"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 13, ഞായറാഴ്‌ച

കണ്ടങ്കോരന്റെ ചേത്‌രപ്‌രവേശം - മൂന്തൂര്‍ കൃഷ്ണന്‍തമ്പുരാന്റെ കല്പനയാ-
ലമ്പലം തുറന്നുകിട്ടി
അന്തമില്ലാത്താനന്ദത്താല്‍
ബന്ധുരനായ്കണ്ടങ്കോരന്‍
പണ്ടുപണ്ടുകാലംതൊട്ടെ
തൊട്ടുതീണ്ടാതിരുന്നോരെ
കണ്ടുപോയാല്‍ കുറ്റമെന്നു
കരുതപ്പെട്ടിരുന്നോരെ
എന്തിനാവോ ഹിന്ദുവായി
ബന്ധുവായി ചേര്‍ത്തിടുന്നു
വേറുകൂറുമാറിയെന്നോ
നീതിബോധം വളര്‍ന്നെന്നോ
1ആദിയരെതോഴരായി
കരുതുവാന്‍ കനിവുള്ള
2മേത്തരമൊരുള്‍വെളിവീ
3മേക്കലത്തിനുദിച്ചെന്നോ
എങ്കിലുമൊരങ്കലാപ്പി
ലാണ്ടുനിന്നു കണ്ടങ്കോരന്‍
അമ്പലത്തില്‍ കേറിയെന്നാ-
ലെന്തുതന്നെവന്നുകൂട
4അമ്പോറ്റിക്കും തമ്പിമാര്‍ക്കും
5ഇമ്പമില്ലാണ്ടായെന്നാലോ
കണ്ണുപൊട്ടും കാലൊടിയും
കുലവും മുടിഞ്ഞുപോകും
പാതാളത്തിന്നപ്പുറമീ
പാപികള്‍ക്കൊരിടമുണ്ടോ
വേതാളമതിന്നു മോക്ഷം
കിട്ടുമെന്നു വിധിയുണ്ടോ

എങ്കിലുണ്ടു 6പൂതിപണ്ടേ
തിരുമുമ്പില്‍ ചെന്നു ചേരാന്‍
സങ്കടങ്ങളുണര്‍ത്തിക്കാന്‍
7പങ്കമെല്ലാമൊഴിക്കുവാന്‍
അറച്ചറച്ചാണെന്നാലു
മുറച്ചിതമ്പലം പൂകാന്‍
അരചന്റെ 8വരുതിയെ
വെറുതെയായ് കളയാമോ
കുളിച്ചിട്ടും കുളിച്ചിട്ടും
വെളുക്കാത്തൊ9രുളുപ്പോടെ
ഉടുത്തിട്ടുമുടുത്തിട്ടും
വെടിപ്പാകാത്തതുപോലെ
ചന്ദനക്കുറിയണിഞ്ഞിട്ടും
തമ്പുരാനാകാത്തപോലെ
10കിന്നതയാര്‍ന്നമ്പലത്തിന്‍
നടകേറികണ്ടങ്കോരന്‍
ചുറ്റുമതില്‍ കെട്ടിനുള്ളില്‍
ഒറ്റയായി നിന്നു കോരന്‍
മുറ്റുമൊരന്യനെപ്പോലെ
യമ്പരന്നുനിന്നുകോരന്‍
തമ്പുരാക്കള്‍ തന്നെ നോക്കി
കൊഞ്ഞനംകുത്തുന്നപ്പോലെ
പല്ലിറുമ്മിപാപിയെക്ക
ണ്ടറച്ചുതുപ്പുന്നപോലെ
വര്‍ണ്ണരാശിക്കുള്ളിലൊ-
രവര്‍ണ്ണനായിനിന്നുകോരന്‍
അന്യദേശമതിങ്കലൊ-
രാര്‍ത്തനെപ്പോല്‍ നിന്നു കോരന്‍
ഓര്‍ത്തുനില്‍ക്കെയോര്‍ത്തുനില്‍ക്കെ
കോരനുള്ളില്‍ തെളിയുന്നു
പോത്തിനൊപ്പം പൂട്ടിയതും
11പോക്കണക്കേടാക്കിയതും
ആദിയരന്നതികൂര
12തെണ്ണനകള്‍ സഹിച്ചതും
ഭീതിയുടെ നിഴല്‍പറ്റി
നീതികിട്ടാതലഞ്ഞതും
ഓര്‍ത്തുനില്‍ക്കെയോര്‍ത്തു നില്‍ക്കെ
കണ്ണുകള്‍കലങ്ങിയാറെ
കൈകള്‍കൂപ്പി കൈകള്‍കൂപ്പി
കരഞ്ഞുപോയ് കണ്ടങ്കോരന്‍
'കൈവെടിഞ്ഞതെന്തിനു നീ
ഉടയതമ്പുരാന്‍പോറ്റി
അടിയരുമവിടത്തെ
ചോരയില്‍ പിറന്നതല്ലെ
താണ 13ചാതിയില്‍ പിറക്കാന്‍
കാരണമായതും നീയോ
നീചനെന്നുകുറിച്ചതും
നിന്നുടെ നാരായമാണോ
14പിച്ചയായിപെറന്നതും
ഒച്ചിനെപ്പോ15ലെയഞ്ഞതും
16അച്ചരമറിയാന്‍മേലാ-
ണ്ടായതും നിന്‍മായതാനോ
കന്നുകാലികളോടൊപ്പം
പൂട്ടിയതും, പാടവക്കില്‍
ഉറുമ്പരിച്ചെന്റെ മക്കള്‍
കുയിയനായ് കെടന്നതും
കാലുകുത്താനെടംപോലു
മേകിടാതെയിരുന്നതും
കാടുകളില്‍ കാട്ടാളരായ്
കയിഞ്ഞതും നിന്‍വരമോ?'
ചങ്കുപൊട്ടിവിളിച്ചിട്ടും
ചഞ്ചലനാകാത്തദൈവം
സങ്കടങ്ങള്‍ പറഞ്ഞിട്ടും
പുഞ്ചിരിക്കുന്നതുപോലെ
ആരോനോക്കി ചമച്ചൊരു
പൊട്ടന്‍തെയ്യമല്ലൊ ദൈവം
അന്തണനെതുണയ്ക്കുന്ന
വല്ല്യമ്പ്രാന്‍ തന്നെയീദൈവം
തൊഴുതുനിക്കുമ്പോള്‍ കോര-
ന്നിതുവിധം വെളിവായി
കാതുകളിലൊരു പുതു
വേദവാക്യമുളവായി
'ജാതികളെചമച്ചതും
നീചനെന്നുകുറിച്ചതും
തെയ്‌വമല്ലതെയ്‌വ നിന്ദ
ചെയ്തവംശം മനുവംശം
നിന്റെതെയ്‌വങ്ങളെവെന്ന്
തമ്പുരാന്‍ ദൈവങ്ങള്‍ വന്നു
നിന്നെയവര്‍ നരകത്തീ
കടലില് തള്ളിയിട്ടു
കരകയറുവാനായി
പിടഞ്ഞപ്പോള്‍ കാപാലികര്‍
തലയറുക്കുവാനെത്തി-
യവതാരവേഷം കെട്ടി
തലയറുത്തപ്പോള്‍ നൂറു
തലയുമായവരോട്
മറുതലയുമായ് നിന്ന
കുറളുകള്‍ മറന്നോ നീ
നിന്റെ വംശത്തെ മുച്ചൂടും
മുടിക്കുകയെന്നതല്ലൊ
മനുവംശത്തിന്റെ ധര്‍മ്മ
പദ്ധതികളെക്കാലവും
നിന്നുടെ സ്വത്ത്വത്തെ നിന്ദി
ച്ചൊതുക്കുകയെന്നതല്ലൊ
എന്നുമവര്‍ സ്വീകരിച്ച
കപടമാം കര്‍മ്മകാണ്ഡം
ഹിന്ദുവെന്നാലെന്തും ചെയ്യാന്‍
മടിക്കാത്ത വംശമല്ലൊ
ഹിന്ദുമതം മനുഷ്യത്വ
രഹിതമായതുമല്ലൊ
കാന്ത ശക്തിയെന്നപോലെ
എന്തിനെയുമാകര്‍ഷിയ്ക്കും
വേദസാരത്തില്‍ കുഴച്ചു
നിര്‍ദ്ദയം നിഷിദ്ധമാക്കും
പൂവിനെപുഴുക്കളാക്കും
പ്രാവിനെ പരുന്തുമാക്കും
ഈശ്വരനെ പോലും തന്റെ
വരുതിയില്‍ വശത്താക്കും
ബ്രഹ്മമെന്ന കീറാമുട്ടി
പ്രയോഗത്തില്‍ തകരാത്ത
സത്യവും മിഥ്യയുമില്ല
തത്ത്വമെന്നുള്ളതുമില്ല
ബ്രാഹ്മണന്റെ ഹിതത്തിന്നായ്
മാനവീകമൂല്യങ്ങളെ
ഹോമിയ്ക്കപ്പെടുകയെന്ന
ഭീകരഭീകരവാദം
ബ്രാഹ്മണന്റെ സുഖത്തിന്നായ്
ബഹുജനഹിതങ്ങളെ
നിഹനിയ്ക്കപ്പെടുകെന്ന
ദുഷ്ടമാം വേദാന്തസാരം
നിന്റെ 17തേവാലയങ്ങളെ
ഹിന്ദുദേവാലയമാക്കി
ഹിന്ദുദേവാലയം നിന്നെ
നിന്ദ്യരില്‍നിന്ദ്യനുമാക്കി
എന്തിനു പിന്നെന്തിനു നീ
എന്തുതേടിവന്നു ചേര്‍ന്നു
എങ്ങിനെപിന്നെങ്ങിനെ പി-
ന്നെങ്ങിനെ നീ ഹിന്ദുവായി,
ചതിയാണു ചതിയാണ-
തറിഞ്ഞുകൊള്ളുകവേണം
ചതിപ്പെട്ട ചരിത്രത്തിന്‍
ബലിനീയെന്നോര്‍മ്മവേണം
ഹിന്ദുവിന്റെയമ്പലങ്ങള്‍
ചന്തകളായിരിക്കുന്നു
ദൈവഭാവംപണ്ടുപണ്ടേ
ഒഴിഞ്ഞുപോയിരിക്കുന്നു.
കരുണതന്നുറവകള്‍
ഉറഞ്ഞുപോയിരിക്കുന്നു.
അന്തണന്റെ വാണിഭത്തി-
ന്നാലയമായിരിക്കുന്നു
നീ വിളിച്ചാല്‍ വിളികേള്‍ക്കും
നിന്റെ തൈവം വേറെയാണ്
നിനക്കു ദര്‍ശനം നല്‍കും
തിരുക്കോവില്‍ വേറെയാണ്.
നിന്ദിതനെ നിന്നെ നീയായ്
കരുതുവാന്‍ കനിവുള്ള
നന്മയുടെ മതംവേറെ
വേറെയാണെന്നോര്‍മ്മവേണം'
കൂപ്പുകൈയ്യഴിഞ്ഞുകോരന്‍
കണ്‍തുറന്നു നിന്നനേരം
കോവിലൊരു മായാജാല
പ്പുരയായി ഭവിക്കുന്നു
ശംഖനാദം മുഴങ്ങുന്നു
കൈമണികള്‍ കിലുങ്ങുന്നു
തമ്പുരാക്കളെന്തെല്ലാമൊ
മന്ത്രിക്കുന്നു തന്ത്രിക്കുന്നു.
പുകമറയുയരുന്നു
പുകിലുകളുയരുന്നു
കപടമാമൊരു ഭാവം
പകരുന്നു പടരുന്നു
വികലമാമൊരു മന്ത്രം
വിരസമാം താളമേളം
വിലക്ഷണമൊരുക്രിയാ
വിധിയുടെ വിളയാട്ടം
ബ്രാഹ്മണരെ വാഴിക്കുന്ന
ഗൂഢതന്ത്രം വേദമന്ത്രം
ആദിയരെ ദ്രോഹിക്കുന്ന
ദു:ഷ്ടകര്‍മ്മമാര്യ ധര്‍മ്മം
ആദിയന്റെ തലവെട്ടി
താലപ്പൊലിയെടുത്തവര്‍
ആദിയന്റെ ചോരകൊണ്ടു
കുരുതിതീര്‍ത്താറാടിയോര്‍
ആദിയന്റെ തോലെടുത്തു
ദേവവാദ്യം പൊതിഞ്ഞവര്‍
ആദിയന്റെ നെഞ്ചില്‍കൊട്ടി
പാട്ടുപാടിതിമിര്‍ത്തവര്‍
ആദിയരെ ചുട്ടെരിയ്ക്കാന്‍
ഹോമകുണ്ഡം ചമച്ചവര്‍
ആദിയരെ കഴുവേറ്റി
യാര്‍ത്തുറക്കെ ചിരിച്ചവര്‍
ശാന്തിശാന്തി ഓം ശാന്തി
ബ്രാഹ്മണര്‍ക്കു മാത്രം ശാന്തി
ശാന്തി ശാന്തി ഓംശാന്തി
ഭീകരഭീകരശ്ശാന്തി
അകത്തും തമ്പുരാക്കന്മാര്‍
പുറത്തും തമ്പുരാക്കന്മാര്‍
തമ്പുരാന്‍ ചൈതന്യമാര്‍ന്ന
ദൈവവും തമ്പുരാന്‍തന്നെ
വിയര്‍ത്തുപോയ് വിളര്‍ത്തുപോയ്
വിറപൂണ്ടുകണ്ടങ്കോരന്‍
വിഭക്തനായ് വിമുക്തിക്കായ്
പുറത്തുചാടിനാന്‍ കോരന്‍


II


പുറത്തുവന്നപ്പോള്‍ കേള്‍ക്കാ
മഖണ്ഡനാമജപങ്ങള്‍
ചാതുര്‍വര്‍ണ്യായനമ:ഹ
ജപിക്കുന്നുമുറപോലെ
കേട്ടുകേട്ടു ചെവിപൊട്ടി
പോകുമെന്നു തോന്നിയാറെ
ഓടിയും നടന്നുമല്ലാ-
തവിടന്നും പോന്നുകോരന്‍
കുറച്ചിടചെല്ലുന്നേരം
അവിടെയുണ്ടുയരുന്നു
ഭാഗവത സത്രമെന്ന
മറ്റൊരു മാമാങ്കപൂരം
ഭഗവാനെ..... ഭഗവാനെ
യെന്നുകിടന്നലറുന്നു
ഭാഗ്യവാന്മാരതുകൊണ്ടു
യോഗ്യരായി നടക്കുന്നു
ബ്രാഹ്മണരെ ധ്യാനിക്കുന്നു
ബ്രാഹ്മണരെ പൂജിക്കുന്നു
ദാനധര്‍മ്മാദികള്‍ കൊണ്ടു
സുഖിപ്പിച്ചു രസിക്കുന്നു
കന്യകമാരെന്തും നല്‍കാ-
നൊരുങ്ങി വന്നിരിക്കുന്നു
പണവും ധാന്യവും വന്നു
കുന്നുകൂടികിടക്കുന്നു.
കോരനതു കണ്ടു നില്‍ക്കെ
യൊരുകാര്യം വെളിവായി
പഞ്ചമര്‍ക്കീ പന്തിയിലൊരു
പങ്കുമില്ലെന്നുറപ്പായി
നാമസങ്കീര്‍ത്തനം പാടി-
യിരിക്കുവാന്‍ നേരമുണ്ടോ
നാമവും രൂപവുമില്ലാ-
തുഴലുന്നൊരേഴകള്‍ക്ക്
അവിടന്നും പോന്നു കോര-
നോടിയും നടന്നുമല്ലാ-
തേതിടം പോകേണ്ടുവെന്നു
വേവലാതി പൂണ്ടുനിന്നു
കുറച്ചിടചെല്ലുന്നേര-
മവിടെയൊരതിരാത്രം
മറ്റൊരിടത്തശ്വമേധം
പുത്രകാമേഷ്ടിയിങ്ങനെ
ത്രേതായുഗകാലത്തുപ-
ണ്ടാദിയരെ ചുട്ടെരിക്കാന്‍
ആര്യവംശം നടത്തിയ
ഭീതിദമാം വേലപൂരം
യാഗമെന്നപേരിലായോര്‍
നടത്തിയപേക്കൂത്തുകള്‍
വീണ്ടുമീമണ്ണില്‍ തുടരാ-
നൊരുമ്പെട്ടു വരികയൊ
അവിടന്നുമോടി കോരന്‍
മറുവഴി ചെല്ലുന്നേരം
അവിടെയും തമ്പുരാക്കള്‍
തന്നുടെയാരവംമാത്രം
തമ്പുരാന്റെ കൊട്ടുംപാട്ടും
തമ്പുരാന്റെ കെട്ടും മട്ടും
തമ്പുരാന്റെ മായാലോകം
ഭൂമിപാതാളങ്ങളെല്ലാം
കേള്‍ക്കുവാനില്ലൊരിടത്തും
തന്റെ വര്‍ഗ്ഗത്തിന്റെ ശബ്ദം
കാണുവാനില്ലൊരിടത്തും
തന്നുടെയൊരടയാളം
തന്റെ കൊട്ടും പാട്ടുമെല്ലാ-
മാരവത്തില്‍ താണുപോയി
തന്റെ കാല്‍പ്പാടുകള്‍പോലും
തേച്ചുമാച്ചില്ലാതെയാക്കി
ഇരതേടാനിടമില്ല
ഇളവിരിയ്ക്കാന്‍ ഭൂമിയില്ല
ഇണയില്ല തുണയില്ല
ഇരുളുവെളിവേതുമില്ല
വേദമില്ല വേദമതി
ന്നുടമസ്ഥതയുമില്ല
അദിയില്ലൊരന്തമില്ലീ
യാതനകള്‍ക്കറുതിയില്ല
നാടുമില്ല നാണിഭവും
നായകസ്ഥാനവുമില്ല
വിടുപണിയതുമാത്രം
വിധിക്കപ്പെട്ടിരിക്കുന്നു
അടികൊണ്ടിട്ടടികൊണ്ടി
ട്ടടിയാളരായിമാറി
ആട്ടുകൊണ്ടു സഹികെട്ടു
നാണവും കെട്ടിരിക്കുന്നു.
എവിടെപ്പോയൊളിയ്‌ക്കേണ്ടു
ഏതിടംകരകയറേണ്ടു
എന്നുനിനച്ചകംനൊന്തു
വെന്തുനീറികണ്ടങ്കോരന്‍
സങ്കടം സഹിയ്ക്കവയ്യാ-
തങ്കപ്പൊയ്യാല്‍ കരഞ്ഞാറെ
തന്റെ കൂട്ടരൊഴുക്കിയ
കണ്ണുനീരില്‍ കുളിച്ചാറെ
തന്റെ വര്‍ഗ്ഗം സഹിച്ചൊരു
18ദെണ്ണമെല്ലാം സഹിച്ചാറെ
തന്റെ കൂട്ടം19ചിമ്മിയൊരു
ചുമടെല്ലാം ചുമന്നാറെ
സഹിച്ചുസഹിച്ചവനൊരു
സഹ്യപര്‍വ്വതമായിമാറി
കരഞ്ഞു കരഞ്ഞു പിന്നെ
തിളക്കുന്ന കടലായി
ഉറഞ്ഞുറഞ്ഞവനൊരു
ഉഗ്രമൂര്‍ത്തിയായിമാറി
ഉടവാളും ചിലമ്പുമാ-
യുറഞ്ഞുതുള്ളുകയായി
കണ്ണുകളില്‍ തീപറന്നു
കയ്യുകളില്‍ വാളുലഞ്ഞു
നാവില്‍ നിന്നും പഞ്ചമന്റെ
വേദമൂറിത്തെളിയുന്നു
നാലുവേദങ്ങളും നാണി-
ച്ചൊളിച്ചുപേയെവിടെയോ
നാലുവര്‍ഗ്ഗങ്ങളും നിന്നു
പതറിപ്പകച്ചുപോയി
ഉഗ്രമൊരു പോരാട്ടത്തി-
ന്നുത്ഭവം കുറിച്ചുനിന്നു
ഉഗ്രമൂര്‍ത്തിയവനൊരു
സര്‍ഗ്ഗശക്തിയെന്നപോലെ
ഒരുതലയറുത്തപ്പോള്‍
മറുതലയുയരുന്നു.
ഒരുകൈക്കുമറുകൈകള്‍
തുണയായി ചമയുന്നു
കറുത്തകൂട്ടങ്ങളുടെ
കരുത്തെല്ലാമെടുത്തവന്‍
കറുകറെകറുത്തൊരു
കരുത്തനായ് ചമയുന്നു
രാവണന്റെ രവത്തോടെ
ബാലിയുടെ ബലത്തോടെ
ശൂര്‍പ്പണഖതന്റെ മാനം
മുറിഞ്ഞോരു മനസ്സോടെ
കാടുതന്റെ വീരപുത്ര-
നേകലവ്യന്‍തന്റെ തീരാ-
പകയോടെ ശംബൂകന്റെ
പ്രതികാരദാഹമോടെ
അനുസരനെന്നാരോപിച്ചും
ആഭിചാരക്രിയകൊണ്ടും
ആരുമല്ലാതാക്കപ്പെട്ട
മാബലിതന്‍രോഷമോടെ
ചതിയായചതിയ്‌ക്കെല്ലാം
പ്രതികാരം ചെയ്തിടുവാന്‍
നിന്ദയായ നിന്ദകള്‍ക്കു
നിവൃത്തികണ്ടെത്തിടുവാന്‍
കറുത്തശക്തിതന്നുടെ
കരിമ്പാറപ്പുറത്തവന്‍
കരിമരുന്നുമായ്‌നിന്നു
കലിതുള്ളികലിതുള്ളി
കിഴക്കോട്ടുതിരിഞ്ഞാറെ
കിഴക്കുന്നൊരുദിപ്പായി
പടിഞ്ഞാട്ടുതിരിഞ്ഞതും
പടിഞ്ഞാറന്‍കാറ്റുവീശി
വടക്കോട്ടുതിരിഞ്ഞാറെ
വടക്കന്നംകാറ്റടിച്ചു
തെക്കുദിക്കില്‍ നിന്നുമപ്പൊള്‍
ശക്തിയായികാറ്റടിച്ചു
കാറ്റതെല്ലാമൊത്തുവന്നു
വീശിവീശിയടിച്ചാറെ
പുതിയൊരമ്പലം തോന്നി
പുതിയൊരമ്പരംതോന്നി
പുതിയൊരുമന്ത്രംതോന്നി
പുതിയൊരുതന്ത്രംതോന്നി
പുതിയൊരുവെളിപാടിന്‍
തിരുക്കുറളതുംതോന്നി
ബുദ്ധം ശരണം ധമ്മം ശരണം സംഘം ശരണം ഗഛാമി
ബുദ്ധം ശരണം ധമ്മം ശരണം സംഘം ശരണം ഗഛാമി