"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 3, വെള്ളിയാഴ്‌ച

പാഠം: 5 എങ്ങനെ ഒരു നല്ല ഫുഡ്‌ബോള്‍ കളിക്കാരനാകാം - ഡോ. കെ എം കര്‍മചന്ദ്രന്‍


പന്തുയര്‍ത്തി അടിക്കലും ലോങ് പാസ്സും: കൂട്ടുകാരേ, ശരീരം ചൂടാകാനും ഫിറ്റാകാനും വേണ്ടി ഗ്രൗണ്ടിനു ചുറ്റും സാവധാനം 2 വട്ടം ഓടിയതിനു ശേഷം 1,2,3,4 എന്നിവ ഏകദേശം 7 മിനിറ്റുനേരം പരിശീലിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്കു ഗ്രൗണ്ടുബോള്‍ അടിക്കുവാന്‍ അറിയാമല്ലോ.

പന്തുയര്‍ത്തി അടിക്കല്‍: ഗ്രൗണ്ടില്‍ നിശ്ചലമായ ഒരു പന്ത് ദൂരേക്ക് അടിക്കണോ? എങ്കില്‍ ശ്രദ്ധിക്കൂ, (ചിത്രം നോക്കുക) നിശ്ചലമായ പന്തിന്റെ ഒത്ത നടുവിലൂടെ ഗ്രൗണ്ടില്‍ ഒരു രേഖ വരച്ചതായി സങ്കല്പിക്കുക. (പാഠം 3). ഊന്നുവാനുള്ള ഇടതുകാല്‍ പന്തില്‍നിന്നും ഏകദേശം ഒരടി പിറകിലായി വെച്ചൂന്നുക. ഉടനെതന്നെ വലതുകാല്‍ മുട്ടടക്കം മൊത്തം പിറകിലേക്കു പരമാവധി വളച്ചശേഷം വലതുകാല്‍കൊണ്ട് മുന്നോട്ടു ശക്തിയായി പന്തടിക്കുക. (വലതുകാലിന്റെ തള്ളവിരലും പരന്ന മുന്‍ഭാഗവും ഒന്നിച്ചു പന്തില്‍ കൊള്ളണം) അപ്പോള്‍ വലതു തള്ളവിരല്‍ പന്തിന്റെ അല്പം അടിഭാഗ ത്തായി കൊള്ളിക്കുവാന്‍ ശ്രദ്ധിക്കണം. അടിക്കുന്നതോടൊപ്പം അടിക്കുന്നകാല് പന്തിനോടൊപ്പം മുന്നോട്ടു പരമാവധി സഞ്ചരിച്ചോട്ടെ (ഫോളോ അപ്പ്); ശരീരത്തിന്റെ ബാലന്‍സും ശ്രദ്ധിക്കണം. പന്ത് വളരെ ദൂരേക്ക് ഉയര്‍ന്നു പോകുന്നതായി കാണാം. കൂടുതല്‍ പരിശീലനം കൊണ്ട് പന്തിന്റെ സഞ്ചാര ദിശയും ഉയര്‍ച്ചയും നിങ്ങള്‍ക്ക് യഥേഷ്ടം നിയന്ത്രിക്കാവുന്നതാണ്.

ഇടതുകാല്‍ കൊണ്ടാണ് ഇപ്രകാരം പന്തടിക്കേണ്ടതെങ്കില്‍, ആദ്യം വലതുകാല്‍ പന്തിന്റെ ഒരടിദൂരം പിന്നിലായി ഊന്നിയശേഷം ഇടതുകാല്‍ കൊണ്ട് വേണ്ടവിധം ശക്തിയായി അടിക്കുക. ഫുഡ്‌ബോള്‍ ഷൂ ഉപയോഗിച്ചാല്‍ കിക്കിന് കൂടുതല്‍ കരുത്ത് ലഭിക്കുന്നു. 

പന്തുകളിക്കിടയില്‍ ഇത്തരം ഹൈബോള്‍ അടിക്കുമ്പോള്‍ എതിര്‍ കളിക്കാരന്‍ നിങ്ങളുടെ തൊട്ടടുത്ത് എത്തിയെങ്കില്‍, പെട്ടെന്നു തന്നെ പന്തടിച്ചശേഷം ഫോളോ അപ്പ് ചെയ്യുന്ന കാല്‍ സൂക്ഷിച്ചു നിയന്ത്രിച്ചു പരിക്ക് ഒഴിവാക്കേണ്ടതാണ്. 

പന്തുയര്‍ത്തിയടിച്ച് നിങ്ങള്‍ ദൂരേക്കു കൊടുക്കുന്ന ഒരു പാസ്സില്‍ നിന്നുള്ള പന്ത് നിങ്ങളുടെ കൂട്ടുകാരന്, ഇടക്കു നിന്നുള്ള തടസമൊന്നും കൂടാതെ തന്നെ ലഭിക്കുന്നു. വളരെ ദൂരെനിന്നു പോലും ഒരു ഗോള്‍ നേടുവാന്‍ ഇത്തരം ഒരു കിക്ക് നിങ്ങളെ പ്രാപ്തനാക്കും. 

തെറ്റായ കാലൂന്നല്‍: ഇതേവരെ പഠിച്ച കിക്കുകളിലെല്ലാം ഊന്നുകാല് പന്തിന്റെ തൊട്ടുത്തോ അല്പം പിറകിലോ ആണ് വെച്ച് പരിശീലിക്കുന്നത്. ഒരിക്കലും ഊന്നുകാല് പന്തിന്റെ മുന്‍ഭാഗത്തായിക്കൂടാ. ഇത് ശ്രദ്ധിക്കാത്ത പക്ഷം അടിക്കുന്ന കാല് ഗ്രൗണ്ടിലടിച്ചു പരിക്കു പറ്റുകയോ കിക്ക് ദുര്‍ബലമായി പാഴായിപ്പോവുകയോ ചെയ്യും.