"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 14, ശനിയാഴ്‌ച

കഥ: സവര്‍ണ്ണനീതിയുടെ സഞ്ചാരങ്ങള്‍ - മുന്തൂര്‍ കൃഷ്ണന്‍

അടങ്ങാത്ത തിരകള്‍ പോലെ അന്തരാളങ്ങളെ അസ്വസ്ഥമാക്കുന്ന അപൂര്‍വ്വ ജീവിതാനുഭവ ങ്ങളിലൊന്ന്. പത്തുനാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യമാണെങ്കിലും ഇന്നലെ നടന്നതുപോലെ.
തന്റെ സര്‍ക്കാര്‍ സര്‍വ്വീസിന്റെ പ്രാരംഭകാലം. ജില്ലാകോടതിയില്‍. എല്‍.ഡി. ക്ലാര്‍ക്കായിട്ടാണ് നിയമനം. ഓഫീസ് ഓര്‍ഡര്‍പ്രകാരം എക്‌സാമിനറാക്കി. കോപ്പിയിംഗ് സെക്ഷന്റെ ചാര്‍ജ്ജുള്ള ആളെ എക്‌സാമിനറെന്നാണ് വിളിച്ചിരുന്നത്.
കോടതിയുടെ മെയിന്‍ ഓഫീസ് ബില്‍ഡിംഗില്‍ നിന്നും വിട്ട് കുറച്ചു ദൂരെയുള്ള ഒരു ഷെഡിലാണ് കോപ്പിയിംഗ് സെക്ഷന്‍. ജില്ലാ കോടതിയില്‍ പല സെക്ഷകളുമുണ്ട്. ശിരസ്തദാരും പരിവാരങ്ങളുമടങ്ങുന്ന എ സെക്ഷന്‍ ഹെഡ് ക്ലാര്‍ക്കും മറ്റ് ക്ലാര്‍ക്കുമാരും ചേര്‍ന്ന ബി സെക്ഷന്‍ ബഞ്ച് ക്ലാര്‍ക്കും അസിസ്റ്റന്റും ഉള്‍പ്പെട്ട ബഞ്ച് സെക്ഷന്‍. പിന്നെ സെന്‍ട്രല്‍ നാജറും പ്രോസസ് സര്‍വര്‍, ആമീന്‍, പ്യൂണ്‍ എന്നിവര്‍ ചേര്‍ന്ന സെന്‍ട്രല്‍ നാജറേറ്റ്. പിന്നെ എക്‌സാമിനര്‍ സെക്ഷന്‍.
സാധാരണ സീനിയര്‍ ക്ലാര്‍ക്കുമാരെയാണ് എക്‌സാമിനറാക്കി വയ്ക്കുക. എന്നാല്‍ പുതിയ കോടതി ആയതിനാല്‍ മതിയാവോളം സ്റ്റാഫ് ഇല്ലാതെ വന്നതിനാലാണ് തന്നെ എക്‌സാമിനര്‍ ആക്കിയതെന്ന് ഭാഷ്യം.
പക്ഷെ ഇതിലെല്ലാം ചില സ്ഥാപിത താല്പര്യങ്ങളുടെ രഹസ്യഇടപെടലുകളുണ്ടെന്നുള്ളതാണ് സത്യം. കോടതി ജീവനക്കാരുടെ ഇടയില്‍ പൊതുവെ രാഷ്ട്രീയപ്രേരിതമായ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല. കോടതി രാഷ്ട്രീയാതീതമാണെന്ന സങ്കല്പമാണ് അതി നുപിന്നില്‍. ബഞ്ചും ബാറും ചേര്‍ന്നതാണ് കോടതി. ജീവനക്കാര്‍ അവിഭാജ്യഘടകമാണെങ്കിലും കോടതിയുടെ തീര്‍പ്പുകളില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ല. ആകയാല്‍ ജീവനക്കാരെ ജൂഡീഷ്യറിയുടെ ഭാഗമായി പരിഗണിച്ചിട്ടില്ല. എന്നാല്‍ കോടതി ജീവനക്കാര്‍ക്ക് മറ്റുള്ള ജീവനക്കാരെപ്പോലെ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. അപ്പീല്‍ അവകാശമില്ല. പ്രതികരണസ്വാതന്ത്ര്യം കമ്മി. തടവിലാക്കപ്പെട്ട കുറ്റവാളികളെപ്പോലെ ഹയറാര്‍ക്കിയുടെ പാവം ഇരകള്‍.
ജുഡീഷ്യല്‍ ഓഫീസറമ്മാര്‍ക്ക് പ്രതേ്യക അവകാശധികാരങ്ങളും പദവിയും നിയമം അനുവദിച്ചു നല്‍കിയിട്ടുണ്ട്. അതിന്റെ പിന്നില്‍ നീതിന്യായം നിഷ്പക്ഷമായും നിര്‍ഭയമായും നടക്കണമെന്ന ഉദ്ദേശമാണുള്ളത്. പക്ഷേ അത് പലപ്പോഴും ഏകാധിപത്യത്തിലേക്ക് വഴുതി പോകുന്നില്ലെ? ചോദിയ്ക്കാനാരുമില്ലാത്തതുപോലെ. ആരോടും കണക്കുപറയേണ്ടതില്ലാത്തതുപോലെ. ഹയര്‍ ജുഡീഷ്യറിയില്‍ സംവരണം എന്ന സാമൂഹ്യ നീതി അനുവദിച്ചിട്ടില്ല. എന്നാല്‍ ആക്ഷേപാര്‍ഹമായ മറ്റു പല പരിഗണനകളും അവിടെ നടക്കുന്നു എന്നത് പകല്‍ പോലെ സത്യം.
കോടതികളുടെ ഈ അപ്രമാദിത്വം ചില മാമൂലുകളെ പരിപോഷിപ്പിക്കുന്നുണ്ട്. അതില്‍ മുഖ്യമായത് ജാതിയാണ്. കോടതി ജീവനക്കാരില്‍ അധിക പങ്കും സവര്‍ണ്ണഹിന്ദുക്കളാണ്. അതും ബ്രാഹ്മണര്‍, നായന്മാര്‍. ജഡ്ജി, ശിരസ്തദാര്‍, എസ്റ്റാബ്ലിഷ്‌മെന്റ് ക്ലാര്‍ക്ക്, ഹെഡ് ക്ലാര്‍ക്ക്, പിന്നെ ശിപായിമാരില്‍ ഏറിയ പങ്കും നായന്മാരാണ്. ഒരു നായര്‍ കോടതി എന്നു വേണമെങ്കില്‍ പറയാം. പക്ഷെ പറഞ്ഞുകൂടാ. കോടതി അലക്ഷ്യം.
കോടതിയിലേക്ക് പുതിയ ഒരാള്‍ നിയമിതനാവുകയോ, സ്ഥലം മാറ്റപ്പെടുകയോ, ചെയ്താല്‍ ആള്‍ എത്തുന്നതിനുമുമ്പുതന്നെ അയാളുടെ ജാതി വിവരം എത്തിയിരിക്കും. ഓഫീസില്‍ ടിയാന്റെ സെക്ഷന്‍ നിശ്ചയിയ്ക്കപ്പെടുന്നത് ഈ അറിവിന്റെ അടിസ്ഥാനത്തിലുമായിരിക്കും. എസ്റ്റാബ്ലിഷ്‌മെന്റ് സീറ്റ്, അക്കൌണ്ട് സെക്ഷന്‍, ബഞ്ച് സെക്ഷന്‍ എന്നിവ ഉയര്‍ന്നജാതിക്കാര്‍ക്ക് ഉറപ്പ്. ശിരസ്തദാരോടൊ, ജഡ്ജിയോടെ അടുത്തിടപെടേണ്ടതും, നിര്‍ണ്ണായകതീരുമാ നങ്ങള്‍ കൈക്കൊള്ളേണ്ടതുമായ സെക്ഷനുകളിലൊന്നും കീഴ്ജാതിക്കാരെ വയ്ക്കില്ല. അഥവാ നിവൃത്തികേടുകൊണ്ട് അവരോധിയ്ക്കപ്പെട്ടാല്‍ അയാള്‍ ഒറ്റ മരത്തില്‍ കയറിയ കുരങ്ങിനെപ്പോലെ.
ഒരു കറുത്തവര്‍ഗ്ഗക്കാരനായതാനും സര്‍ക്കിളിനുപുറത്ത്. തന്റെ വര്‍ഗ്ഗത്തില്‍ താന്‍ മാത്രം. മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അവന്‍ കൂടെ നില്ക്കില്ല. പിന്നെയുള്ളത് ഈഴവരാണ്. അവര്‍ സംവരണത്തിന്റെ ആനുകൂല്യമുള്ളവരാണെങ്കിലും സര്‍വണ്ണ പക്ഷത്താണ്. ഈ ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം യൂണിയനാണ്. അവിടെയും ജാതി ഉണ്ട്. പക്ഷെ യൂണിയനില്‍ താന്‍ സഖാവാണ്. ഒരു പുകമറ.
താന്‍ എക്‌സാമിനറായി ചാര്‍ജ്ജെടുക്കുമ്പോള്‍ കോപ്പിയിസ്റ്റുകളുടെ സ്‌ട്രെങ്ങ്ത് ആറ്. അതില്‍ ഒരു പോസ്റ്റ് ഒഴിഞ്ഞു കിടന്നു. നിലവിലുള്ള അഞ്ചുപേരും പുരുഷന്മാര്‍. മൂന്ന് നായന്മാര്‍, ഒരു ഈഴവന്‍, പിന്നെ ഒരു മുസ്ലിം. അവരില്‍ നാലുപേര്‍ പ്രായമുള്ളവരാണ്. ഒരാള്‍ ചെറുപ്പം. ചെറുപ്പത്തിലെ വയസ്സനായ ചെറുപ്പക്കാരന്‍.
തികച്ചും ഒരു സ്ത്രീ കഥാപാത്രത്തിന്റെ കുറവുണ്ടായിരുന്ന എക്‌സാമിനര്‍ സെക്ഷന്‍ പൂക്കളില്ലാത്ത പൂന്തോപ്പുപോലെ, കിളികള്‍ ചിലക്കാത്ത കാടുപോലെ വിരസമായിരുന്നു.
മറ്റു കോടതികളിലെല്ലാം സ്ത്രീകളുണ്ട്. നിറമുള്ള വസ്ത്രങ്ങളും കറുത്ത കണ്ണുകളുമുള്ള അവരുടെ മിന്നായം കാണുകയേ വേണ്ടു കോപ്പിയിസ്റ്റ് വൃദ്ധന്മാര്‍ക്ക് അക്ഷരം തെറ്റും. അവര്‍ തമ്മില്‍ തമ്മില്‍ പറയും.
'വേണ്ടാ ....... കണ്ണു ഫ്യൂസായി പോകും'

'ഫ്യൂസെങ്കില്‍ ഫ്യൂസ്, പെണ്ണിനെ നോക്കാനല്ലെങ്കില്‍ പിന്നെ ആണിനു കണ്ണെന്തിനാവ്വേ്യ-'
'എടാ കൊച്ചനെ, നീ പൊറത്തൊക്കെ ഒന്നെറങ്ങി നാലു പെമ്പിള്ളാരുടെ പിറകെ നടന്നേച്ചുവാ. ഇങ്ങനെ കുത്തിയിരുന്നു ജന്മം കളയാതെ-'
ചെറുപ്പക്കാരന്‍: ചേട്ടന്മാര്‍ക്കതുപറയാം. എനിക്ക് ഷീറ്റൊക്കൂല്ല.
അഞ്ചുമണിയാകുമ്പൊഴെയ്ക്കും ഇരുപത് കോപ്പിയിംഗ് ഷീറ്റുകള്‍ എഴുതി കമ്പയര്‍ ചെയ്ത് എക്‌സാമിനറെ ഏല്പിക്കണമെന്നത് കോപ്പിയിസ്റ്റിന്റെ തലക്കുറിയാണ്. അത് പറയുമ്പോലെ എളുപ്പമല്ല. പഴകി ദ്രവിച്ച പ്രമാണങ്ങള്‍, വായിക്കുവാന്‍ ബുദ്ധിമുട്ടുള്ള കൈപ്പടകള്‍, എന്നിവ വായിച്ചെടുക്കാന്‍ പാടാണ്. ചിലപ്പോള്‍ ശിരസ്തദാരുടെയോ, ജഡ്ജിയുടെയോ സഹായം വേണ്ടിവരും. നല്ല കൈപ്പട ഉള്ളവരായാലും ജുഡീഷ്യല്‍ ഓഫീസറന്മാരായ കൈയ്യക്ഷരം മോശമാകുന്നത് ആരും ചോദിക്കാനില്ലാത്തതുകൊണ്ടാകാം. എഴുത്തില്‍ വേഗതയില്ലാത്ത പുതുമുഖമായ ചെറുപ്പക്കാരന്‍ ഇരുപതു ഷീറ്റൊപ്പിക്കാനുള്ള പെടാപ്പാടിലാണ്. അതിനിടയില്‍ അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.
ഒരാള്‍ :- എടാ നീ പെണ്ണിന്റെ ഗന്ധം അറിഞ്ഞിട്ടുണ്ടോ?
മറ്റേയാള്‍ :-കല്യാണം കഴിയ്ക്കാത്ത അവനെങ്ങനെ അറിയാനാ?
ചെറുപ്പക്കാരന്‍ :- അതിനെന്തിത്ര അറിയാനിരിക്കുന്നു. ഒന്നുകില്‍ വിയര്‍പ്പിന്റെ ഗന്ധം. അല്ലെങ്കില്‍ സോപ്പിന്റെയോ പൗഡറിന്റെയോ ഗന്ധം.
'ഒലക്ക- എടാ പെണ്ണിന്റെ ഗന്ധം. പച്ചയായ പെണ്ണിന്റെ ഗന്ധം. അതറിയാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' വായിയ്ക്കണം. ലോകത്ത് ആദ്യമായി പെണ്ണിന്റെ ഗന്ധം വേര്‍തിരിച്ചെടുത്തത് ആ മഹാനായ കഷണ്ടിക്കാരനാണ്.'
'അങ്ങേരെന്തു പറഞ്ഞു'
'എന്തു പറയാന്‍, ആണായാല്‍ പെണ്ണുവേണമെന്നു പറഞ്ഞു.'
'അതിനുതാങ്കള്‍ക്കു പെണ്ണില്ലെ'
'ആ പെണ്ണല്ലെടാ, ഈ നാടായ നാട്ടിലൊക്കെ പെണ്ണുങ്ങളുണ്ട്. കോടതിയായ കോടതിയിലൊക്കെ പെണ്ണുങ്ങളുണ്ട്. നമ്മുടെ സെക്ഷനില്‍ മാത്രം പെണ്ണില്ലാത്തതെന്താ?'
'എന്താ?'
'നിനക്കുയോഗമില്ല.'
'എനിക്കല്ല, നിങ്ങക്കെന്നുപറ'
'എന്നാ നമുക്ക്'
അതു പറഞ്ഞു കൂട്ടചിരി.
'ഒരു കാര്യം ചെയ്യാം. നമുക്കു കൂട്ടമായി ചെന്ന് ജഡ്ജി യ്ക്ക് ഒരു നിവേദനം സമര്‍പ്പിക്കാം'
'വല്ല പെണ്ണും പോരാ'
'പിന്നെ?'
'നല്ല കിളി പോലിരിയ്ക്കണം.'
'ആരും തൊടാത്തവളായിരിക്കണം.'
'ആരോടും മിണ്ടാത്തവളായിരിക്കണം.'
'അതെന്നാ ഊമയാ'
'അതല്ല. അവനോടുമാത്രം മിണ്ടുന്നവളായിരിയ്ക്കണൂന്ന്'
'എന്നാ പഞ്ചപാഞ്ചാലിയായിയ്‌ക്കോട്ടെ.'
കൂട്ടചിരി.
'എന്ന പാണ്ടാരമായാലും കൊള്ളാം. ഒരു കാണാന്‍ കൊള്ളാവുന്ന പെങ്കൊച്ചായാല്‍ മതിയായിരുന്നു.'
'ഹാ കെളവന്റെ ഒരു പൂതി.'
'ടവ്വേ എണ്ണി എണ്ണിക്കുറയുന്നിതായുസ്സും. മണ്ടി മണ്ടി ക്കരേറുന്നു മോഹവവും'
അങ്ങനെ മണ്ടിമണ്ടി കരേറുന്ന മോഹത്തിന്റെ ക്ലൈമാക്‌സിലൊരുനാള്‍ അഛനിഛിച്ചതും പാല്. വൈദ്യനാര്‍ ചൊന്നതും പാല് എന്നുപറഞ്ഞതുപോലെ ഒരു പെണ്‍കോപ്പിയിസ്റ്റ് നിയമിതയായി.
നായര്‍ ലോബിയുടെ നേതാവ് ചട്ടന്‍നായര്‍ മണത്തറിഞ്ഞു.
-നായര് പെണ്ണാ
അയാളതു നായര്‍ ജീവനക്കാരുടെ മുഴുവന്‍ ചെവിയില്‍ വിളമ്പി. ഏവര്‍ക്കും സന്തോഷം.
പുതിയ കോപ്പിയിസ്റ്റ് വന്ന ദിവസം ഒരു ഉത്സവം പോലെ ആയിരുന്നു. ഒരു ചരിത്രസംഭവം പേലെയും. പല കോടതികളില്‍ നിന്നും ആണുങ്ങളും പെണ്ണുങ്ങളുമായി പലരും വന്നു കണ്ടു. സംസാരിച്ചു. വക്കിലന്മാര്‍, വക്കീല്‍ ക്ലാര്‍ക്കുമാര്‍. അങ്ങനെ പലരും. നായര്‍ ലോബിയുടെ നേതാവ് ചട്ടന്‍ നായര്‍ ഒരു രക്ഷകര്‍ത്താവ് ഭാവിച്ച് തൊട്ടുഴിഞ്ഞു കടന്നുപോയി.
അയാളുടെ വലതു കാലിന് അല്പം നീളക്കുറവുണ്ട്. അതുകൊണ്ട് ചട്ടിചട്ടിയാണ് നടപ്പ്. അങ്ങനെയാണ് ചട്ടന്‍നായര്‍ എന്ന രഹസ്യപ്പേര്‍ വീണത്.
ചട്ടന്‍നായരെ പലര്‍ക്കും ഭയമാണ്. അയാള്‍ ശിരസ്തദാരുടെ ശില്‍ബന്തിയാണ്. ജീവനക്കാരുടെ കുറ്റവും കുറവും അയാള്‍ ശിരസ്തദാരോടു പറഞ്ഞു കൊടുക്കും. ചട്ടന്‍നായര്‍ ജഢ്ജിയ്ക്കും വേണ്ടപ്പെട്ട ആള്‍ തന്നെ. ക്ലാര്‍ക്കാണെങ്കിലും ജഢ്ജിയുടെയും ശിരസ്തദാരുടെയും പേഴ്‌സണല്‍ പ്യൂണ്‍പോലെയാണ് അയാള്‍.
പുതിയ കോപ്പിയിസ്റ്റിനെ ആദ്യമാദ്യം താന്‍ ശ്രദ്ധിച്ചതേയില്ല. സവര്‍ണ്ണവര്‍ഗ്ഗത്തിന്‍ പെട്ടവളാണെന്നറിഞ്ഞതുമുതല്‍ ഒരു മുന്‍വിധി. തൊലി വെളുപ്പിന്റെയും കുലമഹിമയുടെയും ജാട കാണും. ആര് മൈന്റ് ചെയ്യുന്നു. കൂടുതല്‍ ഇടപഴകാനൊ സംസാരിക്കാനൊ നിന്നില്ല. ഒരു കീഴ്ജീവനക്കാരിയോടെന്നപോലെ ഗൌരവത്തില്‍ പെരുമാറി. മറ്റു കോപ്പിയിസ്റ്റുകള്‍ അവളെ സന്തോഷിപ്പിക്കാന്‍ പഴയ പല തമാശകളും പറഞ്ഞു കൂടി. അവള്‍ അതില്‍ രസിച്ചെന്നും ഇല്ലെന്നും വരുത്തി.
അവള്‍ വന്നതിനുശേഷം ചട്ടന്‍നായര്‍ കോപ്പിയിംഗ് സെക്ഷനിലെ സ്ഥിരം സന്ദര്‍ശകനായി. നായര്‍ പ്രജയായ അവളുടെ രക്ഷകനെപോലെ അയാള്‍ അനധികൃതമായി ഇടപെട്ടു.
ഇടയ്ക്ക് അയാള്‍ വന്നു വിളിക്കും.
'ശിരസ്തദാര്‍ വിളിക്കുന്നു.'
കേള്‍ക്കേണ്ടതാമസം അവള്‍ അയാളുടെ പിറകെ പോകും. ചിലപ്പോള്‍ ജഡ്ജി വിളിച്ചു എന്നാവും പറയുക. അവള്‍ അയാളെ പിന്തുടരും.
ശിരസ്തദാര്‍ക്കും ജഡ്ജിക്കും ജീവനക്കാരില്‍ ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വിളിപ്പിയ്ക്കാം. എങ്കിലും സാധാരണ പാലിച്ചു വരുന്ന ചില നടപടി ക്രമങ്ങളുണ്ട്. കോപ്പിയിസ്റ്റുമാരെ ജഡ്ജിയൊ ശിരസ്തദാരൊ വിളിക്കാറു തന്നെയില്ല. അവരുമായി ഓഫീസുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോപ്പിയിംഗ് സെക്ഷനെകുറിച്ചുള്ള കാര്യങ്ങള്‍ക്ക് എക്‌സാമിനറെയാണ് വിളിപ്പിക്കുക. കോപ്പിയിസ്റ്റുകളോട് നിര്‍ദ്ദേശിക്കേണ്ട കാര്യങ്ങള്‍ പോലും എക്‌സാമിനര്‍ മുഖാന്തിരമാണ് കല്പിക്കാറ്. സെക്ഷന്റെ ചുമതലയുള്ള ആളെന്ന നിലയ്ക്ക് തന്നോടാണ് വിവരം പറയേണ്ടത്. ഇന്ന കോപ്പിയിസ്റ്റിനെ അയയ്ക്കാന്‍. മുന്‍പെല്ലാം അങ്ങനെയാണ് ചെയ്യാറ്.
ഇതിപ്പോള്‍ പുതിയൊരു നടപടിക്രമം. കുഴപ്പമില്ല. മേലധികാരികള്‍ക്ക് എന്തുമാവാം. പക്ഷെ അവളുടെ നടപടിയില്‍ അല്പം നീരസം തോന്നാതിരുന്നില്ല. വിളിയ്ക്കുന്നത് ജഡ്ജിയായാലും ശിരസ്തദാരായാലും തന്നോട് ഒരു വാക്ക്. പരസ്പര ധാരണയെ കരുതിയെങ്കിലും. ഭൂരിപക്ഷനായന്മാര്‍ക്ക് സമാന്യമര്യാദയൊന്നും വേണ്ടെന്നുണ്ടോ?
പലപ്പോഴും ചുണ്ടുചൊറിഞ്ഞു വന്നു. ധിക്കാരം പൊറുക്കുന്ന പ്രകൃതക്കാരനല്ല താന്‍. നിന്ദയോടു പ്രതികരിയ്ക്കാന്‍ താനൊരിക്കലും ഭയപ്പെട്ടിട്ടില്ല. പക്ഷെ സമചിത്തതപാലിച്ചു.
മറ്റു കോപ്പിയിസ്റ്റുകള്‍ പിറുപിറുത്തു.
-പെണ്ണൊരു വള്ളിയാണെന്നു തോന്നുന്നു. ഏമാമ്മാര് ഉപ്പു നോക്കാതിരുന്നാകൊള്ളാം.
-ആരെങ്കിലം ഉപ്പുനോക്കട്ടെന്നേ. പെണ്ണിനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ആണിനുവേണ്ടിയാണ്. പെണ്ണിനെ ഉപ്പുനോക്കുക എന്നത് ആണിന്റെ മൗലീകാവകാശമാണ്.
-പക്ഷെ ഇത് ഗൊണം പിടിയ്ക്കാനുള്ള പോക്കല്ല. ആ ചട്ടന്‍ തനികൂട്ടികൊടുപ്പുകാരനാ.
'ഈ കോടതികളുടെ ഇരുണ്ട ഇടനാഴികളില്‍ മൂത്തുനരച്ച് അവി വാഹിതകളായി കഴിയുന്ന ചില സ്ത്രീകഥാപാത്രങ്ങളുണ്ട്. ഇവനെപ്പോലുള്ളവരുടെ കൈയ്യാ അതിന്നു പിന്നില്‍.'
'ചിലപ്പോള്‍ ജഡ്ജിയൊ ശിരസ്തദാരോ വിളിച്ചിട്ടുണ്ടാവില്ല. ആ ചട്ടന്റെ വേലയാവും.'
'ആ പെങ്കൊച്ചൊരു പാവമാന്നാ തോന്നണെ. ജഡ്ജിയൊ ശിരസ്തദാരൊ വിളിയ്ക്കുന്നെന്നു പറഞ്ഞാല്‍ പോവാതെ പറ്റ്വൊ'
ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു തന്നെയായിരുന്നു തന്റെ നിലപാട്. അത് ഒരു സവര്‍ണ്ണവിഷയമായി എഴുതി തള്ളിയിരുന്നു. എങ്കിലും ഇടപ്പെട്ടു പോയി.
ഒരു നാള്‍ ചട്ടന്‍നായര്‍ വന്നു. പണ്ടെപ്പോലെ അവളെ വിളിച്ചു.
'ശാലിനീ. ശിരസ്തദാര്‍ വിളിയ്ക്കുന്നു.'
ഇത്തവണ അവള്‍പെട്ടെന്നു പ്രതികരിച്ചില്ല. വൈമനസ്യത്തോടെ എഴുത്തു നിര്‍ത്തി. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാല്‍ ഭാവിച്ചു. താന്‍ ഇടപെട്ടു.
-നിങ്ങള്‍ എവിടെ പോകുന്നു.
എനിക്കിഷ്ടമുള്ളിടത്ത് എന്ന് അവള്‍ പറയുമെന്ന് താന്‍ കരുതി. പക്ഷെ പരുങ്ങലൊടെ അവള്‍ പറഞ്ഞു.
'ശിരസ്തദാര്‍...................'
'ശിരസ്തദാര്‍ കുറിപ്പുകൊടുത്തയയ്ക്കും എന്നിട്ടു പോയാല്‍ മതി.'
ചട്ടന്‍നായര്‍: അതു പറയാന്‍ നിങ്ങള്‍ ആരാ?
'ഈ ആളുകളെയൊക്കെ വിളിച്ചു നടക്കാന്‍ നിങ്ങളാരാ. നിങ്ങളെന്നാ ശിപായിയായത്?'
'അതു ഞാന്‍ കാണിച്ചു തരാം.'
'കോപ്പിയിസ്റ്റിനെ വിളിയ്ക്കുമ്പോള്‍ എക്‌സാമിനറെ അറിയിയ്ക്കണം. പല ദിവസങ്ങള്‍ ഈ സ്ത്രീ നിശ്ചയിയ്ക്കപ്പെട്ട ജോലി ചെയ്തിട്ടില്ല. അവര്‍ക്ക് ശിരസ്തദാരുടെ അടുത്താണ് ജോലി എങ്കില്‍ ഓഫീസ് ഓര്‍ഡര്‍ എഴുതി അങ്ങോട്ട് എടുക്കണം. അല്ലെങ്കില്‍ അവര്‍ ചെയ്യാത്ത ജോലിയ്ക്ക് എക്‌സാമിനര്‍ ഉത്തരം പറയേണ്ടിവരും.'
പിന്നെ അവളോടായി പറഞ്ഞു.
'നിങ്ങളെ ദൈവം വിളിച്ചാലും ഞങ്ങളൊക്കെ ഒന്നറിയണ്ടെ? പോവാന്‍ നേരം ഒരു വാക്കു പറഞ്ഞാന്‍ നിങ്ങളുടെ നാവു പുഴുത്തുപോവ്വാ? നിങ്ങളെന്നാ മണികെട്ടിയിട്ടുണ്ടോ? ഒരു കോപ്പിയിസ്റ്റല്ലെ നിങ്ങള്‍. നായരുകളി വേണ്ട. ഓഫീസ് മര്യാദ പാലിയ്ക്കാതിരിക്കാന്‍ നിങ്ങളാരാ?'
ശകാരം ഉച്ചത്തിലായി പോയി. അപ്പുറത്തും ഇപ്പുറത്തും ജീവനക്കാര്‍ അതുകേട്ടു. മറ്റു കോപ്പിയിസ്റ്റുകള്‍ക്ക് വല്ലാതെ രസം പിടിച്ചു.
അവള്‍ വല്ലാതെയായി. കണ്ണുകള്‍ നിറഞ്ഞു തൂവി. മേശമേല്‍ തലചാച്ചു കിടന്നു.
ചട്ടന്‍നായര്‍ മിണ്ടാതെ സ്ഥലം വിട്ടു. സംഗതി ഞൊടിയിടയില്‍ കോടതി സമുച്ചയം മുഴുവന്‍ പരന്നു. നായര്‍ ലോബിയില്‍ മുറുമുറുപ്പ്.
-എക്‌സാമിനര്‍ക്ക് കോപ്പിസ്റ്റുകളുടെ മേല്‍ എന്തുനിയന്ത്രണം. അയാള്‍ ശാസിയ്ക്കാന്‍ ആര്. പോകാന്‍ പറ.
-എന്തു നടപടിയും നേരിടാന്‍ ഒരുങ്ങിയിരുന്നു.
പെട്ടെന്ന് അതൊരു ജാതിവിഷയമായി മാറി. നായന്മാരെല്ലാം ഒത്തു. മറ്റു കോപ്പിയിസ്റ്റുകള്‍ മൗനം പൂണ്ടു. കോടതിക്കാര്യം മുറപോലെ എന്ന മട്ടില്‍ യൂണിയന്‍ നേതാക്കളും വഴി മാറി.
ചിലര്‍ അവള്‍ക്ക് ഉപദേശം കൊടുത്തു.
'ശിരസ്തദാരോടു പറ. അയാളുടെ ധിക്കാരം അവസാനിപ്പിക്കണം.'
'ജഡ്ജിയോടു പറ. അയാളെ സ്ഥലം മാറ്റണം.'
പക്ഷെ ഒന്നുമുണ്ടായില്ല. അവള്‍ ആരോടും പരാതി പറഞ്ഞില്ല. ചട്ടന്‍നായരുടെ ഉപദേശപ്രകാരം ശിരസ്തദാര്‍ പ്രശ്‌നമുണ്ടാക്കു മെന്ന് ഭയമുണ്ടായിരുന്നു. പക്ഷെ ജഡ്ജിയോ ശിരസ്തദാരോ അറിഞ്ഞോ അറിയാതെയോ അതെപ്പറ്റീ ഒന്നും ഉരിയാടിയില്ല. ക്രമേണ ആ സംഭവം ഏവരും മറന്നു.
ചട്ടന്‍നായരുടെ അതിക്രമിച്ചുകയറ്റം നിന്നു. അവള്‍ സ്വയം ഒറ്റപ്പെട്ടു ഒതുങ്ങികൂടി.
ഒരുനാള്‍.......... സെക്ഷനില്‍ മറ്റാരുമില്ലാത്ത നേരം. അവള്‍ തന്റെ അടുത്തു വന്ന് സ്വരം താഴ്ത്തി പറഞ്ഞു.
- ക്ഷമിക്കണം.
അപ്രതീക്ഷിതമായി അവളിലുണ്ടായ മാറ്റം തന്റെ മനസ്സില്‍ തട്ടി. ഗൗരവം ഭാവിച്ച് തിരിച്ചെന്തെങ്കിലും പറയാതിരിക്കാന്‍ പണിപ്പെട്ടു. പക്ഷെ സ്വരമുയര്‍ന്നു.
'എല്ലാവരും കൂടെ എന്നെ മൂക്കില്‍ക്കേറ്റുമെന്നു പറഞ്ഞിട്ടെന്തേ'
'എല്ലാത്തിനും മാപ്പ് '
'പാലിക്കേണ്ട സാമാന്യമര്യാദകളുണ്ട്. അവിടെ വലിപ്പചെറുപ്പത്തിന്റെ പ്രശ്‌നമൊന്നുമില്ല. പൂറത്തുപോകുമ്പോള്‍ പറഞ്ഞിട്ടു പോയാലെന്താ'
'പറയൂല്ല. എന്നോടുമിണ്ടാത്ത ആളോട് ഞാനും മിണ്ടൂല്ല.' അവള്‍ പെട്ടന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ പ്രതികരിച്ചു. താന്‍ അന്ധാളിച്ച് പോയി.
'ഞാനിവിടെവന്നിട്ട് മാസങ്ങളായി. എന്നോട് എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ. എന്തെങ്കിലും ചോദിച്ചാല്‍ കടിച്ചുകീറാന്‍ വരുന്നപോലല്ലേ'
അവള്‍ സ്ത്രീ സഹജമായ ഒരു അധികാരഭാവത്തില്‍ പറഞ്ഞു. ആ ശബ്ദത്തിലെ സ്‌ത്രൈണത ഉള്ളില്‍ തട്ടി. സവര്‍ണ്ണ വര്‍ഗ്ഗമാണെങ്കിലും അവളൊരു സ്ത്രീയാണ്. സ്ത്രീയ്ക്ക് പുരുഷനില്‍നിന്നു കിട്ടേണ്ട ചില പരിഗണനകളുണ്ട്.
താനവളോട് വളരെ പരുക്കനായിട്ടാണ് പെരുമാറിയിരിക്കു ന്നത്. ഒരു സഹപ്രവര്‍ത്തകയെന്നരീതിയില്‍ താനവളെ കണ്ടിട്ടില്ല. എതിര്‍ലിംഗത്തോട് ജീവിസഹജമായി കാണിയ്‌ക്കേണ്ട മര്യാദാപൂര്‍വ്വമായ താല്പര്യം പോലും താനവളോട് കാട്ടിയില്ല. തന്റെ മനസില്‍ അവളൊരു ശത്രുവിനെ പോലെയായിരുന്നു. ഒരു സവര്‍ണ്ണ ശത്രു.
വാസ്തവത്തില്‍ നിന്ദ കാട്ടിയത് ആവളല്ല. താനാണ്. ഒരാളെ അവഗണിക്കുന്നതല്ലേ ഏറ്റവും വലിയ നിന്ദ. നിന്ദയല്ലെ ഏറ്റവും വലിയ ക്രൂരത.
മാപ്പ്-
മനസ്സു പിറുപിറുത്തു. പക്ഷെ അവളത് അറിയരുതെന്ന് തന്റെ ഈഗോ ശഠിച്ചു. മൗന സാന്ദ്രമായ നിമിഷങ്ങള്‍ക്കൊടുവില്‍ അവള്‍ പറഞ്ഞു.
'സാറന്ന് അങ്ങനെ പറഞ്ഞതുനന്നായി. എനിയ്ക്കവിടെ പോകുന്നതിഷ്ടമല്ല. അയാളുടെ ഒരു സൃംഗാരം.... ആ ചട്ടനാ ഇതിനൊക്കെ കാരണക്കാരന്‍.'
'അതിനെന്താ...... അയാള്‍ നിങ്ങടെ സ്വന്തമല്ലേ. സ്വന്തം നായര്.'
'അവള്‍ ദ്യേഷ്യഭാവത്തില്‍ തന്നെനോക്കി. എന്നിട്ടുപറഞ്ഞു.'
'എനിക്കൊരു സ്വന്തവുമില്ല. സര്‍ക്കാരാഫീസില്‍ നായരും നായാടിയുമുണ്ടോ. മനുഷ്യനായാല്‍ മാനോം മര്യാദേം വേണം.'
പറഞ്ഞതിലെ വ്യംഗ്യാര്‍ത്ഥം മുഴുവനായി ഉള്‍ക്കൊള്ളാനായില്ലെങ്കിലും തനിക്കുമുന്നില്‍ തുറക്കപ്പെട്ട അവളുടെ മനസ്സിന്റെ പുസ്തകം വളരെ ലളിതവും ഹൃദ്യവുമായിതോന്നി.
അവളോട് സംസാരിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല. അവളോട് സഹവസിച്ചാല്‍ വര്‍ണ്ണാവര്‍ണ്ണചിന്തകള്‍ തോന്നുകയേയില്ല.
പിറ്റേന്ന് അവള്‍ പത്തുമിനിട്ട് നേരത്തെ ഓഫീസില്‍ എത്തി. സെക്ഷനില്‍ മറ്റാരും എത്തിയിട്ടില്ല. പതിവില്ലാതെ അവള്‍ അഭിവാദ്യം ചെയ്തു.
'ഗുഡ് മോണിംഗ് സര്‍'
താന്‍ മുഖമുയര്‍ത്തി. ഭാവഭേദം മറച്ച് ഒന്നുമൂളുകമാത്രം ചെയ്തു. പിറ്റേന്നും അവള്‍ ഗുഡ്‌മോണിംഗ് പറഞ്ഞു. താന്‍ പ്രതിവചിച്ചില്ല. അവള്‍ മന്ദമായി പറയുന്നതുകേട്ടു.
- പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ടു. അതില്‍ വലിപ്പ ചെറുപ്പത്തിന്റെ പ്രശ്‌നമൊന്നുമില്ല.
നോക്കുമ്പോള്‍ അവള്‍ കുസൃതികലര്‍ന്ന് ഒരു ചിരിയുമായി നില്‍ക്കുന്നു. തനിക്ക് മന്ദഹസിയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
- യെസ് ഗുഡ് മോണിംഗ്
ഉപചാരങ്ങളുടെ തനിയാവര്‍ത്തനങ്ങളിലൂടെ പ്രവൃത്തിദിനങ്ങള്‍ കടന്നുപോയി.
എങ്കിലും
അവള്‍ വരുമ്പോള്‍ ചിലങ്കകളുടെ മന്ദ്രമധുരമായ സംഗീതം. നേര്‍ത്തു നേര്‍ത്ത ഒരു സുഖാനുഭവം. അവള്‍ വരാന്‍ വൈകിയാല്‍, കലണ്ടറില്‍ അവധി ദിവസങ്ങളുടെ ചുവന്ന അടയാളംകണ്ടാല്‍, മനസ്സില്‍ വിഷാദത്തിന്റെ മഞ്ഞുപെയ്യാന്‍ തുടങ്ങുകയായി.
ആയിടക്കാണ് എന്‍.ജി.ഒ. സമരം വന്നത്. കോടതിയില്‍ ആകെയുള്ള ഒരുസമരഭടന്‍താനാണ്. മറ്റാരും സമരത്തിനുനില്‍ക്കില്ല, വാസ്തവത്തില്‍ നഷ്ടപ്പെടാനുള്ളത് തനിയ്ക്കാണ്. ആറ്റുനോറ്റുകിട്ടിയ ജോലി. മറ്റു വരുമാന മാര്‍ഗ്ഗങ്ങളില്ല. ഭൂസ്വത്തില്ല. കച്ചവടമില്ല. രാഷ്ട്രീയപിന്‍ബലമില്ല. പക്ഷെ താനെന്നും വിപ്ലവപ്രസ്ഥാനത്തിന്റെ കൂടെയാണ്. താനൊരു വിപ്ലവകാരിയായതെങ്ങനെയെ ന്നു ചോദിച്ചാല്‍ ഉത്തരമില്ല. നഷ്ടപ്പെടുവാനൊന്നുമില്ലാത്തവരുടെ കൂട്ടത്തിലെ ഒരംഗം എന്ന നിലക്ക് വിപ്ലവമുദ്രാവാക്യങ്ങള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചു. ആലോചിച്ചാല്‍ നഷ്ടകച്ചവടത്തിന്റെ ഇരകളാണ് താനും തന്റെ കൂട്ടരും.
പക്ഷെ ഇതൊന്നും സമരത്തില്‍ നിന്നു മാറിനില്ക്കാനുള്ള കാരണങ്ങളല്ല. യൂണിയന്റെ അംഗം എന്നനിലയ്ക്ക് താന്‍ സമരത്തില്‍ ഉറച്ചുനില്ക്കും. നെറികേട് തന്റെ വര്‍ഗ്ഗസ്വഭാവമല്ല.
ഇങ്ങനെയൊക്കെയാണെങ്കിലും പണ്ടത്തേതുപോലെ ഒരു സമരാവേശം തോന്നുന്നില്ല. എന്തോ ഈയിടെയായി ഒരു ദിവസം പോലും ഓഫീസില്‍ നിന്ന് വിട്ടുനില്ക്കാന്‍ മനസ്സില്ല. ഏതോഒരപൂര്‍വ്വത.
സമരകോലാഹലങ്ങളുടെ ദിനങ്ങള്‍. ധ്രുവരാത്രിയുടെ ദൈര്‍ഘ്യമുള്ള ഏഴുദിനങ്ങള്‍. സമരത്തിനിടയിലും അവളെ അടുത്തു കാണാന്‍ കൊതിച്ചു. അകലെ നിന്നായാലും അവളുടെ കണ്ണുകളിലെ ആഭിമുഖ്യം താന്‍ വായിച്ചെടുത്തു.
ഏഴാംനാള്‍ സമരം തോറ്റുപിന്മാറുമ്പോള്‍ വിമോചിതനായ തടവുപുള്ളിയെപ്പോലെയായിരുന്നു മനസ്സ്.
ഓഫീസിലെത്തുമ്പോള്‍ അവള്‍ കളിയാക്കി
'സമരം ചെയ്തിട്ടെന്തുകിട്ടി.'
പ്രതീക്ഷിക്കാത്തചോദ്യം. ചോദ്യത്തിലെ ഫലിതമാസ്വദിച്ച് പ്രതിവചിക്കാതിരുന്നു. വീണ്ടും അതേ ചോദ്യം. അവളുടെ മുഖത്ത് നുണക്കുഴി തെളിയുന്ന ചിരി.
'എനിക്കൊരു മുത്തിനെകിട്ടി'
ഓര്‍ക്കാപുറത്തൊരുത്തരം
'മുത്തോ'
'ങ്അ. എന്റെ മുത്ത്'
അയാള്‍ അവള്‍ക്കുനേരെ വിരല്‍ ചൂണ്ടി.
അവള്‍ക്കാഫലിതം അരോചകമായിത്തോന്നിയോ എന്തോ? ഭാവ പ്രകടനങ്ങള്‍ നിയന്ത്രിച്ച് മുഖം തരാതെ അവളിരുന്നപ്പോള്‍തന്നെ സദാപിന്തുടരുന്ന ഒരു അപകര്‍ഷതാബോധം തലപോക്കി. ആരോടെന്നില്ലാതെ പറഞ്ഞ്‌പോയി.
'മനുഷ്യര്‍ക്കെല്ലാം എന്നെ പുഛമാണ്. അതുകൊണ്ട് എനിയ്ക്കും എല്ലാത്തിനോടും പുച്ഛമാണ്.'
അവളത് കേള്‍ക്കണമെന്നല്ലാതെ പ്രതികരിക്കണമെന്ന് പ്രത്യാശിച്ചില്ല. പക്ഷെ അവള്‍ നിസ്സങ്കോചം പറഞ്ഞു.
'എനിക്കാരോടും പുച്ഛമില്ല.'
അവള്‍ അന്നുച്ചയ്ക്ക് തനിയ്ക്ക് ഒരു പേന സമ്മാനിച്ചു. കറുത്ത നിറമുള്ള സ്വര്‍ണ്ണ ക്യാപ്പുള്ള ഒരു മഷി പ്പേന. താന്‍ ആ പേന ഒരമൂല്യവസ്തുവിനെപ്പോലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചു.
രണ്ടു ദിവസം കഴിഞ്ഞു അവള്‍ ചോദിച്ചു.
'ആ പേന എന്ത് ചെയ്തു'.
'എന്തിനാ'
'അത് എന്തുചെയ്തു എന്നറിയാനാ'
'ഞാനത് സൂക്ഷിച്ചുവച്ചിട്ടുണ്ട്. നിന്റെ ഓര്‍മ്മയ്ക്ക്'
'അതുവേണ്ട'
'നിന്റെ ഓര്‍മ്മയ്ക്ക്'
'ഒരു അടയാളവുമില്ലാതെ എന്നെ ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറന്നു പോട്ടേ.'
വാക്കുകളുടെ ആഴങ്ങളില്‍ അവനേതോ അപൂര്‍വ്വരത്‌നങ്ങള്‍ തേടി അലഞ്ഞു.
ഒരിക്കല്‍ അവള്‍ ചോദിച്ചു.
'എന്തിനാ അെന്നന്നോടു വഴക്കു പറഞ്ഞെ'
'ഓ എനിയ്ക്ക്ങ്ങനെ തോന്നി. പല പൂവാലന്മാര്‍ക്കും അതുപിടിച്ചില്ല. നിന്റെ കണ്ണീരിനെചൊല്ലി അവര്‍ അവിടെയും ഇവിടെയും ഇരുന്നു പല്ലിറുമ്മി. ഞാന്‍ അന്യ നാട്ടുകാരനായത്‌കൊണ്ട് കറുത്തവനായത് കൊണ്ട് എന്നെ അങ്ങ് വിഴുങ്ങിക്കളയാമെന്നൊന്നും ആരും കരുതേണ്ട.'
തന്റെ ശബ്ദം പരുഷമായി
'ശൊ. പതുക്കെ പറ. ഞാന്‍ വെറുതെ ചോദിച്ചതല്ലേ. അതിനിത്രപ്ര കോപിക്കുന്നതെന്തിന്.'
'ശാലിനി നിന്റെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്ന പൂവാലന്മാരെപറ്റി നിനക്കറിയാമോ. ഒന്നന്യേഷിച്ചു നോക്കണം. ഒരു പുതിയ പെണ്‍കുട്ടിവന്നാല്‍ എവിടെനിന്നെങ്കിലും പ്രത്യക്ഷപ്പെടും അവന്മാര്‍. അയാളു വിളിയ്ക്കുന്നു ഇയാളുവിളിക്കുന്നു എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോകും. പിന്നെ പിന്നെ ക്ഷണനം അവധി ദിവസങ്ങളിലേയ്ക്കാവും. ഇരുണ്ട ഇന്നലെകളുടെ ഇടനാഴികളില്‍ നഷ്ടപ്പെട്ടു പോയജന്മങ്ങളുടെ കൂട്ടത്തില്‍ നിനക്കും ചെന്നു പെടണമൊ.'
ഏതോ അപസര്‍പ്പക കഥ കേട്ടിരിയിക്കുന്ന കുട്ടിയെപ്പോലെ അവള്‍ വീര്‍പ്പടക്കിയിരുന്നു.
'ഇല്ല ഞാനിവിടം വിട്ടു പോകുന്നതുവരെ അത് അനുവദിക്കില്ല. ഈ ഇരപിടിയന്മാര്‍ക്ക് നിന്നെ എറിഞ്ഞു കൊടുക്കുകയില്ലെന്ന എന്റെ സ്വാര്‍ത്ഥതയ്ക്ക് മാപ്പ്ു.'
ഓര്‍ക്കാപ്പുറത്ത് ഇത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് പുറത്തിറങ്ങി. സിഗററ്റുകത്തിച്ച് വലിച്ച് തെരുതെരെപുകവിട്ടു. താനങ്ങനെയാണ്. ക്ഷോഭിച്ചാല്‍ പുകവലിയുടെ തോത് കൂടും.
തിരികെ വന്ന് സീറ്റിലിരുന്നപ്പോള്‍ അവള്‍ ചോദിച്ചു.
'കത്തിച്ചു പുകച്ചു കളഞ്ഞത് എന്നെയോ പൂവാലന്മാരെയോ'
ഫലിതം രസിക്കാത്തമട്ടില്‍ താനവളെകടുപ്പിച്ചു നോക്കി. അവള്‍ പൊട്ടി വന്ന ചിരി അടക്കി.
ഒരിക്കല്‍ താന്‍ പറഞ്ഞു
'നിന്റെ പേഴ്‌സിങ്ങ് തരൂ'
'എന്തിനാ'
'ഒരു പ്രേമലേഖനം നിക്ഷേപിക്കാന്‍'
'എന്റെ കൈയ്യില്‍ തന്നാലെന്താ'
'ആരെങ്കിലും .... '
'ഓ അതുസാരമില്ല.'
കത്ത് കയ്യില്‍ തന്നെ കൊടുത്തു. ഒരു പ്രണയകവിത മുന്തിരിക്കുലകളു മോഹിച്ച കുറുക്കന്റെ സന്താപ കഥ. കവിത അവസാനിക്കുന്നതിങ്ങനെ
- കഥ കേട്ടാരൊക്കെയും ചിരിച്ചാലും അരുതെ ചിരിയ്ക്കരുതാരോമലെ നീമാത്രം. ചിരിച്ചാല്‍ കരയും ഞാന്‍ കരഞ്ഞാലിവിടെല്ലാം കടലായ് കരകാണാകടലായ് മാറിപോകും.
പിറ്റേന്ന് ഓഫീസില്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു.
എന്തിനാ ഈവിഷാദം
'ശാലിനി, എന്റെ മോഹപുഷ്പങ്ങളെ തൊട്ടുണര്‍ത്തുന്ന ചന്തവുമായി നീവന്നതെന്തിനാ. നിന്റെ സൗന്ദര്യത്തിന്റെ സിന്ധുവിലലിയുന്ന ഗന്ധമായി ഞാനും വന്നതെന്തിനാ.'
'എന്തിനാ.'
'യുഗങ്ങള്‍ തപസിരുന്നാല്‍ നിന്നെ സ്വന്തമാക്കാനെനിയ്ക്കാവില്ല.'
അവളറിയാതെ ചോദിച്ചുപോയി.
'അതെന്താ'
ആ ചോദ്യത്തിനുത്തരം നല്‍കാന്‍ താന്‍ അശക്തനായിരുന്നു.
ഒരിക്കല്‍ ചോദിച്ചു.
'കറുപ്പോ വെളുപ്പോ ഇഷ്ടം'
'കറുപ്പ്'
'നുണ'
'കറുപ്പും വെളുപ്പും നല്ല ചേര്‍ച്ചയല്ലെ'
എന്നിട്ടവള്‍ കണ്ണിറുക്കികാണിച്ചു.
ഒരു ഉച്ചയ്ക്കു ഇന്റര്‍വെല്ലിന് അവളുടെ അടുത്ത ചെന്ന് താനൊരു പാട്ട് പാടികേള്‍പ്പിച്ചു
-പാതിരാക്കുയിലേ പറയൂ
പാടുന്നതാരെയോര്‍ത്താണിനിയും പാതിരാക്കുയിലേ
'എനിക്കീ സംഗീതം കുറച്ചുതാ?'
'തന്നിരിക്കുന്നു എന്റെ സംഗീതം മുഴുവന്‍ തന്നിരിക്കുന്നു.'
'എനിക്കു പാടാനറിഞ്ഞുകൂടാ'
'പാടിപാടി നിന്നെ ഞാനൊരു പാടുന്ന പൈങ്കിളിയാക്കും. കാടായ കാടുകള്‍മുഴുവന്‍ നാമൊരുമിച്ചു പാടിപാടിനടക്കും'
അവള്‍ ഒരു മന്ദഹാസം പുരണ്ട മനസ്സുമായി മൗനം പൂണ്ടിരുന്നു.
'പിന്നെ നമുക്കൊരു കൂടുകൂട്ടണം കൂട്ടിനിണം കിളിയായി നീയും വേണം.'
അവള്‍ വല്ലാതെ ഭാവപരവശയായി. നെഞ്ചിടിപ്പു കൂടുമ്പോലെ വാക്കുകള്‍ വീര്‍പ്പുമുട്ടി. അവള്‍ പൊട്ടിപോകുമെന്നു തോന്നി.
താന്‍ അറിയാതെ മൂളിപ്പോയി
- നിദ്രയിലിന്നലെ നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
ഹൃദയാഭിലാഷങ്ങള്‍ക്കാനിമിഷങ്ങളില്‍ മധുവിധുവായിരുന്നു.
പാട്ടുകേട്ടാല്‍ അവള്‍ എല്ലാം മറക്കും.
'ആ നീ ആരാ'
'ആരാ ?'
......
'നീ. എന്റെ നീ. എന്റെ മാത്രം നീ'
'ശ്ശൊ. പതുക്കെ. വല്ലവരും കേള്‍്ക്കും'
'കേള്‍ക്കട്ടെ. എല്ലാവരും കേള്‍ക്കട്ടെ.'
'എന്നാ മൈക്ക് വച്ച് വിളിച്ച് പറ. എല്ലാവരും കേള്‍ക്കട്ടെ'
മൈക്കുവച്ചു വിളിച്ചു കൂവാതെ തന്നെ എല്ലാവരും കേട്ടു. ഹൃദയാഭിലാഷങ്ങള്‍ ചോര്‍ന്നു. കോടതിയില്‍ നിന്ന് കോടതിയിലേക്ക് തീതൈലം പോലെ അതു പടര്‍ന്നു. ചട്ടന്‍ നായര്‍ പരക്കം പാഞ്ഞു. നായര്‍ ലോബി അടക്കി അടക്കിസംസാരിച്ചു.
'എനിക്കുപേടിയാവുന്നു' അവള്‍
'ഭയപ്പെടണ്ട. ഒന്നും സംഭവിയ്ക്കില്ല.'
എന്തു സംഭവിയ്ക്കാന്‍. ഒരു ആണിനും പെണ്ണിനും ഇഷ്ടമാണെങ്കില്‍ അവരുടെ ഇഛാശാക്തിയെ ആര് തകര്‍ക്കാന്‍. അതായിരുന്നു തന്റെ ഉറപ്പ്. ഔദ്യോഗികമായി ഒരു ബാഡ്‌റിമാര്‍ക്കും തന്റെയൊ അവളുടെയോ പേരിലില്ലാത്തതായിരുന്നു മറ്റൊരുറപ്പ്.
പക്ഷെ ആ ഉറപ്പുകളെയെല്ലാം തട്ടി തകര്‍ത്ത് ഒരു ഹിമരാക്ഷസന്റെ പ്രഹാരം പോലെ ഒരു നാള്‍ നിഷൂരമായ ഒരു ഉത്തരവുണ്ടായി.
ഒരു ന്യായാധിപന്റെ നീതിക്കുനിരക്കാത്ത കല്പന.
-ഹി ഈസ് ട്രാന്‍സ്‌ഫേഡ്. ടു.......................
മൈലുകള്‍ക്കപ്പുറത്തുള്ള മുന്‍സിഫ് കോടതിയിലേക്കു തന്നെ സ്ഥലം മാറ്റിയിരിക്കുന്നു.
-റിലീവ് ഹിം ഇമ്മീഡിയറ്റലീ.
ഉടന്‍വിട്ടയയ്ക്കണമെന്ന്.
കാരണം?
നീതിന്യായ നടത്തിപ്പിന്റെ ഭാഗമായി ഒരു ക്ലാര്‍ക്കിനെ സ്ഥലം മാറ്റിയിരിക്കുന്നു. അതിന് വിധിന്യായത്തിന്റെ ആവശ്യമെന്നുമില്ല. ബഹുമാനപ്പെട്ട ജില്ലാജഡ്ജിയുടെ ഉത്തരവിന് അപ്പിലുമില്ല.
അന്ധാളിച്ചുപോയി. എന്തു പറയാന്‍, ആരോടുപറയാന്‍.
ചങ്കു പറിഞ്ഞു പോകുമെന്നു തോന്നി.
സമയം അഞ്ചു മണി.
ഡസ്പാച്ചു സെക്ഷനില്‍ നിന്നും റിലീവിംഗ് ഓര്‍ഡര്‍ ഒപ്പിട്ടുവാങ്ങി. ശിരസ്തദാരെയും ജഡ്ജിയെയും കണ്ടു യാത്ര പറയണമെന്നു വിചാരിച്ചു. പക്ഷെ ജഡ്ജിയും ശിരസ്തദാരും നേരത്തെ സ്ഥലം വിട്ടിരുന്നു. തിരികെ സെക്ഷനില്‍ എത്തുമ്പോഴേക്കും അവളും പോയികഴിഞ്ഞിരുന്നു. ചട്ടന്‍ നായര്‍ ഗര്‍വോടെ ഉലാത്തുന്നു.
അവളെ കാണാനായി കോടതി ഗേറ്റില്‍ അടുത്ത ദിവസങ്ങളില്‍ താന്‍ കാത്തുനിന്നു.
അവള്‍ ഓഫീസില്‍ വന്നില്ല.
പുതിയ കോടതിയില്‍ ചേര്‍ന്ന ശേഷം കത്തുകളയച്ചു. മറുപടിയില്ല. പിന്നെ തെരഞ്ഞു പോയില്ല. അവള്‍ക്കെന്തുപറ്റിയൊ.
അവസാനം ഒരു കത്തുവന്നു.
-ഞാനെന്തുചെയ്യട്ടെ !. മറക്കില്ലൊരിക്കലും. പാതിരാക്കുയിലിനെയും കുയിലിന്റെ പാട്ടിനെയും.
-പാതിരാക്കുയിലെ പറയൂ
പാടുന്നതാരെയോര്‍ത്താണിനിയും
പാതിരാക്കുയിലെ