"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 7, ശനിയാഴ്‌ച

ഷര്‍ട്ടു വിപ്ലവം - ജോണ്‍ കെ എരുമേലി


കോട്ടയം ജില്ലയിലെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമാണ് മുണ്ടക്കയം. ഇടുക്കി-കോട്ടയം ജില്ലകളെ വേര്‍തിരിക്കുന്ന മുണ്ടക്കയത്തിന് ഹൈറേഞ്ചിന്റെ കവാടം എന്ന ഒരു പേരുകൂടി ലഭിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളി യൂണിയനുകളുടെ കേന്ദ്രം എന്ന ഒരു പദവിയും മുണ്ടക്കയം നേടിയെടുത്തിരിക്കുന്നു. പെരുവന്താനം മലയിടുക്കുകളില്‍നിന്നും കുളിരുമായി ഒഴുകിയെത്തുന്ന മണിമലയാറ്, അംബരചുംബികളായ മലകള്‍, ചെറിയ ചെറിയ മൊട്ടക്കുന്നുകള്‍, വലുതും ചെറുതുമായ റബര്‍ തോട്ടങ്ങള്‍, പച്ചിലക്കാടുകള്‍, കൃഷിയിട ങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്ന മുണ്ടക്കയം നയന മനോഹരമായ ഭൂപ്രദേശമാണ്. മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വലിയ വെള്ളനാടി റബര്‍ എസ്റ്റേറ്റിലാണ് 'ഷര്‍ട്ടു വിപ്ലവം' എന്ന കൊച്ചു സമരം നടന്നത്. 

വിദേശികളായ സായപ്പന്മാര്‍ ഹൈറേഞ്ചിലെ മലമടക്കുകളിലെ കൊടും കാടുകള്‍ വെട്ടിത്തെളിച്ചാണ് വന്‍കിട എസ്റ്റേറ്റുകള്‍ ഉണ്ടാക്കിയത്. ആ സമയത്ത് നാട്ടിന്‍പുറങ്ങളില്‍നിന്നും ധാരാളമാളുകള്‍ ഇവിടെ പണി തേയിയെത്തി. ഇവരില്‍ മഹാഭൂരിപക്ഷവും താണ ജാതികളില്‍ പെട്ടവരും കൊടും പട്ടിണിയും യാതനകളും അനുഭവിച്ചിരുന്ന മണ്ണില്‍ പണിയെടുക്കുന്നവരുമായിരുന്നു. കൊടുംദാരിദ്രവും തൊഴിലില്ലായ്മ യുമാണ് ആളുകള്‍ക്ക് നടന്നു കയറാന്‍ പ്രയാസമുള്ള ഈ മേടുകളില്‍ കയറിച്ചെല്ലാന്‍ ഇവരെ പ്രേരിപ്പിച്ചത്. തോട്ടം ഉടമകളും മാനേജര്‍മാരും കുതിരപ്പുറത്താണ് ആദ്യകാലങ്ങളില്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നത്. ഉപദ്രവകാരികളായ കാട്ടുമൃഗങ്ങളെയും വിഷപ്പാമ്പുകളെയും നേരിട്ടു കൊണ്ടാണ് പണിക്കാര്‍ കൊടുംകാടുകള്‍ വെട്ടിത്തെളിച്ചത്. കൂടാതെ കഠിനമായ തണുപ്പും മഞ്ഞും. തണുപ്പില്‍നിന്നും രക്ഷനേടാനുള്ള കമ്പിളി വസ്ത്രങ്ങളും മറ്റും ആവശ്യാനുസരണം ലഭിച്ചിരുന്നില്ല. അന്നന്നു കഴിഞ്ഞുകൂടാനുള്ള ചെറിയ കൂലിയെ നല്‍കിയിരുന്നുള്ളു. അതും പണമായിട്ടു പൂര്‍ണമായും നല്‍കാതെ ഗോതമ്പ്, പയര്‍, വാട്ടുകപ്പ മുതലായ ഭക്ഷ്യവസ്തുക്കള്‍കൂടി ചേര്‍ത്താണ് നല്‍കിയിരുന്നത്. മലമ്പനി, കോളറ, വസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പിടിപെട്ട് പലരും മരണത്തിനിരയായിട്ടുണ്ട്. ചെറിയ തോതിലെങ്കിലും അനീതികളെയും മറ്റും എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്തവരെ കൊന്ന് തീയില്‍ തള്ളിയ സംഭവങ്ങളുമുണ്ട്. അങ്ങനെ എത്രയോ മനുഷ്യര്‍... ഇത് ഹൈറേഞ്ചിലെ വമ്പിച്ച തോട്ടങ്ങള്‍ ഉണ്ടായതിന്റെ പിന്നിലെ അധ്വാനത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം. 

അന്ന് കിഴക്കന്‍ മലകളിലെ തോട്ടങ്ങളില്‍ പണിക്കാര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങളും ദു:ഖങ്ങളും വായ്‌മൊഴിയായി നാടന്‍ പാട്ടിന്റെ ശൈലിയില്‍ തങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഓര്‍മ്മയിലുള്ള ഒന്നുരണ്ടു ചെറിയ പാട്ടുകള്‍:

'എല്ലാമേട്ടിലും പോയാലോ അച്ചാ
പീരിയമേട്ടിലെ പോകരുതേ
പീരിയമേട്ടിലെ പോയാലോ അച്ചാ
മഞ്ഞും പനീംകൊണ്ടു ചത്തുപൊകും...'
'കൊടികുത്തി തോട്ടത്തിലേ
അവിടൊരു ചങ്കു പഴുപ്പനുണ്ടേ
തൂമ്പ കെളച്ചിട്ടും കൂന്താലി വെട്ടീട്ടും
നാട്ടിനുപൊയ്‌ക്കൊള്ളിന്‍...'

നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക പരിപാടികളുടെയും പ്രവര്‍ത്തന ഫലമായി നാട്ടില്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്ക് മാറ്റം വന്നു തുടങ്ങി. ഇതിന്റെ ഫലമായി അയിത്തജാതിക്കാര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കാനും വിദ്യാഭ്യാസം ചെയ്യാനും പൊതു നിരത്തുകളില്‍ നടക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടക്കുമ്പോള്‍തന്നെ ഇവിടെ സ്വാധീനം ചെലുത്തിയ കമ്യൂണിസ്റ്റ് ആശയങ്ങള്‍ സ്വാതന്ത്ര്യ സമരത്തിനും രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലും വലിയ മാറ്റമുണ്ടാക്കി.

ഇതിന്റെയെല്ലാം അലയടികളും സന്ദേശങ്ങളും തോട്ടം മേഖലകളിലും കടന്നു വന്നു. കൂലിക്കൂടുതലിനും മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടു ക്കുന്നതിനും വേണ്ടി തൊഴിലാളികള്‍ സംഘടിക്കുകയും യൂണിയനുകള്‍ രൂപീകരിക്കുകയും ചെയ്തു. തൊഴിലാളികളുടെ സംഘടിത ശക്തികൊണ്ട് വിറളി പൂണ്ട തോട്ടം ഉടമകളും മാനേജ്‌മെന്റുകളും തൊഴിലാളി പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചു. തൊഴിലാളികളുടെ പേരില്‍ കള്ളക്കേസുണ്ടാക്കി അവരെ പിരിച്ചു വിടുകയും തല്‍സ്ഥാനത്ത് കരിങ്കാലികളെ നിയമിക്കുകയും ചെയ്തു. നേതാക്കളെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ളനീക്കം ആരംഭിച്ചു. ഈ പ്രക്രീയയില്‍ 1955 മാര്‍ച്ച് 2-ാംതീയതി എരുമേലി പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന പ്രപ്പോസ് എസ്റ്റേറ്റില്‍ സ:കുഞ്ഞുകുട്ടി രക്തസാക്ഷിയായി. മാനേജ്‌മെന്റിന്റെ കിങ്കരനാലാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. 

യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ തോട്ടം മേഖലകളിലെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. കൂലി ക്കൂടു തലും മറ്റു സേവന, വേതന വ്യവസ്ഥകളും നേടിയെടുത്തു എന്നു മാത്രമല്ല തൊഴിലാളികളുടെ ഇടയില്‍ ഒരു സംഘടിത ബോധവും ഐക്യവും കൈവരിക്കാന്‍ ഇതു കാരണമായി. ഇത് തോട്ടങ്ങളില്‍ ഒരു പുതിയ ജീവിതരീതി പ്രധാനം ചെയ്തു. 

മിഡില്‍ സ്‌കൂളില്‍ (യു പി എസ്) പഠിച്ചിരുന്ന കാലം മുതല്‍ എനിക്ക് ജാതിയോടും മതത്തോടും ഒരു താല്‍പര്യക്കുറവ് തോന്നിത്തുടങ്ങിയി രുന്നു. അതോടൊപ്പം നവോത്ഥാന പ്രസ്ഥാനങ്ങളോടും കമ്യൂണിസ്റ്റ് ആശയങ്ങളോടുമുള്ള താല്‍പര്യവും പ്രതിബദ്ധതയും ഏറി വരികയും ചെയ്തു. ഞാന്‍ വളര്‍ന്നു വന്ന സാമൂഹിക ചുറ്റുപാടുകളാണ് ഇതിന് എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. യാഥാസ്ഥിതികരായ സ്‌കൂള്‍ മാനേജ്‌മെന്റും അവരെ പിന്തുണക്കുന്ന അധ്യാപകരും താണ ജാതിക്കാ രായ വിദ്യാര്‍ത്ഥികളെ രണ്ടാം തരക്കാരായി കണക്കാക്കിയിരുന്നു. സ്‌കൂള്‍ അധികൃതരില്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് വിരുദ്ധര്‍ ആയിരുന്നു. താണ ജാതിയില്‍പെട്ട വിദ്യാര്‍ത്ഥികളെ ഇവര്‍ കമ്യൂണിസ്റ്റ് അനുഭാവികളാ യിട്ടാണ് കരുതിയിരുന്നത്. ഏറെക്കുറെ അത് ശരിയുമായിരുന്നു. മുകളില്‍ സൂചിപ്പിച്ച സാമൂഹ്യ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്ന് വ്യക്തമാണല്ലോ. മാനേജ്‌മെന്റിന്റെയും അവരെ പിന്തുണക്കുന്ന അധ്യാപകരുടെയും വിവേചനപരമായ പെരുമാറ്റം വിദ്യാര്‍ത്ഥികള്‍ക്കിട യിലും കമ്യൂണിസ്റ്റ്- കമ്യൂണിസ്റ്റ് വിരുദ്ധ ചേരികളും സവര്‍ണ, അവര്‍ണ ചേരികളും വേര്‍തിരിയുന്നതിനു കാരണമായി. 

ക്ലാസുകളില്‍ വെള്ളിയാഴ്ച ദിവസങ്ങളിലെ അവസാന പീരിയിഡ് 'സോഷ്യല്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പീരിയഡില്‍ കുട്ടികള്‍ പാട്ട്, നാടകം, മോണോ ആക്ട് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചി രുന്നു. ഞങ്ങളുടെ ബാച്ചില്‍പെട്ട ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഈ പരിപാടികളില്‍ പങ്കെടുക്കുകയും അവരവരുടെ കഴിവുകള്‍ തെളിയി ക്കുകയും ചെയ്തു. ഈ സമയത്ത് ഞങ്ങള്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില പാട്ടുകള്‍ പാടി. എതിര്‍ ചേരിയിലുള്ളവര്‍ കോണ്‍ഗ്രസ് പാട്ടുകളും പാടി. ഒടുവില്‍ ഇതൊരു മല്‍സരമായി മാറിയപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഇടപെടുകയും കമ്യൂണിസ്റ്റ് പാട്ടുകള്‍ പാടാന്‍ പാടില്ലെന്ന് ഞങ്ങളോട് പറയുകയും ചെയ്തു. എങ്കിലും ഞങ്ങള്‍ക്ക് പിന്തിരിയാന്‍ കഴിഞ്ഞില്ല. പാട്ടുകളില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വളരെ വ്യക്തമായി വരുന്ന ചില പദങ്ങള്‍ ചേര്‍ത്ത് ഞങ്ങളുടെ പാട്ടു പരിപാടി തുടര്‍ന്നു. അപ്രകാരം പാടിയ ഒരീരടി ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നു:

'കരിയേന്തിയ കട്ടയുടയ്ക്കിണ
കൈകളിലെല്ലാം ഉയരുകയായ്
ചിരിപടരും സന്ദേശത്തിന്‍
പൊന്നല പാകിയ ചെങ്കൊടികള്‍...'

ഈ ചെങ്കൊടികള്‍ മാറ്റി അവിടെ പൈങ്കിളികള്‍ ആക്കി ഞങ്ങള്‍ പാടി.

ഇനി വിഷയത്തിലേക്ക് വരാം. തോട്ടങ്ങളില്‍ സ്ഥിരം തൊഴിലാളികളുടെ ആശ്രിതരെയും മക്കളെയും ബന്ധുക്കളെയും ജോലിക്ക് താല്‍ക്കാലികമായി എടുക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ തോട്ടങ്ങളുടെ വെളിയില്‍നിന്നു പോലും അത്യാവശ്യ പണികള്‍ ഉള്ളപ്പോള്‍ യുവതീ-യുവാക്കളെ എടുക്കാറുണ്ട്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ മുതല്‍ ബിരുദധാരികള്‍ വരെ തോട്ടങ്ങളില്‍ പണിക്കെത്താറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു എം എക്കാരി തോട്ടത്തില്‍ കളയെടുക്കുന്ന പണിക്ക് വന്നതായി ഞാനോര്‍ക്കുന്നു. പഠിച്ചുകൊണ്ടിരുന്നവരും അവധിക്കാലങ്ങ ളില്‍ പണിക്കിറങ്ങാറുണ്ട്. 

കുട്ടന്‍ (ജോണ്‍ കെ എരുമേലി), ചാക്കപ്പന്‍ (തോമസ് ചാക്കോ), കീത്ത (പട്ടാളത്തില്‍നിന്ന് വിരമിച്ച ഇദ്ദേഹം എറണാകുളത്ത് കാക്കനാട് താമസിക്കുന്നു), പാപ്പച്ചന്‍ (കടുപ്പേല്‍, വലിയവെള്ളനാടിയില്‍ സൂപ്പര്‍ വൈസര്‍ ജോലിയില്‍നിന്നും പെന്‍ഷനായ ഇദ്ദേഹം മുണ്ടക്കയം കരിനിലത്തിനടുത്ത അമരാവതി താന്നിക്കപ്പതാലില്‍ താമസിക്കുന്നു). ഞങ്ങള്‍ മൂന്നാളുകളും തോട്ടത്തില്‍ താല്‍ക്കാലിക പണിക്കാരായി പോകാറുണ്ടായിരുന്നു. അങ്ങനെ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു മധ്യവേനല്‍ അവധിക്കാലത്ത് ഞങ്ങള്‍ പണിക്കിറങ്ങി. 

കാലം അറുപതുകളുടെ തുടക്കം...

റോഡുവെട്ട്, റബ്ബര്‍ തൈകള്‍ക്ക് പ്ലാറ്റുഫോറംവെട്ടല്‍, റബര്‍കുഴികള്‍ മണ്ണിട്ടു മൂടല്‍ ഉവയെല്ലാമാണ് പണികള്‍. തോട്ടത്തില്‍ കൊതുകുകള്‍, ഈച്ചകള്‍, ഉപദ്രവകാരികളായ പ്രാണികള്‍ എന്നിവ ധാരാളമുണ്ട്. ഇവയുടെ ഉപദ്രവങ്ങളില്‍നിന്ന് ഒരു പരിധിവരെ രക്ഷനേടാന്‍ നിറം മങ്ങിയതും കീറിതുടങ്ങിയതുമായ ഷര്‍ട്ടുകള്‍ ഇട്ടുകൊണ്ടാണ് ഒരു ദിവസം ഞങ്ങള്‍ മസ്റ്ററില്‍ (മസ്റ്റര്‍-രാവിലെ പണിക്കാരുടെ ഹാജരുകള്‍ എടുത്തശേഷം വിവിധ ജോലികള്‍ക്ക് ബാച്ചുകള്‍ തിരിച്ച് പറഞ്ഞയക്കുന്ന ഗ്രാണ്ട്. ചില സ്ഥലങ്ങളില്‍ ഇതിന് പെരട്ടുകളം എന്നും പറഞ്ഞിരുന്നു. പേരിട്ടകളം പെരട്ടുകളമായി മാറിയതാണെന്നു പറയുന്നു) ചെന്നത് പഴകിയതാണെങ്കിലും ഷര്‍ട്ടുകള്‍ ധരിച്ചുകൊണ്ട് തൊട്ടുതൊട്ടു നില്‍ക്കുന്ന ഞങ്ങളെ പ്രധാന ഫീല്‍ഡ് റൈട്ടര്‍ പ്രത്യേകിച്ചൊന്നു നോക്കി. ആ നോട്ടത്തില്‍ ഒരു സുഖക്കുറവ് ഉണ്ടായിരുന്നു. രാവിലെ മസ്റ്ററില്‍വെച്ചു ണ്ടായ സുഖമില്ലാത്ത നോട്ടത്തിന്റെ പൊരുള്‍ പണിസ്ഥലത്ത് റൈട്ടര്‍ സാര്‍ തുറന്നു പ്രകടിപ്പിച്ചു. 

''നിങ്ങള്‍ പണിക്കു വന്നോ ഉദ്യോഗത്തിനു വന്നോ''? റൈട്ടര്‍ സാര്‍ ചോദിച്ചു.
''ഞങ്ങള്‍ പണിയെടുത്തുകൊണ്ടിരിക്കുകയല്ലേ, പിന്നെന്താ സാറിനൊരു സംശയം? തോമസ് ചാക്കോ (ചാക്കപ്പന്‍)
''അല്ല, ഷര്‍ട്ടുമൊക്കെ ഇട്ടോണ്ടു വന്നതുകൊണ്ട് ചോദിച്ചതാ''
''കൊതുകിന്റേം ഈച്ചേടേ കടികൊറയുമല്ലോ എന്നു കരുതിയാ''...ഞാന്‍
''കൊതുകുകടി കൊള്ളാതിരിക്കണേ വീട്ടിലിരിക്കണം''

റൈട്ടറുടെ അഭിപ്രായത്തിന് ഒരു മറുപടിയും പറയാതെ ഞങ്ങള്‍ പണി തുടര്‍ന്നു. പണി സംബന്ധമായി ഒരു കുറവും അയാള്‍ക്ക് ഞങ്ങളുടെമേല്‍ ആരോപിക്കാനില്ല. നന്നായും ചിട്ടയായും പണിയെടുക്കുന്ന ഞങ്ങളെ തോട്ടത്തിലെ ഡിവിഷന്‍ കണ്ടക്ടര്‍ ഒരിക്കല്‍ അഭിനന്ദിച്ചിട്ടുണ്ട്. 

വൈകുന്നേരം പണി കഴിഞ്ഞു മടങ്ങുമ്പോള്‍ പിറ്റേദിവസം റൈട്ടറോട് പ്രതികരിക്കേണ്ട നടപടികളെക്കുറിച്ച് ഞങ്ങള്‍ ചില തീരുമാനങ്ങളെടുത്തു. ഒരു മൗനവിപ്ലവത്തിലൂടെ മാത്രമേ അയാളുടെ നടപടികളോടു പ്രതികരി ക്കാന്‍ കഴിയൂ.

പിറ്റേദിവസം നന്നായി അലക്കിത്തേച്ച ഷര്‍ട്ടുകള്‍ ധരിച്ചുകൊണ്ടാണ് ഞങ്ങള്‍ മൂന്നാളുകളും മസ്റ്ററില്‍ എത്തിയത്.

മസ്റ്ററില്‍ ഞങ്ങളെ കണ്ട റൈട്ടര്‍ ഒന്നു ഞെട്ടി. അയാളുടെ മുഖത്ത് സ്ഥിരമായി കാണാറുള്ള ഗൗരവം മാഞ്ഞു. അതിന്റെ സ്ഥാനത്ത് ഒരു ജാള്യത പ്രകടമായി. പണി സ്ഥലത്ത് ഒരു ചെറിയ പുഞ്ചിരിയോടെയാണ് അയാള്‍ ഞങ്ങളെ സമീപിച്ചത്. അതില്‍ കൃത്രിമത്വം ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്ന മുഴുവന്‍ പണിക്കാര്‍ക്കും അത് കൗതുകകരവും അദ്ഭുതകരവുമായ ഒരു കാഴിചയായിരുന്നു. കാരണം ഗൗരവമില്ലാത്ത അയാളുടെ മുഖം പണിക്കാരിലാരും ഇതുവരെ കണ്ടിട്ടില്ല.

''ഇത്രേം നല്ല ഷര്‍ട്ടുകള്‍ കളയണോ പഴയതുപോരെ''?
ലാഘവത്തോടുകൂടി റൈട്ടര്‍ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ചതായി ഞങ്ങള്‍ മൂന്നാളുകളും തലയാട്ടി. 

പണിക്കാര്‍ ഏതൊരു ഷര്‍ട്ടും ഉപയോഗിക്കുന്നതില്‍ താല്‍പര്യമില്ലാതിരുന്ന റൈട്ടറുടെ പിന്‍തിരിപ്പന്‍ നിലപാടിനെ മാറ്റിത്തീര്‍ത്ത് ഞങ്ങള്‍ നടത്തിയ ഷര്‍ട്ടു വിപ്ലവമാണ്. വമ്പിച്ച സാമൂഹിക മാറ്റങ്ങള്‍ക്കു വഴിതെളിച്ച മഹത്തായ മുന്നേറ്റങ്ങളിലേയ്ക്കും ഇനിയും അത്തരത്തിലുള്ളതോ അതിനേക്കാള്‍ മികച്ചതോ ആയ മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കുമാണ് ഈ ചെറിയ കാര്യം വിരല്‍ചൂണ്ടുന്നത്.