"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 13, വെള്ളിയാഴ്‌ച

കൊടും വരള്‍ചക്ക് പ്രതിവിധി - ഡോ. കെ എം കര്‍മചന്ദ്രന്‍മനുഷ്യന്റെ അഹന്ത നിറഞ്ഞ പ്രവൃത്തികള്‍ക്ക് പകരം വീട്ടുവാന്‍ പ്രകൃതി ഒട്ടുംതന്നെ താമസിക്കാറില്ല. താത്കാലിക ലാഭത്തിനായി ഭൂമാതാവിനെ ചീഷണം ചെയ്യുമ്പോള്‍ വരള്‍ച്ചയായും വെള്ളപ്പൊക്ക മായും ആ പാവം മാതാവ് പ്രതികരിക്കുന്നത് സ്വാഭാവികം മാത്രം.

സമീപകാലത്തായി നാം ചെയ്യുന്ന പ്രവൃത്തികള്‍ വരള്‍ച്ചയേയും അന്ത രീക്ഷ താപനിലയേയും വര്‍ധിപ്പിക്കുവാന്‍ സര്‍വാത്മനാ പര്യാപ്തമാണ്. കരിയിലകളും മാലിന്യങ്ങളും കത്തിച്ചു കളയുക, വിറകും തടിക്കഷ ണങ്ങളും വാഹന ഇന്ധനവും കത്തിക്കുക, തണല്‍മരങ്ങള്‍ വെട്ടി മാറ്റുകയും വില്ക്കുകയും ചെയ്യുക, എയര്‍ കണ്ടീഷണര്‍ വാങ്ങിയും വൈദ്യുതി ധൂര്‍ത്തടിച്ചും താത്കാലികമായ തണുപ്പില്‍ അഭയം തേടുക, കുന്നിടിച്ചു തൂര്‍ത്തും വയല്‍ നികത്തിയും കുടിവെള്ളം പോലും മുട്ടി ക്കുക തുടങ്ങിയ വിനോദങ്ങളില്‍ മിക്കവരും അഭിരമിക്കുന്നു. ഇത്തരം ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതിന്റെ അനന്തരഫലം തനിക്കെതി രായി ത്തീരുകയില്ല എന്ന വ്യാജ ശുഭാപ്തി വിശ്വാസവും മനുഷ്യനെ ഭരിക്കുന്നു. കലാവസ്ഥാ ഉച്ചകോടികളില്‍ ഒപ്പുവെക്കുവാന്‍ കാണിക്കുന്ന താത്പര്യം ഒരിക്കലും സ്വന്തം നാട്ടില്‍ വേണ്ട നടപടികള്‍ എടുക്കുമ്പോള്‍ കാണിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. 

ചൂടുവര്‍ധിപ്പി ക്കുവാനുള്ള ഓരോ നടപടിയില്‍ നിന്നും ജനം പിന്‍വാ ങ്ങേണ്ടതാണ്. റോഡിലും പറമ്പിലുമുള്ള കരിയിലകളും ചപ്പുചവറുകളും കത്തിച്ചു കളയാതെ കൂനകൂട്ടുകയാണ് വേണ്ടത്. (കുഴിച്ചിടല്‍ കൂടുതല്‍ ശ്രമകരമാണ്) ഈ കൂനക്കുമീതെ മണ്ണുവാരി വിതറി മൂടിയാല്‍ ഭാവി യില്‍ ഇതു കത്തുപിടിക്കാതിരിക്കും. ചെറുമഴ വീണാല്‍പ്പോലും ഇത്തരം കൂനകള്‍ ജലം വലിച്ചെടുത്ത് അവക്കുള്ളിലെ ജൈവാംശം ഏതാനും ആഴ്ചകള്‍കൊണ്ട് വളമായി മാറുന്നു.

കാടുകളില്‍ വീണുകിടക്കുന്ന ഇലകള്‍ പോലും ഇച്ഛാശക്തി യുണ്ടെങ്കില്‍ ഇങ്ങനെ കൂനകൂട്ടി സംരക്ഷിക്കുക യാണെങ്കില്‍ ഫയര്‍ബെല്‍റ്റ് നിര്‍മാ ണവും ജലസംരക്ഷണവും ഒരേ സമയം നടക്കും. ഇത്തരം കൂനകള്‍ മഴപെയ്യുമ്പോള്‍ ജലം മണ്ണിലേക്ക് വലിച്ചെടുക്കുന്ന സ്‌പോഞ്ചുകളാണ്. (മഴക്കുഴികളില്‍ ചെളി പരന്നാല്‍പ്പിന്നെ ഭൂമിക്കടിയിലേക്കുള്ള കിനി ഞ്ഞിറങ്ങല്‍ യഥാര്‍ത്ഥത്തില്‍ തടസപ്പെടുകയാണ് ചെയ്യുന്നത്) മണ്‍കൂന കളുണ്ടാക്കി നടത്തുന്ന ജലസംരക്ഷണം കേരളത്തില്‍ തെങ്ങിന്‍ തോപ്പു കളിലെല്ലാം വളരെ പണ്ടുമുതലേ നടപ്പാക്കിയിരുന്നതാണ്. അതില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളിക്ക് സ്ഥിരമായ കൂലിയും ഉറപ്പായി രുന്നു. അധ്വാനത്തോടും തൊഴിലിനായി നല്‌കേണ്ട കൂലിയോടും ഒരു ജനത മുഖം തിരിക്കുവാന്‍ തുടങ്ങിയതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുടങ്ങി പ്പോയി. വ്യാപകമായ മണ്‍കൂനാ സ്‌പോഞ്ചുകള്‍ കൊല്ലം മുഴുവന്‍ വിളകള്‍ക്കും പുഴകള്‍ക്കും ജലം കിനിച്ചു നല്കും. ഇത്തരം വലിയ ഒരു സ്‌പോഞ്ചു പോലെയാണ് കുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്. കുന്നിടിക്കുന്നത് ഭൂമിയുടെ മാറ് പിളര്‍ന്ന സ്തന്യപീയൂഷം വറ്റിക്കുന്നതിന് തുല്യമാണ്. സിമന്റിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗവും ചൂടു വര്‍ധിപ്പിക്കുന്നു. കൂടുതലായി ഉത്പാദിപ്പിക്കുന്ന ഓരോ ടണ്‍ സിമന്റും ഊര്‍ജ നഷ്ടവും പാരിസ്ഥിതികാ ഘാതവും വര്‍ധിപ്പിക്കാനുത കുന്നതാണ്. കൂടാതെ സിമന്റ് ചേര്‍ത്തുണ്ടാക്കുന്ന കട്ടകള്‍ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണം ഗൃഹാന്തര്‍ഭാഗത്തെ ചൂടുവര്‍ധിപ്പിക്കുന്നു. പകല്‍സമയത്ത് ഇത്തരം വീടുകളും വന്‍കെട്ടിടങ്ങളും വെയില്‍കൊണ്ട് ചുട്ടുപഴുത്ത് മനുഷ്യരെ വേവിച്ചെടുക്കുന്നു. ഇത്തരം കെട്ടിടങ്ങലില്‍ കഴിയുന്നവര്‍ കെട്ടിടത്തിന് പുറത്തിറങ്ങി നേരിട്ട് വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തിന് സൂര്യാഘാതം സംഭവിക്കുവാന്‍ സാധ്യതയേറെയാണ്. ആയതിനാല്‍ പരമ്പരാഗതമായ ചെങ്കല്ല്, ചുട്ടെടുത്ത മണ്ണുകൊണ്ടുള്ള ഇഷ്ടിക എന്നിവ ഉപയോഗിച്ചുള്ള ഗൃഹനിര്‍മാണം പ്രോത്സാഹിപ്പി ക്കേണ്ടതാണ്. ചുരുങ്ങിയത് കെട്ടിട ത്തിന്റെ, നേരിട്ട് വെയില്‍ കൊള്ളുന്ന ഭാഗങ്ങളെങ്കിലും ചെങ്കല്ലും ഇഷ്ടികയും ഉപയോഗിച്ചു നിര്‍മിക്കുവാന്‍ ശ്രദ്ധിക്കുക. വന്‍കിട നിര്‍മിതി കളില്‍ സിമന്റിന്റെ ഉപയോഗം കുറക്കുന്നതിനുള്ള ഗവേഷണവും പ്രോത്സാഹിപ്പി ക്കപ്പെടേണ്ടതാണ്. 

കോണ്‍ക്രീറ്റ് ഭവനങ്ങളുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ വൃക്ഷ ങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് തണല്‍ നല്കും. പെട്ടെന്നു വളരുന്നതും ഉത്പാദനക്ഷമതയോടെ ഫലങ്ങള്‍ നല്കുന്നതുമായ TxD, DxT തെങ്ങുകള്‍ പോലെയുള്ള വൃക്ഷങ്ങള്‍ പോഷകാഹാരവും ഉറപ്പു നല്കു ന്നു. കൂടാതെ എസിയുടേയും വൈദ്യുതിയുടേയും ചെലവും കുറക്കാം.

കെട്ടിട നിര്‍മാണത്തില്‍ സമഗ്രമാറ്റം അനിവാര്യമാണ്. ഭൂമികുലുക്കം ചെറുക്കത്തക്ക രീതിയില്‍ മൂന്നു നിലയോളം ഉയരമുള്ള കെട്ടിടങ്ങള്‍ പണിയാവുന്നതാണ്. അതില്‍ക്കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ വേണ്ടെന്നു വെക്കുന്നതാണ് അഭികാമ്യം. ഇത്തരം കെട്ടിടങ്ങളില്‍ ലിഫ്റ്റും അതോട നുബന്ധിച്ച വന്‍ ഊര്‍ജനഷ്ടവും ഒഴിവാക്കാം. ലിഫ്റ്റും എയര്‍ കണ്ടീ ഷനറുകളും ആശുപത്രികളിലും ഓഫീസ് സമുച്ചയങ്ങളിലും മാത്രമായി പരിമിതപ്പെടുത്തുന്നതാണ് പാരിസ്ഥിതികമായി ഗുണം ചെയ്യുക.

വയലുകള്‍ നികത്താതിരിക്കുവാന്‍ ഫലപ്രദമായ നിയമ നിര്‍മാണവും അതിന്റെ നടത്തിപ്പും അനിവാര്യമാണ്. കാരണം വയലുകളുണ്ടെങ്കിലേ സമീപപ്രദേശത്തെ കിണറുകളിലും ഭൂഗര്‍ഭത്തിലും ജലസമൃദ്ധിയുണ്ടാകൂ. വയലുകളില്‍ നെല്‍കൃഷിയും മത്സ്യകൃഷിയും ചെയ്യാം. വേനല്‍ക്ക് ജലനിരപ്പ് താഴുന്നതരം വയലുകളില്‍ മറ്റു കൃഷികളും (ഉദാ;- പച്ചക്ക റികൃഷി) ചെയ്തു മികച്ച വരുമാനമുണ്ടാക്കാം. വയല്‍ വരമ്പുകളില്‍ അച്ചിങ്ങ, വന്‍പയര്‍ തുടങ്ങിയ പയറുവര്‍ഗ വിളകള്‍ വളര്‍ത്താമെങ്കില്‍ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാം.

കന്നുകാലികള്‍ സ്വന്തമായുള്ളവര്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കു കയാണെങ്കില്‍ വിറകിനും മറ്റ് ഇന്ധനങ്ങള്‍ക്കുമുള്ള ചെലവ് കുറക്കാം. ഭൂമിയുടെ ഓസോണ്‍ കുടയെ സംരക്ഷിക്കുകയും ചെയ്യാം. അണു കുടുംബങ്ങള്‍ക്കും അടുക്കള മാലിന്യം സംസ്‌കരിക്കുവാനായി ചെറിയ ബയോഗ്യാസ് യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ സാധിക്കും. പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്.

വരാനിരിക്കുന്ന വര്‍ഷങ്ങള്‍ കൊടും ചൂടിന്റേയും വറുതിയുടേതും ആയിരിക്കുമെന്നു മുന്‍കൂട്ടി കണ്ടുകൊണ്ട് ഇപ്പോള്‍ത്തന്നെ എതിര്‍പ്ര വര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയേ തീരൂ. അല്ലെങ്കില്‍ വരും തലമുറ നമുക്ക് മാപ്പു നല്കുകയില്ല. തീര്‍ച്ച.