"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 7, ശനിയാഴ്‌ച

ദൈവാരാധന പുലയരില്‍ - കുന്നുകുഴി എസ് മണി

''തെക്കോട്ടു നോക്കീട്ടു തേനാതി കാണുന്നു
വടക്കോട്ടു നോക്കീട്ടു മാവേലി കാണുന്നു.
കിഴക്കുതിപ്പനപടിഞ്ഞാറത്തമനം
മേലാകായം...കീഴ്പ്പൂമി
നിക്കാനൊരു വയോമില്ല
പോകാനൊരിടോമില്ല
ന്റെപ്പ...ന്റെപ്പൂപ്പ...ന്റടയതേ
ന്റെ നേരില്ലാത്തീച്ചര''7

നേരും നെറിയുമില്ലാത്ത ഈശ്വരന്മാരെ തേടിയോടൂന്ന ഇന്നത്തെ പുലയരെക്കാള്‍ എത്രയോ ഭേദമായിരുന്നു പഴയകാലത്തെ പുലയരും അവരുടെ പ്രാകൃതമായ ആചാരങ്ങളും. പുലയര്‍ പണ്ടു മുതല്‍ക്കേ പ്രകൃതി ശക്തികളെ ആരാധിക്കുന്നവരാണ്. പ്രപഞ്ചത്തില്‍ കാണുന്ന ഏറ്റവും വലിയ പ്രതിഭാസങ്ങളില്‍ ഒന്നാണ് 'സൂരൃന്‍' അതായിരുന്നു അവരുടെ ഏറ്റവും വലിയ ദൈവവും. ആ സൂരൃഭഗവാന്‍ ഇല്ലായിരു ന്നുവെങ്കില്‍ പ്രപഞ്ചമെന്ന പ്രതിഭാസം നിലനില്ക്കു മായിരുന്നില്ലെന്ന് മറ്റാരേയുംകാള്‍ പുലയര്‍ക്ക് അറിയാമായിരുന്നു. ശാസ്ത്രം ഇന്നത്തെ നിലയിലേയ്ക്ക് വളരും മുന്‍പു തന്നെ ആ പ്രപഞ്ച രഹസൃം പഴം പാട്ടുകളിലൂടെ കണ്ടെത്തുകയും ആവിഷ്‌ക്കരിക്കുകയും ചെയ്ത അവര്‍ക്ക് ഈശ്വരനേയും കണ്ടെത്താന്‍ പ്രയാസം നേരിട്ടില്ല.

ആതിയില്ലല്ലോ - ലന്തമില്ലല്ലോ
ലക്കാലം പോയാ - യായുകത്തില്‍.... കേരളത്തിലെ ആദിമ നിവാസിക ളില്‍പ്പെട്ട പുലയര്‍ ആദികാലത്ത് സൂരൃന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഇടിമിന്നല്‍, അഗ്നി, കൊടുങ്കാറ്റ്, പേമാരി, നദികള്‍, സമുദ്രം എന്നീ പ്രകൃതി ശക്തികളെയാണ് ആരാധിച്ചിരുന്നത്. പിന്നീടത് പ്രകൃതിയിലെ വൃക്ഷാരാധനയിലും ജന്തുഭയം മൂലം സര്‍പ്പാരധനയിലും എത്തിപ്പെടുക യായിരുന്നു. പ്രകൃതിക്ഷോഭങ്ങളും, ദുരന്തങ്ങളും, രോഗദുരിതങ്ങളും, സംഭവിക്കുന്നത് ഏതോ ആദര്‍ശശക്തി കൊണ്ടാണെന്ന തിരിച്ചറിവ് ആദിമജനതയെ പ്രേത-ഭൂത-പിശാചുകളിലും, മണ്‍മറഞ്ഞ പിതൃക്കളേയും ആരാധിക്കാന്‍ കാരണമാക്കി. പ്രാകൃതകാലത്തെ ബാക്കി പത്രമെന്ന നിലയില്‍ ഇന്നും സൂരൃാരാധനയും, പിതൃപൂജയും നിലനില്ക്കുന്നുണ്ട്. പില്‍ക്കാലത്തെങ്ങോ ഇവിടെയെത്തിയ ആരൃബ്രാഹ്മണ വര്‍ഗ്ഗങ്ങള്‍ ആദിമ ജനതയുടെ ആരാധന സമ്പ്രദായങ്ങളെ അനുകരിച്ച് അവരുടെ മതമായ ഹിന്ദുമതത്തിന്റെ ഭാഗമാക്കി ആചരിച്ചു വരുകയും ചെയ്യുന്നു. പഴയ കാലത്തെ പിതൃപൂജ ബലിതര്‍പ്പണമായും, പിതൃപിണ്ഡം വയ്ക്കലായും പരിണാമം കൊണ്ടിരിക്കുന്നു.

സൂരൃ-ചന്ദ്രന്മാരെ ആരാധിക്കാന്‍ തുടങ്ങിയ ആദിമ ജനത ജലത്തെ ദേവതയാക്കി സങ്കല്പിച്ച് ആരാധിക്കാന്‍ തുടങ്ങി. അതുപോലെ വൃക്ഷങ്ങളിലും ദേവതകള്‍ അധിവസിക്കുന്നെന്ന് അവര്‍ വിശ്വസിച്ചു. അതിനുതക്കതായ കാരണങ്ങളും അവര്‍ക്കുണ്ടായിരുന്നു. ഈ വക വിശ്വാസങ്ങള്‍ക്കിടയിലാണ് ജന്തുക്കളിലുള്ള ഭയം പ്രതേൃകിച്ചും സര്‍പ്പങ്ങളിലുള്ള ഭയം മൂലം അവയെ ആരാധിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യകാലത്ത് ജീവനുള്ള സര്‍പ്പങ്ങളെ തന്നെ മണ്‍പ്പൊത്തുകളില്‍ വളര്‍ത്തി അവയ്ക്ക് ആവശ്യമായ ഭക്ഷണങ്ങള്‍ കൊടുത്ത് പ്രീതിപ്പെടുത്തുകയും, അവയുടെ ഭയത്തില്‍ നിന്നും രക്ഷ കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തുപോന്നിരുന്നു. കാലക്രമത്തില്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ പീഠങ്ങള്‍ ഉണ്ടാക്കി. കല്ലുകള്‍ നാട്ടി (പ്രതിഷ്ഠിച്ച്) സര്‍പ്പാരാധന നടത്തിത്തുടങ്ങി. ഇവയാണ് സര്‍പ്പക്കാവുകളായും, സര്‍പ്പത്തറകളായും തീര്‍ന്നത്. ഈ സര്‍പ്പക്കാവുകളില്‍ തന്നെ മരിച്ചു പോയ പിത്യക്കളെക്കൂടി കുടിയിരുത്തി പിത്യപൂജയും ആരംഭിച്ചതായി കാണുന്നു. ഒടുവില്‍ സര്‍പ്പക്കാവുകള്‍ വിട്ട് പുലയര്‍ 'തെക്കതു' കള്‍ ഉണ്ടാക്കി പിത്യക്കളെയും, പ്രേത-ഭൂത- പിശാചുകളേയും, മാടന്‍, മറുത, യക്ഷി എന്നിവയേയും കുടിയിരുത്തി ആരാധന നടത്തിയിരുന്നതായി കാണപ്പെട്ടിരുന്നു. ഇത്തരം ആരാധന സമ്പ്രദായങ്ങള്‍ അമ്മ ദൈവത്തിലേയ്ക്കും, ദേവതാ സങ്കല്പത്തിലേയ്ക്കും വഴിമാറുകയാണുണ്ടായത്. 


'അമ്മപൂജ' ക്ക് സ്ത്രീയുടെ നഗ്നതയുമായി ബന്ധപ്പെട്ട ആചാര വിശേഷ ങ്ങള്‍ ഉത്തരേന്ത്യയില്‍ നിലനിന്നിരുന്നതായി 'ഉത്തരേന്ത്യ യിലെ മതവും നാടോടി വിജ്ഞാനീയവും' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. 'വരള്‍ച്ച ബാധിത വയലുകളില്‍ സ്ത്രീകള്‍ അതിക്കാലത്ത് പൂര്‍ണ്ണ നഗ്നരായി രണ്ടു പേര്‍ നുകം തോളിലേറ്റി, മറ്റൊരാള്‍ നുക മേന്തിയ വരെ തെളിച്ചു കൊണ്ടു നടത്തുന്ന വിചിത്രമായ ആചാരാനുഷ്ഠമാണിത്' 8 ഈ നഗ്നപൂജയിലൂടെ ഫലസമ്യദ്ധിയുണ്ടാകുമെന്ന വിശ്വാസമാണ് നഗ്നരായി ക്യഷി ചെയ്യുന്നതിലൂടെ ഉരുത്തിരിയുന്നത്. സ്ത്രീകള്‍ സഗ്നരായി വരള്‍ച്ച മാറ്റാന്‍ നിലം ഉഴുത സംഭവം അടുത്തകാലത്ത് ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഈ പ്രാക്യതാചാരങ്ങള്‍ ആധുനിക കാലത്തും വേരറ്റുപോകാതെ നിലനില്‍ക്കുന്നതിന്റെ തെളിവാണ്. പ്രാക്യതാചാരമാണെങ്കില്‍ പോലും സ്ത്രീ-ദേവി സങ്കല്പത്തിന്റെ അടിവേരുകള്‍ ഈ ആദിമ ജനവിഭാഗങ്ങളില്‍ നിന്നായിരുന്നു. സ്ത്രീ പ്രത്യുല്പാദന വസ്തുവെന്ന തിരിച്ചറിവും,സ്ത്രീക്ക് കുടുംബത്തിലും, സമൂഹത്തിലുമുള്ള പ്രാധാന്യവും അമ്മ ദൈവസങ്കല്പത്തിന് പ്രേരിപ്പിച്ച ഘടകങ്ങളാണ്. അങ്ങിനെയാണ് കേരളത്തിലെ ആദിമ ജനവിഭാഗമായ പുലയര്‍ക്കിടയിലും സ്ത്രീ-ദേവതാ സങ്കല്പത്തിലൂന്നിയ ആരാധനാ സമ്പ്രദായങ്ങള്‍ രൂഢമൂലമായി തീര്‍ന്നത്.

സംഘകാല ക്യതിയായ 'ചിലപ്പതികാര'മാണ് ദേവീപരാമര്‍ശമുള്ള ആദ്യത്തെ കേരളീയക്യതി. ആ കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ദേവി 'കൊറ്റാവൈ' ആയിരുന്നു. 'വളയിട്ട കൈകളില്‍ ത്രിശൂലം ധരിച്ചവള്‍ വിജയപ്രകാശം പ്രസരിപ്പിക്കുന്ന ഭൈരഖഡ്ഗത്തോടു കൂടിയ ദേവി! മഹിഷത്തിന്റെ ശിരസ്സും, അസുരന്റെ ശരീരവുമായി വ്യത്യസ്ഥമായ മഹിഷാസുരന്റെ തലവെട്ടി മെതിച്ച ദേവി;9 ദേവീപൂജ കേരളത്തില്‍ അന്ന് വ്യാപകമായി കണ്ടിരുന്നു. ഇന്നും അവസ്ഥയ്ക്ക് മാറ്റമില്ല. സര്‍പ്പകാവുകളിലൂടെ കടന്നു വന്ന ദേവതാ സങ്കല്പം പില്‍ക്കാലത്ത് ദേവീക്ഷേത്രങ്ങള്‍ക്ക് വഴിയൊരുക്കുകയാണുണ്ടായത്. ഈ കാലത്തൊന്നും ആര്യബ്രാഹ്മണര്‍ ആധിപത്യം സ്ഥാപിക്കുകയോ, ഹിന്ദു മതം സ്ഥാപിക്കുകയോ ചെയ്തിരുന്നില്ലെന്ന് കൂടി മനസ്സിലാക്കേണ്ട തുണ്ട്.ആര്യബ്രാഹ്മണര്‍ കേരളത്തില്‍ എത്തും മുന്‍പു തന്നെ പുലയര്‍, പറയന്‍, കുറവര്‍ തുടങ്ങിയ ആദിമ ജനങ്ങള്‍ ദേവതകളെ കുടിയിരുത്തി ആരാധിച്ചിരുന്നു. ഇങ്ങനെ കുടിയിരുത്തിയ ദുര്‍ദേവതകളെ പ്രീതിപ്പെടു ത്തുവാന്‍ പ്രിയപ്പെട്ടവരെ കുരുതി(ബലി) കൊടുക്കാനും ആദിമ ജനങ്ങള്‍ തയ്യാറായി. നരബലി പിന്നീട് ജന്തു ബലിക്കുകാരണമായി. ഇത്തരം ദേവതാസങ്കല്പ കേന്ദ്രങ്ങള്‍ ബ്രാമണരുടെ കടന്നു വരവോടെ ദേവീ ക്ഷേത്രങ്ങളായി പലതും മാറ്റിയെടുക്കുകയും ആചാരനുഷ്ഠാനങ്ങള്‍ സ്വാംശീകരിച്ച് വശത്താക്കുകയും ചെയ്തു. കേരളത്തിലെ ആദ്യകാല കാവുകളുടെയും സ്യഷ്ടാക്കള്‍ ഈ ആദിമ ജനതയില്‍ നിന്നായിരുന്നു.