"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 30, ശനിയാഴ്‌ച

കലാഭവന്‍ മണി; വിവാദം ഒരു ജീവിതം, സഫലം ഒരു പോരാട്ടം - കണ്ണന്‍ മേലോത്ത്
കലാഭവന്‍ മണിയെ പോലെ ജീവിതവും മരണവും ഒരേപോലെ വിവാദങ്ങളാല്‍ വേട്ടയാടപ്പെട്ട മറ്റൊരാളില്ല. ജാതിനിര്‍മിത ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ സത്യസന്ധനാകാന്‍ ശ്രമിച്ചതുമൂലമുണ്ടായ ദുരന്തമാണ് മണി നേരിട്ട വിവാദങ്ങള്‍ എന്നു കാണാം.

ആ വിവാദങ്ങളില്‍ ഏറ്റവും ചൂടുപിടിച്ചതും ദേശീയ തലംവരെ വ്യാപിച്ചതുമായ ഒന്ന് , 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നിരസിക്കപ്പെട്ടതാണ്. വിനയന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ മണി അവതരിപ്പിച്ചത് ഒരു അന്ധഗായകനെയാണ്. ആ സിനിമ കണ്ടവരെല്ലാം മണിയുടെ അഭിനയത്തെ ഇങ്ങനെ വിലയിരുത്തി - 'ഒന്നാംതരം!' പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ അവാര്‍ഡ് നേടിയത് 'വാനപ്രസ്ഥം' എന്ന സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലാണ്! എന്നാല്‍ ആ വര്‍ഷത്തെ അവാര്‍ഡു കമ്മിറ്റി മണിയെ പാടെ തഴഞ്ഞതുമില്ല; സാന്ത്വനമെന്ന നിലയില്‍ 'സ്‌പെഷ്യല്‍' അവാര്‍ഡ് ഒരെണ്ണം കൊടുക്കുകയും ചെയ്തു!

അവാര്‍ഡ് പ്രഖ്യാപനം ദൃശ്യമാധ്യമത്തിലൂടെ കേട്ട മണി, തനിക്ക് അവാര്‍ഡ് ഇല്ല എന്നറിഞ്ഞ് ബോധംകെട്ടു വീണു. മണിയെ ഉടനെ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ശാരീരികമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഉടനെ തന്നെ ആശുപത്രി വിടുകയും ചെയ്തു.

ഈ സംഭവങ്ങള്‍ അനല്പമായ വിവാദത്തിന് വഴിതെളിച്ചു. അന്ന് കേരളം ഭരിച്ചിരുന്നത് മുഖ്യമന്ത്രി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷമായിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനം 'മണി കൂടുതല്‍ ഉത്തരവാദിത്വബോധം കാണിക്കേണ്ടിയിരുന്നു' (തലകറങ്ങി വീഴരുതായിരുന്നു) എന്നാണ്. 'ആ പാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്' എന്ന് മുഖ്യമന്ത്രി നേരിട്ടും ഒരു അഭിപ്രായം കാച്ചി. എല്ലാ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം; മറ്റാര്‍ക്കോ വേണ്ടി നീക്കിവെക്കപ്പെട്ടിരുന്ന അവാര്‍ഡ് മണി വെറുതേ മോഹിക്കുകയായിരുന്നുവെന്ന്!അവാര്‍ഡ് കിട്ടാത്തതില്‍ മനോവിഷമമുണ്ടായതിന്റെ കാരണം മണി പിന്നീട് മീഡിയകളിലൂടെ വിശദീകരിച്ചു. അവാര്‍ഡ് തനിക്കാണെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ മീഡിയാ പ്രവര്‍ത്തകര്‍ കാലേക്കൂട്ടി വന്ന്  വീട്ടില്‍ വെച്ച് തന്റെയും അച്ഛന്റേയും അഭിമുഖങ്ങള്‍ എടുക്കുകയും കുടുംബപശ്ചാത്തലവും മറ്റുള്ളവരുടെ അഭിപ്രായങ്ങളുമാക്കെ റെക്കോര്‍ഡ് ചെയ്തുകൊണ്ടു പോവുകയുമൊക്കെയുണ്ടായി. താഴെ കിടയില്‍ നിന്നും സ്വന്തം ശേഷി ഒന്നുമാത്രംകൊണ്ട് ഉയര്‍ന്നുവന്ന മണിയെ പോലെ ഒരാള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഒരു അവാര്‍ഡ് സഫലമാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷാധിക്യമാണ് പെട്ടെന്ന് അത് ലഭ്യമാകില്ല എന്ന് അറിഞ്ഞപ്പോള്‍ മണിയെ മനോവിഷമത്തിലെത്തിച്ചത്. 

മീഡിയ ഇത്രയേറെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മണിക്കുള്ള അവാര്‍ഡ് വഴുതിമാറാന്‍ ഇടയായതിനുള്ള കാരണം പിന്നീട് വ്യക്തമായി. ഇതേക്കുറിച്ച് സമീക്ഷ മാസികയി ലെഴുതിയ ഭാസുരേന്ദ്രബാബു അവാര്‍ഡ് നിര്‍ണയ കമ്മിറ്റി സവര്‍ണ ലോബിയുടെ കയ്യിലാണെന്ന് തുറന്നടിച്ചു! അതുതന്നെയായിരുന്നു വാസ്തവവും. 

ആവര്‍ഷം കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാലിന്റെ മകന്‍ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത 'അഗ്നിസാക്ഷി' എന്ന സിനിമയും അവാര്‍ഡിനു വേണ്ടിയുള്ള മത്സര രംഗത്തുണ്ടായിരുന്നു. സവര്‍ണ ലോബികള്‍ തമ്മിലുണ്ടാക്കിയ ധാരണ മോഹന്‍ലാലിനും ശ്യാമപ്രസാദിനും കേരളത്തിലും കേന്ദ്രത്തിലും അവാര്‍ഡുകള്‍ പങ്കുവെക്കുക എന്നുള്ള തായിരുന്നു. അത് അവര്‍ നടപ്പാക്കി. അങ്ങനെയാണ് മണി തഴയപ്പെട്ടത്. അക്കാലത്തുതന്നെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദ പ്പിള്ള അഗ്നിസാക്ഷി എന്ന സിനിമ ഹിന്ദു വര്‍ഗീയതയെ പ്രോത്സാ ഹിപ്പിക്കുന്നുവെന്ന് തുറന്നെഴുതുകയുണ്ടായി. അത്തരം ഒരു സിനിമക്ക് അവാര്‍ഡ് കൊടുത്തതിലെ വൈരുധ്യാത്മകതയെ മാര്‍ക്‌സിസ്റ്റുകളുടെ ഇടയില്‍നിന്ന് ആരും ചോദ്യം ചെയ്യുകയുണ്ടായില്ല. അത് അവരുടെ അനിവാര്യതയും ആയിരുന്നില്ല.

ആ അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്നവരുടെ ഇരട്ടത്താപ്പിനെ കുറിച്ചും പൊതുവേദികളില്‍ ചര്‍ച്ച നടന്നില്ല. മണിയെ തഴഞ്ഞ് മോഹന്‍ലാലിന് അവാര്‍ഡ് കൊടുത്ത ജൂറിയിലെ ചെയര്‍മാനും ചില അംഗങ്ങളും തന്നെയാണ് 1999ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന സിനിമയെ തഴഞ്ഞ് ശ്രീനിവാസന്റെ 'വടക്കുനോക്കിയന്ത്ര'ത്തിന് ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡ് കൊടുത്തത്. ഇതേക്കുറിച്ച് ചോദ്യമു യര്‍ന്നപ്പോള്‍ 'ശ്രീനിവാസന്‍ സിനിമയിലെ പറയനോ?' എന്ന മറുചോദ്യ മുന്നയിച്ച് ആ ജൂറി ചെയര്‍മാന്‍ തടിതപ്പി. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇതേപോലെ ഒരു ചോദ്യമുയര്‍ന്നപ്പോള്‍ 'മോഹന്‍ലാല്‍ സിനിമയിലെ പറയനോ?' എന്നു മറുചോദ്യമുന്നയിക്കാന്‍ ആ ജൂറി ചെയര്‍മാന് ആയില്ല! കാരണം കലാഭവന്‍ മണിയാണ് പറയന്‍ എന്ന ബോധ്യം ആ ജൂറി ചെയര്‍മാന് ഉണ്ടായിരുന്നു. ജൂറി ചെയര്‍മാനാണെങ്കിലും സവര്‍ണലോബിയുടെ കയ്യിലെ കളിപ്പാവയാണെങ്കില്‍ അവരുടെ ചരടുവലിക്കൊത്ത് തുള്ളാതിരിക്കാന്‍ പറ്റുമോ?

മണിയുടെ അഭിനയം വെറും മിമിക്രിയാണെന്ന് തട്ടിവിട്ടു, ജൂറിയലു ണ്ടായിരുന്ന മറ്റൊരു സംവിധായകന്‍. ഇത് കേട്ട് പക്ഷെ, മിമിക്രി കലാകാരന്മാര്‍ അടങ്ങിയിരുന്നില്ല. അഭിനയ കലയുടെ സമസ്ത ഭാവ ങ്ങളും ശേഷികളും ഉള്ളടങ്ങുന്ന മിമിക്രിയെ അങ്ങനെ കുറച്ചുകാ ണേണ്ടതില്ലെന്നും ഇന്ന് മലയാള സിനിമാ രംഗത്തുള്ള മികച്ച നടന്മാരില്‍ ഭൂരിഭാഗവും മിമിക്രി കലാരംഗത്തുനിന്നും വന്നിട്ടുള്ളവരാണെന്നും മറ്റുമുള്ള വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ പരാമര്‍ശത്തോട് അവര്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. പ്രശസ്ത മിമിക്രി കലാകാരനും സംഗീത സംവിധായകനുമായ നാദിര്‍ഷാ ഒരു പാരഡിഗാനം തീര്‍ത്തുകൊണ്ടാണ് ഈ പരാമര്‍ശത്തോട് പ്രതികരിച്ചത്. 'നിറം' എന്ന സിനിമയില്‍ ജയചന്ദ്രന്‍ ആലപിച്ച 'ഒരു ചിക് ചിക് ചിറകില്‍ മഴവില്ലു വിരിക്കും മനസേ, ശുക്രിയാ....' എന്നു തുടങ്ങുന്ന ഗാനത്തിന് നാദിര്‍ഷാ തീര്‍ത്ത പാരഡി 'ഇന്ന് കൊച്ചിയിലുള്ളൊരു ട്രൂപ്പില്‍ നിന്ന് സിനിമ യിലെത്തിയ പലരും മിമിക്രിയാ...' എന്നു തുടങ്ങുന്നതായിരുന്നു. അതില്‍ കലാഭവന്‍ മണിയെ കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെ; 'ഒരു ങ്യാഹാ ചിരിയുടെ ചിറകില്‍ ഇന്നു ചെത്തിനടക്കണ മണിയും മിമിക്രിയാ...!'

സിനിമയില്‍ താരമാകുന്ന കാലഘട്ടത്തില്‍ തന്നെ മണി നാടന്‍ പാട്ടുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായി. നാടന്‍പാട്ടുകളില്‍ അനലോഗ് ഓഡിയോ ക്യാസറ്റ്, വിപണി കീഴടക്കിയത് മണിയെ മുന്‍നിര്‍ത്തിയായിരുന്നു. മിക്ക ക്യാസറ്റുകളിലും നാടന്‍ പാട്ടുകളോടൊപ്പം സിനമാ പാട്ടുകളുടെ പാരഡികളും ഇടകലര്‍ത്തിയിരുന്നു. ഇത് മറ്റൊരു വിവാദത്തിലേക്ക് നായകനെ എത്തിച്ചു. 'കുടംബ സമേതം കേള്‍ക്കാന്‍ പറ്റാത്ത രീതിയില്‍ അശ്ലീലച്ചുവ കലര്‍ത്തിയുണ്ടാക്കുന്ന പാരഡിഗാനങ്ങള്‍ മലയാളികളെ കേള്‍പ്പിച്ചേ അടങ്ങൂ എന്ന് ഒരു നടന് വാശിയുള്ളതു പോലെ തോന്നുന്നു' എന്ന നിലയില്‍ ആക്ഷേപങ്ങള്‍ അച്ചടിച്ചു വന്നു. എന്നാല്‍ താന്‍ ഇതുവരെ മൂന്ന ക്യാസറ്റുകള്‍ മാത്രമേ ഇറക്കിയിട്ടുള്ളൂ, അതിലൊന്നിലും അശ്ലീലച്ചുവ ഇല്ലെന്നും തന്റെ സ്വരത്തില്‍ സുഹൃത്തുക്കളാണ് ക്യാസറ്റ് ആലപിച്ച് ഇറക്കുന്നതെന്നും തന്റെ സ്വരം കൊണ്ട് ആരെങ്കിലുമൊക്കെ ജീവിച്ചുകൊള്ളട്ടെ, അവരുമായി നിയമനടപടിക്കില്ലെന്നും മണി തുറന്നു പ്രസ്താവിച്ചപ്പോള്‍ ആക്ഷേപമുന്നയിച്ചവര്‍ നിശബ്ദരായി.

തിരക്കുള്ള നടനാകുന്ന ആരംഭഘട്ടത്തില്‍ മണിയെ സിനമാ നിര്‍മാതാക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തുന്നു എന്നൊരു വാര്‍ത്തയും കേട്ടു! 'ജെയിംസ് ബോണ്ട് 007' എന്ന മലയാള സിനിമയുടെ നിര്‍മാണ വേള യിലാണ് ഈ വാര്‍ത്ത വിവാദമായത്. പ്രസിദ്ധ ഹോളിവുഡ് സിനിമ യായ 'ബേബീസ് ഡേ ഔട്ട്' ന്റെ മലയാളം പതിപ്പായിരുന്നു ആ സിനിമ. അതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച, അന്ന് ആറ് ഒരു വയസ് മാത്രം പ്രായമുള്ള സാക്ഷാല്‍ ബേബി അമീനെ തന്നെ ജെയിംസ്‌ബോണ്ട് 007 ന്റെ നിര്‍മാതാക്കള്‍ കേരളത്തില്‍ എത്തിച്ചിരുന്നു! നിര്‍മാതാക്കള്‍ക്ക് ഭാരിച്ച പണച്ചെലവും കഠിനാധ്വാനവും അതിനായി വേണ്ടിവന്നു. മണിയുടെ അക്കാലത്തെ തിരക്കു മൂലമാണ് ഇങ്ങനെ ചില സംഭവവികാ സങ്ങള്‍ ഉണ്ടാകുവാനിടയാക്കിയത്. അക്കാലത്ത് കൊമേഴ്‌സ്യല്‍ സിനിമയുടെ വിജയഘടകമായി മണി ഉയര്‍ന്നു കഴിഞ്ഞിരുന്നു എന്നതിന് വേറെ തെളിവ് വേണ്ട. എന്തായാലും മണി ആ സിനിമയില്‍ കഥാപാത്ര ത്തെ അവതരിപ്പിച്ചുകൊണ്ട് വാക്കുപാലിച്ചതിനാല്‍ ആ വിവാദം വളര്‍ന്ന് വഷളായില്ല.

പിന്നീട് നായര്‍ പെണ്‍കുട്ടിയുമായുള്ള മണിയുടെ വിവാഹം! പണവും പ്രശസ്തിയുമായപ്പോള്‍ നില മറന്നോ? എന്തായാലും മാധ്യമങ്ങളില്‍ അത് വിവാദമായില്ല. പുരോഗമന പരമായ നടപടി എന്ന നിലക്ക് വിശേഷിപ്പി ക്കേണ്ടതിനാല്‍ പലരും അതിന് തിര്‍ന്നുമില്ല.

ഇപ്പോള്‍ മണിയുടെ മരണവും വിവാദമാകുന്നു! മദ്യപാനത്തെ തുടര്‍ന്നാ ണ് മണിയുടെ മരണം സംഭവിച്ചത് എന്ന വസ്തുത സ്ഥിരീകരിക്കപ്പെട്ടു. അതൊരു കൊലപാതകമാണോ അപകട മരണമാണോ എന്നതിനെക്കുറിച്ച് ഔദ്യോഗിക തലത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നത് മൗഢ്യമായിരിക്കും. എന്തായാലും മണി തന്റെ ജീവിതം വലിച്ചെറിയരുതായിരുന്നു എന്നൊരു അഭിപ്രായം പ്രബലമാണ്. മണിയുടെ ജീവിതം മണിക്കു വേണ്ടി മാത്രമുള്ളതായി രുന്നില്ല. മണി ഒരു അസ്വതന്ത്ര ജനതയുടെ പ്രതിനിധാനം കൂടിയായിരുന്നു. ആ നിലക്ക് സ്വതന്ത്രേച്ഛുക്കളുടെ പൊതു അഹങ്കാരം കൂടിയായിരുന്നു മണി. അടിയാളന് എങ്ങനെ സ്വതന്ത്രനാകാം എന്നുള്ളതിന് ശക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതായിരുന്നു മണിയുടെ ജീവിതം! മണിയുടെ ജീവിതവും മരണവും മറ്റൊരാളോടു മാത്രമേ താരതമ്യപ്പെടു ത്തനാവൂ, സാക്ഷാല്‍ മൈക്കിള്‍ ജാക്‌സനോട്.