"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

1931 ലെ സെന്‍സസ് - സജി വള്ളോത്യാമല

1931 -ന്‍ നടന്ന സെന്‍സസ്സ് കമ്മീഷണറായിരുന്ന ജെ.ബി.ഹട്ടണ്‍ പട്ടികജാതി ലിസ്റ്റ് ഉണ്ടാക്കുന്നതിനായി നടത്തിയ പഠനത്തില്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഇവയായിരുന്നു.

1. ശുദ്ധബ്രാഹ്മണന്റെ സേവനം ലഭിക്കാത്ത ജാതി/ വര്‍ഗ്ഗത്തില്‍പ്പെടുന്നയാള്‍

2. സവര്‍ണ്ണ ഹിന്ദുക്കള്‍ക്കു ലഭിക്കുന്ന ക്ഷുരകന്റെയും തയ്യല്‍ക്കാരന്റെയും വെള്ളം കോരുന്നവന്റെയും സേവനം ലഭിക്കാത്ത ജാതി/ വര്‍ഗ്ഗത്തില്‍പ്പെട്ടവന്‍.

3. സമ്പര്‍ക്കം കൊണ്ടോ സാമീപ്യം കൊണ്ടോ സവര്‍ണ്ണ ഹിന്ദുവിനെ അശുദ്ധനാക്കുന്ന ജാതി/ വര്‍ഗ്ഗത്തില്‍പ്പെട്ടവന്‍.

4. സവര്‍ണ്ണഹിന്ദു കൈയ്യില്‍ നിന്നും വെള്ളം വാങ്ങിക്കുടിക്കാത്ത ജാതി/ വര്‍ഗ്ഗത്തില്‍പ്പെട്ടവന്‍.

5. ഹിന്ദുദേവാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍.

6. തുല്യവിദ്യാഭ്യാസയോഗ്യതയുള്ള സവര്‍ണ്ണ ഹിന്ദുവിന് സമനായി സാമൂഹിക ജീവിത്തില്‍ കണക്കാക്കാത്ത ജാതി/ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍.

7. പൊതുകക്കൂസുകള്‍ വഴി കടത്തു വഞ്ചികള്‍ , കുളങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍.

8. മറ്റ് സാമൂഹിക അധ:പതനം മൂലമല്ലാതെ അജ്ഞതയും നിരക്ഷതയും ദാരിദ്ര്യവും മൂലം സ്വയം അടിച്ചമര്‍ത്തപ്പെട്ടവര്‍.

9. മറ്റ് സാമൂഹിക അധ:പതനം മൂലമല്ലാതെ പാരമ്പര്യ തൊഴില്‍മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍. 1931- ല്‍ നടന്ന സെന്‍സസ്സിന്റെ അടിസ്ഥാനത്തില്‍ 1936-ല്‍ ബ്രിട്ടീഷുകാര്‍ പട്ടികജാതി ലിസ്റ്റു പ്രഖ്യാപിക്കുകയുണ്ടായി.

1909 - ഭരണഘടനാ പ്രകാരം മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ആഗ്ലോഇന്‍ഡ്യന്‍സ്, ഭൂവുടമകള്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നീ വിഭാഗത്തിനനുവദിച്ചു കിട്ടിയ നിയമനിര്‍മ്മാണ സഭയിലെ പ്രാതിനിധ്യം അയിത്തജാതിക്കാര്‍ക്കു നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനം 1917 മുതല്‍ ഇന്‍ഡ്യയിലെ എല്ലാ പ്രദേശത്തും ശക്തമായി നടന്നുവരിക യായിരുന്നു. ഇതിനോടനുബന്ധിച്ച് ഡോ. ബി.ആര്‍ അംബേദ്കര്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും വളരെ വേഗം തന്നെ ഈ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ എത്തിച്ചേരുകയുണ്ടായി. അടുത്ത ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഭരണഘടനയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സാമൂദായിക രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരിശോധനകള്‍ക്കായി അതിനു നിയോഗിക്കപ്പെട്ട സൈമണ്‍ കമ്മീഷന്‍ ഇന്‍ഡ്യയിലെത്തി ചേര്‍ന്നപ്പോള്‍ അവരുടെ മുന്‍പില്‍ ഹാജരായി തന്റെ ആവശ്യം അറിയിക്കുകയും ഉണ്ടായി.

എന്നാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം പ്രസ്തുത കമ്മീഷനെ ബഹിഷ്‌ക്കരിക്കു കയാണ് ഉണ്ടായത്. തുടര്‍ന്ന് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ലണ്ടനില്‍ വച്ചു കൂടിയ ഒന്നാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത് തന്റെ വാദഗതികള്‍ ശക്തിയായി അവതരിപ്പിച്ചു. അസ്ഥിത്വം നഷ്ടപ്പെട്ട, ദാരിദ്ര്യ മനുഭവിക്കുന്ന, സ്വത്വം നിഷേധിക്കപ്പെട്ട ഭൂതകാലങ്ങളെ ഓര്‍ക്കാന്‍ കഴിയാത്ത സമൂഹത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് ലോകത്തെ നോക്കിക്കണ്ട ഡോ. ബി.ആര്‍ അംബേദ്കര്‍ ജാതി എന്താണെന്നു പഠിക്കാന്‍ ശ്രമിച്ചു. വേദങ്ങളെ മനസ്സിലാക്കുവാന്‍ ശ്രമിച്ചു. അസ്പ്യശ്യത എന്താണെന്നു ഇത് ആരില്‍ ഏതു വിധേനയാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം പഠിച്ചു. ഇന്‍ഡ്യയിലെ മതവും മതപരവുമായുള്ള പ്രവര്‍ത്ത നവും അദ്ദേഹത്തിന്റെ മേഖല അല്ലെന്നും അതില്‍ ഇടപെടരുതെന്നും ഇവിടുത്തെ യഥാസ്ഥിതിക ആര്യഹിന്ദു വിമര്‍ശകര്‍ അദ്ദേഹത്തെ താക്കീത്‌ചെയ്തപ്പോള്‍ 'ഒരു വിഡ്ഡിക്കുപോലും ഒരു കടമ നിര്‍വ്വഹിക്കാനു ണ്ടെന്നും അതായത് മാലാഖ ഉറങ്ങുകയോ സത്യം പ്രഖ്യാപിക്കാന്‍ തയ്യാറാവുകയോ ചെയ്യാതിരിക്കുമ്പോള്‍ തന്നാലായത് ചെയ്യേണ്ട കടമ ഉണ്ടെന്നുള്ള വിശ്വാസത്തില്‍ ഞാന്‍ ആശ്രയിക്കുന്നു'.

എന്നു മുകളില്‍ പ്രസ്താവിച്ച് നമ്മുടെ മാര്‍ഗ്ഗദര്‍ശിയുടെ വാക്കുകളാണ് ഇവിടെ അര്‍ത്ഥവത്താവുന്നത്.