"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: കേരള സംസ്‌ക്കാരം - ദലിത്ബന്ധു എന്‍ കെ ജോസ്

ആര്യബ്രാഹ്മണര്‍ കേരളത്തിലെത്തിയത് ഏ.ഡി. 8, 9, 10 നൂറ്റാണ്ടുകളിലാണ് എന്നത് ഇന്ന് അവരുടെ തന്നെ ചരിത്ര സാംസ്‌ക്കാരിക പണ്ഡിതന്‍മാര്‍ അംഗീകരിച്ച് കഴിഞ്ഞിട്ടുള്ള ചരിത്ര വസ്തുതയാണ് എന്നു പറഞ്ഞുവല്ലോ. ഡോ.രാജന്‍ ഗുരുക്കളും, ഡോ. രാഘവവാര്യരും ചേര്‍ത്തെഴുതിയ കേരള ചരിത്രം തുടങ്ങിയുള്ള ഗ്രന്ഥങ്ങള്‍ അതിനുദാഹരണണങ്ങളാണ്. 

സംഘകാലത്ത് കേരളത്തില്‍ ബ്രാഹ്മണരുണ്ടാ യിരുന്നില്ല. അതിനാല്‍ ജാതി വ്യവസ്ഥയുമുണ്ടായിരുന്നില്ല. ജാതി എന്ന പദമോ തത്തുല്യമായ ഒന്നോ ആയിരക്കണക്കിന് പദ്യങ്ങളുള്ള സംഘകൃതി കളില്‍ ഒരിടത്തും കാണുന്നില്ല. ജാതി പ്രതിനിധാനം ചെയ്യുന്ന ആശയവും സംഘം ജനതയ്ക്ക് അജ്ഞാതമായിരുന്നു. അന്നുണ്ടായി രുന്ന വിഭജനം പ്രാദേശികവും തൊഴില്‍ പരവുമായിരുന്നു. അതിന് ഉച്ചനീചത്വമുണ്ടായിരുന്നില്ല. അത് പാരമ്പര്യാര്‍ജിതവുമായിരുന്നില്ല. അതിനാല്‍ ബ്രാഹ്മണാധിനിവേശം നടന്നത് സംഘകാലശേഷമാണ്.

എന്നാല്‍ സംഘകാലത്തിനും അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ബി.സി. നൂറ്റാണ്ടുകളില്‍ തന്നെ കേരളത്തില്‍ നിന്നും കുരുമുളകും, ഏലം, ഏലവര്‍ഗ്ഗം, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും പുരാതന പൂര്‍വ്വ യൂറോപ്യന്‍ സംസ്‌കാരകേന്ദ്രങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടി രുന്നു എന്നത് കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ആഗോള ചരിത്ര പണ്ഡിതന്‍മാര്‍ വരെയും അംഗീകരിച്ചിട്ടുള്ള ചരിത്ര വസ്തുത യാണ്. ബൈബിളിന്റെ പഴയ നിയമത്തില്‍ പോലും അതേപ്പറ്റി പരമാര്‍ശ നമുണ്ട്. കുട്ടനാടിന്റെ ഇതിഹാസം, കറുത്ത കേരളം, അടിസ്ഥാന കേരളം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഞാനത് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി യിട്ടുണ്ട്.

റോമിലെയും ഗ്രീസിലെയും അലക്‌സാണ്ട്രിയായിലെയും മറ്റും പരിഷ്‌കൃത ജനങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ വനങ്ങളില്‍അക്കാലത്ത് വളര്‍ന്നി രുന്ന കാട്ടുചെടികളായ കുരുമുളകിന്റെയും ഇഞ്ചിയുടെയും ഏലത്തി ന്റെയും മറ്റും ഗുണങ്ങള്‍ കണ്ടെത്തിയത്. മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന ഘോരവനങ്ങളായിരുന്നു അക്കാലത്തെ കേരളത്തിലെ മലയോര പ്രദേശ ങ്ങളും ഇടഭൂമികളും. സര്‍പ്പങ്ങളുടെ ആവാസകേന്ദ്രമായിരുന്നു അവ. പരശുരാമ ഐതീഹ്യത്തില്‍ പോലും സര്‍പ്പങ്ങളെ ഭയന്ന് ബ്രാഹ്മണര്‍ ആദ്യം മടങ്ങിപ്പോയി എന്നാണ് പറയുന്നത്.

രണ്ടായിരത്തി അഞ്ഞുറോ അതിലധികമോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശികള്‍ ആ വനങ്ങളില്‍ക്കൂടി കയറി ഇറങ്ങി അതിലെ ഓരോ ചെടിയേയും അതിന്റെ പഴങ്ങളെയും മറ്റും പറ്റി പഠിച്ചുവെന്നും കിഴങ്ങുകള്‍ മാന്തി പരിശോധിച്ച് ഗവേഷണം നടത്തി ഗുണങ്ങള്‍ കണ്ടുപിടിച്ചുവെന്നും അതിനുശേഷം അവ കൊണ്ട് പോയി എന്നും ചിന്തിക്കുന്നത് യുക്തിരഹിതമാണ്.

മത്സ്യവും മാംസവും കേടുവരാതെ സൂക്ഷിക്കുന്നതിന് സഹായകമായ ഒരു ഉല്പന്നമായിരുന്നു അന്നു കുരുമുളക്. അതുപോലെ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിനാവശ്യമായ വിശപ്പുണ്ടാക്കുന്നതിനും അത് ഉപയോഗിക്കപ്പെട്ടിരുന്നു. ഈ രണ്ട് ഉപയോഗങ്ങളാണ് കുരുമുളക് കൊണ്ട് പുരാതന കാലത്ത് ഗ്രീസിലെയും റോമിലേയും ജനങ്ങള്‍ പ്രധാനമായ നിര്‍വഹിച്ചിരുന്നത് എന്ന് Natural History എന്ന ഗ്രന്ഥത്തില്‍ പ്ലിനി പറയുന്നു. റോമിലെ പ്രഭുകുടുംബങ്ങളിലെ തീന്‍മേശയ്ക്ക് അന്ന് കുരുമുളകിനോടുണ്ടായിരുന്ന അത്യാര്‍ത്തി മൂലം റോമാസാമ്രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരുന്ന സ്വര്‍ണ്ണനാണയ ങ്ങളെപ്പറ്റി പ്ലിനി പരാതി പറയുന്നുണ്ട്. പ്ലിനി മാത്രമല്ല ടൈബേരിയസ് തുടങ്ങിയ ചക്രവര്‍ത്തി മാരും അതാവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ നിന്നും കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും അവര്‍ കയറ്റിക്കൊണ്ടുപോയി അവരുടെ ലാബറട്ടറിയില്‍ ഗവേഷണം നടത്തി അവയുടെ ഉപയോഗം കണ്ടെത്തുകയായിരുന്നുവോ? കാഴ്ചയില്‍ ഭംഗിയോ രുചിയില്‍ സ്വാദോ ഇല്ലാത്ത ഈ ചെറിയപഴം നമ്മുടെ വനങ്ങളില്‍ വന്നിട്ടില്ലാത്ത വിദേശികളുടെ ദൃഷ്ടിയില്‍ എങ്ങനെ എത്തി? സംഘം കൃതികളില്‍ കുരുമുളകിനെ പരാമര്‍ശിക്കുന്നത് കറി എന്ന പദം കൊണ്ടാണ്. 'പൊന്നോടു വന്തു കറിയോട് പേയറും' എന്നാണ് സംഘം കവിത. പൊന്നും കൊണ്ടുവന്ന് പകരം കുരുമുളകും കൊണ്ടു പോയി. ഇന്നും നാം പ്രധാന ഭക്ഷണത്തിന്റെ കൂടെ ഉപയോഗിക്കുന്ന ഉപദംശ ങ്ങള്‍ക്ക് കറി എന്നുതന്നെയാണ് പറയുന്നത്. ആ ഉപയോഗം തന്നെയാണ് അന്ന് ഗ്രീസിലെയും റോമിലേയും മറ്റും ജനങ്ങള്‍കുരുമുളക് കൊണ്ട് നടത്തിയിരുന്നത്. കറി എന്ന പദം ലത്തിനോ ഗ്രീക്കോ അല്ല ചെന്തമി ഴാണ്. ചെന്തമിഴ് ഉപയോഗിച്ചു കൊണ്ടിരുന്ന കേരളീയര്‍ കൊടുത്ത പേരാണത്. ഇന്നും ഇംഗ്ലീഷില്‍ ആ ഉപയോഗ ത്തോടു കൂടിയ സാധന ത്തിന് മറ്റൊരു പദം പറയുവാനില്ല. കറിയുടെ ഉപയോഗം ആദ്യം കണ്ടെത്തിയത് കേരളീയര്‍ തന്നെയെന്നാണ് എന്നാണ് അത് സൂചിപ്പിക്കു ന്നത്. വയര്‍ നിറച്ചു ഭക്ഷണം കഴിക്കുക എന്നതില്‍ നിന്നും രുചിയോട് കൂടി ഭക്ഷണം കഴിക്കുക എന്നതിലേയ്ക്കുള്ള മാറ്റം സാംസ്‌കാരിക വളര്‍ച്ചയുടെ ഭാഗമാണ്. കേരളീയര്‍ക്ക് ആ വളര്‍ച്ച ബി.സി. നൂറ്റാണ്ടു കളില്‍ തന്നെ ഉണ്ടായി എന്നു വ്യക്തമാണല്ലോ. അത് കേരളീയരുടെ സംസ്‌ക്കാര നിലവാരത്തെ സൂചിപ്പിക്കുന്നു.

അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ്. കുരുമുളകും മറ്റു സുഗന്ധ ദ്രവ്യങ്ങളും യൂറോപ്പിലെ അന്നത്തെ പരിഷ്‌കൃത ജനസമൂഹം ഉപയോഗിക്കുവാന്‍ തുടങ്ങുന്നതിന് ഏറെ മുമ്പുതന്നെ കേരളത്തിലെ ആദിവാസികള്‍ അവ ഉപയോഗിച്ചിരുന്നു. അവരില്‍ നിന്നാണ് യൂറോപ്പിലെ പരിഷ്‌കാരികള്‍, അവര്‍ പരിഷ്‌കാരികളാണെങ്കില്‍ അതെല്ലാം അനുകരിച്ചത്. അത് ഉപയോഗിക്കാനുള്ള കഴിവും അറിവും സംസ്‌കാരവും ബ്രാഹ്മണാധിപത്യത്തിന് ഒരു സഹസ്രാബ്ദം മുമ്പു തന്നെ കേരളീയര്‍ക്കുണ്ടായിരുന്നു. അതായിരുന്നു കേരളീയരുടെ അന്നത്തെ സംസ്‌കാരം. ബി.സി. നൂറ്റാണ്ടുകളില്‍ ലോകത്തിലെ പരിഷ്‌കാര കേന്ദ്രങ്ങളായിരുന്ന പൂര്‍വയൂറോപ്യന്‍ നഗരങ്ങളെ വെല്ലുന്ന സംസ്‌കാര കേന്ദ്രമായിരുന്നു കേരളവും കേരളത്തിലെ ആദിവാസി ആസ്ഥാനങ്ങളും. ആ സാംസ്‌കാരിക കേന്ദ്രങ്ങളെ നശിപ്പിച്ചത് ആര്യബ്രാഹ്മണരുടെ അധിനിവേശമാണ്. ആ അധിനിവേശത്തിന്റെ പിന്‍തലമുറക്കാരാണ് ഇന്ന് ആ ചരിത്രം എഴുതുന്നത്. ബുദ്ധമതത്തെ നശിപ്പിച്ച ബ്രാഹ്മണര്‍ ബുദ്ധമത ത്തിന്റെ ചരിത്രം എഴുതിയപ്പോള്‍ അനാര്യനും ഇന്ത്യാക്കാരനുമായിരുന്ന ഗൗതമബുദ്ധന്‍ ആര്യനും ക്ഷത്രിയ രാജകുമാരനു മായിത്തീര്‍ന്നതു പോലെയുള്ള മാറ്റം അതിനു സംഭവിച്ചു. കേരളത്തിലെ പൗരാണിക പാരമ്പര്യത്തെപ്പറ്റി പിന്നത്തെ തലമുറ തികച്ചും അജ്ഞാതരായിരുന്നു. അത്ര കനത്ത ഒരു ഭിത്തി കൊണ്ട് അവര്‍ ആദിവാസി കേരളത്തെ ആധുനിക കേരളത്തില്‍ നിന്നും വേര്‍പെടുത്തി. അതാണ് മുമ്പ് സൂചിപ്പിച്ച അജ്ഞാത കാലം. ഇന്ന് അധിനിവേശ ത്തെപ്പറ്റി പറയുമ്പോള്‍ അരസഹസ്രാബ്ദത്തിന് മുമ്പ് കേരളത്തില്‍ എത്തിയ പാശ്ചാത്യ യൂറോപ്യന്‍ ശക്തികളെയാണ് ചൂണ്ടുന്നത്. അതിനെ ചൂണ്ടി അതിലും വലിയ അധിനിവേശത്തെ, അതിക്രൂരവുംസാര്‍വ്വത്രികവും പൈശാചിക വുമായ അധിനിവേശത്തെ, മറയ്ക്കാനുള്ള ശ്രമമാണ് ഇന്നിവിടെ നടക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ അധിനിവേശത്തിന്റെ അഞ്ഞൂറാം വാര്‍ഷികം വാശിയോടെ അതിനായി ഉപയോഗിക്കുകയായിരുന്നു. അതിന് മുമ്പ് മുപ്പത്തിരണ്ട് ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് ജനത്തെ സമൂലം നശിപ്പിച്ച ആര്യന്‍ ബ്രാഹ്മണ അധിനിവേശത്തെ ഇന്ന് ഒളിക്കാന്‍ ശ്രമിക്കുകയാണ്. അതിനെ വെളിച്ചത്തു കൊണ്ടുവരികയാണ് യോഹന്നാന്‍ ഉപദേശി ചെയ്തത്. അതിന് വേണ്ടി അദ്ദേഹം ശ്രമിച്ചു. എന്റെ വംശത്തിന്റെ ചരിത്രം കാണുന്നില്ലൊ രിടത്തും എന്ന് അദ്ദേഹം പരാതി പറഞ്ഞതിന്റെ പിന്നിലും ഉണ്ടായിരുന്നത് അതാണ്.

പാശ്ചാത്യ സാമ്രാജ്യശക്തികളുടെ അധിനിവേശം മൂലം ആര്യന്‍ അധിനിവേശത്തിന് മുമ്പ് കേരളത്തിന് ഒരു പാരമ്പര്യമുണ്ടായിരുന്നു, സംസ്‌കാരമുണ്ടായിരുന്നു എന്ന് കുറച്ചെങ്കിലും അറിയുവാന്‍ കഴിഞ്ഞു. ഈ രാജ്യത്തെ സമ്പത്ത് ചൂഷണം ചെയ്യുവാന്‍ വന്ന പാശ്ചാത്യശക്തി കള്‍ക്ക് ദലിതരെ ചൂഷണം ചെയ്യാന്‍ കഴിഞ്ഞില്ല. ചൂഷണം ചെയ്യത്തക്ക തൊന്നും അന്നും ദലിതരുടെ പക്കലുണ്ടായിരുന്നില്ല. അതെല്ലാം അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ബ്രാഹ്മണ ആര്യന്‍ അധിനിവേശക്കാര്‍ ചൂഷണം ചെയ്തു കഴിഞ്ഞിരുന്നു. അതിനാല്‍ പാശ്ചാത്യ സാമ്രാജ്യാധി നിവേശം ഫലത്തില്‍ ബ്രാഹ്മണ ആര്യന്‍ അധിനിവേശത്തിനാണ് ദോഷകരമായത്. ശത്രുവിന്റെ ശത്രു മിത്രമാകുന്നതു പോലെ ദലിതന് അത് ഒരു പരിധിവരെ ഗുണപ്രദമായിരുന്നു. 'വാസ്‌ക്കോഡിഗാമയും അയ്യന്‍കാളിയും' എന്ന ഗ്രന്ഥത്തില്‍ ഞാനത് കൂടുതല്‍ വിശദമായി ചര്‍ച്ചയ്ക്ക് വിധേയമാ ക്കിയിട്ടുണ്ട്.

ബൈബിളില്‍ നിന്നാണ് യോഹന്നാന്‍ ഉപദേശിക്ക് ഒരു ഉള്‍ക്കാഴ്ച ലഭിച്ചത് എന്ന് വ്യക്തമാണല്ലോ. തന്റെ വംശം മാത്രമല്ല മനുഷ്യരെല്ലാ വരും ഒന്നുപോലെയുള്ളവരാണ്. സഹോദരരാണ് എന്ന് ചിന്തിക്കാനുള്ള പ്രചോദനം അദ്ദേഹത്തിന് ലഭിച്ചത് ബൈബിളില്‍ നിന്നാണ്. ആ ബൈബിള്‍ അദ്ദേഹത്തിന് ലഭിച്ചത് അദ്ദേഹം യോഹന്നാന്‍ ആയത് മൂലമാണ്. അഥവാ അദ്ദേഹത്തെ കേവലം അഞ്ചാം വയസ്സില്‍ യോഹന്നാന്‍ ആക്കിയത് മൂലമാണ്. അദ്ദേഹത്തിന്റെ തമ്പുരാക്ക ന്മാര്‍'മാര്‍ത്തോമ്മാ ക്രിസ്താനികളായതുകൊണ്ടാണ് അദ്ദേഹം യോഹന്നാ നായത്. അവര്‍ക്ക് ബൈബിള്‍ ലഭിച്ചത് യൂറോപ്യന്‍ അധിനിവേശ ത്തിന്റെ ആധിപത്യത്തിന്റെയും പുറകെ വന്ന പാശ്ചാത്യ യൂറോപ്യന്‍ മിഷനറിമാരില്‍ നിന്നാണ്. അതിന് മുമ്പും ബൈബിള്‍ കൈവശമുള്ള സുറിയാനി ക്രിസ്താനികള്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്ക് അടിമകളും പിന്നെ അടിയാന്‍മാരുമുണ്ടായിരുന്നു. അയ്യന്‍കാളിയുടെ കാലത്ത് ചേര്‍ത്തലയിലെ ഒരു സുറിയാനിക്രിസ്ത്യാനി കുടുംബമായ പാറായിക്കാര്‍ക്ക് ആയിരം അടിയാന്മാരുണ്ടായിരുന്നുപോലും. ആയിരത്തിലേറെ വര്‍ഷം കാത്തിരുന്നിട്ടും അവരില്‍ നിന്നും ഒരു യോഹന്നാന്‍ ഉപദേശി ഉണ്ടായില്ല. സുറിയാനി ക്രിസ്താനികള്‍ മാത്രമല്ല അടിമകളും അടിയാന്‍മാരുമുള്ള അനേകം നായര്‍ തറവാടുകളും നമ്പൂതിരി ഇല്ലങ്ങളും അന്നിവിടെ ഉണ്ടായിരുന്നു. അവര്‍ക്ക് ബൈബിള്‍ ഇല്ലായിരുന്നുവെങ്കിലും അതിലേറെ പവിത്രമെന്ന് അവകാശപ്പെടുന്ന ഭഗവത്ഗീതയും വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും മനുസ്മൃതി തൊട്ടുള്ള സ്മൃതികളും എല്ലാം ഉണ്ടായിരുന്നു. പക്ഷേ അവിടെ നിന്നെങ്ങും ഒരു യോഹന്നാന്‍ ഉപദേശി ജനിച്ചില്ല.

എന്നാല്‍ യോഹന്നാന് മുമ്പ് ജനിച്ച അയ്യന്‍കാളി ആരുടെയും അടിമയോ അടിയാനോ ആയിരുന്നില്ല. അദ്ദേഹത്തിന് ബൈബിളും ലഭിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം മറ്റൊരു യോഹന്നാന്‍ ഉപദേശിയായി രുന്നു. അദ്ദേഹത്തിന്റെ പിന്നിലും ബൈബിളിന്റെ സ്വാധീനത ശക്തമായിട്ടുണ്ടാ യിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതം സൂക്ഷ്മമായി പഠിച്ചാല്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ബന്ധുവായ തോമസ് വാധ്യാരെപ്പോലെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ സ്വാധീനത മാത്രമല്ല അയ്യന്‍കാളിക്ക് സഹായകമായത്. ക്രൈസ്തവ മിഷനറിമാരുടെ ശ്രമഫലമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നാടാര്‍ സമുദായങ്ങളെയും പുലയ സമുദായങ്ങ ളെയും അയ്യന്‍കാളി മാര്‍ഗ്ഗ ദര്‍ശകമായി സ്വീകരിച്ചിരുന്നു. 1863ല്‍ ജനിച്ച അയ്യന്‍കാളിക്ക് മുമ്പ് 1806 മുതല്‍ തെക്കന്‍ തിരുവിതാംകൂറിലെ മൈലാടി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി എല്‍.എം.എസ്സുകാര്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചപ്പോള്‍ ആ പള്ളിക്കൂടങ്ങളില്‍ പഠിച്ച പുലയരും പറയരും നാടാന്‍മാരും അവരുടെ കൂട്ടങ്ങളും അയ്യന്‍കാളിക്ക് മാതൃകകളായിരുന്നു. ബൈബിള്‍ തൊടാതെ തന്നെ ബൈബിളിനെ തൊട്ടവരെ മാതൃകകളാക്കാനുള്ള ധിഷണാശക്തി ശക്തി അയ്യന്‍കാളിക്കു ണ്ടായിരുന്നു. അയ്യന്‍കാളി ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തില്‍ ഞാന്‍ അതെല്ലാം കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

നമുക്ക് സന്യാസം തന്നത് ഇംഗ്ലീഷുകാരാണ് എന്നു ശ്രീനാരായണഗുരു പ്രസ്താവിച്ചത് അത് ചൂണ്ടികാണിച്ചാണ്. പോര്‍ട്ടീഗീസുകാരില്‍ നിന്നും ആരംഭിച്ചു ഇംഗ്ലീഷുകാര്‍ വരെ നീണ്ടു നിന്ന ആ പാശ്ചാത്യാധിപത്യം നടന്നില്ലായിരുന്നുവെങ്കില്‍ ശ്രീനാരായണ ഗുരുവിന്റേതുമാത്രമല്ല, യോഹന്നാന്‍ ഉപദേശിയുടെയും അയ്യന്‍കാളിയുടെയും കുമാരനാ ശന്റെയും ഡോ.പല്‍പ്പുവിന്റെയും അങ്ങനെ കഴിഞ്ഞ കാലത്തെ എല്ലാ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും പ്രവാചകന്‍ മാരുടെയും തല രാമരാജ്യത്ത് തപസ്സ് അനുഷ്ഠിച്ച് ശംബുകന്റേ തുപോലെ ഉടലില്‍ നിന്നും വേര്‍പെടുമായിരുന്നു. അവരുടെയല്ലാം അസ്ഥിത്വത്തിന്റെ പശ്ചാത്തലത്തിന് പാശ്ചാത്യ യൂറോപ്യന്‍ അധിനിവേശത്തോട് കടപ്പാടുണ്ട്.

എന്നാല്‍ 'ബഹുഭൂരിപക്ഷം നാട്ടുകാരേയും ബ്രാഹ്മണനടിമ പ്പെടുത്തിയ ജന്മി സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സ്വതന്ത്രമായ ഒരു സംസ്‌കാരവും ഭരണരീതിയും ഉളവായതും മലയാളികള്‍ ഒരു സ്വതന്ത്രജനസമൂഹമായി വളര്‍ന്നതും' എന്നാണ് അന്തരിച്ച ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് കലാകൗമുദി വാരികയുടെ 789-ാം നമ്പര്‍ ലക്കത്തില്‍ 'ജാതിവ്യവസ്ഥ-ഇന്ത്യന്‍ സമൂഹത്തിന്റെ ആദിരൂപം''എന്ന ലേഖനത്തില്‍ എഴുതിയത്. അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളിലും ആ ആശയത്തിന്റെ സാന്നിദ്ധ്യം കാണാവുന്നതാണ്. ആ കാഴ്ചപ്പാടിനപ്പുറത്തേയ്ക്ക് പോകുവാന്‍ ഇന്നത്തെ കേരള സര്‍ക്കാരിനോ അവരുടെ കുഴലുത്തൂ കാരായ ആധുനിക ബുദ്ധിജീവി കള്‍ക്കോ കഴിയുമോ? ഇവിടെ സ്വന്തമായ ഒരു സംസ്‌ക്കാരവും ഭരണരീതിയും ഉണ്ടായത്, ഈ ജനത ഒരു സ്വതന്ത്ര ജന സമൂഹമായത് ബ്രാഹ്മണ അധിനിവേശത്തോട് കൂടിയാണ് എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതിവയ്ക്കണ മെങ്കില്‍ മാര്‍ക്‌സിസ്റ്റ് ചരിത്രവ്യാഖ്യാനം മാത്രം പോരാ ബ്രാഹ്മണമേധാവി ത്വത്തിന്റെ സത്തയും കൂടി ആവശ്യമാണ് എന്ന് വ്യക്തമാണല്ലോ.

ജന്മിസമ്പ്രദായം കേരളത്തില്‍ നടപ്പായതോടുകൂടിയാണ് ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ ഇവിടെ ആരംഭിച്ചത്. തൊട്ടുകൂടായ്മയും തീണ്ടീകൂടാ യ്മയും ഉണ്ടായത്, അടിമത്തം നിലവില്‍ വന്നത്. അതെല്ലാം നടന്നത് ഏ.ഡി. 9,10 നൂറ്റാണ്ടു കാലത്താണ്. അന്നിവിടെ ഭരണം നടത്തിയിരുന്നത് മഹോദയപുരത്തെ കുലശേഖര ചക്രവര്‍ത്തിമാരാ യിരുന്നു. ആ കാലത്തെപ്പറ്റി ശ്രീ.ഏ.ശ്രീധരമേനോന്‍ തന്റെ കേരള ചരിത്രം എന്ന ഗ്രന്ഥം 181-ാം പേജില്‍ പറയുന്നത് കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നാണ്. അതെല്ലാം മുമ്പ് ചര്‍ച്ച ചെയ്തതാണല്ലോ. സാര്‍വത്രികമായ അഭിവൃദ്ധി യുടേയും സമുജ്വലമായ സാംസ്‌കാരികോല്‍ ക്കര്‍ഷത്തിന്റെയും കാലമായിരുന്നു അത് എന്നു പറയുന്നത്. ഇ.എം.എസിനെ സ്വാതന്ത്ര്യ സമര ചരിത്രരചനയില്‍ തീണ്ടാപ്പാട് അകലെ നിറുത്തണം എന്നു പറഞ്ഞ ശ്രീധരമേനോന്‍ തന്നെയാണ്. കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം രചിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ശ്രീ.എ.ശ്രീധരമേനോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിക്ക് വച്ച നിര്‍ദ്ദേശം ഇ.എം.എസുമായി ചര്‍ച്ച ചെയ്തത് രചിക്കുക എന്നതായിരുന്നു. അതില്‍ പ്രതിഷേധിച്ച് ശ്രീധരമേനോന്‍ ആ കമ്മിറ്റിയോട് സഹകരിച്ചില്ല. അവര്‍ തമ്മിലുള്ള ഈ തീണ്ടലും തൊടീലുമെല്ലാം ഈ നാടിന്റെ ഒരു കാലത്തെ ഉടമാവകാശി കളായിരുന്ന ദലിതരെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്നു വ്യക്തമാണല്ലോ. ഇതൊക്കെ വെറും ഒരു ചക്കളത്തില്‍ പോരാട്ടം മാത്രം. ഇവിടത്തെ മേനോന്‍ ചരിത്രകാരന്‍മാരും അവരുടെ പ്രതിയോഗികളും ഒരു നാണയത്തിന്റെ തന്നെ രണ്ടു വശങ്ങള്‍ മാത്രമാണ്. ഇന്നവര്‍ ഏറ്റുമുട്ടുന്നത് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവാണോ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണോ മഹാന്‍ എന്ന തര്‍ക്കത്തിലാണ്. 3500 ദലിതരെ വയലാറില്‍ ചുട്ടുകരിച്ചതില്‍ രണ്ട് പേര്‍ക്കുമുള്ള പങ്ക് ഒന്നു തന്നെയാണ്. അതാണ് ദലിതര്‍ക്ക് അവരില്‍ നിന്നും ലഭിച്ച അനുഭവം.

ജനനം കൊണ്ട് അയിത്തക്കാരനും ശ്രീനാരായണഗുരുവിന്റെ വലിയൊരു ഭക്തനുമായിരുന്ന അന്തരിച്ച പി.കെ.ബാലകൃഷ്ണന്‍ എന്ന പ്രതിഭാശാലി കേരളത്തിന്റെ ആദിമനിവാസികളെപ്പറ്റി എഴുതിയിരി ക്കുന്നത് രാജാവിനേക്കാള്‍ വലിയ രാജഭക്തനെപ്പോലെ യാണ്. ഇടതൂര്‍ന്ന വനപ്രകൃതിയും പ്രാകൃത വന്യട്രൈബുകളും മാത്രമായിരുന്ന കേരളമാണ് ക്രിസ്താബ്ദം ആദിമശതകങ്ങളിലെ കേരളം എന്നാണ്. 'ജാതിവ്യവസ്ഥയും കേരളവും''എന്ന തന്റെ ഗ്രന്ഥത്തിന്റെ 36-ാം പേജിലാണ് അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തി ദലിതരുടെ പിതാക്കന്‍മാര്‍ക്ക് വന്യ ട്രൈബുകള്‍ എന്ന സര്‍ട്ടിഫിക്കറ്റ് തന്നത്. അതുകൊണ്ട് അദ്ദേഹത്തിന് തമ്പുരാന്‍ ജാതിക്കാര്‍ പല അവാര്‍ഡുകളും നല്‍കി. ആ കൃതി ഒരു കാലത്ത് വാനോളം പുകഴ്ത്തപ്പെട്ടു. 1993 ല്‍ തന്നെ ഞാന്‍ അതിന് മറുപടി എഴുതിയതാണ്. (ജാതിവ്യവസ്ഥയിലൂടെ കേരളചരിത്രം) ഇന്ന് പട്ടണം ഗവേഷണങ്ങള്‍ 16 വര്‍ഷം മുന്‍പ് ഞാന്‍ പറഞ്ഞതിനെ സ്ഥിരീകരിക്കുകയും പി.കെ.ബാലകൃഷ്ണനെ നിഷേധിക്കുകയും ചെയ്യുന്നു. എങ്കിലും ഇവിടുത്തെ സവര്‍ണ്ണര്‍ക്കും അവരുടെ ചരിത്രകാരന്മാര്‍ക്കും വായനക്കാര്‍ക്കും ബാലകൃഷ്ണനാണ് പ്രിയം. 

ബാലകൃഷ്ണനെക്കാളേറെ സവര്‍ണ്ണ താല്പര്യം സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഡോ.രാജന്‍ ഗുരുക്കളും ഡോ.രാഘവ വാര്യരും പോലും ബാലകൃഷ്ണന്റെ ചരിത്രസമീപനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ കേരള ചരിത്രം എന്ന അവരുടെ കൃതിയില്‍ പരിഭവിക്കുന്നുണ്ട്.