"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

റവ. എന്‍ സ്റ്റീഫന്‍ (1905 - 1973): ദലിത് ക്രൈസ്തവരെ രാഷ്ട്രീയ വത്കരിച്ച നേതാവ് - ജോസഫ് ഇളമ്പല്‍

റവ. എന്‍ സ്റ്റീഫന്‍ 
ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പല അവകാശങ്ങളും പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന സമരത്തിന്റെ കഥ പറയും. ഭൂതകാല ചരിത്രത്തെ വിസ്മരിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന സമൂഹത്തിന് തീര്‍ച്ചയായും തകര്‍ച്ചയെ നേരിടേണ്ടി വരും.'

അധഃസ്ഥിത ക്രിസ്ത്യാനികളുടെ അധീശ്വരന്‍ റവ. എന്‍. സ്റ്റീഫന്‍ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞിട്ട് 18-09-2015 ല്‍ നാലു പതിറ്റാണ്ടു കള്‍ കഴിയുന്നു. കൊല്ലം- കൊട്ടാരക്കര- പൂത്തൂര്‍ കീഴേകുടുംബത്തില്‍ പൂത്തൂര്‍ എല്‍.എം.എസ്. ചര്‍ച്ച് അംഗങ്ങളായിരുന്ന നോഹ-ബാനി ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമനായി 1905 ഏപ്രില്‍ മാസം 24 ന് സ്റ്റീഫന്‍ ജനിച്ചു. ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമുണ്ടായിരുന്ന പൂത്തൂര്‍ എല്‍.എം.എസ്. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. സവര്‍ണ്ണ മാനേജ്‌മെന്റുകള്‍ അവര്‍ണ്ണര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നതിനാല്‍ കൊട്ടാരക്കര ഗവണ്‍മെന്റ് സ്‌കൂളില്‍ പോയി തേര്‍ഡ് ഫോറം വരെ പഠിച്ചു. കൊട്ടാരക്കര പൂത്തൂര്‍ പൊതു നിരത്തില്‍ കൂടി അവര്‍ണ്ണര്‍ക്കു സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ട് ദുര്‍ഘടമായ ഊടുവഴികളും വയലുകളും കാല്‍നടയായി ദിവസവും സ്റ്റീഫന് യാത്ര ചെയ്യേണ്ടി വന്നു. വിദ്യാഭ്യാസത്തില്‍ അതി സമര്‍ത്ഥ നായിരുന്ന അച്ചനെ എല്‍.എം.എസ്. മിഷനറിമാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കിനാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ ഹൈസ്‌കൂളിലേക്ക് പഠിക്കുന്നതിന് അയച്ചു. അവിടെ നിന്നും 1924 ല്‍ ഇ.എസ്.എല്‍.സി. പരീക്ഷ ഫസ്റ്റ് ക്ലാസ്സില്‍ വിജയിച്ചു. അതേ വര്‍ഷത്തില്‍ തന്നെ സ്റ്റീഫനെ കൊല്ലം ക്രേവന്‍ എല്‍.എം.എസ്. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി നിയമിച്ചു.

1930-ല്‍ സ്റ്റീഫന്‍ വൈദിക പഠനത്തിന് വേണ്ടി കോട്ടയം സി.എം.എസ്. വൈദീക സെമിനാരിയില്‍ ചേര്‍ന്നു. 1933-ല്‍ എല്‍.ടി.എച്ച് ബിരുദം പ്രശസ്തമായ നിലയില്‍ കരസ്ഥമാക്കി. 1933-ല്‍ സഭാ പ്രവര്‍ത്തകനായി (പ്രൊബേഷണറായി) മാതൃസഭയായ പൂത്തൂര്‍ എല്‍.എം.എസ്. ല്‍ നിയമിക്കപ്പെട്ടു.

ഇളമ്പല്‍ പ്രദേശത്തുളള തിമത്യോസ് ഉപദേശിയുടെ മകള്‍ ശ്രീമതി ശലോമി ആയിരുന്നു അച്ചന്റെ സഹധര്‍മ്മിണി. ഇവര്‍ക്ക് ഏഴ് പെണ്‍മക്കളും, രണ്ട് ആണ്‍മക്കളും ഉണ്ട്. 1933-ല്‍ എല്‍.എം.എസ്. മിഷനറിയായിരുന്ന ലെഗ്ഗിന്റെ വിശുദ്ധ കാര്‍മ്മികത്വത്തില്‍ ബോധകാ ഭിഷേകം ചെയ്യപ്പെട്ട് എല്‍.എം.എസ്.ന്റെ അധഃസ്ഥിത വിഭാഗത്തിലെ ആദ്യത്തെ പുരോഹിതനായിത്തീര്‍ന്നു. 1942ല്‍ രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികനായി സേവനം അനുഷ്ഠിച്ചു. അവിടെ വച്ച് അച്ഛന്റെ ഓഫീസിലെ ഒരു ഹിന്ദി പണ്ഡിതന്റെ സഹായത്തോടെ ഹിന്ദി ഭാഷ സ്വന്തമാക്കി. യുദ്ധം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും വൈദികനായി സേവനത്തില്‍ പ്രവേശിച്ചു.

രാജഭരണത്തിന്റെ ഉത്തരാര്‍ത്ഥത്തിലും ജനകീയ ഭരണത്തിന്റെ പൂര്‍വ്വാര്‍ത്ഥ ത്തിലും ആണ് അച്ചന്‍ ജീവിച്ചിരു ന്നത്. വരേണ്യ വര്‍ഗ്ഗത്തിന്റെ അടിമച്ചങ്ങലയുടെ മാറാലകളാല്‍ കെട്ടുപിണഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവ രായിരുന്നു അന്നത്തെ അധഃസ്ഥിത ജനങ്ങള്‍. ധനം, ആത്മീയം, വിദ്യാഭ്യാസം എന്നിവയൊക്കെ സവര്‍ണ്ണ യാഥാസ്ഥിതിക ന്മാരുടെ മാത്രം കുത്തകയായിരുന്നു.

ബഹുഭാഷാ പണ്ഡിതന്‍, പ്രഗത്ഭനായ വൈദികന്‍, ഗായകന്‍, ഗാനര ചയിതാവ് (ദക്ഷിണ കേരള മഹായിടവകയുടെ ഗീതങ്ങളില്‍ സൂചിപ്പി ക്കുന്ന എന്‍. എസ്.എന്നത് എന്‍. സ്റ്റീഫന്‍ അച്ചന്റെ ചുരുക്കെഴുത്താണ്.), വിവര്‍ത്തകന്‍, ധീരനായ സംഘാടകന്‍,നിര്‍ഭയനായ സമരസേനാനി കര്‍മ്മയോഗിയു മായിരുന്ന അച്ചന്റെ നേതൃത്വം ഭിന്നിച്ച് പ്രവര്‍ത്തിച്ചി രുന്ന കേരളത്തിലെ പട്ടികജാതി ക്രിസ്ത്യാനികളെ സംഘടിപ്പിച്ച് പ്രതി കരണവും കര്‍മ്മശേഷിയുളള ഒരു ജനതയാക്കി തീര്‍ത്തു. തിരുവല്ല ബൈബിള്‍ സ്‌കൂള്‍ ട്യൂട്ടര്‍ വര്‍ക്കല ക്രിസ്തുഗിരി ആശ്രമം, ബൈബിള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ബിഷപ്പ് വില്യം തിരുമേനിയുടെ സെക്രട്ടറി, 1970 ല്‍ രൂപീകരിച്ച വടക്കന്‍ ഏരിയാ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ സ്ഥാപകന്‍ എന്നീ നിലകളില്‍ അച്ചന്റെ സേവനം സ്തുത്യര്‍ഹ മായിരുന്നു.

1959-ല്‍ ദക്ഷിണ കേരള മഹായിടവകയുടെ പ്രഥമ കൗണ്‍ സില്‍ നടക്കു മ്പോള്‍ അച്ചന്റെ നേതൃത്വത്തില്‍ പിന്നോക്ക കൗണ്‍സില്‍ അംഗങ്ങള്‍ ഒരു സ്വതന്ത്ര ഭരണ വ്യവസ്ഥിതിക്കും മഹായിടവക ഭരണഘടനയില്‍ എല്ലാ രംഗങ്ങളിലും ജനസംഖ്യ ആനുപാതികമായി സംവരണം ഉറപ്പാക്കുന്ന തിനും വേണ്ടി കരിങ്കൊടി പ്രകടനവും രണ്ടാമത്തെ കൗണ്‍സിലില്‍ നിന്നും വാക്കൗട്ടും നടത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതിന്റെ ഫലമായി പട്ടികജാതി ക്രിസ്ത്യാനികള്‍ കൂട്ടമായി താമസിക്കുന്ന വടക്കന്‍ മേഖലയിലെ സഭകളെ കൂട്ടിച്ചേര്‍ത്ത് 1961-ല്‍ ലെഗ്ഗ് തിരുമേനി വടക്കന്‍ ഏരിയ രൂപീകരിക്കുകയും സ്റ്റീഫന്‍ അച്ചനെ അതിന്റെ സൂപ്രണ്ടിംഗ് മിനിസ്റ്ററായി നിയമിക്കുകയും ചെയ്തു. ഈ സമയം മൈനോറിറ്റി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഒരുപ്രത്യേക ഡിസ്ട്രിക്ടായി മാറുകയും തിരുവനന്തപുരം ഏരിയായോടു ബന്ധം സ്ഥാപിക്കുകയും ചെയ്തു. എം.സി.എ. ഇന്നത്തെപ്പോലെ സ്റ്റീഫന്‍ അച്ചനോട് അന്ന് സഹകരിച്ചി രുന്നുവെങ്കില്‍ അച്ചന്റെ സ്വപ്നമായിരുന്ന പശ്ചിമഘട്ട മഹായിടവക അന്നു സാക്ഷാത്കരിക്കപ്പെടുമായിരുന്നു.

അഖില തിരുവിതാംകൂര്‍ പിന്നോക്ക സമുദായ ക്രിസ്ത്യന്‍ യൂണിയന്‍ പ്രസിഡന്റാ യിരുന്ന അച്ചന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ഡല്‍ഹിയില്‍ ചെന്നു നേരില്‍ കണ്ട് പട്ടികജാതി ക്രിസ്ത്യാനികളുടെ സംവരണംസംബന്ധിച്ച് ഒരു മെമ്മോറാണ്ഡം സമര്‍പ്പിച്ചു സംസാരിച്ചു. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും സംവരണം എന്നത് ഒഴിച്ചുളള എല്ലാ അവകാശങ്ങള്‍ക്കും ദളിത് ക്രൈസ്തവര്‍ അര്‍ഹരാണെന്നും എന്നാല്‍ ഇത് അനുവദിച്ചു കൊടു ക്കേണ്ടതിന് സംസ്ഥാന ഗവണ്‍മെന്റിനെ സമീപിക്കണമെന്നായിരുന്നു നെഹ്‌റുവിന്റെ രേഖാമൂലമുണ്ടായ മറുപടി.

1956-ല്‍ ജാതി സംഘടനകള്‍ പിരിച്ച് വിട്ട് ബി.സി.സി.എഫ്. ല്‍ ലയിച്ച് ഒരൊറ്റ സംഘടനയായി തീര്‍ന്നു. ഏകീകൃത ബി.സി.എഫിന്റെ പ്രസി ഡന്റായി ക്രാന്ത ദര്‍ശിയായിരുന്ന ബഹുമാനപ്പെട്ട എന്‍. സ്റ്റീഫനച്ചനേയും ജനറല്‍ സെക്രട്ടറിയായി കര്‍മ്മ ധീരനായിരുന്ന ശ്രീ. വി.ഡി. ജോണിനേയും തിരഞ്ഞെടുത്തു.

855-ലെ അടിമത്വ നിരോധന ത്തിനുശേഷം മതേതര രാഷ്ട്രമായ ഭാരത ത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മതവിവേചനം അവസാനി പ്പിക്കുന്നതിനും പട്ടികജാതി ക്രിസ്ത്യാനികളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടു ത്തുന്നതിനും പ്രമേയങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും പകരം പ്രക്ഷോ ഭണ സമരങ്ങള്‍ക്ക് ഇവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. 1957 മുതല്‍ ബി.സി.സി.എഫ് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടങ്ങി. മുഖ്യമന്ത്രിയേയും, മന്ത്രിമാരേയും എം.എല്‍.എ. മാരേയും പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ച് കാരാഗ്രഹ ത്തില്‍ അടയ്ക്കുന്നത് ഒരു നിത്യ സംഭവം ആയിത്തീര്‍ന്നു. പുരുഷ ന്മാരും, സ്ത്രീകളും വിദ്യാര്‍ത്ഥികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനങ്ങളും സമര ങ്ങളും നടത്തി. സത്യാഗ്രഹവും, പിക്കറ്റിംഗും പ്രകടനങ്ങളും കേരള ത്തിന്റെ എല്ലാഭാഗത്തേക്കും കാട്ടുതീ പോലെ നിരന്തരം വ്യാപിച്ചു കൊണ്ടേയിരുന്നു. ദീര്‍ഘകാലത്തെ ബി.സി.സി.എഫിന്റെ ധീരോദാത്തവും വിരോചിതവുമായ സമരത്തിന്റെ ഫലമായി അനേകം ആനുകൂല്യങ്ങള്‍ നേടിയെടുത്തു. 1950 മുതല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാ രുകള്‍ നിയോഗിച്ച സംവരണ കമ്മീഷനുകളുടെ മുമ്പാകെ ഹാജരായി സംസ്ഥാന പട്ടികജാതി ക്രിസ്ത്യാനികള്‍ക്ക് അനുകൂലമായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ സാധിച്ചു.

സെക്കണ്ടറി സ്‌കൂളിലും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും പട്ടികജാതിക്കാരോട് തുല്യമായ ലംസം ഗ്രാന്റും സ്റ്റൈപെന്റും അനുവദിച്ചു. ഹരിജന്‍ സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡിലും ഡിസ്ട്രിക്ട് അഡൈ്വസറി ബോര്‍ഡിലും പ്രാതിനിധ്യവും പഞ്ചായത്തുകളില്‍ റിസര്‍വേഷന്‍ പരിഗണിച്ചുളള പുതിയ ബില്‍ അവതരണവും, പബ്ലിക് സര്‍വ്വീസിലും പ്രഫഷണല്‍ കോളേജിലും ഒരു ശതമാനം സീറ്റ് സംവരണം, പട്ടികജാതി ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒ.ഇ.സി. യില്‍ ഉള്‍പ്പെടുത്തി പ്രവേശനം ഒഴികെ പട്ടികജാതി ക്കാര്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, അവശ ക്രൈസ്തവ കോര്‍പ്പറേഷന്‍, തലമുറ സര്‍ട്ടി ഫിക്കറ്റ് - അഞ്ചു തലമുറ എന്ന ഓര്‍ഡര്‍ ഏഴ് തലമുറയായി വര്‍ദ്ധി പ്പിച്ചു. പലിശയില്ലാത്ത ഭവന നിര്‍മ്മാണ വായ്പ, ഭൂവിതരണത്തില്‍ തുല്യപങ്കാളിത്തം, പ്രായ പരിധിയിളവ്, തൊഴില്‍ പരിശീലനം ലഭിച്ച വര്‍ക്ക് തൊഴില്‍ ഉപകരണം എന്നിവയാണ് ലഭിച്ചആനുകൂല്യങ്ങള്‍.

വിദ്യാഭ്യാസ ആനുകൂല്യവും ഒരു ശതമാനം ഉദ്യോഗസംവര ണവും അവശ ക്രൈസ്തവ കോര്‍പ്പറേഷനും മാത്രമാണ് ഇപ്പോള്‍ നഷ്ടപ്പെടാതെ അവശേഷിക്കുന്നത്. തുടര്‍ന്നു വന്ന ഗവണ്‍മെന്റുകള്‍ ബാക്കി എല്ലാ ആനുകൂല്യങ്ങളും പിന്‍വലിച്ചു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ബി.സി.സി.എഫ്‌ന്റെ അമരക്കാരായി നിന്നു കൊണ്ട് സഭാസമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ അവഗണിക്കപ്പെട്ട പിന്നോക്ക ക്രിസ്ത്യാനികള്‍ക്കു വേണ്ടി ആയുസ്സു മുഴുവന്‍ ത്യാഗോ ജ്വലമായി സമരം ചെയ്ത ബഹു. റവ. എന്‍. സ്റ്റീഫന്‍ അച്ചനേയം ശ്രീ. വി.ഡി. ജോണിനേയും ലോകമുളള കാലത്തോളം ആര്‍ക്കും വിസ്മരി ക്കാന്‍ സാദ്ധ്യമല്ല.

ഒരു സമ്മേളനത്തിന്റെ നോട്ടീസ് അച്ചടിക്കുവാന്‍ പുത്തൂര്‍ പ്രസിലേക്കു പോയ അദ്ദേഹത്തെ പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥതയെ തുടര്‍ന്ന് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18-09-1973 ല്‍ അറുപത്തി യെട്ടാമത്തെ വയസ്സില്‍ അവിടെ വച്ച് മരിച്ചു. മൃതശരീരം പൂവറ്റൂര്‍ ഈശോമംഗലംവസതിയിലേക്ക് കൊണ്ടുവന്നു.

പൂത്തൂര്‍ സഭയുടെ അടിയന്തിര ചര്‍ച്ച കമ്മിറ്റി ചേര്‍ന്ന് സി.എസ്.ഐ. പൂത്തൂര്‍ സഭയടെ സ്ഥാപനത്തിന്‍ മുന്‍കൈയെടുത്ത കുടുംബത്തിലെ അംഗവും കേരളത്തിലെ ദളിത് ക്രൈസ്തവ ലക്ഷങ്ങളുടെ നേതാവുമായ ബഹു. എന്‍. സ്റ്റീഫന്‍ അച്ചന്റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തോടുളള ആദരസൂചകമായി ഭൗതിക ശരീരം പൂത്തൂര്‍ സി.എസ്.ഐ. പളളി അങ്കണത്തില്‍ മറവു ചെയ്യണമെന്ന് ചര്‍ച്ച് കമ്മറ്റിയുടെ മിനിട്ട്‌സ് ബുക്കില്‍ രേഖപ്പെടുത്തു ന്നതിന് ഏകകണ്ഠമായി തീരുമാനമെടുത്തു. ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ.ഐ. യേശുദാസന്‍ തിരുമേനി അന്ത്യകര്‍മ്മങ്ങള്‍ നടത്തി പളളി അങ്കണത്തില്‍ ഭൗതിക ശരീരം സംസ്‌കരിക്കുകയും ചെയ്തു.

ലേഖകന്‍ സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവക അഡ്മിനി സ്‌ട്രേറ്റീവ് കമ്മറ്റി അംഗമാണ്.