"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

വൈകുണ്ഠസ്വാമികള്‍: പ്രഥമോത്ഥാനകാലം - ദലിത് ബന്ധു എന്‍ കെ ജോസ്

അതുകഴിഞ്ഞുളളതാണ് സംഘകാലം അഥവാ പ്രഥമോത്ഥാനകാലം. സംഘകാലം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എ.ഡി ആദ്യനൂറ്റാ ണ്ടുകളെയാണ് എന്ന് പറഞ്ഞുവല്ലോ. എ.ഡി ഒന്നു മുതല്‍ അഞ്ചുവരെയുളള നൂറ്റാണ്ടു കളാണെന്നും അല്ലാ ബി.സി. മൂന്നുമുതല്‍ ഏ.ഡി. മൂന്നുവരെയുള്ള നൂറ്റാണ്ടുകളാ ണെന്നും അതേപ്പറ്റിയുള്ള തര്‍ക്കങ്ങളൊന്നും ഇവിടെ പരിഗണനാര്‍ഹമല്ല. കാലം എതാ യാലും ആ കാലഘട്ടത്തില്‍ ചെന്തമിഴില്‍ എഴുതപ്പെട്ട 2382 കവിതകളെയാണ് (2431 എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്) സംഘംകൃതികള്‍ എന്നുവിളിക്കുന്നത്. സംഘം കൃതികള്‍ കേരത്തിന്റെതല്ലാ തമിഴ്‌നാടിന്റെതാണ് എന്നു അവകാശ പ്പെടുന്ന എഴുത്തുകാരുമുണ്ട്. എകദേശം ഇരുപത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുളളകാര്യമായതിനാല്‍ അതേപ്പറ്റിയെല്ലാം വളരെയേറെ അഭിപ്രായവ്യ ത്യാസങ്ങള്‍ നിലവിലുണ്ട്. ജാതി വ്യവസ്ഥയിലുടെ കേരള ചരിത്രം, അടിസ്ഥാനകേരളം 'തുടങ്ങിയ ഗ്രന്ഥങ്ങളില്‍ സംഘം കൃതികളുടെ കേരളീയത്വത്തെപറ്റി ഞാന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുളളതാണ്.

സംഘംകൃതികള്‍

എട്ടുത്തൊകൈയ്യും പത്തുപ്പാട്ടുമാണ് അടിസ്ഥാനപരമായ സംഘം കൃതികള്‍. എട്ടുത്തൊകെയ്യില്‍ എട്ടുപുസ്തകങ്ങളും പത്തുപാട്ടില്‍ പത്തുപുസ്തകങ്ങളുമാണുളളത്. കൂടാതെ പഞ്ചമഹാകാവ്യങ്ങളും. മറ്റു പുസ്തകങ്ങള്‍ എഴെണ്ണവുമുണ്ട്. വളരെക്കാലത്തേയ്ക്ക് അവയില്‍ പലതും നമുക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നെ 19 ാം നൂറ്റാണ്ടിന്റെ അവസാ നമാണ് അതെല്ലാം കണ്ടത്തിയത്. അതുകൊണ്ട് അവ പൂര്‍ണ്ണമായി ലഭിച്ചു എന്നും വരുന്നില്ല. നറ്റിണൈ, കുറംതൊകൈ, പരിപാടല്‍, ഐംകുറുനൂറ്, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് എന്നിവയാണ് എട്ടുതൊകൈയില്‍പ്പെട്ട ഗ്രന്ഥങ്ങള്‍. പത്തു പാട്ടില്‍ തിരുമുരുകാറ്റുപടൈ, പെരുനാള്‍ആറ്റുപടൈ, ചിരുപാണാറ്റുപടൈ, പെമ്പാണ്‍ ആറ്റുപടൈ, മുല്ലെപ്പാട്ടു, മധുരൈക്കാഞ്ചി, നെടുനല്‍വാടൈ, കുറിഞ്ചിപ്പാട്ട്, പട്ടിനപ്പാലൈ, മലൈപടുകടാം എന്നിവപെടും . പലനാളു കളില്‍ പല കവികളും കവയിത്രികളും എഴുതിയതാണ് ഈ കവിതകള്‍. ഭാരതം പാടിയ പെരുംതേവനാര്‍ എന്നയാള്‍ പീന്നിട് ഇവയെല്ലാം ക്രോഡീകരിച്ചു തയ്യാറാക്കി സംഘംകൃതികള്‍ എന്ന പേരുകൊടുത്തു

കേരളത്തിലും തമിഴ്‌നാട്ടിലും അഥവാ സഹ്യപര്‍വ്വതത്തിന്റെ കിഴക്കും പടിഞ്ഞാറുമുളള സ്ഥലങ്ങളില്‍ അന്ന് ഉപയോഗിച്ചിരുന്ന ഭാഷ ചെന്തമിഴാണ് അതിന് സംഘത്തമിഴ് എന്നും പറയും . അതില്‍ നിന്നും ഉത്ഭവിച്ചതാണ് ആധുനിക തമിഴും മലയാളവും എന്നവകാശപ്പെടു ന്നവരുമുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങളില്‍ നിന്നും വളര്‍ന്ന കവികളായിരുന്നു അവര്‍. പരണര്‍, കപിലര്‍, നക്കിരര്‍, കല്ലാടനാര്‍, കോവൂര്‍ കീഴാര്‍, മോചികീരനാര്‍ തുടങ്ങി അവരുടെ പേരുകള്‍ എത്രവേണ മെങ്കിലും ഉദ്ധരിക്കാന്‍ സാധിക്കും. ഔവ്വയാര്‍, വെണ്ണിക്കു യത്തിയാര്‍ തുടങ്ങിയ കവയത്രികളും അക്കുട്ടത്തില്‍പെടും.

അവര്‍ എഴുതിയ കവിതകളില്‍ നിന്നും അന്നത്തെ ജനങ്ങളുടെ ജീവിതരീതിയെപ്പറ്റിയും ജിവിതദര്‍ശനത്തെപ്പറ്റിയും സംസ്‌കാരത്തെ പ്പറ്റിയും അവരുടെ ആശയാഭിലാഷങ്ങളെപ്പറ്റിയും ഒരു എകദേശരൂപം ലഭിക്കും. ദക്ഷിണേന്ത്യയില്‍ അന്ന് കുറവര്‍, ഇടയര്‍, മറവര്‍, വെള്ളാളര്‍, പരതവര്‍, വിറലിയര്‍, കുത്താര്‍കൊല്ലര്‍, കുശവന്‍, വണ്ണാന്‍ തുടങ്ങി വിഭിന്നവിഭാഗങ്ങളില്‍പെട്ടവര്‍ ജീവിച്ചിരുന്നു. ജാതിയുടെ പേരിലല്ല അവര്‍ വിഭജിക്കപ്പെട്ടിരുന്നത്. ചെയ്യുന്ന തൊഴില്‍, വസിക്കുന്നസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു ആ വ്യത്യസ്തത നിലനിന്നി രുന്നത്. ഒരു വിഭാഗം മറ്റൊരുവിഭാഗത്തെക്കാള്‍ സാമൂഹ്യമായി താഴ്ന്നവരോ ഉയര്‍ന്നവരോ ആയിരുന്നില്ല. ഇന്ന് അതിനെല്ലാം വ്യത്യസ്ത മായ വ്യാഖ്യാനങ്ങള്‍ കൊടുക്കുന്നുണ്ട് എന്നത് മറ്റൊരുകാര്യം. ആര്യന്‍ മാര്‍ സംഘകാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു എന്നു വരുത്തി തീര്‍ക്കാന്‍ അവരുടെ സാന്നിദ്ധ്യമാണ് ആ സംസ്‌കാരത്തെ അത്രയും ഉന്നതമായ നിലയില്‍ എത്തിച്ചത് എന്നെല്ലാം അവകാശപ്പെടുവാന്‍ വേണ്ടി സംഘംകൃതികളില്‍ കാണുന്ന തമിഴ് വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥവും വ്യാഖ്യാനവും കൊടുക്കുന്നുണ്ട്. അങ്ങനെയാണ് അന്തണന്‍ എന്നതിന്റെ അര്‍ത്ഥം ബ്രാഹ്മണന്‍ എന്നായത്. അന്തണര്‍ അറിവുളളവര്‍ അറിവ് ബ്രാഹ്മണന്റെ കുത്തകയാണ്. അതുകൊണ്ട് അന്തണര്‍ ബ്രാഹ്മണരാണ് എന്നാണ് അവരുടെ അവകാശവാദം.


സംഘകാലത്തേയും അന്നത്തെസംസ്‌ക്കാരത്തെയുംപറ്റി വിശദമായി പഠിക്കുമ്പോള്‍ അത് കേരളത്തിന്റെ പ്രഥമോത്ഥാനകാലമായി പരിഗണി ക്കുന്നതില്‍ അപാകത ഇല്ല എന്നു വ്യക്തമാകും. അത് എകദേശം എ.ഡി അഞ്ചാം നൂറ്റാണ്ടുവരെ നീണ്ടുനിന്നു. അതില്‍ നിന്നും ഉണ്ടായ വീഴ്ച യുടെ കാലമാണ് പശ്ചാത്ഗമനത്തിന്റെ കാലം. അത് എ.ഡി. 18 -ാം നൂറ്റാണ്ടുവരെ നീളും. അതിനുശേഷമാണ് വൈകുണ്ഠസ്വാമികളുടെ ജനനവും നവോത്ഥാനത്തിന്റെ ഉത്ഘാടനവും. പിന്നെ നാരായണ ഗുരുവും, സഹോദരന്‍ അയ്യപ്പനും, അയ്യന്‍കാളിയും, കുമാരഗുരുദേവനും, പമ്പാടിജോണ്‍ ജോസഫും മറ്റും അത് എറ്റെടുത്തു മുന്നോട്ടു കൊണ്ടു പോയി. എങ്കിലും അത് എങ്ങുമെത്തിയില്ല എന്നതാണു സത്യം. ഇന്നും ഒരു നല്ല നാളേയ്ക്കുവേണ്ടിയുള്ള ഇവിടത്തെ ഭൂരിപക്ഷജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. അതിനുവേണ്ടിയുളള യത്‌നത്തില്‍ ഇന്നലെ അങ്ങനെ ഒന്നുണ്ടായിരുന്നു എന്ന അനുസ്മരണം കൂടുതല്‍ ത്രീവ്രമായ പരിശ്രമത്തിന് സഹായമാകും.

സംഘകാലം എന്തുകൊണ്ടും മോഹനമായ ഒരു കാലഘട്ടമായിരുന്നു. പ്രഥമവും പ്രധാനവുമായി, ജാതിവ്യവസ്ഥയും അതിന്റേതായ അനാചാര ങ്ങളും ഇല്ലായിരുന്ന ഒരു യുഗമായിരുന്നു അത്. ബ്രാഹ്മണസാന്നിധ്യം അന്ന് കേരളക്കരക്കുണ്ടായിരുന്നില്ല. അതാണ് ആ യുഗം ജാതി വിമുക്ത മായിരുന്നു എന്നതിന്റെ കാരണം. ജാതി എന്ന പദമോ ആ അര്‍ത്ഥം വരുന്ന ഏതെങ്കിലും ഒരു പദമോ ആയിരക്കണക്കിന് വരുന്ന സംഘകൃതി കളിലൊരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കേരളത്തിന്റെ ഉത്ഭവത്തെ പരാമര്‍ശിക്കുന്ന ബ്രാഹ്മണജന്യമായ പരശുരാമ കഥയും സംഘം കൃതി കളിലില്ല എന്നതെല്ലാം ബ്രാഹ്മണമുക്ത മായ ഒരു കാലത്തെപ്പറ്റിയുള്ള വിശ്വാസ യോഗ്യമായ തെളിവു കളാണ്.

'ഈ ജാതി സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ജാതി സമ്പ്രദായം കേരളത്തില്‍ എന്നു കൊടികുത്തിയെന്ന് വ്യക്തമായി സമര്‍ത്ഥിക്കാന്‍ ചരിത്രപരമായ അനിഷേധ്യ തെളിവുകളൊന്നുമില്ല. എന്നല്ല ചരിത്രപണ്ഡിതന്‍മാരുടെ ഇടയില്‍ തന്നെ വിഭിന്നങ്ങളായ അഭിപ്രായങ്ങ ളാണ് അതു സംബന്ധിച്ചുള്ളത്. എങ്കിലും ഒരു കാര്യത്തില്‍ എല്ലാവരും യോജിക്കുന്നുണ്ട്. ജാതിഇല്ലായ്മ ആയിരുന്നു ആദി ദ്രാവിഡ സംസ്‌കാര ത്തിന്റെ ജീവന്‍. തീണ്ടലും തൊടീലുമെന്നല്ല ജാതി ഭേദത്തിന്റെ ലാഞ്ചന പോലുമില്ലാത്ത രാജ്യമായിരുന്നു കേരളവും തമിഴ്‌നാടും' എന്നാണ് പ്രൊ. ഇളംകുളം കുഞ്ഞന്‍പിള്ള 'കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.

ബ്രാഹ്മണസാന്നിധ്യമാണ് കേരളത്തിന്റെ പ്രഥമോത്ഥാന കാലത്തുനിന്നു മുണ്ടായ പതനത്തിന് കാരണമായ ഘടകം എന്ന് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പേ കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് വൈകുണ്ഠസ്വാമികളുടെ മഹത്വം.

സമത്വസുന്ദരമായ ഒരു ജീവിതമാണ് സമൂഹം അന്ന് നയിച്ചുകൊണ്ടി രുന്നത്. അന്നത്തെ ജീവിതത്തിന്റെ അനേകം ചിത്രങ്ങള്‍ വാക്കുകള്‍ കൊണ്ട് വരച്ചിരിക്കുന്നത് നമുക്ക് കാണാം. 'ഉണക്കാനിട്ടിരുന്ന വെള്ളെള്ള് പുറത്ത് പുള്ളിയുള്ള കാടപ്പക്ഷി കട്ടുതിന്നാന്‍ ചെന്നു. കോങ്കിന്റെ പൂവിലുള്ള കുരുപോലെ ചെവിയുള്ള എലി കാടപ്പക്ഷിയുടെ വരവ് കണ്ടപ്പോള്‍ വരകിന്റെ വയ്‌ക്കോല്‍ കൂട്ടി ഇട്ടിരുന്നതിന്റെ ഇടയില്‍ പോയി ഒളിച്ചു.' (പുറനാനൂറ് 321-കവിയൂര്‍ മുരളിയുടെ പഠനം.) എത്ര വ്യക്തമായി ഒരു ഗ്രാമജീവിതത്തിന്റെ ചിത്രമാണ് അതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.

'അറിവുടൈ നമ്പിയുടെ ചിറുകൈനീട്ടി കുറകുറ നടന്നുവരുന്ന കുട്ടി' (പുറനാറൂറ് 188)

വള്ളംപോലുള്ള പാത്രത്തില്‍ പാല്‍കൊടുത്തപ്പോള്‍ ഇഷ്ടപ്പെടാതെ ക്രുദ്ധിച്ചുനോക്കുന്ന മകനും കമ്പെടുത്ത് അടിയ്ക്കാന്‍ ഓങ്ങുന്ന അമ്മയും 310 ാം പദ്യത്തില്‍ കാണുന്നു. അങ്ങനെയുള്ള അനേകമനേകം ചിത്രങ്ങ ളില്‍ നിന്നും അന്നത്തെ ജീവിതത്തെപ്പറ്റി ഒരു ഏകദേശ രൂപം നമുക്ക് കണ്ടെടുക്കാം.

വൈകുണ്ഠസ്വാമികളുടെ കാലത്ത് സംഘംകൃതികള്‍ കണ്ടെത്തിയിരുന്നില്ല. പക്ഷേ സംഘംകൃതികള്‍ എഴുതിയ മഹാന്‍മാരായ കവികളുടെ സിരകളിലെ രക്തമാണ് വൈകണ്ഠസ്വാമികളിലും തുടിച്ചത്. അതിനാല്‍ ആ കവികളുടെ പാരമ്പര്യം അദ്ദേഹം ഉദ്‌ഘോഷണം ചെയ്തു.

മനുഷ്യന്‍ എന്നും എവിടെയും സമൂഹമായിട്ടാണ് ജീവിച്ചിരുന്നതും ജീവിക്കുന്നതും. ആ സമൂഹത്തില്‍ വ്യക്തികള്‍ തമ്മില്‍ സമത്വമുണ്ടാകുക എന്നതാണ് അവരുടെ മൊത്തം സംതൃപ്തിക്കും പുരോഗതിക്കും ആവശ്യം. അത് കാലേകൂട്ടി കണ്ടതുകൊണ്ടാണ് വൈകുണ്ഠസ്വാമികള്‍ തന്റെ സംഘടനയ്ക്ക് സമത്വസമാജം എന്ന പേര് നല്‍കിയത്. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത് അസമത്വമാണ്. ഒരുത്തനെ മറ്റൊരുത്തന് ചൂഷണം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥിതി. അതില്ലാതിരുന്ന കാലമാണ് സംഘകാലം. അന്നത്തെ മനുഷ്യരെല്ലാവരും സമന്‍മാരായിട്ടാണ് ജനിച്ചത്. ഈശ്വരമുഖത്തുനിന്നും ഭൂജങ്ങളില്‍ നിന്നും വക്ഷസില്‍നിന്നും പാദങ്ങളില്‍ നിന്നും ജനിച്ചവരാരും അന്ന് കേരളക്കരയില്‍ ഉണ്ടായിരുന്നില്ല. എല്ലാവ രും തന്നെ അവരവരുടെ മാതാക്കളുടെ വയറ്റില്‍ നിന്നുതന്നെയാണ് ജനിച്ചത്. ആ ബോധവും അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ അന്നത്തെ ജനത്തിനെല്ലാം തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലെടുത്തു ജീവസന്ധാരണം നടത്താനുള്ള അവകാശവും ഉണ്ടായിരുന്നു. പാരമ്പര്യ തൊഴില്‍ എന്നൊന്ന് ഇല്ലായിരുന്നു. എന്നു മാത്രമല്ല തൊഴിലില്‍ ഉച്ചനീചത്വവും ഉണ്ടായിരുന്നില്ല. എല്ലാതൊഴിലും മഹനീയമായിരുന്നു. ജീവിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ സമ്പാദിക്കുന്നതിന് ഉതകുന്ന പണികള്‍ എന്ന പരിഗണനമാത്രമായിരുന്നു തൊഴിലിനുണ്ടായിരുന്നത്. പാടത്ത് ചേറിലും ചെളിയിലും നടത്തുന്ന പണി ഹീനമായത്, മത്സ്യബന്ധനം താഴ്ന്നപണി, വേട്ടയാടുന്നത് താരതമ്യേന മെച്ചമായത്, കാലിവളര്‍ത്തല്‍ ഉയര്‍ന്ന പണി തുടങ്ങിയ വിവേചനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാതൊഴിലില്‍നിന്നും ജനത്തിന് ആഹാരത്തിനും വസ്ത്രത്തിനും താമസത്തിനുമുള്ള വക ലഭിച്ചിരുന്നു. അതിനാല്‍ അവയെല്ലാം തുല്യവും എല്ലാവര്‍ക്കും സ്വീകാര്യവുമായിരുന്നു. ഹീനമായ പണിചെയ്യുന്നവര്‍ ഹീനരും അവര്‍ക്ക് സമൂഹത്തില്‍ ഹീനമായ സ്ഥാനവും അവരുടെ സന്താനങ്ങള്‍ ആ തൊഴില്‍ മാത്രമേ ചെയ്യാവൂ എന്ന നിബന്ധനയും ഒന്നും അന്നുണ്ടായിരുന്നില്ല. അതെല്ലാം പിന്നീട് സമൂഹത്തില്‍ നടപ്പിലാക്കിയ ബ്രാഹ്മണര്‍ അന്ന് കേരളത്തില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗാന്ധിപോലും ഉപദേശിച്ചത് കുലത്തൊഴില്‍ കൊണ്ടുവേണം ഓരോ ജാതിക്കാരും ജീവസന്ധാരണം നടത്തേണ്ടതെന്നാണ്. ജാതി വ്യവസ്ഥയും തൊഴില്‍ വിഭജനവുമാണ് ഇന്ത്യയെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. തോട്ടിയുടെ മകന്‍ തീര്‍ച്ചയായും തോട്ടിതന്നെ ആയിരിക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ നാല്‍പ്പതുകളില്‍ ഗാന്ധി നടത്തിയ ആ പ്രസ്താവനയുമായി താരതമ്യ പ്പെടുത്തുമ്പോഴാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മുപ്പതുകളില്‍ വൈകുണ്ഠസ്വാമികള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ മഹത്വം വെളിവാ കുന്നത്. ഗാന്ധി സമൂഹത്തിലെ ഉന്നതരായ ബ്രാഹ്മണര്‍ക്കു വേണ്ടി ജനിച്ചു ജീവിച്ചു മരിച്ചു. വൈകുണ്ഠസ്വാമികള്‍ സമൂഹത്തിലെ അധസ്ഥിതര്‍ക്കുവേണ്ടി ജനിച്ചു ജീവിച്ചു മരിച്ചു. ബ്രാഹ്മണര്‍ക്ക് പണവും പ്രതാപവും അധികാരവും ഉണ്ടായിരുന്നതനിാല്‍ ഗാന്ധി മഹാനായി. മഹാത്മാഗാന്ധിയായി. വൈകുണ്ഠസ്വാമികളുടെ ബഹുജനത്തിന് പണമില്ല. അതിനാല്‍ അദ്ദേഹം ഇന്നും അറിയപ്പെടാത്തവനായി. പക്ഷേ ഇത് 21 -ാം നൂറ്റാണ്ടാണ്. ഇന്നുവരെ അറിയപ്പെടാത്തവരായി കഴിഞ്ഞിരുന്നവര്‍ ഇനിയാണ് അറിയപ്പെടാന്‍ പോകുന്നത്. അങ്ങനെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അറിയപ്പെട്ടത്. വൈകുണ്ഠ സ്വാമികള്‍ അറിയപ്പെടു ന്നതും. അങ്ങനെ പലരും.

മറ്റൊന്ന് ആരാധനാ സ്വാതന്ത്ര്യമാണ്. ആര്‍ക്കും എന്തിനെയും ആരാധി ക്കാം. ആരും ഒരു നിയന്ത്രണവും അക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയി രുന്നില്ല. വീരന്‍മാരായ പൂര്‍വ്വികരെയാണ് പ്രധാനമായും അന്ന് ആരാധിച്ചിരുന്നത് എന്നുമാത്രം. ''നടുകല്ലിനെ അല്ലാതെ മറ്റൊന്നിനെയും ദൈവമായി ആരാധിച്ചിരുന്നില്ല' എന്നു മാങ്കുടി കീഴാര്‍ പുറനാനൂറ് 335-ാം പദ്യത്തില്‍ പറയുന്നു. അതില്‍ നിന്നാണ് മുത്തപ്പന്‍ ദൈവം ഉണ്ടായത്. ഓരോ ഗോത്രത്തിനും പ്രത്യേക ദൈവങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് കുറവര്‍ മുരുകനേയും മറവര്‍ കൊറ്റവൈ എന്ന ദേവിയേയും ആരാധിച്ചിരുന്നു. ശിവനെപ്പറ്റിയും സംഘം കൃതികളില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട് (പുറം 55). ചെങ്കുട്ടവന്‍ തന്നെ ഒരു ശൈവാരാധകനായിരുന്നു. എന്നാല്‍ അദ്ദേഹമാണ് കണ്ണകി എന്ന ബുദ്ധദേവിയെ പ്രതി ഷ്ഠിച്ചത്. ബുദ്ധ-ജൈന മതങ്ങള്‍ അന്നിവിടെ ഏറെ പ്രചരിച്ചിരുന്നു. ആര്‍ക്കും ഏതു ദൈവത്തെയും ആരാധിക്കാമായിരുന്നു.

ആ സമൂഹം ഗോത്രങ്ങളായിട്ടാണ് ഇവിടെ ജീവിച്ചത്. ഭൂമി ആരുടെയും സ്വകാര്യ സ്വത്തായിരുന്നില്ല. പരശുരാമ കഥകളൊന്നും വന്നില്ല. അത് പടച്ചുണ്ടാക്കിയവരും വന്നിരുന്നില്ല. അതിനാല്‍ ഏതു ഗോത്രത്തിനും ഏതു ഭൂമിയിലും പ്രവേശിച്ച് കാലികളെ മേയ്ക്കാം. കൃഷിചെയ്യാം. മറ്റൊരാള്‍ അഥവാ മറ്റൊരു ഗോത്രം അതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ഭൂമി ആകരുത് എന്നു മാത്രം. ഇന്ന് കടലിലും കായലുകളിലും മത്സ്യ ബന്ധനം നടത്തുന്നതുപോലെതന്നെ വ്യക്തികളോ ഗ്രൂപ്പുകളോ ജലാശയ ത്തിന്റെ ഒരു ഭാഗത്ത് മത്സ്യബന്ധനം നടത്തുമ്പോള്‍തന്നെ അതേ ജലാശയത്തിന്റെ മറ്റൊരു ഭാഗത്തു മറ്റൊരു വ്യക്തിക്കോ ഗ്രൂപ്പിനോ മത്സ്യബന്ധനമാകാം. ഇന്നലെ ഒരുകൂട്ടര്‍ മത്സ്യബന്ധനം നടത്തിയതുകൊണ്ട് അത് അവരുടെ സ്വന്തമാകില്ല. നാളെ അവിടെ മറ്റൊരു കൂട്ടരായിരിക്കാം പ്രവേശിക്കുന്നത്. അത് തന്നെയാണ് അന്ന് സംഘകാലത്ത് ഭൂമിയോടുണ്ടാ യിരുന്ന നയവും. വായുവും വെള്ളവും പോലെ ഭൂമിയും സ്വതന്ത്രമാ യിരുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും മനുഷ്യരെപ്പോലെ ജീവിക്കാ നുള്ളതാണ് എന്ന വീക്ഷണം സംഘകാലജനങ്ങള്‍ ക്കുണ്ടായിരുന്നു. തങ്ങള്‍ക്കു ചൂഷണം ചെയ്യാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ഭൂമിയിലെ ജീവജാലങ്ങളും മറ്റു മനുഷ്യരും എന്ന ചിന്ത ഭൂമുഖത്തുണ്ടായത് മതങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് എന്നു കരുതാം. ബൈബിളില്‍ സൃഷ്ടി കഴിഞ്ഞ യഹോവാ മനുഷ്യനെ വിളിച്ചു പറഞ്ഞു, നിനക്കുള്ള താണ് ഇതെല്ലാം. ഈ ഭൂമിയും അതിലെ സൃഷ്ടികളും.

ഓരോ ഗോത്രത്തിനുള്ളിലും സമ്പൂര്‍ണ്ണമായ ജനാധിപത്യമാണ് നിലനിന്നത്. ഗോത്രത്തിലെ പ്രായപൂര്‍ത്തിയാവര്‍ രാത്രിയില്‍ ഏതെങ്കിലും ഒരു പൊതു സ്ഥലത്ത് ഒരുമിച്ചുചേരും. പിറ്റെദിവസം ചെയ്യേണ്ട കാര്യങ്ങളെപറ്റി ചര്‍ച്ചചെയ്യും. അങ്ങനെ കൂടുന്ന സ്ഥലത്തിന് മന്റം എന്നു പറയും. കൂടുന്ന രീതിക്ക് മന്റം എന്നാണ് പറയുന്നത്. ഏതെങ്കിലും വൃക്ഷച്ചു വടായിരിക്കും അതിലേയ്ക്കായി തെരെഞ്ഞെടുക്കുന്നത് അവരുടെ ഗോത്ര വൃക്ഷമായിരിക്കും. അവിടെ അവര്‍ ഗോത്രത്തലവന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. അതിനുശേഷം ആട്ടവും കൂത്തുമെല്ലാമായി സന്തോഷിക്കും ശ്രീബുദ്ധന്റെ ജീവചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമായി കാണാന്‍ സാധിക്കും. ബുദ്ധന്റെ പിതാവ് ഒരു ഗോത്രത്തിന്റെ തലവനായിരുന്നു. അതിനെയാണ് ബുദ്ധധര്‍മ്മശത്രുക്കള്‍ രാജാവ് എന്നു പറഞ്ഞു പരത്തു കയും അതിനാല്‍ ബുദ്ധന്‍ ക്ഷത്രിയ വംശജരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. ഗൗതമനും പ്രായപൂര്‍ത്തിയായപ്പോള്‍ ഗോത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. അവിടെ ഗൗതമന് രാജകു മാരന്‍ എന്ന പദവി ഒന്നുണ്ടായിരുന്നില്ല. അയല്‍ ഗോത്രവുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ കൂടി യാലോചനകള്‍ വഴി ആ അഭിപ്രായ വ്യത്യാസം പറഞ്ഞ് അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഗൗതമന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഗോത്രത്തിലെ ഭൂരിപക്ഷം പേരും അത് അംഗീകരിച്ചില്ല. പ്രതികാരം ചെയ്യണമെന്ന് അവര്‍ ശഠിച്ചു. അപ്പോള്‍ ഗൗതമന് ഒന്നുകില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിക്കുക അല്ലെങ്കില്‍ ഗോത്രം വിടുക എന്നതില്‍ ഏതെങ്കിലും തെരെഞ്ഞെടുക്കേണ്ടി വന്നു. പ്രതികാരം എന്ന ആശയത്തോട് അദ്ദേഹം ഒട്ടും മമത പുലര്‍ത്താതിരുന്നതിനാല്‍ ഗോത്രം വിടുക എന്നുതന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഗൗതമന്‍ പരിവ്രാജകനായത്. അത് ദക്ഷിണേന്ത്യയിലെ സംഘകാലജീവിതത്തെ അനുസ്മരിപ്പിക്കുന്നു. ഒരു ജനത എവിടെ താമസിച്ചാലും ഒരേരീതിയില്‍ ചിന്തിക്കുന്നു. ആദിവാസി ജനത അന്ന് ഇന്ത്യ ഒട്ടാകെ വ്യാപിച്ചിരുന്നു. അവര്‍ക്കു ഓരോ പേരായിരുന്നുവെങ്കിലും വംശവും രക്തവും ഒന്നായിരുന്നു. ചില ഇടങ്ങളില്‍ ദ്രാവിഡര്‍ എന്ന പേരില്‍ അറിയപ്പെട്ടു. മറ്റു ചിലയിടങ്ങളില്‍ നാഗന്മാര്‍ എന്നറിയപ്പെട്ടു എന്നു മാത്രം. നാഗം എന്നാല്‍ സമതലം എന്നാണര്‍ത്ഥം. നദീതീരതത്തന്റെ മറ്റൊരു പേരാണ് നാഗം. അഗം എന്ന വാക്കിന് മല, പര്‍വ്വതം എന്നല്ലാമാണ് അര്‍ത്ഥം. അഗത്തില്‍ നിന്നാണ് അഗസ്ത്യകൂടം എന്ന് ആ പര്‍വതത്തിന് പേരുണ്ടായത്. മലകളുടെ കൂട്ടം ഉള്ള അവസ്ഥ സ+അഗം = സഹ്യം. അഥവാ പര്‍വ്വതത്തോടുകൂടിയത്. സഹ്യപര്‍വ്വതം എന്ന പദം 'പോസ്റ്റ്കാല്‍' എന്നപോലെ ഇരട്ടിപ്പാണ്. അഗമല്ലാത്തത് അഥവാ പര്‍വ്വതമില്ലാത്തത് ന+അഗം = നാഗം. അഥവാ സമതലം, താഴ്‌വര, നദീതീരം. കാട്ടില്‍ അലഞ്ഞു തിരിഞ്ഞ കായ്കനികള്‍ പറിച്ചുതിന്നും വേട്ടയാടിയും ജീവിച്ചിരുന്ന മനുഷ്യന്‍ സ്ഥിരവാസം ആരംഭിച്ചപ്പോഴാണ് ആ പദം പ്രചാരത്തില്‍ വന്നത്. ആദ്യം മനുഷ്യര്‍ സ്ഥിരവാസം ആരംഭിച്ചത് നദീതീരങ്ങളിലാണ്. ജലം സുലഭമായി ലഭിക്കുന്നത് അവിടെയാണല്ലോ. അവിടെ മലകളുണ്ടായിരുന്നില്ല, അത് നാഗമായിരുന്നു.

സംസ്‌ക്കാരത്തിന്റെ ഒരു ഭാഗമാണ് നാഗരികത. നാ+അഗത്തില്‍ വസിക്കുന്ന അവസ്ഥ. നാഗം+തുരി+അകം = നാഗരികം എന്നാണ് അതിന്റെ വാച്യാര്‍ത്ഥം. നാഗത്ത് നദീതീരത്ത് വസിക്കുന്ന വന്‍ നാഗരികതയുള്ളവനായി. നദീതീരത്തെ വാസം സംസ്‌ക്കാരത്തിന്റെ ആരംഭമാണ്. നാഗന്മാര്‍ എന്നു പറഞ്ഞാല്‍ സംസ്‌ക്കാരമുള്ളവര്‍. കാട്ടില്‍ അലഞ്ഞുതിരിയാതെ സ്ഥിരതാമസം നടത്തുന്നവര്‍ - സ്ഥിരതാമസം നടത്തി കൃഷി തുടങ്ങിയവര്‍. ഈ നാഗന്മാരാണോ നാടാന്മരായാണ്. ചാന്നാര്‍ എന്ന പേരു മാറ്റി നാടാര്‍ എന്ന പേരു സ്വീകരിക്കാന്‍ എന്താണ് കാരണം? അന്വേഷിക്കേണ്ടതാണ് ആ വിഷയം. 1920വരെ അവര്‍ ചാന്നാന്മാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവര്‍ ആവശ്യ പ്പെട്ടിട്ടാണ് മദ്രാസ് ഗവണ്‍മെന്റ് പേര് മാറ്റിയത്. അന്ന് അവര്‍ക്ക് എവിടെ നിന്നും കിട്ടി നാടാന്മാര്‍ എന്ന പേര്? അത് നാഗന്മാര്‍ എന്നതിന്റെ തത്ഭവമാണോ? അങ്ങനെയെങ്കില്‍ സംസ്‌ക്കാരമുള്ളവര്‍ എന്ന പേര് സ്വീകരിക്കാന്‍ എന്താണ് കാരണം? സംസ്‌ക്കാരമില്ലാത്തവര്‍ അന്ന് ഇവിടെ വേറെ ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നുവെങ്കില്‍ അത് ആരാണ്? അന്ന് ആദിവാസി-ദ്രാവിഡ ജനത കഴിഞ്ഞാല്‍ പിന്നെ ഉണ്ടായിരുന്നത് ആര്യന്മാരായിരുന്നുവല്ലോ. ഏതായാലും ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.

കനകസഭയുടെ The Tamils - Eighteen hundred years ago എന്ന ഗ്രന്ഥത്തില്‍ ദക്ഷിണേന്ത്യയിലെ മറവര്‍, എയിനര്‍, ഓലിയര്‍, ഓവിയര്‍, അരുവാളര്‍, പരതവര്‍ തുടങ്ങിയ ഗോത്രങ്ങളെല്ലാം നാഗന്മരായിരുന്നു എന്ന അഭിപ്രായ പ്പെടുന്നു. (പേജ് 42). Cambridge History of India യും മറ്റും അതേ അഭിപ്രായമാണ് പുറപ്പെടുവിച്ചത്. നാഗര്‍കോവില്‍, നാഗപട്ടണം, നഗരൂര്‍, നാഗ്പ്പൂര്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ പേരിന്റെ ഉത്ഭവവും നാഗന്മാരുമായി ബന്ധപ്പെട്ടതായിരിക്കണം.

നാഗന്മാരെ സര്‍പ്പരാധകരെന്നാണ് പിന്നെ ചരിത്രകാരന്മാരെല്ലാവരും വിശേഷിപ്പിച്ചത്. അതാണ് നാഗന്മാരുടെ ചരിത്രത്തിന് സംഭവിച്ച ഏറ്റവും വലിയ കുഴപ്പം. ചിലപ്പതികാരത്തിലും മണിമേഖലയിലുമെല്ലാം നാഗന്മാ രെപറ്റിയുളള പരാമര്‍ശമുണ്ട്. എന്നാല്‍ സംഘം കൃതികളിലൊന്നിലും സര്‍പ്പാരാധനയെപ്പറ്റിയുള്ള യാതൊരു പരാമര്‍ശവുമില്ല. ടോളമിയുടെ ഭൂമിശാസ്ത്രത്തിലും നാഗന്മാരെ പറ്റിയുള്ള പരാമര്‍ശമുണ്ട്. അകനാനൂറ് 250-ാം പദത്തില്‍ നാഗന്മാരെ തോല്‍പ്പിച്ചാണ് മോകൂര്‍ മന്നനായ പഴയന്‍ മാറന്‍ ആധിപത്യം സ്ഥാപിച്ചത് എന്നു പറയുന്നു. അവിടെയെല്ലാം ചരിത്രകാരന്മാര്‍ സര്‍പ്പത്തെ പൂജിക്കുന്നവര്‍ എന്ന അര്‍ത്ഥമാണ് നാഗന്മാര്‍ എന്നതിന് കൊടുത്തത്. ഡി.സി.കോസാംബിമാത്രം ദ്രാവിഡരുടെ ആഗമനത്തിനു മുന്‍പ് ഇന്ത്യയിലുണ്ടായിരുന്ന ജനമാണ് നാഗന്മാര്‍ എന്ന് തന്റെ The Culture and Civilization of Ancient India എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

19-ാം നൂറ്റാണ്ടില്‍ ചാന്നാന്മാര്‍ പൊതുവേ പന ചെത്തുകാര്‍ മാത്രമായി രുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നതായി ഡോ. ജവ ഹര്‍ പറയുന്നു. ആ പന നില്‍ക്കുന്ന സ്ഥലംപോലും അവരുടേതായിരുന്നില്ല. വാരത്തിന് പന ചെത്തിയാല്‍ അവര്‍ക്ക് ഒരിക്കലും ഒരു പുരോഗതിയുമുണ്ടാ കുകയില്ല. എന്നാല്‍ അവരില്‍തന്നെ ചിലര്‍ ആ ഭൂമിയുടെ ഉടമസ്ഥരായ നായന്മാരെ സേവ പിടിച്ചും സ്വന്തം സമുദായത്തെ ഒറ്റിക്കൊടുത്തും സ്ഥലം ഉടമകളായി മാറി. ഒരു നായര്‍-നമ്പൂതിരി അച്ചുതണ്ടാണ് അന്നിവിടെ അധികാരം കൈകാര്യം ചെയ്തിരുന്നത്. മറ്റുള്ളവരെക്കൊണ്ട് പന ചെത്തിക്കുകയും കൃത്യസമയത്ത് പാട്ടം പിരിച്ച് നായന്മാരെ ഏല്‍പ്പിക്കുകയും മറ്റും ചെയ്യുന്ന മൂപ്പന്മാരായി അതില്‍ ഒരു വിഭാഗം മാറിയിരുന്നു. അവരാണ് ആദ്യം നാടാന്മാര്‍ എന്ന പേരിലറിയപ്പെട്ടി രുന്നത്. അവര്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ എന്ന കാരണത്താല്‍ ചാന്നാന്മാരും ആ പേരിലറിയപ്പെടാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് പേര് മാറാനുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. ഇത് എത്രമാത്രം ശരിയാണ്?