"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 11, ശനിയാഴ്‌ച

നക്‌സല്‍ ബാരിയുടെ 50- ആം വാര്‍ഷിക വും സമൂര്‍ത്ത വിശകലന ത്തിന്റെ പ്രശ്‌നവും - ഡോ. പി. ജെ. ജയിംസ്


1967 മെയ് മാസത്തെ നക്‌സല്‍ബാരി കര്‍ഷക ഉയിര്‍ത്തെഴു ന്നേല്പും തുടര്‍ന്ന് 1969 ഏപ്രില്‍ 22 നു നടന്ന സിപിഐ (എംഎല്‍) രൂപീകരണവും പാര്‍ട്ടി പരിപാടി അംഗീകരിച്ച 1970 ലെ എട്ടാം കോണ്‍ഗ്രസ്സും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരുന്നു. കാര്‍ഷിക വിപ്ലവവും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അതിന്റെ അതീവ പ്രാധാന്യവും അജണ്ടയില്‍ നിന്നുതന്നെ കയ്യൊഴിച്ച സിപിഐ (എം) ന്റെ തിരുത്തല്‍വാദ ലൈനില്‍ നിന്നുള്ള ഒരു വിച്ഛേദന മായിരുന്നു നക്‌സല്‍ബാരി. ഇന്ത്യയിലെ മര്‍ദ്ദിതരും പാര്‍ശ്വ വല്‍കൃതരും പുറം തള്ളപ്പെട്ടവരുമായ ജനകോടികള്‍ക്ക് ആവേശകരമായതോടൊപ്പം രാജ്യത്തെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അഭൂതപൂര്‍വമായ തോതില്‍ വിപ്ലവ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അതു വഴിവെച്ചു. നക്‌സല്‍ബാരിയിലെ വിപ്ലവകാരികളായ കര്‍ഷക ജനത എത്ര ഭൂമി പിടിച്ചെടുത്തുവെന്നതല്ല, മറിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിപ്ലവകരമായി പുനഃസംഘടിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു എന്നതാണ് നക്‌സല്‍ബാരിയുടെ ചരിത്രപ്രാധാന്യം. 

പെട്ടെന്നുണ്ടായ ഒരു സംഭവമെന്നതിലുപരി നിരവധി വസ്തുനിഷ്ഠ ഘടകങ്ങളുടെ പരിണതിയാണ് നക്‌സല്‍ബാരി കര്‍ഷക കലാപം. 1960 കളുടെ മധ്യം മുതല്‍ ഇന്ത്യയുടെ വിവിധ മേഖലകളില്‍ ഭരണ വ്യവസ്ഥയും കാര്‍ഷിക മേഖലയും മറ്റും നേരിട്ട ഗുരുതരമായ പ്രതിസന്ധിയുടെ പരിണതിയെന്നോണം ഭക്ഷ്യകലാപങ്ങളും ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും സജീവമാകുകയുണ്ടായി. ബംഗാളില്‍ മാത്രമല്ല, ബീഹാറിലും ഉത്തരപ്രദേശിലും മറ്റിടങ്ങളിലും കമ്മ്യൂണിസ്റ്റ് കേഡര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യഗോഡൗണുകള്‍ പിടിച്ചെടുത്ത് ദരിദ്രര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഇക്കാലത്ത് വ്യാപകമാകുകയുണ്ടായി. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്ന വര്‍ക്ക് എന്നതുപ്രകാരമുള്ള വിപ്ലവകരമായ കാര്‍ഷിക പരിപാടി 1950 കളില്‍ തന്നെ സിപിഐ കയ്യൊഴിഞ്ഞിരുന്നുവെങ്കിലും 1964 ല്‍ സിപിഐ(എം) രൂപീകരിച്ചതോടെ കമ്മ്യൂണിസ്റ്റ് വിപ്ലവ വിഭാഗങ്ങളില്‍ പുതിയ പ്രതീക്ഷ സൃഷ്ടിച്ചു. എന്നാല്‍, 7-ാം കോണ്‍ഗ്രസ്സിലെ രേഖകള്‍ വ്യക്തമാക്കിയതുപോലെ സിപിഐ (എം) നേതൃത്വത്തിന്റെ മധ്യവര്‍ത്തി നിലപാട് ഇന്ത്യന്‍ സാഹചര്യങ്ങളെ വസ്തു നിഷ്ഠമായി അപഗ്രഥിച്ച് ഒരു വിപ്ലവ പരിപാടി ആവിഷ്‌ക്കരിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ബംഗാളിലെയും ആന്ധ്രാപ്രദേശിലെയും കേരളത്തിലെയും മറ്റും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ സിപിഐ(എം)നകത്ത് രൂക്ഷമായ ആശയസമരം അഴിച്ചുവിട്ടത്. 1965 - 67 കാലത്ത് 'എട്ടു രേഖകള്‍' എന്ന പേരില്‍ സഖാവ് ചാരു മജുംദാര്‍ തയ്യാറാക്കിയതും കാര്‍ഷിക വിപ്ലവത്തെ ആധാരമാക്കി രാഷ്ട്രീയാധികരാരം പിടിച്ചെടുക്കുന്നതിലൂ ന്നുന്നതുമായ നിലപാട് ഈ പ്രത്യയശാസ്ത്രസമരത്തിന്റെ ഭാഗമായിരുന്നു. 

1960 കള്‍ മുതലുള്ള ഇന്ത്യുടെ സമൂര്‍ത്ത സാഹചര്യം
അതേസമയം, സഖാവ് ചാരു മജുംദറും അദ്ദേഹത്തോടൊപ്പം മറ്റു നേതാക്കന്മാരും മുന്നോട്ടു വെച്ച കാര്‍ഷിക വിപ്ലവ പരിപാടി വിപ്ലവപൂര്‍വ്വ ചൈനക്കു സമാനമായി ഇന്ത്യയും അര്‍ദ്ധഫ്യൂഡല്‍, അര്‍ദ്ധകൊളോണിയല്‍ രാജ്യമാണെന്ന ധാരണയെ ആസ്പദമാക്കി യായിരുന്നു. തന്നിമിത്തം, മുപ്പതുകളിലും നാല്പതുകളിലും മാവോസേതുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ നടപ്പായ 'ദീര്‍ഘകാല ജനകീയ യുദ്ധം' എന്ന ലൈന്‍ തന്നെയാണ് ഇന്ത്യന്‍ വിപ്ലവത്തിന്റെയും തന്ത്രപരമായ പാത എന്നു വിഭാവനം ചെയ്യപ്പെട്ടു. ഇതിന്റെ ഭാഗമായി, ഗ്രമങ്ങളിലെ വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതില്‍ നിന്നാരംഭിക്കുന്ന സായുധ സമരമാര്‍ഗ്ഗം മാത്രമാണ് ഒരേയൊരു സമരമാര്‍ഗ്ഗമെന്നും വിശദീകരിക്കപ്പെട്ടു. വാസ്തവത്തില്‍ 'ചൈനീസ് ലൈന്‍' എന്നു വിവക്ഷിക്കപ്പെട്ട ഈ പാത ഇന്ത്യയുടെ സമൂര്‍ത്ത സാഹചര്യങ്ങളെ അവഗണിച്ചു കൊണ്ടു യാന്ത്രികമായി പകര്‍ത്തിയത് ഇടതു സാഹസികത യിലേക്കും എഴുപതുകള്‍ മുതല്‍ പ്രസ്ഥാനത്തിന്റെ ശിഥിലീകരണ ത്തിലേക്കും നയിക്കുകയാണുണ്ടായത്. അക്കാലമാകുമ്പേഴേക്ക് ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ സംഭവിച്ചുകൊണ്ടിരുന്ന അടിസ്ഥാനപരമായ മാറ്റങ്ങളെ അപഗ്രഥിക്കുന്നതിലുണ്ടായ പരാജയമാണ് ഇതിനു കാരണം. 

അമേരിക്കന്‍ സാമ്രാജ്യത്വ നേതൃത്വത്തിലുള്ള രണ്ടാം ലോകയുദ്ധാ നന്തര പുത്തന്‍ കൊളോണിയല്‍ ക്രമത്തില്‍, വിശേഷിച്ചും അറുപതുകള്‍ മുതല്‍ ഇന്ത്യയുടെ കാര്‍ഷിക രംഗത്തുണ്ടായ വമ്പിച്ച മാറ്റങ്ങള്‍ ദുരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് സാര്‍വദേശീയ ഫിനാന്‍സ് മൂലധനം ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ ഹരിത വിപ്ലവമാണ്. പുതിയ കാര്‍ഷിക സാങ്കേതിക വിദ്യകളും കമ്പോള സംവിധാനവും ഉപയോഗപ്പെടുത്തി പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടെ കാര്‍ഷിക മേഖലയില്‍ മൗലിക മാറ്റങ്ങളാണ് സാമ്രാജ്യത്വം അടിച്ചേല്പിച്ചത്. അമേരിക്ക കേന്ദ്രീകരിച്ചുള്ള അഗോള പുത്തന്‍ കൊളോണിയല്‍ സ്ഥാപനങ്ങളും സംഘടന കളുമാണ് ഹരിതവിപ്ലവം മുകളില്‍ നിന്നു കെട്ടിയിറക്കുന്നതിനു മേല്‍നോട്ടം വഹിച്ചത്. അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങള്‍, അടിസ്ഥാന ജലസേചന സൗകര്യങ്ങള്‍, കാര്‍ഷിക മാനേജ്‌മെന്റി ലെ ആധുനിക വല്‍ക്കരണം, കൃത്രിമ വളങ്ങളും കീടനാശിനി കളും തുടങ്ങിയവയെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഹരിതവിപ്ലവമെന്നു പറയാം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആസ്ഥാന വിദഗ്ധര്‍ നാമകരണം ചെയ്ത ഹരിതവിപ്ലവത്തിന്റെ ദൗത്യം അവര്‍ തന്നെ അവകാശപ്പെട്ടതുപ്രകാരം പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളിലെ 'ചുവപ്പന്‍ വിപ്ലവം' ഒഴിവാക്കുക യെന്നതായിരുന്നു. ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യായോടു മുഖം തിരിച്ചു നിന്ന കാലഹരണപ്പെട്ടതും ജീര്‍ണ്ണിച്ചതുമായ ഫ്യൂഡല്‍ ശക്തികളുടെ സ്ഥാനത്ത് പുത്തന്‍ കൊളോണിയല്‍ കൊള്ളയില്‍ സഹകരിപ്പിക്കാവുന്ന സഖ്യശക്തികളും സാമൂഹ്യാ ടിത്തറയുമായി ഒരു കാര്‍ഷിക മുതലാളി വര്‍ഗ്ഗത്തെ വളര്‍ത്തി ക്കൊണ്ടുവരികയെന്നതാണ് ഹരിതവിപ്ലവത്തിലൂടെ ലക്ഷ്യമിട്ടത്. പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യ സ്വായത്തമാക്കുകയെന്നത് ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷക ജനതയെ സംബന്ധിച്ചിടത്തോളം അസാധ്യവുമായിരുന്നു. ഇതിന്റെ പരിണതിയെന്നോണം സാമ്രാജ്യത്വ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം ഇന്ത്യയിലെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി ഭൂപരിഷ്‌കരണ നിയമങ്ങള്‍ പാസ്സാക്കുക യുണ്ടായി. ഇവയാകട്ടെ, കൃഷി ഭൂമി മണ്ണില്‍ പണിയെടുക്കുന്ന വര്‍ക്ക് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് ഹരിതവിപ്ലവത്തിന്റെ പ്രത്യയശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ബൂര്‍ഷ്വാ കര്‍ഷക വര്‍ഗ്ഗത്തെ നാട്ടിന്‍പുറങ്ങളില്‍ വളര്‍ത്തി ലോകകമ്പോളവുമായി കാര്‍ഷിക മേഖലയെ ഉദ്ഗ്രഥിക്കുകയെന്ന ലക്ഷ്യത്തിനായിരുന്നു. 

ഹരിത വിപ്ലവമെന്ന പുത്തന്‍ കൊളോണിയല്‍ പദ്ധതിയുടെ വിജയത്തിന് ഇപ്രകാരം ഭൂബന്ധങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമായിരുന്നു. ഉദാഹരണത്തിന്, ഹരിതവിപ്ലവത്തിന് മുന്‍കൈ എടുത്ത ലോകബാങ്ക് - റോക്‌ഫെല്ലര്‍ - ഫോര്‍ഡ് - യുഎസ്എഐഡി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് 1960 കളുടെ മധ്യത്തില്‍ അമേരിക്കയില്‍ നിന്നും ഇന്ത്യ സന്ദര്‍ശിച്ച 13 കാര്‍ഷിക വിദഗ്ധര്‍ ആവശ്യപ്പെട്ടത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന മുതലാളിത്ത കര്‍ഷകരായ ഒരു വരേണ്യ കര്‍ഷക വര്‍ഗ്ഗത്തെ വളര്‍ത്തിക്കൊണ്ടു വരാനും ഈ വിഭാഗത്തെ അടിസ്ഥാനമാക്കി ഹരിതവിപ്ലവം ഇന്ത്യയില്‍ വികസിപ്പിക്കാനുമായിരുന്നു. ഫ്യൂഡല്‍ ഭൂബന്ധങ്ങള്‍ അവസാനി പ്പിച്ച് പുത്തന്‍ കര്‍ഷക ബൂര്‍ഷ്വാസിയില്‍ ഭൂമി കേന്ദ്രീകരിക്കു ന്നതോടെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര - പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ ഭൂമിയില്‍ നിന്നു തന്നെ അന്യവല്‍ക്കരിക്കപ്പെടുമെന്നും വന്‍കിട ഫാമുകളിലും കൃഷിയിടങ്ങളിലും ആവശ്യമായി വരുന്ന ഭൂരഹിത കര്‍ഷക തൊഴിലാളികളായി അവര്‍ മാറിത്തീരുമെന്നും ഇവര്‍ വിലയിരുത്തി. അപ്രകാരം ഇന്ത്യന്‍ ദല്ലാള്‍ ഭരണകൂട ത്തിന്റെ ഭരണപരവും നിയമപരവും വ്യവസ്ഥാപനപരവുമായ പിന്‍ബലത്തില്‍ മുന്‍കാലത്തെ നിരവധി ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ പാട്ട കുടിയാന്മാരെ ഭൂമിയില്‍ നിന്നൊഴിപ്പിച്ചുകൊണ്ട് സ്വയം 'കുലാക്കുകള്‍' അഥവാ മുതലാളിത്ത കര്‍ഷകരായി മാറി. പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള ഉദാരമായ വായ്പകളും ഉപയോഗപ്പെടു ത്തി കൃഷിയെ വാണിജ്യവല്‍ക്കരിക്കുന്നത് ഏറ്റവും ലാഭ കരമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. അതോടൊപ്പം, കൃഷിയില്‍ നിന്നും അകന്നുനിന്നിരുന്ന കോര്‍പ്പറേറ്റ് വിഭാഗങ്ങളും വന്‍കിട ഫാമുകള്‍ കൈവശപ്പെടുത്തുകയോ സ്വയം കോര്‍പ്പറേറ്റ് കര്‍ഷക രായി പരിവര്‍ത്തിക്കുകയോ ചെയ്തു. ഇതുവഴി, ഹരിതവിപ്ലവ ത്തിലൂടെ കൃഷിയില്‍ നടപ്പായ മുതലാളിത്ത ബന്ധങ്ങള്‍ ഒരു ഭാഗത്ത് കാര്‍ഷിക മുതലാളി - ധനിക കര്‍ഷക വര്‍ഗ്ഗങ്ങളില്‍ ഭൂമി കൂടുതല്‍ കേന്ദ്രീകരിച്ചപ്പോള്‍ മറുഭാഗത്ത് മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ത്ഥ കര്‍ഷക ജനത വര്‍ദ്ധമാനമായ തോതില്‍ ഭൂരഹിതരാകുന്ന സാഹചര്യം സംജാതമായി. 

ആഗോള തലത്തില്‍ ഹരിത വിപ്ലവം വ്യാപകമായതോടെ, പുത്തന്‍ കൊളോണിയല്‍ ആദിപത്യത്തിന് വിധേയമായ രാജ്യങ്ങളെല്ലാം കര്‍ഷക ജനതയില്‍ ഊന്നിയുള്ള ഗ്രാമീണ വിമോചനമെന്ന മുഖം മൂടി തന്നെ ക്രമേണ കയ്യൊഴിഞ്ഞു. യഥാര്‍ത്ഥത്തില്‍, ഫിനാന്‍സ് മൂലധനവും ലോകകമ്പോളവുമായി ഉദ്ഗ്രഥിച്ച പുത്തന്‍ ഭൂവുടമാ വര്‍ഗ്ഗങ്ങളില്‍ ഭൂമി കേന്ദ്രീകരിക്കു ന്നതിനും മുതലാളിത്ത - കോര്‍പ്പറേറ്റ് കൃഷിക്ക് ആവശ്യമായ കൂലിയടിമകളെ വന്‍തോതില്‍ കാര്‍ഷിക - ഗ്രാമീണ മേഖലയില്‍ സൃഷ്ടിക്കുന്നതിനുമുള്ള ഒരു മറയായിട്ടാണ് ഫ്യൂഡല്‍ ശക്തികള്‍ ഉള്‍പ്പെടുന്ന ഇടത്തട്ടു വിഭാഗങ്ങളെ കയ്യൊഴിഞ്ഞുകൊണ്ടുള്ള നയതീരുമാനങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. കാര്‍ഷിക മേഖലയില്‍ ഉയര്‍ന്നുവന്ന ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പുത്തന്‍ ഭൂവുടമാ വര്‍ഗ്ഗങ്ങളും 'കോര്‍പ്പറേറ്റ് കര്‍ഷകരും' സാമ്രാജ്യത്വ മൂലധനത്തിന്റെ ആഗോള വ്യാപനം ആവശ്യപ്പെടുന്ന തരത്തില്‍ ബഹുരാഷ്ട്ര - അഗ്രിബിസ്സിനസ്സ് കമ്പനികളുടെ 'ജൂണിയര്‍ പങ്കാളി കളാ'യി പരിവര്‍ത്തിപ്പിക്കുകയായിരുന്നു ആത്യന്തികലക്ഷ്യം. ആവശ്യമായ വില, വായ്പ, കയറ്റിറക്കുമതി നയങ്ങളൂടെയും സബ്‌സിഡി, താങ്ങുവില സംവിധാനങ്ങളിലൂടെയും മറ്റും പിന്‍ബലത്തില്‍ മുകളില്‍ നിന്നും അടിച്ചേല്‍പ്പിച്ച ഹരിതവിപ്ലവം ഇപ്രകാരം കാര്‍ഷിക ബന്ധങ്ങളില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ടുവരികയും, സാധാരണ ജനങ്ങളുടെ പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത ഇടിഞ്ഞപ്പോള്‍ തന്നെ ഉല്പാദനത്തില്‍ വര്‍ദ്ധന വുണ്ടാ ക്കുകയും ചെയ്തു. ബഹുരാഷ്ട്ര കമ്പനികള്‍ ഉല്പാദിപ്പി ക്കുന്ന വ്യവസായോല്പന്നങ്ങളുടെയും കാര്‍ഷിക നിവേശങ്ങളു ടെയും പ്രധാനപ്പെട്ട ഉപഭോക്താവായി കാര്‍ഷിക മേഖല മാറി. എന്നാലതേസമയം, മുകളില്‍ നിന്നു കെട്ടിയിറക്കിയ സാമ്രാജ്യത്വ പദ്ധതിയായ ഹരിതവിപ്ലവം സ്വാഭാവികമായ മുതലാളിത്ത വികസനത്തിലേക്കല്ല, മറിച്ച് മുരടിച്ചതും വികൃതവും അസമാന വുമായ മുതലാളിത്തവല്‍ക്കരണത്തിനാണ് ഇന്ത്യയുടെ കാര്‍ഷിക മേഖലയെ വിധേയമാക്കിയത്. എന്നാല്‍, മുമ്പു സൂചിപ്പിച്ചതു പോലെ, പഴയ അര്‍ദ്ധഫ്യൂഡല്‍, മുതലാളിത്ത പൂര്‍വ ബന്ധങ്ങള്‍ വലിയ അളവില്‍ മാറ്റിതീര്‍ക്കുന്നതിന് ഹരിതവിപ്ലവം വഴി വെച്ചു. അതായത്, കൊളോണിയല്‍ ഘട്ടത്തില്‍ കൊള്ളക്കടിത്തറ യാക്കിയ ഫ്യൂഡല്‍ കാര്‍ഷിക ഘടനയെ പുത്തന്‍ കൊളോണിയല്‍ ഘട്ടത്തില്‍ തുടര്‍ന്നും സംരക്ഷിക്കാന്‍ സാമ്രാജ്യത്വത്തിനു താല്‍പര്യമില്ലെന്നു വ്യക്തം. അതേസമയം, കാര്‍ഷികബന്ധങ്ങളില്‍ വിപ്ലവപരമായ പരിവര്‍ത്തനം കൊണ്ടുവരാതെ ഫിനാന്‍സ് മൂലധനത്തിന്റെ പുത്തന്‍ കൊളോണിയല്‍ താല്പര്യങ്ങള്‍ക്ക നുസൃതമായി കൃഷിയില്‍ പരിണാമങ്ങളും ആധുനിക വല്‍ക്കര ണവും കൊണ്ടുവരാനാണ് ശ്രമം നടന്നത്. ഒരു ധനിക, കാര്‍ഷിക മുതലാളി വിഭാഗത്തില്‍ ഭൂമി കേന്ദ്രീകരിച്ചതും മണ്ണില്‍ പണിയെടുക്കുന്നവര്‍ ഭൂരഹിതരായിത്തീര്‍ന്നതുമാണ് ഇതിന്റെ പരിണതി. പുത്തന്‍ കൊളോണിയല്‍ കാലത്തെ സവിശേഷതയാ ണിത്. 

ഉദാഹരണത്തിന്, സെമിന്താരി സമ്പ്രദായം റദ്ദാക്കിയതടക്കം 1950 കളിലും 1960 കളിലും ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കിയ ഭൂപരി ഷ്‌കരണ നിയമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം, അധികാരകൈമാറ്റത്തിന്റെ സമയത്ത് രാജ്യത്തിന്റെ 57 ശതമാനവും സെമിന്താരി സമ്പ്രദായത്തിന്‍ കീഴിലായിരുന്നു. സെമിന്താര്‍മാര്‍ പിന്തുടര്‍ന്ന മനുഷ്യത്വ രഹിത മായ ചൂഷണരീതികള്‍ക്കെതിരെ ജനങ്ങള്‍ രോഷാകുലരായിരുന്ന തിനാല്‍, ഒന്നാം പദ്ധതി അവസാനിക്കുമ്പോള്‍ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സെമിന്താരി സമ്പ്രദായം നിയമപരമായി ഇല്ലാതാക്കി കഴിഞ്ഞിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം 1950 കളുടെ മധ്യമാകുമ്പോള്‍ ഇന്ത്യയിലാകമാനം 173 ദശലക്ഷം ഏക്കര്‍ ഭൂമിയില്‍ നിന്നും ഇടത്തട്ടുകാരായ സെമിന്താര്‍ / ഭൂപ്രഭുക്കന്മാരെ ഒഴിവാക്കി 20 ദശലക്ഷം കുടിയാന്മാരെ സര്‍ക്കാരുമായി നേരിട്ട് ബന്ധിപ്പിക്കുക യുണ്ടായി. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍മാത്രമായിരുന്നു. നിയമപരിഷഷ്‌കരണത്തിലൂടെ സെമിന്താര്‍ പദവി ഒഴിവാക്കപ്പെട്ട ഭൂപ്രഭുക്കന്മാര്‍ തന്നെ നിര്‍ബാധം ഭൂമിയുടെ ഉടമസ്ഥരാകുകയാണുണ്ടായത്. നിയമ ത്തിലെ പഴുതുകളിലൂടെ വിശാലമേഖലകള്‍ കൈവശം വെച്ച ഇവര്‍ 'വ്യക്തിപരമായ കൃഷി'ക്കെന്ന പേരിലും കുടുംബാംഗങ്ങ ളുടെയും ബിനാമികളുടെയും പേരിലും ഭൂമി കൈവശം വെക്കുകയും മണ്ണില്‍ പണിയെടുത്തിരുന്ന യഥാര്‍ത്ഥ കര്‍ഷകരെ ഭൂമിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഒന്നുകൂടി വിശദമാക്കിയാല്‍ മുകളില്‍ നിന്നും കെട്ടിയിറക്കിയ ഈ ഭൂപരിഷ്‌ക്കരണങ്ങളിലൂടെ സെമിന്താര്‍ അഥവാ ഫ്യൂഡല്‍ പ്രഭുവിന്റെ വേഷം അഴിച്ചുവെച്ചവര്‍ സര്‍ക്കാരിന് നികുതി നല്‍കി നേരിട്ട് കൃഷി നടത്തുന്നവരായി മാറി. പുത്തന്‍ ഭൂവടമാവര്‍ഗ്ഗമായി വേഷം മാറിയ ഇവര്‍ ഭൂകേന്ദ്രീകരണം വര്‍ദ്ധിപ്പിക്കുകയും കൂലി കൊടുത്ത് കര്‍ഷകത്തൊഴിലാളികളെ ഉപയോഗിക്കുന്നവരാകുകയും ചെയ്തു. ഏറ്റവും പുരോഗമന പരമെന്നു കൊട്ടിഘോഷിക്കപ്പെട്ട 1957 ലെ ഇ. എം. എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണത്തിലും പ്രകടമായത് ഇതാണ്. ജന്മിത്വം അവസാനിപ്പിച്ച ഈ ഭൂപരിഷ്‌ക്കരണം മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കുന്നതിനു പകരം ഒരു പുത്തന്‍ ഭൂവുടമാവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയാണു ചെയ്തത്. ഇന്ത്യയുടെ സാമൂഹ്യ സാഹചര്യത്തില്‍, ജാതിയും ഭൂമിയും തമ്മിലുള്ള ബന്ധം പരിഗണനയിലെടുക്കാതിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമീപനം (ഇക്കാര്യത്തില്‍ റിവിഷണിസ്റ്റുകളും അരാജകവാദികളും ഒരേ നിലപാടാണ്) ഈ നിഷേധാത്മക പ്രവണതയെ പരിപോഷിപ്പിച്ചു. 

എന്നാല്‍, ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളിലെ നേതൃവിഭാഗമായിരുന്ന ദല്ലാള്‍ ബൂര്‍ഷ്വാസി കാര്‍ഷിക മേഖലയില്‍ തങ്ങളുമായി പൊതു ലക്ഷ്യം പങ്കു വെക്കുന്ന ഒരു സഖ്യശക്തിയുടെ ഉദയത്തില്‍ തികച്ചും സന്തുഷ്ടരായിരുന്നു. മുകളില്‍ നിന്നു കെട്ടിയിറക്കിയ ഭൂപരിഷ്‌ക്കരണങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക രംഗത്ത് ഉണ്ടാ ക്കിക്കൊ ണ്ടിരിക്കുന്ന വമ്പിച്ച മാറ്റങ്ങളെ നിരീക്ഷിച്ചു കൊണ്ട് ദല്ലാള്‍ മുതലാളി വര്‍ഗ്ഗത്തിന്റെ സംഘടനയായ ഫിക്കി 1964 ല്‍ ഇപ്രകാരം രേഖപ്പെടുത്തി : ''രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൃഷിയില്‍ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ഊര്‍ജ്ജ സ്വലതയും പുരോഗമനാഭിമുഖ്യവും ഉള്ള ഒരു പുതിയതരം കര്‍ഷകര്‍ ഉയര്‍ന്നുവരുന്നുണ്ടെന്നത് സന്തോഷകരമായ പ്രതിഭാ സമാണ്. ഒരു പുതിയ ഗ്രാമീണ ഉല്‍കൃഷ്ട വിഭാഗത്തില്‍ പെടുന്ന ഈ കര്‍ഷകര്‍ക്ക് ദേശീയ താല്പര്യങ്ങള്‍ക്കനുസൃതമാം വിധം എല്ലാ വിധ സംരക്ഷണവും പ്രോത്സാഹനവും നല്‍കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യയും മെച്ചപ്പെട്ട നൈപുണ്യങ്ങളും ആവിഷ്‌ക്കരിക്കാന്‍ പാടുപെടുന്ന ഈ വിഭാഗത്തിന്റെ മനസ്സിലെ സുരക്ഷിത ബോധമില്ലായ്മയും അനിശ്ചിതത്വത്തിന്റെ അന്തരീക്ഷവും ദൂരീകരിക്കുന്നതിലൂടെയേ ഇതു സാധ്യമാകൂ'' ഏതെങ്കിലും തരത്തിലുള്ള ഭൂപരിധി നിര്‍ണയത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് ഫിക്കി തുടര്‍ന്നു: ''വന്‍കിട ഉല്‍പാദനത്തിന്റെ നേട്ടങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഇല്ലാതാക്കുന്ന തരത്തില്‍ കൃഷിഭൂമിയില്‍ പരിധി നിശ്ചയിക്കാ നുള്ള നീക്കങ്ങളുടെ സ്ഥാനത്ത് കമ്പനി നിയമങ്ങളുടെ അടിസ്ഥാന ത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍ സംരംഭകരെ ഭക്ഷ്യധാന്യത്തി ന്റെയും നാണ്യവിളകളുടെയും ഉല്പാദനത്തിലേര്‍പ്പെടാന്‍ തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കേണ്ടതാ ണ്.'' 

- (ഒന്നാം ഭാഗം) 'സഖാവ്' മാസിക. 2016 മെയ് ലക്കം.