"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

ദലിതര്‍ സ്വന്തം തലച്ചോര്‍ പണയപ്പെടുത്തരുത് രാജന്‍ വളഞ്ഞവട്ടം

നൂറ്റാണ്ടുകളായി ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ അടിമകളായി ജീവി ക്കേണ്ടി വന്ന ഒരു സമൂഹം, പൊതുവഴികളി ലൂടെ നടക്കുവാനുള്ള അവകാശമില്ലാത്ത സമൂഹം, ജാതി തിരിച്ചറിയുന്നതിന് പ്രത്യേക അടയാളങ്ങള്‍ ധരിക്കു വാന്‍ വിധിക്കപ്പെട്ട സമൂഹം,

അനാഥശവങ്ങള്‍ പൊതുസമൂഹത്തില്‍ കൊണ്ടു പോകു വാന്‍ വിധിക്കപ്പെട്ട സമൂഹം,

പൊട്ടിയപാത്രത്തില്‍ ഭക്ഷണം കഴിക്കുവാന്‍ വിധിക്ക പ്പെട്ട സമൂഹം, ശവത്തില്‍ ധരിപ്പിച്ച വസ്ത്രം മാത്രം ധരിക്കുവാന്‍ വിധിക്കപ്പെട്ട സമൂഹം, ഇരുമ്പും കല്ലും കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കുവാന്‍ വിധിക്കപ്പെട്ട സമൂഹം, നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും മാറി താമസിക്കുവാന്‍ വിധിക്കപ്പെട്ട സമൂഹം,പട്ടികളെയും കഴുതകളെയും ധനമായി കരുതുവാന്‍ വിധിക്കപ്പെട്ട സമൂഹം,

ഇത് ഇന്ത്യയിലെ സവര്‍ണ്ണ സമൂഹം, ഇന്ത്യയിലെ അയിത്ത ജാതി ക്കാര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്തത്. ഇത് ദളിത് സമൂഹ ത്തിലെ പൂര്‍വ്വ പിതാക്കന്മാര്‍ അനുഭവിച്ച യാതനകളില്‍ ചിലതുമാ ത്രമാണ്.

ബ്രിട്ടീഷ് ഇന്ത്യ നടത്തിയ മൂന്നാമത് ജനസംഖ്യാ കണക്കെടുപ്പില്‍, ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യാനുപാതം മുസ്ലീം സമൂദായത്തേ ക്കാള്‍ വളരെ കുറ ഞ്ഞു. ഇതു ഹിന്ദുക്കളുടെ നാശമാണെന്നു മനസിലാക്കിയ ഹിന്ദുബുദ്ധി ജീവികള്‍, ഇന്ത്യയില്‍ ജനിച്ചു ജീവിച്ച അയിത്ത ജാതിക്കാര്‍ ഹിന്ദുക്കളാണെന്നും, അതിനാല്‍ ഇന്ത്യയിലെ അയിത്തജാതിക്കാരെ ഹിന്ദുക്കളാണെന്ന് പ്രഖ്യാപിയ്ക്കണമെന്ന് വാദിച്ചതിന്റെ അടിസ്ഥാനത്തില്‍, 1901 ല്‍ ഇന്ത്യയിലെ അയിത്ത ജാതിക്കാരെ ഹിന്ദുക്കളായി അംഗീകരിക്കുകയും നൂറ്റാണ്ടുക ളായി അധ:കൃതരും, അസ്പര്‍ശ്യരുമായി കഴിഞ്ഞ ഇന്ത്യയിലെ അയിത്ത ജാതിക്കാരന്‍ അങ്ങനെ ഹിന്ദുവായി.

അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയിലെ അയിത്തജാതിക്കാരന് ക്ഷേത്രത്തില്‍ പ്രവേശിക്കുവാനുള്ള അനുമതി ലഭിക്കുന്നത്. ചെങ്ങന്നൂരില്‍ 1917 ല്‍ കുറുമ്പന്‍ ദൈവത്താന്റെ നേതൃത്വ ത്തില്‍ 2000 ല്‍ അധികം പുലയര്‍ക്കൊപ്പം ക്ഷേത്രപ്രേവേശനത്തിന് വേണ്ടി സമരം നയിച്ചതൊന്നും, ഇന്നും ഇവിടത്തെ സവര്‍ണ്ണ സമൂഹം അംഗീരിക്കില്ല. കാരണം ക്ഷേത്രപ്രവേശനസമരത്തിന് നേതൃത്വം നല്‍കിയത് അവര്‍ണ്ണനാണെന്നും അതിന്റെ അംഗീകാരം തങ്ങള്‍ക്ക് ലഭിക്കില്ല എന്നും സവര്‍ണ്ണനറിയാം അതിനു വേണ്ടിയാണ് കുറുമ്പന്‍ ദൈവത്താനെ വിസ്മൃ തിയിലാക്കി വൈക്കം സത്യാഗ്രഹം ഒരു വലിയ സംഭവം ആക്കി മാറ്റിയതും അതിന്റെ അംഗീകാരം സവര്‍ണ്ണ നേതൃത്വത്തിന് ലഭിച്ചതും.

ഈ 21-ാം നൂറ്റാണ്ടില്‍ പോലും ദളിതനു ജാതീയമായ പീഢനം അനുഭവിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാകാരനുണ്ടായ അവഗണന, കോഴിക്കോട് പേരാമ്പ്ര ഹരിജന്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ പഠിക്കുന്ന പറയകുട്ടികളോട്, സവര്‍ണ്ണര്‍ കാണിച്ച വര്‍ഗ്ഗീയത, പട്ടിക ജാതിക്കാരനായ കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം ഇതൊക്കെ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടതു തന്നെയാണ്. എന്നാല്‍ ഇതിലും എത്രയോ സംഭവങ്ങള്‍ നാം കാണാതെയും അറിയാതെയും ഇരിക്കുന്നു. അന്നൊന്നും ഇതിനോടു പ്രിതികരിക്കാത്ത ഇവിടത്തെ നമ്മുടെ സമുദായ രാഷ്ട്രീയ നേതൃത്വത്തോട് കൂട്ടു പിടിച്ച്, കയ്യില്‍ ചരടും കെട്ടി, കാവി കൈലിയും ഉടുത്ത്, നെട്ടിയില്‍ നീളത്തില്‍ ചന്ദനവും ചാര്‍ത്തി ബ്രാഹ്മണ നോടും നായരോടും ഒപ്പം ചേര്‍ന്ന് ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് ആഹാരം കഴിച്ചതു കൊണ്ട് കേരളത്തിലെ ദളിതര്‍ ബ്രാഹ്മണനാ ണെന്നും, നായരാണെന്നും കരുതുന്ന ദളിതരോടും, അത്തരത്തില്‍ ചിന്തിക്കുന്ന ദളിത് യുവാക്കളോടും പുച്ഛം തോന്നും. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍, നമ്മുടെ ജീവിച്ചിരിക്കുന്ന പ്രായമുള്ള അപ്പൂപ്പന്മാരോടും അമ്മൂമ്മമാരോടും ചോദിച്ചു നോക്കണം അവരുടെ ബാല്യകാലം എപ്രകാരമായിരുന്നു എന്ന്?

അധികാരത്തിനു വേണ്ടി ദളിതന്റെ സമുദായ സംഘടനകളെ പിളര്‍പ്പില്‍ നിന്നും പിളര്‍പ്പിലേക്ക് നയിച്ച്, പലതട്ടിലാക്കി, ദളിത് സംഘടനകള്‍ക്കി ടയില്‍ ദളിത് എന്ന വാക്കിനെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ ചിന്നിച്ചി തറിയവനായി തന്നെ മാറ്റിയ നേതൃത്വത്തിന്റെ ചതിക്കുഴി മനസ്സിലാ വാതെ, തീവെട്ടം കണ്ട് പാഞ്ഞടുത്ത് കരിഞ്ഞു വീഴുന്ന ഈയാമ്പാറ്റ കളായി ദളിതര്‍ മാറുന്നു. ഇതിന് മാറ്റം ഉണ്ടാകണം.

സ്വന്തം തലച്ചോര്‍ മറ്റുള്ളവര്‍ക്കു പണയപ്പെടുത്തിയ ദളിതര്‍, പണയം വച്ച തലച്ചോര്‍ തിരികെ എടുത്ത് ചിന്തിച്ചു തുടങ്ങണം. ഈ ദൈവങ്ങള്‍ നമുക്കുള്ളതാണോയെന്നും ഇത്തരം നേതൃത്വം നമുക്ക് എന്തു നേടിത്തന്നു എന്നും?

ഇന്ത്യയില്‍ കുടിയേറിയ ബ്രിട്ടീഷുകാരും, പോര്‍ച്ചുഗീസുകാരും ഇന്ത്യവിട്ടു പോയി. ഇനി പോകാനുള്ളത് ഇവിടെ വലിഞ്ഞു കയറി വന്ന് അധികാരം പിട്‌ച്ചെടുത്ത സവര്‍ണ്ണര്‍ തന്നെയാണ്. അവര്‍ ഇന്ത്യ വിടണം, എന്നു ഇന്ത്യയിലെ ദളിതര്‍ പറയുന്ന അവസരം പലതു കഴിഞ്ഞിട്ടും അതു പറയാത്തത് ഇന്ത്യയിലെ ദളിതുകളുടെ മര്യാദകൊണ്ടു മാത്രമാണെ ന്നും ഓര്‍ക്കണം.

ഇന്ത്യയിലെ അധ:കൃതനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഡോ. അംബേദ്ക്കറും, കേരളത്തിലെ അയിത്ത ജാതിക്കാരന് വേണ്ടി ജീവിച്ച മഹാത്മ അയ്യന്‍കാളിയും, കാവാരിക്കുളം കണ്ഠന്‍കുമാരനും, പൊയ്കയില്‍ കുരാരഗുരുദേവന്‍, ശുഭാനന്ദഗുരുവും, പാമ്പാടി ജോണ്‍ ജോസഫും, പണ്ഡിറ്റ് കറുപ്പനും തുടങ്ങിയ മഹാരഥന്മാരും, നമുക്ക് വേണ്ടി ജീവിച്ചു മരിച്ച്, നാം അറിയാത്ത നമ്മുടെ പൂര്‍വ്വ പിതാക്കന്മാരും ആഗ്രഹിച്ചത് ദളിതര്‍ ഒന്നാവുക എന്നതാണ്. അതിന് സവര്‍ണ്ണ നേതൃത്വത്തെ കൂട്ടുപിടിച്ചല്ല മറിച്ച് കേരളത്തിലെ പറയനും, പുലയനും, മുതല്‍ ആദിവാസിവരെയുള്ളവര്‍ ഒരു കൊടിക്കു കീഴില്‍, ഒരു നേതൃത്വത്തിന്റെ കീഴില്‍ അണിനിരന്ന് രാഷ്ട്രീയ ശക്തിയാകു മ്പോഴാണ് അതിന് ദളിതനു കഴിഞ്ഞില്ലെങ്കില്‍ നൂറ്റാണ്ടുകളോളം നരകയാതന അനുഭവിച്ച് ജീവിച്ച് മരിച്ച നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ നമ്മളോടു ക്ഷമിക്കുമോ? അവരുടെ കണ്ണുനീര്‍ വീണു നനഞ്ഞ ഈ ഭൂമിയില്‍ വീണ്ടും നമുക്ക് കാല്‍കുത്തി നടക്കുവാന്‍ എങ്ങനെ കഴിയും?

രാജന്‍ വളഞ്ഞവട്ടം 9995390048