"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ ഐക്യം - ദലിത്ബന്ധു എന്‍ കെ ജോസ്

അടിസ്ഥാനജനവര്‍ഗ്ഗങ്ങള്‍ ഇന്ന് പലതായി പിരിഞ്ഞാണ് ജീവിക്കുന്നതെങ്കിലും അവരെല്ലാം ഒരു ഗോത്രത്തിന്റെ സന്തതികളാണ്. അവര്‍ പലതായി പിരിഞ്ഞപ്പോഴാണ് അടിമകളായത്. ചൂഷണത്തിന് വിധേയരായത്, അവ രുടെ സംസ്‌കാരത്തില്‍ നിന്നും അവര്‍ അന്യവല്‍ക്കരി ക്കപ്പെട്ടത്. അതിനാല്‍ അവര്‍ മോചനം പ്രാപിക്കണമെ ങ്കില്‍ വീണ്ടും ഒന്നാകണം. ഒരു വംശമാകണം. ഒരു ജനതയാകണം. ഒരു കുടുംബത്തിലെ അംഗങ്ങളാകണം. ഞാന്‍ മനസ്സിലാക്കിയി ടത്തോളം പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയുടെ സന്ദേശത്തിന്റെ മുഖ്യ ഭാഗം അതാണ്. ഈ ജനതയുടെ മോചനം നേടിയെടുക്കേണ്ടത് ഐക്യ ത്തിലൂടെയാണ്. വെറും ഐക്യത്തിന് വേണ്ടിയുള്ള ഐക്യമല്ല. രക്തവും രക്തവും തമ്മിലുള്ള ഐക്യം. മാംസവും മാംസവും തമ്മിലുള്ള ഐക്യം. പന്തിഭോജനവും മിശ്രവിവാഹവും അത്രയും പ്രോത്‌സാഹിപ്പിച്ച മറ്റാരുമില്ല. അദ്ദേഹം സഭ സ്ഥാപിച്ചതും ആസ്ഥാനമുണ്ടാക്കിയതുമെല്ലാം അതിന് വേണ്ടിയാണ്. തന്റെ ജനത്തിന്റെ ഐക്യം അടിസ്ഥാന ജന വംശങ്ങളുടെ ഐക്യം. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യോഹന്നാന്‍ വിവാഹം കഴിച്ചത് വെള്ളാങ്ങൂരില്‍ പൂവത്തൂര്‍ മേലത്തേതിര്‍ കുഞ്ഞാ തിയുടെ മകളായ മറിയ എന്ന പുലയസ്ത്രീയെയാണ്.

അദ്ദേഹം അസംബ്ലിയിലും പ്രജാസഭയിലും എല്ലാം വാദിച്ചത് പി.ആര്‍.ഡി. എസ്‌കാര്‍ക്കോ സാംബവസമുദായത്തിന് വേണ്ടിയോ മാത്രമായിരുന്നില്ല. മുഴുവന്‍ ദലിതര്‍ക്ക് വേണ്ടിയായിരുന്നു. ക്രൈസ്തവ സഭകളില്‍ ചേര്‍ന്ന ദലിതരെ സവര്‍ണ്ണ ക്രൈസ്തവരെ പോലെ കാണാതെ ക്രിസ്തുമതം സ്വീകരിച്ച പറയര്‍, പുലയര്‍, മറവര്‍, കുറവര്‍ ആദിയായവരായി പ്രത്യേകം വീക്ഷിക്കണമെന്ന് അദ്ദേഹം അസംബ്ലിയില്‍ പ്രസ്താവിച്ചത് 1921 മാര്‍ച്ച് 1, മാര്‍ച്ച് 3 എന്നീ തീയതിക ളിലെ അസംബ്ലി പ്രൊസീ ഡിംഗ്‌സില്‍ കാണാവുന്നതാണ്. 1931 മാര്‍ച്ച്31-ാം തീയതിയിലെ അസംബ്ലി പ്രൊസീഡിംഗ്‌സില്‍ കാണുന്നതും അതുതന്നെയാണ്. അധഃസ്ഥിത വര്‍ഗ്ഗ ത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും ഗവണ്‍മെന്റ് നൂറോ ഇരുന്നൂറോ കുട്ടികളെ വീതം തെരഞ്ഞെടുത്ത് ഗവണ്‍മെന്റ് ചെലവില്‍ എട്ടാം ക്ലാസ്സ് മുതല്‍ സര്‍വകലാശാല വരെയുള്ള വിദ്യാഭ്യാസം നല്‍കേണ്ടതാണ് എന്ന് അദ്ദേഹം വാദിച്ചു. അത് പി.ആര്‍.ഡി.എസ്സുകാര്‍ക്കോ സാംബവര്‍ക്കോ വേണ്ടി മാത്രമായിരിക്കണമെന്ന് അദ്ദേഹം പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.

ഐക്യം എന്നത് യോഹന്നാന്‍ ഉപദേശി മാത്രമല്ല, ഈ ജനത്തിന്റെ മോചനം ആഗ്രഹിച്ചവരെല്ലാം ഉരുവിട്ട മന്ത്രമാണ്. അയ്യന്‍കാളിയായാലും ഡോ: അംബേദ്ക്കറായാലും ശ്രീനാരായണ ഗുരുവായാലും ജ്യോതിറാവു ഫുലെയായാലും ആവശ്യപ്പെട്ടത് ഐക്യമാണ്. സംഘടിച്ച് ശക്തരാവുക. അയ്യന്‍കാളി ജാതിക്കും മതത്തിനും അതീതമായി സാധുജനപരിപാലന സംഘം രൂപീകരിച്ചു. ഡോ.അംബേദ്ക്കര്‍ പറഞ്ഞു Educate Agitate Organise എന്ന് ശ്രീബുദ്ധന്‍ ആവശ്യപ്പെട്ടു:

ബുദ്ധം ശരണം ഗച്ഛാമി
ധര്‍മ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി
ശാന്തി ശാന്തി ശാന്തി

പക്ഷെ ഇന്നു നടക്കാത്തതും അതുമാത്രമാണ്. ഇത്രയേറെ ജാതികളും ഉപജാതികളും സംഘങ്ങളും ഉപസംഘങ്ങളുമുള്ള ഒരു ജനം വേറെ ഏതുണ്ട്? കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ എത്ര സംഘടനകളുണ്ട് എന്നറിയുന്നതിന് പോലും നീണ്ട ഗവേഷണങ്ങള്‍ ആവശ്യമാണ്. പല കാര്യങ്ങളിലും ഇന്നും ദലിതര്‍ മാതൃകയായി നോക്കി കാണുന്ന തമ്പുരാക്കന്‍മാര്‍ക്ക് ഒന്നിലേറെ സംഘടനകള്‍ ഏത് സമുദായ ത്തിലാണുള്ളത്? ബ്രാഹ്മണ മഹാസഭായായാലും നായര്‍ സര്‍വീസ് സെസൈറ്റിയായാലും ശ്രീനാരായണ ധര്‍മ്മപരിപാലന സംഘമായാലും കേരളത്തില്‍ ഒന്നേയുള്ളൂ. ഒരിക്കല്‍ എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായി രുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള ശ്രമിച്ചിട്ട് പോലും ഒരു ബദല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദലിതര്‍ക്ക് എത്ര ബദല്‍ വേണമെങ്കിലും നിര്‍മ്മിക്കാന്‍ നിഷ്പ്രയാസം കഴിയും. അവരി പ്പോഴും പുലയര്‍ വേറെ, സാംബവര്‍ വേറെ, സിദ്ധനര്‍ വേറെ എന്ന നിലയിലാണ്. മേനോന്‍മാരും പിള്ളമാരും നായന്‍മാരും കുറുപ്പുമാരും എല്ലാം ഒന്നു തന്നെ. എന്നുമാത്രമല്ല, പുലയര്‍ക്ക് സംഘടന ആയിരം, സാംബവര്‍ക്ക് അഞ്ഞൂറ്, സിദ്ധനര്‍ക്ക് നൂറ് എന്നതാണ് ദലിതരുടെ ക്രമം. അത് മതത്തിന്റെ പേരിലും വംശത്തിന്റെ പേരിലും പ്രദേശത്തിന്റെ പേരിലും എല്ലാമുണ്ട്. പിന്നെ രാഷ്ടീയ പാര്‍ട്ടികളുടെ പേരിലും. യോഹ ന്നാന്റെ ബാല്യത്തില്‍ അദ്ദേഹവും കുടുംബവും അടിയാന്മാരായിരുന്ന ശങ്കരമംഗലക്കാര്‍ക്ക് അടിയാന്‍മാരായി ഇരുപത്തിനാലുകുടി പുലയരും ഏറെ പറയരുമുണ്ടായിരുന്നു. അവിടെ അവര്‍ തമ്മില്‍ അയിത്തമുണ്ടാ യിരുന്നു. ആ പരിതസ്ഥിതിയില്‍ യോഹന്നാന്റെ ഭാര്യ മറിയ ഒരു പുലയസ്ത്രീയായത് അത്ഭുതമെന്നേ പറയേണ്ടതുള്ളൂ.

ഒന്നു മനസ്സിലാക്കണം. ദലിതരുടെ സംഘടനകളെ ഭിന്നിപ്പിക്കു ന്നതും പുതിയ സംഘടനകള്‍ സൃഷ്ടിക്കുന്നതും നേതൃമോഹികളെ ക്കാളേറെ ദലിതരുടെ ശത്രുക്കളാണ്. യജമാനന്‍മാരായും ഉപദേശിക ളായും അഭ്യുദയ കാംക്ഷികളായും സഹായികളായും എല്ലാം അഭിനയിച്ചുകൊണ്ട് അവരുടെ ഇടയില്‍ കടന്നുകയറുന്നവര്‍. 1907 മുതല്‍ 1937 വരെ ശക്ത മായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സാധുജനപരിപാലന സംഘത്തെ നശിപ്പിച്ചു സമസ്ത തിരുവിതാംകൂര്‍ പുലയ മഹാസഭ രൂപീകരിച്ചത് 1937 ജൂണില്‍ അടൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഹാളില്‍ അന്നത്തെ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുലയ യോഗ മാണ്. ഇന്ന് ആ സര്‍ സി.പി, മേനോന്‍ ചരിത്രകാരന്‍ മാരുടെ നല്ലപിള്ള യാണ്. സാധുജനപരിപാലന സംഘത്തെ നശിപ്പിച്ചത്മാത്രമല്ല അതിന്റെ കാരണം. 1946 ഒക്‌ടോബര്‍ 26-ാം തീയതി ചേര്‍ത്തലയിലെ വയലാറില്‍ വച്ചു 3500 ദലിതരെ (വയലാര്‍ ലഹള എന്ന ഗ്രന്ഥം ശ്രദ്ധിക്കുക) വെടിവെച്ച് കൊന്നതും അതിന്റെ കാരണമാണ്. ദിവാന്‍ രാമസ്വാമി അയ്യരുടെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പാര്‍ത്ഥസാരഥി അയ്യര്‍, പോലീസ് സൂപ്രണ്ട് വൈദ്യനാഥ അയ്യരെക്കൊണ്ടാണ് അത് ചെയ്യിച്ചത്. ആ മൂന്നു മഹാബ്രാഹ്മണരും ഒത്തു ചേര്‍ന്നില്ലെങ്കില്‍ അത് നടക്കുമായി രുന്നില്ല. അതാണ് ബ്രാഹ്മണ സംഭാവന.

ദലിതര്‍ക്ക് പൊതുവേയുള്ള ഒരു ദൗര്‍ബല്യമാണ് വിഘടന സ്വഭാവം. ഏതെങ്കിലും ഒരു സംഘടന ഏതാനും വര്‍ഷം നിലനിന്നാല്‍ അതില്‍ വിഘടന വാദികള്‍ പ്രത്യക്ഷപ്പെടും. അതിനെ പലതാക്കി അതിന്റെ ശക്തി ക്ഷയിപ്പിക്കുക. തനിക്ക് നേതാവ് ആകുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സംഘടനയുടെ ആവശ്യമെന്ത് എന്ന സ്വാര്‍ത്ഥ ചിന്തയാണ് അതിന്റെ കാരണം. തന്നേക്കാള്‍ വലുതാണ് സമൂഹം എന്നു കാണാനുള്ള സന്മനസ്സ് ഇല്ലാതെ പോകുന്നു. ഒരുകാലത്ത് ദലിതര്‍ക്കുണ്ടായിരുന്ന ഗോത്രപാരമ്പര്യം നശിപ്പിച്ച് പകരം ബ്രാഹ്മണ കുടുംബപാരമ്പര്യം സ്വീകരിച്ചു. അതു വളര്‍ന്ന് ഇന്ന് അണുകുടുംബമായി. അതിലൂടെ സ്വാര്‍ത്ഥത അതിന്റെ പൂര്‍ണ്ണരൂപത്തില്‍ വ്യക്തികളില്‍ എത്തി.

ഈ ബ്രാഹ്മണ പരിഷകള്‍ കേരളത്തില്‍ കുടിയേറി ആധിപത്യം സ്ഥാ പിക്കുന്നതിന് മുമ്പ് ആദ്യ നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട സംഘ സാഹിത്യ കൃതികള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആ കാലഘട്ടത്തിലെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെ നിദര്‍ശനങ്ങളാണ് ആ കൃതികള്‍. അവയെ ആര്യബ്രാഹ്മണര്‍ നശിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും വിജയി ച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ യാദൃശ്ചിക മായി അവയില്‍ ചിലതിനെ കണ്ടെത്തുവാന്‍ കഴിഞ്ഞു. ഒരു കാലത്ത് ദലിതര്‍ നയിച്ചിരുന്ന ജീവിതത്തെ അവരുടെതന്നെ കവികള്‍ ചിത്രീകരി ച്ചിരിക്കുന്നു. അവയില്‍ യോഹന്നാന്‍ ഉപദേശി ചോദിച്ച ചോദ്യങ്ങള്‍ ക്കുള്ള ഉത്തരങ്ങളുണ്ട്. ഈ ജനത്തിന്റെ ചരിത്രമാണത്. ആര്യ ബ്രാഹ്മണ അധിനിവേശം ഉണ്ടായതിന് ശേഷമാണ് പിന്നെ ചരിത്രം രേഖപ്പെടുത്താന്‍ കഴിയാതെ പോയത്. പുറനാനൂറ്, അകനാനൂറ്, പതിറ്റുപത്ത്, ഐങ്കുറു നൂറ് അങ്ങനെയുള്ള ആയിരക്കണക്കിന് പദ്യങ്ങള്‍ ദലിതരുടെ ചരിത്ര ങ്ങളും സമ്പാദ്യങ്ങളുമാണ്. ചിലപ്പതിക്കാരവും മണിമേഖലയും തിരുക്കു റള്‍ പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം. ആവശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കേണ്ട അനര്‍ഘ സമ്പത്താണ് അത് ഓരോന്നും. അവയെ സാധൂകരിക്കാന്‍ ഇപ്പോള്‍ 'പട്ടണ'വും കണ്ടെത്തി.

അവയെല്ലാം യോഹന്നാന്‍ ഉപദേശി ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി കളാണ്. കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എന്നതിന് മറു പടിയാണ്.