"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 3, വ്യാഴാഴ്‌ച

പെരിനാട് ലഹള - എം. എ.വിജയന്‍ കവിയൂര്‍

മനുഷ്യന്‍ മനുഷ്യന് ചിരട്ടയില്‍ വെള്ളം കൊടുക്കുന്ന ഒരു കാലമു ണ്ടായിരുന്നു. വേറെ പാത്രം ഇല്ലാ യിരു ന്നതുകൊണ്ടല്ല. ചിരട്ടയിലേ കൊടുക്കൂ എന്ന് നിര്‍ബന്ധ മുള്ളതു കൊണ്ട്. കാരണം വെള്ളം കുടിക്കേ ണ്ടവന്‍ തീണ്ടല്‍ ജാതിക്കാരനാണ്. കൊല്ലത്ത് ഇന്ന കാണുന്ന ശങ്കേഴ്‌സ് ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്ന സ്ഥലം. പണ്ടൊരു ഈഴവന്റെ ചായക്കട അവിടെ പ്രവര്‍ത്തി ച്ചിരുന്നു. വൈകുന്നേരം മൂന്ന് മൂന്നര ആയിക്കാണും. ചായക്കടയുടെ മുമ്പില്‍ ഒരു അജ്ഞാതന്‍ പ്രത്യക്ഷ പ്പെട്ടു. അരോഗ ദൃഢഗാത്രന്‍. ഗൗരവം സ്ഫുരിക്കുന്ന മുഖഭാവം. അല്പനേരം ചായക്കടയ്ക്കു മുന്നില്‍ നിന്ന അയാള്‍ അടുത്ത പുരയിട ത്തില്‍ കിളച്ചു കൊണ്ടു നിന്നയാളെ കൈകൊട്ടി വിളിച്ചു. അല്പനേരം സംസാരിച്ചു. ചാഞ്ചന്‍ എന്നാണ് പേരെന്നും പുലയ വിഭാഗത്തില്‍ പ്പെട്ട ആളാണെന്നും കുറച്ചകലെയാണ് കുടിലെന്നും പറഞ്ഞു. ആഗതന്‍ കുറച്ച് ദൂരെനിന്നുമാണ് വരുന്നതെന്ന് മാത്രം പറഞ്ഞു. ''വരൂ, നമുക്ക് ചായ കുടിച്ചിട്ട് പോകാം'' ആഗതന്‍ ചായക്കടയ്ക്കു സമീപത്തേക്ക് നടന്നു. എന്നാല്‍ കൂടെച്ചെല്ലാന്‍ ചാഞ്ചന്‍ മടിച്ചു. ഇരുവരും ചായക്കടയ്ക്കു മുന്നിലെത്തി. രണ്ടു ചായയ്ക്കു ചാഞ്ചന്‍ പറഞ്ഞു. കടയില്‍ ശ്രീനാരാ യണ ഗുരുവിന്റെ ചിത്രം കണ്ടതുകൊണ്ട് കട ഈഴവരുടേ താണെന്ന് മനസ്സിലായി. ചായ എടുത്തിട്ട് കടക്കാരന്‍ ചിരട്ടയെടുക്കാന്‍ ആംഗ്യം കാണിച്ചു. കടയുടെ മുറ്റത്ത് കുറ്റിക്കാല്‍ നാട്ടി അതില്‍ കമഴ്ത്തി വച്ചിരിക്കുന്നു അഞ്ചാറ് ചിരട്ടകള്‍. ചിരട്ടയുടെ അടുത്തേക്ക് ചാഞ്ചന്‍ നടന്നു. രണ്ടുചിരട്ടയിലും ചായ എടുത്ത് നടന്നു വരുന്ന ചാഞ്ചനെകണ്ട് ആഗതന്‍ ഞെട്ടിപ്പോയി. ''ഇവിടെ ഇതുവരെ അയിത്തം മാറിയിട്ടില്ല. നമ്മുടെ ആളുകള്‍ക്ക് ഇവിടെ ഇങ്ങനെയേ ചായ കിട്ടുകയുള്ളൂ.'' ''എന്തായാലും ഇത് ഇങ്ങനെവിട്ടാല്‍ പറ്റില്ല. നമുക്ക് കടക്കാരനോട് ചോദിക്കാം.'' ആഗതന്‍ ചാഞ്ചനേയും കൂട്ടി കടയിലേക്ക് കയറാനൊരുങ്ങി. എന്തായാലും അവിടെനിന്ന് പറഞ്ഞാല്‍ മതിയെന്ന് കടക്കാരന്‍. ആഗതന്‍ പറഞ്ഞു, ''എടോ, അയിത്ത ത്തിനെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ പടവും വച്ചുകൊണ്ട് താന്‍ ഇത് ചെയ്തത് ശരിയായില്ല. കുറ്റി അഞ്ചാറെണ്ണം കൂടി തറച്ച് ചിരട്ട കമഴ്ത്തിവയ്ക്ക്. ഇതു രണ്ടും കൂടി ചെയ്യുന്നത് ആണുംപെണ്ണു കെട്ട പണിയാ.'' ചാഞ്ചന്‍ ചായ ചോദിച്ചപ്പോഴേ ഒക്കുകില്ല എന്ന് ഞാന്‍ പറഞ്ഞതാ. അയാളുടെ നിര്‍ബന്ധം കൊണ്ടാ ചായ കൊടുത്തത്. ഇതിനൊന്നും ഞാന്‍ ഉത്തരവാദി യല്ല.''ആഗതനും വിട്ടില്ല. ''നിങ്ങളും അയിത്ത വിഭാഗക്കാരന്‍ തന്നെയല്ലേ? ഗുരുവിന്റെ ആള്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നത് അല്പം കടുത്ത കൈയായി പ്പോയി.''അതിന് കടക്കാരന്‍ ദയനീയമായി മറുപടി പറഞ്ഞു. ''നിങ്ങള്‍ക്ക് ഗ്ലാസ്സില്‍ ചായ തന്നാല്‍ എന്റെ കട നായന്മാര്‍ അടിച്ചു പൊളിക്കും. നിങ്ങളായിട്ട് എന്റെ കഞ്ഞികുടി മുട്ടിക്കരുത്.''നായന്മാര്‍ ഈഴവരുടെ കടയില്‍നിന്ന് ചായ കുടിക്കില്ല. എന്നാല്‍ ഈഴവര്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ഗ്ലാസ്സില്‍ ചായ കൊടുത്താല്‍ അടി കിട്ടും. കടക്കാരന്‍ ഇങ്ങനെപറഞ്ഞു. ''എന്തായാലും ഇതിനൊരു മാറ്റം വരും. ഇപ്പോള്‍ കാണിച്ചുതരാം.'' എന്നും പറഞ്ഞ് കുറ്റിയില്‍നിന്നും ചിരട്ട മുഴുവന്‍ എടുത്തുകളഞ്ഞു. ഒരു പോണിയില്‍ ചാഞ്ചനു ചായ കൊടുത്തു. തിരികെ യിറങ്ങവേ ആഗതന്‍ ചാഞ്ചനോടായി ചോദിച്ചു. ഇവിടെ യടുത്തെങ്ങാന്‍ പുലയര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശമുണ്ടോ. ചാഞ്ചന്റെ നിര്‍ദ്ദേശ മനുസരിച്ച് ആഗതന്‍ അഴുവന്‍ തുരുത്ത് ലക്ഷ്യമാക്കി നടന്നു.

പെരിനാട് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ അധിപനാ യിരുന്നു കാക്കോലി കുഞ്ചുപിള്ള. കിരീടം വയ്ക്കാത്ത രാജാവ്. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള മാടമ്പി. വലിയൊരു റൗഡി സംഘത്തെയും തീറ്റിപ്പോറ്റി യിരുന്നു. അനേകം അടിമകളും സ്വന്തമായു ണ്ടായിരുന്നു. പുലയരും പറയരും ആയിരുന്നു അടിമക്കൂട്ടങ്ങള്‍. പാവു വയലിന്റെ പടിഞ്ഞാറു വശം അഴുവന്‍ തുരുത്ത്. തുരുത്തിന്റെ കിഴക്കു ഭാഗത്തായിരുന്നു പുലയരുടെ വാസം. തെക്കുമാറി പറയരും. ഒരിക്കലും കുഞ്ചുപിള്ള ഈ തുരുത്തില്‍ കാല്‍ കുത്തിയിട്ടില്ല. പുലയരെ കണ്ടാല്‍ കുഷ്ഠം വരുമെന്നും പറയരെ കണ്ടാല്‍ കണ്ണിന്റെ കാഴ്ച പോകുമെന്നും അയാള്‍ വിശ്വസിച്ചി രുന്നു. അതിനാലാണ് അയാള്‍ തുരുത്തില്‍ പ്രവേശിക്കാ തിരുന്നത്.

തുരുത്തിന്റെ കിഴക്കേയറ്റം കാണുന്നതാണ് കുഞ്ഞോലിന്റെ കുടില്‍. കുഞ്ചുപിള്ളയുടെ തലപ്പുലയ നായിരുന്നു കുഞ്ഞോല്‍. അറുപതി നോടടുത്ത പ്രായം. ഒരുനാള്‍ മൂവന്തി കഴിഞ്ഞ നേരം. ഒരു അപരി ചിതന്‍ കുഞ്ഞോലിന്റെ കുടിലിലേക്ക് കയറിച്ചെന്നു. ''കുഞ്ഞാലച്ചാ.... കുഞ്ഞാലച്ചാ.....'' ''ആരാ?'' കത്തുന്ന ഒരു തകര വിളക്കുമായി കുഞ്ഞോല്‍ കുടിലിന്റെ മുന്നിലെത്തി. വിളക്ക് ഉയര്‍ത്തി ആഗതന്റെ മുഖത്തേക്ക് നോക്കി. ''ആരാ?... എന്തുവേണം?..എവിടുന്നാ?'' ''ഞാന്‍ ഗോപാലദാസന്‍. വീട് തിര്വന്തോരത്താ. വീട് വിട്ടുപോന്നതാ. എന്തേലും ഒരു പണി തരപ്പെടു ത്തിത്തരണം.'' കുഞ്ഞോല്‍ ആഗതനെ അടിമുടി നോക്കി. ഒരു പട്ടിണി പ്പേക്കോലം. ''നീ വല്ലതും കഴിച്ചോ?'' ഇല്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി. ''എടീ.. കറമ്പിയേ...'' കുഞ്ഞോല്‍ നീട്ടി വിളിച്ചു. ''ഇവന് വല്ലോം കുടിക്കാന്‍ കൊട്.'' കറമ്പി കപ്പ പുഴുങ്ങിയതും തൊണ്ടു കാപ്പീം ഇട്ടുകൊടുത്തു. അയാള്‍ ആര്‍ത്തിയോടെ അത് വാരിക്കഴിച്ചു. ''നീ കെടക്ക്. നേരം പുലരട്ടെ. എന്നതേലും വഴിയുണ്ടാക്കാം.'' ചായ്പിന്റെ പുറകില്‍ പുട്ടിലിട്ട് കിടക്കാനും സൗകര്യം കൊടുത്തു. ഗോപാലദാസന് ഉറങ്ങാനായില്ല. അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. പകല്‍ ചായക്കടയില്‍ ഉണ്ടായ രംഗങ്ങള്‍ അയാളെ അസ്വസ്ഥനാക്കി. രാത്രി തന്നെ കുഞ്ഞോലിനോട് നടന്ന വിവരങ്ങള്‍ പറഞ്ഞു. അതൊന്നും കാര്യമാ ക്കേണ്ട. നമ്മള്‍ അടിമകളാ.

പെരുമീനുദിക്കുംമുമ്പെ ഇരുവരും കുഞ്ചുപിള്ളയുടെ കാര്യസ്ഥന്‍ വിറമാണ്ടന്‍ നായരുടെ അടുത്തെത്തി. ഇവനെക്കൂടി പണികാരനാ ക്കണമെന്ന പേക്ഷിച്ചു. ''നിനക്ക് കട്ട കുത്താനും വരമ്പു കുത്താനു മൊക്കെ അറി യാമോടാ?'' കാര്യസ്ഥന്റെ ചോദ്യം കേട്ട് അറിയാ മെന്നര്‍ത്ഥത്തില്‍ ഗോപാലദാസന്‍ തലയാട്ടി. ങും... കാര്യസ്ഥന്‍ ഒന്നമര്‍ത്തി മൂളി.''കുഞ്ഞാലെ കാര്യങ്ങളെല്ലാം ശരിക്കു പറഞ്ഞുകൊട്. അനുസരണ ക്കേട് കാണിച്ചാലുള്ള ശിക്ഷ അറിയാമല്ലോ?'' അറിയാമെ ന്നര്‍ത്ഥത്തില്‍ ഇരുവരും തലയാട്ടി. അങ്ങനെ ഗോപാലദാസ്സന്‍ കുഞ്ചുപിള്ളയുടെ പണിക്കാരനായി. ആദ്യംതന്നെ കുഞ്ഞോലിന്റെ കുടുംബത്തി ലുള്ളവരുടെ സ്‌നേഹം സമ്പാദിച്ചു. ക്രമേണ തുരുത്തിലുള്ള വരുടെയെല്ലാം ആദരവ് പിടിച്ചുപറ്റി. എല്ലാ രാത്രികളിലും അവര്‍ ഏതെങ്കിലുമൊരു കുടിലില്‍ ഒത്തുകൂടും. ആദ്യമൊക്കെ ഇടനാടന്‍ കഥകളും ചെങ്ങന്നൂരാതി കഥകളും അവരെ പറഞ്ഞു കേള്‍പ്പിക്കും. ഇടയ്ക്ക് വില്ലടിച്ചാന്‍ പാട്ടും. ക്രമേണ യോഗം പുലരുവോളമായി. അവരില്‍ സ്വാതന്ത്ര്യ ത്തിന്റെ അംശം സന്നിവേശി പ്പിക്കാന്‍ അദ്ദേഹത്തിനായി. ഒരുനാള്‍ കൂടിയിരുന്ന വരോടായി അദ്ദേഹം ഇപ്രകാരം പറഞ്ഞു. നമുക്ക് ഒരു രാജാവുണ്ട്. ഒരു വില്ലുവണ്ടിയും അദ്ദേഹത്തിനു സ്വന്തമായുണ്ട്. അവിടുത്തെ അടിമകള്‍ ചന്തയില്‍ പ്രവേശിക്കു ന്നു. മാറുമറയ്ക്കുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. കേട്ടവര്‍ പരസ്പരം നോക്കി. അവര്‍ക്കു വിശ്വസി ക്കാനായില്ല. യജമാനന്‍ കളവുപറയില്ല എന്നവര്‍ക്കറിയാം.


പെരിനാട്ടെ അടിമകള്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. കുഞ്ചുപിള്ള അതിന് അനുവദിച്ചിരുന്നുമില്ല. പ്രസംഗം തുടര്‍ന്നു. ഇന്നു സ്വപ്നം കണ്ടവരൊക്കെ കൈപൊക്കിക്കേ. മുന്നിലിരുന്ന രണ്ടുമൂന്നുപേര്‍ കൈപൊക്കി. കൂട്ടത്തില്‍ വൃദ്ധനായ ഒരാളോട് കണ്ട സ്വപ്നം വിവരിക്കാന്‍ ആവശ്യപ്പെട്ടു. തമ്പുരാന്റെ പാടത്ത് മടപൊട്ടി വെള്ളം കയറുന്നതും, കൃഷി മുഴുവന്‍ നശിച്ചതും ആയിരുന്നു വൃദ്ധന്‍ കണ്ട സ്വപ്നം. ''തമ്പുരാന്റെ കൃഷി, മണ്ണാങ്കട്ട''. ''നിങ്ങള്‍ സ്വപ്നം കാണാന്‍ പഠിക്കണം. നമ്മുടെ പിതാക്കന്മാര്‍ അനുഭവിച്ച കണ്ണീരിന്റെയും അവമതിയുടെയും സ്വപ്നം കാണാന്‍ കഴിയണം. നമ്മുടെ വരുംതലമുറ എങ്ങനെയാകണം എന്ന് സ്വപ്നം കാണണം. നമ്മളോ ഇങ്ങനെയായി. നമ്മുടെ വരുംതലമുറയെങ്കിലും മനുഷ്യരെപ്പോലെ കഴിയുന്ന ഒരു ദിനം സ്വപ്നം കാണണം.'' എല്ലാവരും നിശ്ശബ്ദരായി കേട്ടിരുന്നു. ''കേള്‍ക്കൂ, ഞാന്‍ സ്വപ്നം കാണുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ വയറുനിറയെ ആഹാരം കഴിക്കുന്ന ഒരു ദിനം സ്വപ്നം കാണുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ കുഞ്ഞുടുപ്പും പുസ്തക സഞ്ചികളുമായി സ്‌കൂളില്‍ പോകുന്ന ഒരു ദിനം ഞാന്‍ സ്വപ്നം കാണുന്നു. നമ്മുടെ അമ്മപെങ്ങന്മാര്‍ കഴുത്തിലണി ഞ്ഞിരിക്കുന്ന അടിമചിഹ്നമായ ഈ കല്ലുമാലകള്‍ പൊട്ടിച്ചെറിയുന്ന ഒരു ദിനം ഞാന്‍ സ്വപ്നം കാണുന്നു. നമ്മള്‍ ഇങ്ങനെകഴിഞ്ഞാല്‍ മതിയോ? ഈ നാറുന്ന വ്യവസ്ഥിതിക്ക് ഒരറുതി വരുത്തേണ്ടേ?'' ആദ്യമൊക്കെ അനുകൂലി ച്ചില്ലെങ്കിലും യജമാനന്‍ പറയുന്നതില്‍ കാര്യമുണ്ടെ ന്നവര്‍ക്കു തോന്നി. അദ്ദേഹം എല്ലാ മുഖങ്ങളിലും മാറിമാറി നോക്കി. എല്ലാവരിലും ഒരുതരം നിസ്സംഗത. ''നിങ്ങള്‍ ഉറങ്ങുന്നവരാകരുത്. സദാ ഉണര്‍ന്നിരി ക്കുക, കാത്തിരിക്കുക. ഒരു നാള്‍ നാം സമര തീച്ചൂളയിലേക്ക് എടുത്തു ചാടും. സര്‍വ്വവും തകര്‍ത്തെറിയണം. ചിലപ്പോള്‍ മരിച്ചുവീണേക്കാം. ഇന്നു നമ്മള്‍ അണിചേര്‍ന്നില്ലെങ്കില്‍ നമുക്കൊരിക്കലും മോചനം ഉണ്ടാവില്ല. എന്താ സമ്മതമല്ലേ?'' അതുവരെ മിണ്ടാതിരുന്നവരും ഏകസ്വരത്തില്‍ പറഞ്ഞു, ''സമ്മതം''... ''സമ്മതം.''

അടിമകളുടെ ഒത്തുചേരല്‍ കുഞ്ചുപിള്ളയുടെ കാതിലുമെത്തി. അല്ല, എത്തിച്ചു. എങ്ങുനിന്നോ വന്ന ഒരുവന്റെ ജനസമ്മതിയില്‍ അസൂയ പൂണ്ട ചിലര്‍ കുഞ്ചുപിള്ളയെ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു ധരിപ്പിച്ചു. ഇതിനെല്ലാം കാരണക്കാരന്‍ ഗോപാലദാസ നാണെന്നയാള്‍ തിരിച്ചറിഞ്ഞു. ജന്മിമാര്‍ രഹസ്യമായി ഒത്തുകൂടി. ഗോപാലദാസനെപിടികൂടി കയ്യും കാലും വെട്ടി ചേറില്‍ ചവുട്ടി ത്താഴ്ത്താന്‍ നല്ലേരികൂരി നായര്‍ എന്ന ചട്ടമ്പിയെ ഏര്‍പ്പാടാക്കി. ഇതിന്റെ പ്രതിഫലമായി നൂറേക്കര്‍ നിലം അയാളുടെ പേര്‍ക്ക് എഴുതിക്കൊടുത്തു.

1915 ഒക്ടോബര്‍ 14-ന് ചെറുമുക്കില്‍ ഒരു യോഗം നടത്താന്‍ തീരുമാ നിച്ചു. കൊയ്ത്തരി വാളുകളുമായി സ്ത്രീകളും, കുറുവടി കളുമായി പുരുഷന്മാരും കുഞ്ഞുകുട്ടി പരാധീന ങ്ങളടക്കം ചെറുമുക്കിലേക്ക് നീങ്ങി. എന്തുവന്നാലും യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് സവര്‍ണ്ണരും. യോഗന ടപടികള്‍ ആരംഭിച്ചു. ഉദ്ഘാടകന്‍ ഗോപാലദാസ്സന്‍. അദ്ദേഹം മുന്നിലിരുന്ന സദസ്സിനെവീക്ഷിച്ചു. കറുത്ത കരിമ്പടം വിരിച്ചതുപോലെ അടിമക്കൂട്ടങ്ങള്‍. ഒട്ടിയ കവിളുകളും എല്ലുന്തിയ മാറിടങ്ങളും, താങ്ങാനാ വുന്നതിലും അധികഭാരമുള്ള കല്ലുമാലകള്‍, എണ്ണമയം തീരെയില്ലാത്ത തലമുടി ഇവരെ നോക്കി ഗോപാലദാസ്സന്‍ വിതുമ്പി. അദ്ദേഹത്തി നൊന്നും പയാന്‍ കഴിഞ്ഞില്ല. അടുത്ത ഊഴം വിശാഖം തേവന്‍. കിഴക്കുനിന്നും അടുത്തടുത്തു വരുന്ന തീപ്പന്തങ്ങള്‍. വിശാഖം തേവന്‍ പ്രസംഗിക്കാനായി എഴുന്നേറ്റ പ്പോഴേക്കും ഇരുളില്‍ മറഞ്ഞിരുന്ന കൂരിനായര്‍ തേവനെ ഉലക്കകൊണ്ട് അടിച്ചുവീഴ്ത്തി, അലറിക്കരഞ്ഞ തേവന് പിന്നീടൊന്നും ഓര്‍മ്മയില്ല. കൂരിനായരെ സ്ത്രീകള്‍ അരിവാളു കൊണ്ട് കൊത്തിനുറുക്കി. ഗോപാല ദാസ്സനെ അംഗരക്ഷകര്‍ അവിടെ നിന്നും മാറ്റി. അംഗത്തില്‍ കുറവായ നായര്‍പട തോറ്റോടി. സവര്‍ണ്ണ ഭവനങ്ങള്‍ അഗ്നിക്കിരയായി. അടിമകള്‍ നേടിയ മേല്‍ക്കൈ ഒരാഴ്ച മാത്രമേ നീണ്ടുനിന്നുള്ളൂ. വര്‍ദ്ധിത വീര്യത്തോടെ നായര്‍പട രംഗത്തെത്തി. പാവങ്ങളുടെ കുടിലുകള്‍ കത്തിച്ചാമ്പലാക്കപ്പെട്ടു. വളര്‍ത്തു മൃഗങ്ങളെ പ്പോലും തീയില്‍ വലിച്ചെറിഞ്ഞു. എങ്ങും ദീനരോദനങ്ങള്‍. സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിനിരയായി. അയല്‍ പ്രദേശത്തേക്കും ലഹള ബാധിച്ചു. അടിമകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. വിവരമറിഞ്ഞ് പെരിനാട്ടെത്തിയ അയ്യന്‍കാളി ദിവാനെവിവരം ധരിപ്പിച്ചു. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായി. സര്‍ക്കാര്‍ വക നീക്കം ജന്മിമാരെയും അങ്കലാപ്പിലാക്കി. ദിവാന്റെയും പോലീസി ന്റെയും ശക്തമായ ഇടപെടലുകള്‍ മൂലം പ്രശ്‌നത്തിന് താല്‍ക്കാലിക ശാന്തി കൈവന്നു. കുടില്‍ വിട്ടുപോയവര്‍ തിരികെ വന്നുകൊ ണ്ടേയി രുന്നു. മുടങ്ങിപ്പോയ യോഗം നടത്താന്‍ അയ്യന്‍കാളി തീരുമാനിച്ചു. ഭാഗികമായ എതിര്‍പ്പോടെ സര്‍ക്കാര്‍ അനുവാദവും കൊടുത്തു. പക്ഷേ യോഗം നടത്താന്‍ സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല. അയ്യന്‍കാളി യുടെ ശ്രമഫലമായി കൊല്ലം പീരങ്കി മൈതാനത്ത് തമ്പടിച്ചിരുന്നഒരു സര്‍ക്കസ് കൂടാരത്തില്‍വച്ച് യോഗം നടത്താന്‍ അനുവാദം കിട്ടി. (ഇന്ദിരാഭായി എന്ന ഈഴവസ്ത്രീയാണ് സര്‍ക്കസ് കമ്പനി നടത്തിയിരു ന്നത്) അദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള. യോഗത്തില്‍ പങ്കെടുത്ത സ്ത്രീകളെല്ലാവരും അവരുടെ കല്ലുമാല അറുത്തെറിയാന്‍ അയ്യന്‍കാളി ആജ്ഞാപിച്ചു. മൂവായിരത്തോളം വരുന്ന സ്ത്രീകള്‍ അവരുടെ കയ്യിലുള്ള അരിവാള്‍കൊണ്ട് കല്ലുമാലകള്‍ അറുത്തുമാറ്റി. അറുത്തിട്ട കല്ലുമാലകള്‍ ഒരു കുന്നോളം ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇനി കമ്മാന്‍കുളം എന്തെന്നുകൂടി അറിയം. കല്ലുമാലസമരം പര്യവ സാനി ച്ചെങ്കിലും അടിമകളുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തീവയ്പുകേസ് നിലനിന്നിരുന്നു. പാവങ്ങളുടെ കേസ് വാദിക്കാന്‍ അയ്യന്‍കാളി പല വക്കീലന്മാരെയും സമീപിച്ചു. ആരും തയ്യാറായില്ല. ഒടുവില്‍ ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍ ഇവരുടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറായി. ഒരു ചെറിയ ഉപാധിയോടെ, ഫീസിനു പകരമായി ഒരു കുളം വെട്ടിക്കൊടുക്കണം. കൂലിയൊന്നും നല്‍കില്ല. അയ്യന്‍കാളി സമ്മതിച്ചു. കേസുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ മുതല്‍ അന്തിയാവും വരെ കുളം വെട്ട്. പ്രസ്തുത കുളം കമ്മാന്‍കുളം എന്ന പേരില്‍ അറിയപ്പെട്ടു. കമ്മാന്‍കുളം ഇന്നില്ല. അവിടം നികത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പണിതുയര്‍ത്തി. അങ്ങനെഅടിമ വര്‍ഗ്ഗത്തിന്റെ കണ്ണീരി ന്റെയും ചോരയുടെയും സ്മാരകമായ കമ്മാന്‍കുളവും വിസ്മൃതി യിലാണ്ടു. പെരിനാടുലഹളയില്‍ നേതൃത്വപരമായ പങ്കു വഹിച്ചയാളാണ് ഗോപാല ദാസ്സന്‍. അദ്ദേഹം തന്റെ ജോലി കൃത്യമായി നിറവേറ്റി കല്ലുമാലസമരം ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതു കാണാന്‍ ഗോപാല ദാസ്സന്‍ കാത്തു നിന്നില്ല. അന്ന് കലാപ ഭൂമിയില്‍നിന്നും അംഗരക്ഷകര്‍ രക്ഷപെടുത്തി കൊണ്ടുപോയ ഗോപാലദാസ്സനെ പിന്നീടാരും കണ്ടിട്ടില്ല. കുഞ്ഞോ ലിനെയും. തനിക്കഭയം നല്‍കിയ കുഞ്ഞോലിനൊപ്പം ഗോപാല ദാസ്സനും ചേറില്‍ ചവിട്ടി താഴ്ത്തപ്പെട്ടു.