"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 9, തിങ്കളാഴ്‌ച

കഥ: സിംഹം - മുന്തൂര്‍ കൃഷ്ണന്‍

 മുന്തൂര്‍ കൃഷ്ണന്‍
അഗമ്യഭീകരവും അതിപുരാതനവുമായൊരു കാട്ടില്‍, നിഷ്ഠൂരമായ പാരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കല്‍..
ചൂടുചോരയ്ക്കു ദാഹിക്കുന്ന നാവും, പച്ചമാംസത്തിനുമോഹിക്കുന്ന ദംഷ്ട്രങ്ങളുമായി, അവന്‍ ജനിച്ചു!
അമ്മ മുലയൂട്ടി,
അച്ചന്‍ താരാട്ടി
അവരേക്കാള്‍ ഭയങ്കരനായി അവന്‍ വളര്‍ന്നു!!
അവന്‍ കാട്ടിലെ രാജാവായി. കാടുവിറച്ചു. നാടുവിറച്ചു. അവന്റെ കേള്‍വി നാടുനാടാന്തരം വ്യാപിച്ചു.
അവന്‍ സിംഹമെന്ന പേരു സ്വീകരിച്ചു.
അവനു കൊല്ലാം, ആരേയും കൊല്ലാം, എപ്പോഴും എവിടെവെച്ചും കൊന്നുതിന്നാം. അവന്‍ വിതച്ചില്ല; കൊയ്തില്ല; എന്നിട്ടും വിശപ്പറിയാതെ ജീവിച്ചു.
പച്ചമാംസം അവനു അമൃതേത്തായി. ചൂടുരക്തം അവന്റെ ദാഹനീരായി. കോടാനുകോടികള്‍ അവനുവേണ്ടി ബലിയാടുകളായി.
അങ്ങനെയിരിക്കെ ഒരു സംഭവമുണ്ടായി. രണ്ടുകാലില്‍ നടക്കുന്ന, മണ്ണില്‍ പൊന്നു വിളയിയ്ക്കുന്ന, ജീവിവര്‍ഗ്ഗം അവിടേയ്ക്കുവന്നു. അവര്‍ കാടുവെട്ടിത്തെളിച്ചു. നിലം ഉഴുതു നിരപ്പാക്കി. കൊച്ചു കൊച്ചു കുടിലുകള്‍ കെട്ടി താമസവുമാക്കി.
അവര്‍ വിത്തിറക്കി വിളകൊയ്തു. സ്വന്തം രക്തം വിയര്‍പ്പാക്കി അപ്പം അനുഭവിച്ചു.
സിംഹം അലറി!
ദൂരെ ദൂരെ മനുഷന്‍ ആ അലര്‍ച്ച കേട്ടു. അനിഷേദ്ധ്യമായ അപകടത്തെപ്പറ്റി അവര്‍ കൂടിയാലോചിച്ചു.
അപ്പോളാണറിഞ്ഞത്.
ഇവിടെ സിംഹങ്ങളെ വേട്ടയാടിക്കൂടാ!
നാശോന്മുഖമായി കൊണ്ടിരിക്കുന്ന ആ വര്‍ഗ്ഗത്തെ നിലനിര്‍ത്താന്‍ ആരോ നിയമം എഴുതിവച്ചിരിക്കുന്നു.
-സ്ഥലം വിട്ടാലോ?
അവര്‍ ആലോചിച്ചു!
പക്ഷെ മനുഷ്യപുത്രനു തലചായ്ക്കാനിടമില്ലാതിരിയ്‌ക്കെ..... അവര്‍, അവിടെ തന്നെക്കൂടി.
സിംഹം കൂടുതല്‍ കൂടുതല്‍ അലറി!
മനുഷ്യമാംസത്തിന്റെ ഗന്ധം അവനെ വല്ലാതെ ഹരം പിടിപ്പിച്ചു. ആ ചോരയുടെ രുചി അറിയാന്‍ അവന്റെ നാവിന് വല്ലാത്ത മോഹം.
അവന്‍ രാത്രികളില്‍ വേട്ടയാടി. പകലൊക്കെ ഗുഹാമുഖങ്ങളില്‍ ഇളംവെയിലും കൊണ്ടു കിടന്നു.
മനുഷ്യന്റെ തലയോടും അസ്ഥിഖണ്ഡങ്ങളും ഗുഹാമുഖങ്ങളില്‍ ചിന്നിച്ചിതറി. മനുഷ്യരക്തം കാട്ടുവഴിയിലും കല്‍മണ്ഡപങ്ങളിലും പുരണ്ടു.
കുടിലുകളില്‍ അലമുറ! ഗുഹാമുഖങ്ങളില്‍ സുഖനിദ്ര!!
കുടിലുകള്‍ പുകഞ്ഞു. അവിടത്തെ മനുഷ്യരുടെ കണ്ണുകളില്‍ തീ ആളി. ആര്‍പ്പും അട്ടഹാസവും കേട്ടു.
അങ്ങനെ അങ്ങനെ ഒരു പ്രഭാതത്തില്‍, ഗുഹാമുഖത്ത്.... ഇളം വെയിലത്ത്..... സിംഹം ചത്തു കിടക്കുന്നു!!.
സിംഹത്തെ കൊന്ന കുറ്റത്തിന് നിയമം കുറ്റവാളിയെ തിരഞ്ഞപ്പോള്‍,
ആയിരം കണ്ഠനാളങ്ങളിലൂടെ ഒരേ സ്വരത്തില്‍ പുരുഷാരം ആര്‍ത്തിരമ്പി.
- ഞാനാണ് കൊന്നത്?
നിയമം തിരിച്ചുനിന്നു!
ചത്ത സിംഹത്തിന്റെ തലയില്‍ ഒരൊറ്റ മുറിപ്പാടേ ഉണ്ടായിരുന്നുള്ളൂ. ആ മുറിപ്പാടില്‍ ഒരേ ഒരു വെടിയുണ്ടയേ ഉണ്ടായിരുന്നുള്ളു.
ചോദ്യം ആവര്‍ത്തിച്ചു.
- ആരാണ് കൊന്നത്?
പുരുഷാരം ആര്‍ത്തുവിളിച്ചു.
-ഞാനാണ് കൊന്നത്
ഞാന്‍ ..........!!.