"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 6, വെള്ളിയാഴ്‌ച

കഥ: മുത്തി - മുന്തൂര്‍ കൃഷ്ണന്‍

മുത്തി ചത്തു.
വിവരം അറിഞ്ഞു സ്‌കൂള്‍ നേരത്തെ വിട്ടു. 
കുറെ ദിവസമായി മുത്തി അസുഖമായി കിടപ്പിലായിരുന്നു. 
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം പലപ്പോഴും മുത്തിയെ സന്ദര്‍ശിച്ചുമിരുന്നു.
സ്‌കൂള്‍ കോമ്പൗണ്ടിന്റെ ഒരു മൂലയിലാണ് മുത്തിയുടെ വീട്. വീടെന്നു പറഞ്ഞാല്‍ ഒരു കുടില്‍. മെടഞ്ഞ തെങ്ങോല കൊണ്ട് മറച്ച്, വൈക്കോല്‍ മേഞ്ഞ ഒരു കുടില്‍.
സ്‌കൂളിരിക്കുന്ന സ്ഥലം മുത്തിയുടെ വകയായിരുന്നെന്ന് ആളുകള്‍ പറയുന്നു. സ്ഥലം മുത്തി സ്‌കൂളിന് ദാനമായി നല്‍കിയതാണെന്നും അതല്ല മുത്തിയുടെ പക്കല്‍ നിന്നും തന്ത്രപൂര്‍വ്വം കൈക്കലാക്കിയതാണെന്നും പറഞ്ഞുകേള്‍ക്കുന്നു.
അതേപ്പറ്റി ചോദിച്ചാല്‍ മുത്തി മൗനം കൊള്ളും. എന്നിട്ട് വല്ലാത്തൊരു ചിരി ചിരിച്ചിട്ട് പറയും.
''എന്റെ പള്ളി, എന്റെ പള്ളിക്കൂടം.''
അതിനപ്പുറത്തേയ്ക്ക് ആരും ചികഞ്ഞു ചെല്ലാറില്ല.
മക്കളും കിടാങ്ങളുമില്ലാത്ത മുത്തിയ്‌ക്കെന്തിനാണ് സ്ഥലം. പള്ളിയ്ക്കു പള്ളിക്കൂടം. പള്ളിക്കൂടത്തില്‍ പഠിക്കുന്ന പിള്ളേരെല്ലാം മുത്തീടെ മക്കള്‍.
മുത്തി പത്തു പ്രസവിച്ചു. പ്രസവിച്ചതെല്ലാം ചാപിള്ള. വാര്‍ദ്ധ ക്യത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ മുത്തനും പോയി.
മുത്തി ഒറ്റയ്ക്ക്
മുത്തി പള്ളിക്കൂടം പിള്ളാരോട് പറയും. 
''ഏനും മുത്തനുമൊക്കെ കൂട്യാ പള്ളിക്കോടം പണിഞ്ഞെ. എന്റെ പൊന്നുകൊണ്ടാ ഈ തറകെട്ടേ്യ.''
എന്നു പറഞ്ഞാല്‍ പള്ളിക്കൂടം പണിയ്ക്ക് മുത്തനും മുത്തി യും കൂടിയിരുന്നെന്ന്. പള്ളിക്കൂടം പണിയുമ്പോള്‍ മുത്തനും മുത്തി യ്ക്കും നല്ല യുവത്ത്വമായിരുന്നു. പണിയ്ക്കിടയില്‍ മുത്തിയുടെ കഴുത്തില്‍ ചരടില്‍ കോര്‍ത്തുകെട്ടിയിരുന്ന സ്വര്‍ണ്ണത്താലി പൊട്ടി വീണുപോയി. അതുപിന്നെ പള്ളിക്കൂടത്തിന്റെ അസ്തിവാരത്തില്‍ പുതഞ്ഞു പോയി.
ആ ഓര്‍മ്മയില്‍ മുത്തി അഭിമാനം കൊള്ളുമായിരുന്നു. 
അങ്ങനെ എല്ലാംകൊണ്ടും മുത്തിയ്ക്ക് പള്ളിക്കൂടത്തില്‍ ചില അവകാശങ്ങളൊക്കെയുണ്ട്. അതുകൊണ്ടൊ എന്തൊ പള്ളിക്കാര്‍ സ്‌കൂളിന്റെ നോട്ടം മുത്തനെയും മുത്തിയേയും ഏല്‍പിച്ചു. സ്‌കൂള്‍ മുറ്റവും ക്ലാസ് മുറികളും തൂത്തുവാരുന്ന പണി മുത്തിയ്ക്കാണ്. മുത്തന്‍ സ്‌കൂള്‍ കോമ്പൗണ്ടിന്റെ കാവല്‍ക്കാരനായിരുന്നു.
ഇതിനൊന്നും പ്രതേ്യക ശമ്പളമൊ, അലവന്‍സൊ ഒന്നും ഇല്ല.
''മുത്തിക്കെന്തിനാ കാശ് -ജീവിച്ചാപോരേ?''
കിടക്കാന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊച്ചുകൂര. സ്‌കൂളില്‍ പണി. മൂന്നുനേരവും ഭക്ഷണം.
ഉച്ചനേരത്ത് മുത്തി ഒരു അലൂമിനിയം പാത്രവുമായി സ്‌കൂളിലേയ്ക്കു ചെല്ലും. കുട്ടികള്‍ തങ്ങളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു പിടി മുത്തിക്കു കൊടുക്കും. അങ്ങനെ പാത്രം നിറഞ്ഞു കൂമ്പുമ്പോള്‍ മതിയാക്കി മുത്തി കൂരയിലേക്കു മടങ്ങും.
ഉച്ചയ്ക്കും വൈകുന്നേരവും പിറ്റേന്നു രാവിലെയും കുശാല്‍. 
മുത്തി ഒരു വെള്ളമുണ്ട് ഞെറിയിട്ടുടുക്കും. ബ്ലൗസില്ല. ഒരു വെള്ളമുണ്ടുകൊണ്ട് മാറുമറച്ചും മറയ്ക്കാതെയും നടക്കും.
ശരീരം മെലിഞ്ഞു നീണ്ടിട്ടാണ്. നല്ലകറുത്ത നിറം. മുത്തി പ്രായാധിക്യത്താല്‍ കൂനി തുടങ്ങിയിരിക്കുന്നു. 
മുത്തിയുടെ പേര് പുതിയ തലമുറയില്‍ പെട്ട ആര്‍ക്കും അറിഞ്ഞുകൂടാ. മുത്തിയെ പെരെടുത്തു വിളിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. ആ പേര് ഉച്ചരിയ്‌ക്കേണ്ട കാര്യവും ആര്‍ക്കുമില്ല.
മുത്തിയെന്നത് ഒരു സ്ഥാനപ്പേരാണ്. 
ക്രിസ്തുമതത്തില്‍ ചേര്‍ന്ന പുലയരില്‍ പ്രായമായവരെ സവര്‍ണ്ണ ക്രിസ്ത്യാനികള്‍ മുത്തന്‍, മുത്തി എന്നിങ്ങനെയാണ് വിളിയ്ക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരും വിളിയ്ക്കുന്നു. 
മുത്തിയും മുത്തനും വിവാഹിതരായതിന് ശേഷമാണ് മതം മാറിയത്. മുത്തി മൂന്നാം പ്രസവത്തിലും ചാപിള്ള പ്രസവിച്ചു. അക്കാലത്ത് കുരിശു പള്ളിയിലെ വികാരിയച്ചന്റെ കുശിനി പണിക്കാരനായിരുന്നു മുത്തനും മുത്തിയും.
ഒരു ദിവസം അച്ചന്‍പറഞ്ഞു.
''പള്ളിയിലേയ്ക്കു വാ, പ്രാര്‍ത്ഥിക്കാം. ഒരു ശനിയാഴ്ച കുര്‍ബാന കഴിപ്പിക്കാം. കോതമംഗലം പള്ളിയില്‍ പൈതല്‍ ഊട്ടും, പടിഞ്ഞാറെ കുരിശിങ്കല്‍ മെഴുകുതിരിയും കത്തിച്ചാല്‍ എല്ലാം ശരിയാവും.''
മക്കളെ കിട്ടാന്‍ എന്തുചെയ്യാനും ഒരുക്കമായിരുന്ന ദമ്പതികള്‍ കല്ലിട്ടപള്ളികള്‍ക്കൊക്കെ നേര്‍ച്ചനേര്‍ന്നു. കല്‍കുരിശുപള്ളിയില്‍ ശനിയാഴ്ച കുര്‍ബാന കഴിപ്പിച്ചു. കോതമംഗലം പള്ളിയില്‍ പൈതല്‍ ഊട്ടു കഴിച്ചു. മലയാറ്റൂര്‍ മലചവിട്ടി. ധ്യാനമിരുന്നു 
അവസാനം പള്ളിയില്‍ കൂടി. കിടപ്പാടം പോലും പള്ളിക്കു സമര്‍പ്പിച്ചു. ആ സമര്‍പ്പിത ഭൂമിയില്‍ പള്ളി പള്ളിക്കൂടം വച്ചു. ബാവായുടെ നാമധേയത്തിലുള്ള സ്‌കൂളില്‍ ചേര്‍ക്കാന്‍ പുതുകൃസ്ത്യാനികളായ ആ ദമ്പതികള്‍ക്ക് മാത്രം ഒരു മനുഷ്യപുത്രന്‍ അവശേഷിച്ചില്ല.
വികാരിയച്ചന്‍ പറഞ്ഞു.
-ദുഃഖിയ്ക്കരുത്. ബാവയുടെ നാമത്തിലുള്ള പള്ളിക്കൂടം നമ്മുടെ ആലയമാണ്. അവിടെ പഠിക്കുന്ന കുട്ടികളെല്ലാം നമ്മുടെ മക്കളാണ്. 
മുത്തനും മുത്തിയും അങ്ങനെ തന്നെ കരുതി. അവര്‍ കുട്ടികളെ മക്കളെപ്പോലെ-സ്‌നേഹിച്ചു. അവരെ ശാസിച്ചു. അവരുടെ ഇടയിലൂടെ നടന്നു.
പള്ളി വികാരിയുടെ കാരുണ്യം കൊണ്ട് മുത്തനെയും മുത്തിയേയും കുടിയിറക്കിയില്ല. സ്വന്തം മണ്ണില്‍ മുത്തനും മുത്തിയും സത്യവിശ്വാസികളായി കഴിഞ്ഞു.
''മുത്തി ചത്തു. നീ പോണില്ലേ?'' സഹപാഠികള്‍ അവനെ തൊട്ടുണര്‍ത്തി.
അതൃപ്തി കലര്‍ന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു.
''ഓ ഞാനില്ല.''
''അതെന്നാ. നമ്മുടെ മുത്തിയല്ലെ. അവസാനമായി ഒരു നോക്ക്.''
''ഇല്ല.''
അവന്‍ സ്‌കൂള്‍ മുറ്റത്തെ മാവിന്‍ തണലില്‍ അലസമായി നിന്നു. കുട്ടികള്‍ മുത്തിയുടെ മൃതശരീരം കാണാന്‍ ക്യൂ നില്‍ക്കുകയാണ്. 
അദ്ധ്യാപകരും നാട്ടില്‍ ചിലരും മുത്തിയുടെ കൂരയുടെ വെളിയില്‍ കൂട്ടം കൂടി നിന്നു വര്‍ത്തമാനം പറയുന്നു. 
പള്ളിയില്‍ നിന്നും മരണമണി കേട്ടു.
കറുത്ത വസ്ത്രം ധരിച്ച് വികാരിയച്ചനും കപ്യാരും പോകുന്നതു കണ്ടു. 
അവന്‍ മാത്രം ദൂരെ മാറിനിന്നു. 
''എന്തെ വരുന്നില്ലേ?''
''ഇല്ല.''

'' പേടിയാണോ?'' അതിനവന്‍ ഉത്തരമൊന്നും പറഞ്ഞില്ല.
''പേടിയല്ല. എനിയ്ക്കവരെ കാണണ്ട അത്രതന്നെ.''
സത്യത്തില്‍ മക്കളില്ലാത്ത അവരോട് എന്നും അനുകമ്പയായിരുന്നു. മെല്ലിച്ചു നീണ്ട കറുത്ത ആ സ്ത്രീയെ കാണുമ്പോള്‍ തന്റെ അച്ഛന്റെ അമ്മയെയാണ് ഓര്‍മ്മ വരിക. 
തന്റെ കൂട്ടരുടേതു പോലുള്ള ആ നിറവും ആകൃതിയും പ്രകൃതിയുമെല്ലാം തന്നില്‍ ഒരു അടുപ്പം ജനിപ്പിച്ചു. താനവെര മുത്തിയമ്മെ എന്നാണ് വിളിക്കാറ്.
പക്ഷെ മുത്തിയമ്മ തന്നെ കാണുമ്പോള്‍ അകന്നു മാറി. അയിത്തക്കാരനായ തന്നില്‍ നിന്നും മറ്റുള്ളവരും അകലത്തിലായിരുന്നു. അദ്ധ്യാപകരും ശിപായിയും, മറ്റു വിദ്യാര്‍ത്ഥികളുമെല്ലാം.
കറുത്തനിറവും ആദിമഗോത്രവര്‍ഗ്ഗസ്വരൂപവുമുള്ള താന്‍ വേറിട്ടു നിന്നു. കെട്ടിലും മട്ടിലും മറ്റുള്ളവരെപ്പോലെ വസ്ത്രം ധരിച്ചിട്ടും, സംസാരിച്ചിട്ടും, പെരുമാറിയിട്ടും തന്നെവേര്‍തിരിച്ചറിയാമായിരു ന്നു. 
പാഠം പഠിക്കാതെ വന്നാല്‍, കുട്ടികളുടെ സഹജമായ ചെറിയ വികൃതികള്‍ കാട്ടിയാല്‍, നല്ല വസ്ത്രം ധരിയ്ക്കാഞ്ഞാല്‍, ധരിച്ചാല്‍, ചിരിച്ചാല്‍, ചിരിയ്ക്കാഞ്ഞാല്‍ എല്ലാം കുറ്റപ്പെടുത്തലുകള്‍.
ലംപ്‌സംഗ്രാന്റ് സമയത്തിനു തരില്ല. നല്ല മനസ്സോടെ തരില്ല. ഓശാരം പറ്റി ജീവിക്കുന്നവന്‍ എന്ന മട്ട്. മറ്റുള്ളവരുടെ പരിഹാസ പാത്രം.
ക്ലാസില്‍ പരസ്യമായി ജാതി ചോദിച്ച് എണീല്പിച്ചു നിര്‍ത്തും പെണ്‍കുട്ടികള്‍ അത്ഭുതജീവിയെ എന്ന പോലെ തന്നെ നോക്കും.
വിദ്യാഭ്യാസം തനിയ്‌ക്കൊരു കുരിശുയാത്ര.
ഉച്ചയൂണിന് കുട്ടികള്‍ പരസ്പരം കയ്യിട്ടു വാരി തിന്നു തിമിര്‍ക്കുമ്പോള്‍ താന്‍ മാത്രം ഒറ്റപ്പെട്ട്........... 
തന്റെ ഭക്ഷണം മറ്റാരും കഴിക്കില്ല.
തനിയ്ക്കു വേണമെങ്കില്‍ അവരുടെ കറിയോ, മീന്‍ വറുത്തതോ, മുട്ടപൊരിച്ചതോ, ചോറോ കഴിയ്ക്കാം. തരികയും ചെയ്യും. 
പക്ഷെ തന്റെ ഭക്ഷണം കഴിക്കാത്ത അവരോടു കൂടാന്‍ അവന്‍ കൂട്ടാക്കിയില്ല.
തന്നെ ഏറ്റവും വേദനിപ്പിച്ചത് മുത്തിയമ്മയുടെ പെരുമാറ്റമാണെന്നവന്‍ ഓര്‍ത്തു.
താന്‍ ഹൈസ്‌കൂളില്‍ ചേര്‍ന്ന കാലം ഉച്ച ഊണിന് കുട്ടികള്‍ ക്ലാസില്‍ പലേടത്തായി കൂട്ടം കൂടിയിരിക്കുന്നു. മുത്തി കൈയ്യില്‍ പാത്രവുമായി വന്നു. ഓരോ കുട്ടിയുടെയും അടുത്തു ചെന്നു. കുട്ടികള്‍ ഓരോ പിടി ചോറ് മുത്തിക്കു കൊടുത്തു. താനാകട്ടെ മുത്തി വരുന്നതും കാത്തിരിക്കുകയാണ്. മുത്തിയമ്മയ്ക്കു കൊടുത്തിട്ടു വേണം തനിക്കു ഉണ്ണാന്‍. എച്ചിലാകാത്ത ചോറ് മുത്തിയ്ക്കു നല്‍കാനുള്ള കരുതലോടെ താനിരിക്കുകയാണ്.
മുത്തി അടുത്തുവന്ന് സൂക്ഷിച്ചു നോക്കി. താന്‍ ചോറു വാരി. പക്ഷെ അവര്‍ അതു സ്വീകരിക്കാതെ തിരിഞ്ഞു നടന്നു. 
മറ്റു കുട്ടികള്‍ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 
താന്‍ നാണം കെട്ടുപോയി.
അന്നുമുതല്‍ താനവരെ വെറുത്തു. അവരുടെ ശവത്തോടുപോലും ആ വെറുപ്പ് തുടരുന്നു. 
താന്‍ വരുന്നില്ല. തനിയ്ക്കു കാണണ്ട. 
അവന്‍ വിദ്യാലയത്തിന്റെ പടിയിറങ്ങി നടന്നു.