"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 22, ബുധനാഴ്‌ച

ഭാസ്‌കരന്‍ ബത്തേരി: 140 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ദലിതന്‍....!!!!


മുന്‍ രാഷ്ടപതി കെ ആര്‍ നാരായണന്റെ സ്റ്റാഫംഗം ഉള്‍പ്പെടെ മൂന്ന് പ്രധാനമന്ത്രിമാരുടെ ചീഫ് കുക്ക്...!!! മുന്‍ നാവിക സൈനികന്‍...!!!! മര്‍ച്ചന്റ് നേവിയിലും സേവനം...!!! സംഗീത സംവിധായകനായി ബോംബെയില്‍ ജീവിതം...!!!! സംഗീത ആല്‍ബ നിര്‍മാതാവ്...!!!! ഗ്രന്ഥകാരന്‍....!!! നാടകകൃത്ത്...!!!! നോവലിസ്റ്റ്.....!!!! പോള്‍ ബത്തേരി സംവിധാനം നിര്‍വഹിച്ച, ഇപ്പോള്‍ റിലീസായ 'അഴക്' എന്ന തമിഴ് സിനിമയുടെ തിരക്കഥാകൃത്ത്....!!!! ഒറ്റവരിയില്‍ ഒതുക്കാനാവില്ല, ഭാസ്‌കരന്‍ ബത്തേരിയുടെ ശേഷികളെ കുറിച്ചുള്ള വിവരണങ്ങള്‍....!!!!! ജയ് ഭീം...!!!!

ബത്തേരിയിലെ ദരിദ്രരായ ഒരു കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് ഭാസ്‌കരന്‍ ബത്തേരി ജനിച്ചത്. പി ഭാസ്‌കരന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ആ പേരില്‍ പ്രസിദ്ധനായ മറ്റൊരാളുള്ളതു കൊണ്ടാണ് ഭാസ്‌കരന്‍ ബത്തേരി എന്ന് പേര് മാറ്റിയത്. അച്ഛനമ്മമാര്‍ നിരക്ഷരരായി രുന്നെങ്കിലും അവര്‍ ഭാസ്‌കരന്‍ ഉള്‍പ്പെടെയുള്ള മക്കള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കിക്കൊടുത്തിരുന്നു.

സംഗീതത്തിലായിരുന്നു ഭാസ്‌കരന് കമ്പം. വയനാട് ജില്ല രൂപീകൃതമായ 1980 ല്‍ നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ മിക്ക ഇനത്തിലും ഒന്നാം സ്ഥാനം നേടി ഭാസ്‌കരന്‍ ശ്രദ്ധേയനായി. പ്രീഡിഗ്രിക്ക് പഠിക്കുന്ന 17 ആമത്തെ വയസില്‍ നേവിയിലേക്ക് സെലക്ഷന്‍ ലഭിച്ചു. 20 വര്‍ഷത്തെ നാവിക സേവനത്തിനു ശേഷം കുറച്ചുകാലം മര്‍ച്ചന്റ് നേവിയിലും ജോലിനോക്കി. തുടര്‍ന്ന് ബോംബെയില്‍ വന്ന് സംഗീത രംഗത്ത് സജീവമായി. അമേരിക്കന്‍ നാവിക കമ്പനിയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ ബോംബെ വിട്ടു; ഒപ്പം സംഗീതവും. ആ കമ്പനിയുടെ ചീഫ് ഓഫീസറായി ന്യൂയോര്‍ക്ക്, ജമൈക്ക, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കി. നാവികനായിരുന്ന കാലഘട്ടത്തിലാണ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. അതത് രാജ്യങ്ങളിലെ സുഖവാസ കേന്ദ്രങ്ങള്‍ തോടിപ്പോവുകയല്ല ഭാസ്‌കരന്‍ ചെയ്തത്; ഓരോരോ രാജ്യങ്ങളിലേയും വിമോചന പ്പോരാളികളുടെ സ്മരക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു. അങ്ങിനെയാണ് ജമൈക്കയില്‍, സംഗീതം പോരാട്ടത്തിനുള്ള ആയുധമായി പ്രയോഗിച്ച് ഇതിഹാസമായി മാറിയ വിമോചനപ്പോരാളി ബോബ് മാര്‍ലിയുടെ സ്മാരകം സന്ദര്‍ശിച്ചത്. തന്റെ യാത്രാനുഭവങ്ങളുടെ വിവരണമാണ് 'ഭൂമധ്യരേഖയും കടന്ന്' എന്ന ഗ്രന്ഥം.

ജാതിപീഢയുടെ മുറിവുകള്‍ ഏല്‍ക്കേണ്ടിവന്നിട്ടില്ല എന്നുള്ളത് ഭാസ്‌കരന്‍ എന്ന ദലിതന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങളില്‍ ഒന്നാണ്. തന്റെ ജന്മനാട് വയനാട് മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമാണെന്ന് ഭാസ്‌കരന്‍ വിശേഷിപ്പിക്കുന്നു. ദലിതര്‍ക്ക് ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നു എങ്കിലും അതോടൊപ്പം തന്നെ വയനാടിന്റെ വിഭവസമൃദ്ധി അതിനൊക്കെ ഒരു പരിഹാരവുമായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ മറ്റൊരു കാരണം, വയനാട്ടില്‍ മിക്കവരും കുടിയേറ്റക്കാരായിരുന്നു എന്നതാണ്. ഇവര്‍ക്ക് പൊതുവേ നേരിടേണ്ടിയിരുന്നത് ആനകളേയും മലമ്പനി പോലുള്ള രോഗങ്ങളേയുമായിരുന്നു. ഒരു പ്രത്യേക മതവിഭാഗക്കാരെ മാത്രമായി ആനയും മലമ്പനിയും ആക്രമിക്കില്ലല്ലോ! ഇങ്ങനെ ഒരു 'പൊതുശത്രു' ഉള്ളതിനാലാവണം വയനാടിന്റെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ മതവൈരം ഏശാതെ പോയതെന്ന് ഭാസ്‌കരന്‍ വിലയിരുത്തുന്നു. അതേസമയം വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ ഇന്നത്തേപ്പോലെ അന്നും ദയനീയമായിരുന്നു!

ബോംബെയില്‍ നേഴ്‌സായി സേവനമനുഷ്ഠിക്കുന്ന, പെരുമ്പാവൂര്‍ സ്വദേശി തങ്കമ്മയാണ് ഭാസ്‌കരന്റെ ജീവിത പങ്കാളി. മകള്‍ അനാമിക എസ്എസ്എല്‍സിക്കും മകന്‍ മൂന്നാം ക്ലാസിലും പഠിക്കുന്നു.