"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 8, ഞായറാഴ്‌ച

ഡോ. അംബേദ്ക്കറും സാംസ്‌ക്കാരിക വിപ്ലവവും - ഡോ. സുരേഷ് മാനേ

ഡോ.അംബേദ്ക്കര്‍ക്ക് തന്റെ സാമൂഹിക-സാംസ്‌ക്കാരിക പോരാട്ടത്തെ അതിന്റെ യുക്തി സഹമായ പര്യവസാനത്തിലെ ത്തിക്ക ണമെന്ന് അതിയായ ആഗ്രഹ മുണ്ടായിരുന്നു. ജീവിതത്തി ലുടനീളം ബ്രാഹ്മണിസത്തിനെതിരെ പടപൊരുതിയ അദ്ദേഹത്തിന് തന്റെ ജനങ്ങളെ പഴയരീതി യില്‍ത്തന്നെ ജീവിക്കുവാനായി വിട്ടുകൊടുക്കാന്‍ എങ്ങനെ കഴിയുമായിരുന്നു? അതിനാല്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ പ്രസ്ഥാനം ഒരു സാംസ്‌ക്കാരിക വിപ്ലവത്തിലേയ്ക്ക്, അതായത് ഹിന്ദു ജീവിത ശൈലിയില്‍ നിന്നും വേറിട്ട ഒരുജീവിത മാതൃകയിലേയ്ക്ക്, പരിവര്‍ത്തനപ്പെടേണ്ടതുണ്ടായിരുന്നു. ആ ദിശയിലേയ്ക്ക് ഡോ.അംബേ ദ്ക്കര്‍ വളരെ ചിട്ടയായ തരത്തില്‍ 1924 മുതല്‍തന്നെ ഒരു സാംസ്‌ക്കാരിക വിപ്ലവത്തിന്റെ അജണ്ട നടപ്പിലാക്കിത്തുടങ്ങി. അതിലെ സുപ്രധാന നാഴികക്കല്ലുകള്‍ ക്രമാനുഗതമായി താഴെ വിവരിക്കുന്നു.

1. ബുദ്ധനിലേയ്ക്കുള്ള ഡോ. അംബേദ്ക്കറുടെ ആഗമനം 1907 ല്‍ തന്റെ മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായതിനുള്ള സമ്മാനമായി ബുദ്ധന്റെ ഒരു ജീവചരിത്രം ലഭിച്ചതുമുതല്‍ തുടങ്ങിയിരുന്നു. ആ ഗ്രന്ഥം രചിച്ചത് ശ്രീ.അര്‍ജ്ജുനറാവു കെലൂസ്‌ക്കര്‍ ആയിരുന്നു.
2. 1924 ലെ തന്റെ ഒരു പ്രസംഗത്തില്‍ത്തന്നെ ബ്രാഹ്മണ്യ സാമൂഹ്യവ്യവസ്ഥയുടെ ഇരകളുടെ പ്രശ്‌നങ്ങള്‍ക്കുള്ള മൂന്നു പരിഹാരങ്ങളായി, നമന്താര്‍, ദേശാന്തര്‍, ധര്‍മ്മാന്തര്‍, അതായത് പേരുമാറ്റുന്നത്, പ്രത്യേക വാസസ്ഥലം രൂപീകരിക്കുന്നത്, മതപരിവര്‍ത്തനം, എന്നിവ നിര്‍ദ്ദേശിച്ചിരുന്നു.
3. 1935 ഒക്‌ടോബര്‍ 13 ന് ഇയോളയില്‍ വച്ച് (മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍) നടന്ന സമ്മേളനത്തില്‍ അംബേദ്ക്കര്‍ തന്റെ ചരിത്രപരവും വിപ്ലവകരവുമായ തീരുമാനം 'ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചുവെങ്കിലും ഒരു ഹിന്ദുവായി മരിക്കുകയില്ല'എന്ന് പ്രഖ്യാപിച്ചു. ഈ സമ്മേളനത്തില്‍ വച്ച് അദ്ദേഹം തന്റെ അനുയായികളോട് നാസിക്കിലെ കലാറാം ക്ഷേത്രപ്രവേശനസത്യാഗ്രഹം കൈയ്യൊഴിയാന്‍ ഉപദേശിച്ചു.
4. ഹിന്ദുയിസത്തെ നിരാകരിക്കുവാനുള്ള ഡോ.അംബേദ്ക്കറുടെ തീരുമാനത്തെ 1936 ഫെബ്രുവരി 29 ന് മഹാരാഷ്ട്രയിലെ ഖന്ദേശ് പ്രവിശ്യയിലുള്ള ചമാറുകള്‍ പിന്‍താങ്ങി.
5. മതപരിവര്‍ത്തനത്തിനുവേണ്ടിയുള്ള തന്റെ അജണ്ടയെ വിപുലീകരിക്കുന്നതിനായി 1936 മേയ് 30 മുതല്‍ ജൂണ്‍ 1 വരെ ബോംബെയിലെ തന്റെ അനുയായികളുടെ ഒരു യോഗം ഡോ.അംബേദ്ക്കര്‍ വിളിച്ചുകൂട്ടി. ഈ കോണ്‍ഫറന്‍സില്‍ വച്ച് വിമോചന പ്രസ്ഥാനത്തിന്റ ചരിത്രത്തിലെ ഏറ്റവും മഹത്തായ പ്രസംഗങ്ങളിലൊന്നായ 'മുക്തി കോന്‍ പതെ?'- ഏതു പാതയിലൂടെയാണ് വിമോചനം? നടത്തി. ഈ പ്രസംഗത്തിലൂടെ ജാതീയതയ്‌ക്കെതിരായി ഒരു സാംസ്‌ക്കാരിക യുദ്ധം അഴിച്ചുവിടാന്‍ തന്റെ പ്രവര്‍ത്തകരെ അദ്ദേഹം മാനസികമായി സന്നദ്ധരാക്കി.
6. 1936 ജൂണ്‍ 18 ന് ഹിന്ദുമഹാസഭയുടെ നേതാവായ ഡോ. മൂഞ്‌ജെയുമായി മതപരിവര്‍ത്തന വിഷയം ഡോ.അംബേദ്ക്കര്‍ ചര്‍ച്ചചെയ്തു. 1936 ജൂണ്‍ 23ന് മറ്റൊരു പ്രധാന പട്ടികജാതി വിഭാഗമായ മാതംഗു കള്‍ മതപരിവര്‍ത്തനത്തിനായുള്ള പരിശ്രമങ്ങളെ പിന്‍തുണച്ചു.
7. 1936 സെപ്റ്റംബര്‍ 18ന് സിക്കുമതത്തെക്കുറിച്ചു പഠിക്കുന്നതിനായി 13 അംഗ പ്രതിനിധി സംഘത്തെ ഡോ.അംബേദ്ക്കര്‍ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രത്തിലേ യ്ക്ക് അയച്ചു.
8. 1946 ജൂണില്‍ അദ്ദേഹം ബോംബെയില്‍ സിദ്ധാര്‍ത്ഥ കോളേജ് ഒഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആരംഭിച്ചു.
9. 1950 മേയില്‍ കല്‍ക്കട്ടയിലെ മഹാബോധി സൊസൈറ്റിയുടെ ജേര്‍ണ്ണലില്‍ 'ബുദ്ധനും അദ്ദേഹത്തിന്റെ മതത്തിന്റെ ഭാവിയും' എന്ന ഡോ.അംബേദ്ക്കറുടെ ലേഖനം പ്രസിദ്ധീകരിച്ചു.
10. 1950 സെപ്റ്റംബര്‍ 1ന് പ്രസിദ്ധനായ ബുദ്ധിസ്റ്റ് രാജാവ് മിലിന്ദയുടെ പേരിലുള്ള ഡോ.അംബേദ്ക്കറുടെ രണ്ടാമത്തെ കോളേജിന് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ അന്നത്തെരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് തറക്കല്ലിട്ടു.
11. 1950 ഡിസംബറില്‍ കൊളംബോയില്‍ നടന്ന ലോക ബുദ്ധമതസമ്മേളനത്തില്‍ ഡോ.അംബേദ്ക്കര്‍ പങ്കെടുത്തു.
12. 1951 സെപ്റ്റംബറില്‍ അദ്ദേഹം ബുദ്ധിസ്റ്റ് പ്രാര്‍ത്ഥനാ പുസ്തകം ചിട്ടപ്പെടുത്തി.
13. 1954 മേയില്‍ ബര്‍മ്മയിലെ റംഗൂണില്‍ നടന്ന ബുദ്ധജയന്തിയില്‍ അദ്ദേഹം പങ്കെടുത്തു.
14. 1954 ജൂണില്‍ മൈസൂര്‍ രാജ്യത്തെ രാജാവായ കൃഷ്ണരാജ വൊഡയാര്‍ നിര്‍ദ്ദേശിക്കപ്പെട്ട ബുദ്ധിസ്റ്റ് സെമിനാരി പണികഴിപ്പിക്കാനായി ബാംഗ്ലൂരില്‍ 5 ഏക്കര്‍ ഭൂമി ഡോ.അംബേദ്ക്കര്‍ക്കു നല്‍കി.
15. 1954 ഡിസംബറില്‍ റംഗൂണില്‍ നടന്ന മൂന്നാം ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുത്തു.
16. 1955 മേയില്‍ അദ്ദേഹം ഭാരതീയ ബുദ്ധിസ്റ്റ് മഹാസഭ (ബുദ്ധിസ്റ്റ് സൊസൈറ്റി ഒഫ് ഇന്ത്യ) രൂപീകരിച്ചു.
17. 1955 ഡിസംബറില്‍ പൂനായ്ക്കടുത്തുള്ള ദഹുവില്‍ വച്ച് ഒരു ബുദ്ധചിത്രം അനാശ്ചാദനം ചെയ്തു.
18. 1956 ഫെബ്രുവരിയില്‍ അദ്ദേഹം തന്റെ ഗ്രന്ഥമായ ''ബുദ്ധനും ബുദ്ധധമ്മവും'' പൂര്‍ത്തിയാക്കി. 1956 മാര്‍ച്ച് 15 ന് ഈ ഗ്രന്ഥത്തിന് അദ്ദേഹം മുഖവുരയെഴുതി. ആ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു.' 'ഞാന്‍ പരാമര്‍ശി ക്കാനാഗ്രഹിക്കുന്നത് ബുദ്ധിസ ത്തെക്കുറിച്ചുള്ള ശരിയായ ധാരണ ലഭിക്കാന്‍ വേണ്ടിയുള്ള മൂന്നു പുസ്തകങ്ങളുടെ സമാഹാരത്തിലൊന്നാണിത്. മറ്റു രണ്ടു പുസ്തകങ്ങളെന്നു പറയുന്നത് ഒന്ന് ബുദ്ധനും കാറല്‍ മാക്‌സും, മറ്റൊന്ന് വിപ്ലവവും പ്രതിവിപ്ലവവും പ്രാചീന ഇന്ത്യയില്‍ എന്ന പുസ്തകവുമാണ്. അവ പ്രത്യേക ഭാഗങ്ങളായാണ് എഴുതിയിട്ടുളളത്. എന്നാല്‍ വൈകാതെ ഒരുമിച്ചു പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.''
19. 1956 മേയ് 12 ന് ലണ്ടനിലെ ബി.ബി.സി ക്കുവേണ്ടി നടത്തിയ പ്രഭാഷണത്തില്‍ എന്തുകൊണ്ടാണ് താന്‍ ബുദ്ധിസത്തെ ഇഷ്ടപ്പെട്ടതെന്നും നിലവിലിരിക്കുന്ന സാഹചര്യത്തില്‍ അത് ലോകത്തിന് എന്തുമാത്രം ഉപകാരപ്രദമാണെന്നുംവിശദീകരിച്ചു.
20. 1956 ഒക്‌ടോബര്‍ 14 ന് ലക്ഷക്കണക്കിന് അനുയായികളുമായി അദ്ദേഹം നാഗ്പൂരില്‍ വച്ച് അശോക വിജയദശമി നാളില്‍ ബുദ്ധമതത്തെ ആശ്ലേഷിച്ചു.

സാമൂഹ്യ-സാംസ്‌ക്കാരിക ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനാ യുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ കാലാകാലങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരുന്ന മറ്റു നിരവധി സാമൂഹ്യവിപ്ലവകാരികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കാന്‍ മുന്‍കൈയ്യെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഡോ. അംബേദ്ക്കറാകട്ടെ താന്‍ ഹിന്ദുമതത്തെ നിരാകരിക്കുമെന്ന് 1935 ല്‍ പ്രഖ്യാപിച്ചശേഷം ഒരു തീരുമാനത്തിലും പ്രവര്‍ത്തനത്തിലുമെത്തിച്ചേര്‍ന്നത് 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ നടപടിയെ രാഷ്ട്രീയനീക്കമെന്നും എടുത്തുചാടിയുള്ള തീരുമാനമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന പ്രഖ്യാ പിത ബുദ്ധിജീവികള്‍ ഒന്നുകില്‍ അവരുടെ തികഞ്ഞ അജ്ഞതയേയോ അല്ലെങ്കില്‍ സാധാരണയായി അയിത്തജാതിക്കാരില്‍ കാണുന്ന അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയെന്ന മനോഘടനയെ ആണ് പ്രദര്‍ശിപ്പിക്കുന്നത്.


ലക്ഷക്കണക്കിനു അനുയായികളുമൊത്ത് ഡോ.അംബേദ്ക്കര്‍ ബുദ്ധിസ ത്തിലേയ്ക്കു നടത്തിയ മതംമാറ്റം ജാതിസംസ്‌ക്കാരത്തിനേറ്റ ഗുരുതരമായ ഒരു ആഘാതമായിരുന്നു. മനുഷ്യചരിത്രത്തിലും വിശിഷ്യാ ഇന്ത്യയിലെ ആധുനിക ചരിത്രത്തിലുമുള്ള വിമോചന പ്രസ്ഥാനങ്ങളില്‍ ഡോ. അംബേദ്ക്കറുടെ ബുദ്ധിസത്തിലേയ്ക്കുള്ള പരിവര്‍ത്തനം ഒരു നാഴിക ക്കല്ലായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഒറ്റ നിമിഷം കൊണ്ട് അര ദശലക്ഷം ജനങ്ങള്‍ ഹിന്ദുയിസത്തെ നിരാകരിച്ചു കൊണ്ട് ബുദ്ധിസത്തെ തങ്ങളുടെ ജീവിത പാതയായി സ്വീകരിച്ചു.

അങ്ങനെ ഉപരോധത്തിന്റേയോ ആക്രമണങ്ങളുടെയോ ഭരണകൂട ത്തിന്റേയോ പിന്‍ബലം കൂടാതെ തന്നെ ഈ അത്യപൂര്‍വ്വമായ നേട്ടം കൈവരിക്കുകവഴി വിമോചന പ്രസ്ഥാ നങ്ങളിലെ നായകസ്ഥാനം ഡോ.അംബേദ്ക്കര്‍ നേടിയെടുത്തു. ഈ രക്തരഹിതമായ സാംസ്‌ക്കാരിക വിപ്ലവം, ഒരുവിധ രാഷ്ട്രീയാധികാരത്തിന്റേയും പിന്‍ബലമില്ലാതെ, ഉറവിടങ്ങളില്ലാത്തജനത നടത്തിയ ഈ നിശ്ശബ്ദവിപ്ലവം അങ്ങനെ ഭൗതികമായ എല്ലാ സുഖസൗകര്യങ്ങളുടെ പരിഗണനകളേയും വെടിഞ്ഞു കൊണ്ട് ഡോ.അംബേദ്ക്കറുടെ അചഞ്ചലമായ നേതൃത്വത്തിന്‍ കീഴില്‍ അഞ്ചുലക്ഷത്തിലധികം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നാഗ്പൂരില്‍ അരങ്ങേറി. ലോകത്തെ സാമൂഹ്യ സാംസ്‌ക്കാരിക വിപ്ലവങ്ങളുടെ ചരിത്രത്തില്‍ ഇതൊരു സുവര്‍ണ്ണ മുഹൂര്‍ത്തമായിരുന്നു. ആ സമ്മേളന ത്തില്‍ വച്ച് മുഴുവന്‍ ഇന്ത്യയേയും ഒരു ബുദ്ധിസ്റ്റ് ഇന്ത്യയായി രൂപാന്തരപ്പെടുത്തുവാനുള്ള തന്റെ ആഗ്രഹം ഡോ.അംബേദ്ക്കര്‍ പ്രകടിപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ ലക്ഷ്യം നേടുന്നതുവരെ ജീവിച്ചിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

മതപരിവര്‍ത്തനത്തിനു മുന്‍പുതന്നെ ബ്രാഹ്മണിസത്തിനെ തിരായി ശക്തമായ ഒരു ബദലായി അദ്ദേഹം ബുദ്ധിസത്തെ കണ്ടിരുന്നു. 'വിപ്ലവവും പ്രതിവിപ്ലവവും പ്രാചീനഭാരതത്തില്‍' എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം പ്രസ്താവിച്ചു, 'ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രമെന്നത് ബ്രാഹ്മണിസവും ബുദ്ധിസവും തമ്മിലുള്ള സംഘട്ടന ത്തിന്റെ ചരിത്രമല്ലാതെ മറ്റൊന്നുമല്ല.' അതോടൊപ്പം തന്നെ ബുദ്ധധമ്മത്തെ മാര്‍ക്‌സിസത്തിനുള്ള ഒരു ബദല്‍മാതൃകയായും അദ്ദേഹം നിരീക്ഷിച്ചി രുന്നു. 'ബുദ്ധനും കാറല്‍ മാക്‌സും'42 എന്ന തന്റെ ലേഖനത്തില്‍ അദ്ദേഹം ബുദ്ധന്റേയും മാര്‍ക്‌സിന്റേയും തത്വങ്ങളും സമീപനരീതി കളും തമ്മിലുള്ള സാദൃശ്യവൈജാത്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഡോ.അംബേദ്ക്കറുടെ അഭിപ്രായത്തില്‍ മതത്തിന്റെ ലക്ഷ്യം ലോകോല്‍പ്പ ത്തിയെ വിശദീകരിക്കലാണ്. എന്നാല്‍ ധമ്മയുടെ ഉദ്ദേശ്യം ലോകത്തെ പുനഃസൃഷ്ടിക്കലാണ്. അതിനാല്‍ ജാതിബദ്ധ ഇന്ത്യന്‍സമൂഹത്തില്‍ അത്യാവശ്യമായതും ഏറ്റവും ഫലപ്രാപ്തി യേറിയതുമായ ഒരായുധമെന്ന നിലയില്‍ അദ്ദേഹം ബുദ്ധിസത്തെ ദര്‍ശിച്ചു. എന്നാല്‍ നിലവിലിരുന്ന രീതിയിലുള്ള ബുദ്ധിസ്റ്റ് ജീവിതശൈലി അംബേദ്ക്കര്‍ സ്വീകരിച്ചുവെന്ന് അതിനര്‍ത്ഥമില്ല. ധമ്മത്തിന്റെ മൂന്ന് പിരിവുകളായ തേരവാദ, മഹായാന, വജ്രയാന എന്നിവയില്‍ നിന്നും അതിന്റെ സ്വഭാവത്തെ വേര്‍തിരിക്കുന്നതിനായി അദ്ദേഹം ധമ്മയ്ക്ക് ഒരു പുതിയ വ്യാഖ്യാനം നല്‍കി. ബുദ്ധനും ബുദ്ധധമ്മവും എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പരമ്പരാഗത വ്യാഖ്യാനത്തെ നിരാകരിച്ചുകൊണ്ട് അദ്ദേഹം ബുദ്ധന്റെ പരിവ്രാജകത്വത്തെപ്പറ്റി വിപ്ലവകരമായ വീക്ഷണമാണ് സ്വീകരിച്ചത്. കര്‍മ്മം, പുനര്‍ജന്മം എന്നീ അനുശാസനങ്ങളിലുള്ള വൈരുദ്ധ്യ ത്തേയും, ആത്മാവിന്റെ നിലനില്‍പ്പിനെ ബുദ്ധന്‍ നിഷേധിക്കുന്ന തിനേയും അദ്ദേഹം വൈമനസ്യം കൂടാതെ സ്വീകരിക്കുന്നുണ്ട്. മറിച്ച് ഭിക്കു (ബുദ്ധിസ്റ്റ് സന്യാസി)വിന്റെ പരമ്പരാഗത പങ്കിനെക്കുറിച്ചുള്ള ധാരണയില്‍ നിന്നും വിഭിന്നമായി അദ്ദേഹം വിശ്വസിച്ചത് ഭിക്കുവിനെ ബുദ്ധിസത്തിന്റെ പ്രതീക്ഷയായി കാണമെങ്കില്‍ അദ്ദേഹം പൂര്‍ണനായ ഒരു വ്യക്തിയായാല്‍പ്പോരാ മറിച്ച് ഒരു സാമൂഹ്യസേവകന്‍ തന്നെയായിരിക്കണം.43

ദുഃഖത്തേയും ദുരിതത്തേയും കുറിച്ചുള്ള അനുശാസനങ്ങളാണ് ബുദ്ധിസ ത്തിന്റെ കേന്ദ്രബിന്ദു. എന്നാലതില്‍ വിഷാദാത്മകമായ വീക്ഷണം അടങ്ങിയിരിക്കുന്നുവെന്നും ഒളിച്ചോട്ടത്തിലേയ്ക്ക് അതുനയിക്കുമെന്നുള്ള വിമര്‍ശനം ഇതേറ്റുവാങ്ങിയിട്ടുണ്ട്. ഡോ.അംബേദ്ക്കര്‍ ഈ വിമര്‍ശനത്തെ ഗൗരവമായി കണക്കിലെടുത്തു കൊണ്ട് പറഞ്ഞു.''ദുരിതങ്ങളുടെ നില നില്‍പ്പിനെ ധമ്മം അംഗീകരിക്കുന്നുവെന്നതില്‍ സംശയമില്ല. എന്നാലത് ദുരിതങ്ങളുടെ നിവാരണത്തിനും തുല്യമായ ഊന്നല്‍ നല്‍കുന്നുവെന്നുള്ള വസ്തുതയും മറക്കരുത്. എന്റെ ധമ്മയില്‍ പ്രതീക്ഷയും അതുപോലെ ലക്ഷ്യവും രണ്ടുമുണ്ട്. അതിന്റെ ലക്ഷ്യം അവിജ്ജ, അതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് ദുരിതത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള അജ്ഞത, നിര്‍മ്മാര്‍ജ്ജനം ചെയ്യലാണ്. അതില്‍ പ്രതീക്ഷയുമുണ്ട്. എന്തുകൊണ്ടെ ന്നാല്‍ മനുഷ്യദുരിതങ്ങള്‍ക്ക് അറുതി വരുത്തുവാനുള്ള മാര്‍ഗ്ഗം അതു കാട്ടിത്തരുന്നു.''44

ബുദ്ധിസത്തിലെ സംഘടനകളുടെ എല്ലാ പിളര്‍പ്പുകളേയും ഡോ.അംബേ ദ്ക്കര്‍ അവസാനിപ്പിക്കുകയും അവയെ കൂട്ടിയോജിപ്പി ക്കുകയും ചെയ്തു. അങ്ങനെ ബുദ്ധിസത്തിന്റെ വേലിയേറ്റം ഒരിക്കലും പിന്‍ വാങ്ങി യില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.45 അങ്ങനെ പരമ്പരാഗത ബുദ്ധിസ്റ്റ് വിശ്വാസങ്ങളെ ഡോ.അംബേദ്ക്കറുടെ ബുദ്ധിസം സാംഗത്യ മാര്‍ന്ന രീതിയില്‍ പരിഷ്‌ക്കരിച്ചു. 1956 ല്‍ നാഗ്പൂരില്‍ വച്ചു നടന്ന മതംമാറ്റവേളയില്‍ അദ്ദേഹം പ്രഖ്യാപിച്ച 22 പ്രതിജ്ഞകള്‍ തന്നെ ബുദ്ധിസത്തിലേക്ക് അദ്ദേഹം കൊണ്ടുവന്ന വിപ്ലവത്തിന് വേണ്ടത്ര തെളിവാണ്. ഡോ.അംബേദ്ക്കറുടെ 22 പ്രതിജ്ഞകള്‍ ചുവടെ കൊടു ക്കുന്നു.

1. എനിക്ക് ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരില്‍ യാതൊരു വിശ്വാസവുമില്ലെന്നു മാത്രമല്ല, ഞാനവരെ ആരാധിക്കുകയുമില്ല
2. ദൈവാവതാരങ്ങളെന്നു വിശ്വസിക്കപ്പെടുന്ന രാമനിലും കൃഷ്ണനിലും എനിക്ക് യാതൊരു വിശ്വാസവുമില്ലെന്നു മാത്രമല്ല, ഞാനവരെ ആരാധിക്കുകയുമില്ല
3. എനിക്ക് ഗൗരി,ഗണപതി തുടങ്ങിയ മറ്റുഹിന്ദുദൈവങ്ങളിലോ ദേവതമാരിലോ യാതൊരു വിശ്വാസവുമില്ലെന്നു മാത്രമല്ല, ഞാനവരെ ആരാധിക്കുകയുമില്ല
4. ദൈവം അവതരിക്കുമെന്നുപറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല
5. ഭഗവാന്‍ ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമെന്നു പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെന്നു മാത്രമല്ല, ഇനി വിശ്വസിക്കുകയുമില്ല. ഇത് നിന്ദ്യമായ ഭ്രാന്തും വ്യാജപ്രചാരണവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
6. ഞാന്‍ ശ്രാദ്ധം അനുഷ്ഠിക്കുകയോ പിണ്ഡം വയ്ക്കുകയോ ഇല്ല
7. ഭഗവാന്‍ ബുദ്ധന്റെ തത്വങ്ങളേയും പ്രബോധനങ്ങളേയും ലംഘിക്കുന്ന ഒരു പ്രവര്‍ത്തിയിലും ഞാന്‍ ഏര്‍പ്പെടുകയില്ല.
8. ഞാന്‍ ഒരുവിധ ആചാരാനുഷ്ഠാനങ്ങളും ബ്രാഹ്മണരെക്കൊണ്ട് ചെയ്യിപ്പിക്കില്ല
9. ഞാന്‍ മനുഷ്യരുടെ സമത്വത്തില്‍ വിശ്വസിക്കുന്നു
10. ഞാന്‍ സമത്വം സ്ഥാപിക്കാന്‍ തീവ്രമായി പരിശ്രമിക്കും.
11. ഞാന്‍ ഭഗവാന്‍ ബുദ്ധന്റെ കുലീനമായ അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ പിന്‍തുടരും
12. ഞാന്‍ ഭഗവാന്‍ ബുദ്ധന്‍ നിര്‍ദ്ദേശിച്ച പാരമിതങ്ങള്‍ പിന്‍തുടരും
13. എനിക്ക് എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതിയും സ്‌നേഹദയയും ഉണ്ടായിരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യും.
14. ഞാന്‍ ഒരിക്കലും മോഷ്ടിക്കില്ല
15. ഞാന്‍ ഒരിക്കലും കള്ളം പറയില്ല
16. ഞാന്‍ ഒരിക്കലും അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടില്ല
17. ഞാന്‍ ഒരിക്കലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല
18. ഞാന്‍ കുലീനമായ അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ പിന്തുടരുകയും നിത്യജീവിതത്തില്‍ സ്‌നേഹവും മൈത്രിയും കരുണയും പരിപാലിക്കുകയും ചെയ്യും.
19. അസമത്വത്തില്‍ അധിഷ്ഠിതമായിരിക്കുകയും മനുഷ്യത്വത്തിനു ഹാനികരവും മനുഷ്യപുരോഗതിക്കും വികാസത്തിനും വിഘ്‌നവുമായ ഹിന്ദുപ്രത്യയശാസ്ത്രത്തെ ഞാന്‍ ഉപേക്ഷിക്കുകയും എന്റെ മതമായി ബുദ്ധമതത്തെ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
20. ഭഗവാന്‍ ബുദ്ധന്റെ ധമ്മമാണ് ഒരേയൊരു യഥാര്‍ത്ഥ മതമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
21. ഞാന്‍ ഇതിലൂടെ ഒരു പുനര്‍ജന്മമെടുത്തിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
22. ഞാന്‍ ദൃഢവിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ഉറപ്പിച്ചു പറയുകയും ചെയ്യുകയെന്തെന്നാല്‍ ഇനിമുതല്‍ ഞാന്‍ ഭഗവാന്‍ ബുദ്ധന്റേയും അദ്ദേഹത്തിന്റെ ധമ്മത്തിന്റേയും അടിസ്ഥാനത്തിലുള്ള തത്വങ്ങളില്‍ മാത്രമേ ജീവിക്കുകയുളളു.