"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

ദലിത് സംഘടനകളും വോട്ടു വില്‍പ്പനയും - പ്രകാശ് കോളിയൂര്‍


ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പ്രബുദ്ധവും രാഷ്ട്രീയ ചിന്തയില്‍ ഉയര്‍ന്നു നില്‍ക്കുന്ന, ജനതയാണെന്നാണ് അവകാശ പ്പെടുന്നത്. സവര്‍ണ്ണ സമുദായങ്ങളെപ്പറ്റി പറയുമ്പോള്‍ ഇത് ശരിയാവാം. എന്നാല്‍ ദലിതരെ സംബന്ധിച്ചി ടത്തോളം എത്രമാത്രം സത്യമുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരള രൂപീകരണത്തിനുശേഷം അറുപതു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാഷ്ട്രീയ അടിമകളായി തന്നെയാണ് ഇന്നും നിലകൊള്ളുന്നത്. ഇതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥ മനസ്സിലാക്കുമ്പോള്‍ ഈ സമുദായങ്ങളുടെ ഇടയില്‍ പ്രവര്‍ത്തി ച്ചുകൊ ണ്ടിരിക്കുന്ന ദലിത് സംഘടനകളും അംബേദ്ക്കര്‍ പ്രസ്ഥാനങ്ങളും ദലിത് പാര്‍ട്ടികളും ഉപജാതി സംഘടനകളുമാണ്. കേരളത്തില്‍ പൊട്ടിമുളച്ചു വരുന്ന നൂറുകണക്കിനു സംഘടനകള്‍ കേവലം അഞ്ചോ പത്തോ വര്‍ഷമാണ് ആയുസ്സുള്ളത്. രൂപീകരണ കാലഘട്ടത്തില്‍ വിപ്ലവകരമായ ആശയങ്ങളും ദലിത് വിമോചനവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമുദാ യങ്ങളെ ധരിപ്പിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ ബ്രാഹ്മണ പാര്‍ട്ടികളായ കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ബി. ജെ. പി. ഉള്‍പ്പെടെയുള്ള സവര്‍ണ്ണ പാര്‍ട്ടികള്‍ക്കാണ് സമുദായത്തിന്റെ വോട്ടുകള്‍ മറിച്ചു വില്‍ക്കുന്നത്. വില്‍പ്പനലക്ഷവും പതിനായിരവും അയ്യായിരവും കേവലം ആയിരം രൂപയില്‍ ചെന്നെത്തുന്ന കച്ചവടമാണ് നടക്കുന്നത്. ഇതുമൂലം സമുദായത്തിന് യാതൊരുവിധ നേട്ടവും ലഭിക്കാതെ നേതാ ക്കള്‍ ക്കാണ് നക്കാപ്പിച്ചകള്‍ കിട്ടുന്നത്. ദലിതരുടെ പ്രശ്‌നങ്ങള്‍ കണ്ടി ല്ലെന്നു നടിക്കുന്നതും ഉറക്കം നടിക്കുന്നതുമായ ഇത്തരം സംഘടനകള്‍ തെരഞ്ഞെടുപ്പു കാലത്ത് സജീവമാകുന്നതും നമുക്ക് കാണാം. യോഗ ങ്ങളും, ജാഥകളും, റാലികളും സംഘടിപ്പിക്കുന്നതും ഈ കാലത്ത് പതിവാണ്. ഇത് രാഷ്ട്രീയക്കാരുമായുള്ള അഡ്ജസ്റ്റുമെന്റാണെന്ന് തുടര്‍ന്നു വരുന്ന തെരഞ്ഞെടുപ്പ് നാളുകളില്‍ ബോധ്യമാകുന്നത്. വില്‍പ്പനരാഷ്ട്രീയ ത്തിന് അനുകൂലമായി ഇത്തരം സംഘടനകളുടെ നേതാക്കള്‍ മുടന്തന്‍ ന്യായങ്ങള്‍ പത്രങ്ങളിലും പ്രസംഗങ്ങളിലും കൂടി നിരത്താറുണ്ട്. ഇത് സമുദായത്തിന് ഗുണമോ, രാഷ്ട്രീയനേട്ടങ്ങളോ ആത്മാഭിമാനം വീണ്ടെടു ക്കാന്‍ പര്യാപ്തമല്ല എന്നുള്ളതാണ്. അറുപതു വര്‍ഷത്തെ കേരള രാഷ്ട്രീയത്തില്‍ ദലിതരെ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഉപജാതി സംഘടനകളും ദലിത് സംഘടനകളും നഗരങ്ങളും സെക്രട്ടറിയേറ്റും രാജ്ഭവനും സ്തംഭിപ്പിച്ചാലും രാഷ്ട്രീയക്കാര്‍ ഇതിന് പുല്ലുവിലയാണ് കല്പിക്കുന്നത്. എന്നാല്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ കൂടിച്ചേരലും യാത്രകളും രാഷ്ട്രീയ പാര്‍ട്ടികള്‍ പേടിക്കുന്നത് അവര്‍ വോട്ടിനെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധമുള്ള പൗരസമൂഹമാണെന്നുള്ള തിരിച്ചറിവാണ് രാഷ്ട്രീയ പേടിയുടെ പിന്നിലുള്ളത്.

ബാബാസാഹേബ് അംബേദ്ക്കര്‍ ഇന്ത്യയിലെ ദലിതുകള്‍ക്ക് വോട്ടവകാശം ബ്രിട്ടീഷ് കാലത്തും അതിനുശേഷമുള്ള സ്വതന്ത്ര ഇന്ത്യയിലും നേടി കൊടുത്തത് സ്വന്തം കാലില്‍ നില നിന്ന് എം. എല്‍.എയും എം. പി. യും ഉണ്ടാക്കി ഈ ജനതയുടെ രാഷ്ട്രീയ സംരക്ഷണം ഉറപ്പു വരു ത്തുക എന്ന ലക്ഷ്യമായിരുന്നു. എന്നാല്‍ ദലിത് ഉപജാതി സംഘടനകള്‍ അംബേദ്ക്ക റുടെ പടം വച്ച് ജന്മദിനവും ചരമദിനവും കൊണ്ടാടി പിരിവു നടത്തി ഉപജീവനം നടത്തുന്ന സംഘടനകള്‍ യഥാര്‍ത്ഥ ആശയങ്ങള്‍ വിഴുങ്ങി സമുദായത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.കല്ലറ സുകുമാരന്‍ ഇതില്‍ നിന്നും വ്യത്യസ്തനാ എന്നത് ഒഴിച്ചാല്‍ മറ്റെല്ലാ പ്രസ്ഥാനങ്ങളും മുകളില്‍ സൂചിപ്പിച്ച നിലപാടാണ് ഇന്നും നിലനിര്‍ത്തി പോരുന്നത്. 1990 മുതല്‍ അംബേദ്ക്കര്‍ ദലിത് ചിന്തയില്‍ വികസിച്ചു വന്ന ചെറുതും വലുതുമായ ദലിത് സംഘടനകളും അംബേദ്ക്കര്‍ പ്രസ്ഥാനങ്ങളും തമ്മില്‍ ചേരാതെയും കുറ്റം പറഞ്ഞും ശത്രുതയിലും നിലനിന്നു പോരുന്നവര്‍ സവര്‍ണ്ണ പാര്‍ട്ടികളുടെ ഏജന്റു പണികളാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം ഇതര സമുദായങ്ങള്‍ (മുന്നോക്ക - പിന്നോക്ക) സാമൂഹിക-രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ ദലിതര്‍ക്ക് ഈ സംഘടനകളുടെ പ്രവര്‍ത്തനം മൂലം അടുക്കളവരെ പൊളിച്ചുമാറ്റി ദലിതന്റെ ശവം മറവു ചെയ്യാനാണ് വിധി ഉണ്ടായത്. ആയിരവും പതിനായിരവും ലക്ഷവും അണികളുള്ള സംഘടനകള്‍ സ്വന്തം കാലില്‍ നിന്നു വോട്ടു നേടുവാനും തെരഞ്ഞെടുപ്പിന് മല്‍സരിക്കുവാനും തയ്യാറാകാത്തതും വമ്പന്‍ പ്രസ്ഥാനങ്ങളെന്ന് സ്വയം അവകാശപ്പെടുന്ന സംഘടനകള്‍ സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് ധാരണയും (അത് പലപ്പോഴും തലയെണ്ണി വില്‍പ്പനമാത്രമാണ്) നടക്കുന്നത്. ഇത്തരം കൂട്ടുകെട്ടില്‍ ദലിത് പ്രസ്ഥാനങ്ങള്‍ സത്യസന്ധമായി പാര്‍ട്ടികള്‍ക്ക് വോട്ടു കൊടുക്കുന്നു വെങ്കിലും സവര്‍ണ്ണ പാര്‍ട്ടികള്‍ അതിനു തയ്യാറാകാതെയും തിരഞ്ഞെ ടുപ്പു കഴിഞ്ഞാല്‍ ഇത്തരം സംഘടനകളെക്കുറിച്ചും നേതാക്കളെക്കുറിച്ചും കള്ള പ്രചരണങ്ങള്‍ നടത്തി ഉന്മൂലനാശം വരുത്തി സംഘടനകള്‍ തന്നെ കാലക്രമത്തില്‍ ഇല്ലാതാകുന്നതും മാറി മാറി വരുന്ന തിരഞ്ഞെടുപ്പുകളില്‍ നമ്മള്‍ കണ്ടു വരുന്നത്. ദലിതര്‍ക്ക് ഗുണം ലഭിക്കാത്ത അപക്വമായ രാഷ്ട്രീയ തീരുമാനങ്ങളെ ചിന്തിക്കുന്ന ദലിതര്‍ ഇത്തരം നേതാക്കളെ വഴികളിലും വേദികളും പിടിച്ചിറക്കി ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. സംഘടനകളും നേതാക്കളും മനസ്സിലാക്കേണ്ടത് സമുദായത്തെ പര്‍ച്ചേസിംഗ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും നിലനില്‍ക്കുവാനോ വിമോചനത്തിനോ കഴിയില്ല. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം വച്ച് നീങ്ങുന്നവരെന്ന് ആത്മാര്‍ത്ഥമായി കരുതുന്നവര്‍ ഇനിയെങ്കിലും ഒത്തൊരുമിച്ചും വിദ്വേഷങ്ങള്‍ മറന്നും ഒന്നിക്കേണ്ട സമയമാണ് 13-ാം നിയമസഭാ തിരഞ്ഞെടുപ്പെന്ന് നാം ഓര്‍ക്കുക.