"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 15, ഞായറാഴ്‌ച

കാന്‍ഷിറാം: അംബേഡ്കര്‍ പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ - ഡോ. സുരേഷ് മാനെ

അംബേദ്ക്കര്‍ പ്രസ്ഥാനത്തിന്റെ വിജയ ത്തിനായി തൊഴിലും കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ചതിനുശേഷം, മഹാരാഷ്ട്രയിലെ പൂനയില്‍ റിപ്പബ്ലിക്കല്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കാന്‍ഷിറാം തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഡോ. അംബേദ്ക്കര്‍ വിഭാവനം ചെയ്തതാണെങ്കിലും 1957 ഒക്‌ടോബര്‍ 3ന് അദ്ദേഹത്തിന്റെ അനുയായി കളാലാണ് പാര്‍ട്ടി സ്ഥാപിതമായത്. ഏകദേശം എട്ടുവര്‍ഷത്തോളം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം അദ്ദേഹം അതിന്റെ പ്രവര്‍ത്തന രീതികളില്‍ നിരാശാഭരിതനായി. 1971 ലെ പാര്‍ലമെന്റ് തെരെഞ്ഞെടു പ്പില്‍ നിസാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായിറിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത് അംബേദ്ക്കര്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ പൂര്‍ണ്ണമായും ഛിന്നഭിന്നമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും വഴി പിരിയുന്നതിന് ഈ സംഭവം കാരണമായി. അതിനുശേഷം അദ്ദേഹം പൂനെ, ബോംബെ, നാസിക്, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെ സ്വതന്ത്രമായി സംഘടിപ്പിക്കുവാന്‍ തുടങ്ങി. 1973ല്‍ ഒരു പിടി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ സമ്മേളിച്ച് പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി ഒരു സംഘടന രൂപീകരിക്കാമെന്ന തീരുമാനമെടുത്തത് അദ്ദേഹം നടത്തിയ കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച കനത്ത പ്രതിഫലമായി. അഞ്ചു വര്‍ഷക്കാലമെടുത്ത ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കുശേഷം ഡോ. അംബേദ്ക്കറുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്, കാന്‍ഷിറാമിന്റെ ഒന്നാമത്തെ സംഘടനയായ ബാംസെഫ്, പിന്നോക്ക മതന്യൂന പക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ (Bamcef-Backward And Minority Communities Employees Federation) തീവ്രമായ അഭിലാഷത്തിന്റെയും ശ്രദ്ധാപൂര്‍വ്വമായ പരിചിന്തനത്തിന്റെയും നിരവധി പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ സങ്കല്‍പ്പങ്ങളുടെയും ഉല്‍പ്പന്നം 1978 ഡിസംബര്‍ 6ന് ഡല്‍ഹിയില്‍ പിറവിയെടുത്തു. ബാംസെഫിന്റെ സ്ഥാപക പ്രസിഡന്റായ കാന്‍ഷിറാം 1987 വരെ ആ പദവി വഹിച്ചു.

സാമൂഹ്യ ഉപയുക്തതയ്ക്ക് വേണ്ടിയുള്ള ഒരു പ്രയത്‌നമെന്ന നിലയില്‍ 1956 മാര്‍ച്ച് 18ന് ബാബാസാഹേബ് അംബേദ്ക്കര്‍ നല്‍കിയ സന്ദേശ മനുസരിച്ച്, പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥ രുടെ മതേതരവും രാഷ്ട്രീയേതരവും പ്രക്ഷോഭരഹിതവും രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുമായ സംഘടനയെന്ന നിലയ്ക്കാണ് കാന്‍ഷിറാം ബാംസെഫിനു1 രൂപം നല്‍കിയത്. ആഗ്രയിലെ രാംലീലാ മൈതാനത്ത് 1956 മാര്‍ച്ച് 18നു നടന്ന ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ യോഗത്തില്‍ സംസാരിക്കവേ, വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥര്‍ അവര്‍ ജനിച്ചു വളര്‍ന്ന സമുദായത്തിലെ മറ്റുള്ളവരോട് കാട്ടുന്ന മനോഭാവത്തെ അദ്ദേഹം കഠിനമായി അപലപിച്ചുകൊണ്ടു പറഞ്ഞു. 'ഞാന്‍ പ്രതീക്ഷിച്ചത് വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം നേടിയെടുത്താല്‍ അവര്‍ അവരുടെ അടിച്ചമര്‍ത്തപ്പെട്ടസഹോദരന്‍മാരെ സേവിക്കുമെന്നാണ്. എന്നാല്‍ സ്വന്തം വയറു നിറയ്ക്കുന്നതില്‍മാത്രം വ്യാപൃതരായിക്കുന്ന ഒരു കൂട്ടം ഗുമസ്തന്‍മാരെയാണ് എനിക്കു കാണാന്‍ കഴിയുന്നുവെന്നതില്‍ ഞാന്‍ അത്യന്തം ഭയചകിതനായിരിക്കുകയാണ്.'2 ഡോ.അംബേദ്ക്കറുടെ വിലാപ ത്തിന്റെമേലും പ്രതീക്ഷകള്‍ക്കുമേലും അഗാധവും ഗൗരവപൂര്‍ണ്ണവുമായ പര്യാലോചന നടത്തിയ കാന്‍ഷിറാം അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തി യാക്കുന്നത് തന്റെ കടമയായി കരുതി.

കാന്‍ഷിറാമിന്റെ ബുദ്ധികേന്ദ്രവും, സാമ്പത്തിക സ്രോതസ്സുമായി രുന്നു ബാംസെഫ്. മര്‍ദ്ദിത ജനതയ്ക്കിടയില്‍ യഥാര്‍ത്ഥവും ശേഷിയുറ്റവരുമായ നേതൃത്വനിരയെ സൃഷ്ടിക്കുകയെന്നതായിരുന്നു ബാംസെഫിന്റെ പ്രാഥമിക ദൗത്യം. ഡോ.അംബേദ്ക്കറുടെ രാഷ്ട്രീയ ദര്‍ശനത്തിന്റെയും പ്രവര്‍ത്തന ത്തിന്റെയും വിജയത്തിനായി രാഷ്ട്രീയേതരമായ വേരുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ബാംസെഫിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. അതിന്റെ മറ്റൊരു സവിശേഷമായ പ്രത്യേകത അത് ഉദ്യോഗസ്ഥരുടെ, ഉദ്യോഗസ്ഥ രാല്‍ സൃഷ്ടിക്കപ്പെട്ട സംഘടനയാണെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ള സംഘടനയായിരുന്നില്ല. രാഷ്ട്രീയമായി വിജയം വരിക്കണമെങ്കില്‍ ജനത യുടെ രാഷ്ട്രീയേതരമായ വേരുകള്‍ ശക്തമായിരിക്കണമെന്ന സങ്കല്‍പ്പമാ യിരുന്നു ബാംസെഫിന്റെ അടിത്തറ. മഹാരാഷ്ട്രയില്‍ അംബേദ്ക്കര്‍ അനന്തര പ്രസ്ഥാനത്തിന്റെ പരാജയത്തിന് ദൃക്‌സാക്ഷിയായ കാന്‍ഷിറാം തിരിച്ചറിഞ്ഞത്, രാഷ്ട്രീയേതരമായ വേരുകള്‍ ശക്തമല്ലാത്ത സമൂഹം രാഷ്ട്രീയമായി പരാജയപ്പെടാന്‍ നിര്‍ബന്ധിതരാണെന്ന വസ്തുതയാണ.് അതിനാല്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയേതരമായ വേരുകള്‍ ശക്തിപ്പെടുത്തു ന്നതിനായി അദ്ദേഹം ബാംസെഫ് രൂപീകരിക്കുകയും, സംവരാണാ നൂകൂല്യങ്ങളുടെ ഗുണഭോക്താക്കളായ പട്ടികജാതി-വര്‍ഗ്ഗ-മതന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിന് പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്തു. പിന്നോക്ക വിഭാഗത്തിലെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ബാംസെഫ് ഒരു പുത്തന്‍ സാമൂഹ്യ രാഷ്ട്രീയാവബോധത്തിന്റെ മിഷനറി മനോഭാവം സൃഷ്ടിക്കു കയും തുടര്‍ന്നുള്ള മുന്നേറ്റത്തിനായി രാജ്യമെമ്പാടും ഒരു ശൃംഖല സൃഷ്ടിക്കുകയും ചെയ്തു. അക്കാലത്ത് ബാംസെഫിന്റെ കേഡര്‍ ക്യാമ്പുകളും മേഖലാതലത്തിലും ദേശീയതലത്തിലുമുള്ളസമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിനായി രാജ്യമെമ്പാടും അദ്ദേഹം സഞ്ചരിച്ചു. വടക്കേ ഇന്ത്യയില്‍ ജമ്മുവില്‍ നിന്നും (1980 ജൂണ്‍ 2ന്) തെക്കേ ഇന്ത്യയില്‍ മദ്രാസിലും (1982 സെപ്തംബര്‍ 24,25) പടിഞ്ഞാറ് ഭാഗത്ത് അഹമ്മദാ ബാദിലും (1979 മേയ് 6ന്) നാഗാലാന്റിലെ ദിംപൂറില്‍ (1982 ഫെബ്രുവരി 15നും) കിഴക്കേ ഇന്ത്യയില്‍ സിലിഗുഡിയില്‍ (1982 സെപ്തംബര്‍ 11,12നും) അങ്ങനെ രാജ്യമെമ്പാടും നടത്തിയ കഠിനമായ പരിശ്രമങ്ങളി ലൂടെ ഡോ. അംബേദ്ക്കറുടെ പ്രത്യയശാസ്ത്രത്തി നെയും പോരാട്ടത്തെ യും രൂപപ്പെടുത്തുവാനും സമാഹരിക്കു വാനും അദ്ദേഹം പരിശ്രമിച്ചു. വടക്കേ ഇന്ത്യയുടെ വിദൂര കോണുകളില്‍ പോലും മഹാത്മാ ഫൂലെയു ടെയും രാജര്‍ഷി സാഹുമഹാരാജിന്റെയും പെരിയാറിന്റെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങളെ എത്തിച്ചതിന്റെ പൂര്‍ണ്ണമായ യശസ്സ് കാന്‍ഷിറാമിനല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല.

ഉദ്യോഗസ്ഥരെ സംഘടിപ്പിച്ചതിനു ശേഷം അദ്ദേഹം പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിലയില്‍ അധികാരം പിടിച്ചെടുക്കുവാനും അങ്ങനെ അധികാരികള്‍ ആകുവാനും കഴിയുക യില്ല. അതിനാല്‍ അദ്ദേഹം മറ്റൊരു സങ്കല്‍പ്പം ആവിഷ്‌കരിച്ചു. 'അധികാരം പോരാട്ടത്തിന്റെ ഉല്‍പ്പന്നമാണ്. അദ്ദേഹം പറഞ്ഞു, 'നമ്മുടെ ആള്‍ക്കാര്‍ പോരാട്ടം നടത്തുന്നില്ല എന്ന് പറയാന്‍ കഴിയില്ല. അവര്‍ പോരാട്ടം നടത്തുകയാണ.് എന്നാലത് മറ്റാര്‍ക്കോ വേണ്ടിയാണ്. അവര്‍ അവരുടേതായ കാര്യങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്നില്ല. അവര്‍ മറ്റാര്‍ക്കോ വേണ്ടി ചട്ടുകങ്ങളായി പോരാട്ടം നടത്തുകയാണ്.''

കാന്‍ഷിറാം ഡല്‍ഹിയിലായിരുന്ന കാലത്ത് ചട്ടുകങ്ങളുടെ നിരവധി പോരാട്ടങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിട്ടുണ്ട്. അദ്ദേഹം രൂപപ്പെട്ടുവന്ന കാലഘട്ടങ്ങളില്‍, ഡല്‍ഹിയില്‍ നടക്കുന്ന എല്ലാ സമരങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും വിശകലനം നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ബോട്ട് ക്ലബ്ബ് മൈതാനത്ത് ഒരു ഗംഭീര സമരം നടക്കുകയുണ്ടായി. അതില്‍ പങ്കെടുത്ത ഏഴെട്ടുലക്ഷം ജനങ്ങളില്‍ അഞ്ചുലക്ഷത്തിലധികവും പട്ടികജാതി - വര്‍ഗ്ഗക്കാരാ ണെന്ന് അദ്ദേഹം നിരീക്ഷിച്ചു. അവര്‍ വേദിക്കു മുന്നില്‍ നിരന്നിരുന്ന് കൈയ്യടിക്കുന്നത് അദ്ദേഹം കണ്ടു. എന്തിനുവേണ്ടിയാണ് കൈയ്യടിക്കുന്നത്? ആ സമരം സംഘടിപ്പിച്ചത് ഗോതമ്പിന്റെതാങ്ങുവില കിന്റലിന് നിലവിലുള്ള 130 രൂപയില്‍ നിന്നും 160 രൂപയായി ഉയര്‍ത്തുവാന്‍ വേണ്ടി ഗവണ്‍മെന്റിനോട് ആവശ്യപ്പെടു വാനാണ്. അദ്ദേഹം പട്ടികജാതി വര്‍ഗ്ഗക്കാരോട് ചോദിച്ചു. 'നിങ്ങളെന്തി നാണ് ഈ സമരത്തില്‍ പങ്കെടുത്തത് ? നിങ്ങളെന്തിനു വേണ്ടിയാണ് കൈയ്യടിക്കുന്നത്?''അവര്‍ പറഞ്ഞു.''ഞങ്ങള്‍ക്ക് ഈ സമരത്തെ കുറിച്ച് യാതൊന്നും അറിയില്ല ആ വേദിയിലിരിക്കുന്ന ആള്‍ക്കാരാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നത്. വേദിയില്‍ നിന്നും കൈയ്യടി കേള്‍ക്കുമ്പോള്‍ ഉടനെ അത്യുച്ചത്തില്‍ കൈയ്യടിക്കണമെന്നാണ് ഞങ്ങള്‍ക്ക് അവര്‍ നല്‍കിയ നിര്‍ദ്ദേശം.' അപ്പോള്‍ അദ്ദേഹം 'വേദിയിലിരിക്കുന്ന നേതാക്കള്‍ ആവശ്യ പ്പെടുന്നത് ഗോതമ്പിന്റെ വില കിന്റലിന് 130 രൂപയില്‍ നിന്ന് 160 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ്' എന്ന് അവരോട് വ്യക്തമാക്കി യശേഷം ചോദിച്ചു'നിങ്ങള്‍ എന്തുമാത്രം ഗോതമ്പാണ് വിളവെടുക്കുകയും അതിലെത്രയാണ് വില്‍ക്കുകയും ചെയ്യുന്നത്?' അവര്‍ അപ്പോള്‍ പറഞ്ഞു'ഞങ്ങള്‍ ഗോതമ്പ് വിളവെടുക്കുകയും വില്‍ക്കുകയും ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ ഗോതമ്പ് തിന്നുന്നതുപോലുമില്ല.' അവര്‍ക്ക് ഗോതമ്പ് ലഭിക്കുന്നില്ല എന്ന് മാത്രമല്ല അവര്‍ കഴിക്കുന്നത് റാഗി പോലുള്ള ധാന്യങ്ങളാണ്. അവര്‍ വില്‍ക്കുവാനും അഥവാ വാങ്ങുവാനും ഉദ്ദേശിക്കാത്ത സാധനത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അദ്ദേഹം അവരോട് ചോദിച്ചു 'പിന്നെന്തുകൊ ണ്ടാണ് നിങ്ങള്‍ ഗോതമ്പ് കിന്റലിന് 160 രൂപയ്‌ക്കേ വാങ്ങുകയുള്ളൂ എന്ന് ആവശ്യപ്പെടുന്നത്?' അപ്പോള്‍ അവര്‍ പറഞ്ഞു 'ഇല്ലാ ഞങ്ങള്‍ അങ്ങനെ ആവശ്യപ്പെടുന്നില്ല ആ വേദിയിലിരിക്കുന്ന നേതാക്കളാണ് അങ്ങനെ ആവശ്യപ്പെടുന്നത്.' 'ആ വേദിയിലിരിക്കുന്നവര്‍ ഗോതമ്പിന്റെ താങ്ങുവില കിന്റലിന് 130 രൂപയില്‍ നിന്നും 160 രൂപയാക്കാന്‍ ആവശ്യപ്പെടുകയും നിങ്ങളാകട്ടെ അതിന് വഴി ഒരുക്കുകയും ചെയ്യുന്നു.' അദ്ദേഹം അവരെ ഗുണദോഷിച്ചു. അവര്‍ കുറ്റബോധത്തോടെ ക്ഷമാപണം ചെയ്തുകൊണ്ട് പറഞ്ഞു. 'ഞങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.'3

രണ്ടുമാസങ്ങള്‍ക്കുശേഷം ചൗധരി ദേവിലാല്‍ നയിച്ച മറ്റൊരു റാലി അതേ മൈതാനത്തു നടന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയിലേയ്ക്ക് അറുപതടി ആഴത്തില്‍ കനാല്‍ നിര്‍മ്മിക്കണ മെന്നായിരുന്നു ഈ സമരം ആവശ്യപ്പെട്ടത്. ഈ സമരത്തിലുംപട്ടികജാതി വര്‍ഗ്ഗക്കാര്‍ വേദിക്കു മുന്നിലണിനിരന്ന് ഓരോ പ്രസംഗത്തിനുശേഷവും വമ്പിച്ച കൈയ്യടി നടത്തുന്നുണ്ടായിരുന്നു. യോഗത്തിനു ശേഷം കാന്‍ഷിറാം അവരോട് ചോദിച്ചു. 'വേദിയിലിരുന്ന നിങ്ങളുടെ നേതാക്കള്‍ പറയുന്നത് നിങ്ങള്‍ക്ക് അറുപതടി ആഴമുള്ള കനാല്‍ വേണമെന്നാണ.് എന്തിനാണ് നിങ്ങള്‍ക്ക് അത്രയും അധികം വെള്ളം നിങ്ങള്‍ക്ക് നനയ്ക്കുവാനായി എന്തുമാത്രം ഭൂമിയാണ് ഉള്ളത് ?' അവര്‍ പറഞ്ഞു 'കൃഷി ചെയ്യുവാനായി സ്വന്തം നിലയില്‍ ഞങ്ങള്‍ക്ക് ഒരു തുണ്ടു ഭൂമി പോലും ഇല്ല.' അപ്പോള്‍ അദ്ദേഹം അവരോട് ചോദിച്ചു 'പിന്നെ നിങ്ങക്കെന്തിനാണ് അറുപതടി താഴ്ച്ചയുള്ള കനാല്‍. നിങ്ങള്‍ക്ക് അറുപതടി താഴ്ച്ചയുള്ള കനാല്‍ ആവശ്യമില്ല. നിങ്ങള്‍ക്ക് മൂക്കൊന്നാഴ്ത്തി മരിക്കുവാനുള്ള ഒരു കൈക്കുമ്പിള്‍ ജലത്തിന്റെ ആവശ്യമേയുള്ളൂ. ഭൂമിയുള്ളവരാണ് അവരുടെ ഭൂമിയില്‍ ജലസേചനം നടത്തുവാനുള്ള വെള്ളം ആവശ്യപ്പെട്ട് നിങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.' അപ്പോള്‍ അവര്‍ അവരുടെ തെറ്റ് തിരിച്ചറിഞ്ഞു.4