"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 7, ശനിയാഴ്‌ച

നിയമസഭാ തെരഞ്ഞെടുപ്പ്: ജനകീയാധികാരത്തിനും ജനകീയവികസനത്തിനുമായി നിലപാടു സ്വീകരിക്കുക - എം. കെ. ദാസന്‍


നവ ഉദാര-കോര്‍പ്പറേറ്റ്‌വല്‍ക്കരണനയം അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങളില്‍ മൗലികമായ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളും ബിജെപിയും തമ്മിലുള്ള മത്സരമായി നിയമസഭാ തിരഞ്ഞെടുപ്പു പ്രചരണങ്ങളെ ചുരുക്കുന്നതിനാണ് ഭരണവര്‍ഗ്ഗങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ശ്രദ്ധകേന്ദ്രീകരിച്ചി രിക്കുന്നത്. പണമൊഴുക്കിയും പരമാവധി വര്‍ഗീയ-ജാതീയ വിഭജനങ്ങള്‍ സൃഷ്ടിച്ചും വോട്ടുകള്‍ ഉറപ്പിക്കുന്നതിനാണ് ഈ ശക്തികളെല്ലാം ശ്രമിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഉമ്മന്‍ സര്‍ക്കാരാകട്ടെ, ഇന്ത്യയിലെ ഏറ്റവും അഴിമതിനിറഞ്ഞ ക്രിമിനല്‍-മാഫിയ ഭരണമായി അധ:പതിച്ചിരിക്കുന്നു. ഇതാകട്ടെ, കോര്‍പ്പറേറ്റുകളെയും സമ്പന്നവര്‍ഗ്ഗ ത്തെയും കൊഴുപ്പിക്കുന്ന നവഉദാരനയങ്ങളുടെ ഭാഗമാണുതാനും. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ഗീയവല്‍ക്കരണം, ജാതിപരമായ മര്‍ദ്ദനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യാദികളുടെ കച്ചവടവല്‍ക്കരണം, പൊതുവിതരണ രംഗത്തെ തകര്‍ച്ച, പരിസ്ഥിതിവിനാശം തുടങ്ങി ജനങ്ങള്‍ അതീവഗുരുതരമായ വെല്ലുവിളികളെയാണ് അഭിമുഖികരിക്കുന്നത്.

ഈ സാഹചര്യത്തില്‍, യുഡിഎഫ് ഭരണത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള സോളാര്‍-ബാര്‍ അഴിമതി ആരോപണങ്ങളെ തുറന്നുകാട്ടിയും ഉപയോ ഗിച്ചും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് സിപിഐ(എം) നയിക്കുന്ന ഇടതുമുന്നണി ശ്രമിക്കുന്നത്. എന്നാല്‍, കേരളപഠന കോണ്‍ഗ്രസ്സിലൂടെയും നവകേരളമാര്‍ച്ചിലൂടെയും അതു മുന്നോട്ടുവെക്കുന്നത് ഈ അഴിമതി കള്‍ക്കു കാരണമായ അതേ നവ ഉദാരനയങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന അജണ്ടയാണ്. യുഡിഎഫിനെക്കാള്‍ മികവോടെ പിപിപി മാതൃകയില്‍ വിഴിഞ്ഞം പോലുള്ള കോര്‍പ്പറേറ്റ്-റിയല്‍ എസ്റ്റേറ്റ് പദ്ധതികളും അതിവേഗപാതയും വിമാനത്താവളങ്ങളും അതിരപ്പള്ളി പോലുള്ള പരിസ്ഥിതി വിനാശം സൃഷ്ടിക്കുന്ന പദ്ധതികളും ഏറ്റെടുത്ത് കോര്‍പ്പറേറ്റ് വല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്നാണ് സിപിഐ(എം) അവകാശപ്പെടുന്നത്. ഉല്പാദന, സേവന, ക്ഷേമമേഖലകള്‍ നേരിടുന്ന പ്രതിസന്ധി, ഭൂമിയുടെ മേലുള്ള മാഫിയ ആധിപത്യം, പരിസ്ഥിതി വിനാശം, ഉദ്യോഗസ്ഥ മേധാവിത്തത്വത്തില്‍ അധിഷ്ഠിതമായ ഭരണം, വിദേശമൂലധനത്തിന്മേലുള്ള ആശ്രിതത്വം എന്നിത്യാദി കാര്യങ്ങളിലൊന്നും യുഡിഎഫില്‍ നിന്നു വ്യത്യസ്തമായ ഒരു നിലപാടും എല്‍ഡിഎഫിനില്ല. ഉമ്മന്‍ സര്‍ക്കാരിനെതിരെ ഉണ്ടായിട്ടുള്ള ജനരോഷവും തദ്ദേശതെരഞ്ഞെ ടുപ്പിലുണ്ടായ മെച്ചവും ഉറപ്പാക്കി എങ്ങനെയും അധികാരത്തിലെത്തുക എന്നതുമാത്രമാണ് അതിന്റെ ലക്ഷ്യം. വാസ്തവത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ആര് അധികാരത്തില്‍ വരണമെന്നതില്‍മാത്രമാണ് അടിസ്ഥാന നയങ്ങളില്‍ ഒരു വ്യത്യാസവുമില്ലാത്ത യുഡിഎഫ്, എല്‍ഡി എഫ് മുന്നണികള്‍ക്കിടയിലെ തര്‍ക്കം. 

ഈ രണ്ടു മുന്നണികള്‍ക്കുമെതിരെ, ചതുരുപായങ്ങളും പ്രയോഗിച്ച് സംസ്ഥാനത്ത് ഹിന്ദുത്വ വല്‍ക്കരണം ശക്തിപ്പെടുത്തി മൂന്നാമതൊരു ഭരണവര്‍ഗ്ഗമുന്നണി കെട്ടിപ്പടുക്കുകയാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ ബിജെപിയുടെ ലക്ഷ്യം. തദ്ദേശഭരണതെരഞ്ഞെടുപ്പിലൂടെ സംസ്ഥാന ചരിത്രത്തിലാദ്യമായി 14 ശതമാനം വോട്ടുനേടാന്‍ കഴിഞ്ഞത് ചൂണ്ടി ക്കാട്ടി ഹൈന്ദവ ഐക്യത്തിലൂടെഭൂരിപക്ഷവോട്ടുകള്‍ നേടി കേരള നിയമസഭയില്‍ കുറഞ്ഞപക്ഷം അക്കൗണ്ടെങ്കിലും തുറക്കാമെന്ന് അതു വ്യാമോഹിക്കുന്നു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന സംഘടന കളുടെ നേതൃത്വങ്ങളെയും അവരുണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും കൂട്ടിക്കെട്ടി നേട്ടമുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രഭരണ ത്തിലൂടെ ഉണ്ടായിട്ടുള്ള സൗകര്യങ്ങള്‍ ഇതിനായി അതു ഫലപ്രദമായി ഉപയോഗപ്പെടുത്തി വരുന്നു. അതേസമയം, അഖിലേന്ത്യാതലത്തിലെ ന്നപോലെ കേരളത്തിലും മുസ്ലീം മതസ്ഥരെ ദേശവിരുദ്ധരായി ചിത്രീകരിക്കുമ്പോള്‍ തന്നെ, അഴിമതിയില്‍ മുങ്ങിതാണിരിക്കുന്ന മാണികേരളയിലൂടെയും മറ്റും കത്തോലിക്കാ മത മേധാവികളുമായി ബാന്ധവം സ്ഥാപിച്ച് നേട്ടമുണ്ടാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

കേരളത്തിന് ഒരു ജനകീയ ബദല്‍

ഈ പശ്ചാത്തലത്തില്‍ അടിസ്ഥാന നയങ്ങളില്‍ വ്യത്യാസമില്ലാത്ത ഈ മൂന്നു മുന്നണികള്‍ക്കുമെതിരെ വിശാലജനവിഭാഗങ്ങളുടെ താല്പര്യ ത്തിലൂന്നുന്ന ഒരു ജനപക്ഷ വികസന ബദല്‍ കെട്ടിപ്പടുക്കുകയെന്നതാണ് വിപ്ലവജനാധിപത്യശക്തികളുടെ കടമ. ഈ മൂന്നു മുന്നണികള്‍ക്കും എതിരാണെന്നവകാശപ്പെട്ടുകൊണ്ടു രംഗത്തു വരുന്ന മതമൗലികവാദ സംഘടനകള്‍ക്കോ ജാതിസ്വത്വത്തിലൂന്നുന്ന പ്രസ്ഥാനങ്ങള്‍ക്കോ ഭരണവര്‍ഗ്ഗങ്ങളെയും അവരുടെ മുന്നണികളെയും ശക്തിപ്പെടുത്തുകയെ ന്നതല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലെന്നു വ്യക്തമാണ്. നവഉദാരനയങ്ങള്‍ അംഗീകരിച്ചുകൊണ്ട് അഴിമതിയുടെ കാര്യത്തില്‍ പരിഷ്‌കരണവാദ മുദ്രാവാക്യങ്ങള്‍ വെക്കുന്ന ആം ആദ്മി പാര്‍ട്ടിയും ഡെല്‍ഹിയിലെ ഭരണം ചൂണ്ടിക്കാട്ടുന്നതുപോലെ, ഫലപ്രദമായ ഒരു ബദലും മുന്നോട്ടു വെക്കാനില്ല. എംവി രാഘവന്റെയും ഗൗരിയമ്മയുടെയും അനുഭവങ്ങള്‍ കാണിക്കുന്നതുപോലെ, ഒഞ്ചിയം ഗ്രൂപ്പും യുഡിഎഫ് മുന്നണിയുടെ ഭാഗമായിക്കഴിഞ്ഞു. സിപിഐ(എം) മുന്നണിയുടെ അഖിലേന്ത്യാ ഭാഗമായ എസ്‌യുസിഐ പോലുള്ള സംഘടനകള്‍ക്കും ഇന്നു രാജ്യം നേരിടുന്ന സാമ്രാജ്യത്വത്തിന്റെപുത്തന്‍ അധിനിവേശത്തിനെതിരെയോ, അതിന്റെ വര്‍ത്തമാന നയമായ നവഉദാരവല്‍ക്കരണത്തിനെതിരെയോ, അതും കാവിവല്‍ക്കരണവുമായുള്ള ബന്ധത്തിനെ സംബന്ധിച്ചോ വ്യക്തമായ നിലപാടൊന്നുമില്ല.

സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍, നവഉദാരനയങ്ങള്‍ക്കു കീഴില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങളെ ശരിയായി വിശകലനം ചെയ്ത് കേരളം പോലുള്ള ഒരു സംസ്ഥാനം പുത്തന്‍ അധിനിവേശ ത്തിന്റെ ഷോകേസ് ആയി മാറിയതെങ്ങനെയെന്ന് തിരിച്ചറിയേണ്ടത് പരമപ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഗോളാടിസ്ഥാനത്തിലുണ്ടായ തിരിച്ചടികളും വിലയിരുത്തപ്പെടേണ്ടതുണ്ട്. സാമ്രാജ്യത്വം അതിന്റെ ചൂഷണരീതികള്‍ കൊളോണിയല്‍ (അധിനിവേശ) കാലത്തില്‍ നിന്നു വ്യത്യസ്തമായ പുത്തന്‍ കൊളോണിയല്‍ (പുത്തന്‍ അധിനിവേശ) കാലത്തു മാറ്റിത്തീര്‍ത്തതെങ്ങനെയെന്ന് തിരിച്ചറിഞ്ഞ് ബദല്‍ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കഴിയാതെപോയി. സിപിഐ(എം) പോലുള്ള പാര്‍ട്ടികള്‍ നവഉദാരന യങ്ങളുടെ നടത്തിപ്പുകാരും മാപ്പുസാക്ഷികളുമായത് ഇക്കാരണത്താലാണ്. തല്‍ഫലമായി സാമ്പത്തിക രംഗത്തും സാമൂഹ്യസേവനരംഗങ്ങളിലും പരിസ്ഥിതി മേഖലയിലും സാംസ്‌കാരികരംഗത്തും നവഉദാരനയങ്ങള്‍ സംജാതമാക്കിയ വിപത്തുകള്‍ മനസ്സിലാക്കാതെ ഭരണവര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുന്ന അതേനയങ്ങള്‍ തന്നെ വികസനമായി കൊണ്ടാടുന്ന സ്ഥിതി മുഖ്യധാരയില്‍ ഇടം തേടുന്ന സാഹചര്യമാണുള്ളത്. അതോടൊപ്പം സാമ്രാജ്യത്വകേന്ദ്രങ്ങളും ഭരണവര്‍ഗ്ഗങ്ങളും ജനങ്ങളെ ഭിന്നിപ്പിച്ച് ശിഥിലീകരിക്കാനായി മതമൗലികവാദ, ജാതീയ വംശീയ വീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍, പുരോഗമന ജനാധിപത്യനിലപാടുള്ള, നവഉദാര നയങ്ങളുടെ നാനാരൂപങ്ങളിലുള്ള പ്രത്യാഘാതങ്ങള്‍ക്കെതിരെ, പരിസ്ഥിതി സംരക്ഷണത്തിനും ജീവിക്കാനുള്ള കൂലിക്കും തൊഴിലവകാശങ്ങള്‍ക്കും വേണ്ടിയും ജാതീയ അടിച്ചമര്‍ത്തലിനും വര്‍ഗീയവല്‍ക്കരണത്തിനും എതിരെയും പോരാടുന്ന ശക്തികളുമായി ഐക്യപ്പെട്ട് ജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. കോര്‍പ്പറേറ്റ് - നവഉദാരനയങ്ങളുടെ ഭാഗമായി രൂക്ഷമായിട്ടുള്ള പരിസ്ഥിതി വിനാശത്തിനെതിരെ നിരവധി സമരങ്ങളും അവക്കു നേതൃത്വം കൊടുക്കുന്ന സമിതികളും കേരളത്തിലുണ്ടായിട്ടുണ്ട്. ഇവരെല്ലാരുമായി യോജിക്കുന്ന സമീപനമാണ് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്നത്. അതുപോലെ മൂന്നാറിലെ സ്ത്രീത്തൊഴി ലാളികളുടെ സമരം വ്യക്തമാക്കിയതുപോലെ തോട്ടം മേഖലയിലും ഇതര ഉല്പാദനമേഖലകളിലും ഒട്ടുമിക്ക സേവനമേഖലകളിലും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ദിവസക്കൂലിപോലും ഇന്നും കേരളത്തില്‍ നിലവിലില്ല. ഈ വിഭാഗത്തില്‍പെട്ട പ്രധാനമായും അസംഘടിതരായ വിഭാഗങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുന്നതിനൊപ്പം മിനിമം കൂലി പ്രതിദിനം 500 രൂപയെങ്കിലും ആക്കുന്നതിനുവേണ്ടിയുള്ള അടിയന്തര പോരാട്ടങ്ങള്‍ക്ക് തയ്യാറുള്ള മുഴുവന്‍ ശക്തികളുമായി യോജിക്കാനും ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും പാര്‍ട്ടിപ്രതിജ്ഞാബദ്ധമാണ്.

അധികാരകൈമാറ്റത്തിനുശേഷവും കൊളോണിയലിസത്തിന്റെ തുടര്‍ച്ചയായി ഇന്നും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി ഇടതു വലതു ബിജെപി മുന്നണികളുടെ ഒത്താശയോടെ ഭൂമാഫിയകള്‍ നിയന്ത്രിക്കുന്നു. ഇത് അവസാനിപ്പിക്കുന്നതിനൊപ്പം ആദിവാസികള്‍ക്ക് അവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ മേല്‍ അവകാശം ഉറപ്പുവരുത്താനും കേരളത്തിലെ 26000- ലധികം കോളനികളിലായി കഴിയുന്ന 'മണ്ണിന്റെ മക്കളായ' ദളിത് വിഭാഗങ്ങള്‍ക്ക് ഭൂമി ഉറപ്പു വരുത്താനുമുള്ള പോരാട്ടങ്ങളും മുന്നോട്ടു കൊണ്ടുപോകണം. ഇക്കാ ര്യത്തിലും യോജിക്കാവുന്ന മുഴുവന്‍ ജനാധിപത്യശക്തികളുമായി ഐക്യപ്പെടേണ്ടതുണ്ട്.

നവോത്ഥാന പോരാട്ടങ്ങളിലൂടെ പത്തിയൊതുക്കിയ ബ്രാഹ്മണ്യ ചാതുര്‍വര്‍ണവ്യവസ്ഥയും ജാതീയതയും പൂണൂല്‍ സംസ്‌കാരവും ഹിന്ദുത്വ രാഷ്ട്രവാദത്തിലൂടെ തിരിച്ചുവന്നിരിക്കുന്നു. ഇതിനെതിരെ ജാതി ഉന്മൂലനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ജനാധിപത്യവാദികളുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ തിരിച്ചുവരവിനൊപ്പം കേരളത്തെ വീണ്ടും ഭ്രാന്താല യമാക്കുന്ന തരത്തില്‍ മതശക്തികള്‍ രാഷ്ട്രീയത്തിലും വിദ്യാഭ്യാസവും സംസ്‌കാരവുമടക്കം സാമൂഹ്യജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും ആധിപത്യത്തിലേക്കു വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ മതം രാഷ്ട്രീയത്തില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കണ മെന്ന നിലപാടുള്ള മത നിരപേക്ഷശക്തികളുമായി തെരഞ്ഞെടുപ്പില്‍ ഐക്യപ്പെടുന്നതും ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനം പ്രാതിനിധ്യത്തിലൂടെയും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളിലൂടെയും കേരളത്തില്‍ സ്ത്രീകള്‍ പൊതുമണ്ഡലത്തിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും തുല്യജോലിക്ക് തുല്യവേതനം ഇനിയും നടപ്പായിട്ടില്ലെന്നു മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാനാരൂപത്തില്‍ വര്‍ദ്ധിച്ചുവരികയുമാണ്. സാമൂഹ്യമാ റ്റത്തില്‍ സ്ത്രീകളുടെ വിമോചനം നിര്‍ണായകമാണെന്ന മുന്‍ സോഷ്യ ലിസ്റ്റ് രാജ്യങ്ങളുടെ അനുഭവങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് സ്ത്രീക ളുടെ സമഗ്രമായ വിമോചനം ലക്ഷ്യം വെക്കുന്നതാകണം തെരഞ്ഞെടു പ്പിലുണ്ടാകേണ്ട ജനകീയമുന്നണിയെന്ന് സിപിഐ(എംഎല്‍) കാണുന്നു.

ഓരോ രാജ്യത്തിന്റെയും പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കും സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രപരവും സാമ്പത്തികവും സാംസ്‌കാരികവും പരിസ്ഥിതിപരവുമെല്ലാമായ വിപുലമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വികസന പരിപ്രേക്ഷ്യം. കേരളത്തെ സംബന്ധിച്ചിടത്തോളം അനിയന്ത്രിതമായ പ്രകൃതിവിഭവ ക്കൊള്ളയിലും വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജ ഉപഭോഗ ത്തിലും ഉപഭോഗതൃഷ്ണയിലും മറ്റും ഊന്നുന്ന കോര്‍പ്പറേറ്റ് സമ്പത്തു സമാഹരണത്തെ വികസനമായി അംഗീകരിക്കാനാവില്ല. കേരളത്തിലെ ജലലഭ്യതയും വളക്കൂറുള്ള മണ്ണും പ്രകൃതിവിഭവങ്ങളും കാലാവസ്ഥയും വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും ഉപയോഗപ്പെടുത്തുന്നതും വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകുന്നതും ബാഹ്യകേന്ദ്രങ്ങളിന്മേലുള്ള ആശ്രിതാവസ്ഥ ഒഴിവാക്കുന്നതുമായ ഒരു വികസന ബദലാണ് കേരളത്തിനു വേണ്ടത്. ഇതിനു കടകവിരുദ്ധമായി കോര്‍പ്പറേറ്റ് താല്പര്യങ്ങളെ സേവിക്കുന്നവരാണ് ഇന്ന് അധികാര ത്തിനായി ചക്കളത്തി പോരാട്ടം നടത്തുന്ന മൂന്നു മുന്നണികള്‍. കേന്ദ്രരാഷ്ട്രീ യാധികാരം പിടിച്ചെടുത്ത ആര്‍എസ്എസ് കാവിവല്‍ക്കര ണത്തിലൂടെ പുതിയ വെല്ലുവിളികളും ഉയര്‍ത്തുന്നു. ഇതെല്ലാം വിലയിരുത്തി, നിലവിലുള്ള അധികാര ഘടനയെയും ഭരണവ്യവസ്ഥ യെയും സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളെയും പൊളിച്ചടുക്കി, പരിസ്ഥിതിസന്തുലനവും ജാതിരഹിതവും മതേതരവുമായ ജനാധിപത്യ വും ഉറപ്പാക്കുന്ന ഒരു ജനപക്ഷവികസനബദലാണ് അടിയന്തരമായി ഉയര്‍ന്നുവരേണ്ടത്. അതു കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട അവശ്യ നടപടികളാണ് ഈ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചി രിക്കുന്നത്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന സാമ്രാജ്യ ത്വവിരുദ്ധ ജനകീയ ബദലിന്റെ ഭാഗമായി, നിയമസഭാ തിരഞ്ഞെടു പ്പിലൂടെ രൂപംകൊള്ളേണ്ട ജനകീയസര്‍ക്കാരിന്റെ അജണ്ട എന്നനിലയില്‍ താഴെപറയുന്നപരിപാടിക്കായി സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ നിലകൊള്ളുന്നു.

ഭരണപരമായ കടമകള്‍

1. സംസ്ഥാനത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും നിയനിര്‍മ്മാണം നടത്താനും എക്‌സിക്യൂട്ടീവ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും കഴിയുന്ന പരമാധികാര ജനപ്രാതിനിധ്യസഭയായി സംസ്ഥാനനിയമസഭയെ മാറ്റിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി കേന്ദ്രഭരണത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ തസ്തിക അവസാനിപ്പിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.

2. വിദേശകാര്യം, രാജ്യസുരക്ഷ, നാണയം, ദേശീയമേല്‍നോട്ടം ആവശ്യമുള്ള വാര്‍ത്താവിനിമയം, ഗതാഗതം കേന്ദ്രഗവണ്‍മെന്റിന്റെ മേല്‍നോട്ടം ആവശ്യമുള്ള അന്തര്‍സംസ്ഥാനവിഷയങ്ങള്‍ എന്നിവയൊ ഴിച്ചുള്ള എല്ലാ കാര്യങ്ങളും ഫെഡറല്‍തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനഭരണത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക.


3. ഇതേമാതൃകയില്‍ ജനകീയാധികാരം പ്രാദേശികതലത്തില്‍ ഉറപ്പാക്കാന്‍ കഴിയുംവിധം തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണനിര്‍വഹണപരവും നയപരവുമായ അധികാരങ്ങള്‍ വിപുലീകരിക്കുക. ഇതിനുസഹായകര മായവിധം ഭരണസംവിധാനവും വിഭവസമാഹരണവും അപ്പാടെ ഉടച്ചുവാര്‍ക്കുക.

4. ജനകീയതാല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനി ധികളെ ജനഹിതപരിശോധനയിലൂടെ തിരിച്ചുവിളിക്കാനുള്ള ജനാധിപത്യ അവകാശം ഉറപ്പുവരുത്തുക.


5. സംസ്ഥാന സിവില്‍സര്‍വ്വീസിനെ ജനകീയനിയന്ത്രണത്തില്‍ കൊണ്ടുവരാ നുള്ള സത്വര നടപടികള്‍ കൈകൊള്ളുക. ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയും അവസാനിപ്പിക്കുക. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും അവരെ യഥാര്‍ത്ഥ ജനസേവകരാക്കുകയും ചെയ്യുക.

സാമ്പത്തികനയം

6. നവഉദാര-കോര്‍പ്പറേറ്റ ് വല്‍ക്കരണ സാമ്പത്തികനയങ്ങള്‍ അവസാനിപ്പിക്കുക. വിദേശഏജന്‍സികളിലും കേന്ദ്രസര്‍ക്കാരിലുമുള്ള സംസ്ഥാനത്തിന്റെ ആശ്രിതത്വം അവസാനിപ്പിക്കുക. സംസ്ഥാനത്തിന്റെ തനതും ആഭ്യന്തരവുമായ വിഭവസമാഹരണത്തിലും ജനങ്ങളുടെ ക്രയശേഷിയിലും ഊന്നുന്ന സ്വാശ്രിതമായ സാമ്പത്തികഘടന കെട്ടിപ്പടു ക്കുവാന്‍ ശ്രമിക്കുക. കോര്‍പ്പറേറ്റ്-ഊഹമൂലധന ശക്തികളുടെ എല്ലാതല ങ്ങളിലുമുള്ള സ്വാധീനം ഇല്ലാതാക്കുക. എല്ലാരംഗത്തും ശക്തിപ്പെട്ടിട്ടുള്ള സ്വകാര്യവല്‍ക്കരണ പ്രക്രിയ അവസാനിപ്പിച്ച് സമ്പദ്ഘടനയുടെ എല്ലാതുറകളിലും പൊതു-സാമൂഹ്യനിയന്ത്രണം കൊണ്ടുവരിക. ജനാധി പത്യവും സ്വാശ്രിതവികസനവും ഉറപ്പാക്കുന്ന ജനകീയവികസന അജണ്ട ആവിഷ്‌ക്കരിച്ച് നടപ്പാക്കുക.

7. ഇതിന്റെ ഭാഗമായി, ഇന്ന് എല്ലാ തലങ്ങളിലും വ്യാപകമായിക്ക ഴിഞ്ഞിട്ടുള്ള അഴിമതി തുടച്ചുനീക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരി ക്കുക. ജനകീയഭിലാഷത്തെ കണക്കിലെടുത്തുകൊണ്ട് അഴിമതി നിര്‍മ്മാര്‍ ജ്ജന സംവിധാനങ്ങള്‍ കൊണ്ടുവരിക.


കാര്‍ഷികമേഖല

8. ഭൂമിയും കൃഷിയും അനുബന്ധമേഖലകളും പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ കൊണ്ടുവരിക. കൃഷിഭൂമി മണ്ണില്‍ പണി യെടുക്കുന്നവര്‍ക്ക് എന്നതിന്റെ അടിസ്ഥാനത്തില്‍ ഭൂബന്ധങ്ങള്‍ പുരോഗമനപരമായി പൊളിച്ചെഴുതും. സംസ്ഥാനത്തിന്റെ സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസൃതമായി കൃഷി മുഖ്യജീവിതോപാധി യായിട്ടുള്ള വര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകമായ ഭൂപരിധി നിശ്ചയിക്കും. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനൊപ്പം പാര്‍പ്പിടരാഹിത്യവും പരിഹരിക്കും.

9. കൊളോണിയലിസത്തിന്റെ തുടര്‍ച്ചയായി ഇന്നും ഭൂമാഫിയകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍വ രുന്ന ഭൂമി പിടിച്ചെടുത്ത് ജനകീയതാല്പര്യത്തിന് വിനിയോഗിക്കുക. എല്ലാ നിമവിരുദ്ധ കൈയ്യേറ്റങ്ങളും അവസാനിപ്പിക്കുക. മത-ജാതിശ ക്തികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവക്കും ഭൂപരിധിനിയമങ്ങള്‍ ബാധകമാക്കുക.


10. കേരളത്തിന്റെ ആവാസവ്യവസ്ഥക്കും സാമൂഹ്യാവശ്യങ്ങള്‍ക്കും ഭക്ഷ്യസുരക്ഷയ്ക്കും ഉതകുന്ന ശാസ്ത്രീയ ഭൂവിനിയോഗം നടപ്പാക്കുക. നെല്‍കൃഷിയെയും ഭക്ഷ്യവിളകളെയും പ്രോത്സാഹിപ്പിക്കുക. കൃഷിഭൂമി, പ്രത്യേകിച്ച് നെല്‍വയലുകള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗി ക്കുന്നത് തടയുക.

11. സമഗ്രമായ കാര്‍ഷികനയത്തിന്റെ അടിസ്ഥാനത്തില്‍ റബര്‍ അടക്ക മുള്ള നാണ്യവിളകൃഷി അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുക. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ വ്യാവസായികാവശ്യങ്ങളും കൃഷിയും വ്യവസായങ്ങളും തമ്മിലുള്ള പരസ്പരബന്ധവും കണക്കിലെടുക്കുക. കയറ്റുമതിയധിഷ്ഠിതകൃഷി നിരുത്സാഹപ്പെടുത്തുക.


12. വിത്ത്, വളം അടക്കമുള്ള മുഴുവന്‍ കാര്‍ഷികനിവേശങ്ങളുടെയും മേലുള്ള കോര്‍പ്പറേറ്റ് നിയനത്രണം അവസാനിപ്പിച്ച് കര്‍ശഷകരുടെ അവകാശം ഉറപ്പുവരുത്തുക. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പ്രയോഗം നിരോധിക്കുക. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുക. എന്‍ഡോസള്‍ഫാന്‍ പോലുള്ള വിഷപ്രയോഗങ്ങള്‍ അവസാനിപ്പിക്കുകയും അവയുടെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുകയും ചെയ്യുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക.

13. കാര്‍ഷികസംബദ്‌സികളും താങ്ങുവിലകളും വായ്പാപദ്ധതികളും വിള ഇന്‍ഷുറന്‍സും അടക്കം സമഗ്രമായ നഷ്ടപരിഹാര-പുനരധിവാ സപദ്ധതികള്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കുക.


പരിസ്ഥിതിസംരക്ഷണം

14. കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്കനുസൃതമായ സമഗ്രപരിസ്ഥി തിനയം ആവിഷ്‌ക്കരിച്ചുനടപ്പാക്കുക. വനം, പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍, തണ്ണീര്‍തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, പൊതുആവശ്യ ത്തിനാ യുള്ള ഇടങ്ങള്‍, വിനോദം, കായികം, വിദ്യാഭ്യാസം, ആശുപത്രികള്‍ വ്യവസായം തുടങ്ങിയവക്കാവശ്യമായ ഭൂമി അടയാളപ്പെടുത്തി സംരക്ഷിക്കുക.

15. മുല്ലപ്പെരിയാര്‍ അടക്കം അയല്‍സംസ്ഥാനങ്ങളുമായുള്ള തര്‍ക്കവിഷയ ങ്ങള്‍ക്ക് ജനകീയതാല്പര്യങ്ങളിലൂന്നുന്ന ശാസ്ത്രീയപരിഹാരം കണ്ടെ ത്തുക. ആതിരപ്പള്ളി പോലുള്ള പദ്ധതികള്‍ ഉപേക്ഷിക്കുക.


16. കുടിവെള്ളമടക്കമുള്ള ജീവന്റെ നിലനില്‍പ്പിനാവശ്യമായ വിഭവങ്ങ ളുടെ മേല്‍ എല്ലാവര്‍ക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും കച്ചവടതാല്പര്യങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക.

ആദിവാസിസംരക്ഷണം

17. വയനാട്, അട്ടപ്പാടി അടക്കം ആദിവാസിഭൂരിപക്ഷമേഖലകളില്‍ സ്വയം ഭരണവും ആദിവാസിഭൂസംരക്ഷണവും ഉറപ്പാക്കുക. ആവശ്യമായ പുതിയ നിയമനിര്‍മാണം നടത്തുക. ആദിവാസികളുടെ തൊഴില്‍, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം ഭാഷ തുടങ്ങിയവ സംരക്ഷിക്കുന്ന തിന് നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളുക.

വ്യവസായികമേഖല
18. ദേശീയവും സ്വാശ്രിതവും ജനപക്ഷപരവുമായ അഖിലേന്ത്യാ വ്യവസായനയത്തിന്റെ ഭാഗമായി കേരളത്തിന്റെ പരിസ്ഥിതിക്കും സാമൂഹ്യാവശ്യങ്ങള്‍ക്കും ഉതകുന്നതരത്തില്‍ വന്‍കിട, ഇടത്തരം, ചെറുകിടവ്യവസായങ്ങളെ കണ്ണിചേര്‍ക്കുന്നതും കാര്‍ഷികസേവന മേഖലകളുമായി ശാസ്ത്രീയബന്ധം സ്ഥാപിക്കുന്നതുമായ വ്യവസായനയം ആവിഷ്‌ക്കരിക്കുക.

19. ജനങ്ങളെ ആവാസവ്യവസ്ഥയില്‍ നിന്നും കുടിയൊഴിപ്പിക്കാത്തതും നഗരവല്‍ക്കരണത്തിന്റെയും മലിനീകരണത്തിന്റെയും വിപത്തുകള്‍ ഒഴിവാക്കുന്നതുമായ വ്യവസായങ്ങള്‍ക്കുമാത്രമേ ഊന്നല്‍നല്‍കാനാവൂ.


20. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സ്വകാര്യവല്‍ക്കരണത്തെ നിരുത്സാഹപ്പെടുത്തുന്നതുമായ പൊതുമേഖലാവ്യവസായങ്ങളെയാണ് ശക്തിപ്പെടുത്തേണ്ടത് വൈവിദ്ധ്യവല്‍ക്കരണവും വികേന്ദ്രീകരണവും തൊഴില്‍ സാന്ദ്രതയും വ്യവസായത്തിന്റെ മുഖമുദ്രയാകണം.

21. തൊഴിലാളികളുടെ തൊഴിലും സേവന-വേതന വ്യവസ്ഥകളും സംരക്ഷിക്കുകയും കരാര്‍ തൊഴില്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന തരത്തിലാകണം വ്യവസായങ്ങള്‍ നിലനിര്‍ത്തേണ്ടത്.


22. നാട്ടില്‍ ലഭ്യമാകുന്ന വ്യവസായിക അസംസ്‌കൃത വസ്തുക്കളിലൂ ന്നുന്നതും കാര്‍ഷികാനുബന്ധ-പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹി പ്പിക്കുന്നതുമായ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക. ഇതിനാവശ്യമായ ഗവേഷണവും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക.

ഊര്‍ജ്ജനയം

23. എല്ലാ രംഗങ്ങളിലും ജനകീയഊര്‍ജ്ജ നയത്തിന് രൂപം നല്‍കുക. സൗരോര്‍ജ്ജം, വായു, തിരമാല, പരിസ്ഥിതിക്ക് ഒരുതരത്തിലും കോട്ടം തട്ടാത്ത ലഘുജലവൈദ്ധ്യുതപദ്ധതികള്‍ അടക്കം വികേന്ദ്രീകൃതവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ പാരമ്പര്യേതര ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ തേടുക. ആതിരപ്പള്ളിപോലുള്ള പരിസ്ഥിതി വിനാശം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കു ള്ള നീക്കങ്ങള്‍ക്കു തടയിടുക.

24. ഊര്‍ജ്ജ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്ന ഉപഭോഗസംസ്‌ക്കാരത്തെയും ജീവിതരീതികളെയും നിരുത്സാഹപ്പെടുത്തുക. ആണവോര്‍ജ്ജത്തിനായുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളിക്കളയുക.


സാമൂഹ്യസേവനങ്ങളും പൊതുവിതരണവും

25. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ജീവിക്കാനാവശ്യമായ കൂലിയോടുകൂടിയ തൊഴില്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തുക. സ്റ്റാറ്റിയൂട്ടറി റേഷനടക്കം പൊതുവിതരണസമ്പ്രദായം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുക.

26. ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും മേലുള്ള കമ്പോളശക്തികളുടെ നിയന്ത്രണം അവസാനിപ്പിക്കുക. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും അവസാനിപ്പിക്കുക.


27. വിദ്യാഭ്യാസരംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരണവും കച്ചവടവല്‍ക്ക രണവും നിര്‍ത്തലാക്കുക. വിദ്യാഭ്യാസരംഗത്തെ മതജാതി ഇടപെടല്‍ അവസാനിപ്പിക്കുക. ശാസ്ത്രീയവും മതേതരവും ജനാധിപത്യപരവും മാതൃഭാഷയില്‍ അധിഷ്ഠിതവുമായ വിദ്യാഭ്യാസം സെക്കന്ററിതലം വരെ സൗജന്യവും സാര്‍വത്രികമാക്കുക.

28. പഞ്ചായത്തുതലത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആരോഗ്യ ചികിത്സാ സംവിധാ നങ്ങള്‍ പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരിക. ആരോഗ്യ ചികിത്സാ രംഗത്തുനിന്നും ബഹുരാഷ്ട്രമരുന്നു കുത്തകകളെയും കോര്‍പ്പറേറ്റ്-സ്വകാര്യശക്തികളെയും ആട്ടിയോടിക്കുക. വിവിധ ചികിത്സാരീതികളെ ഏകോപിപിച്ച് ശാസ്ത്രീയവും സമഗ്രവുമായ മെഡിക്കല്‍ സംവിധാനം ആവിഷ്‌ക്കരിക്കുകയും രോഗപ്രതിരോധത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുക.


29. ഒരു കുടുംബത്തിന് ഒരുവീട് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുംവിധം പാര്‍പ്പിടനയം ആവിഷ്‌ക്ക രിക്കുക. ആഡംഭരഭവനനിര്‍മ്മാണത്തെ നിരുത്സാഹപ്പെടു ത്തുകയും ചെലവുകുറഞ്ഞതും നാടന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതുമായ വീടുനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക. കല്ല്, മണല്‍, തടി തുടങ്ങിയ പരിസ്ഥിതിവിനാശത്തിനുകാരണമായ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക. 

30. ചെലവുകുറഞ്ഞ വൈദ്യുതിയും പാചകഇന്ധനവും എല്ലാവര്‍ക്കും ഉറപ്പുവരുത്തുക.