"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 1, ഞായറാഴ്‌ച

കലാഭവന്‍ മണിയെ തഴഞ്ഞു; പുരസ്‌കാരക്കമ്മിറ്റി സവര്‍ണ ലോബിയോ? - ഭാസുരേന്ദ്രബാബു


(2000 മാര്‍ച്ച് 16 - 31 ലെ 'സമീക്ഷ' ദ്വൈവരികയില്‍ നിന്നും)

ഒടുവില്‍ കലാഭവന്‍ മണി തഴയപ്പെട്ടു. അവസാന നിമിഷംവരെ പിരിമുറുകി നിന്ന ഒരു തീരുമാനത്തിലാണ് ഇത്തവണ സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനെ തേടിയെത്തിയത്. കൃതഹസ്തനായ ഒരു നടനാണ് മോഹന്‍ലാല്‍. കയ്യടക്കമുള്ള ഭാവാഭിനയത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ സ്വന്തം സ്ഥാനമുറപ്പിച്ചയാള്‍.

ലാലിന് ഈ അവാര്‍ഡ് ഒരു പുതുമയും പകരുന്നില്ല. നാലഞ്ചുതവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭരതവാര്‍ഡും ഉണ്ട്. വാനപ്രസ്ഥ ത്തിലെ കഥകളിക്കാരനിലൂടെ ലാലിന് അന്തര്‍ദേശീയ തിളക്കവും കൈവന്നിട്ടുണ്ട്. അതെ, ലാലിന് ഈ അവാര്‍ഡ് പുതുമയായി ഒന്നും നല്കുന്നില്ല.

എന്നാല്‍ ഈ അവാര്‍ഡ് തിരസ്‌കരിച്ചതിലൂടെ എല്ലാം നഷ്ടപ്പെട്ട ഒരു സാധാരണക്കാരന്റെ മുറവിളി ഇത്തവണത്തെ അവാര്‍ഡ് ദാനത്തെ അലങ്കോലപ്പെടുത്തും. മലയാളികള്‍ കാതോര്‍ക്കുന്നത് ലാലിന്റെ അഭിനയ സിദ്ധിയിലല്ല. മറിച്ച് 'കപടാഭിനയം' അറിയാത്ത ഒരു സാധാരണക്കാ രന്റെ മുറവിളിയിലാണ്. കലാഭവന്‍ മണിയുടെ രോദനം മലയാളികള്‍ കേള്‍ക്കുന്നുണ്ട്. തഴയപ്പെട്ടത് ഒരു യഥാര്‍ത്ഥ സര്‍ഗപ്രതിഭ യായിരിക്കു ന്നതു കൊണ്ട് ഈ അവാര്‍ഡ് ലാലിന്റെ യശസിന് മേല്‍ കളങ്കം ചേര്‍ക്കും. ശരിക്കും പറഞ്ഞാല്‍ ഇപ്പോഴുള്ള തീരുമാനം 'കഴിവിന്റെ' അംഗീകാരമല്ല. മറിച്ച് മറ്റെന്തിന്റേയോ പുതിയ തിരുപ്പുറപ്പാടാണ്. മലയാളി ഭയപ്പെടേണ്ട ഒരു പുതിയ 'ചുവന്ന താടി' യുടെ തിരുപ്പുറപ്പാട് അണിയറയില്‍ മുഴങ്ങുന്നു.

അവാര്‍ഡ് പ്രഖ്യാപനം കേട്ട മണി കുഴഞ്ഞു വീണു. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായി. ആശുപത്രി കിടക്കയില്‍ വെച്ച് മണി പറഞ്ഞു, 'ഇത് ചതിയാണ് എനിക്ക് ഇനി ഏത് അവസരമാണ് ലഭിക്കുക. എന്നെപ്പോലെ ഒരാള്‍ക്ക് വല്ലപ്പോഴും മാത്രമേ ഇത്തരം ഒരു അവാര്‍ഡ് കിട്ടുകയുള്ളൂ. ഞാന്‍ സൂപ്പര്‍ സ്റ്റാറല്ല. എനിക്കുവേണ്ടി ആരും തിരക്കഥ എഴുതുകയുമില്ല'

ശരിയാണ് കലാഭവന്‍ മണിക്കു വേണ്ടി തിരക്കഥയെഴുതാന്‍ ആരുമില്ല കാരണം മണി അഭിജാതനല്ല. മണിയുടെ മാതാപിതാക്കള്‍ ഉന്നതരായ ബ്യൂറോക്രാറ്റുകളല്ല. അയാള്‍ക്ക് പിന്‍ബലം നല്കാന്‍ ലോബികളില്ല. ഇത്തരത്തിലുള്ള നല്ല ഒരു കലാകാരനും ഭരണ സിരാകേന്ദ്രത്തിലും തദ്വാര സംസ്‌കാരത്തിലും ആധിപത്യമുള്ള ഒരുസൂപ്പര്‍ സ്റ്റാറും തമ്മില്‍ മത്സരിച്ചാല്‍ അവസാന വിജയം സൂപ്പര്‍ സ്റ്റാറിനായിരിക്കും എന്ന് നമുക്ക് പഠിക്കാം. 

ശരിയാണ് മലയാളി മാറിയിരിക്കുന്നു. ഈ മാറ്റം നന്നായി ആവിഷ്‌ക രിക്കാന്‍ 'പഞ്ഞക്കര്‍ക്കിടക'ത്തിന്റെ കഥാകാരന്‍ കൂട്ടിനുണ്ട്. അയാള്‍ പറഞ്ഞു; 'ഇന്നായിരുന്നുവെങ്കില്‍ എനിക്ക് നിര്‍മാല്യം ചിത്രീകരിക്കാനാവു മായിരുന്നോ? ഇന്നായിരുന്നുവെങ്കില്‍ ആ സിനിമയുടെ അവസാന ഷോട്ട് (അവിടെയാണ് ദേവതയുടെ മുഖത്ത് വെളിച്ചപ്പാട് കാര്‍ക്കിച്ച് തുപ്പിയത്) ചിത്രീകരിക്കാനാ വുമായിരുന്നോ?' വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ; ആ മഹത്തായ പാരമ്പര്യത്തില്‍ നിന്ന് ഒരു വലിയ അവാര്‍ഡ് മലയാളിക്ക് ലഭിച്ചു. ആദ്യത്തെ ഭരത് അവാര്‍ഡ് ലഭിച്ചത് പി ജെ ആന്റണിക്കാ യിരുന്നു. അന്ന് അയാളെ ബൂസ്റ്റ് ചെയ്യാന്‍ ഒരു ലോബിയും ഉണ്ടായിരു ന്നില്ല. അന്നയാള്‍ക്ക് അത് ലഭിച്ചതിന് കാരണം മലയാളിയുടെ സെക്കുലര്‍ സംസ്‌കാരമായിരുന്നു. 

അതെ; ആ സംസ്‌കാരം നമുക്ക് നഷ്ടപ്പെടുന്നു. മണിയുടെ വിലാപം ഒരു നഷ്ടത്തെയാണ് കാണിക്കുന്നത്. ഒരൊറ്റ സിനിമയിലൂടെ മണി നല്ല ആക്ടറാണെന്ന് കാണിച്ചു. നല്ല പാട്ടുകാരനാണെന്ന് തെളിയിച്ചു. 'കാട്ടിലെ മാനിന്റെ' എന്ന പാട്ട്. മണി കഴിഞ്ഞാല്‍ ഒരാള്‍ക്കേ മലയാളത്തില്‍ പാടാന്‍ പറ്റൂ. അത് കാവാലം നാരായണ പ്പണിക്കര്‍ക്കാണ്. 

ശരിയാണ് മണി ഒരത്ഭുതം തന്നെയാണ്. മലയാളിക്ക് അംഗീകരിക്കാന്‍ കഴിയാത്ത അത്ഭുതം. അതുകൊണ്ട് മലയാളിയുടെ സവര്‍ണ താത്പര്യം ഒന്നിച്ച് ഒരു തീരുമാനം എടുത്തു. ഇവനെ വളര്‍ത്തരുത്. കഴിയുമെങ്കില്‍ ഇവന്റെ പെരുവിരല്‍ മുറിക്കണം. നന്നായി - അവരത് മുറിച്ചു.

ഭാവി ഭൂതകാലത്തിന്റെ ഒരു പിന്‍തുടര്‍ച്ച യാണെങ്കില്‍ എം ടി പറഞ്ഞ തു പോലെ നാം തെറ്റു ചെയ്യുന്നു. മണിക്ക് അവാര്‍ഡ് നിഷേധിക്കുമ്പോള്‍ നാം തെറ്റു ചെയ്യുന്നു.

( ഈ ലേഖനത്തോടൊപ്പം കലാഭവന്‍ മണിയുടേയും മോഹന്‍ ലാലി ന്റേയും അഭിനയ മികവുകളെ വിലയിരുത്തുന്ന രണ്ട് ബോക്‌സ് കോളം കൂടി ചേര്‍ത്തിട്ടുണ്ട്)

കലാഭവന്‍ മണി

കലാഭവന്‍ മണി ടെമ്പറമെന്റ് പ്രയോഗിക്കാന്‍ കഴിയുന്ന നടനാണ്. അത് പ്രയോഗിച്ചിട്ടുള്ള മറ്റ് നടന്മാരെ പരിചയപ്പെടുത്താം.

സീന്‍ കോണറി: അസംഖ്യം സിനിമകളിലൂടെ ഏജന്റ് 007 നെ അവത രിപ്പിച്ച ആള്‍, എമിലി ഹെപ്ബണ്‍: രാത്രിയെ അന്ധതകൊണ്ട് കണ്ട നടി - ഓസ്‌കര്‍ അവാര്‍ഡ് ജേതാവ്, ആന്റണി ക്വിന്‍: സോര്‍ബ ദ ഗ്രീക്ക് എന്ന സിനിമയിലെ സോര്‍ബ (ഓസ്‌കാര്‍), ഒമര്‍ ഷെരീഫ്: ഡോ. ഷിവാഗോ യിലെ നായകന്‍ (ഓസ്‌കാര്‍).

കഥാപാത്രത്തിന് യോജിച്ച വൈകാരികത സ്വ ശരീരത്തിലേക്ക് സന്നിവേശി പ്പിക്കുന്നത് ഒരു നടന്റെ കഴിവാണെങ്കില്‍ അന്ധഗായകനായി അഭിനയിച്ച മണിക്ക് അത് കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാല്‍

സോറി മോഹന്‍ലാല്‍; നിങ്ങള്‍ക്ക് ഇതൊഴിവാക്കാ മായിരുന്നു. മോഹന്‍ ലാലിന്റെ അഭിനയരീതി പഠിക്കുന്ന ആളിന് നന്നായി പരിശോധിക്കാന്‍ ഴിഞ്ഞാല്‍ ഒരു കാര്യം മനസിലാകും. അയാളുടെ പിന്നോക്കം നടപ്പിന് രാജ് കപൂറിനോടും ഹ്യൂമറിന് അയാള്‍ അടൂര്‍ ഭാസിയോടും കടപ്പെട്ടിരി ക്കുന്നു. ഇത്തരമൊരു കടപ്പാട് കലാഭവന്‍ മണി അവതരിപ്പിച്ച അന്ധഗാ യകനില്ല. അതുകൊണ്ട് ലാല്‍ ചെയ്യേണ്ടിയിരുന്നത് ഈ അവാര്‍ഡ് സൗമ നസ്യപൂര്‍വം ഒഴിവാക്കുകയും അത് പുതിയ ആളിന് നല്കാന്‍ നിര്‍ദ്ദേ ശിക്കുക യുമായിരുന്നു. ഇക്കാര്യത്തില്‍ 1980 ല്‍ പത്മശ്രീ യേശുദാസ് ഒരു മാതൃക ആയിട്ടുണ്ട്.