"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

അഗ്നി ചിറകുളള പക്ഷി - ദാസന്‍ താമരക്കുടി

മഹാമൗനത്തിന്റെ
വായ് പിളര്‍ന്നൊരു
കിളി പുറത്തു വന്നു
സൈന്ധവതീരങ്ങളെ ചുറ്റി അത്
പറന്നുയരുമ്പോള്‍
നിശബ്ദ താഴ്‌വാരങ്ങളില്‍ കേട്ട
ചിറകടിയൊച്ചയുടെ മുഴക്കം
ഞെരിഞ്ഞമര്‍ന്നുപോയ
ജനതതിയുടെ രോദനങ്ങളല്ല
പിന്നെയോ?
അടരുകളെ അടര്‍ത്തിമാറ്റി
മഹാമേരുക്കളെ
നിലംപരിശാക്കുന്ന
ഭൂമി മാതാവിന്റെ ഗര്‍ജ്ജനമാണ്.
ഇവിടെ
കിളിയുടെ ചേക്കേറ്റം
ഹൃദയഭൂമികകളില്‍
ചൂടു പകര്‍ത്തുമ്പോള്‍
സിരകളില്‍ അഗ്നി നിറച്ച്
ഒരു സൈന്ധവമൊഴി
എന്റെ അറിവുകളുടെ
അറിവില്ലായ്മയും കടന്ന്
തിരിച്ചറിവിന്റെ വാതില്‍ തുറക്കുന്നു.
മറ്റൊരുവന്റെ കാതില്‍
കാഹളമൂതാന്‍
ഉണര്‍ത്തുപാട്ടിന്റെ
ഈണം പകരാന്‍
പറന്നു പോകുന്നു.
പോകൂ! പോയി വരൂ മകനെ
ഇന്നു നീ ഒറ്റയ്ക്കല്ല
ഒരായിരം ആശംസകള്‍ കൂട്ടിനുണ്ട്.
അതിനാല്‍
പറന്നുയരുക, പറന്നുയരുക
പരിമിതികളുടെ കൊമ്പുതകര്‍ത്ത്
നാളെയുടെ വിധി നിര്‍ണ്ണയിക്കുക.
----------------------------------------
ദാസന്‍ താമരക്കുടി 9947729974