"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

വൈക്കം സത്യഗ്രഹം ചതിയുടെ ചരിത്രം തന്നെ - രാജഗോപല്‍ വാകത്താനം


603 ദിവസങ്ങള്‍ നീണ്ടുനിന്ന വൈക്കം സത്യഗ്രഹത്തെപ്പറ്റി ഒട്ടധികം പഠനങ്ങളും വ്യാഖ്യാനങ്ങളും നടന്നിട്ടുണ്ടെങ്കിലും അത് എന്തിനു വേണ്ടിയുള്ള സമരമായിരുന്നു എന്ന് അത്തരക്കാര്‍ അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടില്ല. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയോ, അയിത്തത്തിനെതിരായോ, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയോ. എന്തിനാ യിരുന്നു ആ സമരം കോണ്‍ഗ്രസിനായിരുന്നോ എസ്.എന്‍.ഡി.പി. യോഗത്തിനായിരുന്നോ ദലിതര്‍ക്കായിരുന്നോ സമരത്തിന്റെ നേതൃത്വം. സ്തുതി പാഠകരുടെ ആത്മനിഷ്ഠചരിത്രത്തിനയുടെത്തേക്ക് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തുമ്പോള്‍ ഇതൊക്കെയും അര്‍ത്ഥശൂന്യ മാണെന്നു വ്യക്തമാക്കുമെന്നു മാത്രമല്ല, ചരിത്രത്തിലെ ഒരു കൊടുംചതി യായിരുന്നു വൈക്കം സത്യഗ്രഹമെന്നും വ്യക്തമാകും.

വഴിനടക്കാനുള്ള സമരമല്ല

1924 ല്‍ വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതിനും 26 വര്‍ഷം മുമ്പ് 1898 ല്‍ വില്ലുവണ്ടിയില്‍ വെങ്ങാന്ത രില്‍നിന്ന് അയ്യങ്കാളിനടത്തിയ സമര ത്തോടെ ദലിതര്‍ വഴിപിടിച്ചെടുത്തു കഴിഞ്ഞിരുന്നു. ടി.കെ. മാധവന്‍ 1920 ല്‍ വൈക്കത്തെ റോഡിലൂടെ ഒറ്റയ്ക്കു നടക്കുകയും തുടര്‍ന്ന് സത്യവ്രതന്‍, അയ്യപ്പന്‍ കെ.കെ. മാധവന്‍ എന്നിവര്‍ തീണ്ടല്‍ പലക മറികടന്നു പോവുകയും ചെയ്തു. 1909 ഏപ്രില്‍ മാസത്തില്‍ കൊച്ചി യിലെ വഴിയിലൂടെ കൃഷ്ണാതി ആശാന്റെ നേതൃത്വത്തില്‍ ഒരു 'ജാഥ' കെ.പി. കറുപ്പിന്റെ ആസൂത്രണത്തില്‍ നടക്കുകയുണ്ടായി.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വൈക്കം ക്ഷേത്രത്തിനടുത്ത തെരുവി ലൂടെ അവര്‍ണ്ണര്‍ നടന്നതിന്റെ പേരില്‍ വേലുത്തമ്പി ദളവ എന്ന തിരു വിതാം കൂറിലെ നീചനായ മന്ത്രിയുടെ കിങ്കരന്മാര്‍ അവരെ വെട്ടിക്കൊന്ന് ക്ഷേത്രത്തിനടുത്തുള്ള ഒരു കുളത്തിലിട്ടു മൂടി ഈ കുളമാണ് പിന്നീടും ദളവാക്കുളം എന്ന് അറിയപ്പെട്ടത്. അതിനും മുമ്പ്, ക്ഷേത്രക്കളത്തിലിറങ്ങി കുളിച്ചതിന്റെ പേരില്‍ മാര്‍ത്താണ്ഡവര്‍മ്മുടെ ആജ്ഞപ്രകാരം തലയറു ക്കപ്പെട്ട ദളിതരുടെ ചരിത്രവും വൈക്കത്തിനുണ്ട്.

വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള വഴിയിലൂടെ, പടിഞ്ഞാറെ നടയിലെ തീണ്ടല്‍പലക മറികടന്നതിനാണ് പുലയനായ കുഞ്ഞാപ്പിയും, തീയനായ ബാഹുലേയനും, നായരായ ഗോവിന്ദപണിക്കരും അറസ്റ്റുചെയ്യപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും എന്നാല്‍ ഈ വഴികള്‍ സര്‍ക്കാര്‍ വകയായിരുന്നു. അമ്പലം മാത്രമായിരുന്നു ഇണ്ടംതുരുത്തി മനയുടെ വകയായിരുന്നത് പൊതുവഴിയെ സഞ്ചരിക്കുന്നത് എങ്ങനെയാണ് ശിക്ഷാര്‍ഹമാക്കുന്നത്. 1885 ല്‍ മദ്രാസ് ഹൈക്കോടതിയിലെത്തിയ ഒരു കേസിലാണ് ജസ്റ്റിന് മുത്തുസ്വാമി എന്ന ബ്രാഹ്മണന്‍ 'താന്ത്രികമായ അശുദ്ധി' എന്നു വ്യാഖ്യാ നിച്ച് ശിക്ഷിച്ചത് അതിന്റെ മറപ്പറ്റിയാണ് അയിത്തപ്പലക മറികടന്നവരെ ശിക്ഷിച്ചു കൊണ്ടിരുന്നത്. അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമുണ്ടാ യിരുന്നില്ലല്ലോ. അയിത്തത്തിന്റെ പേരില്‍ വഴിനടന്നവരെ ശിക്ഷിക്കു മ്പോള്‍ സര്‍ക്കാര്‍ പണംമുടക്കി പണിത വഴി തടയുന്നത് കുറ്റകരമാ യിരുന്നില്ല!

ക്ഷേത്രപ്രവേശന സമരമോ? 

വൈക്കം സത്യഗ്രഹം പോയിട്ട് മറ്റു നവോത്ഥാന സമരങ്ങള്‍ ഒന്നും തന്നെ അയിത്തജനതയുടെ ക്ഷേത്രപ്രവേശനം ലക്ഷ്യമാക്കിയായിരുന്നില്ല. നാരാ യണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ പോലും ക്ഷേത്രാരാധന ലക്ഷ്യമാക്കിയായിരുന്നില്ല. അയ്യങ്കാളി മതഭക്തന്‍ പോലുമായിരുന്നില്ല. ബ്രഹ്മാനന്ദശിവയോഗി വിഗ്രഹാരാധനയെ എതിര്‍ത്തിരുന്നു. സഹോദരന്‍ അയ്യപ്പന്റേത് ജാതി/മത നശീകരണ സമരങ്ങളായിരുന്നു. പണ്ഡിറ്റ് കറുപ്പന്റെയും വാഗ്ഭടാനന്ദന്റെയും ലക്ഷ്യം അതുതന്നെയായിരുന്നു. വി.ടി. ഭട്ടതിരിപ്പാട് നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള സമരങ്ങളാണു ചെയ്തത്. പൊയ്കയില്‍ കുമാര ഗുരുവിന്റെ ലക്ഷ്യം അടിമ വിമോചന മായിരുന്നു. ഇവിധ സമരങ്ങളുടെയൊക്കെ ലക്ഷ്യം മനുഷ്യന്റെ ആത്മാഭി മാനമായിരുന്നു. അയിത്തവും അടിമത്തവും തച്ചുടയ്ക്കാനുള്ള പോരാട്ട ങ്ങളായിരുന്നു. തങ്ങളെ നോക്കാത്ത ദൈവത്തെ തൊഴാനുള്ള യാതൊരു വ്യഗ്രതയും കേരള നവോത്ഥാന സമരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

വൈക്കം സത്യഗ്രഹത്തിനു 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്. ഈ സമരം അതിനു കാരണമായിരുന്നിരിക്കാം. പക്ഷേ ക്ഷേത്രപ്രവേശന വിളംബരം സവര്‍ണ്ണരുടെ മറ്റൊരു ശുഢാലോചന യും അയിത്തജാതിക്കുമേലുള്ള നിയമപരമായ ആധപത്യവുമായിരുന്നു. സമരത്തിലെ ഒരു നായകരും അയിത്തക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടിക്കുന്നില്ല.

മനുഷ്യാവകാശപോരാട്ടം
നായും പന്നിയും നടക്കുന്നതെരുവുകളില്‍ നമുക്കു നടക്കാന്‍ കഴിയണം എന്നതല്ല സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം. പൊതു ജീവിതത്തില്‍ മനുഷ്യര്‍ക്കിടയില്‍ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലാ ഇ.വി. രാമസ്വാമി നായ്ക്കര്‍ സമര ലക്ഷ്യത്തെ അപ്രകാരമാണ് പ്രസ്താവിക്കുന്നത്.

ജാതി ജ** വാഴ്ചയ്‌തെതിരെ തിരുവിതാംകൂര്‍ ഇളകിമറിഞ്ഞ കാലമാ യിരുന്നു അത് നാരായണ ഗുരു അയ്യങ്കാളി, ഗിവയോഗി, സഹോദരന്‍, പൊയ്കയില്‍ പ്രസ്ഥാനങ്ങളും ഒട്ടനവധി നവോത്ഥാന നായകരും തെരുവുകളില്‍ സജീവമായിരുന്ന നാള്‍വഴികള്‍ ബ്രിട്ടീഷധികാരത്തില്‍ കീഴില്‍ ക്രൈസ്തവമിഷനറിമാരുടെ മതപരിവര്‍ത്തനം ശക്തമായിരുന്ന കാലം ഹിന്ദുമതം നശിക്കാതെ ഇന്ത്യനന്നാവുകയില്ല എന്നു പ്രഖ്യാപിച്ച സഹോദരന്റെ കാലമായിരുന്നു. അമ്പലങ്ങള്‍ക്കു തീ കൊളുത്താന്‍ വി.ടി. ആവശ്യപ്പെട്ട കാലമായിരുന്നു.ബുദ്ധമതത്തിലേക്ക് അയിത്ത ജാതികള്‍ മതംമാറണമെന്ന് സി. കൃഷ്ണന്‍ വാദിച്ച സമയമായിരുന്നു. പക്ഷേ നവോത്ഥാനത്തിന്റെ ലക്ഷ്യം മതത്തിനുപകരം മാനവികതയെ സ്ഥാപിക്ക ലായിരുന്നു. അതുകൊണ്ടുതന്നെ വൈക്കം സത്യഗ്രഹം മനുഷ്യസമത്വ ത്തിനും അയിത്ത ജനതയുടെ ആത്മാഭിമാന പ്രഖ്യാപനത്തിനും വേണ്ടി യുള്ള പോരാട്ടമായിരുന്നു. അതിനെ തകര്‍ക്കുകയാണ് കോണ്‍ഗ്രസും ഗാന്ധിജിയും ചെയ്തത്.

എസ്.എന്‍.ഡി.പി. യോഗത്തിനെന്തു പങ്ക്
സംഘടനാപരമായി എസ്.എന്‍.ഡി.പി. യോഗത്തിന് വൈക്കം സത്യഗ്രഹ ത്തില്‍ യാതൊരു പങ്കുമില്ല. ടി കെ. മാധവന്‍ യോഗത്തിന്റെ ഓര്‍ഗ നൈസിങ്ങ് സെക്രട്ടറിയായിരുന്നു. നാരായണഗുരു 1100 കന്നി 12 ന് സ്ഥലം സന്ദശിക്കുകയും ആയിരം രൂപ സംഭാവന നല്‍കുകയുമുണ്ടായി. ഇത്രയും ശരിയാണ്. പക്ഷേ അതുകൊണ്ട് സമരം എസ്.എന്‍.ഡി.പി യോഗത്തിന്റെ വകയാവുകയില്ലല്ലോ. അന്നുയോഗം സെക്രട്ടറിയായിരുന്ന സി.വി. കുഞ്ഞുരാമനോ, മുന്‍ സെക്രട്ടറിയായിരുന്ന സഹോദരനോ, സി. കേശവനോ, യോഗത്തിന്റെ പ്രണേതാവായിരുന്ന ഡോ. പല്പുവോ ഒന്നും വൈക്കത്തേക്കു തിരിഞ്ഞു നോക്കിയില്ല. യോഗം വൈക്കം സത്യഗ്ര ഹത്തിനു പിന്തുണ പ്രഖ്യാപിച്ചതായി രേഖയുമില്ല ടി.കെ. മാധവന്‍ ജയിലില്‍ അട യ്ക്കപ്പെട്ടിട്ടും യോഗ നേതൃത്വം പ്രതീഷേധിച്ചതായി അറിവില്ല.

വൈക്കം സത്യാഗ്രഹത്തിന്റെ നായകര്‍ കേളപ്പജി, കെ.പി. കേശവ മേനോന്‍, മന്നത്തുപത്മനാഭന്‍ ജോര്‍ജ്ജ് മാത്തന്‍, പെരിയോര്‍ ഇ.വി. രാമസ്വാമി, താരാസിജ് തുടങ്ങിയവരായിരുന്നു. ഇവരൊന്നും എസ്.എന്‍. ഡി.പി.യോഗാംഗങ്ങളായിരുന്നു വെന്ന് ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല.

കോണ്‍ഗ്രസിനെന്തു കാര്യം
1923 ലെ കാക്കിനഡ സമ്മേളനത്തില്‍ ടി.കെ. മാധവന്‍ പങ്കെടുത്തത് കോണ്‍ഗ്രസുകാരനായിരുന്നിട്ടല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ഇന്ത്യയിലെ അയിത്തമുള്ള ജാതിക്കാര്‍ക്കു വേണ്ടി ചെയ്യുന്ന ഒരപേക്ഷ എന്ന തലക്കെട്ടോടെ ടി. കെ. മാധവന്‍ വിഷയനിര്‍ണണയ കമ്മിറ്റിക്കു മുമ്പാകെ ഒരു പ്രമേയം അവതരിപ്പിച്ചു കോണ്‍ഗ്രസ് തത്വത്തില്‍ അയിത്തോച്ഛാടനം ഒരു പരിപാടിയായി അഗീകരിച്ചു. പക്ഷേ ഒന്നും ചെയ്തില്ല.

1924 ജനുവരിയില്‍ എറണാകുളത്തു ചേര്‍ന്ന സമ്മേളനം അയിത്തോച്ചാ ടനത്തെ അംഗീകരിക്കുകയും, ടി.കെ. മാധവന്‍, കേളപ്പന്‍, ശങ്കരന്‍ നമ്പൂതി രിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, എണ്ണന്തോടത്തു വേലായുധ മേനോന്‍ എന്നിവരെ കമ്മിറ്റിയായും തിരഞ്ഞെടുത്തു. പ്രചാരണ കമ്മിറ്റിയിലേക്ക് കെ.പി. കേശവമേനോന്‍, ഏ.കെ. പിള്ള, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി എന്നിവരേയും ഉള്‍പ്പെടുത്തി പക്ഷേ ഒരു കോണ്‍ഗ്രസ് പരിപാടിയായി അതുമുന്നോട്ടു പോയില്ല. അയിത്തത്തോടുള്ള കോണ്‍ഗ്രസിന്റെ നയം അയിത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നാ യിരുന്നില്ല. മറിച്ച് അയിത്തജനതയും സവര്‍ണ്ണരും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ അയിത്തക്കാര്‍ക്കും മാത്രമായി ചില സൗകര്യങ്ങള്‍ ഒരുക്കുക എന്നതു മാത്രമായിരുന്നു. കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ അവര്‍ണ്ണര്‍ക്കും സവര്‍ണ്ണക്കും വവ്വേറെയാണ് വെച്ചുവിളമ്പിയിരുന്നത് അയിത്തവിരുദ്ധ നിലപാടുണ്ടായിരുന്നുമെങ്കില്‍ ആദ്യം നിര്‍ത്തേണ്ടത് അതായിരുന്നു.

വൈക്കം സത്യഗ്രഹം കോണ്‍ഗ്രസ് നടത്തിയതാണെങ്കില്‍ എന്തുകൊണ്ട് അത് സ്വാതന്ത്ര്യസമരചരിത്രത്തില്‍ വന്നില്ല? മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് കമ്മിറ്റി കളായിരുന്നില്ല തുടര്‍സമരങ്ങള്‍ നടത്തിയത് വൈക്കം സത്യഗ്രഹത്തിനു മുമ്പോ പിമ്പോ കോണ്‍ഗ്രസ് ജാതിവിരുദ്ധ നിലപാടില്‍ നിന്നു കൊണ്ടാരു സമരവും നടത്തിയിട്ടില്ല. അരനൂറ്റാണ്ടോളം അവര്‍ ഇന്ത്യ ഭരിച്ചിട്ടും അയിത്തത്തിനെതിരെ എന്തു നടപടിയെടുത്തു. ഇതിനൊന്നും ഉത്തരമില്ലെന്നിരിക്കെ വൈക്കം സത്യഗ്രഹംമാത്രം കോണ്‍ഗ്രസ് അക്കൗണ്ടില്‍ വരുന്നതെങ്ങനെയാണ്.

സത്യത്തില്‍ അത്യധികം ശക്തിയായി അലയടിച്ചുയരേണ്ടിയിരുന്ന ഒരു പ്രക്ഷോഭണത്തെ സത്യഗ്രഹത്തില്‍ തളച്ചിടുകയായിരുന്നു കേളപ്പനും കേശവമേനോനുമൊക്കെ ചെയ്തത്. 1924 ഫെബ്രുവരി 29 നു നടന്ന ഒരു മഹാസമ്മേളനത്തില്‍ നിഷേധിക്കപ്പെട്ട മഴിയിലൂടെ ജാഥയുണ്ടാ കുമെന്ന് കേശവമേനോന്‍ പ്രസംഗിച്ചപ്പോള്‍ അയ്യായിരത്തോളം വരുന്ന സദസ്യര്‍ ഒന്നടങ്കം അതിനു തയ്യാറായി. അന്നു ജാഥനടത്തിയില്ലെന്നു മാത്രമല്ല, രാത്രിയില്‍ സ്ഥലം മജിസ്‌ട്രേറ്റും തഹസില്‍ദാരും ഇന്‍സ്‌പെക്ടറും മേനോനെ കാണുകയും, അതേ തുടര്‍ന്ന് കേശവമേനോന്‍ ഏകപക്ഷിയ മായി ജാഥപിന്‍ വലിക്കുകയുമാണുണ്ടായത്. ഈ കോണ്‍ഗ്രസിന് വൈക്കം സത്യഗ്രഹത്തിന്റെ പിതൃത്വം ഏററെടുക്കാന്‍ എന്താണവകാശം?

ഇ.വി.ആര്‍. എന്ന നായകന്‍

സമരത്തിന്റെ ഒന്നാം ദിവസം നിരോധിത വഴിയിലൂടെ അയിത്ത പലകലംഘിച്ചു മാര്‍ച്ചു ചെയ്ത കുഞ്ഞാപ്പിയും, ബാഹുലേയനും ഗോവിന്ദപണിക്കരും അറസ്റ്റുവരിച്ചു. ഇളകിയെത്തിയ സവര്‍ണ്ണപട ചുണ്ണാമ്പുകലക്കിയൊഴിച്ചത് അമച്ചാടി തുരുത്തില്‍ കണ്ണന്‍ തേവന്റെയും നാരായണന്‍ നായരുടെയും കണ്ണുകളിലാണ്. പിന്നീടും ഓരോ ദിവസവും ഓരോസംഘം മാര്‍ച്ചു നടത്തി അറസ്റ്റുവരിച്ചു.

ബഹുജന പിന്തുണ വര്‍ദ്ധിച്ചതോടെ മന്നത്തുപത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ സമരപങ്കാളികളായി. എന്നാല്‍ സമരം സ്‌ഫോടനാത്മകമായത് ഈ.വി. രാമസ്വാമി നായ്ക്കരുടെ രംഗ പ്രവേശനത്തോടെയാണ്. ഒപ്പം പഞ്ചാബില്‍ നിന്ന് താരാസിങ്ങും, സ്വാമി സിതാരാനന്ദയുടെ നേതൃത്വത്തില്‍ അമ്പതോളം അകാലികളും രംഗത്തെത്തി. ഇവര്‍ സാമ്പത്തിക സഹായത്തോടൊപ്പം സത്യഗ്രഹിള്‍ക്കാ യി കാന്റീനും ആരംഭിച്ചു.

സമരം രൂക്ഷമായതോടെ പോലീസ് സഹായത്തോടെ സവര്‍ണപട ആക്രമങ്ങളും നടത്തി ചിറ്റേടത്തുശങ്കുപ്പിള്ളയേയും രാമനിളയതിനെയും മര്‍ദ്ദിച്ച് അവശരാക്കി കണ്ണില്‍ ചുണ്ണാമ്പെഴുതി ഇ.വി. ആറിനെ അനുഗമിച്ച മുത്തുസ്വാമിയെ ആക്രമിച്ചു വീഴ്ത്തി. വളണ്ടിയര്‍ ക്യാപ്റ്റന്‍ ശിവശൈലത്തെ ഇഷ്ടികയ്ക്കിടിച്ചു. കെ.പി. കേശവപിള്ളയെ മര്‍ദ്ദിച്ചു ചോരഛര്‍ദ്ദിപ്പിച്ചു കുഞ്ഞികൃഷ്ണപിള്ള, മാര്‍ത്താണ്ഡന്‍, കുമാരപിള്ള തുടങ്ങിയ വരെ ഗുരുതരാവസ്ഥയിലെത്തിച്ചു. സത്യഗ്രഹികളുടെ വഴിയില്‍ ഞെരിഞ്ഞില്‍ വിതറി. പലരെയും ആക്രമിച്ച് വൃഷണങ്ങള്‍ ഉടച്ചു. ഇതെല്ലാം പോലീസ് സഹായത്തോടെയാണ് നടന്നത്. എന്നിട്ടും സമരം മുന്നേറി. 99 ലെ ഭീതിദമായ വെള്ളപ്പൊക്കത്തില്‍ നെഞ്ചറ്റം വെള്ളത്തില്‍ നിന്നും സമരം തുടര്‍ന്നു. മന്നത്തു പത്മനാഭന്‍ തിരുവനന്ത പുരത്തേക്കു നടത്തിയ സവര്‍ണ്ണജാഥ സത്യഗ്രഹത്തെ ശക്തിപ്പെടുത്തി.

കേശവമേനോന്‍, മാധവന്‍, ജോര്‍ജ്ജ് ജോസഫ് തുടങ്ങി 19 പേര്‍ ജയിലിലായതോടെ സമര നേതൃത്വത്തില്‍ ആളില്ലാതെ വന്നതോടെയാണ് ഇ.വി. ആറിന് കത്തെഴുതി അദ്ദേഹത്തെ വൈക്കത്തേക്കുവരുത്തിയത്. അന്ന് അയിത്ത വിരുദ്ധ പ്രക്ഷേഭണങ്ങളില്‍ തമിഴ് നാടിനെ ഇളക്കി മറിക്കുകയായിരുന്നു പെരിയോര്‍ എന്നുവിളിക്കപ്പെട്ട യുക്തിവാദി രാമസ്വാമി അദ്ദേഹം 1924 ഏപ്രില്‍ 13 ന് വൈക്കത്തെത്തി.

രാജാവുമായി സൗഹൃദത്തിലായിരുന്ന ഇ.വി.ആര്‍. വൈക്കത്തു വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ നിന്നത് പോലീസ് കമ്മീഷണറും തഹസില്‍ദാറുമൊക്കെയാണ്. അയിത്തക്കാര്‍ തൊട്ടാല്‍ മലിനമാകുന്ന ദൈവത്തെ വൈക്കത്തുകാര്‍ക്കുവേണ്ടെന്നും, അങ്ങനൊരു ദൈവത്തിന് ക്ഷേത്രത്തില്‍ കുടിയിരിക്കാന്‍ അവകാശമില്ലെന്നും, ആ വിഗ്രഹത്തെ തുണിയലക്കു കല്ലായി ഉപയോഗിക്കണമെന്നും സ്വതസിദ്ധമായ ശൈലി യില്‍ വൈക്കത്തെമ്പാടും നടന്ന പ്രസംഗിച്ചു സമരം ശക്തമായതോടെ, പത്താം നാള്‍ പി.സി. 26 പ്രഖ്യാപിച്ചു. (ഇന്നത്തെ 144നു തുല്യം) നിരോധനാജ്ഞ ലംഘിച്ച ഇ.വി. ആറിനെ അറസ്റ്റു ചെയ്തു തടവിലിട്ടു. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഭാര്യനാഗമ്മാരും സഹോദരി കണ്ണമ്മാരും സമരം തുടര്‍ന്നു.

രണ്ടു തവണ അറസ്റ്റു ചെയ്യപ്പെട്ട ഇ.വി. ആര്‍ സമരത്തില്‍ ആളെക്കു ട്ടുന്നതില്‍ മുഖ്യപങ്കു വഹിച്ചു. പ്രസംഗങ്ങള്‍ കേട്ടും ജനങ്ങള്‍ ഇളകി. പണവും ഭക്ഷ്യ ധാന്യങ്ങളും പന്തലിലേക്കും ഒഴുകിയെത്തി സമരം ശക്തമായതോടെ രാജഗോപാലാചാരി ഇ.വി. ആറിനെ തമിഴ്‌നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ പെരിയോര്‍ തയ്യാറായില്ല. ഒടുവില്‍ ഭരണകൂടം ചര്‍ച്ചയ്ക്കുതയ്യാറായി. റാണി ആവശ്യപ്പെട്ടത് ഇ.വി. ആറിനോടായിരുന്നു. ഈ ചര്‍ച്ച അട്ടിമറിച്ചത് രാജ ഗോപാലാചാരിയും ഗാന്ധിജിയും കൂടിയാണ്.

ഗാന്ധിജിയുടെ ചതി
ഇ.വി. ആറിനെതന്നെ ഉദ്ധരിക്കാം. എന്നോടു സംസാരിക്കാന്‍ റാണി തയ്യാറായി. പക്ഷേ ബ്രാഹ്മണവംശജനായ ദിവാന്‍ ഇടപെടുകയും എന്നോടു സംസാരിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. അതുകൊണ്ട് അവര്‍ രാജഗോപാലാചിരക്കെഴുതി. റാണി എന്നോടൊപ്പം ഉടമ്പടി സംഭാഷണത്തിലേര്‍പ്പെടുകയും പ്രശ്‌നപരിഹരിക്കപ്പെടുകയും ചെയ്താല്‍ വൈക്കം സമരവിജയത്തിന്റെ ഖ്യാതി എനിക്കു ലഭിക്കുമെന്ന് ബോദ്ധ്യ മുണ്ടായിരുന്ന രാജാജി തന്ത്രപൂര്‍വ്വം ഗാന്ധിജിയെ രംഗത്തു കൊണ്ടുവന്നു. ഗാന്ധിജിയോടൊപ്പം സന്ധി സംഭാഷണത്തിലേര്‍പ്പെടാന്‍ മഹാറാണിയെ ഉപദേശിച്ചത് രാജാജിയാണ്. ഈയൊരുകുതന്ത്രം നിമിത്തമാണ് ഗാന്ധിജി വൈക്കം പ്രക്ഷേഭണചരിത്രത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. പേരും പെരുമയും ആരുനേടുന്നു എന്നു ഞാന്‍ നോക്കിയില്ല.

ആടിനെ പട്ടിയാക്കുന്ന ചരിത്രമെഴുത്തുകാര്‍ തിരിച്ചറിയേണ്ടത് ഗാന്ധിജി വിജയിപ്പിച്ച വൈക്കം സത്യഗ്രഹത്തിന്റെ തനിസ്വരൂപമാണ്. അതിനായി സമരത്തിന്റെ നട്ടെല്ലായി നിന്ന ഇ.വി. ആറിനെ വരെ ചരിത്രഭ്രഷ്‌നാക്കി. പകരം ഗാന്ധിജി എന്ന മഹാത്ഭുതത്തെ വൈക്കത്തിന്റെ ഇതിഹാസ പുരുഷനാക്കി. യഥാര്‍ത്ഥത്തില്‍ ഗാന്ധിയുടെ റോള്‍ എന്തായിരുന്നു എന്ന് അറിയേണ്ടതുണ്ട്.

1925 മാര്‍ച്ച് 9 ന് ഗാന്ധിജി എത്തി. ക്ഷേത്രം അയിത്തക്കാര്‍ക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുകയില്ലെന്ന ഉറപ്പിന്മേല്‍ ക്ഷേത്ര ത്തിന് മുന്നിലുള്ള വഴി തുറന്നു കൊടുക്കാമെന്ന് ചര്‍ച്ചയില്‍ റാണിസ മ്മതിച്ചു. എന്നാല്‍ ഗാന്ധിജി അതിനേക്കാളും വലിയ അട്ടിമറിയാണ് നടത്തിയത്.

603 ദിവസം നീണ്ടു നിന്ന, പൗരാവകാശത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള ബഹുജന പോരാട്ടത്തെ ക്ഷേത്രപ്രവേശനമോ വഴിനടക്കലോ ആക്കിച്ചുരുക്കി ഹിന്ദുമതത്തിന്റെ ആഭ്യന്തരപ്രശ്‌നമായി പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുത്ത ത്യാഗധനരായ അഹിന്ദുക്കളോടും സമ രത്തില്‍ നിന്ന് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തോളം സമരരംഗത്തെ നേതൃനിരയില്‍ നിന്ന ജോര്‍ജ്ജ് ജോസഫ് കണ്ണീരോടെ വിടവാങ്ങി പിന്നീടദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയി മാത്തുണ്ണി, സെബാ സ്റ്റ്യന്‍ തുടങ്ങിയ വരും ഇങ്ങനെ പുറത്തായി. മാസങ്ങളോളം സത്യഗ്രഹ ഭടന്മാര്‍ക്ക് വെച്ചുവിളമ്പിയ അകാലികളെയും മടക്കി അയച്ചു. ചുരുക്ക ത്തില്‍ വൈക്കം സത്യഗ്രഹത്തെ ഹിന്ദുമത പ്രശ്‌നമാക്കി അട്ടിമറിക്കുക യായിരുന്നു. ഗാന്ധിജി.

അതിനുശേഷം ഗാന്ധിജി ക്ഷേത്രം ഊരാണ്മക്കാരുമായി നടത്തിയ ചര്‍ച്ച അങ്ങേയറ്റം അപമാനകരമായിരുന്നു. ക്ഷേത്രം ഊരാണ്മക്കാരന്‍ ക്ഷേത്ര ത്തിനു ചുറ്റുമുള്ള വഴികളുടെ ഉടമയാകുന്നതെങ്ങനെയാണെന്ന് ഗാന്ധിജി വിശദീകരിച്ചില്ല. ഗാന്ധിജിയെ കാണാന്‍ ദേവദത്തന്‍ നമ്പൂതിരി വന്നില്ല. കസേരയില്‍ ഉപവിഷ്ടനായ നമ്പൂതിരിയുമായി ഗാന്ധിജി സംസാരിച്ചത് എന്നു പറയുന്നു. ഗാന്ധിജി വൈശ്യനായിരുന്നല്ലോ (അതും ഹിന്ദുമത ത്തിന്റെ ആഭ്യന്തര പ്രശ്‌നമായിരിക്കും)

സ്മൃതികളും ശ്രുതികളും ഉദ്ധരിച്ചു അവര്‍ണ്ണന്റെ അയിത്തം മുജന്മ പാപഫലമാണെന്ന് ദേവദത്തന്‍ ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്തി. ഗാന്ധിജി വീട്ടുവിഴ്ചയ്ക്കായി യാചിച്ചു. ദൈവം അയിത്തക്കാരായി സൃഷ്ടിച്ചവരെ സഹായിക്കാന്‍ ശ്രമിച്ചത് ദൈവ കോപം വരുത്തിവെക്കരുത്. എന്ന് ഉപദേശിക്കുകയായിരുന്നു ദേവദത്തന്‍. ഇതായിരുന്നു ഗാന്ധി വഹിച്ച ഒരു പങ്ക്. 

മാര്‍ച്ച് 18 ന് ആലുവയില്‍ നിന്ന് ഗാന്ധി പോലീസ് കമ്മീഷണര്‍ പിറ്റിന് കത്തെഴുതി. ഗവണ്‍ മെന്റിനെ കുഴപ്പത്തിലാക്കാനല്ല സമരമെന്നും, നിരോധന ഉത്തരവു പിന്‍ബലമായാല്‍ അവര്‍ പറയുന്നതു പോലെ അനുവര്‍ത്തിക്കാം എന്നുമായിരുന്നു. ഒരു കത്ത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാ രിനു മുന്നിലെ യാചന. ഒടുവില്‍ മൂന്നു റോഡുകള്‍ തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം ക്ഷേത്രത്തിന്റെ തെക്കുകിഴക്കുള്ള സ്ഥലവും ക്ഷേത്രത്തിന്റെ പരദേശ ബ്രാഹ്മണരുടെ സമുഹ പറമ്പിന്റെ ഏതാനുഭാഗവും, ക്ഷേത്രത്തിന്റെ വടക്കു കിഴക്കുള്ള സ്ഥലവും പൊന്നും വില കൊടുത്തെടുത്ത് രണ്ടു പുതിയ റോഡുകള്‍ വെട്ടി ക്ഷേത്രത്തിനു തെക്കുവടക്കുമുള്ള ക്ഷേത്രത്തില്‍ നിന്ന് കിഴക്കേ ഗോപുരത്തിലേക്കു പോകുന്ന റോഡുമായി ബന്ധിപ്പിച്ചു. ഈ റോഡുകളില്‍ പ്രവേശിക്കാനുള്ള അനുമതിയാണ് നല്കപ്പെട്ടത്. 

ഇതായിരുന്നു ഗാന്ധിജി ചെയ്തചതി. അതുവരെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാ നികള്‍ക്കും നടക്കാമായിരുന്ന കിഴക്കേവഴി അവര്‍ക്ക് കൂടി നിഷേധിക്കപ്പെട്ടു.

ഭരണകൂടവുമായി സന്ധി ചെയ്ത് ഗാന്ധിജി വൈക്കം സത്യഗ്രഹത്തെ പൊളിച്ചെങ്കിലും, ഒരു ജനകീയ പ്രക്ഷോഭണമെന്ന നിലയില്‍ ചരിത്രത്തില്‍ അസാധാരണമായ ഒരു പങ്കുതന്നെയാണ് വൈക്കം സത്യഗ്രഹത്തിനുള്ളത്.