"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

പൊട്ടന്‍ തെയ്യം: ദലിത് ദൈവങ്ങള്‍ സംസാരിക്കുന്നു

Visit.... (Click Here)
ഒരു ജനപദത്തിന്റെ വിശ്വാസങ്ങളുടേയും നൈതികതയുടേയും അഭിവാഞ്ഛകളുടേയും ആന്തരിക സത്തയും ബാഹ്യ പ്രതീകവുമാണ് ദൈവം. ദലിതരുടെ അവരുടെ ദൈവങ്ങളും അഭേദ്യമായ ഒരൈക്യമായി വ്യാവര്‍ത്തിക്കുന്നു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഈ ദൈവം, അവരോടു കൂടെ അവരില്‍ ഒരാളായി സ്ഥിതി ചെയ്യുന്നു. അഭിന്നമായ ഈ ദൈവ ദലിതൈക്യം അനന്യാദൃശമാണ്. ഈ ദൈവങ്ങള്‍ അവരുടെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നു. അവരുടെ കുലവും നിലയും അഭിവൃദ്ധിപ്പെടുത്തുന്നു. അന്യാശ്രയമില്ലാതെ പുലരാന്‍ അവരെ അനുവദിക്കുന്നു. ജാതിയുടെ പേരില്‍ അവരെ അമര്‍ച്ച ചെയ്യുന്നവരെ ജാത്യുത്കര്‍ഷത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തി, അവരുമായി യുക്തിഭദ്രമായ താര്‍ക്കികതയില്‍ ഏര്‍പ്പെടുന്നു. അഭേദാവസ്ഥയില്‍ ദലിതരില്‍ നിറഞ്ഞു നിന്ന് അവരെ സംരക്ഷിച്ചും അവരോടു കുറ്റം ചെയ്തവരെ ദൈവികമായ ശിക്ഷാവിധികൊണ്ടു പഠിപ്പിച്ചും അവരില്‍ ഉറഞ്ഞു തുള്ളുന്ന ഈ ദൈവങ്ങള്‍ ജാഗ്രത്തായ നീതിപാലന വ്യഗ്രരാണ്. അവരുടെ മോചകരും അവരെ വിടുവിക്കുന്ന വരുമാണ്. ദലിതന്റെ ഒപ്പം മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ അന്തസും അവന്റെ മഹത്വവും ഈ ദൈവങ്ങളുടെ പാട്ടുകളില്‍ പ്രതിഫലിക്കുന്നു.

ദലിതര്‍ പ്രാചീന കാലം മുതല്‍ക്കുതന്നെ പ്രതിഫലിപ്പിച്ചിരുന്ന പ്രപഞ്ച വീക്ഷണവും അതിന്റെ വിശാലതയും ആരേയും അസൂയാലുക്കളാ ക്കുന്നതാണ്. അവരുടെ വിശ്വദര്‍ശനത്തിന്റെ വിശ്വസനീയമായ വാങ്മയം കൂടെയാകുന്നു 'പൊട്ടന്‍ തെയ്യം' എന്ന കവിത. ഊരും ഉലകവും അതിലെ സമസ്ത ജനങ്ങളും അഭിവൃദ്ധിയും സമ്പത്സമൃദ്ധിയും കൈവരിക്കാനാണ് ദലിതര്‍ പ്രാര്‍ത്ഥിക്കുന്നത്. ഇത് തികച്ചും വ്യതിരിക്തമായ ഒരു അനുഭവ വിശേഷമാണ്. സംസ്‌കൃതാശയരെന്നു സ്വയം നടിക്കുന്ന പല ഉന്നതരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ എത്ര സാര്‍ത്ഥപൂരിത മാകുന്നുണ്ടെന്ന് അറിയു മ്പോഴാണ് ഈ മഹത്വമോര്‍ത്തു നാം അത്ഭുതപ്പെടുക. 'വിത്തവാനുമാ കണം, വിശേഷബുദ്ധി തോന്നണം' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഓര്‍ക്കുക. പല കവികളും തങ്ങളുടെ കാവ്യം തുടങ്ങുന്നത് ഈശ്വര സ്തുതികളോടെയാണ്. രാജവാഴ്ചയുടെ മൂര്‍ദ്ധന്യതയില്‍ അവര്‍ രാജസ്തുതികളില്‍ മുഴുകി. പട്ടും വളകളും ബഹുമതികളും കിട്ടാനുള്ള എളുപ്പവഴി അതായിരുന്നുവല്ലോ! ദലിതരും അവരുടെ ദൈവവും മാനവരാശിയുടെ മുഴുവന്‍ ഭാഗധേയത്തിനും ഐശ്വര്യ സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ശ്രദ്ധിക്കുക;

പൊലിക പൊലിക പൊലിക ദൈവമേ,
പൊലിക പൊലിക പൊലിക ദൈവമേ,
ആദിയില്‍ വെച്ചോരരിയും പൊലിക
കത്തിച്ചു വെച്ചോരു ദീപം പൊലിക
ഊരു പൊലിക, ഉലകം പൊലിക
നാടു പൊലിക, നഗരം പൊലിക

ദലിതര്‍ അനായാസമായി നടന്നു കയറുന്ന നി്‌സ്വാര്‍ത്ഥയുടെ ഈ ഉയരം ജാതി സംസ്‌കാരക്കാര്‍ക്കു തികച്ചും അപ്രാപ്യമാകുന്നു. അവരിലെ മനീഷികള്‍ ഇത് പരിവര്‍ജിക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. ഉദാഹരണത്തിന് മഹാകവി ടാഗൂര്‍ തങ്ങളുടെ കുടുസ്സായ സ്വാര്‍ത്ഥത യുടെ അടിവേരുകള്‍ അറുക്കാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. ആധുനിക മനുഷ്യന്റെ ധര്‍മ സങ്കടമാണത്. ഇവിടെയിതാ, ശുദ്ധാത്മാക്കളായ ഈ ദലിതര്‍ നാടിനും നഗരത്തിനും ലോകത്തിനും അതിലെ സമസ്ത ജനപദങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. ദലിതരുടെ മാനുഷികമായ അന്തസ്, സമഭാവന, വിശാല വീക്ഷണം തുടങ്ങിയവയാണ് ഇവിടെ പ്രകടമാകുന്നത്.

വയല്‍ വരമ്പില്‍ കാവല്‍ നില്ക്കുന്ന അവരുടെ ദൈവമായ പൊട്ടന്‍ ദലിതരുടെ വിമോചകനാകുന്നു. ക്രിസ്തുവിനെ വിമോചകനായി ക്രൈസ്തവര്‍ കാണുന്നതു പോലെ തന്നെ പൊട്ടന്‍ തെയ്യത്തെ തങ്ങളുടെ വിമോചകനായി ദലിതര്‍ കാണുന്നു. അന്തരം ഒന്നുമില്ല. ദൈവം ദലിതര്‍ക്കു വേണ്ടിയും ദലിതരോടും സംസാരിക്കുന്നു. ഇതിന് വ്യത്യസ്ഥ മായ ഭാവതലങ്ങളുണ്ട്. വയനാടന്‍ പുഞ്ചയില്‍ വിത്തും വളവുമൊന്നും ഇറക്കേണ്ടതില്ല. അത് പൊട്ടന്റെ അനുഗ്രഹവും സാന്നിധ്യവും കാവലും കൊണ്ട് തനിയെ വിളഞ്ഞുകൊള്ളും. മണിയനും മണികണ്ഠനും പൊന്നനും പൊലിയനുമെല്ലാം നിലമുഴുതു മറിക്കുന്നു. വയനാടന്‍ പുഞ്ചയില്‍ കൃഷി ചമഞ്ഞൊരുങ്ങുന്നു. അവിടെ തങ്ങള്‍ അടിമകളും പരതന്ത്രരുമല്ലാത്ത അവസ്ഥയില്‍, ദലിതര്‍ക്ക് വയലിലെ കൃഷി നോക്കിനടത്താന്‍ ആളുകള്‍ ആവശ്യമില്ല. കന്നുകാലികളെ മേയ്ക്കാന്‍ കാലിപ്പിള്ളേരും വേണ്ട. എല്ലാം പൊട്ടന്റെ അതീത ശക്തിയുടെ നിയന്ത്രണത്താല്‍ നിയോഗിക്കപ്പെടുന്നു. 

ഈ സമയം ഭദ്രവും നിയന്ത്രിതവുമായ അവസ്ഥയുടെ മഹത്വം കാണുന്ന വര്‍ ആരാണിതിനെ സംരക്ഷിക്കുന്നതെന്ന് അത്ഭുതപ്പെട്ടു പോകും. ദൈവത്തിന്റെ പ്രപഞ്ച സംവിധാനത്തെപ്പറ്റി (ഇീാെശര ഉലശെഴി) നാം ധാരാളം കേള്‍ക്കാറുണ്ടല്ലോ. അതിന് സമമായ പൊട്ടന്റെ സംവിധാന മഹത്വമാണ് ഇവിടെ അന്വേഷിക്കപ്പെടുന്നത്. സകലതിന്റേയും കാവല്‍ പൊട്ടന്‍ നിര്‍വഹിക്കുന്നു.

തന്റെ മക്കളായ ദലിതരെ അവരുടെ സുഖ ദുഖങ്ങളില്‍ പരിരക്ഷിച്ചു വിരാജിക്കുന്ന പൊട്ടനോടു ചെറുമക്കളെ അമര്‍ച്ച ചെയ്യാനാഗ്രഹിക്കുന്ന ജാതിക്കോമരങ്ങള്‍ വാഗ്വാദത്തിന് മുതിരുന്നു. 'മാച്ചറും എളങ്കോയിലും കോയിലു'മാണ് പൊട്ടനോട് 'ഒരത്ത്' സംസാരിക്കാന്‍ ധൈര്യപ്പെടുന്നത്. വഴിമാറാന്‍ അവര്‍ പൊട്ടനോടു പറയുന്നു. ഇതിന് പൊട്ടന്‍ നല്കുന്ന മറുപടിയില്‍, ദൈലതികത്തനിമ മുറ്റിയ ദലിത് ദൈവമാണ് താനെന്ന് സിദ്ധിക്കുന്നുണ്ട്. തലയില്‍ കള്ള്, ഒക്കത്ത് കുട്ടി ഇരുഭാഗത്തുമുണ്ട്. സവര്‍ണരുടെ ദൈവങ്ങള്‍ സവര്‍ണ ബിംബങ്ങളായിരിക്കുമ്പോള്‍ ദലിതരുടെ ദൈവമായ പൊട്ടന്‍ ദലിതന്റെ സാമൂഹ്യമായ അവസ്ഥാന്തര ത്തില്‍ മുള്‍ക്കാടിന്റെ നടുവില്‍ വിരാജിക്കുന്നു. സ്വര്‍ണ ദൈവങ്ങളേയും അത്യുന്നതങ്ങളിലെ സ്വര്‍ഗാനുഭൂതികളേയും ധ്യാനിക്കുന്ന മതാത്മാക്കള്‍ക്ക് പൊട്ടനെ മനസിലാകുകയില്ല. പൊട്ടനും ദലിതനും ഏതോ വിചിത്രമായ രസപാകത്തില്‍ ഒന്നാകുന്ന ഈ സാത്മീകരണത്തിന്റെ പൊരുള്‍ മനസി ലാവുകയില്ല; അതിനു പുതിയ സംവേദനം അവര്‍ അനുശാസിച്ചേ വെക്കൂ. പൊട്ടന്‍ ദലിതനിലൂടെ സംസാരിക്കുന്നു. മനുഷ്യന്റെ സമത്വ ത്തിന്റെ മഹത്വ സങ്കീര്‍ത്തനമാണ് ഈ ഭാഗം. നവീനനായ ഒരു കവിക്കു പോലും ഇത്ര കുശാഗ്രീയവും താര്‍ക്കികവും യുക്തിഭദ്രവുമായ ഒരു വാദമുഖം ഉന്നയിക്കാന്‍ കെല്പുണ്ടാകുമോ എന്ന് സംശയമാണ്. അത്രക്ക് ശക്തിയുണ്ട് ഇതിന്. ഇത് ലക്ഷ്യവേദിയായിട്ടുമുണ്ട്.

ഒരാള്‍ക്കും ദലിതര്‍ വഴിതിരിയേണ്ട ആവശ്യമില്ല. കാരണം ജാതിയുടെ പേരിലുള്ള ഉച്ചനീച സങ്കല്പങ്ങള്‍ ഉപരിപ്ലവവും അടിസ്ഥാന രഹിതവുമാകുന്നു. ആനപ്പുറത്തു നിങ്ങള്‍ പോകുന്നു. ഞങ്ങളപ്പോള്‍ പോത്തിന്റെ പുറത്തു സഞ്ചരിക്കും. അപ്പോള്‍പ്പിന്നെ ജാതിയുടെ പേരില്‍ നുണ കൂടുന്നതു ശരിയാണോ? നിങ്ങള്‍ താമരപ്പൂമാല അണിയുന്നു. ഞങ്ങള്‍ പൂത്താലിമാല അണിയും. ഇവിടേയും സമത്വമല്ലേയുള്ളൂ? നിങ്ങള്‍ കണ്ണാടിത്തിടമ്പെടുത്ത് ആടുന്നു. ഞങ്ങളാകട്ടെ ചെമ്മീന്‍ പുടലെ ടുത്ത് ആടുന്നു. ആട്ടവും ഉത്സവവും അതിന്റെ ഉല്ലാസവും വികാര ത്തിന്റെ കരകവിഞ്ഞൊഴുകലും രണ്ടിടത്തും ഉണ്ടല്ലോ! പിന്നെ അന്തരം എവിടെയാണുള്ളത്? നിങ്ങള്‍ തേങ്ങയുടച്ചാല്‍ മധുരമുള്ള ഇളനീരു കിട്ടും. ഞങ്ങള്‍ തേങ്ങയുടച്ചാലും അനുഭവം അതുതന്നെ. നിങ്ങളും ഞങ്ങളും അരിയിട്ടു പതപ്പിച്ചാല്‍ ചോറുതന്നെയാണു ലഭിക്കുക. ദലിതനും ജാതി വെറിയനും തമ്മിലുള്ള മനുഷ്യാവസ്ഥയുടെ അഭേദം സ്ഥാപിക്കാന്‍ ഒരു വില്ലാളി വീരന്‍ അവസാനത്തെ ആഗ്നേയാ സ്ത്രം പ്രയോഗിക്കുന്നതു പോലെ, പൊട്ടന്‍ അതിശക്തമായ ഒരു യുക്തി കൊണ്ട് എതിരാളികളുടെ മര്‍മം പിളര്‍ക്കുന്നു.

നാങ്കളെ കൊത്യാലും
ചോരതന്നെ ചോവ്വറേ
നീങ്കളെ കൊത്യാലും ചോര
തന്നെ ചൊവ്വറേ

രക്തം ചെമപ്പാണ് ഇതില്‍ ഒന്ന് ശ്രേഷ്ഠമെന്നും മറ്റൊന്ന് ഹീനമെന്നും കല്പിക്കുന്നതു ബുദ്ധി ഹീനതയല്ലേ? അതുകൊണ്ട് കുലം പിശകുന്നതില്‍ അര്‍ത്ഥമില്ല. ദലിതന്റെ കുപ്പയിലെ വാഴ കുലച്ചുണ്ടാകുന്ന പഴം ജാതിവൈകൃതക്കാരുടെ ദൈവങ്ങള്‍ക്കു നിവേദിക്കാമെങ്കില്‍, അത് നട്ടു നനച്ചു വളര്‍ത്തുന്ന ദലിതനെ അംഗീകരിച്ചു കൂടെ?

'പുലമാരുതന്‍, പുലപ്പൊട്ടന്‍'

ചാമുണ്ഡി ദൈവങ്ങളായ ഈ 'ദലിത് ദൈവം' ദലിതരുടെ 'എട്ടുകോട്ടം പത്തില്ലക്കാര്‍ നല്കുന്ന പൂവും ചാതും പാരണയും' കണ്ടു പ്രസാദി ക്കുന്നു. വയനാടന്‍ വയലില്‍ ഏതോ ശത്രുവിന്റെ ആക്രമണം ഉണ്ടാ വുകയും പൊട്ടന്‍ അവരെ സംഹരിക്കുകയും ചെയ്യുന്നതായി കവിത യുടെ ഒടുവില്‍ പരാമര്‍ശമുണ്ട്. ജാതിവൈകൃതന്മാരുടെ കൈക്കാരനായി ചൊവ്വര്‍ വരുന്നുണ്ടല്ലോ. ദലിതരും അവരെ അമര്‍ച ചെയ്യാനെത്തിയ ജാതി വൈകൃതരും തമ്മില്‍ പലപ്പോഴും ഉഗ്ര പോരാട്ടം നടന്നതിനു ചരിത്ര രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. ആ ചരിത്ര സത്യത്തിന്റെ നിറ ദീപ്തി കവിതയുടെ അന്ത്യത്തിലുണ്ട്. ഒരു ചെണ്ടമേളത്തിന്റെ വാദ്യ ലഹരിയോടെ, ഏട്ടു കോട്ടം പത്തില്ലക്കാരായ ദലിതര്‍ ആര്‍ത്തു കൂവി പൊട്ടനെ പ്രണമിക്കുന്നു: തന്നെ കയ്യേല്ക്കാത്ത പുലമാരുതന്‍ പുല പൊട്ടന്‍, പുലചാമുണ്ഡി ദൈവങ്ങളേ!

-------------------------------
പോള്‍ ചിറക്കരോടും എം സത്യപ്രകാശവും ഡോ. എബ്രഹാം അയിരൂ ക്കുഴിയും ചേര്‍ന്നെഴുതിയ 'ദലിത് കവിതകള്‍: ഒരു പഠനം' എന്ന ഗ്രന്ഥ ത്തില്‍ നിന്നും. പ്രസാധനം: സി എല്‍ എസ് തിരുവല്ല.