"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

തദ്ദേശീയ ജനതകളുടെ സാമൂഹിക വ്യക്തിത്വം പരിവര്‍ത്തനം പദവി സ്വത്തുടമസ്ഥത - വി സി സുനില്‍

ലോകചരിത്രം പരിശോധിച്ചാല്‍ ഏതൊരു രാജ്യത്തും തങ്ങള്‍ക്കനുയോജ്യമായ സവിശേഷ ലോക ക്രമത്തില്‍ ഏതൊരു ജനസമൂഹവും തങ്ങളുടെ ചരിത്ര അസ്തിത്വ ത്തിന്റെ അഭിമാനാത്മക ഗാഢത ഉള്‍ക്കൊണ്ട് സ്വയം തിരിച്ചറിവോടെ തനതായി ഉയിര്‍ത്തെണീക്കാനുളള ആന്തരിക വ്യഗ്രത പ്രകട മാക്കുകയും അതിനെ തുടര്‍ന്ന് വികസിക്കുന്ന സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- സാമ്പത്തിക- ആത്മീയ മണ്ഡലങ്ങളിലൂടെ യുളള പ്രക്രിയയിലൂടെ തങ്ങളുടെ തനത് അസ്തിത്വം പ്രഖ്യാപിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യും. അത്തരമൊരു സവിശേഷ സാഹചര്യ ത്തിലാണ് ഇന്‍ ഡ്യയിലെ തദ്ദേശീയ ജനത 21-ാം നൂറ്റാണ്ടെന്ന കാലഘട്ട ത്തി ലൂടെ കടന്നു പോകുന്നത്. ഇത് യഥാവിധം തിരിച്ചറികയും അതിനനുസൃതമായി ഉയര്‍ന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കു ന്നവര്‍ ആരൊക്കെയാണ് എന്നതും മൗലികപ്രശ്‌നമാണ്. അത്തരമൊരു സന്നിഗ്ദ്ധ കാലമാണ് ദേശീയമായി ഇപ്പോള്‍ സംജാതമാകുന്നത്.

ഇന്‍ഡ്യയുടെ സാമൂഹ്യക്രമത്തില്‍ ഏറ്റവും അടിത്തട്ടിലേക്ക് ആഴ്ന്നു പോയ ജനവിഭാഗമാണ് തദ്ദേശീയരായ ഇന്ന് ദലിതര്‍ എന്ന പൊതു സംജ്ഞയിലൂടെ വിവക്ഷിക്ക പ്പെടുന്ന ആദിമജനവിഭാഗങ്ങള്‍. ഇന്നും ഭരണകൂട സ്ഥാപനങ്ങളോ, അധികാരികളോ, പൊതുധാര എന്നു വിളിക്കപ്പെടുന്ന പൊതുസമൂഹമോ തങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടില്ലാത്ത സവിശേഷ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമൂഹം. അവരെ മനുഷ്യരായി പരിഗണിക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഹരിയാനയിലെ പിഞ്ചുകുട്ടികളെ തീവെച്ചു കൊന്നതിനു ശേഷം പട്ടികളോടുപമിച്ച സംഘപരിവാര സവര്‍ണ്ണ രാഷ്ട്രീയ നേതാവായ കേന്ദ്രമന്ത്രി വി.കെ. സിംഗ് സവര്‍ണ്ണരുടെ ബോധധാര പൊതുവിലവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി മാത്രമായിരുന്നു. മനുസ്മൃ തിയിലെ ഈ സവര്‍ണ്ണ പൊതുബോ ധമാണ് സ്വാത ന്ത്ര്യാനന്തരവും, ഡോ. അം ബേദ്കര്‍ നിര്‍മ്മിച്ച ഭരണ ഘടനയ്ക്കുശേഷവും, ജനാ ധിപത്യം 70 വര്‍ഷം ആകുമ്പോഴും നിലനില്‍ക്കുന്നത് എന്ന തിനെ ശരിയായി മനസ്സിലാക്കുവാന്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ കഴിയണം. യാഥാര്‍ ത്ഥ്യങ്ങളെ വേണ്ടവിധം തിരിച്ചറിയാന്‍ കഴി യാത്ത സമൂഹമാണ് തദ്ദേശീയ സമൂഹം എന്നത് പച്ചപരമാര്‍ത്ഥമാണ്. ഇന്ത്യന്‍ പൊതുബോധം ദലിതരെ മനുഷ്യരായി മുമ്പും പരിഗണിച്ചിരുന്നില്ല. തദ്ദേശീയരില്‍ നിന്ന് മാനസിക വളര്‍ച്ച നേടിയ അപൂര്‍വ്വ വ്യക്തികളില്‍ ഏറ്റവും ഉന്നതശീര്‍ഷനായ ഡോ. അംബേദ്കറായിരുന്നു. ഇത് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞ് മനുഷ്യവത്കരിക്കാനും, സ്വാഭിമാനികളാകാനും, വിദ്യാഭ്യാസം ചെയ്യാനും പോരാടാനും, സംഘടിതരാകാനും തന്റെ ജനതയെ ഉദ്‌ബോധിച്ചിരുന്നു. എന്നാല്‍ ഉദ്ബുദ്ധരായവര്‍ സമൂഹത്തെ വിഘടിപ്പിക്കാനും, തങ്ങളുടെ താത്പര്യാനുസരണം ഈ ജനതയെ തട്ടുകളായി തരം തിരിച്ച് ഉപയോഗിക്കുവാനുമാണ് ശ്രമിച്ചത്. സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ട ജനത ജാതി വ്യവസ്ഥയുടെ ക്രമത്തിലും, അതുപോലെ സംഘടനകളുടെ ക്രമീകരണത്തിലും വീണ്ടും ഭിന്നിപ്പിക്കപ്പെട്ടു. ഇത്തരമൊരവസ്ഥയിലാണ് ഇന്‍ഡ്യന്‍ പൊതുബോധം പട്ടികജാതിക്കാരെ, പട്ടികളോടു ഉപമിക്കുന്നത്.

അടിമത്വം ആസ്വദിക്കുക സുഖകരമായ ഒരവസ്ഥയാണ്. ഇന്നും അടിമത്വം ആസ്വദിച്ചു ജീവിക്കുവാനാണ് ഈ വിഭാഗത്തിലുളളവര്‍ ഇഷ്ടപ്പെടുന്നത്. സമകാലികമായി എന്തെല്ലാം തെളിവുകള്‍? ഇന്നും സാമൂഹ്യമായ ഒരു പൊതുഉത്തരവാദിത്വത്തില്‍ ഭാഗഭാക്കായി നിലവിലുളള അധിശത്വ സാമൂഹ്യ ക്രമത്തോട് സംഘ ടിതമായി പോരാടാന്‍ തക്ക മാനസിക വളര്‍ച്ച ഈ സമൂഹത്തിലു ളളവര്‍ നേടിയിട്ടില്ല. കാരണം സ്വന്തം ചരി ത്രാനുഭവങ്ങളെ യഥാ വിധം മനസ്സിലാക്കി സാമൂഹ്യമായി സംഘ ടിക്കാന്‍ കഴിയുന്ന പ്രാ പ്തിയിലേക്ക് തദ്ദേശീയ ജനതകളിലെ സംഘ ടനകളോ, ബുദ്ധി ജീവികളോ, സമ്പന്ന ഉദ്യോഗസ്ഥരോ വളര്‍ ന്നിട്ടില്ല. അതു തന്നെ യാണ് ഒരു സാമൂഹ്യവിഭാഗമെന്ന നിലയില്‍ ചരിത്ര അസ്തിത്വത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിമുഖത കാണിക്കുന്ന തിനുളള കാരണം. അതേസമയം, സ്വന്തം സംഘടന, സ്വന്തം ഉപജാതി ബോധം, സ്വന്തം മതം, സ്വന്തം രാഷ്ട്രീയം, ഇങ്ങനെ ലഘൂകരിക്കപ്പെട്ട ചെറിയ ഇടങ്ങളില്‍ മേഞ്ഞു നടക്കാനും ഒതുങ്ങാനും ആഗ്രഹിക്കുന്നു. അടിത്തട്ടു സമൂഹങ്ങളില്‍ ഒരു പൊതുവംശീയബോധം തന്നെ ശരിയായ അര്‍ത്ഥത്തില്‍ രൂപം ധരിച്ചിട്ടില്ല. ഒരു പൊതുവംശീയ ബോധം രൂപപ്പെടാതെ എങ്ങിനെ ഒരു ജനതയായി രൂപാന്തരപ്പെടും. ഒരു പൊതുവംശീയ ബോധമാണ് ഒരു വിഭാഗം ജനതയെ ഒരു സമൂഹമാക്കി, ഒരു ജനതയാക്കി പരിവര്‍ത്തനപ്പെടുത്തുന്നത്. വിവിധ തട്ടുകളിലുളളവരെ ഒരു ജനതയാക്കി രൂപപ്പെടുത്താന്‍ കഴിയാതെങ്ങിനെ ആണ് അവര്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍ കഴിയന്നത്? ഒരു സാമൂഹ്യവിഭാഗത്തിന് ചില സവിശേഷ പ്രശ്‌നങ്ങള്‍ ഉളളതുകൊണ്ടാണല്ലോ പൊതുധാര സമൂഹത്തില്‍ നിന്ന് പ്രത്യേക സമൂഹമാക്കി അവരെ വേര്‍തിരിക്കുന്നത്. ഇങ്ങനെ വേര്‍തിരിക്കാനുളള ചരിത്രകാരണങ്ങള്‍ അന്വേഷിക്കുമ്പോഴാ ണല്ലോ ജനാധിപത്യ യുഗത്തിലും അവര്‍ മനുഷ്യരായിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നാം നീങ്ങുന്നത്.

നഗ്നമായ യാഥാര്‍ത്ഥ്യങ്ങലെ അഭിമുഖീകരിക്കാനും സധൈര്യം നേരിടാനും, സ്വന്തം നിലയില്‍ കഴിയുമ്പോഴാണ് ഒരു സമൂഹത്തിലുളളവര്‍ക്ക് 'സാമൂഹിക വ്യക്തിത്വം' ഉണ്ടാകുന്നത്. സാമൂഹിക വ്യക്തിത്വം ഉണ്ടായാലേ സാമൂഹ്യ പദവിയിലേക്ക് ഒരു ജനസമൂഹത്തിന് ഉയരാന്‍ കഴിയൂ.... ഒരു സമൂഹത്തിന്റെ വളര്‍ച്ച അതിനു നേതൃത്വം കൊടുക്കുന്ന വരുടെ മാനസികവളര്‍ ച്ചയുമായി ബന്ധപ്പെട്ടതാണ്. മാനസിക വളര്‍ച്ച യുണ്ടായിരുന്നവര്‍ നേതൃത്വം കൊടുത്തപ്പോ ഴൊക്കെ പ്രസ്തുത സമൂഹത്തിന് പരിവര്‍ ത്തനം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മഹാത്മാ അയ്യന്‍കാളി സാധുജനതയെന്നും, ഡോ. അംബേദ്കര്‍ അസ്പര്‍ശ്യരെന്നും അയിത്ത ജാതിക്കാരെന്നും, കാന്‍ഷിറാം ബഹുജന്‍ സമാജെന്നും പൊതുവായാണ് തദ്ദേശീയ ജനതകളെ അഭിസംബോധന ചെയ് തത്. അതവരുടെ മാനസിക വികാസത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു.
നിലവിലുളള സാമൂഹികാധികാര-രാഷ്ട്രീയധികാര ബലതന്ത്രങ്ങളില്‍ വിളളല്‍ വീഴുന്ന സാഹചര്യമാണ് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വികാസം പ്രാപിക്കുന്നത്. സാമൂഹികാധികാര-രാഷ്ട്രീയധികാര ബലതന്ത്രങ്ങളില്‍ വിളളല്‍ വീഴുമ്പോള്‍ അവസരോചിത മായി ഉയര്‍ന്ന് അഭിമാനാതത്മകമായ സാമൂഹിക വ്യക്തിത്വവും സാമൂഹിക പദവിയും സ്വയാര്‍ജ്ജിതമായി സ്ഥാപിച്ചെടുക്കാന്‍ തക്ക ഉയര്‍ന്ന മാനസികനിലയിലേക്ക് ഒരു ജനതയിലെ വ്യക്തികള്‍ വളര്‍ച്ച നേടിയാലേ ആ സമൂഹത്തിനുളളില്‍ ആകമാനമായുളള മാറ്റത്തിനിട വരികയുളളൂ. അത്തരത്തില്‍ മാനസിക പ്രാപ്തിയും ആത്മതന്റേടവും സത്യസന്ധമാ യുളളവര്‍ എത്ര പേരുണ്ട് എന്നുളളതും പ്രധാനപ്പെട്ട കാര്യമാണ്.

തങ്ങളുടെ സമൂഹത്തിലുളളവര്‍ നിരന്തരം പീഡിപ്പി ക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും, കൊലയ്ക്കു കൊടുക്കപ്പെടുകയും ചെയ്യുമ്പോള്‍ വികാരരഹിതമായിരിക്കാന്‍ വിധിക്കപ്പെടുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്തു ചെയ്യുവാന്‍ കഴിയും. കാലഹരണപ്പെട്ട കേവല പ്രതിഷേധങ്ങള്‍, റാലികള്‍, ലേഖനമെഴുത്ത്, പ്രസംഗം, ഫേസ് ബുക്ക് (പുതിയ പ്രതിഷേധം) ഉപയോഗം എത്രമാത്രം പ്രതിരോ ധാത്മകമായ പ്രതിഷേധമാവും? പ്രതിരോധങ്ങളെ ഒരു ബൃഹത്തായ സംഭവമാക്കുന്ന സമീപനമുണ്ടാക്കു കയും ദേശീയമായും അന്തര്‍ദേശീയമായും വിനിമയം ചെയ്യാനുളള സങ്കേതവും, ഘടനയും വികസിപ്പിക്കാതെ ഒറ്റപ്പെട്ട തുരുത്തുപോലെ യുണ്ടാക്കുന്ന പ്രതിഷേധങ്ങള്‍ കാര്യപ്രാപ്തമാകുകയില്ല.

ഹരിയാനാസംഭവവും തുടര്‍ അവസ്ഥയും ദേശീയമായ ഒരു വംശഹത്യാ ഭീതി വളര്‍ത്തുകയും അതിനെ പ്രതിരോധി ക്കാന്‍/പ്രതികരിക്കാന്‍ ഇന്‍ഡ്യന്‍ പൊതുസമൂഹം- സാംസ്‌കാരികനായകരും, രാഷ്ട്രീയനായകരും വിസ്സമ്മതി ക്കുകയും ചെയ്യുന്നത് നാം കണ്ടതാണ്. തദ്ദേശീയ ജനതകള്‍ തങ്ങളുടെ രക്ഷകര്‍ത്താക്കളായി കണ്ടിരുന്നവര്‍ നിശ്ശബ്ദത പാലിച്ചത് അനുഭവിച്ചറിഞ്ഞതാണ്.

കേരള സമൂഹത്തില്‍ ആധികാരികമായി ഒരിടത്തും തന്നെ പൊതുസമൂഹ ത്തിന്റെ ഭാഗത്തുനിന്നും ഒരു പ്രതിഷേധവും രൂപം ധരിച്ചില്ല. തദ്ദേശതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ വോട്ടാ ണല്ലോ ലക്ഷ്യം! മനുഷ്യത്വം വേണ്ടല്ലോ? എല്ലാം സംഘ പരിവാറുകാരന്റെ കുറ്റമാണെന്നു പറഞ്ഞു വോട്ടു നേടാം. ഇന്ത്യന്‍/കേരള പൊതുസമൂഹത്തിന്റെ ഈ ഇരട്ടത്താപ്പിന് പുതുമയൊന്നുമില്ല/അരുന്ധതി റോയി ഒഴിച്ച്. രണ്ടാഴ്ചക്കാലം ഇന്ത്യന്‍ സമൂഹത്തിനുളളില്‍ അരക്ഷിതാവസ്ഥ വളര്‍ത്താ നുളള സാഹചര്യം ആഭ്യന്തരമായു ണ്ടായപ്പോള്‍ മാധ്യമങ്ങ ളൊഴിച്ച് ജനാധിപത്യാധികാ രത്തിന്റെ ഒരു തൂണുകളും അതിനെ ഗൗരവമായി കണ്ടില്ല എന്നത് പച്ചപരമാര്‍ത്ഥമാണ്. മാധ്യമ സങ്കേതങ്ങളുടെ പെ ാതു ഇടങ്ങളില്‍ മാത്രമാണ് കുറച്ചൊക്കെ ആഭ്യന്തരമായി ഉയര്‍ന്ന ഭീഷണികളോട് ഉത്തരവാദിത്വ ത്തോടെ ഇടപെട്ടത്.

ഇന്ത്യാ മഹാരാജ്യം വീണ്ടും ഒരു ശിഥിലീ കരണത്തിന്റെ സാമൂഹ്യ-രാഷ്ട്രീയാവസ്ഥ യിലേക്ക് നീങ്ങാനുളള സാഹചര്യമാണ് നരേന്ദ്രമോഡിയും സംഘപരിവാര ശക്തികളും ചെയ്തു വരുന്നത്. നരേന്ദ്രമോഡി ഒരു അന്തര്‍ദ്ദേശീയ വ്യക്തിത്വമായി ഉയരാന്‍ ശ്രമം നടത്തുമ്പോള്‍, വ്യക്തിപരമായി ഇത് ആഗ്രഹിക്കില്ലായിരിക്കും. എന്നാല്‍ മോഡിയെ മുന്നില്‍ നിര്‍ത്തി രാജ്യത്തെ ഭരിക്കാന്‍ ആഗ്രഹിക്കുന്ന സംഘപരിവാര മനുവാദി കള്‍ക്ക് ഇതൊരാവശ്യമാണ്. മോഡിയുടെ കൈയ്യില്‍ നിന്നും പലപ്പോഴും പലതും വഴുതിപ്പോകുന്ന സ്ഥിതിവിശേഷമാണ് ആഭ്യന്തരമായി രൂപം കൊളളുന്നത്. ശിവസേന, ശ്രീരാമസേന, ഹനുമാന്‍ സേന, ആര്‍.എസ്.എസ്., ബംജ്രങ്കദള്‍ തുടങ്ങിയവയുടെയൊക്കെ നടപടികളെ മോദിക്ക് പ്രധാനമന്ത്രി എന്ന നിലയില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എം.എം. കല്‍ബുര്‍ഗി, പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കലാകാരന്മാരും സാം സ്‌കാരിക- സാഹിത്യകാരന്മാരും-സിനിമാ- ശാസ്ത്രജ്ഞ ന്മാരുമൊക്കെ രംഗത്തു വന്നതു ശ്രദ്ധേയമാണ്. മോദി പിടിച്ചാല്‍ നില്‍ക്കുന്നവരല്ല സംഘരിവാരശക്തി കള്‍ എന്നു രാജ്യത്തു അനുദിനം തെളിയുകയാണ്. പ്രധാനമന്ത്രി എന്നു പറയുന്നത് രാജ്യത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന രക്ഷാകര്‍ത്താവാണ്. അതിനു യോഗ്യനല്ല എന്ന് അദ്ദേഹം അനുദിനം തെളിയിക്കുകയാണ്. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എത്ര പ്രാവശ്യമാണ് രാജ്യത്തു വളര്‍ന്നു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രസ്താവന ഇറക്കേണ്ടി വന്നത്.

ഡിജിറ്റല്‍ ഇന്ത്യയുടെ ആധുനിക കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ക്ക് ഒപ്പം ഉലകം ചുറ്റുന്ന വാലിബനായി നടക്കുന്ന മോദി ഇന്ത്യന്‍ സമൂഹത്തെ ഇനിയും ശരിയായി തൊട്ടറിഞ്ഞിട്ടില്ല. വാജ്‌പേയിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം പൊലിഞ്ഞു പോയത് മോദിയും സംഘപരിവാറും മനസ്സിലാക്കാതെ പോകുന്നത് രാഷട്രീയ പാപ്പരത്തം കൊണ്ടാണ്. അരുണ്‍ ഷൂറിയെപ്പോലുളള കടുത്ത സംഘപരി വാര മനുവാദി പറഞ്ഞത് മോദിക്ക് കേവലം പാവ പ്രധാനമന്ത്രിയായ മന്‍മോഹനുളള ശേഷി പോലുമില്ലെന്നാണ്.

അസഹിഷ്ണുതയുടെ രാഷ്ട്രീയ ഹൈന്ദവ ഫാസിസ്റ്റു കള്‍ ദേശീയമായി വാരി വിതറുമ്പോള്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനോ, ഇടതു പക്ഷത്തിനോ കഴിയുന്നില്ല. കാരണം അതിന് അജണ്ടകള്‍ അവര്‍ക്കില്ല. അവരുടെ അജണ്ടകളും അതാകണമെന്നുമില്ല. രാഷ്ട്രീയ ലാഭം നോക്കി മാത്രമാണ് ഇവരെല്ലാം തന്നെ പ്രശ്‌നങ്ങളെ കാണുന്നത്. എന്നാല്‍ തദ്ദേശീയ വംശീയ പ്രസ്ഥാനങ്ങള്‍ക്ക് സാംസ്‌കാരിക മായും, രാഷ്ട്രീയമായും, ആശയപരമായും, വംശീയമായും ഇവയെ പ്രതിരോധിക്കാന്‍ ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സഹവര്‍ത്തിച്ച് പ്രവര്‍ത്തിക്കാന്‍ ഏതെല്ലാം തദ്ദേശീയ വംശീയ പ്രസ്ഥാനങ്ങള്‍ കേരള സമൂഹത്തില്‍ തയ്യാറാകും.

ഹിന്ദുത്വത്തിലഭിമാനിക്കുന്ന പട്ടികജാതി പ്രസ്ഥാന ങ്ങള്‍ക്കു കഴിയുമോ? ഹിന്ദുത്വ ത്തിലഭിമാനിക്കുന്ന പിന്നോക്ക- ഈഴവ-വിശ്വകര്‍മ്മര്‍ക്ക് കഴിയുമോ? ഇല്ല. അവരെയൊക്കെ 'അതുക്കുംമേലേ' ഫാസിസ്റ്റുകള്‍ വിഴുങ്ങിയില്ലേ? കേരള ത്തില്‍ ഹരിയാനാ സംഭവത്തില്‍ സമയോചിത മായി ശക്തമായി ഇടപെട്ട ഏക സംഘടിത വംശീയ പ്രസ്ഥാനം പി.ആര്‍. ഡി.എസ്. ആയിരുന്നു. അതിനുകാരണം പി.ആര്‍.ഡി.എസ്. ന്റെ ചരിത്രാനുഭവങ്ങളും വ്യതിരക്ത ജ്ഞാനമണ്ഡലവുമാണ്. ഒട്ടനവധി ദലിത് ഗ്രൂപ്പുകളും സംഘടനകളും സമിതികളും ജാതി സംഘടനകളുമൊക്കെ പ്രതിഷേധം നടത്തി. ദലിത് ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും സമയോചിതമായി അങ്ങോളമിങ്ങോളം പ്രതിരോധ പ്രതിഷേധങ്ങള്‍ വികസിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം കെ. പി. എം. എസ്. (പുന്നല ഗ്രൂപ്പ്) രാജ്ഭവന്‍ മാര്‍ച്ചും നടത്തി.

കേരളസമൂഹത്തില്‍/അധികാര സമവാക്യങ്ങളില്‍ പൊളിച്ചെഴുത്തു നടക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കിയിരി ക്കേണ്ട ഗതികേടിലാണ് ദലിത് പ്രസ്ഥാനങ്ങള്‍ നീങ്ങുന്നത്. ഇത് തിരിച്ചറിയുന്ന എത്ര ദലിത് പ്രസ്ഥാനങ്ങള്‍ /നേതാക്കള്‍/ ബുദ്ധിജീവികള്‍ ഉണ്ടാവും. 2005-ല്‍ കോട്ടയത്തു സംഘടിപ്പിച്ച അംബേദ്കര്‍ ജന്മദിന സമ്മേളനത്തില്‍ ഈ ലേഖകന്‍ ആവശ്യപ്പെട്ടതായിരുന്നു കേരളത്തിലെ ദലിത് അവബോധ മുളള വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ പിരിച്ചുവിട്ട് ഒരു സമൂഹമെ ന്നുളള ചര്‍ച്ചയില്‍ പങ്കു ചേര്‍ന്ന് ഐഡന്റിറ്റി പോളിറ്റിക്‌സ് രൂപപ്പെടുത്തി പൊതുവായ/ശക്തമായ ദലിത് പ്രസ്ഥാനം പുരോഗമനപരമായി/കാലോചിതമായി അംബേദ്കറെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് കെട്ടിപ്പടുക്കണമെന്ന്. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ 10 വര്‍ഷം കൊണ്ട് കേരളത്തില്‍ സമഗ്രമായ ദലിത് വിമോചന ബഹുജന പ്രസ്ഥാനം 2015 ല്‍ രൂപം പ്രാപിച്ച് വികസിതമാകുമായിരുന്നു......

കേവലമായ നേതൃവ്യാമോഹങ്ങളും, ബുദ്ധിജീവി ജാഡയുമുളള കേരള ദലിതരില്‍ ഇതൊക്കെ സംഭവിക്കുമോ, ജനങ്ങളും/സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ കാര്യമായ നിലപാട് ആര്‍ക്കാണു ളളത്? അതിനുശേഷം കേരള ദലിതര്‍ പല പ്രസ്ഥാനങ്ങളിലും ചെക്കേറുന്ന കാഴ്ചയുമാണ് കണ്ടത്. കെ.പി.എം.എസ്. നേതൃത്വത്തില്‍ പട്ടികജാതി-വര്‍ഗ്ഗ സംയുക്തസമിതിയുണ്ടാക്കിയപ്പോള്‍ ഒരോട്ടമോടി, ഇപ്പോള്‍ ബി.ജെ.പി. യുമായി സഹകരിക്കുന്ന സമത്വമുന്നണിയിലാണ് പലര്‍ക്കും കണ്ണ്. സ്വന്തം അസ്തിത്വത്തിലോ, സ്വത്വബോധ ത്തിലോ അല്ല. ആര്‍ക്കും ത്യാഗം സഹിക്കാന്‍/പണിയെടു ക്കാന്‍ കഴിയില്ല. ആരുടെയൊക്കെ തോളില്‍ ചാരി ചെവി കടിച്ചു പറിച്ച തിന്നാം എന്നു മാത്രമാണ് ആഗ്രഹം. ജാതിന ശീകരണത്തിന്റെയും സ്വാഭിമാനരാഷ്ട്രീയത്തിന്റേയും ജനാധിപത്യ കൂട്ടായ്മ ഉണ്ടാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. അംബേദ്കറു ടേയും അയ്യന്‍കാളിയുടേയും ആദര്‍ശങ്ങളെ തകര്‍ക്കുകയും, ജനങ്ങളെ വികാരം കൊളളിക്കാന്‍ അവരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുകയുമാണല്ലോ പതിവ്.

ദേശീയമായി മായാവതി നേതൃത്വം നല്‍കുന്ന ബഹുജന്‍ സമാജത്തിന്റെ തകര്‍ച്ചയെ കൂടി മനസ്സിലാക്കി വേണം ഇപ്പോഴു ണ്ടാകുന്ന അസഹി ഷ്ണുതയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ വിലയിരുത്താന്‍ (തുടര്‍ന്നുനടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മായാവതിയും ബി.എസ്. പിയും നില മെച്ചപ്പെടുത്തിയിരുന്നു). ദേശീയമായും, അധികാരപരമായും ദലിതര്‍ക്കുളള ശക്തി ക്ഷയിപ്പിക്കുന്നതിന് സവര്‍ണ്ണ വാദപക്ഷക്കാര്‍ സംഘടിക്കുകയും/സംവരണത്തെ വരെ എതിര്‍ക്കുന്ന രാഷ്ട്രീയ പരിസ്ഥി തിയില്‍ കേവലമായി ബഹുജന്‍ സമാജിന് മാത്രമായി രാജ്യത്തൊന്നും ചെയ്യാന്‍ കഴിയുകയില്ല. മായാവതിയുടെ നേതൃത്വത്തിലായതിനു ശേഷം ബഹുജന്‍ സമാജ് ദേശീയമായ ഭിന്നിക്കുകയാണ് ഉണ്ടായത്. ബഹുജന്‍ സമാജിന്റെ പ്രതിരോധത്തെ തകര്‍ക്കുകയാണ് ദേശീയമായി സംഘപ രിവാര്‍ ചെയ്യുന്നത്. മോദി അധികാരമേറ്റെടുത്ത ആദ്യഘട്ടത്തില്‍ തന്നെ ഈ ലേഖകന്‍ ഈ പ്രശ്‌നം ഉന്നയിക്കുകയും, വിലയിരുത്തുകയും ചെയ്തിരുന്നു. ദേശീയമായി അംബേദ്കര്‍ പ്രസ്ഥാനങ്ങളുടെ പുനരേകീ കരണം സാദ്ധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന്റെ വെളിച്ചത്തില്‍ വേണം സമകാലികമായി ഉയരുന്ന ദേശീയ-സംസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിലപാടു സ്വീകരിക്കേണ്ടത്. കേവലമായ സംഘടനാ-രാഷ്ട്രീയ സംഘടനാ-സമരസംഘടന പ്രശ്‌ന മെന്ന നിലയില്‍ മാത്രം വിലയിരുത്തിയാല്‍ പോരാ തദ്ദേശീയരുടെ വംശീയമായ സുരക്ഷിതത്വവും നിലനില്‍പ്പും അതിജീവനവും ലക്ഷ്യമാക്കി വേണം പുതിയ കാലത്ത് നിലപാടു സ്വീകരിക്കേണ്ടത്. അതിന് ദേശീയാടിസ്ഥാ നത്തില്‍ തദ്ദേശീയരുടെ പുതിയ മാതൃക യിലുളള ഏകോപനം ആവശ്യമാണ്.

കേരളത്തിലെ ദലിത് സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാന ങ്ങളുടെ അപചയ ത്തിനെ തുടര്‍ന്നാണ് 2005-നുശേഷമുളള രാഷ്ട്രീയ പരിസ്ഥിതിയില്‍ ദലിതുകളിലെ ജാതി സുദായങ്ങള്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങുന്നത്. നിലവിലുളള മുന്നണികളോടും ബി.ജെ.പിയോടും തങ്ങളുടെ ജനബാ ഹുല്യത്തെ കാണിച്ച് സമ്മര്‍ദ്ദശക്തിയായി നിന്നു കൊണ്ട് ജാതി-സമുദായങ്ങള്‍ വില പേശുകയായിരുന്നു. ജനജീവിതത്തെ ബാധിക്കുന്ന നയപരമായ രാഷ്ട്രീയത്തിനു േ വണ്ടിയല്ല അവര്‍ പോരാടിയത് മറിച്ച് സാമുദായിക നേട്ടത്തിനായിരുന്നു. അതിന്റെ ഗുണഫലം നേടിയത് യു.ഡി.എഫും, ബി.ജെ.പി. യുമായിരുന്നു. ദലിത് പ്രസ്ഥാന ദീര്‍ഘകാ ലമായി ഉയര്‍ത്തുന്ന ഭൂസമര രാഷ്ട്രീയവും, ജനകീയ പോരാട്ടങ്ങളും, തെരഞ്ഞെടുപ്പു രാഷ്ട്രീയവും മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി-സമുദായ സംഘടനകളെ കൂട്ടു പിടിച്ചു. ഇടതുപക്ഷമാവട്ടെ, തങ്ങളുടെ പ്രസ്ഥാന ങ്ങള്‍ക്കുളളില്‍ പുതിയ ജാതി സംഘടനകള്‍ രൂപീകരിച്ചു. ആദിവാസി ക്ഷേമസമിതി, പട്ടിക ജാതി ക്ഷേമസമിതി എന്നിവയൊക്കെ അവസാനം എസ്.എന്‍.ഡി.പി.ക്കും ബദലയും ജാതി പ്രസ്ഥാന രൂപീകരിക്കുന്നു.

1940-കള്‍ മുതല്‍ അയിത്തജാതിക്കാരെന്നു അക്കാലത്തു വിവക്ഷിച്ചിരുന്ന ദലിത്- പിന്നോക്കക്കാരുടെ ജനസഞ്ചയം കമ്മ്യൂണിസ്റ്റുകള്‍ ക്കൊപ്പമാ യിരുന്നു. 7 പതിറ്റാണ്ടിനു ശേഷം അവര്‍ തിരിച്ചറിഞ്ഞതു തങ്ങളെ സവര്‍ണ്ണ കമ്മ്യൂണിസ്റ്റുകള്‍ വഞ്ചിക്കുകയായിരുന്നു ഭൂമിയുടെയും വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും സ്ഥാപനവത്കരണ ത്തിന്റെയും കാര്യത്തിലെന്ന്. കമ്മ്യൂണിസ്റ്റു നുകം വലിച്ചെറിയാന്‍ കഴിഞ്ഞതോടെയാണ് 2000-നുശേഷം ദലിത്-പിന്നോക്കന് സാമൂഹ്യവളര്‍ച്ച യുണ്ടായത് എന്നത് സത്യമാണ്. ഈ ചരിത്ര യാഥാര്‍ത്ഥ്യത്തെ പ്രത്യയ ശാസ്ത്ര സ്ഥിതിസമത്വ കാഴ്ചപ്പാടോടെ കമ്മ്യൂണിസ്റ്റുകള്‍ അംഗീകരി ക്കുന്നതിനു പകരം. വീണ്ടും അവരെ വോട്ടുകുത്തികളാക്കി അടിമകളാ ക്കി മാറ്റാനാണ് ശ്രമിക്കുന്നത്.

ഇടതുപക്ഷം ലോകവും/കാലവും മാറിയതറിയാതെ പ്രവര്‍ത്തിക്കുന്നതു തന്നെ- പഴയ ബോധനിലപാടില്‍ നില്‍ക്കുന്നതാണ് അവരുടെ മൗലിക പ്രശ്‌നം. അയിത്ത ജാതിക്കാരായ ദലിത്-പിന്നോക്കക്കാരന്‍ കമ്മ്യൂണിസ്റ്റ് ജന്മിതമ്പുരാക്കന്മാര്‍ക്കു മുമ്പില്‍ എന്നും അടിമകളായി വിധേയത്വം പ്രാപിച്ചു തന്നെ നില്‍ക്കണം എന്ന ദുശാഠ്യമാണ് പട്ടിക ജാതി ക്ഷേമ സമിതി, ആദിവാസി ക്ഷേമസമിതി, എസ്.എന്‍.ഡി.പി. സമിതി എന്നിവ രൂവത്കരിക്കുന്നതിലൂടെ സംഭവിക്കുന്നത്. സ്വത്വബോധമുളള ദലിത്-പിന്നോക്കക്കാരന്‍ ഇതംഗീകരിക്കില്ല എന്ന് തിരിച്ചറിയണം. ദലിത് - പിന്നോക്കരുടെ പ്രശ്‌നങ്ങള്‍ക്ക് ഭൂരാഹിത്യത്തിന്, വിദ്യാഭ്യാസത്തിന്, തൊഴിലിന് കാലികമായി എന്ത് പരിപാടിയാണ് ഇടതുപക്ഷത്തിനുളളത്?

പുതിയ കാലത്തെ ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണത്തെ രാഷ്ട്രീയ മായി വിലയിരുത്തേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ദേശീയ പ്രസക്തി നഷ്ട്പപെട്ടത് ബി.എസ്.പി.യ്ക്കായിരുന്നു. മുന്‍കാലത്ത് കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും, തുടര്‍ന്ന് ബി.എസ്.പി.ക്കും ലഭിച്ച പാര്‍ശ്വവത്കൃതരുടെ രാഷ്ട്രീയ പിന്തുണ ആം ആദ്മിയിലേക്ക് മാറിയത് കാണാതിരുന്നുകൂടാ. ആം ആദ്മിയുടെ രാജ്യവ്യാപകമായ വളര്‍ച്ചയില്‍ സാധാരണ പാര്‍ശ്വവത്കൃതര്‍ക്ക് ആദ്മി ഒരു അഭയകേന്ദ്ര മായി മാറി. ഇത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെന്നപോലെ അംബേദ്കര്‍ പ്രസ്ഥാനത്തിനും നഷ്ടമുണ്ടാക്കിയ കാര്യമാണ്.

കോണ്‍ഗ്രസ്സിന്റെയും, കമ്മ്യൂണിസ്റ്റുകളുടെയും, ബി.ജെ.പി.യുടെയും സോഷ്യലിസ്റ്റുകളുടേയും, വിളളലുകളില്‍ നിന്ന് ബി.എസ്.പി. ഉടലെടുത്തതുപോലെ, കോണ്‍ഗ്രസ്സി ന്റെയും, കമ്മ്യൂണിസ്റ്റുകളുടെയും, ബി.ജെ.പി.യുടെയും സോഷ്യലിസ്റ്റു കളുടേയും, ബി.എസ്.പി.യുടെയും വിളളലുകളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയും രൂപം ധരിച്ചു. ഇത് ദേശീയ രാഷ്ട്രീയത്തില്‍ ബി.എസ്.പി.യുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തി. ഇങ്ങനെയുളള രാഷ്ട്രീയ വിലയിരുത്തലുകള്‍ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ ദേശീയമായി ദലിത് മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ തടയപ്പെടുകയാണു ഉണ്ടായത്. അതോടൊപ്പം ദേശീയ പ്രസക്തിയുളള ബഹുജന്‍ സമാജ് പല രൂപത്തില്‍ ഭിന്നിക്കപ്പെട്ടു. അതിനു പിന്നില്‍ സവര്‍ണ്ണ രാഷ്ട്രീയ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടാകും. മഹാരാഷ്ട്രയിലെ ആര്‍.പി.ഐ.യും ഛിന്നഭി ന്നമായി. അങ്ങിനെ ദേശീയ പ്രസക്തിയുണ്ടായിരുന്ന ബി.എസ്.പി.യും, ആര്‍.പി.ഐ.യും മുന്നോട്ടു പോകാനോ ഇന്‍ഡ്യ യിലെ ദലിത് മുന്നേറ്റ ങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് ആശയപരമായും, പ്രയോഗപരമായുളള അവസ്ഥയാണ് സമകാലികമായ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ രൂപപ്പെ ട്ടിട്ടുളളത്. ഇത് ഇന്‍ഡ്യയിലെ ദലിതര്‍ നേരിടുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയാണ്. ഒരു സാമൂഹ്യ വിഭാഗമെന്ന നിലയില്‍ ദലിതര്‍ ഇന്ത്യയില്‍ നേരിടുന്ന പ്രതിസന്ധിയെ മനസ്സിലാക്കു വാനും, ഗൗരവത രമായി ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്ന പുനരാലോ ചനയ്ക്കുളള സമയമാണിത്. ഇതിനെ ഗുണപരമായി സ്വാംശീകരിക്കാനും മുന്നോട്ടു നയിക്കാനും കഴിഞ്ഞാല്‍ മാത്രമേ ദലിതര്‍ ദേശീയടിസ്ഥാനത്തില്‍ ഒരു പ്രസ്ഥാനമായി മാറുകയുളളൂ. പ്രതിസന്ധികളെ മറികടക്കാനുളള ഇച്ഛാശക്തി കൂട്ടായി നിര്‍മ്മിക്കപ്പെടണം.

കേരളത്തെ സംബന്ധിച്ചും ശരിയായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ദലിത് പ്രസ്ഥാനത്തി ലുളളവര്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം. കാരണം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തെയും സാമൂഹികാധികാരബന്ധങ്ങളിലും പൊളിച്ചെഴുത്തു നടക്കുകയാണ്. ബി.ജെ.പി.യും എസ്.എന്‍.ഡി.പിയും, കെ.പി.എം.എസ്.ഉം അടക്കമുളള ദലിത്-പിന്നോക്ക ജാതി-സമുദായ പ്രസ്ഥാനങ്ങള്‍ മൂന്നാം മുന്നണി എന്ന നിലയില്‍ മുന്‍കാലത്തേക്കാള്‍ ശക്തമായി മുന്നോട്ടു വരുന്നു. ഇരുമുന്നണികളേയും പൊളിക്കാന്‍ പതിറ്റാണ്ടുകളായി മൂന്നാം മുന്നണിയുടെ ഇടപെടല്‍ കേരളത്തില്‍ നടത്താന്‍ തുടങ്ങിയിട്ട് ഒരു ഫലവും ഉണ്ടായില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതില്ല. ദേശീയ രാഷ്ട്രീയം നിയന്ത്രിക്കുന്ന ബി.ജെ.പി.യുടെ നേതൃത്വം കേരളത്തിലെ ഏറ്റവും ജനബാഹുല്യമുളള സമുദായ ജാതി പ്രസ്ഥാനങ്ങളായ എസ്.എന്‍.ഡി.പി., കെ.പി.എം.എസ്. തുടങ്ങിയവരുടെ നേതൃത്വത്തിലെ സമത്വമുന്നണി കഴിഞ്ഞകാലത്തെ മൂന്നാം മുന്നണി പോലയാവില്ല. ദേശീയമായി കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും തകര്‍ച്ചയും, വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുന്നു. അതിലുപരി ഇരുപ്രസ്ഥാനങ്ങളെയും സാധാരണ ജനങ്ങളും മടുത്തു തുടങ്ങി. അതൊക്കെയാണ് ആം ആദ്മിക്കും, നേരന്ദ്രമോദിയുടെ നേതൃത്വത്തിനും ദേശീയതലത്തില്‍ ഗുണം ചെയ്തത്. എന്നാല്‍ അടിത്തട്ടു ജനങ്ങളിലേക്ക് ഉപരിപ്ലവമായി ഇറങ്ങി വരാനേ ആം ആദ്മിക്കും ബി.ജെ.പിക്കും സാധിക്കുകയുളളൂ. മുന്‍കാലത്ത് കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്‌ററ്റുകളും സോഷ്യലിസ്റ്റുകളും ചെയ്തതു പോലെ..... എന്നാല്‍ അടിത്തട്ടു സമൂഹത്തിന്റെ യഥാര്‍ത്ഥ വിമോചന മുന്നേറ്റത്തിന് പാതയൊരുക്കേണ്ടത് അംബേദ്കര്‍ പ്രസ്ഥാനങ്ങളുടെ കൂട്ടായ കടമയാണ്. അതിനോട് ആശയപരമായി സഹകരിക്കുന്ന സമാന്തര -പാരിസ്ഥിതിക- പ്രതിരോധ പ്രസ്ഥാനങ്ങളേയും കണ്ണിച്ചേര്‍ക്കുന്ന ശരിയായ അടിസ്ഥാന നയങ്ങളുളള പ്രസ്ഥാനം വികസിപ്പിച്ചെടുക്കണം.....

കേരളം ഒരു മാറ്റത്തിന്റെ ദശാസന്ധിയിലാണ്. 40 വര്‍ഷത്തിലേറെയായി പോരാടുന്ന നേതാക്കളും, സംഘടനകളുമൊക്കെയാണ് ഇതുവരെ മുഖ്യധാരയെ ആശയപരമായി പ്രതിരോധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എളുപ്പത്തില്‍ ബി.ജെ.പി.യും, എസ്.എന്‍.ഡി.പി. യും, കെ.പി.എം.എസ്.ഉം ഒക്കെ ആ പദവിയിലേക്ക് രാഷ്ട്രീയമായി വളരുമ്പോള്‍ പ്രജ്ഞ യറ്റു നില്‍ക്കുന്നത് സമാന്തര പ്രസ്ഥാനങ്ങളിലെ നേതാക്കളും ബുദ്ധിജീവികളുമൊക്കെ ആണ്. ഈ പ്രതിസന്ധി തിരിച്ചറിയാനോ ശരിയായ ജനപക്ഷ ബദല്‍ ഒരു ബഹുജന പ്രസ്ഥാനം രൂപപ്പെടുത്താനും തയ്യാറാവേണ്ടതുണ്ട്. അല്ലെങ്കില്‍ സംഭവിക്കുക ഇടതു പക്ഷവും വലതുപക്ഷവും പോലെ മൂന്നാമതൊരു പക്ഷവും വളരും. 

ആ പക്ഷം സമത്വത്തിനുവേണ്ടി നിലപാടു സ്വീകരിച്ച് പാര്‍ശ്വവത്കൃത ഹിന്ദുപക്ഷത്തെ സംഘടിപ്പിക്കുന്നത് ഇടതുപക്ഷത്തെ ബാധിക്കുന്ന ഒന്നാണ് ഒപ്പം കോണ്‍ഗ്രസിനേയും. ഇരുപക്ഷങ്ങളെയും പൊളിച്ചെഴുതാന്‍ ഇതു കാരണമാവും. കേരളത്തിന്റെ ന്യൂനപക്ഷത്തിന് തിരിച്ചടി എന്ന നിലയി ലാണ് പാര്‍ശ്വവത്കൃത ഹിന്ദുപക്ഷത്തെ പുനഃസംഘടിപ്പി ക്കുന്നത്. മുസ്ലീം സമുദായ രാഷ്ട്രീയ കളിക്കുന്ന മുസ്ലീം ലീഗിനും ക്രിസ്ത്യന്‍ സമുദായ രാഷട്രീയം കളിക്കുന്ന കേരള കോണ്‍ഗ്രസ്സിനും സമാന്തരമായാണ് ഹിന്ദുപക്ഷത്തെ സംഘടിപ്പിക്കുന്ന സമത്വമുന്നണി ബി.ജെ.പി. എന്ന പ്രസ്ഥാനത്തിന്റെ കാര്‍മ്മികത്വത്തില്‍ കേരള രാഷ്ട്രീയത്തെ പൊളിച്ചെഴുതാന്‍ രൂപം കൊളളുന്നത്. കേരള രാഷ്ട്രീയം ഇങ്ങനെ പരിവര്‍ത്തനപ്പെടുമ്പോള്‍ പുരോഗമനോന്മുഖമായ ഒരു ദലിത് പുരോഗമന രാഷ്ട്രീയപക്ഷത്തെ സ്വത്വബോധ ത്തോടെ ഡോ. അംബേദ്കറുടേയും, മഹാത്മ അയ്യന്‍കാളിയു ടെയും കാന്‍ഷിറാമിന്റെയും, കല്ലറ സുകുമാരന്റെയും ആശയാദര്‍ശങ്ങളെ മുന്നോട്ടു വച്ച് സംഘടിതമാക്കേണ്ടതുണ്ട്. അതോടൊപ്പം അതിനുശേഷം വികസിച്ചും വന്ന ദലിത് പക്ഷ മുന്നേറ്റങ്ങളേയും അതിനോട് സംയോജിപ്പിക്കേണ്ടതായി വരും. മതേതരവും, ജാതിരഹിതവും, സാമൂഹ്യ നീതിബോധത്തി ന്റെയും പുരോഗമനപരമായ ജനപക്ഷ രാഷ്ട്രീയത്തിന് നിലപാട് സ്വീകരിക്കുന്ന ജനാധിപത്യാനന്തര കേരളത്തിന്റെ നവോത്ഥാന പൊതുമണ്ഡലം വികസിതമാക്കാന്‍ കഴിയുന്ന ഒരു സമാഹൃതപക്ഷം പുരോഗമന ബോധത്തോടെയും വികസിച്ചു വളരണം. ബാബാ സാഹിബിന്റെ ദര്‍ശനങ്ങളെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന മഹാത്മാ അയ്യന്‍കാളിയുടെ പ്രതിബദ്ധരായ ബി.എ. ക്കാരുടെ പ്രസ്ഥാനമായി അതിനെ വളര്‍ത്തിയാല്‍ ദലിത് പക്ഷ പുരോഗമന രാഷ്ട്രീയം കേരളത്തില്‍ ഇതുവരെയുളള പ്രവര്‍ത്തനങ്ങളുടെ ആകെ തുകയെന്ന നിലയില്‍ മുന്നോട്ടു കുതിച്ചു ചാട്ടം നടത്തും. അതിനു സംശയമൊന്നുമില്ല.

കേരളത്തിന്റെ തദ്ദേശീയ ദലിത് പക്ഷ പൊതുമണ്ഡലത്തെ ആറായി വിഭജിക്കേണ്ടി വരും. 

1) ബാബാ സാഹിബ് അംബേദ്കറുടെ വീക്ഷണങ്ങള്‍ ക്കനുസൃതമായി ജനാധിപത്യ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ട് സാമൂഹ്യപ്രശ്‌നത്തില്‍ ഇടപെടാനും പരിഹരിക്കാനും ശ്രമിക്കുന്നവര്‍. 
2) കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ്-നക്‌സലൈറ്റ് വീക്ഷണങ്ങളി ലധിഷ്ഠിതമായി പ്രതിരോധ- പ്രതികരണ- സമരരംഗങ്ങളി ലണിനിരക്കുന്നവര്‍. 
3) ദ്രാവിഡ വീക്ഷണത്തിലടിത്തറയാക്കി വംശീയ- ആത്മീയ-സാമുദായിക-സ്വത്വത്തെ അടിത്തറയാക്കി പ്രവര്‍ത്തിക്കുന്നവര്‍.
4) ഹിന്ദു ജാതി സംഘടനാ നാമധേയത്വത്തിലൂടെ ദലിതരുടെ ഐഡന്റിറ്റിയെ വിഭജിച്ച് പ്രവര്‍ത്തിക്കുന്നവര്‍.
5) ആദിവാസികള്‍ എന്ന പൊതുസംജ്ഞയിലൂടെ ഐഡന്റിറ്റി നിര്‍മ്മിക്കുന്നവര്‍.
6) ദലിത് ക്രൈസ്തവര്‍ എന്ന ഐഡന്റിറ്റി നിര്‍മ്മിക്കുന്നവര്‍.
7)
ഇവരിലൊക്കെ തദ്ദേശീയരുടെ വിമോചനാത്മക രാഷ്ട്രീയം സ്വന്തം സ്വത്വത്തില്‍ രൂപപ്പെടുത്തി ഒരു സമൂഹമാക്കി പരിവര്‍ത്തനപ്പെടുത്തുകയും സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവരാണെന്ന പൊതുവംശീയ ബോധം വികസിപ്പിച്ചെടുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. അതുപോലെ തന്നെ മറ്റൊരു പ്രബല മേഖലയാണ് ദലിത് പക്ഷ മുന്നേറ്റങ്ങളോട് ആഭിമുഖ്യവും സഹകരണവുമുളള ഇതര പിന്നോക്ക, പൊതു ധാര സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ പുരോഗമനപരമായി യോജിപ്പിക്കുന്ന ഒരു പരിവര്‍ത്തനാത്മകമായ രാഷ്ട്രീയ പ്രക്രിയയ്ക്കാണ് തദ്ദേശീയര്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്.

കേരളസമൂഹത്തില്‍ തദ്ദേശീയ ജനവിഭാഗങ്ങളുടെ സാമൂഹിക പദവി ആധികാരികമായി സ്ഥാപിച്ചെടുക്കുന്ന തിനുളള ആധികാരിക ശ്രമം സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന 1000 ഉത്തരവാദിത്വമുളള പ്രത്യയശാസ്ത്ര മനുഷ്യര്‍ മതി തദ്ദേശീയ ജനസമൂഹത്തിന് സാമൂഹികവ്യക്തിത്വം പൊതുവായി കേരളത്തില്‍ രൂപപ്പെടുത്താന്‍. ഒരു വിഭാഗം വ്യക്തികള്‍ കൃത്യമായ ആശയകര്‍മ്മപദ്ധതി സമകാലികമായി ആവിഷ്‌ക്കരിച്ച് കൂട്ടുത്തരവാദിത്വത്തോടെ ഒരു പൊതു അജണ്ടയെ കേന്ദ്രീകരിച്ച് സ്വാഭിമാനത്തോടെ/ഉത്തര വാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന രീതി ശാസ്ത്രപദ്ധതിയിലാണ് പൊതുവായ പരിവര്‍ത്തനം ഒരു ജനതിയില്‍ വികസിപ്പിക്കാന്‍ കഴിയുന്നത്. അതിനുളള ആധികാരികമായ ശ്രമമാണ് ഉണ്ടാവേണ്ടത്. തദ്ദേശീയ ജനവിഭാഗങ്ങളിലെ സാമ്പത്തിക സമാഹരണവും രാഷ്ട്രീയാധി കാരവും, സാമൂഹികാധികാരവും, വിഭവ അധികാരവും ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരു സാമൂഹ്യവിഭാഗമെന്ന നിലയില്‍ തിരിച്ചറിവുണ്ടാകുന്നവര്‍ക്കെങ്കിലും ആത്മാഭിമാന ബോധത്തോടെ പ്രവര്‍ത്തിക്കാനുളള ആര്‍ജ്ജവത്വം ഉണ്ടാകണം. സ്വാഭിമാനബോധത്തോടെ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവര്‍ക്ക് ഒരിക്കലും സ്വാഭിമാന സമൂഹമായി മാറിത്തീരാന്‍ കഴിയുകയില്ല. കേരളത്തിലെ ദലിത് മുന്നേറ്റ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാന ബോധവും, ഉത്തവാദിത്വബോധവും, കൃത്യനിഷ്ഠതയും, പെരുമാറ്റ ശൈലിയും ലക്ഷ്യബോധവു ണ്ടായാല്‍ പരിവര്‍ത്തനം ഉണ്ടാകും. ദലിത് മുന്നേറ്റ പ്രവര്‍ത്തനങ്ങളുടെ രതീശാസ്ത്രം ശരിയല്ല എന്നതിനാലാണ് പൊതുവായി പരിവര്‍ത്തനം സംഭവിക്കാത്തത്. അതാണ് യാഥാര്‍ത്ഥ്യവും.

ഒരു സാമൂഹ്യവിഭാഗം നിലവിലുളള സാമൂഹ്യ-രാഷ്ട്രീയ- സാമ്പത്തിക-ആത്മീയ- വ്യവസ്ഥിതിയില്‍ നിന്ന് കാതലായ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അതിനോട് സംഘടിതമായി നയപരിപാടികള്‍ ആവിഷ്‌ക്കരിച്ച് ജനാധിപത്യപരമായി പോരാടാന്‍ ആര്‍ജ്ജവത്വം കാട്ടാതെ ഓരോ സംഘടനകളിലും പ്രസിഡന്റും സെക്രട്ടറിയുമായരുന്ന കേവലസംഘടനാ പ്രവര്‍ത്തനത്തിനാണ് പലരും താത്പര്യം കാണിക്കുന്നത്. ഗൗരവപൂര്‍വ്വവും ആധികാരിക വുമായ ഒരു സംഘടനാ പ്രവര്‍ത്തനവും നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യവും. സംഘടനകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു സമൂഹത്തിനും ജനതയ്ക്കു മാണ് സവിശേഷ പ്രശ്‌നങ്ങളെന്നും, പ്രതിസന്ധികളെന്നും തിരിച്ചറിയേണ്ടതുണ്ട്. ഡോ. അംബേദ്കറും, മഹാത്മാ അയ്യന്‍കാളിയുമൊക്കെ ഒരു സാമൂഹ്യവിഭാഗം എന്ന നിലയില്‍ നിലവിലുളള സാമൂഹിക രാഷ്ട്രീയ അധികാര വ്യവസ്ഥയില്‍ തങ്ങളനുഭവിക്കുന്ന അസമത്വത്തിനും അനീതിക്കുമെതിരെ പൊതുവായാണ് പോരാടിയിരുന്നത് എന്ന് ഇവരുടെ പിന്‍മുറക്കാര്‍ മറന്നുപോയിരിക്കുന്നു. കേരളത്തില്‍ ശ്രീ. കല്ലറസുകുമാരന്‍ ഉണ്ടായിരുന്ന കാലത്തെ ദലിത് മുന്നേറ്റങ്ങളെയെങ്കിലും അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇന്ന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതെങ്കിലും വസ്തു നിഷ്ഠമായി തിരിച്ചറിയണം.

തദ്ദേശീയ ജനതയുടെ സാമൂഹ്യ-രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ജാതി-ഉപജാതി ഉന്നയിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയാണ്. ഉള്‍ജാതിയല്ല പ്രശ്‌നമെന്നും ജനതയെന്ന നിലയിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതെന്നും ഒരു ജനതയെന്ന ബോധം നിര്‍മ്മിച്ചുകൊണ്ടും, അഭിമാനാത്മകമായ പ്രവര്‍ത്തനം കൂട്ടുത്തരവാദിത്വത്തോടെ വികസിപ്പിച്ചും മാത്രമേ വിമോചനാത്മകമായ മുന്നേറ്റങ്ങള്‍ക്ക് സാദ്ധ്യതയുണ്ടാകൂ എന്നും ഈ സാമൂഹ്യ വിഭാഗത്തിന് പലതട്ടുകളില്‍ നേതൃത്വം കൊടുക്കുന്നവര്‍ എന്നു മനസ്സിലാക്കും? ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ തങ്ങളുടെ തെറ്റായ പ്രവര്‍ത്തികള്‍ സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍ എങ്ങിനെയാണ് പ്രായോഗിക മായി തിരിച്ചറിയുന്നത്. ഇത് തിരിച്ചറിയാതെ സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍ക്ക് വിമോചനം ഉണ്ടാവുകയില്ല.

സംവരണത്തിനതീതമായ സ്വയാര്‍ജ്ജിതമയ സ്വാഭിമാന ബോധത്തിലധിഷ്ഠിതമായി സാമൂഹ്യവളര്‍ച്ച രൂപപ്പെടുത്താന്‍ എത്ര പേര്‍ ത്യാഗം ചെയ്യാനും വിമോചനാത്മകമായ ഒരു സമഗ്രബഹുജന പ്രസ്ഥാനം കെട്ടിപ്പെടുക്കാനും, ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനുണ്ട്? ഇത് തദ്ദേശീയ ജനതകള്‍ സമകാലികമായി നേരിടുന്ന വലിയ പ്രതിസന്ധിയാണ്. അവിടെ കേവലമായ കാര്യങ്ങള്‍ക്കു പ്രസക്തിയൊന്നുമില്ല. സമകാലിക ഇന്‍ഡ്യന്‍/കേരള അവസ്ഥയെ/അനുഭവങ്ങളെ എത്ര അഗാധമായി ഉള്‍ക്കൊളളുന്നു എന്നതു തന്നെയാണ് പ്രശ്‌നം. ഇനിയും സമയം വൈകിയിട്ടില്ലാത്ത വസന്തത്തിന്റെ ഇടിമുഴക്കത്തിനു വേണ്ടി യാന്ത്രികവാദപരമായ പ്രവര്‍ത്തനങ്ങള്‍ അവസാ നിപ്പിച്ച് ശരിയായ പ്രവര്‍ത്തനരീതി ശാസ്ത്രമനുസിരിച്ച് പൊതുവായി പ്രവര്‍ത്തിച്ചാല്‍/പൊതുനിലപാട് ഉയര്‍ത്തിയാല്‍ പല കാര്യങ്ങളിലും അധികാരികമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയും.

അതിനുളള ഉത്തരവാദിത്വവും തയ്യാറെടുപ്പും നടത്താന്‍ എത്ര പേര്‍ ഉണ്ട് എന്നതാണ് കേന്ദ്രപ്രശ്‌നം. ഇതിനു മറുപടിയുണ്ടാക്കാന്‍ കഴിയുമ്പോള്‍ ശക്തമായ ഒരു സ്വാഭിമാന അധികാരപ്രസ്ഥാനം വിഭവശേഷിയോടെ ജനാധിപത്യാനന്തര നവോത്ഥാന മുന്നേറ്റങ്ങള്‍ക്കായി ഉയിര്‍കൊളളും. അതാണ് ചരിത്രപരമായ പ്രക്രിയയുടെ ആത്യന്തിക ഫലം. അതു മനസ്സിലാക്കാന്‍ കേരളത്തിലെ തദ്ദേശീയര്‍ തയ്യാറുണ്ടോ? ഇതു തന്നെയാണ് സമകാലികതയില്‍ ഉയര്‍ന്നു വരേണ്ട ചോദ്യവും.

ഇതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സ്വാഭിമാനബോധമുളള 100 വ്യക്തികള്‍ മതി ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കം സൃഷ്ടിക്കാന്‍... പുതിയൊരു ചരിത്ര സൃഷ്ടിക്കുവേണ്ടി...