"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 15, ചൊവ്വാഴ്ച

പെരുമാട്ടുകാളിയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രോല്പത്തിയും - കുന്നുകുഴി എസ് മണി

ദക്ഷിണേന്ത്യയിലെ അതിപ്രസി ദ്ധവും അതി പുരാതനവുമായ ഒരു ക്ഷേത്രസങ്കേതമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. നൂറ്റാണ്ടുകളായി വിവിധ രാജവംശങ്ങളുടെ കുല ദൈവസ്ഥാനം പേറുന്ന ഈ ക്ഷേത്ര ത്തിന്റെ ഉല്‍പത്തിയെ ക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും കഥക ളുമാണ് പറഞ്ഞു കേള്‍ക്കു ന്നത്. എന്നാല്‍ ഈ ക്ഷേത്രോല്‍പ ത്തിയു മായി കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗമായ പുലയര്‍ക്കുള്ള ബന്ധം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയാത്ത ഒന്നാണ്.

എന്റെ പിതാവ് ഗോപാലന്‍ ശങ്കു ജീവിച്ചിരിക്കുമ്പോള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നമ്മളെല്ലാം ശ്രീപത്മനാഭസ്വാമി ക്ഷത്രത്തിന് കാരണഭൂ തയായ പെരുമാട്ടുകാളിയുടെ സന്തതിപരമ്പരയിലെ അവസാന കണ്ണികളാ ണെന്ന്. ഇത്തരമൊരു അവകാശ വാദത്തില്‍ നിന്നാണ് ഈ ലേഖകന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കു വാനും പഠിക്കുവാനും വളരെ കാലം മുന്‍പേ ശ്രമിച്ചിരുന്നത്. ഈ അന്വേഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വസ്തുതകളാണ് ഈ ഗ്രന്ഥരചന യ്ക്ക് ആധാരമായി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ ചരിത്രവസ്തുതകള്‍ ഇന്നോളം നിഷേധിക്കുവാന്‍ ആരും മുന്‍കൈയെടുത്തതായി അറിവില്ല. നിരവധി പുരാതന ഗ്രന്ഥങ്ങള്‍ നിരവധി പഴമക്കാരായ ആളുകള്‍ എന്നി വരില്‍ നിന്നും ആര്‍ജ്ജിച്ച വിവരങ്ങളാണ് ഞാനിവിടെ നിരത്തുന്നത്.

പണ്ട് ആയ് രാജാക്കന്മാരുടെയും, പിന്നീട് വേണാട് (തിരുവിതാംകൂര്‍) രാജാക്കന്മാരുടെയും കുലദൈവസ്ഥാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സിദ്ധമായിരുന്നു. ആയ് രാജാക്കന്മാരുടെ കാലത്താണ് പെരുമാട്ടുകാളി യില്‍ നിന്നും അവരുടെ പരദൈവസ്ഥാനംഅലങ്കരിച്ചിരുന്ന ചാമിക്കല്‍ (ഈശ്വരബിംബം)ആയ് രാജാവായ മഹേന്ദ്ര വര്‍മന്‍ ഒന്നാമന്‍ വാങ്ങി അനന്തശയനം പ്രതിഷ്ഠ നടത്തി ക്ഷേത്രം നിര്‍മിച്ചതെന്ന് കാണുന്നു. സത്യമിതായിരിക്കെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് നിറം പിടിപ്പിച്ച ഒട്ടേറെ പരസ്പരവിരുദ്ധങ്ങളായ നുണക്കഥ കള്‍ പ്രചുരപ്രചാരം നേടിയിരുന്നു. അവയില്‍ തന്നെ ഐതീഹ്യങ്ങളും ചരിത്രസംബന്ധിയായ ആഖ്യാനങ്ങളും നിലനില്‍ക്കുന്നു. ഈ ഐതീഹ്യ ങ്ങളും ചരിത്രവും കൂട്ടിക്കുഴച്ച് അതാതുകാലത്തെ പണ്ഡിതവരേണ്യര്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചിരുന്നത്. പിന്‍കാലത്ത് ചരിത്രം ചമച്ചവര്‍ അവരവരുടെ വര്‍ഗ്ഗത്തിനും നിറത്തിനും അനുയോജ്യമായ വിധത്തില്‍ വളച്ചൊടിച്ച് വികൃത സ്വഭാവം കൈവരുത്തുന്ന തരത്തില്‍ കൊണ്ടുചെന്നെത്തിച്ചു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചോ ഉല്‍ഭവത്തെ സംബന്ധിച്ചോ വ്യക്തമായ രേഖകള്‍ ഒന്നും തന്നെ ഇന്നേവരെ കണ്ടെടു പ്പിക്കപ്പെട്ടിട്ടില്ലെങ്കിലും അനന്തശയനം പ്രതിഷ്ഠയ്ക്കു സമീപം കമഴ്ത്തി യിടപ്പെട്ടതായ ഒരു ശിലയില്‍ അതുസംബന്ധിച്ച രേഖകള്‍ കൊത്തിയിട്ടു ള്ളതായി പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി കണ്ടെത്താന്‍ ശ്രമിക്കേണ്ടത് ഇന്ന് ക്ഷേത്രഭരണം കൈയാളുന്നവര്‍ക്കാണ്. അവരാരും തന്നെ അതിന് ശ്രമിച്ചു കാണുന്നില്ല. അനന്തശയനം വിഗ്രഹം തന്നെ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് സാളഗ്രാമങ്ങള്‍ കൊണ്ട് പൊതിഞ്ഞെന്നാണ് പറയപ്പെടുന്നതെങ്കിലും ഏതാനും വര്‍ഷം മുന്‍പ് മുറജപ കാലത്ത് വിഗ്രഹം തുടച്ചുമിനുക്കുമ്പോള്‍ സ്വര്‍ണ്ണം പൂശിയിരി ക്കുന്നതായി കണ്ടെത്തുകയുണ്ടായി. സ്വര്‍ണ്ണം പൂശിയിരുന്ന വിവരം ഇന്നോളം ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ആരുമത് രേഖപ്പെടുത്തി യിരുന്നുമില്ല. ഇത്തരത്തിലാണ് ക്ഷേത്രത്തെ സംബന്ധിച്ച ചരിത്രവസ്തു തകള്‍ നിഗൂഢതരമാക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാണ്.

ക്ഷേത്രോല്പത്തിയിലെ വിവരങ്ങള്‍

ചില നിഗമനങ്ങള്‍ വച്ചു നോക്കുമ്പോള്‍ ചതുര്‍യുഗത്തിലെ അവസാനത്തേ തായ കലിയുഗം ഒന്നാം ദിവസമാണ് ക്ഷേത്രോല്‍പത്തിയെന്ന് കേള്‍വിയു ണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം അയ്യായിരം കൊല്ലത്തെ കാലപ്പഴ ക്കമെങ്കിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് കണക്കാക്കണം. കൃതായുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേര്‍ന്നതാണ് മഹായുഗമെന്ന ചതുര്‍യുഗം. ഇതില്‍ കലിയുഗം ആരംഭമായിട്ട് ഏകദേശം അയ്യായിരം സംവത്സരങ്ങള്‍ കടന്നിരിക്കുന്നു.

ഭാഗവതം ദശമസ്‌കന്ധം 79-ാം അധ്യായത്തില്‍ ബലരാമന്റെ തീര്‍ത്ഥയാത്ര യില്‍ അദ്ദേഹം സ്യാനന്ദൂരപുരം സന്ദര്‍ശിച്ചിരുന്നതായി ഒരു ശ്ലോകമുണ്ട്. എല്ലാ ഭാഗവതഗ്രന്ഥങ്ങളിലും ഈ ഭാഗം കാണപ്പെടുന്നില്ലെന്നതില്‍ നിന്നു തന്നെ ഇത് അപൂര്‍ണ്ണമായ വിവരങ്ങളാണെന്ന് വ്യക്തമാണ്. അതേ സമയം ബ്രഹ്മപുരാണത്തിലും സ്യാനന്ദൂരപുരത്തെക്കുറിച്ച് പരാമര്‍ശിക്കു ന്നുണ്ട്. വളരെ പഴയ സംസ്‌കൃത സന്ദേശകാവ്യമായശുകസന്ദേശത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു പഴയ തമിഴ് പാട്ട് 14-ാം നൂറ്റാണ്ടിനിടയ്ക്ക് ഉണ്ടായ ലീലാതിലകം എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 14-ാം നൂറ്റാണ്ടിലെ ഉണ്ണൂനീലി സന്ദേശം- ഈ സന്ദേശം പുറപ്പെട്ടത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നാണെന്ന് പ്രതിപാദിക്കു ന്നു. മഹാപണ്ഡിതനും, വേണാട് ഇളമുറ രാജാവുമായിരുന്ന ആദിത്യ വര്‍മ യാണ് അതിലെ സന്ദേശഹരന്‍.

ക്രസ്ത്വബ്ദം ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്ന നമ്മാള്‍വര്‍ തന്റെ കൃതിയില്‍ ശ്രീപത്മനാഭനെ വാഴ്ത്തുന്നുണ്ട്. മതിലകം ഗ്രന്ഥവരിയിലും അതിന്റെ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. കലിയുഗം ആരംഭിച്ച് മൂന്നുവര്‍ഷവും 230 ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്ന്യാസിശ്രേഷ്ഠന്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി ഇത് ഏത് ക്ഷേത്രത്തിലെ ഏതു വിഗ്രഹമാ ണെന്ന കാര്യത്തില്‍ ഇന്നും സംശയം ബാക്കിനില്ക്കുന്നു. ക്ഷേത്രം വക 'അനന്തശയനം മാഹാത്മ്യം' എന്ന ഗ്രന്ഥത്തില്‍ ക്ഷേത്രോല്പത്തിയെ ക്കുറിച്ച് പ്രതിപാദിക്കുന്ന രണ്ട് ഐതിഹ്യങ്ങള്‍ കാണപ്പെടുന്നു. അതിലൊ ന്നില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം കലിയുഗം ആരംഭിച്ച് 950-ാം മത്തെ ദിവസം തുളുനാട്ടില്‍ നിന്നും വന്ന ദിവാകരമുനിയെന്ന ബ്രാഹ്മണ ശ്രേഷ്ഠന്‍ സ്ഥാപിച്ചതായി പറയുന്നു. എന്നാല്‍ ബ്രാഹ്മണര്‍ കേരളത്തില്‍ ഒരു സ്ഥലത്തും ക്ഷേത്രപ്രതിഷ്ഠയില്ലാതെ ക്ഷേത്രം നിര്‍മ്മിച്ചതായി ഈ ലേഖകന്റെ നീണ്ട അന്വേഷണത്തില്‍ കാണുന്നില്ല. അതുമാത്രമല്ല ഏതാണ്ട് 10-ാംനൂറ്റാണ്ടിനു ശേഷമാണ് ബ്രാഹ്മണ്രപഭാവം കേരളത്തിലുണ്ടാകുന്നത്. അതിനും എത്രയോ നൂറ്റാണ്ടിനു മുന്‍പാണ് പത്മനാഭസ്വാമി ക്ഷേത്രം ഉണ്ടായതുതന്നെ. അപ്പോള്‍ മേല്‍ പറഞ്ഞ ഐതിഹ്യം മനപ്പൂര്‍വം കെട്ടിച്ചമച്ചതാകാനാണ് സാധ്യത. വില്ല്വമംഗലത്ത് സ്വാമിയെ സംബന്ധിച്ചും ഇതേ പോലൊരു ഐതിഹ്യ കഥാബീജത്തിന് കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ ഐതിഹ്യമാലയില്‍ (പേജ് 789 മുതല്‍ 792 വരെ) ശ്രമിച്ചു കാണുന്നുണ്ട്. ദിവാകരമുനി തന്നെയാണ് വില്വമംഗലത്ത് സ്വാമിയെന്ന് പിന്‍കാലത്ത് ചരിത്ര ഗവേഷകര്‍ കണ്ടെത്തി. കാരണം വില്വമംഗലമെന്നത് ദിവാകരമുനിയുടെ മനയുടെ (വീടിന്റെ) പേരാണ.് വില്വമംഗലം മനയില്‍ പിറന്ന ആളാണ് ദിവാകരമുനി. ഗോവിന്ദ ഭട്ടരുടെ പത്മനാഭശ തകത്തിലും മുത്തുകേശിന്റെ ചിരി പയ്മനാവകോതാരം എന്ന തമിഴ് കീര്‍ത്തനത്തിലും ഇത്തരത്തിലുള്ള ഐതിഹ്യങ്ങള്‍ക്ക് പഞ്ഞമില്ല. ഇവ യെല്ലാം തന്നെ ബ്രാഹ്മണ മേധാവിത്വം അരക്കിട്ട് ഉറപ്പിക്കുന്നതിനും ക്ഷേത്രം ബ്രാഹ്മണസൃഷ്ടമെന്ന് വരുത്തിത്തീര്‍ക്കുന്നതും വേണ്ടി മന:പൂര്‍വ്വം കെട്ടിച്ചമയ്ക്കപ്പെട്ട വ്യാജകഥകളാണ്. അല്ലെങ്കില്‍ 10-ാം നൂറ്റാണ്ടുവരെ കേരളത്തില്‍ പ്രവേശിക്കാതിരുന്ന ആര്യബ്രാഹ്മണരില്‍ പ്പെട്ട ഉത്തരകാശി ക്കാരനായ ബ്രാഹ്മണശ്രേഷ്ഠന്‍ ദിവാകരമുനി പെരുമാട്ടുകാളി താമസി ക്കുന്ന അനന്തന്‍ കാട്ടിലെത്തി വിഗ്രഹപ്രതിഷ്ഠ എങ്ങനെയാണ് നടത്തു ന്നത്. ഉത്തരകാശിയില്‍ നിന്നും അനന്തന്‍ കാടുവരെകാല്‍നടയാത്ര ചെയ്യു കയെന്നത് ദുഷ്‌കരമായ ഏര്‍പ്പാടാണ്. വാഹനസൗകര്യങ്ങളില്ലാത്ത അക്കാലത്ത് കാല്‍നടയാത്ര ദുഷ്‌കരമായ ഏര്‍പ്പാടു തന്നെ. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഈ കഥകള്‍ വ്യജവും വ്യാജനിര്‍മ്മിതവു മാണെന്നാണ്.

ദിവാകരമുനിയുടെയും വില്വമംഗലത്തു സ്വാമിയുടെയും കഥകള്‍ ഐതിഹ്യ മാണെങ്കില്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രോല്‍ഭവത്തിന് കാരണ ക്കാരിയായ പെരുമാട്ടുകാളിയുടെ കഥ യഥാര്‍ഥത്തില്‍ ചരിത്രസത്യമാണ്. ചരിത്രഗവേഷകര്‍ പില്‍ക്കാലത്ത് എത്തിച്ചേര്‍ന്നതും അതു വഴിക്കു തന്നെ.സ്റ്റേറ്റ്മാനുവലിലും,കാസ്റ്റ് ആന്റ് ട്രൈബ്‌സിലും,തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടുകളിലും, കേരളചരിത്രത്തിലും വളരെ വ്യക്തമായ പരാമര്‍ശങ്ങളാണ് പെരുമാട്ടുകളിയെക്കുറിച്ച് രേഖപ്പെടുത്തുന്നത്