"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 7, ശനിയാഴ്‌ച

അസുരന്‍ എന്നാല്‍ - കെ പി ചോന്‍

ജ്യോതിഷം വെക്കുമ്പോള്‍, പണി ക്കര്‍ ആദ്യമായി നിശ്ചയിക്കുന്നത് അസുരഗണമോ ദേവഗണമോ എന്നാണ്. അതായത് ആകാശത്തുള്ള നക്ഷത്രങ്ങളും ഗ്രഹങ്ങളും കൂടി ഇത്രയും പ്രാധാന്യം നല്കുന്നു ഈ തരംതിരിക്കലില്‍. നക്ഷത്രങ്ങള്‍ ക്കറിയാം ഒരാള്‍ അസുരനാണോ ദേവനാണോ എന്ന്, പക്ഷെ നമു ക്കറിയില്ല.

്ആരാണ് ദേവന്‍ എന്ന് നിങ്ങള്‍ വായിച്ചുകഴിഞ്ഞു. കൂടുതല്‍ വിശദീകരണം ആവശ്യമില്ല (മുന്‍ അധ്യായത്തില്‍). ഇനി, ആരാണ് അസുരന്‍? നമ്മുടെ ധര്‍മ ഗ്രന്ഥങ്ങളില്‍ ധാരാളം എഴുതപ്പെട്ടിട്ടുണ്ട് അസുരന്മാരെപ്പറ്റി. രാക്ഷസന്മാര്‍, പ്രാകൃതര്‍, കാടന്മാര്‍, ഗുഹകളില്‍ താമസിക്കുന്നവര്‍, മനുഷ്യമാംസം കഴിക്കുന്നവര്‍, പച്ചമാംസം കഴിക്കു ന്നവര്‍, പരിഷ്‌കാരവും സംസ്‌കാരവുമില്ലാത്തവര്‍ - അങ്ങനെ പോകുന്നു അവരുടെ കുറ്റങ്ങളും കുറവുകളും. ഒരേ ഒരു മത ഗ്രന്ഥമൊഴിച്ച്, അതായത് നമ്മുടെ ഏറ്റവും ആദ്യത്തെ ധര്‍മ ഗ്രന്ഥമായ ഋഗ്വേദം ഒഴിച്ച്, ബാക്കി ഗ്രന്ഥങ്ങളിലെല്ലാം അസുരന്റെ വിശദീകരണം മേല്പറഞ്ഞതാണ്. അനേകം ദൂഷ്യങ്ങള്‍ അസുരനെക്കുറിച്ച് പറയുന്നുവെങ്കിലും ആരാണ് അസുരന്‍, എന്താണ് നിര്‍വചനം എന്ന് പറയുന്നില്ല. ആദ്യഗ്രന്ഥം ഋഗ്വേദമായതുകൊണ്ട് അതിനു ശേഷമായിരിക്കണമല്ലോ മറ്റു ഗ്രന്ഥങ്ങളുടെ പുറപ്പാട്. ആ ആദ്യ ഗ്രന്ഥത്തില്‍ അസുരനെ വാനോളം പുകഴ്ത്തുന്നു. പിന്നീടുള്ളവയില്‍ ഭൂമിക്കടിയിലേക്ക് താഴ്ത്തുന്നു. ഇതിന് കാരണ മെന്താണ്. ഇതിന് കാരണം എന്തെന്ന് അധ്യായം രണ്ടിലോ മറ്റോ ഞാന്‍ വെളുപ്പെടുത്തിയിട്ടുണ്ടല്ലോ. അതായത് ദേവന്മാര്‍ അഭയാര്‍ത്ഥികളിയി വന്നു കയറിയശേഷം ഇന്ത്യയുടെ പശ്ചിമ ഭാഗം പേര്‍ഷ്യന്‍ രാജാവ് കീഴടക്കി ഭരിച്ചിരുന്നു. 'ഞാന്‍ അസുരന്റെ മിത്രവും ദേവന്റെ ശത്രുവുമാണ്' എന്നാണ് സിംഹാസനത്തില്‍ കയറുന്നതിനു മുമ്പ് പോര്‍ഷ്യന്‍ രാജാക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്ത്യയില്‍ ഓടിയെത്തിയ ദേവന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ അസുരനെപ്പറ്റി അസഭ്യം എഴുതിയാല്‍ പേര്‍ഷ്യന്‍ രാജാവ് അവരെ പിടിച്ച് തൂക്കിലുടും. അതുകൊണ്ടാണ് സത്യം എഴുതേണ്ടിവന്നത്. സത്യം എഴുതുക എന്നു വെച്ചാല്‍ വളരെ വിമ്മിട്ടമുള്ള കാര്യമാണ് ദേവന്മാര്‍ക്ക്. ഋഗ്വേദത്തില്‍ അസുരന്മാരെപ്പറ്റി എഴുതിയിട്ടുള്ള ചില ഉദാഹരണങ്ങള്‍ ശ്രദ്ധേയമാണ്:-

ശീഘ്രഗതിക്കാരനായ അവന്‍, 4 ഭാഗവും പ്രകാശം പരത്തുന്നവന്‍, കിടുകിടുപ്പിക്കുന്നവന്‍, സൗമ്യനായ നേതാവ്

സ്വര്‍ണക്കയ്യുള്ള അസുരാ, ദയാലുവായ നായകാ, ഞങ്ങള്‍ക്ക് സഹായവും ദാക്ഷിണ്യവും പ്രദാനം ചെയ്യൂ

അസുരന്‍ വലിയ മഹാനാണ്, ശക്തിയാര്‍ജിച്ചവനാണ്, ചെമ്പു നിറമുള്ള 2 കുതിരമേല്‍ സവാരി ചെയ്യുന്നവന്‍, ഒരു കാള, ഒരു രഥമാണ് അവന്‍

അസുരാ, നീസ്‌നേഹിക്കുന്നവര്‍ അഭിവൃദ്ധിപ്പെടുന്നു; നീ സന്മാര്‍ഗി, പരിശുദ്ധ നിയമം ഉറക്കെ വിളംബരം ചെയ്യൂ (പു.1)

മാരകായുധങ്ങള്‍ കൊണ്ട് ഞങ്ങളെ നാശം ചെയ്യരുത് വരുണാ, നീ ആഹ്വാനിച്ചാല്‍ അസുരന്‍ പാപികളെ വധിച്ചു കളയും (പു.2)

ഓരോ ദിവസവും കണ്ണടക്കാതെ സന്തോഷം നല്കിക്കൊണ്ടിരിക്കുന്നു, കാരണം, അസുരന്റെ ശരീരത്തില്‍ നിന്നാണ് അവന്റെ ജനനം (പു.3)

കുലീനനായ അസുര, അഗ്നിയെ പ്രാര്‍ത്ഥിക്കാന്‍ വരൂ, സനാതന ധര്‍മത്തെ നയിക്കുന്നവനേ, ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു (പു.5)

സമര്‍ത്ഥനായ അസുര, 2 ലോകത്തിന്റേയും പ്രതിനിധി, ഒരിക്കലും നുണ പറയാത്തവന്‍, വരൂ, പ്രാര്‍ത്ഥിക്കാന്‍ വരൂ (പു.7)

ശക്തിയുള്ള പടക്കുതിരയാണ് നീ, തിളങ്ങുന്ന 4 സ്വഭാവങ്ങളുണ്ട്, അസുര സ്വഭാവങ്ങള്‍, അവയെ ദ്രോഹിക്കുവാന്‍ പാടില്ല.

ദൈവങ്ങള്‍ക്കു പോലും അസുര ശക്തിയില്‍ വിശ്വാസമുണ്ട്. അതുകൊണ്ട്, ഈ പൂജിക്കുന്നവന്റെ ആഗ്രഹം നിറവേറ്റൂ. (പു.10)

ഇതുപോലെ ദേവ പുരോഹിതര്‍ അസുരനെ സ്തുതിക്കുന്നു. ഋഗ്വേദത്തില്‍ 518 ബി സി യിലാണ് പേര്‍ഷ്യന്‍ രാജാവ് ദാരിയസ് ഇന്നത്തെ അഫ്ഗാനി സ്ഥാന്‍, പാകിസ്ഥാന്‍, പഞ്ചാബ് എന്നീ പ്രദേശങ്ങള്‍ കീഴടക്കുന്നത്. അതിനു ശേഷമാണ് ഋഗ്വേദം എഴുതാന്‍ തുടങ്ങുന്നതും. അതുകൊണ്ട്, അസുരനെ മനസുകൊണ്ട് വെറുത്തിരുന്നുവെങ്കിലും സത്യം എഴുതേണ്ടി വന്നു. 330 ബി സി യില്‍ ഗ്രീക്ക് മേധാവി അലക്‌സാണ്ടര്‍ ദാരിയസ് മൂന്നാമനെ തോല്പിച്ച് തലസ്ഥാനമായിരുന്ന പേര്‍സിന്‍ പോളി മുഴുവന്‍ കത്തിച്ചു കളഞ്ഞു. തങ്ങളുടെ പിതാക്കള്‍ ജീവിച്ചു മരിച്ച പോര്‍ഷ്യയെ തോല്പിച്ചു, കത്തിക്കരിച്ചു എന്നിട്ടും ഈ ദേവന്മാര്‍ക്ക് ഒരു വേദനയു മുണ്ടായില്ല. വേദന ഉണ്ടായില്ല എന്നു മാത്രമല്ല, അവര്‍ക്ക് ദീര്‍ഘശ്വാസം കിട്ടി. മനസിന് സമാധാനാമയി. 327 ബി സി യില്‍ അലക്‌സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചു. പഞ്ചാബിലെ പുരു രാജന്‍ അവസാനം തോറ്റു. അപ്പോഴെങ്കിലും വോദനയുണ്ടായോ? ഇല്ല. സന്തോഷമാണുണ്ടായത്. കാരണം, ഗ്രീക്ക് ധര്‍മം ഏറെക്കുറേ നമ്മുടെ ബ്രാഹ്മണ ധര്‍മം പോലെയാ യിരുന്നു. പൂജാകര്‍മങ്ങളും പദവിയിലിരിക്കുന്ന പുരോഹിതനും മറ്റുമായിരുന്നു. കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലേക്ക് എന്നു പറഞ്ഞ പോലെയാണ് ഇവരുടെ മനസ്ഥിതി. സ്വദേശ സ്‌നേഹമോ നന്മയോ അല്ല അവരുടെ മനസില്‍. പൂജാകര്‍മങ്ങള്‍ ചെയ്യണം, അതില്‍ നിന്നും നല്ല വരുമാനം വേണം എന്നതില്‍ കവിഞ്ഞേ വേറൊരു ചിന്തക്കും അവരുടെ മനസില്‍ സ്ഥാനമില്ല. ആരെങ്കിലും ഭരിച്ചോട്ടെ, നമുക്കെന്തു വേണം എന്ന മനോഭാവമാണ്.

ദേവന്മാര്‍ ഇന്ത്യയില്‍ എത്തുന്നതു വരെ അസുര്‍ അഥവാ അസുരന്‍ എന്ന പദം തന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. പക്ഷെ, പശ്ചിമ ഏഷ്യയില്‍ - ഇറാന്‍, ഇറാക്ക് - എന്നീ രാജ്യങ്ങളില്‍ ഈ വാക്ക് വളരെ ബഹുമാന പൂര്‍വം ഉച്ചരിച്ചിരുന്നു. പേര്‍ഷ്യയുടെ അന്നത്തെ ധര്‍മത്തിലെ മുഖ്യ ദൈവത്തിന്റെ പേര് അഹുര മസ്ദ എന്നാണ്. ആ അഹുര മസ്ദ ഇന്ത്യയില്‍ സബ്ദിക്കുമ്പോള്‍ അസുര മഹത്വം എന്നാകുന്നു. അങ്ങിനെ അസുര മഹത്വമായിരുന്നു പേര്‍ഷ്യയിലെ ദൈവം. ജനങ്ങള്‍ രണ്ടു വിഭാഗം - ദേവന്മാര്‍, അസുരന്മാര്‍. അസുരന്മാര്‍ എല്ലാം ശ്രേഷ്ഠന്മാരും കുലീനരും, ദേവന്മാര്‍ നികൃഷ്ഠരും നുണപ്പിശാചുക്കളുമാണ് പേര്‍ഷ്യയില്‍.

അയല്‍ രാജ്യമായ ഇറാക്കിലും ചുറ്റു പ്രദേശങ്ങളിലും ഇതുതന്നെയാ യിരുന്നു സ്ഥിതി. ഇറാക്കിലെ രാജാക്കന്മാര്‍ എല്ലാവരും അസുര്‍ എന്ന പദം ബഹുമാനമായി തങ്ങളുടെ പേരിനോട് കൂട്ടിച്ചേര്‍ത്തിരുന്നു. അതുപോലെ ഈജിപ്തിലെ പല രാജാക്കന്മാരും അസുര്‍ എന്ന സംബോധന ഉപയോഗിച്ചിരുന്നു. അതായത് ഈ രാജ്യങ്ങളിലെല്ലാം അസുരന്‍ എന്നാല്‍ ശ്രേഷ്ഠന്‍, ഒരിക്കലും നുണ പറയാത്തവന്‍, സന്മാര്‍ഗി എന്നെല്ലാമാണ് വിവക്ഷ. അലക്‌സാണ്ടറുടെ വരവിനു ശേഷം ഇന്ത്യയില്‍ പച്ചമാംസം തിന്നുന്ന കാടനായി അസുരന്‍. കാരണം പറയാം.


റിഗ്വേദത്തില്‍ അസുരന്മാരെപ്പറ്റിയുള്ള ശ്ലോകങ്ങളില്‍ നിന്നും തുച്ഛം മുകളില്‍ ഉദ്ധരിച്ചിട്ടുണ്ടല്ലോ. അതില്‍ 'ശ്രേഷ്ഠനായ അസുരാ, സനാതന ധര്‍മത്തിന്റെ നായകാ, അഗ്നിയെ പൂജിക്കാന്‍ വരൂ' എന്നും മറ്റും രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതിനര്‍ത്ഥം ഈശ്വര ധര്‍മമായ സനാതന ധര്‍മത്തെപ്പറ്റി ഇവര്‍ക്കറിയാം, ഇന്ത്യയിലെ ജനങ്ങള്‍ അതില്‍ വിശ്വസിക്കുന്നവരാണ് എന്നും മറ്റും. പക്ഷെ അതില്‍ പൂജാവിധികളും പുരോഹിതനും ഇല്ലാതിരിക്കുന്നതു കൊണ്ട്, ദേവന്മാര്‍ക്ക് ആ ധര്‍മം വേണ്ട, അവരുടെ ദൈവമായ അഗ്നിയെ പൂജിക്കാന്‍ വരൂ എന്നാണ് ആഹ്വാനം. റിഗ്വേദത്തില്‍ പലയിടത്തും 'അനു, ദ്രൂഹം, പുരു, യാദൃ, തുര്‍വസു - നിങ്ങള്‍ എന്റെ ധര്‍മം സ്വീകരിക്കൂ' എന്നു വ്യക്തമായും എഴുതുന്നുണ്ട്.

പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളില്‍, സന്മാര്‍ഗം ഒരിക്കലും ഉപേക്ഷിക്കാത്തവരാണ് അവിടത്തെ ജനങ്ങള്‍, അസുരന്മാര്‍. അതേ സമയം അവര്‍ ആര്യന്മാരാ ണെന്ന് തറപ്പിച്ചു പറയുന്നു അവരുടെ ഗ്രന്ഥങ്ങള്‍. ആര്യന്മാര്‍ ഭാരതത്തി ന്റെ അതിര്‍ത്തിയില്‍ വന്നു കയറുമ്പോള്‍ അവരുടെ സംസ്‌കാരം ശൂന്യമായിരുന്നു, മൃഗത്തിന് തുല്യമായ ആചാരങ്ങളും ജീവിത രീതിയു മായിരുന്നു എന്ന് ഇതിനു മുമ്പ് നിങ്ങള്‍ വായിച്ചു കഴിഞ്ഞു. അപ്പോള്‍ ഇതുരണ്ടും പരസ്പര വിരുദ്ധമായല്ലോ. ശ്രേഷ്ഠനായ അസുരന്‍ ആര്യനാ വാന്‍ നിവൃത്തിയില്ല. മൃഗതുല്യനായിരുന്ന ആര്യന്‍ ശ്രേഷ്ഠനാവണ മെങ്കില്‍ ഈ കാലഘട്ടത്തില്‍ എന്തോ സംഭവിച്ചിരിക്കണം. അവരുടെ മനസ് ഉദ്ധരിച്ചിരിക്കണം. തക്ക ശിക്ഷണം കിട്ടിയിരിക്കണം. അതെ, അതുതന്നെയാണ് കാരണം.

അരിയാന എന്ന ഭാഗത്തു നിന്ന് അവര്‍ മധേഷ്യയിലെത്തുന്നു. അവിടെ നിന്നും തെക്കോട്ടു നീങ്ങി, സോഗദിയാന (ഇന്നത്തെ സമര്‍ഘണ്ട്), മാര്‍ഗി യാന (ഇന്നത്തെ മാരവ്) ബാല്‍ക്ക് (ബാക്ട്രിയ) എന്നിവിടങ്ങളിലേക്ക് നീങ്ങുന്നു. ഇവയെല്ലാം മധ്യേഷ്യയില്‍ പെട്ട ദേശങ്ങളാണ്. ഈ മധ്യേഷ്യ യിലാണ് സന്മാര്‍ഗമതം ജനിച്ചതും വളര്‍ന്നതും. സന്‍മാര്‍ഗികളായി ജീവിക്കുക എന്നതായിരുന്നു ഈതിന്റെ മൂലതത്വം. ആര്യന്മാര്‍ അവരുടെ നാടു വിട്ട് പുറപ്പെടുന്നത് എല്ലാവരും ഒരുമിച്ചല്ല. ഗണങ്ങളായി, പലേ കാലഘട്ടത്തിലാണ് ഇവരുടെ വരവ്.. ആദ്യം വന്നവര്‍ക്കെല്ലാം പേര്‍ഷ്യന്‍ രാജാവായ യമന്‍ താമസിക്കാന്‍ സ്ഥല സൗകര്യം കൊടുത്തു. കൃഷി ചെയ്തും ആടുമാടുകളെ മേച്ചും ജീവിച്ചു കൊള്ളൂ എന്നു പറഞ്ഞു കൊണ്ട്. അങ്ങിനെ ആദ്യം വന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയവും സഹായ വും കിട്ടി. ആ നന്ദി എപ്പോഴും കാണുമല്ലോ. മധ്യേഷ്യയിലുണ്ടായ അവരുടെ ജീവിതകാലത്തില്‍ അവിടത്തെ ധര്‍മാവലിയെക്കുറിച്ച് അവര്‍ അറിഞ്ഞിരിക്കണം, അവ സ്വീകരിച്ചിരിക്കണം. കാരണം, സ്വതവേ പ്രാകൃതരല്ലായിരുന്നു ഇവര്‍. ആദ്യം വന്നവര്‍ കൊല്ലലും കത്തിക്കരി ക്കലും മറ്റും ചെയ്തിട്ടില്ല. ആഗണങ്ങളില്‍ പെട്ട ആദ്യ ആര്യന്മാരാണ് പേര്‍ഷ്യയിലെ ജനങ്ങള്‍. അതുകൊണ്ടാണ് സന്മാര്‍ഗജീവിതം അവരുടെ സ്ഥിര സ്വഭാവമായിത്തീര്‍ന്നത്.

ബാബിലോണിയ, അസീറിയ എന്നിവിടങ്ങളിലെ ചരിത്രം വിശകലനം ചെയ്യുമ്പോഴും ഇതുതന്നെയാണ് നാം കാണുന്നത്. ഒട്ടും വ്യത്യസ്ത മായിരുന്നില്ല. Encyclopaedia of Religion and Ethics എന്ന സംശോധക ഗ്രന്ഥത്തില്‍ പണ്ടത്തെ ഇറാഖിലെ വിഖ്യാതരായിരുന്ന ഹമ്മുറബി, അസ്സുര്‍ നസീര്‍ പാള്‍ എന്നീ ചക്രവര്‍ത്തിമാര്‍ അവരെത്തന്നെ King of Righteousness അഥവാ സന്മാര്‍ഗത്തിന്റെ രാജാക്കന്മാര്‍ (സാര്‍ മിസരി അഥവാ റെയിം കെട്ടി) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഗ്രന്ഥം പിന്നേയും എഴുതുന്നു;

'ന്യായത്തിന്റേയും സന്മാര്‍ഗത്തിന്റേയും നക്ഷത്രം (കക്കബ് കെട്ടു എന്‍ മെസാര്‍) മന്ദതയില്‍ നീങ്ങുന്ന ശനിയാണെന്നാണ് തോന്നുന്നത്; സൂര്യനു തുല്യത പോലെ കണക്കാക്കുന്നു; സുമരിയന്‍ ഭാഷയില്‍ മുല്‍ ഗിഗി എന്നു വിളിക്കുന്നു.'

മുകളിലെ വിശദീകരണത്തില്‍ കാര്യമായ തെറ്റുകളുണ്ട്. ന്യായത്തിന്റേ യും സന്മാര്‍ഗത്തിന്റേയും ദിവ്യ നക്ഷത്രം ശനി എന്ന ഗ്രഹമായിട്ടാണ് ഈ ഗ്രന്ഥത്തില്‍ കണക്കാക്കുന്നത്. അങ്ങിനെയാവാന്‍ വഴിയില്ല. ഒന്നാമതായി, ശനി ഒരു നക്ഷത്രമല്ല, ഗ്രഹമാണ്. രണ്ടാമതായി, ശനി പതുക്കെ മന്ദഗതിയില്‍ അല്ല സഞ്ചരിക്കുന്നത്. മൂന്നാമത്തെ കാരണം, ശനി എന്ന ഗ്രഹത്തിന് പൗരാണിക കാലം മുതല്ക്ക് നല്ല ഗുണങ്ങളല്ല, ദോഷവശങ്ങളാണ് ജ്യോതിഷവും മറ്റും കാണിക്കുന്നത്. മനുഷ്യന് നന്മ വരുത്തുന്നു എന്ന സ്വഭാവം ശനിക്ക് ഇതുവരെ ആരും സങ്കല്പിച്ചിട്ടില്ല. ആരും അതിന് ദൈവപദവി കൊടുത്തിട്ടുമില്ല. അതുകൊണ്ട് ന്യായ ത്തിന്റേയും സന്മാര്‍ഗത്തിന്റെയും നക്ഷത്രം ധ്രുവന്‍ ആകാനേ തരമുള്ളൂ. നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും വെച്ച് ഏറ്റവും മന്ദഗതിയില്‍ സഞ്ചരി ക്കുന്നത് ധ്രുവനക്ഷത്രമാണ്. പണ്ടത്തെ സന്മാര്‍ഗ മതത്തില്‍ ഒരിക്കലും പതറാത്ത മൂര്‍ത്തിയാണ് ധ്രുവനക്ഷത്രം. അതിനെ മുഖ്യ ദൈവമായി കരുതിയിരുന്ന ഒരു ധര്‍മാവലി ഉണ്ടായിരുന്നു പണ്ട് എന്ന അറിവ് ലോകത്തിന് നഷ്ടപ്പെട്ടതിന്റെ തെളിവാണിത്. കൂടാതെ, ശനിയുടെ ന്യായാധിപത്യം സൂര്യനു കിട്ടി എന്നതും അസ്ഥാനത്താണ്. വാസ്ത വമെന്തെന്നാല്‍, ധ്രുവനെ മുഖ്യ ദൈവമായി കരുതി വടക്കന്‍ യൂറോപ്പി ലും മധ്യേഷ്യയിലും താമസിച്ചിരുന്ന നമ്മുടെ ആദി പിതാക്കള്‍ തെക്കു ഭാഗങ്ങളിലേക്ക് നീങ്ങി, താമസസ്ഥാനങ്ങള്‍ ഉറപ്പിച്ചു. തെക്കോട്ടു നീങ്ങുന്തോറും ധ്രുവ നക്ഷത്രത്തെ കണ്ണുകൊണ്ടു കാണാതായി. അതുകൂ ടാതെ, ഈ ധ്രുവനക്ഷത്രം പണ്ട് ചന്ദ്രന്റെ അത്രയും വലുപ്പത്തില്‍ കണ്ടിരുന്നുവത്രേ. ആ നക്ഷത്രം കാലക്രമേണ അപ്രത്യക്ഷമായി, തല്സ്ഥാനത്ത് ഇന്നുള്ള ധ്രുവനക്ഷത്രം കാണപ്പെട്ടു എന്നും പുരാതന ഗ്രന്ഥങ്ങലില്‍ കാണുന്നുണ്ട്. ഇക്കാരണങ്ങളാല്‍ താമസസ്ഥാനം മാറ്റി തെക്കോട്ടു നീങ്ങിയ നമ്മുടെ പൂര്‍വികര്‍ ധ്രുവന്റെ സ്ഥാനം സൂര്യനു കൊടുക്കുവാന്‍ ഇടയുണ്ട്. സൂര്യനെ മുഖ്യ ദൈവമായി കരുതിയിരുന്ന ജനസമൂഹങ്ങളും ധാരാളമുണ്ടായിരുന്നു. എങ്കിലും സന്മാര്‍ഗത്തിന്റേയും ന്യായത്തിന്റേയും അധിപന്‍ എന്ന പദവി സൂര്യന് ഉണ്ടായിരുന്നില്ല. എല്ലാവരുടേയും രക്ഷകര്‍ത്താവ് എന്ന സ്ഥാനമാണ്.

ധ്രുവനക്ഷത്രം സ്ഥിരമായി നിലനില്ക്കുന്നു. അതിനു ചുറ്റും മറ്റു നക്ഷത്രങ്ങള്‍ ആകാശത്തില്‍ ചുറ്റുന്നതുമാണ് മധ്യേഷ്യക്കാര്‍ കാണുന്നത്. അതുകൊണ്ട് സന്മാര്‍ഗ മതത്തിന്റെ ഈ നക്ഷത്രത്തെ 'തന്നത്താന്‍ സൃഷ്ടിതമായ ആദിവെളിച്ചം' എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. അസീറി യയിലെ ജനങ്ങള്‍ ഇതിനെ മുല്‍ ഗിഗി എന്നു വിളിക്കുന്നു. അനു എന്ന മധ്യേഷ്യന്‍ വംശം ഇതിനെ 'ഏശ്ശ' എന്നു സംബോധന ചെയ്യുന്നു. കേരളത്തില്‍ ഓണ ദിവസങ്ങളില്‍ മുറ്റത്തു വെക്കുന്ന 'തൃക്കാക്കരപ്പന്‍' എന്ന ഈശ്വര മൂര്‍ത്തിയെയാണ് കളിമണ്ണു കുഴച്ചുണ്ടാക്കുന്നത്. ഇതിനെ പശ്ചിമേഷ്യയില്‍ അശേര, അസേര, അസോര്‍ എന്നും മറ്റുമാണ് സംബോധന. ഈ സംബോധനയില്‍ നിന്നാണ് അസുര്‍ എന്ന വാക്കുണ്ടാ കുന്നത്. അതായത് ഈശ്വരസ്തംഭത്തെ പൂജിക്കുന്ന ജനങ്ങള്‍ എന്നര്‍ത്ഥം. വേറെ നിര്‍വചനത്തിനു വഴിയില്ല, കാരണം അസുര്‍ എന്നത് ഒരു പ്രത്യേക ജാതിയേയോ വര്‍ഗത്തേയോ വംശത്തേയോ സൂചിപ്പിക്കുന്നില്ല.

ഈജിപ്തില്‍ ഓണ്‍മന്ദിരത്തില്‍ നിന്നും കര്‍നാക് മന്ദിരത്തിലേക്ക് ആണ്ടുതോറും ഘോഷയാത്ര പോകാറുണ്ട്. ഓണത്തിന്റെ ആഘോമാണ്, കടലില്‍ കൂടിയാണ് പോകുന്നതെപ്പോഴും. കാരണം അവരുടെ ദൈവം വന്നത് കടലില്‍ കൂടിയാണത്രെ! ഈ ഘോഷയാത്രയില്‍ ദൈവത്തിന്റെ വിഗ്രഹവും കൊണ്ടുപോകാറുണ്ട്. പക്ഷെ ജനങ്ങളെ വിഗ്രഹം കാണാന്‍ അനുവദിക്കാറില്ല. വാസ്തവത്തില്‍ മേല്‍ വിവരിച്ച അതേ സ്തംഭമാണ് വിഗ്രഹം, ഈശ്വരമൂര്‍ത്തി. പക്ഷെ ഈജിപ്തുകാര്‍ വിളിക്കുന്നത് അസോര്‍ എന്നാണ്.

പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ ദേവപുരോഹിതര്‍ക്ക് അവരുടെ ധര്‍മാവലി ഒഴിച്ച് ബാക്കി ഒന്നും തന്നെ ഇഷ്ടമല്ലല്ലോ. എങ്കിലും പൊതു ജനം ആകമാനം അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസത്തെ എടുത്തു കളയുവാനും അവര്‍ക്ക് സാധിച്ചില്ല. ഇവിടെ എത്തിയ ശേഷം കണ്ടത് ഇന്ത്യക്കാരെല്ലാം ഈശ്വര വിശ്വാസികളായിട്ടാണ്. പുരോഹിതന്റെ ആയുധമാണല്ലോ വാക്ക്. അതുകൊണ്ട് ഗ്രന്ഥങ്ങളെഴുതി അസുരനെ പച്ച മാംസം കഴിക്കുന്ന കാടനാക്കി മാറ്റി. അനേകം ദൂഷ്യങ്ങള്‍ അസുരന്റെ തലയില്‍ കയറ്റിവെച്ചു. പക്ഷെ അതെല്ലാം അവരെഴുതിയ ഗ്രന്ഥങ്ങളില്‍ മാത്രം ശേഷിച്ചു. വസിഷ്ഠ മഹര്‍ഷിയുടെ ധര്‍മപത്‌നി അരുന്ധതി ഒരു അസുരന്റെ മകളായിരുന്നു. ഇന്ദ്രന്റെ മകള്‍ ജയന്തിയെ ഉസാന എന്ന അസുര പുരോഹിതനാണ് വിവാഹം ചെയ്തു കൊടുത്തത്. ശുക്രാചാര്യനും അസുരനായിരുന്നു.

മഹാബലിയും തന്റെ വലിയ വംശാവലിയും അസുരന്മാരായിരുന്നു. മനംപതറാതെ സന്മാര്‍ഗം മുറുകെ പിടിച്ചു ജീവിച്ചിരുന്ന മഹാന്മാരുടെ പട്ടികയില്‍ മഹാബലിയെ പോലെ അനേകം പേരുണ്ട്. പണ്ടത്തെ ഓടകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയിരുന്ന വഞ്ചികളില്‍ ലോകമാസ കലം ഇവര്‍ ധൈര്യസമേതം സഞ്ചരിച്ചിരുന്നു. അങ്ങനെയാണല്ലോ അമേരിക്കയിലും മറ്റും ഭാരത സന്താനങ്ങള്‍ ആദ്യമായി കുടിയേറി പാര്‍ത്തിരുന്നത്. നക്ഷത്ര ഗണങ്ങളെ ആധാരമാക്കി കടലില്‍കൂടി മാര്‍ഗം തെറ്റാതെ അവര്‍ പോകുന്നു. മഹാഭാരതത്തില്‍ അരക്കില്ലം പണിയുന്നതും യുധിഷ്ഠിരന്റെ രാജധാനിയില്‍ വെള്ളം എന്നു കണ്ടാല്‍ തോന്നുന്ന സ്ഥലം സാധാരണ സ്ഥലമായും സാധാരണ സ്ഥലം വാസ്തവത്തില്‍ കുളിക്കുവാനുള്ള കുളിമുറിയായും മറ്റും കാണപ്പെടുന്നത് അത് ഉണ്ടാക്കിയ അസുരന്റെ വിജ്ഞാനമാണ്. ഇത്രയും സമര്‍ത്ഥരും വിദ്യാസമ്പന്നരും സദ്ഗുണങ്ങളുടെ മൂര്‍ത്തികളുമായിരുന്ന ഈശ്വര വിശ്വാസികളെയാണ് കാടര്‍, പ്രാകൃതര്‍ എന്നെല്ലാം വേദപുരോഹിതര്‍ വിളിച്ച് അപമാനിച്ചത്. അതും സ്വരക്ഷക്കായി ഭാരതത്തില്‍ ഓടിയെത്തി യവരാണ് ഭാരതമക്കളെ ഇങ്ങനെ സംബോധന ചെയ്ത് കളങ്കപ്പെടുത്തു ന്നത്. ചുരുക്കത്തില്‍ അസുരന്‍ എന്നാല്‍ ഈശ്വര ധര്‍മത്തില്‍ വിശ്വസിക്കു ന്നവന്‍ എന്നു മാത്രമാണ് അര്‍ത്ഥം. അതേ കാരണത്താല്‍ ദേവ പുരോഹിതന്റെ ശത്രുവായിത്തീരുന്നു.

കടപ്പാട്: കെ പി ചോന്റെ 'നായരുടെ ആദിമാതാവ് പുലയി, ചെറുമി - ഈഴവരുടേയും' എന്ന ഗ്രന്ഥം.