"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 1, ഞായറാഴ്‌ച

ഭഗത് അമര്‍ നാഥ്: സംവരണാവകശ സമരത്തിലെ ആദ്യത്തെ രക്തസാക്ഷിയും സത്യാഗ്രഹത്തില്‍ മരിച്ച ഏക സമരനേതാവും!

ഭഗത് അമര്‍ നാഥ്
സംവരണാവകാശ സമരത്തില്‍ ജീവത്യാഗം ചെയ്ത ഏക വ്യക്തിയാണ് ഭഗത് അമര്‍ നാഥ് എന്ന ജമ്മു കാശ്മീര്‍ ദലിതന്‍. മോത്തീ റാമിന്റേയും ജാനകീ റാമിന്റേയും മകനായി 1918 സെപ്തംബര്‍ 27 ന് ചമ്പാ ഗ്രാമത്തിലാണ് ഭഗത് അമര്‍ നാഥ് ജനിച്ചത്. വിദ്യാഭ്യാസാനന്തരം സാമൂഹ്യ സേവന ത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ച ഭഗത് അമര്‍ നാഥ് കാശ്മീരി ലെത്തി ബാബൂ ജഗജീവന്‍ റാം കേന്ദ്രത്തില്‍ സ്ഥാപിച്ച അധകൃത വര്‍ഗ ലീഗിന്റെ യൂണിറ്റില്‍ അംഗമായി പ്രവര്‍ത്തിച്ചു വന്നു. 

ഭഗത് ചജ്ജു റാമിന്റേയും മഹാഷാ നഹര്‍ സിങ്ങിന്റേയും മഹാഷാ ശങ്കര്‍ ദാസിന്റേയും ദുലാല്‍ രാം അഡ്വോ ക്കേറ്റിന്റേയും നേതൃത്വത്തിലുള്ള ഹരിജന്‍ മണ്ഡല്‍ അപ്പോള്‍ ഷേക് അബ്ദുള്ളയുടെ നാഷനല്‍ കോണ്‍ഫെറന്‍സില്‍ ലയിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്ന 1950 കാലമായിരുന്നു അത്. 1950 - 51 ല്‍ത്തന്നെ ജമ്മു കാശ്മീര്‍ ഭരണഘടനയും നിലവില്‍ വന്നു. സംവരണ മുള്‍പ്പെടെ ദലിതര്‍രുടെ വിമോചനത്തിനായി എന്തൊക്കെയാണോ അംബേഡ്കര്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുള്ളത് അതില്‍ നിന്ന് ഒട്ടും മാറ്റം വരുത്താതെയുള്ള സര്‍വ പരിരക്ഷകളും ഷേക് അബ്ദുള്ളയും ദലിതര്‍ക്ക് വാഗ്ദാനം ചെയ്തു. എന്നാല്‍ ജമ്മു കാശ്മീര്‍ ഭരണഘടന നിലവില്‍ വരികയും അതനുസരിച്ച് ഭരണം മുന്നോട്ടു പുകയും ചെയ്തപ്പോള്‍ ആ വാഗ്ദാനങ്ങളെല്ലാം ഷേക് അബ്ദുള്ള വിസ്മരിച്ചു. ലയന ശേഷം ഹരിജന്‍ മണ്ഡല്‍ ഇല്ലാതാവുകയും നാഷനല്‍ കോണ്‍ഫ റന്‍സ് മാത്രം നിലനില്ക്കുകയും ചെയ്തതിനാല്‍ അതിനുള്ളില്‍ ഒരു ഹരിജന്‍ അവകാശവാദ ത്തിന് സാംഗത്യമില്ലെന്നുള്ള കാഴ്ചപ്പാടായിരുന്നു ഇക്കാര്യത്തില്‍ ഷേക് അബ്ദുള്ളക്ക് ഉണ്ടായിരുന്നത്. ഹരിജന്‍ മണ്ഡല്‍ ദലിതര്‍ക്ക് നേടിക്കൊടുത്തിരുന്ന, ഭൂമിയിലുള്ള ഉടമസ്ഥത, അടിമ വേലയില്‍ നിന്നുള്ള വിടുതല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, യൂണിഫോം തുടങ്ങിയ ആനുകൂല്യങ്ങളും അതോടെ ഇല്ലാതായി. ഈ ഘട്ടത്തിലാണ് ഭഗത് അമര്‍ നാഥ് ദലിത് വിമോചന സമരത്തില്‍ സജീവമാകുന്നത്.

ബാബു പര്‍മാനന്ദ്, ഭഗത് ചജ്ജുറാം, മഹാഷാ നഹാര്‍ സിങ്, ബാബു മില്‍ഖി റാം തുടങ്ങിയ നേതാക്കന്മാരുമായി ചേര്‍ന്ന് ഭഗത് അമര്‍ നാഥിന്റെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭ പരിപാടികളും മീറ്റിങ്ങുകളും സംഘടിപ്പിക്കപ്പെട്ടു. അവയിലെല്ലാം സംവരണം മുഖ്യ അജണ്ഡയായി ഉയര്‍ത്തി. 1968 ല്‍ 'പശ്മന്ദ്ഗി' (Pashmandgi) എന്ന പത്രം സ്ഥാപിച്ച് അതിലൂടെ സംവരണാവകാശത്തിന് ഭഗത് അമര്‍ നാഥ് വേണ്ട പ്രചരണവും വിശദീകരണവും നല്കി. ഭഗത് അമര്‍ നാഥിന്റെ ലേഖനങ്ങളുടെ ശക്തിസാന്ദ്രത കണ്ടറിഞ്ഞ പിഷോറി ലാല്‍, താന്‍ നടത്തിയിരുന്ന 'മസ്ലൂമന്‍ കി ആവാസ്' (Mazloomon ki awas) എന്ന പത്രത്തിലും അവ വാങ്ങി പ്രസിദ്ധീകരിച്ചു. ജമ്മുവിലുള്ള റെഷംഘര്‍ കോളനി കേന്ദ്രമാക്കി ഭഗത് അമര്‍ നാഥ് സംവരണ സമരപരിപാടി മുന്നോട്ടു കൊണ്ടു പോയി.

1970 ആയപ്പോഴേക്കും സമരം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നേതാക്കന്മാര്‍ തീരുമാനിച്ചു. ജമ്മു പ്രവിശ്യയില്‍ വന്‍ ജനാവലി പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവും നടന്നു. സമരാഗ്നി ജമ്മു പ്രവിശ്യ വിട്ട് ഗ്രാമാന്തര ങ്ങളിലേക്ക് പടര്‍ന്നു. ഈ ഘട്ടത്തിലെല്ലാം സമരക്കാരോടുള്ള നിഷേധാ ത്മക നിലപാട് ഗവണ്‍മെന്റ് തുടരുകതന്നെയായിരുന്നു. ഋണാത്മകമായ ഒരു പ്രതികരണമറിയിക്കാന്‍ പോലും ഗവണ്‍മെന്റ് കൂട്ടാക്കിയില്ല. ഈ ഘട്ടത്തില്‍ നിരാഹാര സമരം ചെയ്ത് സംവരണാവകാശം നേടിയെടു ക്കാന്‍ ഭഗത് അമര്‍ നാഥ് തീരുമാനമെടുത്തു.

1970 മെയ് 21 ന് മറ്റു നേതാക്കന്മാരോടൊപ്പം ഭഗത് അമര്‍ നാഥ് ജമ്മു കാശ്മീര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സരം ആരംഭിച്ചു. പിഷോറി ലാല്‍, ചൈനോ റാം, മുന്‍ഷി റാം, സിമെര്‍ ദാസ്, മിജ്ര സിങ്, സന്ത് റാം, ഷേരു റാം, പുന്നു റാം തുടങ്ങിയ നേതാക്കന്മാരാണ് കൂടെയുണ്ടായിരുന്നത്. ഇവരില്‍ ചൈനോ റാമും സിമെര്‍ ദാസും ജീവിച്ചിരിക്കുന്നു. സമരം രണ്ടു നാള്‍ പിന്നിട്ടിട്ടും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് യാതൊരനക്കവും ഉണ്ടായില്ല. ഈ ഘട്ടത്തില്‍ നിരാഹാര സമരത്തിലൂടെ മരിക്കാന്‍ തന്നെ ഭഗത് അമര്‍ നാഥ് തൂരുമാനമെടുത്തു! ജലപാനവും ആഹാരവും പാടെ വര്‍ജിച്ചു. രണ്ടു നാള്‍ പിന്നിട്ടപ്പോ ഴേക്കും ഭഗത് അമര്‍ നാഥിന്റെ ആരോഗ്യ നില വഷളായി. ജനകീയ ഡോക്ടറായ മഹാസിനെ ഭഗത് അമര്‍ നാഥിന്റെ ആരോഗ്യ നില പരിശോധിക്കുന്നതിനായി ഗവണ്‍മെന്റ് നിയോഗിച്ചു. ഡോ. മഹാസിനെ തന്നെ ഒന്നു കാണുന്നതിനു പോലും ഭഗത് അമര്‍ നാഥ് അനുവദിച്ചില്ല! അങ്ങനെ 1970 ജൂണ്‍ 1 ന് സംവരണാവകാശ സമരത്തിലെ ലോകം കണ്ട മഹാനായ വിപ്ലവകാരി ഭഗത് അമര്‍ നാഥ്, പറഞ്ഞ വാക്ക് അക്ഷരം പ്രതി പാലിച്ചുകൊണ്ട് സമരപ്പന്തില്‍ വെച്ചുതന്നെ ജീവന്‍ വെടിഞ്ഞു!!!!

അതോടെ ഗവണ്‍മെന്റിനും അനക്കം വെച്ചു. സംവരണകാര്യത്തില്‍ അനുകൂലമായ നിലപാടെടുക്കാന്‍ ഗവണ്‍മെന്റ് തയാറായി. സര്‍ക്കാരി ലേക്കും സര്‍ക്കാര്‍ സര്‍വീസിലേക്കും ദലിതരെ പരിഗണിച്ചു തുടങ്ങി. 1973 ല്‍ SRO 272 of 1972 എന്ന ഭേദഗതിയിലൂടെ ജമ്മു കാശ്മീര്‍ ഭരണഘടന യില്‍ സംവരണം എഴുതിച്ചേര്‍ത്തു. ഈ ചരിത്ര വിജയം ഭഗത് അമര്‍ നാഥ് എന്ന വിപ്ലവകാരി ജീവന്‍ കൊടുത്തു നേടിയതാണെന്ന വസ്തുത ചരിത്രമാകാതെ പോയി! സംവരണത്തിലൂടെ ദലിത് വിമോചനത്തിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഭരണഘടനയി ലുള്‍പ്പെടുത്തിയ അതിന്റെ ശില്പികൂടിയായ ഡോ. അംബേഡ്കറെ പോലെ ജമ്മു കാശ്മീര്‍ സംസ്ഥാനത്ത് സംവരണം നടപ്പാക്കിയത് ഭഗത് അമര്‍ നാഥിന്റെ ജീവത്യാഗമാണ്! മിനി അംബേഡ്കര്‍ എന്നാണ് ഭഗത് അമര്‍ നാഥ് ഇപ്പോള്‍ അറിയപ്പെടുന്നത്.

ഭഗത് അമര്‍ നാഥിന്റെ ജീവിതത്തിലെ സ്മരണീയ ദിനങ്ങള്‍ക്ക് വ്യക്തതയുണ്ട്. അവ വേണ്ടവിധം ആചരിക്കേണ്ടതും ബഹുമാനിക്കേ ണ്ടതും ദലിതരുടെ എക്കാലത്തേയും വലിയ ബാധ്യതയാണ്. സംവരണം തിരിച്ചടി നേരിടുന്ന ഇക്കാലത്ത് അത് അത്യാവശ്യവുമാണ്. ഇപ്പോള്‍ ഭഗത് അമര്‍ നാഥിന്റെ സ്മരണീയ ദിനങ്ങള്‍ ആചരിക്കുന്നത് സംഘ പരിവാറു കാരാണ് എന്ന കാര്യം ഓര്‍ക്കുക. സംവരണ സംരക്ഷണ സമരത്തിലെ രക്തസാക്ഷിയുടെ സ്മരണീയ ദിനങ്ങള്‍ സംവരണവിരുദ്ധര്‍ ആചരിക്കുന്നതിലെ വൈരുധ്യം തിരിച്ചറിയുക! അടിമകളുടെ അജ്ഞതയെ മതലെടുത്ത് അടക്കിവാഴുക എന്നത് ഫാസിസ്റ്റ് തന്ത്രമാണ്. ഭഗത് അമര്‍ നാഥിനെ തങ്ങളുടെ ആളാക്കുന്നതിലൂടെ സംഘപരിവാര്‍ ലക്ഷമിടുന്നത് അടിമകളുടെ സ്വാതന്ത്യ ബോധത്തെ തകര്‍ക്കുക എന്നതാണ്. സമരനായ കരെ ചരിത്രത്തില്‍ നിന്നു തുടച്ചു നീക്കിക്കഴിഞ്ഞാല്‍ പിന്നെ ആരിലാണ് സ്വാതന്ത്യ ബോധം ഉണ്ടാകുക!