"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 27, ബുധനാഴ്‌ച

നിഷേധികള്‍ - കാവില്‍ രാജ്

കൊല്ലിനും കൊള്ളയ്ക്കും 
കൊള്ളിവെപ്പിക്കാനും
കുടിയൊഴിപ്പിക്കാനും
പാട്ടവും ഏത്തവും
കാഴ്ച്ചവെപ്പിക്കാനും ജന്മികള്‍.

പട്ടിണിയോടെ പാടത്തു പണിയാനും
ചത്ത കാലികളെ കുഴിച്ചുമൂടാനും
പതിരുള്ള പതം വാങ്ങാനും
പടുപ്പെടുത്ത് അലക്കാനും ഞങ്ങള്‍.

അധികാരികളും അധഃകൃതരും
അകലത്തില്‍ നിന്ന ഭൂതകാലം
അന്നൊരാള്‍ തലപ്പാവുകെട്ടി,
നിഷേധിക്കപ്പെട്ട വീഥികളിലൂടെ,
നാട്ടുപ്രഭുക്കളെ വിറപ്പിച്ചുകൊണ്ട്
വില്ലുവണ്ടിയില്‍ പാഞ്ഞു വന്നു.

സവര്‍ണ്ണ വരാഹങ്ങള്‍ മുക്രയിട്ടപ്പോള്‍
ഞങ്ങള്‍ രക്തസാക്ഷികളായി.
എരിയുന്ന പന്തമായി
പുകയുന്ന ചിന്തയുമായി
ജ്വലിക്കുന്ന കണ്ണുകളോടെ
പ്രതിഷേധത്തിന്റെ മുഷ്ടികളോടെ 
നീ ഗര്‍ജ്ജിച്ചു.

പള്ളികളിലും പള്ളിക്കൂടങ്ങളിലും 
അന്തപ്പുരങ്ങളിലും അമ്പലങ്ങളിലും
ആ ഗര്‍ജ്ജനം പ്രതിധ്വനിച്ചു. 

മാറുമറയ്ക്കാനും തറ്റുടുക്കാനും
കല്ലുമാലകള്‍ പൊട്ടിച്ചെറിയാനും
ചോരയ്ക്കു പകരം ചോദിക്കാനും
ധീരയുവത്വത്തെ ശ്‌ളാഘിക്കാനും
സ്വാതന്ത്ര്യത്തിനായ് ശബ്ദിക്കാനും
നീ ധൈര്യം തന്നു.

അനീതികളും അക്രമങ്ങളും
അനാചാരങ്ങളും അയിത്തവും 
അറിവിന്റെ വെളിച്ചത്തില്‍
തുടച്ചുമാറ്റിയ നിന്റെ പാതയിലൂടെ
ഞങ്ങളിതാ മുന്നോട്ടു വരുന്നു.

അഭ്യസ്തവിദ്യരാകാനും
അധികാരം പിടിച്ചെടുക്കാനും
അനാദികാലം മുതല്‍ക്കുള്ള
അടിമത്തത്തില്‍ നിന്നുയിര്‍-
ത്തെഴുന്നേല്‍ക്കാനും കുതിക്കുന്നത് 
നിഷേധങ്ങളാണെങ്കില്‍
ഞങ്ങള്‍ നിഷേധികളാണ്. 
------------ 
പടുപ്പ്-സവര്‍ണ്ണസ്തീകളുടെ അഴുക്കുവസ്ത്രം.
വില്ലുവണ്ടി-സവര്‍ണ്ണരുടെ വാഹനം