"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 25, ശനിയാഴ്‌ച

2016 കടന്നു വരുന്നത് കനത്ത വെല്ലുവിളികളും ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി


2015 ലൂടനീളം മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ നേരിട്ട അതീവ ഗുരുതരമായ സാമ്പത്തിക മാന്ദ്യവും സാമൂഹ്യ - രാഷ്ട്രീയ സംഘര്‍ഷങ്ങളും കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്ത ലത്തിലാണ് പുതുവര്‍ഷം പിറക്കുന്നത്. ഭരണവ്യവസ്ഥ അവകാശപ്പെടുന്ന ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുകമറക്കുള്ളില്‍ കൊടിയ ചൂഷണവും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അസമത്വങ്ങളും അടിട്ടമര്‍ത്തലുകളും അത്ഭുതപൂര്‍വ്വമായ പാരിസ്ഥിതിക പ്രതിസന്ധിയും അഭയാര്‍ത്ഥി പ്രവാഹവുമെല്ലാം പോയ വര്‍ഷത്തെ അടയാളപ്പെടുത്തുന്നു. 2008 ല്‍ ആരംഭിച്ച ലോകസാമ്പത്തിക മാന്ദ്യം കൂടുതല്‍ തീവ്രതയോടെ 2016 ലും തുടരുമെന്ന് ഐഎംഎഫിന്റെ പ്രഖ്യാപനം ഡിസംബര്‍ അവസാനം വന്നു കഴിഞ്ഞു. രണ്ടക്ക നിലവാരത്തിലുള്ള വളര്‍ച്ചാനിരക്കുമായി ലോകസമ്പദ്ഘടനയുടെ ചാലകശക്തിയായി കൊണ്ടാടപ്പെട്ട രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയും മുതലാളിത്തത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങള്‍ നിമിത്തം പ്രതിസന്ധിയെ നേരിടുന്നത് 2015 നെ അപേക്ഷിച്ച് 2016 ല്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സാമ്രാജ്യത്വ ജിഹ്വകള്‍ തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. തിരിച്ചു പോക്കി ല്ലാത്ത ഈ മാദ്ധ്യത്തിനിടയിലും ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ഏഴു മില്യണ്‍ ഡോളര്‍ കവിഞ്ഞിരിക്കുന്നുവെന്നും ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം അതിസമ്പന്നരുടെ കൈവശം ലോകസമ്പത്തിന്റെ 50 ശതമാനം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നുള്ള പഠനങ്ങളും പുറത്തു വന്നിരിക്കുന്നു.

കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന കമ്പോളത്തില്‍ എല്ലാ രാജ്യങ്ങളിലും ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ ചികിത്സാദികള്‍ തുടങ്ങിയവയുടെ വിലകള്‍ ഒരു വശത്ത് കുതിച്ചുയരുകയും ക്രയശേഷി നഷ്ടപ്പെടുന്ന ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാനാകാതിരിക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് കാര്‍ഷികോല്പന്നങ്ങളുടെയും വ്യാവസായിക അസംസ്‌കൃത വസ്തുക്കളുടെയും വിലകള്‍ കാല്‍ നൂറ്റാണ്ടുകാലത്തെ നവഉദാരഘട്ടത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിധം കുത്തനെ പതിച്ചു കഴിഞ്ഞു. ക്രൂഡോയില്‍ വില ഒന്നര വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നില്‍ താഴെയായി 34 ഡോളറില്‍ എത്തിക്കഴിഞ്ഞു. എണ്ണ മുഖ്യവരുമാന ശ്രോതസ്സായി ട്ടുള്ള രാജ്യങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഇരുമ്പ്, ചെമ്പ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെയെല്ലാം വിലകള്‍ 2008 ലുണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെയായി. ഒരു പ്രധാന വ്യവസായ അസംസ്‌കൃത വസ്തുവായ റബറിന്റെ വില രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെയാണ്. ലോകം നേരിടുന്ന കാര്‍ഷിക വ്യവസായ തകര്‍ച്ചയുടെയും ഉല്പാദന മാന്ദ്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ജനകോടികളുടെ പാപ്പരീകരണത്തിന്റെയും സൂചനകളാണിവ. 

1930 കളില്‍ പ്രകടമായതുപോലെ, അത്ഭുതപൂര്‍വ്വമായ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും തജ്ജന്യമായ സാമൂഹ്യ സംഘര്‍ഷങ്ങളില്‍ നിന്നും ആഭ്യന്തരമായി നവഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയും സാര്‍വദേശിയ തലത്തില്‍ അന്തര്‍ സാമ്രാജ്യ വൈരുദ്ധ്യങ്ങള്‍ ശക്തിപ്പെടുത്തിയും പ്രാദേശിക യുദ്ധങ്ങള്‍ അഴിച്ചുവിട്ടും മതം, വംശീയത, ഗോത്രവാദം തുടങ്ങിയവയിലധിഷ്ഠിതമായ ഫാസിസ്റ്റ് ഭരണങ്ങള്‍ പുത്തന്‍ അധിനിവേശ രാജ്യങ്ങളില്‍ പ്രോത്സാഹിപ്പിച്ചും സര്‍വോപരി ഭീകരതാ വിരുദ്ധ യുദ്ധമെന്ന പേരില്‍ വിശേഷിച്ച് പശ്ചിമേഷ്യ യില്‍ സൈനിക കടന്നാക്രമണങ്ങള്‍ സ്ഥിരം പതിവാക്കിയും ആ പ്രക്രിയയില്‍ ഐഎസ് പോലുള്ള ഭീകരവാദ സംഘടനകളുടെ ആവിര്‍ഭാവത്തിനു വഴിതെളിച്ചും മറ്റും ജനശ്രദ്ധതിരിച്ചു വിടാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നത്. എന്നാല്‍ മുതലാളിത്ത - സാമ്രാജ്യത്വ വ്യവസ്ഥക്കകത്തുനിന്നുകൊണ്ട് താല്‍ക്കാലികമായി പോലും നീക്കുപോക്കു നടത്താനാവാത്ത വിധം സാമൂഹ്യസംഘര്‍ഷങ്ങള്‍ വളര്‍ന്നിരിക്കുന്നു. 

ഈ സാഹചര്യത്തില്‍, നവഉദാരവാദത്തിന്റെ ആശയ സംഹിതകളായ ഉത്താരധുനിക - സ്വത്വവാദ കാഴ്ച്ചപ്പാടുകളും മത - വംശീയ - ജാതി മൗലികവാദങ്ങളുമെല്ലാം ഉപയോഗ പ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും കോര്‍പ്പറേറ്റ് കേന്ദ്രങ്ങളും ഭരണകൂടങ്ങളും നടത്തുന്ന ശ്രമങ്ങളെ മറികടന്നുകൊണ്ട് നിരവധി രാജ്യങ്ങളിലും മേഖലകളിലും തൊഴിലാളികളും മര്‍ദ്ദിത ജനവിഭാഗങ്ങളും പോരാട്ടത്തിനു തയ്യാറായി മുന്നോട്ടു വരുന്നുണ്ട്. വര്‍ത്തമാനാവസ്ഥയെ ശരിയായി വിലയിരുത്തി ഒരു ജനകീയ ബദല്‍ മുന്നോട്ടു വക്കാന്‍ കഴിയുന്ന രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ അഭാവത്തിലും പല രാജ്യങ്ങളിലും തൊഴിലാളികളും മര്‍ദ്ദിത ജനവിഭാഗങ്ങളും ഉയിര്‍ത്തെഴുന്നേല്പിന് തയ്യാറായി നാനാരൂപങ്ങളില്‍ മുന്നോട്ടു വരുന്നുണ്ട്. ഈ പ്രക്രിയയില്‍, കുറഞ്ഞ പക്ഷം പ്രാഥമിക ജനാധിപത്യാവകാശങ്ങളെങ്കിലും ഉറപ്പു വരുത്താന്‍ ചിലയിട ങ്ങളിലെങ്കിലും ജനങ്ങള്‍ക്കു കഴിയുമ്പോള്‍ തന്നെ, ഈയിടെ വെനിസ്വേലയില്‍ പ്രകടമായതുപോലെ, അവ നഷ്ടമാകുന്ന സന്ദര്‍ഭവുമുണ്ട്. അതേസമയം, ഈഅടുത്തകാലത്തെ യൂറോപ്യന്‍ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പലയിടത്തും ജനാധിപത്യ ശക്തികള്‍ക്കു മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാലതേസമയം, മൂലധനാധിപത്യത്തെ മറികടക്കാന്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി കരുത്തുള്ള വിപ്ലവ ഇടതുപക്ഷം ഇനിയും മുന്‍കൈ നേടാതിരിക്കെ, പെറ്റി ബൂര്‍ഷ്വാ - മധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ നയിക്കുന്ന ഇത്തരം ഇടപെടലുകള്‍ താല്‍ക്കാലി കമോ വ്യവസ്ഥക്കു കീഴ്‌പ്പെടുന്നതോ ആയിത്തീരുകയാണ് ഒട്ടുമിക്കപ്പോഴും. ഈ സാഹചര്യത്തില്‍, ജനങ്ങള്‍ പോരാട്ടത്തിനു തയ്യാറായിരിക്കെ, ചരിത്രത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടും വര്‍ത്തമാനാവസ്ഥയെ ശരിയായി വിലയിരുത്തിയും ഒരു രാഷ്ട്രീയ ബദല്‍ മുന്നോട്ട് വെച്ച് നേതൃത്വത്തിലേക്കു വരാന്‍ വിപ്ലവ ഇടതുപക്ഷവും പുരോഗമന ജനാധിപത്യശക്തികളും മുന്നിട്ടിറങ്ങു കയാണ് ഏക പോംവഴി.