"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 13, ബുധനാഴ്‌ച

ശഹീദ് - ഇ - അസം സര്‍ദാര്‍ ഉദ്ധം സിംഗ്: ധീരദേശാഭിമാനിയായ ദലിതന്‍

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മൈക്കിള്‍ ഒ'ഡ്വെയറെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ചെന്ന് വധിച്ചതിലൂടെ വിഖ്യാതനായ ഉദ്ധം സിംഗ് 1889 ഡിസംബര്‍ 26 ന് സന്‍ഗൂര്‍ ജില്ലയിലെ രാജനഗരമായ പട്യാലക്ക് അടുത്ത് സുനം എന്ന നാട്ടിന്‍ പുറത്താണ് ജനിച്ചത്. ഇപ്പോള്‍ ഈ നാട്ടിന്‍പുറം സുനം ഉദ്ധം സിംഗ് വാല എന്ന് അറിയപ്പെടുന്നു. ഉദ്ധം സിംഗിന്റെ അച്ഛന്‍ സര്‍ദാര്‍ തെഹല്‍ സിംഗും അമ്മ സര്‍ദാരിണി ഹര്‍നം കൗറും ആയിരുന്നു. ഉദ്ധം സിംഗിന്റെ മാതാപിതാക്കള്‍, ഇറിഗേഷന്‍ വകുപ്പില്‍ ഓവര്‍സീയറായിരുന്ന സര്‍ദാര്‍ ധന്ന സിഗ് ജി യുടെ പ്രേരണയാല്‍ സിഖ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു. അതിനുമുമ്പ് സര്‍ദാര്‍ തെഹല്‍ സിംഗിന്റെ പേര് ശ്രീ ചുഹാര്‍ രാം എന്നും സര്‍ദാരിണി ഹര്‍നം കൗറിന്റെ പേര് ശ്രീമതി നാരായണ ദേവി എന്നുമായിരുന്നു. അവര്‍ ഉത്തര്‍ പ്രദേശിലെ ഇറ്റാ നഗറിലെ പട്യാലിയിലാണ് താമസിച്ചിരുന്നത്. ചുഹാര്‍ റാം ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ ഒരു ഗ്രാമത്തിലാണ് താമസിച്ചിരുന്നതെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ജമ്മു കാശ്മീരിലെ കാംബോജി ഗോത്രത്തില്‍ പെടുന്ന ചമാറുകളുടേതാണ് അവരുടെ തായ് വഴി. ഗുരു രവിദാസിന്റെ പിന്‍തുടര്‍ച്ചക്കാരായ അസ്പൃശ്യ സമുദായക്കാരാണ് ചമാറുകള്‍. 1414 - 1540 എ ഡിയാണ് ഗുരു രവിദാസിന്റെ കാലഘട്ടം. ബനാറസിലാണ് ഗുരു രവിദാസ് ജനിച്ചത്.

1980 ല്‍ ഉത്തര്‍ പ്രദേശിലെ പട്യാലിയില്‍ നിന്നും പഞ്ചാബിലെ പട്യാലയിലെ സുനം എന്ന നാട്ടിന്‍ പുറത്തേക്ക് ചുഹര്‍ റാമും നാരായണ ദേവിയും എത്തിപ്പെട്ടത്, കൃഷിപ്പണിയെടുക്കുന്നതിനും ഭൂവുടമകളുടെ ഇഷ്ടികക്കളങ്ങളില്‍ പണിയെടുക്കുന്ന തിനുമായാണ.് വളരെ പാവപ്പെട്ട ദലിത് കുടുംബത്തില്‍ പെട്ട അവര്‍ക്ക് അവിടെയും കുറഞ്ഞ കൂലിക്ക് കഠിനമായ ജോലികള്‍ ചെയ്യേണ്ടതായി വന്നു. സുനം നാട്ടിന്‍പുറത്തു നിന്നും അഞ്ച് കിലോ മീറ്റര്‍ അകലത്തുള്ള നീലോവല്‍ എന്ന കൃഷിപ്പാടത്ത് പണിയെടുക്കാന്‍ ചെന്നപ്പോഴാണ് സര്‍ദാര്‍ ധന്നാ സിംഗിനെ പരിചയപ്പെടുന്നത്. നിഷ്‌കളങ്കരായ ആ കര്‍ഷകത്തൊഴിലാളി ദമ്പതികളുടെ കഠിനാധ്വാനശീലം നേരിട്ട് ബോധ്യമായ സര്‍ദാര്‍ ധന്നാ സിംഗിന് അവരില്‍ അങ്ങേയറ്റം മതിപ്പുളവാക്കി. സിഖ്മതത്തോട് ധന്നാ സിംഗിനുള്ള അര്‍പണ ബോധം ചുഹര്‍ റാം ദമ്പതികളേയും വല്ലാതെ ആകര്‍ഷിച്ചു.

സിഖ്മതം സ്വീകരിക്കുന്നതിന് മാത്രമല്ല സര്‍ദാര്‍ തെഹല്‍ സിംഗിന് ധന്നാ സിംഗ് പ്രേരണയായത്. തെഹല്‍ സിംഗിന് റെയില്‍വേ ഗേറ്റ് കീപ്പറുടെ ജോലി തരപ്പെടുത്തി കൊടുക്കുന്നതിലേക്ക് ഈ ബന്ധം വളര്‍ന്നു. സുനാമില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ അകലെ ഉപ്പാലി റെയില്‍വെ സ്റ്റേഷനിലായിരുന്നു തെഹല്‍ സിംഗിന് ജോലി തരമായത്. ഉത്തര്‍ പ്രദേശില്‍ നിന്ന് പോരുമ്പോള്‍ തെഹല്‍ സിംഗിനും സര്‍ദാരി ണിക്കും ഒപ്പം മൂത്ത മകള്‍ മായാ കൗറും കൂടെയുണ്ടായിരുന്നു. സുനാമില്‍ ഒരു കൊച്ചുകൂരയില്‍ സ്ഥിരതാമസമാക്കിയതിനു ശേഷം തെഹല്‍ സര്‍ദാരിണിമാര്‍ക്ക് രണ്ട് ആണ്‍മക്കള്‍ കൂടി പിറന്നു. രണ്ടാമത്തെ മകനാണ് ഉദ്ധം സിംഗ്. മൂത്ത മകന് മുഖാ സിംഗ് എന്നാണ് പേര്. ഉദ്ധം സിംഗിനെ ആദ്യം വിളിച്ചിരുന്ന പേര് ഷേര്‍ സിംഗ് എന്നായിരുന്നു.

മക്കളുടെ കുട്ടിക്കാലത്തുതന്നെ അച്ഛനമ്മമാരായ തെഹല്‍ സിംഗും സര്‍ദാരിണിയും പെട്ടെന്നു മരണമടങ്ങത് ഉദ്ധം സിങിന്റെ ജീവിതത്തിലെ ആദ്യ ദുരന്തമായിരുന്നു. മുത്ത സഹോദരന് പത്തും ഉദ്ധം സിംഗിന് അഞ്ചും വയസുള്ളപ്പോള്‍ത്തന്നെ ഇരുവരും അനാഥരായി. സര്‍ദാര്‍ ധന്നാ സിംഗിന്റെ മരുമകനായ സര്‍ദാര്‍ ചഞ്ചല്‍ സിങ് രണ്ടുവര്‍ഷത്തോളം രണ്ടുകുട്ടികളേയും നോക്കി. 1907 ഒക്ടോബര്‍ 24 ന് അമൃത്സര്‍ പുത്‌ലി ദാര്‍ഹിന് അടുത്തുള്ള സെന്‍ട്രല്‍ ഖസ്ല രാം ബാഹ് അനാഥാലയ ത്തില്‍ മുഖാ സിംഗിനേയും ഷേര്‍ സിംഗിനേയും സര്‍ദാര്‍ ചഞ്ചല്‍ സിംഗ് കൊണ്ടുചെന്നാക്കി. ധന്നാം സിംഗിന്റെ മകളും ചഞ്ചല്‍ സിംഗിന്റെ ഭാര്യയുമായ സര്‍ദാരിണി മായാ കൗര്‍ രണ്ടു കുട്ടികളേയും സ്വന്തം മക്കളെ പോലെ പരിപാലിച്ചു. അവിടെ വെച്ചാണ് മുഖാ സിംഗിന് സാധു സിംഗ് എന്നും ഷേര്‍ സിംഗിന് ഉദ്ധം സിംഗ് എന്നും പേരുകള്‍ മാറ്റി നല്കിയത്. അനാഥാലയത്തിലെ പാചകക്കാരനായിരുന്ന പണ്ഡിറ്റ് ജയ് ചന്ദ് ആണ് ബാലനായ ഉദ്ധം സിംഗിന്റെ ഉള്ളില്‍ വിപ്ലവത്തിന്റെ വിത്തുകള്‍ പാകിയത്. ബാലനായ ഉദ്ധം സിംഗിന്റെ വിനയവും ഊര്‍ജസ്വലതയും സത്യസന്ധതയും പണ്ഡിറ്റ് ജയ്ചന്ദിന്റെ ഭാര്യയിലും സര്‍ദാരിണി മായാ കൗറിലും വളരെയധികം മതിപ്പുളവാക്കി. ഇരുവരും മാതാക്കളെ പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത്.

1913 ല്‍ പൊടുന്നനെ ഒരു ദിവസം സാധു സിംഗ് ആരോടും പറയാതെ അനാഥാലയം വിട്ടു. പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. 1917 ല്‍ എന്നോ സാധു സിംഗ് മരണപ്പെട്ടതായി അറിവു ലഭിച്ചു. തീര്‍ത്തും അനാഥനായ ഉദ്ധം സിംഗിന് വീണ്ടും കനത്ത ആഘാതമായിരുന്നു സഹോദരന്റെ വേര്‍പാട് നല്കിയത്.

1919 ല്‍ മെട്രിക്കുലേഷന്‍ പാസായതിനു ശേഷം ഉദ്ധം സിംഗ് അനാഥാലയം വിട്ടു. മരപ്പണിയും ഡ്രൈവിംഗും പഠിച്ച് അനാഥാലയത്തിനടുത്തുള്ള ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി നോക്കി. അതോടൊപ്പം ഗുസ്തിയിലും സംഗീതത്തിലും ഉദ്ധം സിംഗ് പ്രാവീണ്യം നേടി. എന്നാല്‍ വാസ്തവത്തില്‍ ആ സ്ഥാപനം വിപ്ലവകാരികളുടെ ഒരു രഹസ്യ കേന്ദ്രമായിരുന്നു! (ക്രാന്തികാരീസ് റെവല്യൂഷനറി ഫ്രീഡം ഫൈറ്റര്‍) അവിടെ വെച്ചാണ് ഉദ്ധം സിംഗ് സര്‍ദാര്‍ ഭഗത് സിംഗിനേയും രാജ് ഗുരുവിനേയും സുഖ് ദേവിനേയും കണ്ടുമുട്ടുന്നത്.

1914 ലെ റൗലത്ത് ആക്ട്, ആരേയും അറസ്റ്റ് ചെയ്യാനും വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കാനുമുള്ള അധികാരം ബ്രിട്ടീഷ് ഗവണ്മെന്റിന് നല്കിയിരുന്നു. ഈ നിയമം ഇന്ത്യയൊട്ടാകെ അവര്‍ നടപ്പാക്കുകയും ചെയ്തിരുന്നു. ഈ കരിനിയമത്തിനെതിരേ പ്രാദേശിക നേതാക്കന്മാര്‍ പറയുന്നതു കേള്‍ക്കാനും ഈ നിയമമുപയോഗിച്ച് ഡോ. സത്യപാലിനേയും ഡോ. സെയ്ഫുദ്ദീന്‍ കിഷ്‌ലേവിനേയും മറ്റും അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിക്കാനുമായാണ് ഏറേയും ദലിതരും ദലിത് സിഖുകാരുമടങ്ങുന്ന ഇരുപതിനായിരത്തോളം അജ്ഞാതരായ ആളുകള്‍ ജാലിയന്‍വാലാ ബാഗിലെ അമൃത്സറില്‍ 1919 ഏപ്രില്‍ 13 ന് തടിച്ചു കൂടിയത്. കടുത്ത ചൂട് അനുഭവപ്പെടുന്ന വേനല്‍ക്കാലമായിരുന്നതിനാല്‍ ഉദ്ധം സിംഗും അനാഥാലയത്തിലെ അന്തേവാസി കളായ സുഹൃത്തുക്കളും ചേര്‍ന്ന് സമ്മേളനത്തിനെത്തിയവര്‍ക്ക് കുടിവെള്ളമെത്തിച്ചു കൊടുക്കുന്ന സേവനം ചെയ്യുകയായിരുന്നു. പൊടുന്ന, തോക്കും ബയണറ്റുകളുമേന്തിയ 90 പേരടങ്ങുന്ന സൈനികരും യന്ത്രത്തോക്കുകളേന്തിയ രണ്ട് കവചിത വാഹനവും വന്ന് സമ്മേളനം നടന്ന മൈതാനം വളഞ്ഞു. എന്നാല്‍ കവചിത വാഹനത്തിന് ഇടുങ്ങിയ വഴിയിലൂടെ മൈതാനത്തിന് അകത്തേക്ക് കയറുവാനായില്ല.

5: 15 pm ന് സായുധ പൊലീസ് ബാഗിനുള്ളിലേക്ക് കയറി. ജലന്ധറിലെ 45 ആം ഇന്‍ഫാന്‍ട്രി ബ്രിഗേഡിന്റെ കമാന്ററായിരുന്ന റെജിനാള്‍്ഡ് എഡ്വാര്‍ഡ് ഹാരി ഡെയര്‍ (Reginald Eward Harry Dyer) സമ്മേളനത്തിന് എത്തിയവരെ ഒന്ന് അനങ്ങുവാന്‍ പോലും അനുവദിക്കാതെ വെടിയുതിര്‍ക്കുവാന്‍ ഉത്തരവിട്ടു! തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ മൂന്ന് ധീര ദേശാഭിമാനികളായ ദലിത് നേതാക്കളുമുണ്ടായിരുന്നു. ബുദ്ധ സിംഗും മംഗില്‍ സിംഗും ദുലിയാ സിംഗ് ധോബി (അലക്കുകാരന്‍) ആയിരുന്നു ആ മൂന്നു പേര്‍ അവരെ മൂന്നു പേരേയും ആദ്യം വെടിവെക്കാന്‍ പറഞ്ഞ് ഡെയര്‍ അലറി.... വെടിയുണ്ടകള്‍ക്കു മുന്നില്‍ ധീരദേശാഭിമാനികളായ ആ ദലിതര്‍ പതറിയില്ല! ജെനറല്‍ ഡെയര്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ മൂവരുടേയും നഞ്ച് തുളച്ചുകൊണ്ട് ചീറി...!!!! പത്തു മിനറ്റുകഴിഞ്ഞ് നോക്കുമ്പോള്‍ ജാലിയന്‍വാലാ ബാഗില്‍ ജീവനുള്ള ഒരു ശരീരവും അവശേഷി ച്ചിരുന്നില്ല...!!! പ്രാണരക്ഷാര്‍ത്ഥം ഓടിയവരില്‍ ചിലര്‍ മതിലില്‍ കുടുങ്ങി അപകടം പിണഞ്ഞും ജീവന്‍ വെടിഞ്ഞും.. ഇങ്ങനെ 120 ശവശരീരങ്ങള്‍ മതിലിനു സമീപം കാണപ്പെട്ടു....!!!!!

കേണല്‍ ഡെയര്‍ സ്വയം നിര്‍മിച്ച പട്ടാള നിയമമനുസരിച്ചാണ് ഈ കൊടുംക്രൂരത കാട്ടിക്കൂട്ടിയത്. എന്നാല്‍ 1915 വരെ ഡെയര്‍ കൊണ്ടുവന്ന ഈ നിയമത്തിന് ഏപ്രില്‍ 15 വരെ പ്രാബല്യം ബ്രിട്ടീഷ് ഗവണ്മെന്റ് നല്കിയിരുന്നുമില്ല! ഏപ്രില്‍ 12 ന് തന്നെ തന്റെ 'സ്വയം കൃത പട്ടാള നടപടി' ഡെയര്‍ ജലന്ധറില്‍ പ്രഖ്യാപിച്ചിരുന്നു! ഇതനുസരിച്ച് ജനങ്ങള്‍ കൂട്ടംകൂടുവാനോ മീറ്റിങ്ങുകള്‍ നടത്തുവാനോ പാടുള്ളതല്ല. ഡെയറിന്റെ സംഘത്തിലാകട്ടെ 475 ബ്രിട്ടീഷ് സൈനികരും 710 ഇന്ത്യന്‍ സൈനികരും ഉള്‍പ്പെട്ടിരുന്നു.

ജാലിയന്‍വാലാ ബാഗ് വെടിവെപ്പില്‍ നൂറുണക്കിന് ദലിതുകള്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. 337 ആണുങ്ങളും ആറ് ആഴ്ചമാത്രം പ്രായമുള്ള ഒരു ശിശുവും 41 കുട്ടികളും മാത്രമേ കൊല്ലപ്പെട്ടിരുന്നുള്ളൂ എന്ന് ഔദ്യോഗിക കണക്ക്. പല ചരിത്ര നിരീക്ഷകരും അക്കാലത്ത് ജീവിച്ചിരുന്ന മറ്റ് പ്രമുഖരും താന്താങ്ങളുടേതായ കണക്കുകള്‍ നിരത്തുന്നുണ്ടെങ്കിലും ഇന്നുവരെയും കൃത്യമായി എണ്ണം തിട്ടപ്പെടുത്താന്‍ ആര്‍ക്കുമായിട്ടില്ല. അക്കാലത്ത് അമൃത്സറിലെ സിവില്‍ സര്‍ജനായിരുന്ന ഡോ. സ്മിത്താണ് ഏറ്റവും കൂടിയ സംഖ്യ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ 1,650 പേര്‍ക്ക് വെടിവെപ്പില്‍ ജീവഹാനിയുണ്ടായി.

Jhooth Na Bol Pande എന്ന ഹിന്ദി ഭാഷയിലുള്ള ഗ്രന്ഥത്തിന്റെ കര്‍ത്താവായ സര്‍ദാര്‍ ഗുര്‍നാം സിംഗ് സൂകസ്തര്‍ തന്റെ ഗ്രന്ഥത്തിന്റെ 283 ആം പേജില്‍ എഴുതിയിട്ടുള്ളത് ജാലിയന്‍വാലാ ബാഗില്‍ ഒത്തു കൂടിയവര്‍ ബ്രിട്ടീഷ് കരിനിയമ ത്തിനെതിരേ പ്രതിഷേധിക്കാന്‍ ഒത്തു കൂടിയവരായിരുന്നില്ലെന്നാണ്. അത് ദലിത് സിഖുകാരുടെ ഒരു സമ്മേളനമായിരുന്നുവത്രേ. സവര്‍ണ സിഖുകാരനായ ഗ്രാന്ധി അറൂര്‍ സിംഗ് ദലിത് സിഖുകാരുണ്ടാക്കുന്ന അലുവ വില്‍ക്കുന്നതിനായി അമൃത്സറിലോ പരിസരപ്രദേശത്തോ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. അറൂര്‍ സിംഗിന്റെ ഈ നടപടിയില്‍ പ്രതിഷേധിക്കാനാണ് ദലിത് സിഖ്കാര്‍ സൈനികരായ മറ്റ് അസ്പൃശ്യരോടൊപ്പം ജാലിയന്‍വാലാ ബാഗില്‍ ഒത്തുകൂടിയത്. ഇതില്‍ അമര്‍ഷം പൂണ്ട ഗ്രാന്ധി അറൂര്‍ സിംഗ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഡെയര്‍ സൈന്യവുമായി എത്തുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കമാണിതെന്ന് ഗ്രാന്ധി അറൂര്‍ സിംഗ് ഡെയറെ തെറ്റിദ്ധരിപ്പിച്ചു. ഗ്രാന്ധി തന്നെയാണ് ആ മൂന്ന് ദലിത് നേതാക്കളേയും ഡെയറിന് ചൂണ്ടിക്കാണിച്ചു കൊടുത്തതത്രേ.

തടിച്ചുകൂടിയവര്‍ക്ക് വെള്ളം എത്തിച്ച ശേഷം ഉദ്ധം സിംഗിനു കൂടി ഇരിക്കുവാന്‍ മൈതാനത്ത് ഇടമുണ്ടായിരുന്നില്ല. നേതാക്കന്മാരുടെ പ്രസംഗം കേള്‍ക്കുന്നതിനായി ഉദ്ധം സിംഗ് ഒരു മരത്തില്‍ കയറില്‍ അതിന്റെ മുകളില്‍ ഇരുപ്പുറപ്പിച്ചു. അപ്പോഴാണ് സൈന്യം വന്നതും വടിവെച്ചതും. മരത്തിലായിരുന്നതു കൊണ്ട് ഉദ്ധം സിംഗ് വെടിയേല്ക്കാതെ രക്ഷപെടുകയായിരുന്നു. മരത്തിനു മുകളിലിരുന്ന ഉദ്ധം സിംഗ് എല്ലാ ക്രൂര നടപടികള്‍ക്കും ദൃക്‌സാക്ഷിയായി. മൈക്കിള്‍ ഒ'ഡ്വെയറാ (Michael O'Dwyer 1846 - 1940) അന്ന് പഞ്ചാബിലെ ഗവര്‍ണര്‍. ഈ കൂട്ടക്കുരുതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഒ'ഡ്വെയറിനായിരുന്നു. ഒഡ്വെയറിന്റെ ഒത്താശയോടു കൂടിയാണ് ഡെയര്‍ ഈ അരുംകൊല നടത്തിയത്. 'ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുമെന്നും പഞ്ചാബില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരെ ഒതുക്കു'മെന്നും മറ്റുമുള്ള ഒഡ്വെയ റിന്റെ തീരുമാനങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാമായിരുന്നു.

മരത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ ഉദ്ധം സിംഗ് നേരേ പോയത് അമൃത്സറിലെ കുളത്തിലേക്കായിരുന്നു. കുളികഴിഞ്ഞ് സുവര്‍ണ ക്ഷേത്രത്തിന് മുമ്പില്‍ മൗനമായി നിന്ന് ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതിക്ക് കാരണക്കാരനായ ഒ'ഡ്വെയറിനോട് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു!

അതിനുശേഷം ജാലിയന്‍വാലാ ബാഗില്‍ തിരിച്ചത്തിയപ്പോള്‍, തന്റെ ഭര്‍ത്താവിന്റെ മൃതശരീരം തിരഞ്ഞുകൊണ്ട് വിലപിക്കുന്ന രത്‌നാ ദേവിയെ ഉദ്ധം സിങ് കാണുവാനിടയായി. ഭര്‍ത്താവിന്റെ മൃതശരീരം കണ്ടെത്തുന്നതിനും സംസ്‌കാരങ്ങള്‍ നടത്തുന്നതിനും ഉദ്ധം സിംഗ് അവരെ സഹായിച്ചു. തന്റെ സഹോദരിയായി സംരക്ഷിച്ചുകൊണ്ട് ഭര്‍ത്താവിനെ കൊന്നവരോട് ഒരിക്കാന്‍ താന്‍ പ്രതികാരം ചെയ്യുമെന്നും ഉദ്ധം സിംഗ് രത്‌നാ ദേവിക്ക് ഉറപ്പു കൊടുത്തു. 1919 ഏപ്രില്‍ 22 ന് ഉദ്ധം സിംഗ് സുനം വിട്ടു. കാശ്മീരിലെ ബറാമുലയിലെത്തി ഫര്‍ണീച്ചര്‍ കടയില്‍ ജോലിനോക്കി. 1919 ഒക്ടോബറില്‍ തന്നെ സുനാമില്‍ തിരിച്ചെത്തി. കന്നുകാലികളേയും മറ്റും കൊന്നൊടുക്കി നാട്ടിലാകെ നാശം വിതച്ചിരുന്ന ഒരു കാട്ടു കുറുക്കനെ ഉദ്ധം സിംഗ് വകവരുത്തി. ഇതില്‍ മതിപ്പുളവായ നാട്ടുകാര്‍ ഉദ്ധം സിംഗിന് താമസിക്കാന്‍ ഒരു താവളമൊരുക്കിക്കൊടുത്ത് നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടണമെന്ന് അഭ്യര്‍ത്ഥിച്ചു. ഉദ്ധം സിംഗ് ആ അപേക്ഷ നിരസിച്ചില്ലെങ്കിലും കറച്ചുനാള്‍ സുനാമില്‍ തങ്ങിയ ശേഷം അമൃത്സറിലെത്തി. അവിടെ കുറച്ച് സുഹൃത്തുക്കളുമായി സഹവസിച്ചു കഴിഞ്ഞ് അവരുടെ സഹായത്തോടെ 1919 ല്‍ത്തന്നെ സൗത്ത് ആഫ്രിക്കയില്‍ എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായി ആഗോള തലത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യ നിര കെട്ടിപ്പടുക്കുകയായിരുന്ന ലക്ഷ്യം. 1920 ല്‍, കപ്പലിലെ ആവി എഞ്ചിനില്‍ കല്‍ക്കരി തള്ളുന്നയാളുടെ ജോലി തരപ്പെടുത്തി അവിടെ നിന്നും കപ്പല്‍ മാര്‍ഗം ഉദ്ധം സിംഗ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. അവിടെ വെച്ച് ഗദ്ദാര്‍ പാര്‍ട്ടിയുടെ തലവനായ ലാലാ ഹര്‍ദ്ദയാലിനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ അടുത്തു നിന്നും ബുള്ളറ്റ് നര്‍മിക്കുന്നതിനും വെടിവെക്കുന്നതിനുമുള്ള പരിശീലനം നേടി. ജനറല്‍ ഡെയറിനെ വധിക്കുന്നതിനുള്ള ഉപായങ്ങളെ കുറിച്ച് ലാലാ ഹര്‍ദയാലുമായി കൂടിയാലോചിച്ചു. എന്നാല്‍ ഡെയര്‍ 1927 ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും പക്ഷാഘാതം വന്ന് മരിച്ചു പോയിരുന്നു. പിന്നീട് ഒഡ്വെയറായി ഉദ്ധം സിംഗിന്റെ ലക്ഷ്യം. 1913 ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കുതിയിലുള്ള പ്രതികാരാഗ്നി ഉദ്ധം സിംഗില്‍ ജ്വലിച്ചുകൊണ്ടു തന്നെയിരുന്നു.

തുടര്‍ന്ന് ലണ്ടനിലെത്തിയപ്പോള്‍, ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ വെച്ച് രണ്ടു വട്ടം ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുമായി കണ്ടുമുട്ടി. ഡോ. അംബേഡ്കറുടെ ഉപദേശമനുസരിച്ച് ഉദ്ധം സിംഗ് എഞ്ചിനീയറിങ് കോഴ്‌സിന് ചേര്‍ന്നു പഠിച്ചു. അതില്‍ ഉന്നത പഠനത്തിന് ചേരണമെന്നും ഡോ. അംബേഡ്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആയിടെ ഒരു ജര്‍മന്‍ വനിതയായ മിസ് മെറിയെ അവിടെ വെച്ച് പരിചയപ്പെടാനിടയായി. സാമ്പത്തികം ഉള്‍പ്പെടെ ഉദ്ധം സിംഗിന്റെ വിദ്യാഭ്യാസത്തിന് എന്തു സഹായവും ചെയ്യാമെന്ന് ആ മഹിള ഉറപ്പു കൊടുത്തു. എന്നാല്‍ 1923 ല്‍ ഡോ. അംബേഡ്കര്‍ സംസ്‌കൃതം പഠിക്കുന്നതിനായി ബേണിലേക്കു പോയപ്പോള്‍ തന്റെ വിപ്ലവഗുരു വായ ഭഗത് സിംഗ് ആവശ്യപ്പെട്ടതനുസരിച്ച് ഉദ്ധം സിംഗ് ഇന്ത്യയിലേക്കും തിരിച്ചു പോന്നു.

ലാഹോറില്‍ ലാലാ ലജ്പത് റായ് കോളേജില്‍ ചേര്‍ന്ന് പ്ലസ് ടു വിന് തുല്യമായ എഫ്. എ പാസായശേഷം അവിടെത്തന്നെ ഉദ്ധം സിംഗ് ഡിഗ്രി കോഴ്‌സിന് ചേര്‍ന്നു. ആ കോളേജ് വാസ്തവത്തില്‍ വിപ്ലവകാരികള്‍ക്ക് രഹസ്യമായി ട്രെയിനിംഗ് കൊടുക്കുന്ന സ്ഥാപനമായിരുന്നു. ഭഗത് സിംഗ് അവിടെ പഠിക്കുന്നുണ്ടായിരുന്നു! പിന്നീട് ഖേര്‍ ആലിഗഡിലെ നാഷനല്‍ സ്‌കൂളില്‍ ഭഗത് സിംഗിനോട് ഒപ്പം അദ്ധ്യാപകനായി ഉദ്ധം സിംഗും ചേര്‍ന്നു. വീണ്ടും ഉദ്ധം സിംഗ് ലാഹോറിലേക്ക് തിരിച്ചു വരികയും അവിടെ നിന്ന് വീണ്ടും ലണ്ടനില്‍ എത്തിച്ചേരുകയും ചെയ്തു. ഇത്തവണ മിസ് മെറിയുമായി റഷ്യ, ഫ്രാന്‍സ്, അബിസ്സീനിയ, സീലിയ, ചാര്‍ലിബിഡ്‌സ്, ഈജിപ്ത്, ഐലന്റ് ഓഫ് വൈറ്റ്, വികാര്‍ ഓഫ് ബേ തുടങ്ങിയ ഇടങ്ങളിലൊക്കെ സഞ്ചരിച്ച് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രായോഗിക പരിജ്ഞാനം നേടി. അപ്പോഴേക്കും വീണ്ടും ഭഗത് സിംഗിന്റെ സന്ദേശമെത്തിയതിനാല്‍ വീണ്ടും ലാഹോറിലേക്ക് തിരിച്ചു പോയി. എന്നാല്‍ ഉദ്ധം സിംഗിന് തന്റെ ലക്ഷ്യം നിറവേറ്റാതെ ഇംഗ്ലണ്ട് വിട്ടുപോകുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഭഗത് സിംഗിന്റെ നിര്‍ദ്ദേശം കേള്‍ക്കാന്‍ തയാറാകണമെന്ന തന്റെ ഏറ്റവും വിശ്വസ്തയായ സുഹൃത്തായ മിസ് മെറിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഉദ്ധം സിംഗ് തയാറായത്.

ലാഹോറിലെത്തിയപ്പോഴും ഉദ്ധം സിംഗ് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള പ്രര്‍ത്തനങ്ങളില്‍ മുഴുകി. അതിന്റെ ഭാഗമായി ന. 85859 പിസ്റ്റള്‍ കൈവശം വെച്ചതിന് ഉദ്ധം സിംഗ് പിടിക്കപ്പെട്ടു. 1928 സെപ്തംബര്‍ 28 മുതല്‍ 1932 സെപ്തംബര്‍ 23 വരെയുള്ള അഞ്ചു വര്‍ഷക്കാലം റാവല്‍പ്പിണ്ടിയിലെ മുള്‍ട്ടാന്‍ ജയിലില്‍ ഉദ്ധം സിങ് തടവിലാക്കപ്പെട്ടു. ആ അവരത്തില്‍ തന്നെ ലാലാ ലജ്പത് റായിയുടെ മരണത്തിന് ഉത്തരവാദിയായ ജെ പി ആണ്ടേഴ്‌സനെ വെടിവെച്ച കേസില്‍ പിടിക്കപ്പെട്ട ഭഗത് സിംഗും രാജ് ഗുരുവും സുഖ്‌ദേവും അതേ ജയിലില്‍ത്തന്നെ തടവു ശിക്ഷ അനുഭവിക്കാനെത്തി. 1928 ഡിസംബര്‍ 17 ന് മൂവരേയും ജയിലില്‍വെച്ച് നേരിട്ട്കണ്ട് ഉദ്ധം സിംഗ്, സഹോദരന്മാരേ നിങ്ങള്‍ നിങ്ങളുടെ കടമ നിറവേറ്റി, എനിക്കിനിയും അതിനായില്ലല്ലോ എന്നു പറഞ്ഞ് വിലപിക്കുകയുണ്ടായി. ജയില്‍ വിമോചിതനായ ഉദ്ധം സിങ് അവിടെ പെഷവാറി ലേക്കും അവിടെ നിന്നും സുനാമിലേക്കും വീണ്ടും ജമ്മുവിലും എത്തിച്ചേര്‍ന്നു. സര്‍ദാര്‍ സ്വരണ്‍ സിംഗും ജസ്റ്റിസ് ഡാന്‍ സിംഗുമായൊക്കെ ബന്ധപ്പെട്ടു. ഫക്കീറിയായില്‍ ഒരു ഫര്‍ണീച്ചര്‍ കടയില്‍ പണിയെടുത്തു. സാധുവിന്റെ വേഷത്തില്‍ അമര്‍ നാഥും സന്ദര്‍ശിച്ചു.

ലണ്ടനില്‍ തിരിച്ചെത്തിയ ഉദ്ധം സിംഗ് മിസ് മെറിയോടൊപ്പം ഷെഫാര്‍ഡ് ബുഷ് ഗുരുദ്വാരക്ക് സമീപം താമസിച്ചു. ഗുരുദ്വാരക്കു വേണ്ടി ടാക്‌സി ഡ്രൈവറായി ജോലി നോക്കി. അതിനു ശേഷം ഡെവോണ്‍ ഷയറില്‍ താമസിച്ചിരുന്ന സര്‍ മൈക്കിള്‍ ഒഡ്വെയറുടെ വീട്ടു ഡ്രൈവറായി ജോലി തരപ്പെടുത്തി. ഒഡ്രെയറുടെ മകള്‍ മിസ് ഗോള്‍ഡിയെ കൊളേജില്‍ കൊണ്ടു വിടുന്നതിനും തിരികെ കൊണ്ടുവരുന്നതിനു മുള്ള ചുമതല ഉദ്ധം സിംഗിനായിരുന്നു. മെല്ലെ മെല്ലെ മിസ് ഗോള്‍ഡിയുടെ വിശ്വാസം നേടിയെടുത്ത ഉദ്ധം സിംഗ് ഒഡ്വെയറുടെ കുടുംബത്തിന്റെ അപ്പോഴത്തെ ചുറ്റുപാടുകളെ കുറിച്ചെല്ലാം നന്നായി മനസിലാക്കിയെടുത്തു. കുറച്ചു നാള്‍ക്കകം ഉദ്ധം സിംഗ് ആ ജോലി ഉപേക്ഷിച്ചു. പ്രതികാരം നിറവേറ്റാനുള്ള സന്ദര്‍ഭം ലഭ്യമാകുന്നത് പ്രതീക്ഷിച്ചു കൊണ്ടിരുന്നു.

1940 മാര്‍ച്ച് 12 ന് മറ്റൊരു വിപ്ലവകാരിയായ ബല്‍ബീര്‍ സിംഗിന്റെ റസ്റ്റോറന്റില്‍ വെച്ച് മറ്റു സുഹൃത്തുക്കളോടൊപ്പം ഉദ്ധം സിംഗ് ലഡ്ഡു കഴിക്കുകയായിരുന്നു. എല്ലാ സുഹൃത്തുകളും ഒരേ സ്വരത്തില്‍ അന്വേഷിച്ചു, എപ്പോഴാണ് മിസ് മെറിയുമായുള്ള വിവാഹമെന്ന്. താനെന്നേ തന്റെ മാതൃഭൂമിയെ വിവാഹം കഴിച്ചതാണെന്നും ഇനി മറ്റൊരു വിവാഹമില്ലെന്നും ഞാനീപ്പറയുന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വൈകാതെ നിങ്ങള്‍ക്ക് മനസിലാകുമെന്നും ഉദ്ധം സിംഗ് മറുപടി കൊടുത്തു.

അങ്ങനെ 1940 മാര്‍ച്ച് 13 ന് ഉദ്ധം സിംഗിന്റെ ദിവസമെത്തി. അപ്പോഴേക്കും ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി നടന്ന ശേഷം 21 വര്‍ഷം പിന്നിട്ടിരുന്നു. അന്ന് രാവിലെ ഷേഫേഡ് ബുഷ് ഗുരുദ്വാരയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം ഉദ്ധം സിംഗ് വീട്ടില്‍ തിരിച്ചെത്തി. ഒരുപുസ്തകവു മെടുത്തുകൊണ്ട് നേരെ കാക്സ്റ്റണ്‍ ഹാളിലെത്തി. അവിടെ ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്റേയും റോയല്‍ സെന്‍ട്രല്‍ ഏഷ്യാ സൊസൈറ്റിയുടേയും ഒരു സംയുക്ത സമ്മോളനം നടക്കുന്നുണ്ടായിരുന്നു. മൈക്കിള്‍ ഒഡ്വെയറായിരുന്നു യോഗത്തിന്റെ സ്പീക്കര്‍. പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച തോക്കുമായി പ്രസംഗവേദിക്ക് അടുത്തുള്ള ഭിത്തിക്ക് പുറം തിരിഞ്ഞ് ഉദ്ധം സിംഗ് നിലയുറപ്പിച്ചു. യോഗം പിരിഞ്ഞപ്പോള്‍ എല്ലാവരും എഴുന്നേറ്റു. ലോഡ് സെറ്റ്‌ലാന്റുമായി സംസാരിക്കാന്‍ മുന്നോട്ടാഞ്ഞ ഒഡ്വെയറുടെ നെഞ്ചിനു നേരെ ഉദ്ധം സിംഗ് രണ്ടു വട്ടം നിറയൊഴിച്ചു. ഒഡ്വെയര്‍ മരിച്ചു വീണു! ലോഡ് സെറ്റ് ലാന്റ് (1876 - 1951 ഇദ്ദേഹം സ്‌റ്റേറ്റ് ഫോര്‍ ഇന്ത്യ സ്‌ക്രട്ടറിയായിരുന്നു) ന് നേരെയും ഉദ്ധം സിംഗ് നിറയൊഴിച്ചുവെങ്കിലും അദ്ദേഹം നിസ്സാരമായ പരിക്കുകളോടെ രക്ഷപെട്ടു. സര്‍ ലൂയിസ് ഡെയ്ന്‍ന് നേരെ ഉതിര്‍ത്ത വെടി താടിയെല്ലിനെ മാരകമായി പരിക്കേല്പിച്ചതു നിമിത്തം അദ്ദേഹം ഉടന്‍ തന്നെ മരിച്ചു വീണു. ലോഡ് ലാമിങ്ടന് (1896 - 1951) നേര്‍ക്ക് ഉതിര്‍ത്ത വെടി അദ്ദേഹത്തിന്റെ കൈപ്പത്തി തകര്‍ത്തുവെങ്കിലും അദ്ദേഹം രക്ഷപെട്ടു. രക്ഷപ്പെടാന്‍ മതിയായ സമയവും സാഹചര്യവും ഉണ്ടായിരുന്നിട്ടും ഉദ്ധം സിംഗ് അവിടെ തന്നെ നിന്നു കൊണ്ട് പിടികൊടുത്തു.

ഓള്‍ഡ് ബെയ്‌ലി കോടതിയിലെ വിധിയനുസരിച്ച് 1940 ജൂലൈ 31 ന് മൈക്കിള്‍ ഒഡ്വെയറെ വധിച്ച കുറ്റത്തിന് കന്റോണ്‍വില്ലി ജയിലില്‍ വെച്ച് ഉദ്ധം സിംഗിനെ തൂക്കിക്കൊന്നു. അതിനു മുമ്പ് ഏപ്രില്‍ 1 മുതലുള്ള 42 ദിവസവും ഉദ്ധം സിംഗ് ബ്രിക്‌സറ്റണ്‍ ജയിലില്‍ നിരാഹാര സമരം ചെയ്തു. ഒടുവില്‍ ബലാത്കാരമായി ആഹാരം കഴിപ്പിക്കുകയുണ്ടായി.

താന്‍ ചെയ്ത വിപ്ലവ പ്രവര്‍ത്തനത്തെക്കുറിച്ച് ഉദ്ധം സിംഗ് ഇങ്ങനെ വിവരിച്ചു. : 'അയാളോടുള്ള പക തീര്‍ക്കുന്നതിനാണ് ഞാന്‍ അത് ചെയ്തത്. അയാള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് ഞാന്‍ അയാള്‍ക്ക് കൊടുത്തത്. യഥാര്‍ത്ഥ ഭീകരന്‍ അയാളാണ്. എന്റെ രാജ്യത്തെ ജനങ്ങളുടെ ആത്മവീര്യം തകര്‍ത്തത് ഒഡ്വെയറാണ്. 21 വര്‍ഷം എന്റെ ശിക്ഷ നടപ്പാക്കാന്‍ ഞാന്‍ അയാളെ പിന്‍തുടര്‍ന്നു. എനിക്ക് രാജ്യത്തോടുള്ള കടമ നിറവേറ്റണമായിരുന്നു. ഇപ്പോള്‍ ഞാന്‍ അതില്‍ പരിപൂര്‍ണ തൃപ്തനാണ്. മരണത്തെ എനിക്ക് ഭയമില്ല. എന്റെ രാജ്യത്തിനു വേണ്ടി മരിക്കാന്‍ ഞാന്‍ തയാറാണ്. ബ്രിട്ടീഷ് വാഴ്ചയിന്‍ കീഴില്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ നരകിക്കുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനുവേണ്ടി ജീവിതകാലമത്രയും ഞാന്‍ സമരം ചെയ്തു. ഇപ്പോള്‍ ഞാന്‍ എന്റെ ചുമതല നിറവേറ്റിയിരിക്കുന്നു. മാതൃഭൂമിക്കു വേണ്ടി ര്കതസാക്ഷിയാ കുന്നതില്‍ പരം എന്ത് പ്രതിഫലമാണ് എന്നെ സംതൃപ്തനാക്കുക?'

ഇങ്ങനെ പ്രസ്താവിക്കാനും പ്രവര്‍ത്തിക്കാനും ഇന്ത്യയില്‍ എത്ര ദേശാഭിമാനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്? ജാതിയില്‍ കല്പിക്കപ്പെട്ട ഹീനത്വമുള്ളതുകൊണ്ട് ഇത്തരം ഒരു രാജ്യസ്‌നേഹിയുടെ ജീവത്യാഗത്തെ തമസ്‌കരിക്കുമ്പോള്‍ നിങ്ങള്‍ രാജ്യദ്രോഹികളാകു കയാണ് വാസ്തവത്തില്‍. സര്‍ദാര്‍ ഉദ്ധം സിങ് തന്റെ പേര് 'രാം മൊഹമ്മദ് സിങ് ആസാദ്' എന്ന് മാറ്റിയിരുന്നു എന്നുള്ള വിവരം എത്ര പേര്‍ക്കറിയാം? മതത്തിനതീത മായി ചിന്തിക്കുകയോ മതങ്ങളെ തുല്യ നിലയില്‍ കാണുകയോ ചെയ്ത മഹാനായ ഒരു തത്വചിന്തകന്‍ കൂടിയായിരുന്നു ശഹീദ് - ഇ - അസം സര്‍ദാര്‍ ഉദ്ധം സിങ്!

1974 ജൂലൈയില്‍ ഉദ്ധം സിംഗിന്റെ ശേഷിപ്പുകള്‍ ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലെത്തിച്ചു. അതിനായി അശ്രാന്ത പരിശ്രമംനടത്തിയത് സുല്‍ത്താന്‍പൂര്‍ ലോധിയിലെ എംഎല്‍എ ആയിരുന്ന എസ് സാധു സിംഗ് തിണ്ഡാണ്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയോട് ബ്രിട്ടീഷ് ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിര്‍ബന്ധിക്കുക മാത്രമല്ല ചെയ്തത്, ആ അഭ്യര്‍ത്ഥനയുമായി നേരിട്ട് ഇംഗ്‌ളണ്ടില്‍ ചെന്ന് നടപടികള്‍ ത്വരിതപ്പെടുത്താന്‍ പ്രേരണ ചെലുത്തുകയും ചെയ്തു. ഡെല്‍ഹി വിമാനത്താവളത്തില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയും പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ജ്ഞാനി സെയില്‍ സിംഗും ചേര്‍ന്ന് ഉദ്ധം സിംഗിന്റെ ശേഷിപ്പുകള്‍ ഏറ്റുവാങ്ങി. ഇരുവരും പിന്നീട് ഇന്ത്യുടെ രാഷ്ട്രപതിമാരായി മാറുകയുണ്ടായി എന്നത് ശ്രദ്ധിക്കുക. ഇപ്പോള്‍ ചിന്തിക്കുക; രണ്ട് പ്രസിഡന്റുമാര്‍ ചേര്‍ന്ന് ശേഷിപ്പുകള്‍ ഏറ്റുവാങ്ങാനിടയായി എന്ന വസ്തുത, ലോകത്ത് മറ്റേത് വിപ്ലവകാരിക്ക് ഉണ്ടായിട്ടുണ്ട്! ഉദ്ധം സിംഗിന്റെ ശേഷിപ്പുകള്‍ ജന്മനാടായ സുനാമില്‍ ഒദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയും ചിതാഭസ്മം ഗംഗാ നദിയില്‍ ഒഴുക്കുകയും ചെയ്തു.

ഉദ്ധം സിങ്: രാജ്യസ്‌നേഹിയായ ധീരദലിതന്‍!