"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 28, ശനിയാഴ്‌ച

ഒന്നായ് നിന്നാല്‍ നന്നായ് റ്റി. കെ. പ്രേമചന്ദ്രന്‍

ചാത്തന്‍ മാസ്റ്റര്‍ 
ആരുണ്ട് ഈ പാവങ്ങളെ രക്ഷിക്കാന്‍? സമുദായ സംഘടനകള്‍ ഇവിടെ നടത്തു ന്നത് എന്താണ്? സമുദായ ഉദ്ധാരണമോ? നിര്‍ദ്ധാരണമോ? കേരള പുലയര്‍ മഹാസഭ (സ. ജ. ങ. ട)യെക്കുറിച്ചാണ് പറയുന്നത്. 1970-ല്‍ രജിസ്റ്റര്‍ ചെയ്ത (ട. 13/70) ഈ മഹാസഭ എത്ര കഷണങ്ങളായാണ് പ്രവര്‍ത്തി ക്കുന്നത്. അധിക മോഹത്തി ന്റെയും പടലപിണക്കത്തിന്റെയും ഫലമായല്ലേ ഈ സംഘടന പിളര്‍ന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തിലും വെല്ലുന്നതാണ് കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗ സംഘടന കളുടെ എണ്ണം. പുതുമഴക്ക് മുളക്കുന്ന കൂണുപോലെ; ആ കൂണിന്റെ ആയുസ്സേ ഈ സംഘടനകള്‍ക്കും ഉണ്ടാകാറുള്ളൂ.

ഒരു കാലത്ത് കെ. പി. എം. എസ്.കാരന്‍ എന്നു പറയുന്നത് പുലയന് അഭിമാനമായിരുന്നു. എന്നാല്‍ ഇന്ന് ആ വാക്ക് പുലയന് അപമാനമാണ്. ജാതി പറയേണ്ടിവരുന്ന അവസരങ്ങളില്‍ മറ്റുള്ളവരുടെ ഒരു ചോദ്യമുണ്ട് നിങ്ങള്‍ ഏതു വിഭാഗം? അതു കേള്‍ക്കുമ്പോള്‍ സമുദായസ്‌നേഹമുള്ള സ്വത്വബോധമുള്ള ഏതു പുലയന്റെയും തല കുനിഞ്ഞു പോകും. എന്തിനു വേണ്ടിയാണ് ഈ വിഭാഗിയത? ആര്‍ക്കുവേണ്ടി? ഈ വിഭാഗിയതയുടെ നേട്ടം കൊയ്യുന്നതാരാണ്? വിഭാഗിയതയുടെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ തല്ലുന്നു. ചെന്നിത്തലയില്‍ ഒരു സഹോദരന്റെ മരണത്തിനു തന്നെ ഈ വിഭാഗിയത ഇടയാക്കി. ഞങ്ങളാണ് യഥാര്‍ത്ഥ കെ. പി. എം. എസ്. എന്ന് അവകാശപ്പെടുന്ന ഓരോ വിഭാഗത്തി ന്റെയും നേതാക്കള്‍ ഒന്നോര്‍ക്കണം. നിങ്ങളുടെ ഈ വിഭാഗീയതകൊണ്ട് സമുദായത്തിന് എന്ത് നേട്ടമാണ് ഉണ്ടാക്കിക്കൊടു ക്കാന്‍ സാധിച്ചിട്ടുള്ളത്. ഓരോ സമുദായവും സംഘടിച്ച് ശക്തിയാര്‍ജ്ജിച്ച് അവരുടെ അവകാ ശങ്ങള്‍ നേടി എടുക്കുമ്പോള്‍ പുലയര്‍ തമ്മില്‍ തല്ലി ശിഥിലമാകുകയാണ്. പിതാമഹന്മാര്‍ ഉണ്ടാക്കിയ നേട്ടങ്ങളുടെ വാര്‍ഷികങ്ങള്‍ രണ്ടായി ആഘോഷിക്കുമ്പോള്‍ വെളിയില്‍നിന്ന് വീക്ഷിക്കുന്ന മറ്റ് സമുദായക്കാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. എന്തിനിങ്ങനെ സ്വയം അപഹാസ്യ രാകുന്നു. ഓരോ വിഭാഗത്തിന്റെയും ശക്തിതെളിയിക്കാന്‍ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുമ്പോള്‍ വ്യക്തിപരമായി സമൂഹത്തില്‍ ഓരോ പുലയ ന്റെയും ശക്തി ചോര്‍ന്നു പോകുകയാണ്. അധികാരമോഹത്തിന്റെ മുഖമൂടി ധരിച്ചിരിക്കുന്ന നിങ്ങള്‍ക്ക് അത് മനസ്സിലാവില്ല.

അജ്ഞതയുടെയും അന്ധകാരത്തിന്റെയും പടുകുഴിയില്‍ കിടന്ന് മൃഗ തുല്യമായ ജീവിതം നയിച്ച അസംഘടിതാരായ അയിത്തജനതയെ സമൂഹത്തിന്റെ മുഖ്യധാര യിലേക്ക് കൈപിടിയിച്ചുയര്‍ത്തിയ മഹാത്മാ അയ്യന്‍കാളിയുടെ ത്യാഗങ്ങളെ എന്തുകൊണ്ട് നിങ്ങള്‍ മറന്നുപോകുന്നു? ജന്മിമാരുടെ പാടങ്ങള്‍ തരിശിട്ട് അവരുടെ പത്തായങ്ങള്‍ കാലിയാക്കി അവരുടെ മക്കളെ പട്ടിണിക്കിട്ട് സവര്‍ണ്ണശക്തികളെ കായികമായും നിയമപരമായും നേരിട്ട് ആ മഹാത്മാവ് നേടിതന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യം; അതിന്റെ ഫലമായി വിദ്യാസമ്പന്നരായി എന്ന് അഹങ്കരി ക്കുന്ന നിങ്ങള്‍ ആ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുകയല്ലേ ചെയ്യു ന്നത്?

സ്വന്തം സമുദായത്തില്‍നിന്ന് 10 ബി. എ.ക്കാരെ കണ്ടുവേണം മരിക്കാ നെന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹം സ്വന്തം മക്കളുടെ ഉയര്‍ച്ചയല്ല മറിച്ച് സമുദായത്തിന്റെ വളര്‍ച്ചയാണ് ആഗ്രഹിച്ചത്. സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍ ഇടമില്ലായിരുന്നുവെന്നാണ് നമുക്ക് കാട്ടിതന്നത്. ആ നേതൃത്വ പാടവത്തെ എന്തുകൊണ്ട് നിങ്ങള്‍ മാതൃകയാക്കുന്നില്ല.

2008-ല്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ ശ്രീമതി സോണിയാ ഗാന്ധി പങ്കെടുത്ത കെ. പി. എം. എസ്.ന്റെ ഒരു സമ്മേളനം നടന്നു. ആ സമ്മേളനത്തിലെ ജനബാഹുല്യം കണ്ട് വിറളിപിടിച്ച രാഷ്ട്രീയക്കാരന്റെ കപടനീക്കമാണ് കെ. പി. എം. എസ്.ന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അത് മനസ്സിലാക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് കഴിയാതെ പോയി.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതര ജാതിക്കാര്‍ക്ക് അവരുടെ ജാതി സംഘടനയില്‍ പ്രവര്‍ത്തിക്കാം. പക്ഷെ പുലയന് അത് പാടില്ല. അതിന് കാരണമുണ്ട്. കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചോര വീണ് ചുവന്നതാണ് ഇന്നിവിടെ പാറുന്ന ചെങ്കൊടി. ആ അടിസ്ഥാന വര്‍ഗ്ഗ ത്തിന്റെ പിതാമഹന്മാരുടെ ചരിത്രം ബോധപൂര്‍വ്വം മറച്ചുവച്ച്, അവര്‍ ചോരനീരാക്കി നേടിക്കൊടുത്ത സ്വാതന്ത്ര്യങ്ങള്‍, അവകാശങ്ങള്‍ എല്ലാം ഈ ചെങ്കൊടിയുടെ ശക്തികൊണ്ട് കിട്ടിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച്, അവരുടെ ആജ്ഞയെ മുതലെടുത്തുകൊണ്ട്, ആ കൊടിയുടെ കീഴില്‍ തളച്ചിടാന്‍ അന്നത്തെ ബ്രാഹ്മണബുദ്ധിക്ക് കഴിഞ്ഞു.

എന്നാല്‍ കാലം മാറി, അക്ഷരദേവതയുടെ കടാക്ഷത്താല്‍ ചിലര്‍ക്കെ ങ്കിലും ആ ചരിത്രം മനസ്സിലാക്കാന്‍ സാധിച്ചു, സംഘടനയുടെ ആവശ്യം തിരിച്ചറിഞ്ഞു. അടിയാളന്‍ അക്ഷരം പഠിച്ചാല്‍ പാടത്ത് പണിക്ക് ആളെ കിട്ടില്ലെന്ന് പണ്ടത്തെ ജന്മിമാര്‍ ഭയപ്പെട്ടിരുന്നുവെങ്കില്‍, ഇന്ന് അടിസ്ഥാന വര്‍ഗ്ഗം അവന്റെ ചരിത്രം മനസ്സിലാക്കിയാല്‍, അവന്‍ സംഘടിച്ചാല്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും രക്തസാക്ഷിയാകാനും ആളെകിട്ടി ല്ലെന്ന് മനസ്സിലാക്കിയ രാഷ്ട്രീയക്കാരാണ് ഈ സംഘടനയുടെ കടയ്ക്കല്‍ കത്തിവച്ചത്.

സാമൂഹിക പരിഷ്‌കര്‍ത്താവായി ശ്രീനാരായണ ഗുരുവിനെ വാഴ്ത്തപ്പെടു മ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി സാമൂഹിക മാറ്റമുണ്ടാ യതും നേട്ടങ്ങളുണ്ടായതും കൂടുതല്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത ഈഴവ സമുദായ ത്തിനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവരുടെ സ്വകാര്യ സ്വത്തായി കരുതിപ്പോരുന്നു. ഈ കഴിഞ്ഞ മാസം ഗുരുവിന്റെ പൂര്‍ണ്ണകായ പ്രതിമ തലസ്ഥാനത്ത് സ്ഥാപിച്ചു. എന്നാല്‍ സമൂഹത്തിലെ അസ്പാര്‍ശ്യരായ എല്ലാ വിഭാഗത്തിന്റെയും യജമാന നായിരുന്നു അയ്യന്‍കാളി. 'സാധുജനപരിപാലന സംഘം'' എന്ന ഒരു സംഘടനയുടെ കീഴില്‍ ആ വലിയ വിഭാഗം ജനതയെ അണിനിരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ മഹാത്മാവിന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന സ്മൃതി മണ്ഡപത്തിന്റെ സ്ഥിതി ഇന്നെന്താണ്? ''പാഞ്ചജന്യം'' ഭഗവാന്‍ ശ്രീകൃഷ്ണന്റെ കയ്യിലെ ശംഖ്. മഹാഭാരത യുദ്ധത്തില്‍ മുഴങ്ങിയ ശംഖനാദം, അത് ധര്‍മ്മയുദ്ധത്തിന്റെ കാഹള മായിരുന്നു. അടിച്ചമര്‍ത്ത പ്പെട്ടവന്റെ ഉയര്‍ത്തെഴു ന്നേല്‍പ്പിനു വേണ്ടിയുള്ള ധര്‍മ്മയുദ്ധത്തിലെ സാരഥിയുടെ സ്മൃതിമണ്ഡപത്തിന് ആ പേര് നല്‍കിയത് തികച്ചും അനുയോജ്യം തന്നെ. എന്നാല്‍ ഇന്ന് ആ ബോര്‍ഡ് വായിക്കുവാന്‍ പോലും കഴിയാത്തവിധം നശിച്ചു പോയിരിക്കുന്നു. അതിനുചുറ്റും കാടുപിടിച്ച്, ഒഴിഞ്ഞ മദ്യക്കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. സവര്‍ണ്ണന്റെ കിണറില്‍ തൊടുവാനോ, വെള്ളം കോരുവാനോ അനുവദിക്കാതിരുന്ന കാലത്ത്, അയിത്ത ജാതി ക്കാരന് കുടിവെള്ള ത്തിനു വേണ്ടി കുഴിച്ച കിണര്‍ ഇന്നത് മാലിന്യങ്ങള്‍ തള്ളാനുള്ള കുഴിയായി മാറിയിരിക്കുന്നു. ആ മഹാത്മാവിന്റെ ചരിത്രമറിയുന്ന ഏതൊരാള്‍ക്കും കണ്ണീരോ ടെയല്ലാതെ അവിടെനിന്ന് മടങ്ങാനാവില്ല. ഇന്ത്യയിലെ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിനും ഇതുപോലൊരു അവഗണന ഉണ്ടായികാണില്ല.

ജാതിസംഘടനകളുടെ കുടിപ്പകയുടെയും അനൈക്യത്തിന്റെയും അവകാശവാദത്തിന്റെയും പരിണിതഫലമല്ലേ ഈ കാണുന്നത്?

ഈ കഴിഞ്ഞ ഏപ്രില്‍ എം. ജി. യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ദീപ പി. മോഹനെ ലാബില്‍ പൂട്ടിയിടുകയും ഫണ്ടില്ലെന്നുപറഞ്ഞ് പരീക്ഷണ സാമഗ്രികള്‍ നിഷേധിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ എത്ര ജാതി സംഘടനകളാണ് പല ദിവസങ്ങളിലായി പ്രതിഷേധിച്ചത്. ഒരു പട്ടിക വിഭാഗത്തിലെ വിദ്യാര്‍ത്ഥി എന്ന നില യില്‍ എല്ലാ സംഘടനകളും ഒത്തൊരുമിച്ച് ഒരു ദിവസം പ്രതിഷേധിച്ചിരുന്നെങ്കില്‍ ആ കുട്ടിക്ക് എപ്പോഴേ നീതി കിട്ടുമായിരുന്നു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളെ ചെറുക്കുന്നതിനും നിഷേധി ക്കുന്ന അവകാശങ്ങല്‍ നേടി എടുക്കാനും പട്ടികജാതി; പട്ടികവര്‍ഗ്ഗ സംഘടനകള്‍ ഒന്നിച്ചുനിന്നേ മതിയാകൂ. ലോകരാഷ്ട്രങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍പോലും ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചയിലൂടെ പരിഹരി ക്കുന്നു ഈ നേതാക്കന്മാര്‍ക്ക് എന്തുകൊണ്ട് അതിന് കഴിയാതെ പോകുന്നു?

നിങ്ങളുടെ മനസ്സിലെ കുടിപ്പകകള്‍ മറന്ന് അധികാര മോഹങ്ങള്‍ മറന്ന് പരസ്പര ചര്‍ച്ചയിലൂടെ ഒന്നായിനിന്ന് നിങ്ങളെ വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന, കേരളത്തിലെ ഈ ജനതയുടെ കണ്ണീരൊപ്പുകയും സമൂഹത്തിലെ ഒറ്റപ്പെടലില്‍നിന്ന് അവരെ രക്ഷിച്ച്, പട്ടികവിഭാഗ സംഘടനകളുമായി കൈകോര്‍ത്ത് നമ്മുടെ പൈതൃക സമ്പത്ത് സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍...

കാലം നിങ്ങള്‍ക്ക് മാപ്പു തരില്ല... തീര്‍ച്ച.