"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 7, ശനിയാഴ്‌ച

കഥ: പീഢാനുഭവങ്ങളിലൂടെ - മുന്തൂര്‍ കൃഷ്ണന്‍

മുന്തൂര്‍ കൃഷ്ണന്‍
പെരേടെ മുന്നിലുള്ള റോഡില്‍ വണ്ടി വന്നു നിന്നപ്പോള്‍ ഇട്ടിപറേനും, ഉണ്ണൂലി പറക്കളിയും അന്ധാളിച്ചു.
എന്താവോ ?
പിന്നെ നിനച്ചു വണ്ടി കേടായി കാണും, അല്ലാണ്ട് പൊലീസ് വണ്ടി തങ്ങളുടെ പടിയ്‌ക്കെ നിര്‍ത്തേണ്ട കാര്യമില്ല.
പക്ഷെ ഒരു പൊലീസുകാരന്‍ വണ്ടിയില്‍ നിന്നിറങ്ങി കടമ്പ കടന്നു വന്നപ്പൊ തീര്‍ച്ചയായി ഇങ്ങോടു തന്നെ
ഉള്ളില്‍ ഒരു ആധി. വല്ല കേസും, പുക്കാറുമാണോ ?ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.
പൊലീസുകാരന്‍ മുറ്റത്ത് വന്ന് ഉറക്കെ ചോദിച്ചു 'വിജയന്‍ ആരാ ?'
'എന്റെ മോനാ' ഇട്ടി പറഞ്ഞു
അവനെവിടെ
'എങ്ങാണ്ട് പോയേക്വാ'
'ദാ എസ്സ്.ഐ.യദ്ദേഹം വിളിയ്ക്കുന്നു'
ഇട്ടിപ്പറേന്റേം, ഉണ്ണൂലിപറക്കിളിയുടെ നെഞ്ചിടിപ്പു കൂടി
ഇട്ടി:- എന്തിനാ സാറെ
'എന്തിനാന്നൊക്കെ ഏമാന്‍ പറയും. ചെല്ല്'
ഇട്ടി പൊലീസ് വണ്ടിയുടെ അടുത്തേക്കു ചെന്നു. വണ്ടിയില്‍ മുന്‍സീറ്റില്‍ ഒരു തടിമാടന്‍ പൊലീസ് വേഷത്തില്‍ ഇരിക്കുന്നു. കയ്യില്‍ ലാത്തി. കൊമ്പന്‍ മീശ, ചുവന്ന കണ്ണുകള്‍.
'നീ ആരെടാ ' എസ്.ഐയുടെ കനത്ത ശബ്ദം. തുറിച്ച നോട്ടം.
'ഞാന്‍ ഇട്ടി ' കാരണവരുടെ ശബ്ദം ചെറുതായി പതറിയിരുന്നു.
'ഇട്ടി ' ! 'ക്രിസ്ത്യാനിയുടെ പേരാണല്ലോടാ. ഉ്ം. വിജയന്‍ നിന്റെ ആരാ ?'
'എന്റെ മോനാന്നേ'
'നിന്റെ മുതുക്കി എവിടെടാ? വിളി,' ഇട്ടിയെ ശ്രദ്ധിച്ച് ഇട്ടിയുടെ കെളവി മുറ്റത്ത് പേടിച്ചരണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഇട്ടി അവളെ കൈകാട്ടി വിളിച്ചു. കാണേണ്ട താമസം തള്ള തിടുക്കപ്പെട്ടു വന്നു.
'നിങ്ങളുടെ മോനെന്നാ പണി '
'പണിയൊന്നൂല്ല '
'അതു ശരി കറക്കുകമ്പനിയാണല്ലെ, '
'അവന്‍ കോളേജി പഠിച്ചു കഴിഞ്ഞിരിക്കുവാ. പിന്നെ സമുദായ കാര്യെം ഒണ്ട് '
'അവനൊരു റൗഡിയാണെന്നാണല്ലോ കേള്‍ക്കുന്നെ. നാട്ടുകാരെ ഭീഷണിപ്പെടുത്തി കാശു പിടിച്ചുവാങ്ങുവാന്നു കേട്ടല്ലോ'
'അതൊക്കെ അസൂയകൊണ്ടു പറയുവാന്നേ. അവനങ്ങനത്തോനൊന്ന്വല്ല.'
'അവന്‍ മൈക്കുവച്ച് മാനോം, മര്യാദയുമുള്ളവരെ തെറിപറയാറുണ്ടെന്ന് പരാതിയുണ്ട്. അവന്‍ അയ്യങ്കാളിപ്പടയുടെ തലവനാണെന്നും കേക്കുന്നു. ഉയര്‍ന്ന ജാതിക്കാരെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്'
'ഒന്നും നേരല്ല. ഒക്കെ മേക്കലത്തിന്റെ കുശുമ്പാ'
കുശുമ്പോ?സാക്ഷിയാരെന്നറിയണോ? നിങ്ങളുടെ ആള്‍ക്കാര്‍തന്നെ'
'ഞങ്ങടെ ആള്‍ക്കാരോ'
'ങ്അ. പാണ്ടന്‍ അയ്യപ്പന്‍'
കാര്‍ന്നോരൊന്നും മിണ്ടിയില്ല.
'എന്താ മിണ്ടാത്തെ. പാണ്ടന്‍ അയ്യപ്പന്‍ മേക്കലമാണോടാ'
'അല്ല'
'പിന്നെ ?'
പെലേരാ.
'പെലേര് നിങ്ങടെ കൂട്ടരല്ലേ ? പട്ടികജാതി'
ഇട്ടി തെല്ലു സങ്കോചത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു. അതു പറഞ്ഞിട്ടു കാര്യമില്ല. ഞങ്ങളു പറേരാ. പറേരും, പെലേരും തമ്മില്‍ ശത്രുക്കളെപ്പോലെയാ, പട്ടികജാതീന്നൊക്കെ പറയും പക്ഷെ പാരവയ്ക്കും.
'എന്തായാലും നിങ്ങളുടെ മകനെതിരെ ഒരു കേസുണ്ടു. നിങ്ങളുടെ മകന്‍ വിജയന്‍ എന്നു പറയുന്ന വില്ലന്‍ നാട്ടില്‍ മാനോം മര്യാദയുമായി ജീവിക്കുന്നയാളും സത്യക്രിസ്ത്യാനിയുമായ മര്‍ക്കോസു ചേട്ടനെ തെറിവിളിച്ചിരിക്കുന്നു. അയാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്നു, അവന്‍ പാണ്ടന്‍ അയ്യപ്പനെന്ന പെലേന്റെ മോളോട് അനാവശ്യം പറഞ്ഞിരിക്കുന്നു. നടുറോഡില്‍ മദ്യപിച്ച് ലക്കില്ലാതെ നിന്ന് യാതൊരു ശല്യവുമില്ലാതെ നിന്ന യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയിരിക്കുന്നു. പബ്ലിക് ന്യൂയിസന്‍സ് '
ഇട്ടിയും, ഉണ്ണൂലിയും അതു കേട്ട് പേടിച്ചരണ്ടു നിന്നു. അവര്‍ക്ക് ഒന്നും പറയാന്‍ ശേഷിയില്ലായിരുന്നു.
എസ്.ഐ. പറഞ്ഞു 'മക്കളെ ഉണ്ടാക്കാന്‍ പഠിച്ചാല്‍ പോരാ മര്യാദയ്ക്കു വളര്‍ത്തണം. നിന്റെ മോനോട് നാളെ സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞേര്'
എസ്.ഐ. തുറിച്ചു നോക്കി. മീശ പിരിച്ചു. ഏതോ ഭയാനക ശബ്ദത്തോടെ പോലീസ് വണ്ടി ഓടിച്ചുപോയി.
വിവരം ഗ്രാമത്തില്‍ പാട്ടായി. ഇട്ടിപറേന്റെ വീട്ടില്‍ പൊലീസ് വന്നു. വിജയന്റെ പേരില്‍ കേസെടുത്തു. ഗ്രാമീണര്‍ക്ക് ആ വാര്‍ത്തയില്‍ രസം പിടിച്ചു.
ഇട്ടിയും, ഉണ്ണൂലിയും ചത്തപല്ലിയെപ്പോലായി. ഇട്ടി ആരോടെന്നില്ലാതെ പറഞ്ഞു അവന്‍ അങ്ങനെയൊന്നും ചെയ്യൂന്നോനല്ല. തങ്കോം, തമുതായൊന്നൊക്കെ പറഞ്ഞു നടക്കണ അവനു ചത്രുക്കളുണ്ട് അവരു ചെയ്ത പണ്യാ.
അവര്‍ക്കന്ന് ഉച്ചപ്പട്ടിണിയായിരുന്നു. കഞ്ഞിയും, ചമ്മന്തിയും ഇല്ലാഞ്ഞല്ല. ഒന്നും കഴിക്കാന്‍ തോന്നിയില്ല. വൈകുന്നേരവും ഒന്നും കഴിച്ചില്ല. ഏറെ വൈകി വിജയന്‍ വന്നു. മകനോടു കാര്യങ്ങളൊക്കെ പറഞ്ഞു.
കാര്യങ്ങളറിഞ്ഞ് വിജയനും, അന്ധാളിച്ചു. അതൊരു ശുദ്ധാലോചനയാണെന്നയാള്‍ തിരിച്ചറിഞ്ഞു. വിദ്യാസമ്പന്നനും, ദലിത് പ്രവര്‍ത്തകനുമായ വിജയനോട് മേല്‍ ജാതിക്കാര്‍ക്ക് വിരോധമുണ്ട്. വിരോധനത്തിന് മുഖ്യകാരണം അസൂയ തന്നെ. ജാതിക്കുശുമ്പും. ഗ്രാമീണരില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള വിജയന്‍ സ്വന്തമായ അഭിപ്രായങ്ങളും പ്രവര്‍ത്തന ശൈലിയും വച്ചു പുലര്‍ത്തിയിരുന്നു. അയാള്‍ മാമൂലുകളെ ചോദ്യം ചെയ്തു. രാഷ്ട്രീയ അടിമത്വത്തെ എതിര്‍ത്തു. ദലിതരുടെ ധ്രുവീകരണത്തിനു വേണ്ടി നിലകൊണ്ടു.
ധിക്കാരിയെന്നു മേല്‍ ജാതിക്കാര്‍ വിളിച്ചു. പ്രമാണിയെന്നു കീഴാളര്‍ പഴിച്ചു. വിജയന്‍ ഒറ്റപ്പെടലിന്റെ മനോവേദനയിലും നാട്ടിലെനെറികേടുകളോടു പ്രതികരിച്ചു.
അതായിരുന്നു വിജയന്‍ ചെയ്ത കുറ്റം. അതായിരുന്നു കള്ളക്കേസിനാധാരം.
മര്‍ക്കോസു മുതലാളി മാക്കോത പറയനുമായുണ്ടായ അതിരു തര്‍ക്കത്തില്‍ വിജയന്‍ മാക്കോത പറയന്റെ കൂടെ നിന്നു. തര്‍ക്കത്തില്‍ മര്‍ക്കോസു മുതലാളി മുട്ടുമടക്കി. വിജയന്‍ മര്‍ക്കോസിന് ശത്രുവായി.
അന്നു രാത്രി വിജയന്റെ വീട്ടില്‍ ആരും ഉറങ്ങിയില്ല. പരസ്പരം ഒന്നും മിണ്ടിയില്ല.
രാവിലെ ഇട്ടിപറേന്‍ വിജയനെ വിളിച്ചുണര്‍ത്തി പറഞ്ഞു.
'നീ ഒറ്റയ്ക്ക് പോണ്ട'
'അതുകൊണ്ടെന്നാ?'
'അവര് കാലന്മാരാ ഉപത്‌രവിക്കും?'
അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വിജയന്റെ അളിയനും, രണ്ടു മൂന്നു കൂട്ടുകാരും എത്തി.
അവര്‍ കൂടി ആലോചിച്ചു
ആലോചിച്ചിട്ട് അവര്‍ക്കൊരു തീരുമാനത്തില്‍ എത്താന്‍ പറ്റിയില്ല. സംഗതി കള്ളക്കേസാണെന്ന് ആരെ പറഞ്ഞ് മനസ്സിലാക്കും. ക്രിസ്ത്യാനിയ്ക്ക് ആളും, ആള്‍ക്കാരുമുണ്ട്. പള്ളിയും പട്ടക്കാരുമുണ്ട്. ആലോചിച്ചപ്പോള്‍ പഞ്ചായത്തു മെമ്പര്‍ ക്രിസ്ത്യാനി പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്ത്യാനി, പ്രതിപക്ഷ നേതാവും ക്രിസ്ത്യാനി, സ്ഥലം എസ്.ഐ. ക്രിസ്ത്യാനി, സി.ഐ. ക്രിസ്ത്യാനി അതിനുമുകളിലിരിക്കുന്നോരും ക്രിസ്ത്യാനികളോ മറ്റു മേല്‍ ജാതികളോ ആണ്. പാവം പട്ടിക ജാതിക്കാരെ വര്‍ഗ്ഗ ശത്രുക്കളായി കാണുന്നവരാണ്. പട്ടികജാതിക്കാരെ ഒറ്റപ്പെടുത്തുന്ന കാര്യത്തില്‍ മേല്‍ ജാതി ഹിന്ദുക്കളും, ഇസ്ലാമും, ക്രിസ്ത്യാനികളും എന്നും ഒറ്റക്കെട്ടാണ്.
എന്തു ചെയ്യും?
പക്ഷെ പൊലീസിന്റെ കല്‍പ്പന ധിക്കരിയ്ക്കാമോ ?തിരുവാക്കെതിര്‍വായുണ്ടോ?
പട്ടികജാതിയെ തല്ലിയാലും കൊന്നാലും ആരും ചോദിയ്ക്കാനില്ല. അവനെന്നും മറ്റുള്ളവരുടെ ആജ്ഞാനുവര്‍ത്തി. എന്ന് കീഴാളര്‍ ആര്‍ക്കോ വേണ്ടി ജീവിച്ചു മരിക്കാന്‍ വിധിയ്ക്കപ്പെട്ടവര്‍
വക്കീലിനെ വച്ചാലോ ?
അങ്ങനെ ആലോചിച്ചപ്പോള്‍ ഏതാ വക്കീല്‍ ?
വക്കീലും, ക്രിസ്ത്യാനി. അല്ലെങ്കില്‍ ഏതെങ്കിലും സവര്‍ണ്ണന്‍. ഓര്‍ത്തു നോക്കിയാല്‍ യാതൊരു ഗത്യന്തരവുമില്ല. ഭൂമി പിളര്‍ന്ന് രക്ഷപെടാന്‍ ഭൂമിയുടെ സമ്മതം വേണ്ടെ? മേലെ ആകാശത്ത് അന്തര്‍ദ്ധാനം ചെയ്യാന്‍ ആകാശത്തിന്റെ അനുമതി വേണ്ടെ?
അനുഭവിക്കുക. അളിയനേയും ഒന്നുരണ്ടു മിത്രങ്ങളേയും കൂട്ടി വിജയന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
സ്റ്റേഷനില്‍ എസ്.ഐ ഉണ്ടായിരുന്നില്ല.
പോലീസുകാരുടെ കമന്റ്

'നാലക്ഷരം പഠിച്ചപ്പോഴേയ്ക്കും എന്തുമാവാമെന്നോ? ജാതിം, മതോമില്ല. വലിയവനും, ചെറിയവനുമെന്നില്ല '
'ആരെടാ വിജന്‍ '
വിജയന്‍ മുന്നോട്ടു കയറി നിന്നു.
'നീ എതുവരെ പഠിച്ചു'
'എം.എ'
'എം.എയൊ, എസ്.ഐയേക്കാള്‍ മുന്തിയ പഠിപ്പാണല്ലോടാ. നാളെ നീ ഐ.ജിയൊ, മറ്റൊആവില്ലെന്നാരറിഞ്ഞു. എല്ലാം ഇപ്പോളവര്‍ക്കല്ലെ ഉള്ളു.'
നാലു മണി വരെ പൊലീസുകാരുടെ ചീത്ത വിളികേട്ടു. എസ്.ഐ. വന്നില്ല. പരാതിക്കാരന്‍ മാര്‍ക്കോസും വന്നില്ല.
പിറ്റേന്നും വിജയനും, കൂട്ടരും സ്റ്റേഷനിലെത്തി. എസ്.ഐ ഉണ്ടായിരുന്നു. മൂന്നു മണിവരെ സ്റ്റേഷന്റെ മുറ്റത്തു കാത്തു നിന്നു. മൂന്ന് മുപ്പതായപ്പോള്‍ ഒരു പോലീസുകാരന്‍ വന്നു പറഞ്ഞു
'വിജയനുണ്ടോ'
' ഉണ്ട്'
പോലീസുകാരന്‍ ഒന്നു തറപ്പിച്ചു നോക്കി
നിന്നെ എസ്.ഐ വിളിക്കുന്നു.
വിജയന്‍ എസ്.ഐയുടെ മുറിയിലേക്കു ചെന്നു. എസ്.ഐ ഒരു ഖദറുകാരനുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. ചുമ്മ നാട്ടുവര്‍ത്തമാനം. വിജയന്‍ ഒരു മണിക്കൂര്‍ അവിടെ നിന്നു. ഖദറുകാരന്‍ പോയി കഴിഞ്ഞപ്പോള്‍ എസ്.ഐ എന്തോ കുത്തികുറിയ്ക്കാന്‍ തുടങ്ങി. പിന്നേയും അരമണിക്കൂര്‍ വിജയന്‍ നിന്ന നില്‍പ്പുനിന്നു.
പുറത്തു കാത്തു നിന്നവര്‍ ആന്ധാളിച്ചു. അകത്തു എന്തു സംഭവവിയ്ക്കുന്നു എന്ന് അറിയാന്‍ ഉല്‍ക്കണ്ഠപ്പെട്ടു.
അഞ്ചു മണിയോടെ എസ്.ഐ വിജയന്റെ നേര്‍ക്ക് കടാക്ഷിച്ചു. ഒരു അക്രോശം പോലെ ശബ്ദിച്ചു.
' എന്തെടാ'
' വരാന്‍ പറഞ്ഞു.'
' വരാന്‍ പറഞ്ഞു നിന്നെ ഒന്നു സല്‍ക്കരിയ്ക്കാന്‍. ഇന്നലെ വരാന്‍ പറഞ്ഞിട്ടെന്ത്യേടാ............'
'ഇന്നലെ വന്നിരുന്നു.സാറുണ്ടായിരുന്നില്ല.'
സാറോ ! ഇതെന്താടാ കുടിപള്ളിക്കൂടാ. ധിക്കാരി
സാറെന്ന വിളി എസ്.ഐയ്ക്കു പിടിച്ചില്ല. പോലീസുകാരു പോലും ഏമാന്‍ എന്നു വിളിക്കുന്നു. ഇവനാരെടാ.
ആരോ ഫോണില്‍ വിളിച്ചു.
എസ്.ഐ:- ഹലോ ങ്അ ഉണ്ട് സാര്‍. അവന്‍ വന്നിട്ടുണ്ട് കൊസ്റ്റ്യന്‍ ചെയ്യുവാ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്‌തോളാം ശരി സാര്‍.......ശരി സാര്‍......സര്‍
ഫോണ്‍ താഴെ വച്ചു
എസ്.ഐ. വിജയനോടായി പറഞ്ഞു. ആരാ വിളിച്ചതെന്നറിഞ്ഞോ സി.ഐയാ. ആഭ്യന്തരമന്ത്രി വിളിച്ചിരുന്നെന്ന്. വേണ്ടവിധത്തില്‍ കൈകാര്യം ചെയ്‌തേക്കണൂന്ന്........... മാര്‍ക്കോസ് മുതലാളി ആരാന്നാ നീ വിചാരിച്ചേ? സി.ഐയുടെ വേണ്ടപ്പെട്ടയാളാ. അവര് ഒരേ മെത്രാസനത്തില്‍പ്പട്ടവരാ
ഒന്നും മിണ്ടാതെ നിന്ന വിജയന്റെ മേല്‍ അയാള്‍ തട്ടിക്കയറി.
' ഇങ്ങോട്ടു മാറി നില്‍ക്കെടാ. നീ മാനോം മര്യാദയും ഉള്ളവരെ ഭീഷണിപ്പെടുത്തും അല്ലേടാ. എടാ പുഴുവേ നാലക്ഷരം പഠിച്ചപ്പോഴേക്കും നിനക്കെന്തുമാവാന്നോ'
' ഞാനൊരു തെറ്റും ചെയ്തിട്ടില്ല.'
' നീ തെറ്റു ചെയ്തിട്ടല്ല. ഒരു ക്രിസ്ത്യാനി നുണ പറഞ്ഞു എന്നു ഞാന്‍ വിശ്വസിയ്ക്കണം അല്ലെ'?
'എടാ നീ ഏതുവരെ പഠിച്ചു.'
'ഞാന്‍ എം.എ ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ചു.'
'കോപ്പിയടിച്ചു കാണും. ഫസ്റ്റ് ക്ലാസ്സേ'
'നീ പഠിച്ചതെവിടാടാ'
'മാര്‍ അത്താനേഷ്യസ് കോളേജ്'
'കൊള്ളാം ക്രിസ്ത്യാനിയുടെ കോളേജും, പള്ളിക്കൂടവും ഉള്ളതു കൊണ്ടല്ലേടാ നിനക്കു വിദ്യാഭ്യാസം ചെയ്യാന്‍ പറ്റിയേ എന്നിട്ട് അതിന്റെ എന്തെങ്കിലും ഒരു നന്ദി നിനക്കു കാണിക്കരുതോടാ?'
എസ്.ഐയുടെ പുളിച്ച ചീത്ത വിളി ആറു മണിവരെ നീണ്ടു. വീണ്ടും ഫോണ്‍.
വീണ്ടും ഫോണ്‍
'ഹലോ കുഴപ്പമില്ല. മതി. സൗകര്യം പോലെ വന്നാമതി. ആ വന്നിട്ടുണ്ട്. ഞാന്‍ വേണ്ടതു ചെയ്യാമെന്നെ .ഓ.കെ.ബായ്.'
' മാര്‍ക്കോസു മുതലാളി ഇന്നു വരില്ല. അദ്ദേഹം തിരുവനന്തപുരത്ത് മിനിസ്റ്ററുടെ ബംഗ്ലാവില്‍ നിന്നാണത്രേ വിളിക്കുന്നത്, കേസ് അടുത്ത ദിവസത്തേക്കു മാറ്റി.'
പിറ്റേന്നും വിജയനും, കൂട്ടരും സ്റ്റേഷനിലെത്തി. എസ്.ഐ ഇല്ല.
റൈറ്റര്‍ വിജയനെ വിളിപ്പിച്ചു.
റൈറ്റര്‍ വിശദീകരിച്ചു
സംഗതി കുഴപ്പമാ താന്‍ മാര്‍ക്കോസു മുതലാളിയെ ഭീഷണിപ്പെടുത്തി എന്നതിന് സാക്ഷികളുണ്ട്. ആരൊക്കെയാണ് സാക്ഷികള്‍ എന്നറിയണ്ടെ ?
പാണ്ടന്‍ അയ്യപ്പന്‍, അയ്യപ്പന്റെ മകള്‍ തങ്കമ്മ, ചെത്തുകാരന്‍ മാധവന്റെ മകന്‍ ശിവശങ്കരന്‍, മീന്‍കാരന്‍ സെയ്തൂട്ടി, വേലുനായര്‍ ഇനിയും എത്രവേണമെങ്കിലും സാക്ഷികള്‍ ഉണ്ട്.
വിജയന്‍ പറഞ്ഞു
കേസിനാസ്പദമായ സംഭവം ഉണ്ടായിട്ടില്ല സാക്ഷികളെല്ലാം കള്ള സാക്ഷികളാണ്
'പട്ടിക ജാതിക്കാരനായ പുലയന്‍ പാണ്ടന്‍ അയ്യപ്പനും, അയ്യപ്പന്റെ മകള്‍ തങ്കമ്മയും കള്ള സാക്ഷിക്കാരോ ?'
'അതെ തങ്കമ്മ മര്‍ക്കോസു മുതലാളിടെ വെപ്പാട്ടിയാണ്. അയ്യപ്പന്‍ അയാളുടെ സില്‍ബന്തിയും. അവര്‍ക്കു സാക്ഷിപറയാതെ കഴിയില്ല.'
എന്നു പറയണമെന്ന് വിജാരിച്ചങ്കിലും വിജയന്‍ പറഞ്ഞില്ല. പറഞ്ഞാലതു കൊണ്ടു പ്രയോജനമില്ല.പണത്തിനും, ജാതിയ്ക്കും മേലെ പരുന്തും പറക്കില്ല.
ചെത്തുകാരന്‍ മാധവന്റെ മകന്‍ ശിവശങ്കരനും മീന്‍കാരന്‍ സെയ്തുട്ടിയും വേലുനായരുമൊക്കെ ഒരു ചങ്ങലയുടെ കണ്ണികളാണെന്ന വസ്തുത ആര് ഉള്‍ക്കൊള്ളാന്‍.
റൈറ്റര്‍-ഒരു കാര്യം ഞാന്‍ പറയാം. നീ വിദ്യാസമ്പന്നനാണ്. പട്ടികജാതിയായ നിനക്ക് ഒരു ജോലി കിട്ടും ഉറപ്പ്. ഹരിജനും, ഗിരിജനും കഴിഞ്ഞല്ലേ മറ്റുള്ളോര്‍ക്കുള്ളു. അതുകൊണ്ട് നിന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് ഉണ്ടാകുന്നത് എന്തുകൊണ്ടും നന്നല്ല.
വിജയന്‍- ഇതു കള്ള കേസാണ്.
റൈറ്റര്‍:- പ്രബലമായ സാക്ഷികളുള്ളപ്പോള്‍ നിനക്കു തെളിയിക്കാന്‍ കഴിയില്ല.
വിജയന്‍:-നിരപരാധികള്‍ ക്രൂശിക്കപ്പെടട്ടെന്നോ ? അതു തെളിയിക്കാനല്ലെ പോലീസ്?
റൈറ്റര്‍- പോലീസിന്റെ പണിയൊന്നും നീ നിശ്ചയിക്കണ്ട. പോലീസ് വിചാരിച്ചാല്‍ നിരപരാധികളും ശിക്ഷിക്കപ്പെടും. അതുകൊണ്ട് ഒരു കാര്യം ഞാന്‍ പറയാം കുറ്റം സമ്മതിച്ച് മാപ്പ് എഴുതി തന്നാല്‍ കേസും കൂട്ടവും ഇല്ലാതെ കാര്യം തീരും, അല്ലെങ്കില്‍ ജയിലഴി എണ്ണേണ്ടി വരും
നമുക്കു കാണാം ഇവിടെ കോടതിയുണ്ടല്ലോ എന്നു പറയാന്‍ വിജയന്‍ ആഗ്രഹിച്ചു പക്ഷെ അക്കാര്യത്തിലും ഉത്തമ വിശ്വാസം പോരാതെ വിജയന്‍ മൗനം പൂണ്ടു.
അതിയായ മനോവേദനയോടെയാണ് അയാള്‍ സ്റ്റേഷന്‍ വിട്ടു പോന്നത്. ആരോടോ, എന്തിനോടോ കടുത്ത പ്രതിക്ഷേധവും ആഞ്ഞടിക്കാനുള്ള മനോഭാവവും ബലപ്പെടുന്നുണ്ടായിരുന്നു.
പക്ഷെ ആയുധമില്ലാത്തോന്‍, നിലത്തു നില്‍ക്കാന്‍ ഇടമില്ലാത്തോന്‍, അഭ്യാസം കാട്ടുന്നതെങ്ങനെ!
വീട്ടിലെത്തി അയാള്‍ വളരെ ആലോചിച്ചു. ഒത്തു കൂടിയ ചുരുക്കം ബന്ധുമിത്രാദികളോടു കൂടിയാലോചിച്ചു.
എല്ലാവരും ഏക കണ്ഠമായി പറഞ്ഞു.
'മാപ്പെഴുതി കൊടുക്കുക'
വിജയന്‍ അതിനോടു യോജിച്ചില്ല
അതില്‍ഭേദം ആത്മഹത്യയാണ്.
'വിദ്യാസമ്പന്നനായ നിനക്കൊരു ഭാവിയുണ്ട്.'
'എന്തു ഭാവി! എന്റെ ഭാവി മാര്‍ക്കോസിന്റെ ഔദാര്യത്തില്‍ ഒതുങ്ങുന്നതാണെങ്കില്‍ എനിക്കതുവേണ്ട. കേസെങ്കില്‍ കേസ്. ഞാനതിനെ നേരിടും. സവര്‍ണ്ണ നീതിയും നിയമവും, മാര്‍ക്കോസിന്റെ പക്ഷം ചേരും. മര്‍ക്കോസ് അവിഹിതമായി വിജയം വരിയ്ക്കും. പക്ഷെ അന്തിമ വിജയം എന്റേതാണ്. ജാതി പോലീസിനും, ജാതി കോടതിയ്ക്കും മേലെ ഒരു നീതിയുടെ ത്രാസ് ഉയരുന്നുണ്ട്. അതിന്റെ ഉടമ ഞാനാണ്.'
വിജയന്റെ ശബ്ദം ഉറച്ചതായിരുന്നു.
ആ ശബ്ദം ഉത്തമവിശ്വാസത്തിന്റേതായിരുന്നു.