"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

കാവാരികുളം കണ്ഠന്‍ കുമാരന് ജന്മനാടിന്റെ ആദരവ് - രാമചന്ദ്രന്‍ മുല്ലശ്ശേരി

കേരള നവോത്ഥാന പോരാട്ട ങ്ങളിലെ ഉജ്ജ്വലമായ ഏടുകള്‍ രചിച്ച സാമൂഹ്യവിപ്ലവകാരിയും സാംബവസമുദായത്തിന്റെ സംഘടനാ സ്ഥാപകനും ശ്രീമൂലം പ്രജാസഭയില്‍ നീണ്ട ഒന്നരപ്പതിറ്റാ ണ്ടുകാലത്തി ലധികം സമാജികനു മായിരുന്ന മഹാത്മാ കാവാരികുളം കണ്ഠന്‍ കുമാരന്റെ ഛായാചിത്രം കൊറ്റനാട് ഗ്രാമപഞ്ചാ യത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാപിച്ചുകൊണ്ട് ജന്മനാട് ആദരിച്ചു.

അക്ഷരവിദ്യ സ്വായത്തമാക്കുവാന്‍ അനുവാദമില്ലാതെ ജാതിയില്‍ താണവരെന്നു മുദ്രകുത്തപ്പെട്ടുമാറ്റിനിര്‍ത്തി യിരുന്നവര്‍ക്കായി തിരുവിതാംകൂര്‍ സംസ്ഥാനത്തുടനീളം 52 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സവര്‍ണ്ണശാസനകള്‍ക്ക് പ്രഹരമേല്‍പ്പിക്കുവാന്‍ കണ്ഠന്‍ കുമാരന്‍ എന്ന ധൈഷണികപ്രഭാവനു കഴിഞ്ഞു. 1912, 13, 14 കാലഘട്ടങ്ങളിലായിരുന്നു ഇത്. യാതൊരുവിധ വിഭവമൂലധനവും ഇല്ലാതെയും ഭൗതികസാഹചര്യങ്ങള്‍അനുകൂലമല്ലാതിരുന്നിട്ടും അദ്ദേഹ ത്തിനതു കഴിഞ്ഞു എന്നത് ഇന്നും അചിന്തനീയമാണ്. ചരിത്രത്തില്‍ സമാനകളില്ലാത്ത സംഭമാണിത്.

1863 ഒക്‌ടോബര്‍ 25നു ഞായറാഴ്ച രേവതി നക്ഷത്രത്തില്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ പെരുമ്പട്ടിഗ്രാമത്തില്‍ കാവാരികുള ത്തുവീട്ടില്‍ കണ്ഠന്റെയും മാണിയുടെയും മകനായി പിറന്ന കുമാരന്‍ 1911 ആഗസ്റ്റ് 29 നു ചൊവ്വാഴ്ച 'ബ്രഹ്മപ്രത്യക്ഷസ സാധുജനപറയര്‍ സംഘം' രൂപീകരിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. സാമൂഹിക തിന്മകള്‍ക്കും അയിത്തമെന്ന ദുരാചാരത്തിനെതിരെയും അദ്ദേഹം സിംഹഗര്‍ജ്ജനം നടത്തി. അസമത്വങ്ങള്‍ക്കെതിരെ പടനയിക്കു മ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ ആകമാന പരിഷ്‌കരണം നിശ്ചയം ചെയ്തിരുന്നു. പ്രാകൃതങ്ങളായ ആചാരങ്ങള്‍ക്കെതിരെയും ഭക്ഷണരീതിയിലും ജീവിത ശൈലിയിലും പുലര്‍ത്തേണ്ട നിഷ്ഠകള്‍ സംഘടന പ്രഖ്യാപിച്ചു. വൃക്തി ശുചിത്വം, ഭവന പരിസരവൃത്തി തുടങ്ങിയവയിലും അന്ധവിശ്വാസങ്ങളി ലധിഷ്ടിതമായ അനുഷ്ഠാനങ്ങള്‍ ഒഴിവാക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു

സമുദായ ജനങ്ങ ളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗ മായി ഒട്ടേറെ ക്ഷാമ നിവാരണ മാര്‍ഗ്ഗങ്ങളും ഉപായങ്ങളും അദ്ദേ ഹവും കൂട്ടരും ന ടത്തി വന്നു. അതില്‍ ഏറ്റവും ശ്രദ്ധേ യമായത് തിരുവിതാം കൂറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമുണ്ടായ തൊണ്ണൂറ്റി യൊമ്പതില്‍ കിഴക്കന്‍ വനങ്ങളില്‍ നിന്നും ഈറ്റവെട്ടി ചങ്ങാടങ്ങളാക്കി അതിസാഹസികമായി ദുരിതം വിതച്ച ഇടങ്ങളില്‍ എത്തിച്ചുകൊടുത്തു പട്ടണിക്ക് പരിഹാരം കാണുവാനും അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. വാളെടുത്തവരെ വരുതിയിലാക്കുവാനും പോരെടുത്തുവന്നവരെ പൊരുതിതോല്പിക്കാനുള്ള ബൗദ്ധികവിജ്ഞാനവും നയചാതുരിയും കണ്ഠന്‍ കുമാരന്റെ പ്രത്യേകതയായിരുന്നു. സംഘടനാരംഗത്ത് അദ്ദേഹം പുലര്‍ത്തിയ സത്യസന്ധതയും മികവും സമര്‍പ്പണ ബോധവും ഭരണ സിരാകേന്ദ്രങ്ങളില്‍ എത്തപ്പെട്ടു. 1915 ല്‍ കണ്ഠന്‍കുമാരനെ പറയ സമുദായ ത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ശ്രീമൂലം പ്രജാസഭാ സമാജികനായി ഉള്‍പ്പെടുത്തി. 1915 മുതല്‍ 20 വരെയും 1923 ലും 1926 മുതല്‍ 1932 വരെയും അദ്ദേഹം സാമാജികനായി തുടര്‍ന്നു. അയ്യന്‍കാളി കഴിഞ്ഞാല്‍ഏറ്റവും കൂടുതല്‍ കാലം സാമാജികനായിരുന്നതും കണ്ഠന്‍ കുമാരനായിരുന്നു.

വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിനുള്ള സ്വാതന്ത്രവും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ക്കൊടുക്കേണ്ടത് പ്രജകളോട് ഉത്തരവാദിത്വവും അനുകമ്പയുമുള്ള ഭരണാധിപന്മാരുടെ കടമയാണെന്ന് നിരവധി സഭാസമ്മേളനങ്ങളിലൂടെ അദ്ദേഹം ഉത്‌ബോധി പ്പിച്ചുകൊണ്ടിരുന്നു. ഈയാവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാന്‍ ഭരണകൂടം തയ്യാറായി. ആവലാതികളും ആവശ്യങ്ങളും യുക്തിഭദ്രമായും ഹൃദയാ വര്‍ജ്ജകമായും അവതരിപ്പിക്കുവാനുള്ള കണ്ഠന്‍ കുമാരന്റെ സവി ശേഷമായ കഴിവിനെ സഭാദ്ധ്യക്ഷന്മാരുടെയും ഇതരസാമാജിക രുടെയും പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്.

ചത്താല്‍ കുഴിച്ചുമൂടാന്‍ തമ്പ്രാ ന്റെ കനിവിനുകാത്തു നില്ക്കണമെന്ന അവസ്ഥയ്ക്കു മാറ്റ മുണ്ടാകണം. അന്തി യുറങ്ങാന്‍ ഇടവും അന്നം പാകാന്‍ മണ്ണും വേണമെന്നദ്ദേഹം ശക്തിയുക്തം ആവ ശ്യപ്പെട്ടു. സര്‍ക്കാര്‍വക പുറമ്പോക്കുഭൂമിയും പുതുവല്‍ ഭൂമിയും ദാനപ്പതിവായി നല്കണമെന്നദ്ദേഹം അപേക്ഷിച്ചു. ഇത്തരത്തില്‍ ആയിരകണക്കിനു ഹെക്ടര്‍ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകിട്ടുകയും ചെയ്തു. ജനാധിപത്യ കേരളം നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം കണ്ഠന്‍ കുമാരന്റെ 'ദാനപ്പതിവിന്റെ വികസിതരൂപംതന്നെയാണ്. ഒരു നൂറ്റാണ്ടുമുമ്പ് വിദ്യാഭ്യാസം ഭൂമി വിഷയളങ്ങളില്‍കാവാരികുളം കണ്ഠന്‍ കുമാരന്‍ ഉയര്‍ത്തിയ ദര്‍ശനങ്ങള്‍ നാള്‍ കഴിയുംതോറും പ്രസക്തിയേറികൊണ്ടി രിക്കുക യാണ്. പിന്നോക്കപട്ടികജാതി വിഭാഗങ്ങളില്‍ 23 എന്ന ഏറ്റവും ഉയര്‍ന്ന സാക്ഷരതാ ശതമാനം കൈവരിച്ച സമുദായമാണ് സാംബവര്‍ (ജാതി സെന്‍സ്‌സ് 1931). അതിനിടയാക്കിയത് കണ്ഠന്‍ കുമാരന്റെ നിശ്ചയദാര്‍ഢ്യവും നിരന്തരപ്രവര്‍ത്തനങ്ങളുമാണ്. 1934 ഒക്‌ടോബര്‍ 16 ന് കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ ആ പടയോട്ടം തുടര്‍ന്നു. എന്നിട്ടും ഇവിടെത്തെ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ തമസ്‌കരിച്ചു എന്നത് ആശ്ചര്യജനകം തന്നെ.
സാംബമഹാസഭയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് ആചാര്യനെ ആദരിക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം തന്നെ കൊറ്റനാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും 27 വര്‍ഷം ആ പദവയിലിരുന്നുകൊണ്ട് നാടിനെ നയിക്കുകയും സര്‍ക്കാര്‍ സ്ഥാപന ങ്ങളുടെ നിര്‍മ്മിതിക്കായി ഏക്കറുകണക്കിന് ഭൂമി കുടുംബസ്വത്തില്‍ നിന്ന് ദാനമായി നല്കുകയും ചെയ്ത കാവുംപടിയില്‍ പി.രാമന്‍നാ യരുടെ ചിത്രവും അനാഛാദനം ചെയ്തു. കണ്ഠന്‍കുമാരന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ചെങ്ങന്നൂരിലെ സാംബവമഹാസഭ ഹെഢാഫീസില്‍ നിന്നും നൂറുകണക്കിനു വാഹന ങ്ങളുടെഅകമ്പടിയോടാണ് കൊറ്റനാട് എത്തിച്ചത്. ഒക്‌ടോബര്‍ 3 ന് രാവിലെ 10.30 ന് പുറപ്പെട്ട ജാഥയ്ക്ക് മഹാസഭാപ്രസിഡന്റ് കെ.കെ. സോമന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. കൊറ്റനാട് മഠത്തുംചാല്‍ ജംഗ്ഷ നില്‍ പ്രസിഡന്റ് അഡ്വ.മനോജ് ചരളേലിന്റെ നേതൃത്വത്തില്‍പഞ്ചായത്ത് ഭരണമിതിയും പൗരാവലിയും ചേര്‍ന്നു ഘോഷയാത്രയെ സ്വീകരിച്ച് ആനയിച്ചു. 

കമ്മ്യൂണിറ്റിഹാളില്‍ നടന്ന അനാഛാദന സമ്മേളനം റാന്നി എം.എല്‍.എ രാജു ഏബ്രഹാം ഉത്ഘാടനം ചെയ്തു. സാംബവമഹാസഭ സംസ്ഥാന ജനറല്‍സെക്രട്ടിറ കോന്നിയൂര്‍ പി.കെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മനോജ് ചരളേല്‍ ഫോട്ടോകള്‍ അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മാതോമസ്, അഡ്വ.കെ.ജയവര്‍മ്മ, ഓമനവേണു ഗോപാല്‍, സാംബവ വനിതാസമാജം സംസ്ഥാന പ്രസിഡന്റ് സരളാശശി തുടങ്ങി ജനപ്രതിനിധികളും വിവിധ സംഘടനാനേതാക്കളും പ്രസംഗിച്ചു. സാംബവമഹാസഭ സംസ്ഥാന സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി ചടങ്ങിന് സ്വാഗതമോതി.