"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

1911 ലെ സെന്‍സസിലെ മാനദണ്ഡം: സജി വള്ളോത്യാമല

ഇന്‍ഡ്യയില്‍ വിഘടിതജനതയില്‍പ്പെട്ടവരെ ആധികാരികമായി ഒരു പ്രത്യേക വിഭാഗമായി അംഗീകരിച്ചത് 1919- ല്‍ ഈ വിഭാഗത്തില്‍പ്പെട്ട 14 പേരെ ബ്രിട്ടീഷ് ഇന്‍ഡ്യയുടെ നിയമനിര്‍മ്മാണ സഭയിലേക്ക് നോമിനേറ്റ് ചെയ്യുവാന്‍ വ്യവസ്ഥ ചെയ്തതോടെയാണ്. ഇതിനു കാരണമായിത്തീര്‍ന്നത് 1911- ല്‍ നടന്ന ജനസംഖ്യാ കണക്കെടുപ്പില്‍ അയിത്ത ജനവിഭാഗത്തില്‍പ്പെട്ടവരെ ഒരു പ്രത്യേക വിഭാഗമായി രേഖപ്പെടുത്തിയതോടുകൂടിയാണ്. 1881 മുതല്‍ ജന്‍ഡ്യയിലെ സെന്‍സസ് നടപടികള്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ അന്നത്തെ സെന്‍സസ് കമ്മീഷണറായിരുന്ന സര്‍ ഡെന്‍സില്‍ ഇബ്‌സണ്‍ നടത്തിയ പഠനത്തിനു സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഇവയായിരുന്നു.

1. ബ്രാഹ്മണരുമായി ബന്ധം ഇല്ലാത്തവര്‍
2. വേദങ്ങളെപ്പറ്റി അറിയാത്തവര്‍
3. അമ്പലങ്ങളില്‍ പ്രവേശനം ഇല്ലാത്തവര്‍
4. സമ്പര്‍ക്കം മൂലമോ സ്പര്‍ശനം മൂലമോ ബ്രാഹ്മണര്‍ക്ക് അശുദ്ധി ഉണ്ടാക്കുന്നവര്‍
5. പശു ഇറച്ചി ഭക്ഷിക്കുന്നവര്‍

മേല്‍പ്പറഞ്ഞ നിബന്ധനങ്ങള്‍ പാലിച്ചു എങ്കിലും വിഘടിത ജനതകളെ ആര്യഹിന്ദുക്കളില്‍നിന്നു വേര്‍തിരിച്ചു രേഖപ്പെടുത്തുന്നതിനുള്ള നടപടി 1911- ലെ സെന്‍സസ്സിലാണ് സ്വീകരിക്കുകയുണ്ടായത്. 1911-ലെ സെന്‍സസ്സിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശകമായി സ്വീകരിക്കപ്പെട്ട പത്തു വിധ മാനദണ്ഡം താഴെപ്പറയുന്നവയാണ്.

1. ബ്രാഹ്മണ മേധാവിത്വത്തെ തിരസ്‌ക്കരിക്കപ്പെട്ടവര്‍
2. വേദങ്ങളുടെ ആധികാരികതയെ തിരസ്‌ക്കരിക്കപ്പെട്ടവര്‍
3. ആര്യ ഹിന്ദു ദൈവങ്ങളെ ആരാധിക്കാത്തവര്‍
4. ബ്രാഹ്മണ പൂരോഹിതര്‍ ഇല്ലാത്തവര്‍
5. ബ്രാഹ്മണനില്‍നിന്നോ വര്‍ണ്ണവ്യവസ്ഥയിലുള്ള അംഗീകൃത ഗുരുവില്‍ നിന്നോ മന്ത്രം സ്വീകരിക്കാത്തവര്‍.
6. യഥാര്‍ത്ഥ ബ്രാഹ്മണരുടെ സേവനം ലഭ്യമാകാത്തവര്‍
7. അശുദ്ധമാകലിന് കാരണമായവര്‍
8. ശവശരീരം മറവു ചെയ്യുന്നവര്‍
9. ഗോമാംസം ഭക്ഷിക്കുന്നവര്‍
10. ഗോവിനെ ദൈവമായി ആരാധിക്കാത്തവര്‍, ബന്ധുമിത്രാദികളുടെ ശവശരീരം മറവുചെയ്യുന്നവര്‍.

ഇതിനെ തുടര്‍ന്ന 1917- ല്‍ ബോംബെയില്‍ വച്ചു നടന്ന വിഘടിത ജനതയുടെ യോഗത്തില്‍ ബ്രിട്ടീഷ് ഇന്‍ഡ്യയുടെ നിയമനിര്‍മ്മാണ സഭയിലേക്കു ഞങ്ങള്‍ക്കു പ്രാതിനിധ്യം വേണമെന്നു ഒരു പ്രമേയം പാസ്സാക്കുകയും ഈ വസ്തുക്കളെ അനുഭാവ പൂര്‍ണ്ണം പരിഗണിച്ചു, ഈ ജനതയെ മനുഷ്യരായി കാണുന്നതിനു കഴിഞ്ഞ വെള്ളക്കാര്‍ ആവശ്യത്തെ അംഗീകരിക്കുകയും വിഘടിതജനതയില്‍പ്പെട്ട 14 പേര്‍ക്ക് ബ്രിട്ടീഷ് നിയമനിര്‍മ്മാണസഭയില്‍ അംഗമാകുവാന്‍ അവസരം നല്‍കുകയുണ്ടായി.