"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

അരക്കില്ലങ്ങള്‍ നിര്‍ബാധം തുടരുന്ന ഇന്ത്യ റ്റി. ആര്‍. രാജീവ്

ഉറങ്ങുന്നവനെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ സാധിക്കില്ല' എന്ന നാടന്‍ ചൊല്ല് ദലിത് സമൂഹത്തെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥ മാണ്. പ്രതികരണശേഷിയുള്ള സമൂഹമായിമാറാന്‍ ദലിതര്‍ക്ക് കഴിയുന്നില്ല. ദലിതര്‍ക്കെതിരായുള്ള കുറ്റ കൃത്യങ്ങള്‍ രാജ്യത്ത് അനു ദിനം ഭയാനകമായി വര്‍ദ്ധിച്ചു വരികയാണ്. ഉത്തര്‍പ്രദേശില്‍ 12,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജസ്ഥാനില്‍ 66% മദ്ധ്യപ്രദേശില്‍ 49% കേരളത്തില്‍ 20% തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ് ദേശീയ ക്രൈം റിക്കോഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള കണക്കു കള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയതിനു ശേഷം മാത്രം ദലിത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ 32% വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. 2233 സ്ത്രീകളെ തട്ടികൊണ്ട് പോയ കേസുകള്‍ തന്നെയുണ്ടായി.

തെക്കേ അമേരിക്കയിലെ വെള്ളക്കാര്‍ നീഗ്രോകളെ അടിച്ചമര്‍ത്തുന്ന തിനായി കൂക്ലസ് ക്ലാന്‍ (Kuklux Klan) എന്ന സംഘടന രൂപീകരിച്ചതിന് സമാനമായി ഇന്ത്യയില്‍ ഒട്ടനവധി സായുധ ഗുണ്ടകളുടെ സേനകളെ രൂപീകരിച്ച് ദലിതരെ കൊന്നൊടുക്കിവരികയാണ് സവര്‍ണ്ണ ഫാസിസ്റ്റുകള്‍. ഇതിന്റെ തുടര്‍ച്ചയാണ് ഹരിയാനയില്‍ (ഡല്‍ഹിയില്‍ നിന്നും 30 കി .മി. അകലെ) ഫരിദാബാദിലെ ബല്ലഭ് ഗഡില്‍ സണ്‍പേഡില്‍ 2015 ഒക് : 20 ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെ നാലംഗ ദലിത് കുടുംബത്തെ പെട്രോള്‍ ഒഴിച്ച് ജാതി ഭ്രാന്തന്മാര്‍ കത്തിച്ചത്. രണ്ടര വയസ്സുള്ള വൈഭവ്, പതിനൊന്ന് മാസം പ്രായമുള്ള ദിവ്യ എന്നീ പിഞ്ചുകുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. നിരപരാധികളായ അഞ്ച് ചണ്ഡാളരേയും അവരുടെ വൃദ്ധയായ മാതാവിനേയും അരക്കില്ലത്തിലിട്ടു ചുട്ടുകൊന്ന മഹാഭാരത കഥ വര്‍ണ്ണവെറിയുടെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കു ന്നു. സവര്‍ണ്ണ മനസ്സ് ഇപ്പോഴും ദ്വാപരയുഗത്തിലാണ്.

2015 ഒക്‌ടോബര്‍ മാസത്തില്‍ തന്നെ ഉത്തര്‍പ്രദേശിലെ ബലിയയില്‍ രാത്രി യില്‍ ഉറങ്ങിക്കിടന്ന ദലിതനെ വെട്ടികൊന്നതും, ഡല്‍ഹിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ദലിത് ദമ്പതികളെ പരസ്യമായി നഗ്നരാക്കി നിര്‍ത്തിയതും, യൂ.പി യിലെ തന്നെ ഹാമീര്‍ പൂരിലെ ബില്‍ഗാവ് ഗ്രാമത്തില്‍ ക്ഷേത്ര ത്തിലേക്ക് പ്രവേശിക്കുവാന്‍ ഭാവിച്ച 90 വയസ്സുള്ള വൃദ്ധനായ ദലിതനെ കൊലപ്പെടുത്തിയതും, രാജസ്ഥാനിലെ ജോധ്പൂരിലുള്ള ബര്‍ദേകാബാസ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദിനേഷ് എന്ന 12 വയസുള്ള ദലിത് വിദ്യാര്‍ത്ഥി മറ്റ് ജാതിയില്‍ പെട്ട കുട്ടികളുടെ ഭക്ഷണ പാത്രത്തില്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചു എന്ന കാരണത്തിന് ഹേമറാം എന്ന ടീച്ചര്‍ നിര്‍ദ്ദയമായി മര്‍ദ്ദിച്ചതും ദലിത് സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്ക് മകുടോദാഹരണങ്ങളാണ്. 2015 ജൂണില്‍ മദ്ധ്യപ്രദേശിലെ ഛത്താര്‍പൂരില്‍ പൊതു പൈപ്പില്‍ നിന്നും വെള്ളം പിടിച്ചുകൊണ്ടിരുന്ന ദലിത് ബാലിക മര്‍ദ്ദിക്കപ്പെട്ടത് അതുവഴി പോയ ആളുടെ മേല്‍ കുട്ടിയുടെ നിഴല്‍ വീണു എന്ന കാരണം പറഞ്ഞാണ്. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ കഗ്ഗ നഹള്ളി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ 2014 ജനുവരിയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ 8-ാം ക്ലാസ്സ് വരെ 118 കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാധമ്മ എന്ന ആദികര്‍ണ്ണാടക ജാതിയില്‍പ്പെട്ട (ദലിത്) യുവതി മുഖ്യ പാചകക്കാരിയായി നിയമിതയായതോടുകൂടി ദലിതേതര ജാതികളില്‍പ്പെട്ട 100 കുട്ടികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്‌ക്കുള്‍ ഉപേക്ഷിച്ചു പോവുകയും, ശേഷിച്ച സവര്‍ണ്ണ കുട്ടികള്‍ ദലിത് യുവതി പാകംചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്ത സംഭവവും ഓര്‍മ്മി ക്കേണ്ടതാണ്. തമിഴ്‌നാട്ടില്‍ 2015 ഒക് : 13 മുതല്‍ മധുര ജില്ലയില്‍ ഉത്തപുരം ഗ്രാമത്തിലെ മുത്തലമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കുകയും, ഇതേ ഗ്രാമത്തില്‍ തന്നെ ദലിതരുടേയും മറ്റ് ജാതിക്കാരുടേയും വീടുകള്‍ തമ്മില്‍ മതിലുകള്‍ കെട്ടിവേര്‍തിരിക്കുകയും മറ്റ് ചില ഗ്രാമങ്ങളില്‍ ഓഡിറ്റോറിയങ്ങള്‍, നാട്ടു വഴികള്‍ എന്നിവിടങ്ങളില്‍ ദലിതര്‍ക്ക് ഭ്രഷ്ട് കല്‍പിക്കുകയും, പൊതു കിണറുകളില്‍നിന്നും വെള്ളംകോരാന്‍ അനുവദിക്കാതിരിക്കു കയും ചായ കുടിക്കുന്നതിന് പ്രത്യേക ഗ്ലാസ്സ് നല്‍കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ ഇന്നും ഇന്ത്യയില്‍ തുടരുന്നു. 

ഇതര സംസ്ഥാനങ്ങളിലെപ്പോലെ ഭീതിതമായ അവസ്ഥ കേരളത്തിലില്ല. എങ്കിലും ജാതിയും ജാതിവിവേചനങ്ങളും കേരളത്തിലും വര്‍ദ്ധിച്ചു വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കോട്ടയം ജില്ലയിലെ മരങ്ങാട്ടു പള്ളിയില്‍ സജിയും, കണ്ണൂര്‍ അത്താഴകുന്ന് പുല്ലൂപ്പികടവ് ലക്ഷംവീട് കോളനിയില്‍ കല്ലേല്‍ അജിതും കൊലചെയ്യപ്പെട്ടപ്പോള്‍ പ്രചോദനമായ ജാതിവിഷം കണ്ടില്ലെന്ന് നാം നടിച്ചു. 

ദലിത് വംശനിഗ്രഹത്തിനെതിരെ പ്രതികരിക്കേണ്ട ജനത എന്തുകൊണ്ട് ഉണരുന്നില്ല എന്ന് ചിന്തിക്കുമ്പോള്‍ വിമോചനത്തെകുറിച്ച് പരിമിതമായ ബോധമാണ് ദലിത്‌സമൂഹത്തിനുള്ളത് എന്ന വസ്തുത മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും ആധുനിക അടിമത്വത്തിനെതിരേ പ്രതികരിക്കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. മസ്തിഷ്‌ക്കം മരവിക്കാത്തവരുടെ നിഷ്‌ക്രിയത്വം അരക്കില്ലങ്ങള്‍ നിര്‍ബാധം തുടരാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. 

ജയ് ഭീം
റ്റി. ആര്‍. രാജീവ് 9349350964