"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 9, തിങ്കളാഴ്‌ച

ഗുരുദേവനിലേക്കും യോഗത്തിന്റെ ചരിത്രത്തിലേക്കും ഒരെത്തിനോട്ടം - ഒര്‍ണ കൃഷ്ണന്‍ കുട്ടി

മാനവ മൈത്രിയുടെ പ്രബോധകനും മാനവിക തലയൂന്നിയ ആദര്‍ശവാദിയും കര്‍മ്മ യോഗിയുമായ സന്യാസി ശ്രേഷ്ഠനുമായ ഗുരുവിന്റെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികം ''ഗുരു വര്‍ഷമായി'' കേരള ജനത ആഘോ ഷിച്ചു കഴിഞ്ഞു. യോഗസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷം ഒരു വര്‍ഷത്തോളം രാജ്യമെമ്പാടും അതിവിപുലവും ആഘോഷഭരിതവുമാക്കി. പിന്നിട്ട പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഗുരു പ്രസ്ഥാനവും, ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്ന വരും എവിടെ നില്ക്കുന്നുവെന്ന് അതിന്റെ പ്രവര്‍ത്തന പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്. ഗുരുവിന്റെ അനുവാചകരും യോഗത്തിന്റെ നേതാക്കന്മാരും യോഗ പ്രചാരണത്തില്‍ സ്വാര്‍ത്ഥപൂരിതരും, വിഭാഗീയരുമായി പ്രവര്‍ത്തിച്ചത്. ഗുരുദേവ പ്രസ്ഥാനത്തിലും, ഗുരുവിലും ആശ്വാസം ദര്‍ശിച്ച അധഃസ്ഥിത ജനതയ്ക്ക് തെറ്റുപറ്റിയിരിക്കുന്നു. നാരായണ ഗുരു ജനിച്ച് (1856) അര നൂറ്റാണ്ട് ആകുന്നതോടെയാണ് സമൂഹത്തിന്റെ നിര്‍ജ്ജീവാവസ്ഥയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ.

വിശ്വമാനവികതയുടെ പ്രവാചകരും, പ്രചോദകരുമായ ക്രിസ്തുവും നബിയും വിവേകാനന്ദനും അവരുടെ യൗവ്വനത്തില്‍ തന്നെ മര്‍ദ്ദിതരുടെ വിമോചനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് അവരവരുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചപ്പോള്‍, ഗുരു തന്റെ ബാല്യവും യൗവ്വനവും കഴിഞ്ഞ് മദ്ധ്യാഹ്നത്തിലാണ് സന്യാസത്തിലൂടെ മാനവസേവക്കും സാമൂഹ്യ നവോത്ഥാനത്തിനുമായി ആത്മീയ തലത്തിലും സാമൂഹ്യ പ്രചാരണത്തിനും രംഗത്ത് വരുന്നതു തന്നെ. അതുതന്നെ മറ്റുളളവരുടെ പ്രേരണയില്‍ കൂടിയും. ഈഴവര്‍ നേരിടുന്ന സാമൂഹ്യ വിപത്തിനെ കുറിച്ച് തിരിച്ച് അറിയുന്നതു പോലും ഡോ.പല്‍പ്പുവില്‍ നിന്നാണ്. സമത്വ വീക്ഷണത്തോടെ തനതായ ദര്‍ശനം പ്രദാനം ചെയ്ത ഗുരുദേവന്‍ ഒന്നിന്റെയും വ്യാഖ്യാതാവായിരുന്നില്ലെങ്കിലും അദ്ദേഹത്തെ ഈഴവ ജനതയുടെ ആത്മീയ ഗുരുവാക്കി മാറ്റുവാനാണ് യോഗനേതൃത്വവും ഈഴവരിലെ പ്രമാണി വര്‍ഗ്ഗവും കൂടി ശ്രമിച്ചു പോന്നത്. ''വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുവിന്റെ മഹത്‌സന്ദേശം ഇതര അധഃസ്ഥിത ജനതയെ മാറ്റി ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.

സമന്വയ വീക്ഷണത്തോടെ തനതായ ദര്‍ശനം പ്രദാനം ചെയ്ത ഗുരുവിനെ ഒരു ഈഴവനാക്കി മാറ്റുവാനാണ് ശതാബ്ദിയും ഗുരുവര്‍ഷവും പ്രയോജന പ്പെടുത്തിയത്. ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ യോഗം രൂപം കൊളളുന്നത് തന്നെ ഒട്ടേറെ ധന്യഭാവങ്ങള്‍ പിന്നീട്ടാണ് നാല്പത്തി ഏഴു വയസ്സുവരെ വന്നെത്തിയത്. (ഗുരുവിന് 47 വയസ്സുളളപ്പോഴാണ് (1903) യോഗം രൂപം കൊളളുന്നത്. തന്റെ യൗവ്വനം അവധൂത പ്രവര്‍ത്തികള്‍ക്കും, ചട്ടമ്പി സ്വാമികളെപ്പോലുളളവരുമൊന്നിച്ച് യോഗാഭ്യാസ പരിശീലനവും തമിഴ്‌നാട് സ്വദേശിയും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് അക്കൗ ണ്ടന്റും ആയ തൈക്കാട്ട് അയ്യാവു സ്വാമികളില്‍ നിന്ന് വേദാന്ത ദര്‍ശനം, അതിനു ശേഷം തപസ്സ്, ഇങ്ങനെ ഒട്ടേറെ വൈതരണികള്‍ പിന്നിട്ടും അധഃസ്ഥിതാവസ്ഥയില്‍ കിടന്ന തന്റെ ജനതയയെ സര്‍വ്വ നാശത്തില്‍ നിന്നും ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചതായി ഒരിടത്തും കാണുന്നില്ല. ആ സാഹചര്യത്തിലാണ് അതുല്യ പ്രഭാവമുളള ഗുരുവിനെ ജാതി നശീകരണ വസ്തുവായി ഡോ. പല്‍പ്പു കണ്ടറിയുകയും മദിരാശിയില്‍ നിന്നും സ്വാമി വിവേകാനന്ദന്റെ നിര്‍ദ്ദേശ പ്രകാരം തിരുവിതാം കൂറില്‍ വന്ന് ഗുരുദേവനെ സന്ദര്‍ശിച്ചതും.

ഡോ.പല്‍പ്പു തിരുവിതാംകൂറില്‍ വരുന്നതിനുമുമ്പ് ബന്ധവാഗ്നിയില്‍ കഴിയുന്ന തന്റെ സമുദായത്തെ പലവിധ പ്രവര്‍ത്തനങ്ങള്‍ വഴി മോചിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഗുരുവിനെ അധ്യക്ഷനാക്കിക്കൊണ്ട് യോഗം രൂപം കൊടുക്കുന്നതിനുളള പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ടതും. ഒരു സര്‍ക്കാര്‍ ജോലിക്കായി ദിവാനെ സമീപിച്ച തന്നോട് 'നിങ്ങള്‍ ഏതു ജാതിയാണെന്നുളള' ചോദ്യത്തില്‍ കൂടിയാണ് യോഗം രൂപം കൊണ്ടതെന്ന് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുടെ കണ്ടെത്തലുകള്‍ (മാധ്യമം വാരിക 2003 ജൂലൈ 28) യോഗ ചരിത്രത്തിലെ ബാലപാഠങ്ങള്‍ അറിയാത്തവനാണോ അദ്ദേഹമെന്ന് ചിന്തിപ്പിക്കും. മനസിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണപരമായ നിയന്ത്രണത്തിനും, ഏകാഗ്രധ്യാനത്തിനും വേണ്ടി കഴിയുകയും അതുവഴി ബ്രഹ്മാനുഭൂതി ലഭിക്കുന്നതിന് സാധകനായ ഗുരു ശ്രവണ -മനനാഭി ദ്ധ്യാസനം ശീലിച്ച് സമാധിയിലെത്തണമെന്ന് കരുതി ജീവിക്കുകയാ യിരുന്നു. ഗുരുധര്‍മ്മ പരിപാലനത്തിനായി രൂപം കൊണ്ട ധര്‍മ്മ സംഘവും ഇതിനായി വര്‍ത്തിക്കുകയും ചെയ്ത ഡോ. പല്‍പ്പുവും ഈഴവ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം ശ്രമിക്കുക യായിരുന്നു. യോഗത്തിന്റെ കഴിഞ്ഞ നൂറൂ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാന്‍ അതൊരു ജാതി സംഘടനയായി അധഃപതിക്കുക യായിരുന്നു എന്ന് മനസ്സിലാക്കാം.

ഗുരുദേവന്റെ കര്‍മ്മ മാര്‍ഗ്ഗവും ജ്ഞാനയോഗവും ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയും, ഗുരു അദ്ധ്യക്ഷനായി രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ നിയമാവലിയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുളള കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മോരും മുതിരയും പോലെയല്ലെ യോഗത്തിന്റെ പ്രവര്‍ത്തനം എന്നു തോന്നി പോകും. ഗുരുവിനെയും യോഗത്തെയും പലരും ഉത്തര/ദക്ഷിണ ധ്രുവങ്ങളില്‍ കൂടിയാണ് നോക്കി കാണുന്നത്. യോഗത്തിന്റെ പ്രവര്‍ത്തന ശൈലിയും, അത് വളര്‍ത്തികൊണ്ടു വന്ന നേതൃത്വങ്ങളെയും പരിശോധിക്കുമ്പോള്‍ ആര്‍ക്കുവേണ്ടിയാണോ യോഗം രൂപമെടുക്കുന്നത് അവരില്‍ നിന്നും കൂടുതല്‍ അകന്നു പോകുന്നതായിട്ടാണ് കാണുന്നത്.