"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: ക്ഷേത്രങ്ങളുടെ കഥ - ദലിത്ബന്ധു എന്‍ കെ ജോസ്

ഇന്ന് കേരളത്തില്‍ കാണുന്ന പുരാതന ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നുപോലും സവര്‍ണ്ണരുടേതായിരുന്നില്ല. എല്ലാം ദലിതരു ടേതായിരുന്നു. ആരാധനാലയങ്ങള്‍ ദലിത് പാരമ്പര്യമാണ്. സൈന്ധവ സംസ്‌കാര ത്തിന്റെ ബാക്കിയാണ്. ദൈവങ്ങളും ദൈവവിശ്വാസവും ദൈവാരാധന യുമില്ലാത്ത ഒരു പ്രാകൃത ജനസമൂഹമായിരുന്നു ഇന്നത്തെ ആര്യ ബ്രാഹ്മണരുടെ പൂര്‍വ്വികര്‍. ബിംബങ്ങളെയോ ക്ഷേത്രങ്ങളെയോ കുറിച്ചു ള്ള ഒരു പരാമര്‍ശനംപോലും ഹൈന്ദവ പുരാണങ്ങളിലും ഐതീഹ്യങ്ങളിലുമൊന്നും കാണുന്നില്ല. വേദങ്ങളെ അവര്‍ ആര്യവല്‍ക്ക രിച്ചു സ്വന്തമാക്കിയപ്പോഴും അവര്‍ക്ക് ക്ഷേത്രങ്ങളുണ്ടാ യിരുന്നില്ല. രാമായണത്തില്‍ ക്ഷേത്രങ്ങളെപ്പറ്റി പറയുന്നില്ല. മഹാഭാരതത്തില്‍ ക്ഷേത്രങ്ങളില്ല. രാമരാജ്യ ത്തിന്റെ തലസ്ഥാനമായ അയോധ്യയില്‍പോലും ഒരു ക്ഷേത്രവുമുണ്ടാ യിരുന്നില്ല.

ഇന്ന് ഹിന്ദുവാണെന്ന് ബോധ്യപ്പെടുത്തുവാന്‍ അവര്‍ അവകാശപ്പെടുന്നത് ക്ഷേത്രാരാധനയിലുള്ള വിശ്വാസമാണല്ലോ. ദേവസ്വം ബോര്‍ഡിലേയ്ക്ക് ഹിന്ദു എം.എല്‍.എ.മാരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ ക്ഷേത്രാരാധനയില്‍ വിശ്വാസമുള്ളവരെ മാത്രം ഹിന്ദുക്കളായി കണക്കാ ക്കണം എന്നാണല്ലോ കോടതിയില്‍ ആവശ്യപ്പെട്ടത്. അത്രയേറെ അത് അവരുടേതാക്കി. എന്നുമാത്രമല്ല പിന്നെ സമുദായത്തില്‍ വളര്‍ന്നു വന്ന എല്ലാ അനാചാരങ്ങളുടെയും കേന്ദ്രം ക്ഷേത്രങ്ങളായി മാറുകയും ചെയ്തു. ഇന്ന് ക്ഷേത്രങ്ങളാണല്ലോ എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങ ളുടെയും ആസ്ഥാനം. ക്ഷേത്രത്തില്‍ നിന്നും ഓരോ സമുദായത്തിനുമുള്ള ദൂരം അനുസരിച്ചു അവരുടെ അയിത്തത്തിന്റെ മാനദണ്ഡം നിശ്ചയിച്ചു. ഉച്ചനീചത്വത്തിന്റെ അളവുകോല്‍ ക്ഷേത്രമായി.

ഒടുവില്‍ ദലിതര്‍ക്ക് അവരുടെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് ആ ആക്രമികള്‍ ദലിതര്‍ക്ക് നല്‍കിയ ഏതോ വലിയത്യാഗവും വിട്ടു വീഴ്ചയുമായി മാറ്റി. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവ് കല്‍പ്പിച്ച് അനുവദിച്ച ഏതോ മഹത്തായ കാര്യമാണ് പോലും 1936 നവംബര്‍ 12-ാം തീയതിയിലെ ക്ഷേത്ര പ്രവേശന വിളംബരം. ദലിതരുടെ ക്ഷേത്രങ്ങള്‍ ദലിതര്‍ക്കായി തുറന്നതിന്റെ പേരില്‍ രാജാവ് വലിയ ആദര്‍ശവാദിയായി ഇന്നും പുകഴ്ത്തപ്പെടുന്നു. എന്റെ പോക്കറ്റില്‍ കിടന്ന നൂറു രൂപാ ബലമായി എടുത്ത അക്രമിയോട് ഞാന്‍ യാചിച്ചതി ന്റെ ഫലമായി പത്തു രൂപാ എനിക്ക് വലിച്ചെറിഞ്ഞു തന്നവനെ ലോകത്തിലെ ഏറ്റവും വലിയ ആദര്‍ശസമ്പന്നനായി ഞാന്‍ പുകഴ്ത്തു ന്നത് പോലെയാണ് അത്.

ദലിതരുടെ പല പൂര്‍വികരും അന്ന് തിരുവിതാംകൂര്‍ നിയമസഭയിലു ണ്ടായിരുന്നു. 1911 ഡിസംബര്‍ 5 മുതല്‍ 25 കൊല്ലം അയ്യന്‍കാളി നിയമസഭാ മെമ്പറായിരുന്നു. 1921 മുതല്‍ യോഹന്നാന്‍ ഉപദേശി നിയമസഭയിലുണ്ടായിരുന്നു. 1931 ല്‍ അദ്ദേഹം വീണ്ടും എം.എല്‍.സി യായി. മെമ്പര്‍ ഓഫ് ദി ലെജിസ്ലേറ്റീവ് കൗണ്‍സില്‍. ശരതന്‍ സോളമന്‍, ചാക്കോള കറുമ്പന്‍, ദൈവത്താന്‍, പാഴൂര്‍ ശിവസുബ്രഹ്മണ്യ സാംബവര്‍, പി. യേശു അടിയാന്‍, പാമ്പാടി ജോണ്‍ ജോസഫ് തുടങ്ങിയ വരും അന്ന് നിയമസഭാംഗങ്ങളായിരുന്നു. എന്നാല്‍ അവരാരും ഒരിക്കല്‍ പോലും തങ്ങളുടെ ജനത്തിന് ഹിന്ദുക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്തുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടി രുന്നില്ല. ടി.കെ. മാധവനോ, കുമാരനാശാനോ അതുപോലുള്ളവരോ പ്രസ്തുത ആവശ്യം സഭാതല ത്തില്‍ ഉന്നയിച്ചപ്പോള്‍ എതിര്‍ത്തില്ല എന്നു മാത്രം. 1930 ലെ ഓച്ചിറ സമ്മേളനത്തിന് ശേഷം അവരും നിയമസഭയ്ക്കകത്തും പുറത്തും അതിനുവേണ്ടി പ്രക്ഷോഭണം നടത്തിയില്ല. എങ്കിലും 1936 നവംബര്‍ 12-ാം തീയതി ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചു. പിറ്റേ വര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സവര്‍ണ്ണ ഭാഗത്തേക്ക് ഈഴവരെ അടുപ്പിക്കാനും അന്നു നിലനിന്നിരുന്ന സംയുക്ത സമുദായ മുന്നണി പൊളിക്കാനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രപ്രവേശ നവിളംബരം പ്രഖ്യാപിച്ചത്. അത് അന്നത്തെ രാഷ്ട്രീയാന്ത രീക്ഷം പഠിക്കുന്ന ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. 'ക്ഷേത്രപ്രവേശന വിളംബരം ഒരു പഠനം', 'ക്ഷേത്രപ്രവേശന വിളംബരം ഒരു പാഠഭേദം' തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അത് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ശ്രമിച്ചി ട്ടുണ്ട്. അവര്‍ണ്ണരെ യാതൊരു കാരണവശാലും ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് 1932 നവംബര്‍ 10-ാം തീയതി ടൈംസ് ഓഫ് ഇന്ത്യാ പത്രത്തില്‍ ലേഖനം എഴുതിയ സര്‍ സി.പി. രാമസ്വാമിഅയ്യരാണ് നാലുവര്‍ഷത്തിനുശേഷം അവര്‍ക്ക് ക്ഷേത്ര പ്രവേശ നാനു വാദം നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാ നുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്‍ണ്ണര്‍ക്ക് വേണ്ടി കെ.കേളപ്പന്‍ മരണംവരെയുള്ള നിരാഹാര സത്യാഗ്രഹം നടത്തിക്കൊ ണ്ടിരിക്കുമ്പോള്‍ അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശനത്തെപ്പറ്റി അഖിലേന്ത്യാ തലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് സര്‍.സി.പി. രാമസ്വാമി അയ്യര്‍ എന്ന ദിവാന്‍ പ്രസ്തുത ലേഖനം എഴുതിയത്. മൂന്ന് വര്‍ഷം കഴിഞ്ഞ് 1939ല്‍ ഒരു ഹൈന്ദവ ഫെഡറേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി നായര്‍-ഈഴവ നേതാക്കന്‍മാരെ തന്റെ ഔദ്യോഗിക വസതിയായ ഭക്തിവിലാസത്ത് വിളിച്ചുകൂട്ടി ശ്രമിച്ചു പരാജയമടഞ്ഞതും സി.പി. തന്നെയാണ്. അത് സംയുക്ത സമുദായ മുന്നണിക്കെതിരെയുള്ള ഒരു ഒളിയമ്പായിരുന്നു.

എന്നിട്ടും ഇന്നും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഗുണഭോക്താക്കള്‍ ദലിതരാണ് എന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമം ഒളിഞ്ഞു തെളിഞ്ഞും നടക്കുന്നുണ്ട്. ആണ്ടുതോറും അതിന്റെ ആഘോഷപരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് യോഗവും ജാഥയും നടക്കുന്നത്. അതില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് വ്യത്യാസം ഒന്നുമില്ല. എന്തടിസ്ഥാനത്തിലാണ് അത് ദലിതരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്?

1936-37 കാലഘട്ടത്തില്‍ ക്ഷേത്രപ്രവേശന വിളംബരം നടത്തിയവരെ അനുമോദിച്ചുകൊണ്ട് ദലിതരുടെ പൂര്‍വികരാരും ഒരു നല്ലവാക്കും പറഞ്ഞില്ല. അങ്ങനെ പറയാത്തതിന്റെ പേരിലാണ് സാധുജന പരിപാലന സംഘം തന്നെ തകര്‍ക്കപ്പെട്ടത്. സാധുജന പരിപാലനസംഘം' എന്ന ഗ്രന്ഥത്തില്‍ മാത്രമല്ല അയ്യന്‍കാളി ഒരു സമഗ്രപഠനം, ക്ഷേത്ര പ്രവേശന വിളംബരം ഒരു പാഠഭേദം തുടങ്ങിയുള്ള ഗ്രന്ഥങ്ങളിലും അതെല്ലാം ഞാന്‍ അതെല്ലാം വിശദീകരിച്ചിട്ടുള്ളതാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പേരില്‍ ദിവാന്‍ സര്‍. സി.പി.യ്ക്ക് 108 ശാഖകളുടെ വകയായി 108 മാല ഇട്ടു സ്വീകരണം നല്‍കിയവരുണ്ട്. 1937 ജനുവരി 18-ാം തീയതി ചേര്‍ത്തല വച്ച് എസ്.എന്‍.ഡി.പി. യോഗമാണ് അത് ചെയ്തത്. അന്ന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സി.കേശവന്‍, സര്‍.സി.പി.യുടെ കല്‍ത്തുറുങ്കി ലായിരുന്നു എന്നതൊന്നും അതിനവര്‍ക്ക് തടസ്സമായില്ല.

മഹായാനാ ബുദ്ധമതത്തിന്റെ ആരംഭത്തോടുകൂടിയാണ് വിഗ്രഹാരാധന ഇവിടെ സാര്‍വത്രികമായത്. അതിനുമുമ്പ് ദലിതര്‍ക്കുണ്ടായിരുന്നത് ശിവനും കാളിയുമായിരുന്നു. സൈന്ധവസംസ്‌ക്കാരം മുതലെങ്കിലും അത് ദലിതരുടെ കുത്തകയായിരുന്നു. പക്ഷേ ഇന്ന് ശിവനും കാളിയും സവര്‍ണ്ണ രുടേതാണ്. അതിന്റെയൊന്നും അഞ്ച് അയല്‍പക്കത്ത് അടുക്കുന്ന തിനുപോലും ദലിതര്‍ക്ക് അനുവാദമില്ല. നിങ്ങള്‍ വേണമെ ങ്കില്‍ വല്ല ചാത്തനെയോ ചാമുണ്ഡിയേയോ യക്ഷിയേയോ വച്ചു പൂജിച്ചു കൊള്ളുക എന്ന അനുവാദമാണ് നല്‍കിയത്. അതുകൊണ്ടാണ് ശ്രീനാരായ ണഗുരു അതെല്ലാം വലിച്ചു ദൂരെ എറിഞ്ഞത്. അദ്ദേഹം ശിവലിംഗം പ്രതിഷ്ഠിച്ചപ്പോള്‍ താനാരാണ് ശിവലിംഗം പ്രതിഷ്ഠിക്കാന്‍ എന്ന ചോദ്യമുണ്ടായതും അതുകൊണ്ടാണ്.

ഇവിടത്തെ ക്ഷേത്ര നിര്‍മ്മാണകല തന്നെ തച്ചന്‍മാര്‍ കെട്ടിപ്പടുത്ത താണ്. ഉളിയന്നൂര്‍ പെരുംതച്ചന്റെ കാലം ഏ.ഡി. 7-ാം നൂറ്റാണ്ടാണ്. ബ്രാഹ്മ ണാധി പത്യത്തിനും രണ്ടു നൂറ്റാണ്ടു മുമ്പാണത്. തിരുച്ചെങ്ങന്നൂര്‍ ക്ഷേത്രവും അതിന്റെ കൂത്തമ്പലവും നിര്‍മ്മിച്ചത് പെരുംതച്ചനാണ് എന്നാണ് വിശ്വാസം. കേരളത്തില്‍ പ്രധാനപ്പെട്ട ഹൈന്ദവക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടത് എ.ഡി. ഒന്‍പതും പത്തും നൂറ്റാണ്ടുകളിലാണ് എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള 'ചേരസാമ്രാജ്യം ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍' എന്ന ഗ്രന്ഥം 97-ാം പേജില്‍ പറയുന്നു. ആലുവായ്ക്കടുത്തുള്ള ഉളിയന്നൂ രാണ് പെരുംതച്ചന്റെ ജന്‍മദേശം. ഇന്ന് തച്ചുശാസ്ത്രത്തിന്റെ അവസാനവാക്ക് കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍ക്കാണുപോലും. ഈ അടുത്തകാലത്തല്ലേ മലനടക്ഷേത്രം ആദിവാസികളില്‍നിന്നും കവര്‍ന്നെടു ത്തത്.

ആദിവാസി വൈദ്യശാസ്ത്രം മാത്രമല്ല. അഷ്ടാംഗഹൃദയവും ദലിതരുടേ തായിരുന്നു. വാഗ്ഭടന്‍ 8-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ഒരു ബുദ്ധമത വിശ്വാസിയാണ്. ഒരു ആര്യ ബ്രാഹ്മണനും സാധാരണ നിലയില്‍ ബുദ്ധമതം സ്വീകരിക്കുകയില്ല. വാഗ്ഭടന്‍ ബ്രാഹ്മണനായി രുന്നില്ല. ആയൂര്‍വേദം കൈകാര്യം ചെയ്യുന്ന ബ്രാഹ്മണര്‍ ഇന്നും ജാതിയില്‍ താഴ്ന്നവരാണ്. നമ്പൂതിരിപ്പാടന്‍മാര്‍ അവര്‍ക്ക് പെണ്ണുകൊടു ക്കുകയില്ല. വൈദ്യം അയിത്തക്കാരുമായുള്ള സമ്പര്‍ക്കത്തിനു കാരണമാ കുമെന്നും, അതല്ല അവര്‍ അയിത്തക്കാരുടെ വിദ്യ അനുകരിച്ച വരാണ്. അതുകൊ ണ്ടാണ് ജാതിയില്‍ താഴ്ന്നവരായത് എന്നും പറയുന്നു.

രോഗത്തിന് ചികിത്സ നടത്തുക എന്നത് ചാതുര്‍വര്‍ണ്യ വിരുദ്ധമാണ്. രോഗം ശിക്ഷയാണ്. ഈശ്വര ശിക്ഷ. ആ ശിക്ഷയില്‍ നിന്ന് രോഗി മോചനം നേടാന്‍ ശ്രമിക്കുന്നതും അതിന് അയാളെ സഹായിക്കുന്നതും ഈശ്വരഹിത വിരുദ്ധമാണ്. അത് നിഷിദ്ധമാണ്. ആനിഷിദ്ധ പ്രവര്‍ത്തി ചെയ്യുന്നവരാണ് വൈദ്യന്‍മാര്‍. അതിനാല്‍ അവര്‍ ജാതിയില്‍ താഴ്ന്നവ രാണ് എന്ന വാദവും കേള്‍ക്കാറുണ്ട്. ആയുര്‍വ്വേദത്തില്‍ പറയുന്ന മരുന്നുകളിലെ എഴുപത്തിയഞ്ചു ശതമാനവും കേരളത്തിലെ വനങ്ങളില്‍ വിളയുന്നവയാണ്. ഇന്നും കേരളത്തിലെ ആദിവാസികള്‍ക്കും ഉള്ളാടന്മാര്‍ ക്കും മറ്റുമാണ് അവയെപ്പറ്റി കൂടുതലറിയാവുന്നത്. അഥര്‍വ്വവേദത്തിന്റെ ഭാഗമായ ആയുര്‍വ്വേദം അനാര്യന്മാരുടേതാണ് എന്നതിന് തെളിവാണത്.

കേരളത്തിലെ ഈഴവരില്‍ ഇന്നും പ്രഗത്ഭരായ ആയുര്‍വേദ വൈദ്യന്‍ മാരുണ്ട്. ആയുര്‍വേദം ആര്യന്‍മാരുടെ ചികിത്സാ സമ്പ്രദായമല്ലാ എന്നതിന്റെ പ്രധാനമായ തെളിവാണത്. ഒരു ആര്യ ബ്രാഹ്മണനും അയിത്തക്കാരനെ ആയൂര്‍വേദമല്ല ഒരു വിദ്യയും പഠിപ്പിക്കുകയില്ല. ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസിന്റെ മൂലഗ്രന്ഥമായ കേരളാരാമം രചിച്ച ചേര്‍ത്തല കടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്ചുതനെ മൂന്ന് നൂറ്റാണ്ടു മുമ്പ് വൈദ്യം പഠിപ്പിച്ചത് ഏത് ബ്രാഹ്മണനാണ്? അപ്പോള്‍ അതിനു മുമ്പും ആയുര്‍വേദം അബ്രാഹ്മ ണമായിരുന്നു. ഏ.ഡി 1902 ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം സ്ഥാപിക്കാന്‍ വേണ്ടി ക്കൂടിയ ആലോചനാ യോഗത്തില്‍ പങ്കെടുത്ത 60 ഈഴവ പ്രമുഖരില്‍ 16 പേരും പേരുകേട്ട, സാമ്പത്തികമായി മെച്ചപ്പെട്ട ആയൂര്‍വേദ വൈദ്യരാ യിരുന്നു.

അയിത്തക്കാരുടെ ആചാരങ്ങളെയും വിദ്യകളെയും കൈയ്യേറി സ്വന്തമാക്കി യതിനുശേഷം അതു തുടരുന്നതില്‍ നിന്നും അവരെ വിലക്കിയവര്‍ അവരുടെ സ്വന്തം വിദ്യ അഭ്യസിക്കുവാന്‍ ദലിതരെ അനുവദിക്കുമോ? വിദ്യ വേണ്ടാ, ഭാഷ പോലും അവര്‍ മറ്റുള്ളവരെ അഭ്യസിപ്പിച്ചിരുന്നില്ല. വിദേശിയും ജര്‍മ്മന്‍കാരനുമായ അര്‍ണ്ണോസ് പാതിരി മുന്നൂറുകൊല്ലം മുമ്പ് സംസ്‌കൃത ഭാഷ പഠിക്കാന്‍ നടത്തിയ ശ്രമത്തിന്റെ കഥകള്‍ ഒരു ഐതിഹ്യത്തേക്കാള്‍ അവിശ്വസനീയമാണ്. അര്‍ണ്ണോസ് പാതിരി എന്ന ഗ്രന്ഥത്തില്‍ ഞാനത് വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഡോ: അംബേദ്ക്കര്‍ സംസ്‌കൃതം പഠിക്കാന്‍ വേണ്ടി ശ്രമിച്ചത്. ബോംബെയിലെ ഒരു സംസ്‌കൃതാദ്ധ്യാപ കനും ആ ചണ്ഡാലനെ സംസ്‌കൃതം പഠിപ്പിക്കാന്‍ തയ്യാറായില്ല. അവരാണോ സംസ്‌കൃതത്തിലെഴുതപ്പെട്ട ആയുര്‍വേദ കൃതികള്‍ ഈഴവരെ പഠിപ്പിക്കുന്നത്? ഈ സംസ്‌കൃതം തന്നെ ദലിതരുടെ ഭാഷയെ അവര്‍ അവരുടെ രീതിയില്‍ സംസ്‌കരിച്ചു സ്വന്തമാക്കിയതാണ്.

ബ്രിട്ടീഷിന്ത്യാ സര്‍ക്കാരിന്റെ നിര്‍ബന്ധം മൂലം തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചു കൊണ്ടുള്ള വിളംബരം പ്രഖ്യാപിച്ചത് 1855 ജൂണ്‍ 24-ാം തീയതിയാണ്. യഥാര്‍ത്ഥത്തില്‍ ആ വിളംബരം മൂലം നിരോധിക്ക പ്പെട്ടത് അടിമത്തമല്ല, അടിമവ്യാപാരമാണ്. വിളംബരത്തിന്റെ പൂര്‍ണ്ണ രൂപം പുറകെ നല്‍കുന്നുണ്ട്. 154 വര്‍ഷം കഴിഞ്ഞിട്ട് ഇന്നും അതിനോട് പൊരുത്തപ്പെടാന്‍ ഇവിടത്തെ സവര്‍ണ്ണര്‍ക്കും അവരുടെ സര്‍ക്കാരുകള്‍ ക്കും കഴിയുന്നില്ല. അടിമയെ മനുഷ്യനാക്കി മാറ്റിയ ആ മഹാ സംഭവം ഓര്‍മ്മിക്കാന്‍ പോലും സവര്‍ണ്ണ നേതൃത്വത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് കുറഞ്ഞത് ഒരു സഹസ്രാബ്ദ ക്കാലമായി തലമുറ തലമുറ അടിമകളായി കഴിഞ്ഞിരുന്നവര്‍ മോചിത രായി മനുഷ്യരായി എന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും ആഹ്‌ളാദ പൂര്‍ണ്ണവുമായ സംഭവമാണ് എന്നതില്‍ സംശയമില്ല. അവരുടെ വംശ ചരിത്രത്തെ രണ്ടായി വിഭജി ക്കുക യാണെങ്കില്‍ അടിമയായിരുന്ന കാലം മനുഷ്യനായകാലം എന്നാണ് വിളിക്കേണ്ടത്. അതിന്റെ വാര്‍ഷികം അനുസ്മരിക്കുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ഇവിടത്തെ ഇടത്-വലത് സര്‍ക്കാരുകള്‍ ഇപ്പോഴും കാണിച്ചുകൊണ്ടി രിക്കുന്നത്. അടിമകള്‍ മോചിക്കപ്പെട്ടത് അടിമകള്‍ക്ക് സന്തോഷപ്രദമാണ്. പക്ഷെ ഉടമകള്‍ക്ക് അത് ദുഃഖകരമാണ്. അതിനാല്‍ ആ മോചനത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ അവര്‍ തയ്യാറല്ല. അത് ആഘോഷിക്കാന്‍ തയ്യാറല്ലാത്ത ആ സര്‍ക്കാരുകള്‍, ഇടതും വലതും സര്‍ക്കാരുകള്‍ ആരുടേതാണ് എന്നു വ്യക്തമാണല്ലോ. അല്ലെങ്കില്‍ അത് ആചരിക്കേണ്ടത് ദുഃഖദിനമായിട്ടാണോ? അതോ അടിമത്തം ഇന്നും ഇവിടെ നിന്നും പൂര്‍ണ്ണമായി മാഞ്ഞിട്ടില്ല എന്ന് അധികാരികള്‍ക്ക് അറിയാവുന്നതു കൊണ്ടാണോ അടിമത്തനി രോധന വിളംബരത്തിന്റെ വാര്‍ഷികം ആഘോഷിക്കാത്തത്? വിളംബര ത്തിന്റെ പൂര്‍ണ്ണരൂപം കാണുമ്പോള്‍ മാത്രമേ അതിന്റെ പ്രാധാന്യം മനസ്സിലാകുകയുള്ളൂ.

തിരുവിതാംകൂറില്‍ അടിമവ്യാപാരം നിര്‍ത്തിക്കൊണ്ടുള്ള മഹാരാജാവി ന്റെ വിളംബരം.

'ശ്രീപത്മനാഭദാസ വഞ്ചിപാല ബാലമാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതിമന്നേ സുല്‍ത്താന്‍ മഹാരാജ ഭാഗ്യോദയ രാമരാജ ബഹാദൂര്‍ ഷംഷെര്‍ഗ് മഹാരാജാ അവര്‍കള്‍ സകലമാന പേര്‍ക്കും പ്രസിദ്ധപ്പെടു ത്തുന്ന വിളംബരം.

എന്തെന്നാല്‍ നമ്മുടെ രാജ്യത്തുള്ള അടിമകളിലെ സ്ഥിതിയെ നന്നാക്കാ മെന്ന് നമുക്ക് മനസ്സായിരിക്കുന്നതും ബഹുമാനപ്പെട്ട കമ്പിനിയാരുടെ വിസ്താരമേറിയ രാജ്യങ്ങളില്‍ഉള്ള അടിമകള്‍ അനുഭവിച്ചു വരുന്ന ഗുണങ്ങള്‍ ഇവിടെ ഉള്ള അടിമകള്‍ക്കും ഉണ്ടാകേണ്ടതും ആകെ കൊണ്ടും ആയത് 1020-ാം മാണ്ട് കന്നിമാസം 30-ാം തീയതി 32-ാം നമ്പരായി പ്രസിദ്ധപ്പെടു ത്തിയിരിക്കുന്ന നമ്മുടെ വിളംബരം കൊണ്ട് പൂര്‍ണ്ണമായി സംഭവിച്ചിട്ടില്ലായ്കയാലും ആ വിളംബരത്തിനെ അസ്ഥിരമാ ക്കുന്നത് യുക്തമെന്ന് നിശ്ചയിച്ചു. ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തു ന്നത് എന്തെന്നാല്‍

ഒന്നാമത് പണ്ടാരവക അടിമകള്‍ എല്ലാപേരെയും അവരുടെ കുട്ടിക ളെയും ഈ വിളംബരം പ്രസിദ്ധമാക്കുന്ന തീയതി മുതല്‍ അടിമയില്‍ നിന്നും ഒഴിഞ്ഞിരിക്കുന്നത് കൂടാതെ ആ വക ആളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും വാങ്ങിച്ചു വരുന്ന കരവും ഇതിനാല്‍ നിര്‍ത്തല്‍ ചെയ്യപ്പെട്ടി രിക്കുന്നു.

രണ്ടാമത് കോര്‍ട്ടുകളിലെ തീര്‍പ്പെങ്കിലും ഉത്തരവെങ്കിലും നടത്തുന്നതി ലാകട്ടെ പണ്ടാരവകപാട്ടമെങ്കിലും കരമെങ്കിലും പിരിക്കുന്നതിനാകട്ടെ യാതൊരു അടിമകളെയോ ബലബന്ധമായ വേല ചെയ്യുന്നതിനുള്ള അവകാശത്തിനെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരും വിക്കയും വിപ്പി ക്കയും അരുത്.

മൂന്നാമത് യാതൊരുത്തന്റെ ദേഹത്തിനെയും വേലയേയും പറ്റി അടിമ എന്ന് വിചാരിച്ച് ഉണ്ടാകുന്ന അവകാശവും വ്യവഹാരങ്ങള്‍ ഈ സംസ്ഥാനത്തുള്ള അദാലക്രിമിനല്‍ പോലീസ് ഉള്‍പ്പെട്ട സ്ഥലത്ത് ഉദ്യോഗ സ്ഥന്‍മാര്‍ കൈക്കൊള്ളുന്നതുമല്ല.

നാലാമത് യാതൊരുത്തരെയെങ്കിലും അവരുടെ ദേഹ പ്രയത്‌നത്താലോ തൊഴില്‍ മുതലായവയെ കൊണ്ടോ കുടുംബ അവകാശം പറ്റിയോ ഒരുത്തന്റെ അവസാന കാലത്തില്‍ എഴുതിവച്ച ആധാരങ്ങളെ പ്രമാണി ച്ചോ മറ്റൊരുത്തനാല്‍ ഇനാം കൊടുക്കപ്പെട്ടതായിട്ടോ സംവാദിക്കുന്ന വസ്തുക്കള്‍ അവരെ ങ്കിലും ആയത് കൊടുത്തവരെങ്കിലും അടിമയാകു ന്നു എന്നു വിചാരിച്ചു. അവരുടെ പക്കല്‍ നിന്നും എടുക്കയാകട്ടെ അനുഭവത്തിന് വിരോധമായിട്ടു പ്രവര്‍ത്തിക്കയാകട്ടെ ചെയ്തു പോകയും അരുത്.

അഞ്ചാമത് സ്വാധീനന്‍മാരായിട്ടുള്ള ആളുകളുടെ നേരെ പ്രവര്‍ത്തിച്ചാല്‍ ശിക്ഷ ഉള്ള കുറ്റങ്ങള്‍ അടിമകളുടെ നേരേ പ്രവര്‍ത്തിച്ചാലും ഒരു പോലെ ശിക്ഷയുള്ളതായിരിക്കുകയും ചെയ്യും. 

എന്ന് 1030-ാം മാണ്ട് മിഥുനമാസം 2-ാം തീയതി.' പക്ഷേ ഇതിന്റെ വാര്‍ഷികം ഒരു സര്‍ക്കാരും ആഘോഷിക്കുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു ആരാധന നടത്തുവാനുള്ള അനുവാദം ലഭിച്ചു. അഥവാ ദലിതര്‍ ഹിന്ദുക്കളായി. അതിന്റെ വാര്‍ഷികം എല്ലാവര്‍ഷവും മുടങ്ങാതെ ആഘോഷിക്കുന്നുണ്ട്. ഹിന്ദു എന്നതിന്റെ ഇന്നത്തെ പ്രധാന ലക്ഷണം ക്ഷേത്രാരാധനയാണല്ലോ. അടിമത്തനിരോധന വിളംബരത്തിലൂടെ ദലിതര്‍ മനുഷ്യരായി. ഇന്നു കേരള സര്‍ക്കാരിന് ദലിതര്‍ മനുഷ്യരായ തല്ല പ്രധാനം; ഹിന്ദുക്കളായ താണ് പ്രധാനം. അതുകൊണ്ടാണ് അതുമാത്രം ആണ്ടുതോറും ആഘോഷി ക്കുന്നത്. ഇ.കെ.നായനാരാ യാലും, കെ.കരുണാകരനായാലും ദലിതരെ ഹിന്ദുക്കളാക്കാനാണ് താല്പര്യം. അവര്‍ മനുഷ്യരായതില്‍ അവര്‍ക്ക് വലിയ താല്പര്യമില്ല. 1855 ല്‍ മനുഷ്യരായവര്‍ 1936 ല്‍ ഹിന്ദുക്കളാ യപ്പോള്‍ വീണ്ടും മനുഷ്യരല്ലാതായി. ഹിന്ദുക്കളിലെ അവര്‍ണ്ണജാതിക്കാര്‍ വാനരരും അസുരന്‍മാരും മറ്റുമാണല്ലോ. ആ തത്വശാസ്ത്രം അംഗീകരി ക്കുന്നവരാ ണല്ലോ നവംബര്‍ 12 ആഘോഷിക്കുന്നത്. ദലിതരെ വീണ്ടും മനുഷ്യരല്ലാതാക്കുന്നതിന് ഗാന്ധിയുടെ കോണ്‍ഗ്രസും ശങ്കരന്‍ നമ്പൂതിരി പ്പാടിന്റെ കമ്മ്യൂണിസവും ഒന്നാണ്. അടിമത്ത നിരോധന വിളംബരം ഒരു വിപ്ലവമാണെങ്കില്‍ ക്ഷേത്ര പ്രവേശന വിളംബരം ഒരു പ്രതി വിപ്ലവമാണ്. മനുഷ്യനെ അടിമയാക്കുന്നതാണ്.

പി.ആര്‍.ഡി.എസിനെ ഞാന്‍ പല സമ്മേളനങ്ങളിലും അഭിനന്ദിച്ചു സംസാരിച്ചിട്ടുണ്ട്. അത് മറ്റൊന്നിന്റെയും പേരിലല്ല. അവര്‍ ആണ്ടു തോറും അടിമത്തനിരോധന വിളംബരത്തിന്റെ സ്മരണ ആചരിക്കുന്ന തിന്റെ പേരിലാണ്. ഒരു കാലത്ത് അടിമയായിരുന്നതിന്റെ ഒരു കാലത്ത് ചിലരെല്ലാം കൂടി അടിമകളാക്കി എന്നതിന്റെ ഓര്‍മ്മ ദലിതരുടെ സിരകളില്‍ കൂടി ഒഴുകുന്ന രക്തത്തിന് ചൂട് പകരാന്‍ സഹായിക്കും.

അടിമത്തനിരോധന നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം അടിമകളുടെ മോചനമായിരുന്നില്ല, മറ്റ് പലതുമായിരുന്നു എന്നും കേള്‍ക്കാറുണ്ട്. ഇംഗ്ലീഷുകാര്‍ ആ കാലഘട്ടത്തില്‍ കേരളത്തില്‍ അനേകം തേയില, റബ്ബര്‍, ഏലം, കാപ്പി തോട്ടങ്ങള്‍ തുടങ്ങിയിരുന്നു. ആ തോട്ടങ്ങളില്‍ പണി എടുക്കാന്‍ അന്ന് ജോലിക്കാരെ ലഭിച്ചിരുന്നില്ല. വേല ചെയ്യുന്ന ആളുകള്‍ അന്ന് അടിമകളായി അവരുടെ ഉടമകളുടെ തൊഴുത്തുകളിലായിരുന്നു. അവിടെ നിന്നും അവരെ പുറം തള്ളിയാല്‍ മാത്രമേ യൂറോപ്യന്‍മാര്‍ക്ക് തങ്ങളുടെ തോട്ടങ്ങളില്‍ കുറഞ്ഞ കൂലിക്ക് അവരെ ലഭിക്കുമായിരു ന്നുള്ളൂ. അതിന് വേണ്ടിയാണ് ഇംഗ്ലീഷ്ഈസ്റ്റിന്ത്യ കമ്പനി അടിമത്ത നിരോധനത്തിന് ഇത്രയേറെ ധൃതികാണിച്ചത് എന്നതാണ് ആ വ്യാഖ്യാനം. അടിമത്ത നിരോധന നിയമം മൂലം സ്വതന്ത്രരായി പുറത്ത് വരുന്നവരുടെ പുനരധിവാസത്തിന് വേണ്ടി പ്രസ്തുത നിയമത്തില്‍ ഒന്നും പറഞ്ഞിരു ന്നില്ല. അതിനാല്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളില്‍ ചിലരെങ്കി ലും അതിനെ അധിക്ഷേപിക്കുകയും തമ്മില്‍ ഭേദം അടിമത്ത മാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടിമയായിരു ന്നപ്പോള്‍ തമ്പുരാന്റെ തൊഴുത്തും കരിക്കാടിയുമെ ങ്കിലുമുണ്ടായിരുന്നു പോലും. ഒപ്പം അടിമകളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കണമെങ്കിലും അവരെ ആ തൊഴുത്തില്‍ നിന്നും പുറത്ത് ലഭിക്കണം. പക്ഷേ ബ്രിട്ടീഷിന്ത്യാ സര്‍ക്കാര്‍ കേരളത്തില്‍ മാത്രമല്ല അടിമത്ത നിരോധനത്തിന് ധൃതി കാണിച്ചത്. തോട്ടങ്ങളൊന്നു മില്ലാത്ത ഡല്‍ഹിയിലും, കല്‍ക്കട്ടയിലും ബോംബെയിലും മദ്രാസിലും മറ്റ് സംസ്ഥാനങ്ങളിലും അവര്‍ അടിമത്തം നിരോധിച്ചു. അടിമത്തം നിരോധി ച്ചത് ഇന്ത്യയില്‍ മാത്രമല്ല ഇംഗ്ലണ്ടിലും അത് ചെയ്തു. അവിടെയെങ്ങും തോട്ടങ്ങളില്ല, അവിടത്തെ അടിമകളെല്ലാം ക്രിസ്ത്യാനികളുമായിരുന്നു. അടിമത്തം നിരോധിച്ചത് ബ്രിട്ടീഷ് സര്‍ക്കാരും മിഷനറി പ്രവര്‍ത്തനം നടത്തിയത് ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മിഷനറിമാരുമായിരുന്നു. അവര്‍ തമ്മില്‍ അത്ര സൗഹാര്‍ദ്ദത്തിലു മായിരുന്നില്ല. എന്തിന് വേണ്ടിയാണെങ്കിലും ഒരു അടിമ സ്വതന്ത്രനാകു ന്നത് ആ അടിമയെ സംബന്ധിച്ചെടുത്തോളം സന്തോഷ പ്രദമാണ്. സ്വാതന്ത്ര്യം അനുഭവിക്ക ലാണ് മനുഷ്യനാകലാണ്. ജനനം മുതല്‍ അടിമയായിരുന്നവനെ സംബന്ധിച്ചെടുത്തോളം അവന്‍ സ്വതന്ത്ര നാകുന്നതിനാലുള്ള ആനന്ദം അനുഭവിച്ചാല്‍ മാത്രമേ അറിയാനാകുക യുള്ളൂ.

അടിമത്ത നിരോധന വിളംബരം തിരുവിതാംകൂറിലെ ഒരു രാജാവ് പുറപ്പെടുവിച്ചതാണ്. അന്ന് കേരളം ഉണ്ടായിരുന്നില്ല. ആ തിരുവിതാം കൂറിന്റെ പിന്തുടര്‍ച്ചയല്ല ഈ കേരളം. ഇന്നത്തെ ഈ കേരളത്തിലെ ജനത്തിന്റെ ഭൂരിപക്ഷവും അന്നത്തെ തിരുവിതാംകൂറിലെ ജനത്തിന്റെ പിന്‍തലമുറയല്ല. ഇന്ന് കേരളം ഭരിക്കുന്നത് അന്നത്തെ തിരുവിതാംകൂര്‍ രാജാവിന്റെ പിന്‍ഗാമികളല്ല. രാജഭരണം പോയി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ഇന്ന് കേരളം ഭരിക്കുന്നത്. അതിനാല്‍ അടിമത്തനിരോധന വിളംബരത്തിന്റെ ക്രെഡിറ്റും ഡിസ്‌ക്രെ ഡിറ്റും ഈ ഭരണകൂടത്തിന് അവകാശപ്പെടാനില്ല. തന്‍മൂലം ഈ സര്‍ക്കാര്‍ ആ വിളംബരം അനുസ്മരിക്കാതിരിക്കുന്നതില്‍ യുക്തിപരമായ ഒരു നിലപാടുണ്ട്. ഏകാധിപതിയായ ഒരു രാജാവ്അയാളുടെ വ്യക്തി പരമായ താല്പര്യത്തെ പ്രതിയോ അയാള്‍ക്ക് രാജസ്ഥാനത്ത് പിടിച്ചി രിക്കാനോ വേണ്ടി ചെയ്ത കാര്യങ്ങളില്‍ പുറകെ വന്ന ഒരു ജനാധിപ ത്യസര്‍ക്കാര്‍ അഭിമാനം കൊള്ളുന്നതില്‍ അര്‍ത്ഥമില്ല. ഒരു ചരിത്രസംഭവ മായി അനുസ്മരിക്കാം.

എന്നാല്‍ 80 വര്‍ഷത്തിന് ശേഷം അതേ തിരുവിതാംകൂര്‍ സര്‍ക്കാര്‍ മറ്റൊരു വിളംബരം പുറപ്പെടുവിച്ചു. ക്ഷേത്ര പ്രവേശന വിളംബരം. ആദ്യ വിളംബരം പുറപ്പെടുവിച്ചത് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവാണെങ്കില്‍ രണ്ടാമത്തെ വിളംബരം പുറപ്പെടുവിച്ചത് പിന്‍ഗാമി യായ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവാണ് എന്ന ഒരു വ്യത്യാസം മാത്രമേ അവ തമ്മില്‍ ഉള്ളൂ. എന്നാല്‍ ഉള്ളടക്കത്തില്‍ അജഗജാന്തരമുണ്ട്. ഒന്ന് അടിമകളായിരുന്ന തിരുവിതാംകൂറിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ദലിതരെ പ്രസ്തുത വിളംബരം സ്വതന്ത്രരാക്കി. മറ്റേത് ക്ഷേത്രത്തില്‍ (ഹൈന്ദവ സവര്‍ണ്ണ) പ്രവേശിക്കാന്‍ അര്‍ഹതയില്ലാതിരുന്ന ആ ജന വിഭാഗത്തിന് സവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചു തൊഴാനും കാണിക്ക ഇടാനും അനുവാദം കൊടുത്തു. ഏത് മാനദണ്ഡം വച്ച് നോക്കിയാലും അടിമയെ സ്വതന്ത്രനാക്കിയതിന്റെ പ്രാധാന്യം അവര്‍ണ്ണന് സവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ അനുവാദം കൊടുത്തതിലില്ല. 

തിരുവിതാംകൂറിനെ പോലെ തന്നെ ഇന്നത്തെ കേരളത്തിന്റെ മറ്റൊരു ഭാഗമാണ് പഴയ ബ്രിട്ടീഷ് മലബാര്‍. സാമൂഹ്യരംഗത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിളംബരങ്ങള്‍ അവിടെയും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 1788 ല്‍ ടിപ്പു സുല്‍ത്താന്‍ പുറപ്പെടുവിച്ച കോഴിക്കോട്ട് വിളംബരം കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട രേഖയാണ്.

'...നിങ്ങളുടെ സ്ത്രീകള്‍ പത്തു പുരുഷന്‍മാരുമായി ബന്ധപ്പെടു കയും അശ്ലീല പ്രവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തെ ജനങ്ങളെല്ലാ വരും വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരി ക്കുകയാല്‍ ഈ പാപപൂര്‍ണ്ണമായ ജീവിതവൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റ് ജനതകളെ പോലെ ജീവിക്കാന്‍ ഇതിനാല്‍ നിങ്ങളോട് നാം ആവശ്യപ്പെടുകയും ചെയ്യുന്നു...' ((Thurston - Castes and Tribes of Southern India Vol V P. 311

അതൊന്നും ദലിതര്‍ ചെയ്തിരുന്നതല്ല. ബ്രാഹ്മിണിസ്റ്റുകളുടെ ജീവിത രീതിയായിരുന്നു.കൊച്ചി രാജാക്കന്‍മാരും അത്തരം വിളംബരങ്ങള്‍ പുറപ്പെടുവിച്ചു കാണുമായിരിക്കാം.

ദലിതരെ ഹിന്ദുക്കളാക്കുന്ന വിളംബരത്തിന്റെ സ്മരണ ആണ്ടുതോറും സര്‍ക്കാര്‍ പുതുക്കി ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അവനെ മനുഷ്യനാ ക്കിയ വിളംബരം ആ സര്‍ക്കാര്‍ വിസ്മരിക്കുന്നു. സവര്‍ണ്ണരും അവരുടെ സര്‍ക്കാരും ചേര്‍ന്ന് ആടിനെ പട്ടിയാക്കുന്നു. ക്ഷേത്രപ്രവേശന വിളംബര സ്മാരകദിനത്തില്‍ ദലിതര്‍ക്ക് പല അവാര്‍ഡുകളും നല്‍കുന്നു. ആ ദിനത്തോടും ആ വിളംബരത്തോടും ഒരു ബന്ധവുമില്ലാത്ത അംബേദ്ക്കര്‍ അവാര്‍ഡും മറ്റുമാണ് നല്‍കുന്നത്. ആ നക്കാപിച്ച രണ്ട് കൈയും നീട്ടി വാങ്ങുവാന്‍ ഇവിടെ ദലിതരുണ്ട്. ഈ വൃത്തികേടിനെ, അധര്‍മ്മത്തെ ഇന്നുവരെ ആരും എതിര്‍ത്തിട്ടില്ല എന്നതാണ് വിസ്മയം. യോഹന്നാന്‍ ഉപദേശി മാത്രമാണ് അടിമത്തനിരോധന വിളംബരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. അദ്ദേഹം അടിമയായിട്ടല്ല ജനിച്ചതെങ്കിലും പിതാക്കന്‍മാരുടെ അടിമത്തത്തിന്റെ ക്രൂരത അറിഞ്ഞ ആളാണ്.

ഏതെങ്കിലും ക്രൈസ്തവ സഭയിലേക്ക് മാനസാന്തരപ്പെട്ടവര്‍ മാത്രമല്ല യോഹന്നാന്‍ ഉപദേശിയുടെ അനുയായികളായത്. അല്ലാത്തവരും ജാതിമത ഭേദമെന്യേ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും യോഗങ്ങളില്‍ പങ്കെടുക്കുവാനും തയ്യാറായി. മധ്യ തിരുവിതാംകൂറിലെ ദലിതര്‍ മൊത്തത്തില്‍ ഉപദേശിയുടെ അനുയായികളായതില്‍ സവര്‍ണ്ണ ക്രൈസ്ത വര്‍ മാത്രമല്ല സവര്‍ണ്ണ ഹിന്ദുക്കളും അസഹിഷ്ണരായിരുന്നു. യോഹന്നാന്‍ കൂട്ടം അഥവാ പൊയ്കയില്‍ കൂട്ടം ഒരു ക്രൈസ്തവ സഭാവിഭാഗമായിട്ടാണ് അന്ന് അംഗീകരിക്കപ്പെട്ടു പോന്നത്. അവരുടെ വസ്ത്രം പൂര്‍ണ്ണമായും വെള്ളയായിരുന്നു. ദലിതരുടെ വസ്ത്രധാരണം, സഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തിയിരുന്ന കാലത്ത് യോഹന്നാന്‍ അനുയായികള്‍ക്ക് അതില്‍ നിന്നും മോചനം ലഭിച്ചിരുന്നത് അത് ഒരു ക്രൈസ്തവ കൂട്ടം എന്ന മേല്‍വിലാ സത്തിലായിരുന്നു. ഇന്ന് ആ മേല്‍വിലാസം അവര്‍ക്ക് വിനയായി മാറിയതിനാല്‍ അത് ഉപേക്ഷിച്ചു. അപ്പോഴാണ് യോഹന്നാന്‍ ഉപദേശി കുമാരഗുരുദേവനായത് എന്നൊരഭിപ്രായവും നിലവിലുണ്ടെന്ന കാര്യം സൂചിപ്പിച്ചുവല്ലോ.