"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 3, ചൊവ്വാഴ്ച

ഫാഷിസം പടിവാതിലില്‍ എത്തിനില്‍ക്കുന്നു - അജിത് എം. പച്ചനാടന്‍


ആഢ്യന്മാരുടെ നഗരമായ പൂണെയിലാണ് 'കബീര്‍ കലാമഞ്ചി'ന്റെ ആസ്ഥാനം. അവരുടെ പാട്ടുകള്‍ പരിധി ലംഘിക്കുന്നുവെന്ന് സ്റ്റേറ്റിനു തോന്നിയപ്പോള്‍ മുതല്‍ ആ ഗായകസംഘത്തെ മാവോ വാദികളാക്കി ഭീതി പരത്തി (White Terror). അവരുടെ കുടുംബാംഗങ്ങളും തുറുങ്കിലടയ്ക്ക പ്പെട്ടു. ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ കൊടിയ പീഡനമുറകള്‍ ചെലുത്തി ഭരണകൂടം ഒരു സാംസ്‌കാരിക സംഘത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന ജയില്‍പീഢനത്താല്‍ കബീര്‍ കലാമഞ്ചിലെ ഗായകന്‍ ദീപക് ഡോഗ്ലെയുടെ ശബ്ദം ഇടറിപ്പോയിരുന്നു. ദീപക് ഡോഗ്ല പറയുന്നു: 'ഞങ്ങളുടെ ശ്രുതിയും താളവും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.' കബീര്‍ കലാമഞ്ചിനു മേല്‍ ഭരണകൂടം കെട്ടിച്ചമച്ച കേസില്‍ മുംബൈ ഹൈക്കോടതിയുടെ ഇടക്കാല വിധി ശ്രദ്ധേയമാണ്. 'ജനങ്ങളുടെ ദുരിതത്തെക്കുറിച്ച പാട്ടു പാടുന്നത് മാവോയിസവും രാജ്യദ്രോഹവുമല്ല.'

2002 ല്‍ ഗോധ്ര കലാപത്തിനുശേഷം, പൂണെയില്‍ ഹിന്ദുത്വ ഫാഷിസ ത്തിനും കൊളോണിയലിസത്തിനു മെതിരായി ദളിത്-ഇടതു പ്രവര്‍ത്ത കരായ തൊഴിലാളികളു ടെയും കലാകാരന്മാരുടെയും മുന്‍കൈയ്യില്‍ 'കബീര്‍ കലാമഞ്ച്' ആരംഭിക്കുന്നത്. ബ്രാഹ്മണ മേധാവിത്വത്തി ന്റെയും സവര്‍ണകലകളുടെയു തട്ടകവുമാണ് പൂണെ. അതേസമയം ശക്തമായ തൊഴിലാളി യൂണിയന്‍ സംസ്‌കാരവും അംബേദ്കര്‍ ചിന്തയുടെ സ്വാധീനത്താലു ണ്ടായ ദലിത് സംഘബോധവും കലര്‍ന്ന ഇടതുപക്ഷവും ഇവിടെ സജീവമാണ്. ഈ വിരുദ്ധാശയങ്ങള്‍ തമ്മിലുളള കലഹം നിലനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിലാണ് കബീര്‍ കലാമഞ്ചിന്റെ പാട്ടും പോരാട്ടവും പ്രസക്തമാകുന്നത്. ആനന്ദ് പട്‌വര്‍ദ്ധനന്റെ 'ജയ് ഭീം കോമ്രേഡ്' എന്ന സിനിമയ്ക്കു ദേശീയ പുരസ്‌ക്കാരം നല്‍കിയ അതേ ഗവണ്‍മെന്റാണ് അതേ സിനിമയുടെ പ്രമേയമായ കബീര്‍ കലാമഞ്ചിനെ വേട്ടയാടുന്നത്. സംഘപരിവാരത്തിന് പഥ്യമല്ലാത്ത പുസ്തകവും സിനിമയും പാട്ടും ചിത്രവും പ്രസംഗവും ആവിഷ്‌ക്കരിക്കുന്നവരെ കാത്തിരിക്കുന്ന പുരസ്‌ക്കാരം മരണമാണെന്ന ഭീഷണിയുടെ വ്യംഗ്യം ഭാരതമെന്ന ഹിന്ദുരാജ്യത്തെ കലാപ്രവര്‍ത്തനങ്ങ ളുടെ ഉളളടക്കം മതഭ്രാന്തര്‍ തീരുമാനിക്കുമെന്നാണ്.

വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലെ രാഷ്ട്രീയ പദാവലികളെ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നു വായിച്ചെടുക്കാനാകും. ഗോമാതാവ് അത്തര ത്തിലൊന്നാണ്. മതാത്മക ഭാരതത്തിലെ പച്ചക്കറി രാഷ്ട്രീയത്തിന്റെ സാധ്യതകളിലൂന്നിയാണ് അതു വികസിക്കുന്നത്. ഗോവധ നിരോധന ത്തിന്റെ ന്യായീകരണത്തിനു മതദര്‍ശനത്തെ ഉപയോഗപ്പെടുത്തുന്ന ഹിന്ദുത്വ ശക്തികള്‍, ഗോമാംസം ഭക്ഷിക്കുന്നവരേയും ഉള്‍ക്കൊണ്ടിരുന്ന ഭൂതകാലത്തെ തമസ്‌ക്കരിക്കുകയാണ്. ഉസ്മാനിയ സര്‍വ്വകലാശാലയില്‍ തുടങ്ങിവെച്ച ബീഫ് ഫെസ്റ്റിവല്‍ വെറുമൊരു തീന്‍മേശ സമരമല്ല. വ്യക്തിസ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം, ഇഷ്ടമുളള ഭക്ഷണം തരംപോലെ കഴിക്കാനുളള സ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടിയുളള സമരവുമായി രുന്നു.

ആ മലമ്പുഴയവ്വണ്ണം കാട്ടി, വൈദേഹി സീതയെ മാംസത്താല്‍ പ്രീതയാ ക്കിക്കൊണ്ടിരുന്നാന്‍ ഗിരിസാനുവില്‍ ഇതു മൃഷ്ട, മിതോ സ്വാദു, വിതു തിയ്യില്‍പ്പൊരിച്ചതാം എന്ന,ങ്ങിരുന്നാന്‍ ധര്‍മ്മിഷ്ഠന്‍ സീതയോടൊത്തു രാഘവന്‍. വനവാസക്കാലത്ത് രാമന്റെയും സീതയുടെയും ഭക്ഷണശീല ത്തെ വെളിപ്പെടുത്തുക യാണ് രാമായണ പരിഭാഷയിലെ ഈ ഭാഗത്ത് വളളത്തോള്‍. വളളത്തോള്‍ നിര്‍വ്വഹിച്ച ഋഗ്വേദ പരിഭാഷ 10-ാം മണ്ഡലം 86-ാം സൂക്തം ശ്രദ്ധിക്കുക. മാംസാഹാരമെന്നു കേള്‍ക്കുമ്പോള്‍ ദലിത രേയും ക്രിസ്ത്യാനികളേയും മുസ്ലീങ്ങളെയും ലക്ഷ്യമാക്കി ത്രിശൂല മെടുക്കുന്നവരെ ഇത ഭയപ്പെടുത്തിയേക്കാം :

വേവിക്കാറുണ്ടതിനെ മൂവഞ്ചി,
രൂപതിനൊപ്പം മേ, തിന്നുമതു, തടിക്കു ഞാ - 
നെന്നുടെ രണ്ടുദരവും.

യാഗങ്ങളില്‍ പാകപ്പെടുത്താറുളള പതിനഞ്ചും ഇരുപതും കാളകളെ തിന്ന് ഇരുവയറും നിറയ്ക്കാറുണ്ടെന്ന് ഇന്ദ്രന്‍ പറയുന്നതാണീ ഋഗ്വേദ സന്ദര്‍ഭം. വേദങ്ങളും ബ്രാഹ്മണങ്ങളും വിശകലനം ചെയ്ത് 'ദ മിത്ത് ഓഫ് ദ ഹോളി കൗ' എന്ന പുസ്തകത്തില്‍ ഡി.എന്‍. ഝ ഇക്കാര്യങ്ങള്‍ അവതരി പ്പിക്കുന്നു. ഹിന്ദുത്വ ഇന്ത്യയിലെ ഗോവധ നിരോധനത്തെ തെളിവുകള്‍ നിരത്തി അപ്രസക്തമാക്കുന്നുണ്ട് 'ദി ഹോളി കൗ' എന്ന ഡോക്യൂമെന്ററിയില്‍ ഒഡേസ സത്യന്‍. സ്വാതന്ത്ര്യം, സമത്വം, സാഹോ ദര്യം എന്നീ മ മൂല്യങ്ങള്‍ ഉളളടങ്ങിയ പുത്തന്‍ സമുദായത്തിലെ പൂര്‍ണമനുഷ്യനെ മാര്‍ക്‌സ് സ്വപ്നം കാണുന്നു. ജനതയില്‍ അത്തരം ബോധനിലാവുദിക്കാത്ത തരത്തില്‍ കാപട്യം നിറഞ്ഞ വിദ്യാഭ്യാസ പദ്ധതിയാണ് ഓരോ റിപ്പബ്ലിക്കും പിന്തുടരുന്നത്. അക്കാദമിക് ഫാഷിസം അതിന്റെ സൂക്ഷ്മ പ്രയോഗത്തിലൂടെ വ്യവസ്ഥയെക്കുറിച്ചു അഭിപ്രായം മികച്ചതാക്കി നിലനിര്‍ത്താന്‍ ജനങ്ങളെ പരുവപ്പെടുത്തുകയും ബൂര്‍ഷ്വാ / ഫ്യൂഡല്‍ വ്യവസ്ഥയോട് ശ്രുതിഭംഗമില്ലാതെ ഒത്തുപോകാനും കോടതി യോടും നിയമനിര്‍മ്മാണ സഭകള്‍ക്കും പാവനത്വം കല്‍പ്പിച്ച് കൂറുളള വരാക്കാനും പ്രാപ്തരാക്കുന്നു. കപടയുക്തികളും ഗൂഢാര്‍ത്ഥങ്ങളും വിനാശകരമായ രാഷ്ട്രീയം പറഞ്ഞ് പൗരനെ ആശയതലത്തില്‍ പോലും ചൂഷണം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് കവിയും സാംസ്‌കാ രിക പ്രവര്‍ത്തകനുമായ പ്രശാന്ത് എ.ബി. 'ഈ സ്വാതന്ത്ര്യംനുണയാണ്' എന്ന് ഉറക്കെ പാടുന്നത്. അതേറ്റു പാടി കഴുമരത്തെയോ വെടിയുണ്ട യെയോ ഭയക്കാതെ പ്രതിഷേധത്തിന്റെ പുസ്തകവുമായി കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഞ്ഞാറ്റുവേല സാംസ്‌കാ രിക പ്രവര്‍ത്തകസംഘാംഗങ്ങളെ കേരളത്തിലെ പലയിടങ്ങളിലും വച്ച്, ആശയത്തെയും ആവിഷ്‌ക്കാരത്തെയും ഭയക്കുന്ന ഭരണകൂടം അറസ്റ്റ് ചെയ്തു. ഒരു മുതലാളിത്ത/(ഫ്യൂഡല്‍) രാഷ്ട്രത്തില്‍ സ്വാതന്ത്ര്യമെന്നാല്‍ സമ്പത്തു കൈയാളുന്ന ന്യൂനപക്ഷത്തിന്റെ മാത്രം സ്വാതന്ത്ര്യമെന്നാണ് അര്‍ത്ഥം. ഇത് പ്രാചീന ഗ്രീക്ക് റിപ്പബ്ലിക്കിനു സമാനമായി അടിമകളെ കൈവശം വയ്ക്കാനുളള സ്വാതന്ത്ര്യമാ ണെന്നും ലെനിന്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌ക്കാരിക സ്ഥാപനങ്ങളും കൈയടക്കി ക്കൊണ്ട് ഹൈന്ദവ ഫാഷിസം ചരിത്രം തങ്ങള്‍ക്കനുകൂലമാക്കി തിരുത്തി യെഴുതുകയും സാംസ്‌ക്കാരിക ഈടുവയ്പുകളെ മലിനമാക്കുകയും ചെയ്യുന്നു. ICHR ല്‍ സുദര്‍ശന്‍ റാവു, FTII ല്‍ ഗജേന്ദ്ര ചൗഹാന്‍ എന്നിങ്ങനെ തികച്ചും അയോഗ്യരായവര്‍ പ്രധാന ഇടങ്ങളില്‍ നിയമിതരാ കുന്നു. സ്വതന്ത്രമായ ചിന്തയെ, ധൈഷണികമായ ഇടപെടലുകളെ, വ്യക്തി കളുടെ തുറന്ന പെരുമാറ്റത്തെ സംശയത്തോടെയും സദാചാര വിരുദ്ധമാ യും രാജ്യദ്രോഹപ്രവര്‍ത്തിയായും ആരോപിച്ച് പല പേരുകളില്‍ അറിയ പ്പെടുന്ന (ഹനുമാന്‍ സേന...) അക്രമിസംഘം അവരുടെ അസഹിഷ്ണുത പ്രകടമാക്കുന്നു. ജീവിതം ദുസ്സഹമാക്കുന്നു.

മതപരമായി പ്രാധാന്യമുളള ചരിത്ര സംഭവങ്ങള്‍ക്കോ, ബിംബങ്ങള്‍ക്കോ സ്ഥലങ്ങള്‍ക്കോ ആത്മീയ പരിവേഷം ചാര്‍ത്തി പ്രത്യേക ലക്ഷ്യങ്ങള്‍ക്കാ യി ഉപയോഗിക്കുകയാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍. അവര്‍ സാംസ്‌കാരിക ദേശീയത എന്നു പറയുമ്പോള്‍ ഉപഭൂഖണ്ഡത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഹിംസയിലൂടെ അപ്രത്യക്ഷമാക്കുന്നതിനെക്കുറിച്ചാണ്. ഹിംസയുടെ അടിസ്ഥാനസ്വഭാവം അധികാരഭ്രമമാണ്. തിയോക്രാറ്റിക് സ്റ്റേറ്റ് അപരങ്ങളെ അടിമകളാക്കുകയും ഗ്യാസ് ചേംബറിലേക്കു ആനയിക്കുകയും ചെയ്യും. വൈജ്ഞാനിക സംവാദങ്ങളെ വൈകാരികത അപ്രസക്തമാക്കുന്ന പ്രചാരവേലയെക്കുറിച്ച് ഹിറ്റ്‌ലര്‍ ബോധവാനാ യിരുന്നു. 'നാനാമുഖമായ ഒരു പ്രചരണവും ലക്ഷ്യത്തിലെത്തില്ല. ഒരു വിഭാഗം അല്ലെങ്കില്‍ മറ്റൊരു വിഭാഗം അതിനെ തളളിക്കളയും. ഒറ്റക്കാര്യം പറയുക. ഒരേ ആളിനോടു പറയുക. ഏകപക്ഷീയമാകുക, ഏകമുഖമാകുക, എങ്കില്‍ മാത്രമേ പ്രചാരണം ജനസ്സിലേക്കു കയറൂ' (മെയ്ന്‍ കാംഫ്).

1919 ന്റെ തുടക്കത്തില്‍ ജര്‍മ്മന്‍ സമൂഹത്തില്‍ ദേശവികാരം വളര്‍ത്തി ജനങ്ങളെ ദേശസാല്‍ക്കരിക്കുന്നതിനു മുന്നോടിയായി നടത്തിയ പഠനത്തിലെ നിഗമനങ്ങള്‍ ഹിറ്റ്‌ലര്‍ മെയ്ന്‍ കാംഫില്‍ ക്രോഡീകരി ക്കുന്നുണ്ട്. അക്കമിട്ടു നിരത്തിയ അവയില്‍ നാലാമതായി പറയുന്നത്: ഏതു പ്രസ്ഥാനവും ജനങ്ങളെ കീഴടക്കണമെങ്കില്‍ അത് സ്വന്തം ലക്ഷ്യങ്ങള്‍ക്കായി പൊരുതിയാല്‍ മാത്രം മതിയാവില്ല. ആ ലക്ഷ്യത്തെ എതിര്‍ക്കുന്നവരെ തകര്‍ക്കുകയും വേണം. ഇഷ്ടമില്ലെങ്കില്‍ കൊല്ലുക എന്നതു തന്നെ. ഒരു പ്രസ്ഥാനം അതിന്റെശത്രുക്കളെ ഉന്മൂലനാശം വരുത്തിയാല്‍, ജനം പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളുടെ വിജയമായാണ് എണ്ണുക. പ്രസ്ഥാനത്തിന്റെ നിലപാടാണ് ശരിയെന്നതിന് തെളിവായി ആ വംശഹത്യയെ അവര്‍ കാണും.

അതേസമയം, പാതിവഴിയില്‍ ശത്രുവിനോട് കരുണ കാണിച്ചാല്‍ അതു പ്രസ്ഥാന ത്തിന്റെ ദൗര്‍ബ്ബല്യമായിക്കരുതും. അത് സ്വന്തം ന്യാത്തെപ്പറ്റി സംശയമുളളതിനാലാണെന്നു വിധിയെഴുതും. പ്രസ്ഥാനത്തെ അവിശ്വ സിക്കും. ജര്‍മ്മനിയിലെ ഭൂരിപക്ഷത്തെ നാസിസം കൊലയാളി സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചതുപോലെ, ഗുജറാത്തിലെ ഭൂരിപക്ഷ സമുദായത്തിലെ സാമൂഹിക കുറ്റവാസനയും രക്തദാഹമുളളവരെയും ഭരണകൂട-നിയമ സംവിധാനമുപയോഗിച്ച് പകല്‍വെളിച്ചത്തില്‍ വംശഹത്യ നടപ്പാക്കാമെന്ന് നരേന്ദ്രമോദി തെളിയിച്ചു. ഹൈന്ദവ ഫാഷിസത്തിന് ഹിറ്റ്‌ലറെപ്പോലെ ഒരു ഹിംസാമൂര്‍ത്തിയെ കിട്ടുകയാ യിരുന്നു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ, ഡോ. എം.എം. കല്‍ബുര്‍ഗി എന്നീ സ്വതന്ത്ര ചിന്തകരുടെ വധവുമായി ബന്ധപ്പെട്ടോ, ശങ്കരദര്‍ശനത്തെ വിമര്‍ശിച്ച് പുസ്തകമെഴുതിയ ഡോ. കെ.എസ്. ഭഗവാന്റെ ജീവനെടുക്കാന്‍ അന്ത്യശാസനം പുറപ്പെടുവിച്ച ഹിന്ദു തീവ്രവാദികള്‍ക്കുമെതിരേ രാജ്യത്ത് ഉയര്‍ന്നുവരുന്ന കലാകാരന്മാരുടെ, എഴുത്തുകാരുടെ, സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിക്കുന്നതും പാര്‍ലമെന്ററി മാന്യത (?) യുടെ പേരിലെങ്കിലും പ്രതികരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ട പ്രധാനമന്ത്രി അതിനു തയ്യാറാകാത്തതും, ഗുജറാത്ത് എന്ന മൂശയില്‍ പരുവപ്പെടുത്തിയ ഹിംസാത്മക പണിത്തരമായ സൂപ്പര്‍ലേറ്റീവ് ഉഗ്രമൂര്‍ത്തിയുടെ പ്രഭാവത്താല്‍ ശരാശരി ആള്‍ക്കൂട്ടത്തിന്റെ രോഗാതുരമായ ഹിന്ദുസ്വരാജ് തൃഷ്ണയെ സാക്ഷാത്കരിക്കുന്ന ലക്ഷണമൊത്ത ഭരണാധികാരിയായി സ്വയം അവരോധി ക്കുന്നതുകൊണ്ടാണ്. ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ സിനിമയി ലെ ഹൈക്കല്‍ എന്ന ഏകാധിപതി രാജ്യകാര്യങ്ങളില്‍ ഇടപെടുന്നതി നേക്കാള്‍ സത്യസന്ധമായി തന്റെ ഛായാചിത്രം വരപ്പിനു പ്രാധാന്യം കല്‍പ്പിക്കുന്ന രംഗം വെറുമൊരു ഫലിതമായിട്ടല്ല ചാര്‍ളി ചാപ്ലിന്‍ അവതരിപ്പിക്കുന്നത്. നരേന്ദ്ര ദാമോദര്‍ മോഡി സെല്‍ഫിയുടെ ആശാനാ കുന്നതിലും നേരമ്പോക്കിന്റെ ലാളിത്യമല്ല ഉളളത്.

ആക്രമണത്തെ ചെറുക്കുന്നതിനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം സായുധമായും ആശയപരമായുമുളള പ്രത്യാക്രമണമാണ്. അന്തസ്സുളള ജീവിതത്തില്‍ നിന്നും ദയാരഹിതമായി അടര്‍ത്തി മാറ്റപ്പെട്ട ജനവിഭാഗ ങ്ങളില്‍ നിന്ന് ശരിയായ വിപ്ലവസിദ്ധാന്തം ഉരുത്തിരിഞ്ഞു വരുന്നതും, ചക്രവാളത്തില്‍ മുഴങ്ങുന്ന പുത്തന്‍ വസന്തത്തിന്റെ പെരുമ്പറക്കും കാത്തുകിടക്കുകയാണ് സമകാല ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ-സാം സ്‌കാരിക സാഹചര്യങ്ങള്‍. മനുഷ്യത്വത്തിന്റെ പ്രാപ്തിയില്‍ വിശ്വസി ക്കുന്ന ഓരോരുത്തരില്‍ നിന്നും യുക്തിയുടെയും മുക്തിയുടേതുമായ പുതുലോകത്തിനു വേണ്ടി ഒരു പാട്ട്, ഒരു പടം, ഒരു പടക്കോപ്പ് കാലം ആവശ്യപ്പെടുന്നു. വെറുപ്പിനും മൃഗീയതയ്ക്കു മുയരേ മനുഷ്യത്വത്തിന്റെ കൊടി പാറാന്‍.

അജിത് എം. പച്ചനാടന്‍ 9961624318