൂഷണം ചെയ്തു കൊണ്ടിരുന്നതില്‍ നിന്നും മോചനം നേടുവാന്‍ നടത്തിയ ശ്രമവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. എന്നാല്‍ അതു മാത്രമാണ് സ്വാതന്ത്ര്യസമരം എന്ന തെറ്റായ ഒരു ധാരണ ഇന്ന് ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്വന്തം ശരീരം ആവശ്യമുള്ള രീതിയില്‍ വസ്ത്രം ധരിച്ച് മറയ്ക്കുന്നതില്‍ നിന്നു വിലക്കുന്നത് അസ്വാതന്ത്ര്യമല്ലേ? തനിക്ക് ഇഷ്ടവും താല്‍പര്യവും അഭിരുചിയുമുള്ള തൊഴില്‍ ചെയ്യാന്‍ പാടില്ല കുലത്തൊഴില്‍ മാത്രമേ ചെയ്യാവൂ എന്ന് അനുശാസിക്കുന്നത് അസ്വാതന്ത്ര്യമല്ലേ? പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കാത്തത് അസ്വാതന്ത്ര്യമല്ലേ? സവര്‍ണ്ണജാതിക്കാരന്‍ വരുമ്പോള്‍ പൊതുനിരത്തില്‍ നിന്ന് 64 അടിയോ 36 അടിയോ മാറിനിന്നു കൊള്ളണ മെന്ന് കല്പിക്കുന്നത് അസ്വാതന്ത്ര്യമല്ലേ? സ്വന്തം മാതൃഭാഷയിലെ അക്ഷരങ്ങള്‍ ഹൃദിസ്ഥ മാക്കുന്നതില്‍ നിന്നും തടയുന്നത് അസ്വാതന്ത്ര്യ മല്ലേ? സ്വന്തം കുഞ്ഞിന് തനിക്ക് ഇഷ്ടമുള്ള പേര് ചൊല്ലി വിളിക്കാന്‍ പാടില്ലെന്ന് കല്പിക്കുന്നത് അസ്വാതന്ത്ര്യമല്ലേ? തനിക്ക് ഇഷ്ടമുള്ള ദൈവത്തെ ഇഷ്ടമുള്ളരീതിയില്‍ ആരാധിക്കാന്‍ അവകാശമില്ലെന്ന് ശാഠ്യം പിടിക്കുന്നത് അസ്വാതന്ത്ര്യമല്ലേ? അങ്ങനെ നൂറുകൂട്ടം അസ്വാതന്ത്ര്യങ്ങള്‍ നിലനിന്ന കാലത്ത് അതിനെതിരായി നടത്തിയ സമരം സ്വതന്ത്ര്യസമരമല്ലേ? ആ സമരത്തിന് നേതൃത്വം കൊടുത്ത ആള്‍ സ്വാതന്ത്ര്യസമര നേതാവല്ലെ? ആ അസ്വാതന്ത്ര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചത് നാട്ടുകാരും മേലാളന്മാരു മാണെങ്കില്‍ അത് അസ്വാതന്ത്ര്യമല്ലെന്നും വിദേശികളാണെങ്കില്‍ മാത്രം അത് സ്വാതന്ത്ര്യഹത്യയാണെന്നും ചിന്തിക്കുന്നതു തന്നെ മാനസികമായ അടിമത്തത്തിന്റെ ലക്ഷണമല്ലേ? അതോ മറ്റു വിധത്തില്‍ അതിനേയും ചൂഷണം ചെയ്യാനുള്ള വ്യഗ്രതയോ? വൈക്കം സത്യാഗ്രഹം സ്വതന്ത്ര്യ സമരത്തില്‍ പെടുമോ, പുന്നപ്രവയലാര്‍ സമരം സ്വാതന്ത്ര്യ സമരത്തില്‍ പ്പെടുമോ എന്നെല്ലാമുള്ള തര്‍ക്കം ഒരുകാലത്ത് ഇവിടെ നടന്നിരുന്നു. അത് സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു.

രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്‌ക്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തിരുവിതാംകൂറിലും കേരളക്കരയിലും നിലനിന്ന ആവിധത്തിലുള്ള അസ്വാതന്ത്ര്യങ്ങളോടെല്ലാം ഒരേസമയം വിജയപൂര്‍വ്വം സമരം ചെയ്ത യോദ്ധാവാണ് വൈകുണ്ഠ സ്വാമികള്‍. അതിനാല്‍ അദ്ദേഹം സ്വാതന്ത്ര്യസമര നായകന്‍ എന്ന പേരിന് സര്‍വ്വദാ അര്‍ഹനാണ.് അദ്ദേഹത്തിനു മുമ്പ് ഇവിടെ ആരും ഇങ്ങനെ ഒരു സമരം നയിച്ചിട്ടില്ല. നയിച്ചതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല.

സ്വാതന്ത്ര്യസമര നേതാക്കള്‍

ഇന്നും ഇവിടുത്തെ പൊതുധാരയില്‍ അംഗീകരിക്കപ്പെട്ട സ്വതന്ത്ര്യ സമരനേതാക്കള്‍ വേലുത്തമ്പിയും പഴശ്ശിരാജയും മറ്റുമാണല്ലോ. ഇംഗ്ലീഷുകാര്‍ക്ക് വര്‍ഷംതോറും തിരുവിതാംകൂര്‍ സര്‍ക്കാര്‍ കൊടുക്കേ ണ്ടിയിരുന്ന നികുതി നാലുലക്ഷത്തില്‍ നിന്നും എട്ടുലക്ഷമാക്കി വര്‍ദ്ധിപ്പിച്ച ഉടമ്പടി എഴുതിയുണ്ടാക്കി ദിവാന്‍ സ്ഥാനത്തിരുന്നുകൊണ്ട് രാജാവിനെ ഭീഷണിപ്പെടുത്തി അഞ്ചുതെങ്ങില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് ഒപ്പു വയ്പിച്ച് ഇന്ത്യന്‍ വൈസ്രോയി വെല്ലസ്ലി പ്രഭുവിന് സമര്‍പ്പിച്ച് അദ്ദേഹത്തില്‍ നിന്നും പട്ടുപാവാടയും പടവാളും സമ്മാനമായി വാങ്ങി അത് ധരിച്ച്‌ഞെളിഞ്ഞു നടന്ന ധീരവീരശൂര പരാക്രമിയായിരുന്നു ഇവിടത്തെ സ്വതന്ത്ര്യസമര നായകന്‍ വേലുത്തമ്പി (ഗ്രന്ഥകാരന്റെ വേലുത്തമ്പി എന്ന ഗ്രന്ഥം കാണുക). മൈസൂറില്‍ ശ്രീരംഗപട്ടണത്ത് ടിപ്പുസുല്‍ത്താനോട് ഏറ്റുമുട്ടി ഇംഗ്ലീഷുകാര്‍ പരാജയപ്പെടുമെന്ന് കണ്ടപ്പോള്‍ ബോംബെയില്‍ നിന്നും തലശ്ശേരിയില്‍ കൊണ്ടുവന്നിറക്കിയ ഇംഗ്ലീഷ് പട്ടാളത്തെ വേഗം മൈസൂറില്‍ എത്തിച്ചു ഇംഗ്ലീഷുകാരെ ജയിപ്പിക്കാന്‍ വേണ്ടി തന്റെ അധീനതയി ലായിരുന്ന വയനാട്ടിലൂടെ കടത്തിവിട്ട് പ്രതിഫലമായി എണ്ണായിരം രൂപ കൈക്കൂലി എണ്ണി വാങ്ങിയ ധീരവീരശൂര പരാക്രമിയായ പഴശ്ശിരാജയാണ് മറ്റൊരു സ്വതന്ത്ര്യസമരനായകന്‍ (ഗ്രന്ഥകാരന്റെ പഴശ്ശിരാജാ കേരള മിര്‍ജാഫര്‍ എന്ന ഗ്രന്ഥം കാണുക) അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈകുണ്ഠസ്വാമി ഒരു വിദേശശക്തിയുടെയും കാലുനക്കാതിരുന്നതിനാല്‍ സ്വതന്ത്ര്യസമര നായകന്‍ എന്ന പദവിക്ക് അവര്‍ക്കൊപ്പം അര്‍ഹനല്ല. അദ്ദേഹം ആ വിദേശശക്തിയെ വിളിച്ചിരുന്നത് 'വെണ്‍നീചന്‍' എന്നാണ് (അതേപ്പറ്റി പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്). പണിയെടുക്കുന്ന പാവപ്പെട്ട അയിത്തജാതിക്കാരുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയും വസ്ത്രധാരണാ സ്വാതന്ത്ര്യത്തിനു വേണ്ടിയും സഞ്ചാര സ്വാതന്ത്ര്യ ത്തിനുവേണ്ടിയും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടിയും സംഘടനാ സ്വാതന്ത്ര്യത്തിനു വേണ്ടിയും അങ്ങനെയുള്ള അനേകം സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയുമാണ് അദ്ദേഹം സമരം ചെയ്തത്. മനുഷ്യന് മനുഷ്യനായി കേരളത്തില്‍ ജീവിക്കുവാനുള്ള പരിതസ്ഥിതി സൃഷ്ടിക്കാനായി ജീവിതം ഹോമിച്ച മഹാനാണ് അദ്ദേഹം. വേലുത്തമ്പി ആത്മഹത്യ ചെയ്യുന്നതിന് ഒരു കൊല്ലം മുമ്പാണ് അദ്ദേഹം ജനിച്ചത്. 1721-ല്‍ ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യയിലെങ്ങും ഒരിഞ്ചു ഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്ന കാലത്താണ് ആറ്റിങ്ങല്‍ കൂടി വഴിപോയ ഏതാനും ഇംഗ്ലീഷുകാരെ കൂട്ടംചേര്‍ന്ന് വെട്ടി കൊലപ്പെടുത്തി അവരുടെ കൈവശ മുണ്ടായിരു ന്നതെല്ലാം കൊള്ളചെയ്ത നായന്മാരെ സ്വാതന്ത്ര്യസമര യോദ്ധാക്കളായി കാണുന്നവരുടെ ദൃഷ്ടിയില്‍ (എ.ശ്രീധരമേനോന്‍ - കേരളവും സ്വാതന്ത്ര്യ സമരവും പേജ് 17) വൈകുണ്ഠസ്വാമികള്‍ തീര്‍ച്ചയായും സ്വാതന്ത്ര്യസമര നായകനല്ല. അദ്ദേഹം ആരേയും കൊലപ്പെടുത്തിയിട്ടില്ല, ദ്രോഹിച്ചിട്ടില്ല, ദ്രോഹം സ്വയം ഏറ്റുവാങ്ങിയിട്ടേ ഉള്ളു. സ്വാതിതിരുനാള്‍ രാജാവിന്റെ ജയിലില്‍ കിടന്ന് നരകിച്ചതിന്റെ ഫലമായി അകാലത്തില്‍ 43-ാമത്തെ വയസ്സില്‍ സമാധിയടയുകയാണുണ്ടായത്. പക്ഷെ അദ്ദേഹത്തെ ഏറെ ദ്രോഹിച്ച ആ അനന്തപുരി നീചന്‍ അദ്ദേഹത്തേക്കാള്‍ മുന്നുവര്‍ഷം മുമ്പേ ചത്തു അഥവാ ആത്മഹത്യചെയ്തു.

അവഗണന

മലയാളക്കരയിലെ നവോത്ഥാന രംഗത്തെ മാര്‍ഗ്ഗദര്‍ശിയായ വൈകുണ്ഠ സ്വാമികളെപ്പറ്റി ഇന്നുവരെ കാര്യമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. കൊട്ടാരക്കര മുതല്‍ വടക്കോട്ടുള്ള കേരളത്തില്‍ അദ്ദേഹം ഇന്നും തികച്ചും അജ്ഞാതനാണ്. തെക്കന്‍ തിരുവിതാംകൂറിലും തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലും സമീപപ്രദേശങ്ങളിലും അദ്ദേഹത്തെപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങളും, കഥകളും അതിശയോക്തികളും പ്രചരിക്കുന്നുണ്ട്. അവയില്‍ പലതും വിവരിക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങളും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു ചരിത്ര ഗ്രന്ഥമായി കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തന്മൂലം അങ്ങനെയുള്ളതു പലതും ഇതില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ഡോ. ആര്‍ പൊന്നു തന്റെ എം.ഫില്ലിനുള്ള വിഷയമായി 'വൈകുണ്ഠ സ്വാമികളും ദക്ഷിണേന്ത്യയിലെ സാമൂഹ്യസമത്വത്തിനു വേണ്ടിയുള്ള കലാപവും' എന്ന വിഷയം തെരഞ്ഞെടുത്തുവെങ്കിലും അതൊരു അക്കാഡമിക് പഠനത്തിനപ്പുറം പോയിട്ടില്ല എന്നു പറയേണ്ടിവന്നതില്‍ ദു:ഖമുണ്ട്. സാമൂഹ്യ-രാഷ്ട്രീയ-മത രംഗങ്ങളില്‍ ഒരുപോലെ അനീതി ക്കെതിരെ പടപൊരുതിയ ഒരു വീര യോദ്ധാവായിരുന്നു വൈകുണ്ഠ സ്വാമികള്‍. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ പാരമ്പര്യമായ ദുര്‍ഭരണത്തിനെതിരെ അവരെ അനന്തപുരി നീചരെന്ന് വിളിച്ച് (വിശദമായി പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്) ആദ്യമായി അവര്‍ക്കെതിരെ കൈ ഉയര്‍ത്തിയ ഈ രാജ്യത്തെ പൗരന്‍ എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനാണ്. 'രാജാ പ്രത്യക്ഷ ദൈവതം'' എന്നായിരുന്നു അന്നത്തേയും ഇന്നത്തേയും തിരുവിതാംകൂറിലെ സവര്‍ണ്ണരുടെ മുദ്രാവാക്യം. കമ്മ്യൂണിസവും ജനാധിപത്യവും പോലുള്ള ആശയങ്ങള്‍ രൂപംകൊള്ളു ന്നതിനു ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ അതെല്ലാം പ്രയോഗത്തില്‍ കൊണ്ടുവന്ന വിപ്ലവകാരിയാണദ്ദേഹം. അദ്ധ്വാനിക്കുന്നവരെല്ലാം ഒരു ജാതി എന്ന് അദ്ദേഹം അന്നേ വിളിച്ചു പറഞ്ഞു. അവരെ വിവിധ ജാതികളാക്കി വിഘടിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ചൂഷകരാണ് മറ്റേ ജാതി. അതിനെതിരേയാണ് അദ്ദേഹം അധ്വാനിക്കുന്ന ജാതിക്കാരുടെ പ്രത്യേക മുന്നണിക്ക് രൂപം കൊടുത്തത്. തന്റെ ചുറ്റുപാടുമുള്ള നാടുകളിലെ 18 അവര്‍ണ്ണ ജാതികളെയും അദ്ദേഹം ഒരു ചരടില്‍ കോര്‍ത്തിണക്കി സമത്വ സമാജം രൂപീകരിച്ചു. ചൂഷണം, അത് ആരുടേതായാലുംതന്നെ - രാജാവിന്റേതായാലും നാടുവാഴിയുടേതായാലും ജന്മിയുടേതായാലും കരപ്രമാണിയുടേതായാലും - ചോദ്യംചെയ്യുക തന്നെവേണം എന്ന് പ്രഖ്യാപിക്കുക മാത്രമല്ല അതിനായി പ്രവര്‍ത്തിക്കു കയും അതിനിടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത ധീരനാണദ്ദേഹം. മുപ്പത് വര്‍ഷത്തിനിടയ്ക്ക് അദ്ദേഹം കൈവയ്ക്കാത്ത മണ്ഡലങ്ങളൊന്നും തന്നെയില്ല. അമിതമായ നികുതി ഭാരം കൊണ്ട് അസ്പൃശ്യരുടെ നട്ടെല്ല് ഒടിക്കുന്ന അധികാരികളെ അദ്ദേഹം ചോദ്യംചെയ്യുക മാത്രമല്ല, ആ വിധ നികുതികളില്‍ നിന്നും അനുയായികളെ മോചിപ്പിക്കുകയും കൂടി ചെയ്തു. ഭൂമിക്ക് ഒരു നികുതി: അതില്‍ രണ്ട് തെങ്ങോ മാവോ വച്ചു പിടിപ്പിച്ചാല്‍ അതിന് വേറെ നികുതി അതായിരുന്നു അന്നത്തെ നിയമം. സാമൂഹ്യ രംഗത്തും മതരംഗത്തും അര്‍ത്ഥമില്ലാത്ത ആചാരങ്ങളെ നടപ്പാക്കി അടിമകളെ ചൂഷണം ചെയ്തുകൊണ്ടിരുന്ന ആചാര്യന്‍മാരെ അദ്ദേഹം ചോദ്യം ചെയ്തു. അനുയായികളെ അവയില്‍ നിന്നെല്ലാം വിടുതല്‍ ചെയ്തു. അതിനപ്പുറം നാടുവാഴിയും, നമ്പൂതിരിയും, നാടാരും, നായാടിയും മനുഷ്യരാണ് മനുഷ്യരെന്ന നിലയില്‍ തുല്യമായ പരിഗണന യ്ക്കര്‍ഹരാണ്. ജനനമല്ല, കര്‍മ്മമാണ് മനുഷ്യനെ നല്ലവനും ഉന്നതനുമാ ക്കുന്നത്. മനുഷ്യന്‍ ഭൂമിയിലെ ഇതര ജീവികളെപ്പോലെ ഭൂമികൊണ്ട് ജീവിക്കേണ്ടവനാണ്. ജീവസന്ധാരണത്തിനാവശ്യമായ തൊഴില്‍ ചെയ്യാന്‍ അതിനാല്‍ ആര്‍ക്കും അവകാശമുണ്ട്. അതില്‍ നിയന്ത്രണം ഏര്‍പ്പെടു ത്താന്‍ ആരും തുനിയരുത്. കുലത്തൊഴില്‍ എന്നൊന്നില്ല. അഭിരുചിക്കനു സരിച്ച് ഏത് തൊഴിലും ആര്‍ക്കും ചെയ്യാന്‍ അവകാശമുണ്ട്. അത് സഹോദരര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും വിനയാകരുതെന്ന് മാത്രം.

അടിസ്ഥാനപരമായ തകരാര്‍ സാമൂഹ്യരംഗത്തെ ഉച്ചനീചത്വമാണ്. അധികാരവും സമ്പത്തും കുത്തകയാക്കി വെച്ചിരിക്കുന്ന ഒരു വിഭാഗവും അവ നഷ്ടപ്പെട്ട മറ്റൊരു വിഭാഗവും. അതാണ് ഇന്ന് ഈ നാട്ടിലെ സ്ഥിതി. അതിനെതിരെ 18 ദശാബ്ദങ്ങള്‍ക്കുമുമ്പ് ശബ്ദമുയര്‍ത്തിയ ആ മഹാന്റെ കാലടിപ്പാടുകള്‍ പിന്‍തുടരേണ്ടത് ഇന്ന് ആവശ്യമായി രിക്കുകയാണ്. രാജഭരണം പോയി, വൈദേശിക ഭരണം പോയി എന്നെല്ലാമാണ് ഇന്ന് അവകാശപ്പെടുന്നതെങ്കിലും അന്നത്തെ അടിമകളുടെ സന്തതികള്‍ ഇന്നും അടിമകള്‍ തന്നെ. അഷ്ടിക്കു വകയില്ലാതെ അലഞ്ഞു തിരിയുകയാണവര്‍. കൂരയ്ക്ക് മാര്‍ഗ്ഗമില്ലാതെ കാണുന്ന മിച്ചഭൂമിയിലെല്ലാം കുടിലുകെട്ടുക യാണവര്‍. പത്തു ദിവസം കഴിയുമ്പോള്‍ അധികാരികള്‍ വന്ന് വെടിവെച്ചു കൊല്ലുമെന്നറിഞ്ഞിട്ടും അവരവിടെ കൂടുകെട്ടുകയാണ്. കൃഷിക്കു ഭൂമിയില്ലാതെ പട്ടിണി സഹിക്കുകയാണവര്‍. വിദ്യാഭ്യാസത്തിന് മാര്‍ഗ്ഗമില്ലാതെ മുരടിക്കുകയാണ്. അവരുടെ സന്താനങ്ങള്‍, കാലം മാറിയെങ്കിലും കോലം മാറിയില്ല. മറ്റൊരു വിധത്തില്‍ ചൂഷണം തുടരുകയാണ്. ആ പശ്ചാത്തലത്തിലാണ് ആ രംഗങ്ങളിലെല്ലാം നിലനിന്ന ചൂഷണത്തിനെതിരെ കേരളത്തില്‍ ആദ്യമായി മുഷ്ടിചുരുട്ടിയ മുത്തുക്കുട്ടി സ്വാമിയെപ്പറ്റിയുള്ള അന്വേഷണം ആവശ്യമായി വരുന്നത്.

ഇന്നലെ അക്ഷരം വശമാക്കുവാന്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു അവകാശ മില്ലായിരുന്നു. ക്ഷരമില്ലാത്തതാണ് അക്ഷരം. അത് അയിത്ത ക്കാര്‍ക്ക് പാടില്ല അവന്‍ പഴയത് ഓര്‍മ്മിക്കും. അക്ഷരം അവനെ അറിവുള്ളവനാക്കും. അറിവ് അവനെ വിമോചനത്തിന് പ്രേരിപ്പിക്കും. വിമോചനം ജന്മി-നാടുവാഴി-ബ്രാഹ്മണ മേധാവിത്വത്തില്‍ നിന്നാണ് വേണ്ടത്. അത് മനസ്സിലാക്കിയ അധികാരി വര്‍ഗ്ഗം കളം മാറി ചവിട്ടി അവനെ അജ്ഞതയില്‍ തന്നെ തളച്ചിടാന്‍ വഴി നോക്കി. അയ്യന്‍കാളി പട നയിച്ച് പാടങ്ങള്‍ തരിശ്ശിട്ടു അക്ഷരം നേടിയെടുത്തു. അപ്പോള്‍ അവര്‍ അത് മൊത്തം അയ്യന്‍കാളിയുടെ ആളുകള്‍ക്കായി വിട്ടു കൊടുത്തു. അടിസ്ഥാന വര്‍ഗ്ഗം തൊട്ട് അശുദ്ധമാക്കാത്ത ആഢ്യത്വത്തിന്റെ പുതിയ അക്ഷരം കണ്ടെടുത്തു. ഒരു കാലത്ത് അടിമത്തത്വത്തിന്റേതെന്ന് മുദ്രവാക്യംമുഴക്കി ഉപേക്ഷിച്ചു പുറംതള്ളാന്‍ ശ്രമിച്ച ഇംഗ്ലീഷ് ഇന്ന് ആഢ്യത്വത്തിന്റേതായി. അടിമയുടെ സന്തതികള്‍ക്ക് അവിടെയ്ക്ക് എത്തിനോക്കാന്‍ കഴിയാത്ത വിധം അതിനെ കമ്പോളവല്‍ക്കരിച്ചു. അങ്ങനെ കാലം മാറിയതനുസരിച്ച് കോലം വീണ്ടും മാറ്റി. അടിമകളെ അടിമകളാക്കി നിലനിര്‍ത്തി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പഴയ നവോത്ഥാനനായകരില്‍ നിന്നും പാഠം പഠിക്കേണ്ടത് അവശ്യം ആവശ്യ മാണ്. അത് തുടങ്ങേണ്ടത് ആ രംഗത്തെ പയനിയറായ വൈകു ണ്ഠസ്വാമികളില്‍ നിന്നു തന്നെയാണ്. അതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി