"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 31, ഞായറാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍ : ബ്രദറന്‍ സഭയില്‍ - ദളിത്‌ബന്ധു എന്‍ കെ ജോസ്

യോഹന്നാന്‍ മാര്‍ത്തോമ്മ സഭയില്‍ നിന്നും പിരിഞ്ഞു. അദ്ദേഹം ആരുടെയും കാരുണ്യത്തിനു വേണ്ടി കാത്തു നിന്നില്ല. നേരെ ബ്രദറന്‍ സഭയിലേയ്ക്കു പോയി. കൂടുതല്‍ പാശ്ചാത്യ മേധാവിത്വമുള്ളതും സാഹോദര്യത്തോടു കൂടിയതും (പേരു തന്നെ സൂചിപ്പിക്കുന്നത് അതാണല്ലൊ) അതിനാല്‍ ജാതിചിന്തയും വിവേചനവും ഇല്ലാത്ത തുമാണ് അതെന്ന് അദ്ദേഹം ധരിച്ചു. ആ കൂട്ടായ്മയിലേയ്ക്ക് മാറി. യോഹന്നാന്‍ പോയപ്പോള്‍ കുടെ പോകാന്‍ ആയിരങ്ങള്‍ ഉണ്ടായിരുന്നു. യോഹന്നാന്റെ ചുവടുമാറ്റം മധ്യ തിരുവിതാംകൂറില്‍ ഒരു വിപ്‌ളവം തന്നെ സൃഷ്ടിച്ചു. യാക്കോബായ സഭയില്‍ നിന്നും കേവലം 1889 ല്‍ മാത്രം തെറ്റിപ്പി രിഞ്ഞു രൂപീകരിക്കപ്പെട്ട മാര്‍ത്തോമ്മ സഭ കെട്ടുറപ്പോടെ വളര്‍ന്ന പ്പോഴാണ് യോഹന്നാന്റെ വേര്‍പാടുണ്ടായത്. ആയിരങ്ങളാണ് അന്ന് പിരിഞ്ഞത്. അത് സഭാധികാരികളെ ഇരുത്തി ചിന്തിപ്പിച്ചു. അവരിലെ ആഢ്യക്രിസ്ത്യാനികള്‍ ഒട്ടും തന്നെ ചോര്‍ന്നില്ലെങ്കെിലും അവശ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെയാണ് ചോര്‍ന്നു പോയത്. പ്രത്യേകിച്ചും യോഹന്നാന്‍ ഉപദേശിയുടെ സമുദായമായ സാംബവ സമുദായത്തില്‍ പ്പെട്ടവര്‍.

ഏതു ഓണം വരാനും ഒരു മൂലം വേണമല്ലോ. ആയിടെ പുല്ലാട്ട് മരിച്ച ഒരു ദലിത് ക്രിസ്ത്യാനിയുടെ ശവം ക്രൈസ്തവരുടെ സെമിത്തേ രിയില്‍ തന്നെ ആഢ്യക്രിസ്ത്യാനികളുടെ ശവവും മറവു ചെയ്യുന്നിടത്ത് മറവു ചെയ്തു. അത് ആഢ്യക്രൈസ്തവരുടെ കഠിനമായ പ്രതിഷേധ ത്തിനും പ്രക്ഷോഭത്തിനും കാരണമായി. പ്രക്ഷുബ്ധരായ ആഢ്യ ക്രൈസ്തവര്‍ ആ ശവം എടുത്തു ദൂരെ എറിഞ്ഞു. പുല്ലാട്ടെ പുല്ലരികാട്ട് ശ്മശാനത്തിലാണ് ആ സംഭവം നടന്നത്. അത് അവിടെത്തെ അവശ ക്രൈസ്തവരെ യോഹന്നാന്‍ ഉള്‍പ്പെടെ ഏറെപ്പേരെ ഒന്നു മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മതം മാറിയാലും കുരിശു ചുമന്നാലും ബൈബിള്‍ താങ്ങിയാലും ദലിതന്‍ ദലിതന്‍ തന്നെ. മരിച്ചുകഴിഞ്ഞാലുംഅയിത്തം നിലനില്‍ക്കും. അപ്പോള്‍ അത് സ്വര്‍ഗ്ഗത്തിലും കാണുമായിരിക്കും. അയിത്തമുള്ള സ്വര്‍ഗ്ഗം ഞങ്ങള്‍ക്കു വേണ്ട എന്ന് യോഹന്നാന്റെ നേതൃത്വത്തില്‍ ഒരുനല്ല വിഭാഗം ദലിത് ക്രൈസ്തവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ബൈബിളിന് കടലാസിന്റെ വിലയേയുള്ളു. ജീവിതം മനുസ്മൃതിയെ ആസ്പദമാക്കിയാണ് നിര്‍വ്വഹിച്ചിരുന്നത്. അദ്ദേഹം മാര്‍ത്തോമ്മ സഭയില്‍ നിന്നും പിരിഞ്ഞു. ആഢ്യക്രിസ്ത്യാ നികളുടെ ജീവിതസമ്പ്രദായത്തെ അങ്ങേയറ്റം വെറുത്തു. ആ സംഭവം നടന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലായിരുന്നു. അതിനും അര നൂറ്റാണ്ടിനു ശേഷം കുറവിലങ്ങാട്ട് കത്തോലിക്ക പള്ളിയിലും ഇത്തരമൊരു സംഭവം ആവര്‍ത്തിച്ചു. അത് സംബന്ധിച്ച് അന്നുനടത്തിയ പ്രതിഷേധ യോഗത്തില്‍ ഈ ലേഖകനും പങ്കെടുത്തതാണ്. എങ്കിലും യോഹന്നാന്‍ ഉപദേശിക്ക് ബൈബിള്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല. വളരെ ചെറുപ്പം മുതല്‍ വായിച്ചു പഠിച്ചതല്ലേ. ആ പാരമ്പര്യത്തിലല്ലേ വളര്‍ന്നത്. അതിനാല്‍ ബൈബിള്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതും കൂടുതല്‍ ആത്മാര്‍ത്ഥത യോടെ കാണുന്നതും എന്ന് അദ്ദേഹത്തിനു തോന്നിയ ബ്രദറന്‍ സഭയിലേയ്ക്കു മാറി. അങ്ങനെയാണ് ഉപദേശിയും കൂട്ടരും ബ്രദറന്‍ സഭയില്‍ എത്തിയത്. അവിടെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹം അവിടെ ഒരു എരിവുള്ള പ്രാസംഗികനായി മാറി. പോരെങ്കില്‍ ആയിരക്കണക്കിന് അനുയായികളുമായിട്ടാണ് ചെന്നത്. പക്ഷെ അതും അധികനാള്‍ നീണ്ടുനിന്നില്ല. അദ്ദേഹം മാര്‍ത്തോമ്മസഭ യില്‍ നിന്നും പിരിഞ്ഞത് ഒരു മരണം മൂലമാണെങ്കില്‍ ബ്രദറന്‍ സഭയില്‍ നിന്നും പിരിയാന്‍ കാരണം ഒരു വിവാഹമാണ്. മറിയാമ്മ എന്ന ഒരു ആഢ്യക്രൈസ്തവ സ്ത്രീയും വെള്ളന്നൂര്‍ക്കാരന്‍ ദാനിയേല്‍ എന്ന ഒരു ദലിത് ക്രൈസ്തവനും പ്രേമബദ്ധരായി. യോഹന്നാന്‍ അവരുടെ വിവാഹം നടത്തികൊടുക്കാന്‍ മുന്‍കൈയ്യെടുത്തു. ബ്രദറന്‍ സഭയിലെ മാത്രമല്ല മറ്റു സഭകളിലെയും ആഢ്യക്രൈസ്തവര്‍ക്ക് അത് രസിച്ചില്ല. സഭ ഏതായാലും ആഢ്യന്‍മാര്‍ ആഢ്യന്‍മാര്‍ തന്നെ. അവശന്‍മാര്‍ അവശന്‍മാരും. ഒരു 'സവര്‍ണ്ണ'യും ഒരു ദലിതനും തമ്മിലുള്ള ബന്ധം അവര്‍ക്കു സഹിക്കുകയില്ല. ബ്രദറന്‍ എന്ന പേരു മാത്രം. സാഹോദര്യ മില്ല.

1850 ല്‍ എല്‍.എം.എസ്സിലെ ചാള്‍സ് മീഡ് എന്ന ഒരു യുറോപ്യന്‍ മിഷനറി തന്റെ ഭാര്യയുടെ നിര്യാണാനന്തരം ഉന്നതവിദ്യാഭ്യാസം ലഭിച്ച മുന്‍ അടിമവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വനിതയെ പുനര്‍വിവാഹം ചെയ്ത പ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ പ്രസിദ്ധമാണ്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കഴിയാതെ വന്നപ്പോള്‍ യൂറോപ്പില്‍ എല്‍.എം.എസിന്റെ കേന്ദ്ര അധികാരികള്‍ക്ക് എഴുതി. അവര്‍ മുന്‍ അടിമവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സ്ത്രീയാണ് (പറയ സ്ത്രീ) എന്നതുമാത്രമാണ് ആ പരാതിയുടെ കാരണം. പരാതിപ്പെട്ടത് യൂറോപ്യന്‍മാരാണ്. ജാതി എന്താണെന്ന് എന്നുപോലും അറിഞ്ഞു കൂടാത്തവര്‍. അവര്‍ ഏതാനും നാള്‍ കേരളത്തില്‍ താമസിച്ചതിന്റെ ഫലമാണത്. ആരേയും ആകര്‍ഷിച്ചു വലയിലാക്കുന്ന ജാതിപിശാചിന്റെ വലയില്‍ ആ യൂറോപ്യന്മാരും വീണുപോയി. അദ്ദേഹത്തെ അവര്‍ എല്‍.എം.എസ്സില്‍ നിന്നും പുറംതള്ളി. പിന്നെ അദ്ദേഹം ജീവിക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഒരു ജീവനക്കാരനായി മാറി. സ്വന്തം നിലയില്‍ മിഷനറി പ്രവര്‍ത്തനം തുടരുകയും ചെയ്തു Conversion and Social equality in India എന്ന ഗ്രന്ഥം 48-ാം പേജില്‍ ആ വിവരം പറയുന്നുണ്ട്. എല്‍.എം.എസ് മിഷനറിമാര്‍ മാത്രമല്ല സി.എം.എസ്സിലെയും മറ്റ് എല്ലാ മിഷനറി സമൂഹത്തില്‍പ്പെട്ട യൂറോപ്യന്‍മാരും അന്ന് ആ വിവാഹത്തെ എതിര്‍ത്തു. ജാതിചിന്ത ഇന്ത്യയിലെ ആഢ്യക്രിസ്ത്യാനി കളില്‍ മാത്രമല്ല അവരോട് ബന്ധപ്പെട്ട യൂറോപ്യന്‍ ക്രൈസ്തവരിലും പടര്‍ന്ന് പിടിച്ചിരുന്നു. അത് ഇന്റര്‍നെറ്റിലെ വൈറസ് പോലെയായി രുന്നു.

ആഢ്യന്‍മാര്‍ യോഹന്നാന്‍ ഉപദേശിയെ വളഞ്ഞു മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. രാത്രിയില്‍ അദ്ദേഹത്തിന് സ്വന്തം വീടുപേക്ഷിച്ച് കടപ്രയില്‍ കുഴിപറമ്പില്‍ പത്രോസിന്റെ വീട്ടില്‍ അഭയം തേടേണ്ടിവന്നു. ശത്രുക്കള്‍ അവിടെയും അദ്ദേഹത്തെ വളഞ്ഞു. അവസാനം കരിമ്പില്‍കാട്ടില്‍ ഒളിച്ചിരുന്ന് രക്ഷപ്പെട്ടു. അതാണ് അദ്ദേഹം ബ്രദറന്‍ സഭയെ ഉപേക്ഷിക്കാന്‍ കാരണമായത്. സഭ ബ്രദറനായിരുന്നു വെങ്കിലും സഭയിലെ അംഗങ്ങള്‍ ബ്രദേഴ്‌സ് - സഹോദരങ്ങളായിരുന്നില്ല. യേശുവിന്റെ തിരുശരീരവും തിരുരക്തവുമാണ് ഒരു പാത്രത്തില്‍ നിന്നും സ്വീകരിച്ചിരുന്നെങ്കിലും മുന്‍ അയിത്തക്കാരന്‍ സ്പര്‍ശിച്ചതാണെങ്കില്‍ പിന്നെ അത് ആ്്യ ക്രൈസ്തവന് സ്വീകരിക്കുവാന്‍ പാടില്ല. ഭക്ഷിക്കാന്‍ കൊള്ളുകയില്ല, മറിച്ച് ആകുകയും ചെയ്യാം. ഈ അയിത്തത്തെ ദൂരികരിക്കുവാന്‍ പോലും ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ശക്തിയുള്ളതായിരുന്നില്ല. യോഹന്നാന്റെ ചിന്ത ആ വഴിക്കാണ് പോയത്.

തെങ്ങില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ള് താഴെ വരുമ്പോള്‍ അതിനകത്ത് ഈച്ചയും പ്രാണിയും അതുപോലുള്ള പലതും കണ്ടു എന്നു വരും. അതെല്ലാം എടുത്തുകളഞ്ഞ ശേഷമാണ് അതുകുടിക്കുന്നത്. അതിന്റെ വിഷമൊന്നും കളളില്‍ പകരുകയോ കഴിക്കുന്ന ആളിന് ദോഷം ചെയ്യുകയോ ചെയ്യുകയില്ല. അതിനു തക്കവീര്യം കള്ളിനുണ്ട്. എന്നാല്‍ അയിത്തക്കാരന് കര്‍ത്താവിന്റെ തിരുശരീരരക്ത ങ്ങള്‍ ആദ്യം നല്‍കുന്നതുമൂലം അതിനുണ്ടാകുന്ന അയിത്തം നിര്‍വീര്യമാക്കാനുള്ള ശക്തി യേശുവിന്റെ ആ തിരു ശരീരത്തിനില്ല. പിന്നെ എന്തിന് നാം അത് ഭക്ഷിക്കണം എന്ന് യോഹന്നാന്‍ ചോദിച്ചതിന് ആഢ്യക്രൈസ്തവര്‍ക്ക് മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. പകരം അത് ചോദിച്ച ഉപദേശിയെ അവര്‍ വെറുക്കുകയാണ് ചെയ്തത്. മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയണ് ചെയ്തത്.

നിലവിലുള്ള ആചാരങ്ങള്‍ക്കെതിരായി പൊരുതിയ പലരും കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷെ യോഹന്നനെ പോലെ ശാരീരിക മര്‍ദ്ദനഭീഷണിക്ക് വിധേയരായവര്‍ മറ്റാരുമില്ല. യോഹന്നാന് എഴുപത് വര്‍ഷം മുമ്പ് ജനിച്ച വൈകുണ്ഠ സ്വാമികള്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി സമരം നയിച്ച വിപ്‌ളവകാരിയാ യിരുന്നു. ചാന്നാര്‍(നാടാര്‍) വംശത്തില്‍പ്പെട്ട അദ്ദേഹം ശുചീന്ദ്രം ക്ഷേത്രത്തിലെ തേരിന്റെ വടത്തില്‍ അനുയായികളുമൊത്ത് വലിച്ച് അതിനെ അശുദ്ധമാക്കി. അവിടത്തെ സവര്‍ണ്ണര്‍ അദ്ദേഹത്തനെതിരെ സര്‍ക്കാരില്‍ പരാതിപ്പെടുകയാണ് ചെയ്തത്. അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചു. ജയിലില്‍ നിന്നും പുറത്തു വന്നതിനുശേഷം കൂടുതല്‍ വിപ്‌ളവകരമായ നടപടികളി ലേയ്ക്ക് അദ്ദേഹം തിരിഞ്ഞു. അപ്പോഴും ആരും അദ്ദേഹത്തിന്റെ മേല്‍കൈവയ്ക്കാന്‍ തുനിഞ്ഞില്ല. അതേപ്പറ്റിയെല്ലാം വൈകുണ്ഠസ്വാമികള്‍ എന്ന ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

യോഹന്നാന് കാല്‍നൂറ്റാണ്ടു മുമ്പു ജനിച്ച നാരായണ ഗുരു ഏറെ വിപ്‌ളവകരമായ പലതും ചെയ്തു. പലതും പ്രസംഗിച്ചു. 1888 ല്‍ അദ്ദേഹം അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠച്ചു. ഒരു അയിത്ത ക്കാരന് ഒരിക്കലും ചെയ്യുവാന്‍ പാടില്ലാത്ത പ്രവൃത്തി. അന്ന് യോഹന്നാന് വെറും 9 വയസ്സു മാത്രം പ്രായം. അവിടെ നിന്നും കേരളം വളരെ മുമ്പോട്ട് പോയി എന്നു കരുതിയിരുന്ന കാലത്താണ് ബൈബിള്‍ പ്രസംഗിച്ചതിന്റെ പേരില്‍ യോഹന്നാനെ മര്‍ദ്ദിക്കാന്‍ തയ്യാറായത്. ഏതോ ഒരു സവര്‍ണ്ണന്‍ നാരായണഗുരുവിനോട് ചോദിച്ചു. ശിവലിംഗം പ്രതിഷ്ഠിക്കാന്‍ തനിക്ക് ആരാണ് അധികാരം തന്നത്. അതിനു ഉചിതമായ മറുപടി അദ്ദേഹം നല്‍കുകയും ചെയ്തു. പിന്നെ തന്റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം നിര്‍ബാധം മുന്നോട്ടു പോയി. യാഥാസ്ഥിതികരില്‍ അമര്‍ഷം ജനിപ്പി ക്കാവുന്ന പലതും അദ്ദേഹം ചെയ്തു. കാളി,കൂളി,ചാമുണ്ഡി തുടങ്ങിയ വിഗ്രഹങ്ങളെ എടുത്തു വലിച്ചെറിഞ്ഞു. തിരണ്ടു കല്യാണത്തിനു തയ്യാറായി വന്ന പെണ്‍കുട്ടികളെ പന്തലില്‍ നിന്നും എഴുന്നേല്പിച്ചു വിട്ടു. അങ്ങനെ പ്രകോപനമായ പലതും ചെയ്തു. ആരും അദ്ദേഹത്തിനു നേരെ കൈ പൊക്കിയില്ല. അനിഷ്ടകരമായ ഒരു വാക്കു പോലും ഉച്ചരിച്ചില്ല.

അയിത്തജാതിക്കാര്‍ക്ക് നടക്കാന്‍ വിലക്കിയിരുന്ന പൊതുവഴിയി ലൂടെ അയ്യന്‍കാളി നടന്നു. വില്ലുവണ്ടി വാങ്ങി അതില്‍ സഞ്ചരിച്ചു. ദിവാന്‍രാജഗോപാലാചാരിയെപ്പോലെ ഒരു തലേക്കെട്ടും ഷേര്‍വാണിയും ഉപയോഗിച്ചു. സവര്‍ണ്ണര്‍ എതിര്‍ത്തു. കൈ പൊക്കി. അതിനെക്കാള്‍ ശക്തമായി അദ്ദേഹവും കൈ പൊക്കി. അദ്ദേഹത്തിന്റെ ഉരുക്കു മുഷ്ടി കണ്ടപ്പോള്‍ പൊങ്ങിയ കൈകള്‍ താണു. ഒന്നു രണ്ടു പ്രാവശ്യം ഒന്നു പരീക്ഷിച്ചു നോക്കി. പിന്നെ ആരും ഒന്നിനും തയ്യാറായില്ല. അയ്യന്‍കാളി ദലിതനാ യിരുന്നു. യോഹന്നാന്‍ ദലിതനായിരുന്നു. ദലിതര്‍ അടിമകളാണ്. സ്വതന്ത്രചിന്ത പാടില്ല. സ്വന്തമായി അഭിപ്രായവും പാടില്ല. എന്നും എവിടെയും അത് അങ്ങനെയാണ്. ആഢ്യന്‍മാര്‍ പറയുന്നതു കേട്ടു ജീവിച്ചു കൊള്ളണം. അല്ലെങ്കില്‍ അടിക്കും.

യോഹന്നാന്‍ ഉപദേശി അയ്യന്‍കാളിയെപ്പോലുള്ള ഒരു കായികാ ഭ്യാസിയായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന് പല രംഗങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു. ശിഷ്യന്‍മാരുടെ കഠിനപ്രയത്‌നം മൂലം രക്ഷപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കരിമ്പിന്‍ക്കാട്ടില്‍ ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീ വേഷം കെട്ടി ഒളിച്ചു പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനെ പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അയ്യന്‍കാളിയും യോഹന്നാനും ദലിത് സമൂഹത്തില്‍പ്പെട്ടവരായിരുന്നു. വൈകുണ്ഠ സ്വാമികളും നാരായണഗുരുവും ദലിതരായിരുന്നില്ല. ഇന്നത്തെ പരികല്പന പ്രകാരം പിന്നോക്കക്കാരായിരുന്നു. മലയാളിക ളില്‍ സാമുദായികമായി ഈഴവര്‍ക്കുള്ള സ്ഥാനമാണ് തമിഴരില്‍ നാടാന്‍മാര്‍ക്ക് അല്ലെങ്കില്‍ ചാന്നാന്‍മാര്‍ക്കുള്ളത് എന്നു പറയപ്പെടുന്നു. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള അവകാശമുണ്ട്. അത് ദലിതര്‍ക്കില്ല. അവന്‍ അടിമയാണ്. അടിമമാത്രമാണ്. അമേരിക്കയില്‍ അടിമയ്ക്ക് ആത്മാവില്ലായിരുന്നു. പക്ഷെ അടിമയ്ക്ക് കുട്ടികളുണ്ടാ യാലുടനെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ ഉടമ ശ്രദ്ധിച്ചു പോന്നു. അത് എന്തിനു വേണ്ടിയാണ്? ഇല്ലാത്ത ആത്മാവിന്റെ രക്ഷയ്‌ക്കോ. ഇവിടെയും അതു തന്നെ അനുവര്‍ത്തിച്ചു. അതാണ് ജാതിമതഭേദമെന്യേ സവര്‍ണ്ണര്‍ സ്വീകരിച്ചിരിക്കുന്ന മനോഭാവം. അയ്യന്‍കാളിയെ എതിര്‍ത്തത് നായന്‍മാരും പിന്നെ ഈഴവരുമാണ്. ഉപദേശിയെ എതിര്‍ത്തത് നായരില്‍ നിന്നും ഈഴവരില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യാനി കളായിരുന്നു. ആഢ്യക്രൈസ്തവര്‍. നായരും ഈഴവരും ക്രിസ്ത്യാനി കളായാല്‍ ആഢ്യക്രിസ്ത്യാനികള്‍. ദലിതര്‍ ക്രിസ്ത്യാനിക ളായാല്‍ അവശക്രിസ്ത്യാനികള്‍. മതം ഹൈന്ദവമായാലും ക്രൈസ്തവമായാലും ദലിതരോടുള്ള സമീപനം തുല്യമാണ്. അയ്യന്‍കാളിയും ഒരു ഹൈന്ദവനാണ് എന്ന ധാരണയാണ് അദ്ദേഹത്തെ എതിര്‍ത്തഹൈന്ദവരായ സവര്‍ണ്ണര്‍ക്കുണ്ടായിരുന്നത്. യോഹന്നാന്‍ ഒരു ക്രിസ്ത്യാനിയാണ് എന്ന ധാരണയാണ് അദ്ദേഹത്തെ എതിര്‍ത്ത ക്രൈസ്തവര്‍ക്കുണ്ടായിരുന്നത്. അന്ന് അവരുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ യോഹന്നാന്‍ ഉപദേശി എന്നായിരുന്നു. കുമാരഗുരു എന്ന പേരു അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം അനുയായികള്‍ അവരുടെ ആവശ്യത്തിന് വേണ്ടി അദ്ദേഹത്തിനുമേല്‍ വച്ചുകെട്ടിയ പേരാണ് എന്ന ആരോപണത്തെക്കുറിച്ച് പറഞ്ഞുവല്ലോ. അത് അനധികൃതമാണ്. അനാവശ്യമാണ്. അതിനാല്‍ ജാതിക്കു മതം ഒരു പ്രശ്‌നമായിരുന്നില്ല. ബൈബിളില്‍ വിശ്വസിക്കുകയും ബൈബിള്‍ പഠിക്കുകയും എല്ലാം ചെയ്തവരുടെ അടിസ്ഥാനപ്രമാണം ഋക്‌വേദം പത്താം മണ്ഡലവും മനുസ്മൃതിയും ഭഗവത്ഗീതയും എല്ലാമാണ്. അതു കഴിഞ്ഞുള്ള ബൈബിള്‍ മാത്രമേ അവര്‍ക്കുള്ളു. ഇന്നും അതുതന്നെ യാണല്ലൊ സ്ഥിതി. ഇന്നും ദലിത് ക്രൈസ്തവര്‍ വേറെയാണല്ലോ. എന്തുകൊണ്ട് വേറെയായി? ക്രിസ്ത്യാനിയായതിനുശേഷം രണ്ടു നൂറ്റാണ്ടു കഴിഞ്ഞവരുടെ സന്തതികള്‍ ഇന്നും പരിവര്‍ത്തന ക്രൈസ്തവരാണല്ലൊ. ജാതി ഏതായാലും മനുഷ്യന്‍ നന്നാകണമെന്ന് നാരായണഗുരു പോലും പറഞ്ഞില്ല. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഹിന്ദുമതത്തില്‍ ഏതെങ്കിലും ഒരു ജാതിയില്‍പ്പെടാ ത്തവരില്ല. അവര്‍ ഹിന്ദുവല്ല, ഈഴവനോ നായരോ പുലയനോ പറയനോ ആണ്. ക്രിസ്തുമതത്തിലും സ്ഥിതി അതു തന്നെയാണ്. ദലിത് ക്രിസ്ത്യാനി, ലത്തീന്‍ ക്രിസ്ത്യാനി, സുറിയാനി ക്രിസ്ത്യാനി, ക്‌നാനായ ക്രിസ്ത്യാനി ഇതില്‍ ഏതിലെങ്കിലും ഒന്നില്‍പ്പെടാത്ത ക്രിസ്ത്യാനിയുണ്ടോ? ദലിത്ക്രിസ്ത്യാനികളില്‍ തന്നെ പറയക്രിസ്ത്യാ നിയും പുലയക്രിസ്ത്യാനിയും കുറവക്രിസ്ത്യാനിയും ഉണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളെ മൊത്തം ഹൈന്ദവ ക്രിസ്ത്യാനി കള്‍ എന്നു വിളിക്കാം. നാരായണഗുരു പറഞ്ഞതുപോലെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാ നമാണിത്.