"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 3, ചൊവ്വാഴ്ച

പന്തിരുകുലത്തിന്റെ അമ്മ - എം. എ. വിജയന്‍


ഐതീഹ്യമെന്നാല്‍ അമ്മൂമ്മക്കഥ. ഐതീഹ്യമാലയെന്നാല്‍ അമ്മൂമ്മ ക്കഥകളുടെ കൂമ്പാരം! ഇപ്രകാരമുള്ള 126 കെട്ടുകഥകളുടെ ചവറ്റുകുട്ട യാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല. ഇതിലെ കഥകളെല്ലാം നമ്പൂതിരി ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു. ബ്രാഹ്മണരെ ഉയര്‍ത്തി ക്കാട്ടാനായി കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന ബ്രാഹ്മണന്റെ ഭഗീരഥ പ്രയത്‌നം കുറച്ചുകാണാനാവില്ല. ആനകഥകളും യക്ഷിക്കഥകളും ആകെ ഒരു നമ്പൂതിരിമയം.

ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന വിക്രമാദിത്യ സദസ്സിലെ നവരത്‌ന ങ്ങളില്‍ പ്രധാനി ആയിരുന്നു വരരുചി. വരരുചിയുടെ കാലത്ത് ഇവിടെ ജാതിപ്രസ്ഥാനം ഉദയം ചെയ്തിരുന്നില്ല. ക്രിസ്തുവിന് ശേഷം അതായത് എ.ഡി. 52ഓടു കൂടിയാണ് ബ്രാഹ്മണര്‍ എന്ന സംജ്ഞ പോലും ഉണ്ടായി ട്ടുള്ളത്. അക്കാലത്ത് കച്ചവടം, മതപ്രചരണം ഇവ ലക്ഷ്യമാക്കി ചിലര്‍ ഇവിടെ വന്നിരുന്നതായി സംഘകൃതികള്‍ പരാമര്‍ശിക്കുന്നു. മേല്‍പ്പറ ഞ്ഞവര്‍ കുടുംബമായി വന്നിരിക്കാനിടയില്ല. കാലികളെ മേച്ചും, മുത്ത്, പവിഴം തുടങ്ങിയവകൊണ്ട് ആഭരണമുണ്ടാക്കി ജീവിച്ചും വന്ന ചിലരെ പ്പറ്റി സംഘകൃതി ''വെളുത്ത പാര്‍പ്പാന്മാര്‍'' എന്ന് പരാമര്‍ശിക്കുന്നു. സംഘകാലഘട്ടത്തില്‍ ഇവിടെ പുലയരില്ല, പറയരില്ല. ഏകജാതി സമൂഹം. ജീവസന്ധാരണമാര്‍ഗ്ഗം തേടിയെത്തിയവര്‍ ക്രമേണ പുലയരിലും പറയരിലും ഇഴുകിച്ചേര്‍ന്നിരിക്കണം. അങ്ങനെഒരു പുതുസമൂഹം രൂപം കൊണ്ടിരിക്കാം. പറയിപെറ്റ പന്തിരുകുലം ഇപ്രകാരം പറയുന്നു:- ചരിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമിയുടെ പുത്രനും ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാവെന്ന് പറയപ്പെടുന്ന ആളുമായിരുന്നു വരരുചി എന്ന ബ്രാഹ്മണന്‍. വിക്രമാദിത്യസദസ്സിലെ ആസ്ഥാനവിദ്വാന്‍. ഒരു ദിവസം രാജാവ് ചോദിച്ചു, രാമായണത്തിലെ പ്രധാനവാക്യമേത്? മറുപടി പറയാനാകാതെ വരരുചി കുഴങ്ങി. ''ശരി, ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കി വരുക, നാല്പത്തൊന്ന് ദിവസത്തിനകം മറുപടി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല.''

രാജാവിന്റെ കല്പനകേട്ട് മ്ലാനവദനനായി വരരുചി കൊട്ടാരം വിട്ടിറങ്ങി. പല സ്ഥലത്തും അലഞ്ഞു. പല യോഗ്യന്മാരോടും അന്വേഷിച്ചു. ഉത്തരം കിട്ടിയില്ല. അങ്ങനെനാല്പതു നാള്‍ കടന്നുപോയി. രാജസഭയിലെ തന്റെ പ്രഥമഗണനീയ അവസ്ഥയോര്‍ത്ത് അദ്ദേഹം ദുഃഖിച്ചു. നിരാശനായി ഒരു ആല്‍ത്തറയില്‍ കിടന്നു. കിടന്നപാടെ മയങ്ങിപ്പോയി. ഇടയ്ക്ക് ഉണര്‍ന്നു. നേരം പാതിരാ. ആലിന്മേല്‍ ദേവതമാര്‍ പറയുന്നതു കേട്ടു. ''ഇപ്പോള്‍ ഇവിടെയടുത്ത് ഒരു പ്രസവം നടക്കും. ഒരു പറയന്റെ കുടിലിലാണ്. കുട്ടി പെണ്ണാണ്. 'മാം വിദ്ധി' എന്നറിഞ്ഞു കൂടാത്ത ഈ ബ്രാഹ്മണനാണ് അവളെ വേള്‍ക്കുന്നത്.'' 'മാം വിദ്ധി' വരരുചി തേടിയ അര്‍ത്ഥവും കിട്ടി. കൊട്ടാരത്തിലേക്ക് യാത്രയായി. രാജാവ് ചോദിച്ചു, ''എന്തായി വരരുചീ, കിട്ടിയോ?''

വരരുചി :- ''രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛതാത യഥാസുഖം''

സദസ്സിലുണ്ടായിരുന്നവരെല്ലാം വരരുചിയെ വാനോളം പുകഴ്ത്തി. പണ്ഡിതരിലെ ചിലര്‍ ആരാഞ്ഞു, ''പ്രഭോ, ഞങ്ങള്‍ക്കുകൂടി ഇതിന്റെ അര്‍ത്ഥമറിയില്ല. താങ്കള്‍ക്കെങ്ങിനെഇതിന്റെ അര്‍ത്ഥം പിടികിട്ടി?'' വരരുചി ഒരു നിമിഷം ഓര്‍ത്തു. വനദേവതകള്‍ പറഞ്ഞത് വരരുചി യുടെ കാതില്‍ മുഴങ്ങി. ''മാം വിദ്ധി'' എന്നറിയാത്ത ഈ ബ്രാഹ്മണന്‍ പറയിപ്പെണ്ണിനെവേള്‍ക്കും. ഛേ.... എന്നെപ്പോലുള്ള ഒരു മഹാബ്രാഹ്മണന്‍ പറയിപ്പെണ്ണിനെവേള്‍ക്കുക, ചിന്തിക്കാന്‍ പോലും ആവില്ല. നാടുവിടുക തന്നെ.''

വരരുചി സദസ്സിനെവണങ്ങി. ''പ്രഭോ, അടിയനിന്നലെ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ കണ്ട കാര്യങ്ങളാണ് അടിയന്‍ വിവരിച്ചത്.'' ഒരു നിമിഷത്തിനു ശേഷം തുടര്‍ന്നു. ''പ്രഭോ, ഇവിടെയടുത്ത് ഒരു പറയക്കു ടിലില്‍ ഒരു പറയി പ്രസവിച്ചു. കുട്ടി പെണ്ണ്. അതിന്റെ ജാതകം നോക്കിയതില്‍ അതിന് മൂന്നു വയസ്സ് തികയുന്നതിനു മുമ്പ് ഈ രാജ്യം നശിക്കും. ഇന്നുമുതലേ രാജ്യത്ത് അനര്‍ത്ഥങ്ങളുണ്ടാവുമെന്ന് കണ്ടു. അതൊഴിവാക്കണമെങ്കില്‍ ആ പ്രജയെ ഉടന്‍ കൊല്ലണം.'' വരരുചിയുടെ വാക്ക് വൃഥാവിലാവില്ല എന്ന് പണ്ഡിതരും. ബാലനിഗ്രഹം കഷ്ടം എന്ന് രാജാവും. രാജഭടന്മാര്‍ കുട്ടിയെ തേടിപ്പിടിച്ചു. ഓമനത്തമുള്ള ആ കുഞ്ഞിനെകൊല്ലാന്‍ ഭടന്മാര്‍ക്കു മനസ്സു വന്നില്ല. അവര്‍ കുഞ്ഞിനെ യെടുത്ത് പിണ്ടിചങ്ങാടത്തില്‍ കിടത്തി. തലയില്‍ ഒരു പന്തം അടിച്ചു കയറ്റി പുഴയില്‍ ഒഴുക്കി വിട്ടു. വരരുചിക്കു സന്തോഷമായി. ദേവതകളുടെ തിരുവെഴുത്തുകള്‍ മാഞ്ഞുപോയല്ലോ. ആശ്വാസമായി.

കാലം കടന്നുപൊയ്‌ക്കൊണ്ടേയിരുന്നു. വരരുചിഇതെല്ലാം മറന്നു. കാടാറുമാസം - നാടാറുമാസം എന്ന നിലയില്‍ നാടുവിട്ടിറങ്ങി. യാത്രയില്‍ ഒരു ബ്രാഹ്മണഗൃഹത്തില്‍ അദ്ദേഹം ചെന്നെത്തി. ''ഊണു കാലമായി, കുളിച്ചു വരിക.'' ഗൃഹനാഥന്‍ പറഞ്ഞു. ''ആവാം, നമുക്കു ചില നിബന്ധനകളുണ്ട്. അതു സാധിച്ചാല്‍ ഉണ്ണുന്നതില്‍ വിരോധമില്ല.'' ''എന്താത്?'' ''നൂറ് പേര്‍ക്ക് ഭക്ഷണം കൊടുത്തിട്ടേ നാം ഭുജിക്കുകയുള്ളൂ. ഊണു കഴിഞ്ഞാല്‍ നാലുപേരെന്നെ ചുമക്കണം. നാലുപേരെ തിന്നണം. നൂറുകൂട്ടം കറിവേണം. ഇതൊക്കെ തരാവ്വോ?'' ഗൃഹനാഥന്‍ അകത്തേ ക്കോടി. ''മോളേ, ബ്രാഹ്മണര്‍ക്ക് ഭിക്ഷ കൊടുക്കാഞ്ഞാല്‍ കൊടുംപാപം. നമുക്കൊന്നും അറീല്ല.'' അദ്ദേഹം തല കുന്തിച്ചിരുന്നു. ''എല്ലാം അരനാഴിക കൊണ്ട് കൊടുക്കാമെന്ന് പറയൂ അച്ഛാ.'' ''മോളെ, അതെങ്ങിനെ?'' അച്ഛനിതൊന്നും മനസ്സിലാകാഞ്ഞിട്ടാ. നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കണ മെന്നത് ഉറുമ്പുകള്‍ക്ക് തീറ്റ കൊടുക്കണമെന്നാണ്. നാലുപേരെ തിന്നണ മെന്നത് മുറുക്കാന്‍ കൊടുക്കണമെന്നതാണ്. ഊണുകഴിഞ്ഞ് കിടക്കണ മെന്നതാണ് നാലുപേര്‍ ചുമക്കണമെന്നത്.'' മകളുടെ ബുദ്ധിയില്‍ ബ്രാഹ്മ ണന്‍ സന്തോഷിച്ചു. ഇതെല്ലാം കന്യകയുടെ ബുദ്ധിയാണെന്ന് വരരുചിയും മനസ്സിലാക്കി. ഇവള്‍ അസാമാന്യ യുവതി തന്നെ. അങ്ങനെവരരുചി പഞ്ചമിയെ വേളി കഴിച്ചു. ഒരുനാള്‍ വരരുചി പ്രേമഭാജനത്തിന്റെ മുടിയിഴകള്‍ ചീകിക്കെട്ടുന്നതിന്നിടയില്‍ കണ്ടു അവളുടെ തലയില്‍ മുറിവുണങ്ങിയ കല. ''ഇതെന്തുപറ്റി?'' തലയില്‍ പന്തവുമായി പിണ്ടി ചങ്ങാടത്തില്‍ ഒഴുകിവന്നതും തന്നെ പിടിച്ചു കയറ്റിയത് ഇവിടുത്തെ അമ്മയായിരുന്നെന്നും പഞ്ചമി പറഞ്ഞു. വിഷമമായെങ്കിലും വരരുചി ഒന്നും പറഞ്ഞില്ല. ദേവതകള്‍ പറഞ്ഞതെത്ര സത്യം. ഇതിനെന്തൊരു പോംവഴി ? വരരുചിയുടെ അന്തരംഗം മന്ത്രിച്ചു. അന്നുരാത്രി തന്നെ ഇരുവരും ഗൃഹം വിട്ടിറങ്ങി. ഓരോ ദിക്കും സഞ്ചരിച്ചു. എത്ര കാലമെന്ന് നിശ്ചയമില്ല. പഞ്ചമി പന്ത്രണ്ടു മക്കള്‍ക്ക് ജന്മം നല്‍കി. പേറ്റുനോവ് ആരംഭിക്കുമ്പോള്‍ കാട്ടില്‍ കയറി പ്രസവിച്ചുകൊള്ളാന്‍ പറയും. ഭര്‍ത്താവ് വഴിയില്‍ കാത്തുനില്‍ക്കും. (മൂക്കു ചീറ്റുന്ന ലാഘവത്തോടെ നടത്തുന്ന ഒരു പ്രക്രിയയാണ് പ്രസവം എന്ന് ഐതീഹ്യമാലക്കാരന്‍ കരുതിയിട്ടുണ്ടാവും) പ്രസവം കഴിഞ്ഞാല്‍ കുട്ടിക്ക് വായുണ്ടോ എന്ന് ചോദിക്കും. ഉണ്ട് എന്ന് പഞ്ചമിയുടെ മറുപടി. വായുള്ള പിള്ളയ്ക്ക് ദൈവം ഇരയും കല്പിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടിയെ എടുക്കണമെന്നില്ല. അങ്ങനെ11 കുട്ടികളെ ഉപേക്ഷിച്ചു. പതിനൊ ന്നിനെയും പതിനൊന്ന് 'ജാതിക്കാര്‍' എടുത്തു വളര്‍ത്തി. 12-ാമതും ഗര്‍ഭിണിയായി. കഷ്ടം, പതിനൊന്ന് പ്രസവിച്ചിട്ടും ഒന്നിനെപ്പോലും വളര്‍ത്താനായില്ലല്ലോ. കുട്ടിക്ക് വായുണ്ടോ എന്ന് ചോദിക്കും, ചോദി ച്ചാല്‍ ഇല്ല എന്ന് പറയണം. എന്നാല്‍ അതിനെഎടുത്തുകൊള്ളാന്‍ പറയും. പഞ്ചമി 12-ാമതും പ്രസവിച്ചു. ''കുട്ടിക്കു വായുണ്ടോ?'' ''ഇല്ല'' ''എങ്കില്‍ എടുത്തോളൂ'' കുഞ്ഞിനെയുമെടുത്തു നടന്നു. പഞ്ചമി കുഞ്ഞി നെസൂക്ഷിച്ചുനോക്കി. സത്യം. കുട്ടിക്ക് വായില്ല. അതിനെഒരു കുന്നി ന്മുകളില്‍ പ്രതിഷ്ഠിച്ചു. (കുഴിച്ചുമൂടുക ആയിരുന്നിരിക്കണം) അതാണ് വായില്ലാക്കുന്നിലപ്പന്‍. മേളത്തോള്‍, അഗ്നിഹോത്രി, രജകന്‍, ഉളിയന്നൂര്‍ തച്ചന്‍, വള്ളോന്‍, വടുതലനായര്‍, കാരക്കലമ്മ, ഉപ്പുകുറ്റന്‍, പാണനാര്‍, നാറാണത്തു ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നി ലപ്പന്‍ ഇവരാണ് പറയിപെറ്റ പന്തിരുകുലം. പഞ്ചമി അവരുടെ അമ്മയും.

കാലമേറെ കഴിഞ്ഞു. വരരുചിയും പഞ്ചമിയും വൃദ്ധരായി. ഇരുവരും വായില്ലാക്കുന്നിലപ്പന്റെ മുന്നിലെത്തി. വരരുചിയില്‍നിന്നും ദീര്‍ഘനിശ്വാ സങ്ങള്‍ ഉയര്‍ന്നു. ''എന്തിനാ വിഷമിക്കുന്നേ, എന്നോട് പറയൂ'' പഞ്ചമി ചോദിച്ചു.''പഞ്ചമീ, എനിക്കിനി അധികകാലം ജീവിതമില്ല.... ഏറിയാല്‍ രണ്ടുനാള്‍...... ഞാന്‍ മരിച്ചാല്‍ നീ ഒറ്റയ്ക്കാകും.'' ''അങ്ങനെപറയരുതേ, അങ്ങയോടൊപ്പം എനിക്കും മരിക്കണം.'' അവള്‍ പൊട്ടിക്കരഞ്ഞു. കരയാന്‍മാത്രം വിധിക്കപ്പെട്ട ഭാര്യയെ നോക്കി വരരുചി ജീവിതത്തി ലാദ്യമായി സങ്കടപ്പെട്ടു. ''പഞ്ചമീ'' ''എന്തോ...'' ''നീ പന്ത്രണ്ടു പ്രസവിച്ചു. ഒരു സന്തതിയെപ്പോലും വളര്‍ത്താന്‍ ഞാന്‍ അനുവദിച്ചില്ലല്ലോ. എനിക്കു മാപ്പു തരില്ലേ പഞ്ചമീ...''പഞ്ചമി ഭര്‍ത്താവിന്റെ മുഖത്തേക്ക് ദയനീയ മായി നോക്കി. ''ഞാന്‍ അബലയായിരുന്നു.... ഇന്നും അങ്ങനെതന്നെ... അങ്ങെന്നെ കൂടുതല്‍ അബലയാക്കി.'' ''കരയാതെ പഞ്ചമീ, എല്ലാം വിധി'' മനുഷ്യന്‍ വീണ്ടുവിചാരമില്ലാതെ ഓരോന്നു പ്രവര്‍ത്തിക്കുന്നു. എന്നിട്ട് വിധിയെ പഴിക്കുന്നു. പഞ്ചമി കുഴഞ്ഞു വീണു. ഭര്‍ത്താവിന്റെ പാദാരവിന്ദങ്ങളില്‍ പിടിച്ചവള്‍ ഏങ്ങലടിച്ചു. വരരുചിയുടെ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു, ഒപ്പം പഞ്ചമിയുടെയും.

ഈ കഥയുടെ അകപ്പൊരുള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ബ്രാഹ്മണന് താഴ്ന്നസ്ത്രീയുമായുള്ള ബന്ധമൊക്കെ ആവാം. അതിലുണ്ടാ കുന്ന കുട്ടികളെ വളര്‍ത്താന്‍ കഴിയില്ല. തന്നെയുമല്ല, മുഴുവന്‍ സമുദായ ത്തിന്റെയും പിതൃത്വം ഏറ്റെടുക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. കണ്ടാല്‍ കുളിക്കണം, തൊട്ടാലോ തൊടുന്നവനെകൊല്ലണം എന്ന് ദൈവ ത്തിന്റെ അരുളപ്പാടുണ്ടെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തിയിരുന്ന കീഴാള വര്‍ഗ്ഗത്തിനൊരു സന്ദേശവും പന്തിരുകുലകഥയില്‍ ദര്‍ശിക്കാം. കീഴാളന്റെ ശുദ്ധമനസ്സില്‍ ആവോളം തണുപ്പ് കോരിയിട്ട് പ്രചരിപ്പിച്ചതാണ് പറയി പെറ്റ പന്തിരുകുലം. ഐതീഹ്യമാല പറയാതെ പറയുന്ന ഒരു ചരിത്ര മുണ്ട്. നമ്പൂതിരിയും പുലയനും പറയനും വള്ളോനും എന്തിന് ക്രി സ്ത്യാ നികള്‍ വരെ അഗ്നിഹോത്രിയുെട സഹോദരങ്ങളാണ്. ഇവരു ടെയെല്ലാം പിതാവ് വരരുചി എന്ന ബ്രാഹ്മണന്‍. പന്തിരുകുലത്തിലെ ഒന്നിനെപ്പോലും മുസ്ലീങ്ങള്‍ എടുത്ത് വളര്‍ത്തിയിരുന്നില്ല എന്നത് ആശ്വാസം. വരരുചിയുടെ കാലത്ത് പറയര്‍ ബ്രാഹ്മണരേക്കാള്‍ ശ്രേഷ്ഠ രായിരുന്നു. രാജവംശികളായിരുന്നു അവര്‍. പില്‍ക്കാലത്ത് ബ്രാഹ്മണാ ധിപത്യം നിലവില്‍ വന്നു. സര്‍വ്വരിലും ശ്രേഷ്ഠര്‍ ബ്രാഹ്മണരാണെന്ന് വരുത്തിത്തീര്‍ത്തു. ഒരു വേള, കീഴാളരും അവരുടെ മോചനം സ്വപ്നം കണ്ടു. നാടന്‍പാട്ടുകളും നാടോടിപ്പാട്ടുകളും രൂപംകൊണ്ടു. സര്‍വ്വതി ന്റെയും കുത്തകക്കാര്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ പുതിയ ഭാഷ്യവും രചിച്ചു. ഉയര്‍ത്തപ്പെടാനാവാത്ത ഒരു വര്‍ഗ്ഗത്തിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്തുകൊണ്ട് പറയിപെറ്റ പന്തിരുകുലം എന്ന മിത്ത് ഇന്നും നിലനില്‍ക്കുന്നു.