"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 26, ഞായറാഴ്‌ച

ലയനം എതിര്‍ക്കപ്പെടാന്‍ 50 കാരണങ്ങള്‍ - ജി പി രാമചന്ദ്രന്‍(അസോസിയേറ്റ് ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫി ട്രാവന്‍കൂറിനെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഏറ്റവും പ്രസക്തമായ നിരീക്ഷണങ്ങളിലൊന്നാണ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്. - പത്രാധിപസമിതി)

1. കേരളം ആസ്ഥാനമായ ഒരേയൊരു പൊതുമേഖലാ ബാങ്ക് അടച്ചു പൂട്ടും.
2. മലയാളികളുടെ വിശ്വാസം ഇത്രയും ആര്‍ജ്ജിച്ച മറ്റൊരു സാമ്പത്തിക സ്ഥാപനമില്ല.
3. തിരുവിതാംകൂര്‍ മഹാരാജാവ് തുടങ്ങി വച്ച ഈ ബാങ്കിന് ജനവുമായി വൈകാരിക ബന്ധവും സാംസ്‌കാരിക സവിശേഷതകളുമുണ്ട്.
4. മറ്റൊരു ദേശീയ ബാങ്കിന് കേരള ജനതയുടെ പ്രാദേശികമായ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയില്ല.
5. എസ്.ബി.റ്റിയുടെ അഭാവം കേരളത്തിന്റെ വികസന പദ്ധതികള്‍ക്കുളള പണലഭ്യത ദുഷ്‌കരമാക്കും. 
6. ജനവികാരം പരിഗണിക്കാതെ ഇത്തരം നടപടികള്‍ ജനാധിപത്യവിരുദ്ധമാണ്.
7. ജനങ്ങളുടെ അഭിലാഷത്തിന് സര്‍ക്കാരുകള്‍ വഴങ്ങണം.
8. ബാങ്കുകള്‍ ജനനന്മയ്ക്കാണ്, കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കല്ല.
9. ആസ്ഥാനം കേരളത്തിലാകുന്നതു വഴി ബാങ്കിന്റെ ആദായം മുഖേന സംസ്ഥാനത്തിന് ലഭിച്ചിരുന്ന നികുതി വരുമാനം നിലയ്ക്കും. 
10. ഈ നാട്ടിലെ വിവിധ സംരംഭകര്‍ക്കു ലഭിച്ചിരുന്ന ബാങ്കിന്റെ കോടിക്കണക്കിനു രൂപയുടെ കോണ്‍ട്രാക്റ്റുകള്‍ ഇനി ലഭ്യമാവില്ല.
11. സാമ്പത്തിക തട്ടിപ്പുകാര്‍ക്കും സ്വകാര്യ പണമിടപാടുകാര്‍ക്കും വളക്കൂറുളള കേരളത്തില്‍ ചൂഷണം പെരുകും.
12. പ്രവാസി മലയാളികളുടെ നിക്ഷേപം താരതമ്യേന സുരക്ഷിതമല്ലാത്ത മറ്റ് സ്ഥാപനങ്ങളിലേക്ക് മാറും.
13. ഈ വന്‍ സമ്പാദ്യ നിക്ഷേപം നാടിന്റെ വികസന പദ്ധതികളില്‍ ഉപയോഗിക്കാനുളള അവസരം നഷ്ടപ്പെടും.
14. വിദ്യാഭ്യാസ വായ്പകള്‍ കിട്ടാക്കനിയാകും.
15. നമ്മുടെ കൃഷിരീതികള്‍ക്ക് അനുയോജ്യമായ കാര്‍ഷിക വായ്പാ പദ്ധതികള്‍ ഉണ്ടാവില്ല.
16. നമ്മുടെ മുന്‍ഗണനാ മേഖലകളിലെ ചെറുകിട വായ്പകള്‍ അന്യമാകും.
17. തൊഴിലില്ലായ്മ പ്രധാന വിഷയമായ നമ്മുടെ നാട്ടില്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് ഇപ്പോഴുളള പരിഗണന ലഭിക്കില്ല.
18. കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വഴി നല്‍കി വരുന്ന കോടികളുടെ സഹായം നിലയ്ക്കും
19. കേരളത്തിന്റെ അഭിമാനമായ എസ്.ബി.റ്റി. ഫുട്‌ബോള്‍, ക്രിക്കറ്റ് ടീമുകള്‍ അനാഥമാകും.
20. നാട്ടിലെ വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക് ജോലിസാധ്യത ഇല്ലാതാകും.
21. കായിക വികസനത്തിന് ബാങ്ക് ചിലവഴിച്ചിരുന്ന പണത്തിന്റെ പ്രയോജനം സംസ്ഥാനത്തിന് നഷ്ടപ്പെടും.
22. ബ്രാഞ്ചുകള്‍ അടച്ചു പൂട്ടപ്പെടും.
23. ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സേവനം അപ്രാപ്യമാകും.
24. സാധാരണക്കാരെ ബാങ്കുകളില്‍ നിന്ന് അകറ്റും.
25. പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ തകര്‍ക്കും.
26. നമ്മുടെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴില്‍ സാദ്ധ്യതകള്‍ ദുര്‍ഘടമാകും.
27. പിരിച്ചു വിടല്‍ മൂലം നിലവില്‍ ഉളള ചിലരുടെയെങ്കിലും ജോലികള്‍ നഷ്ടപ്പെടും.
28. നിലനിര്‍ത്തുന്നവരെ ഏകപക്ഷീയമായി പുനര്‍ വിന്യസിക്കുകയോ വിരമിക്കാന്‍ നിര്‍ബന്ധിതരാക്കുകയോ ചെയ്യും.
29. പ്യൂണ്‍, തൂപ്പുകാര്‍, സെക്യൂരിറ്റി തുടങ്ങിയ ജോലികള്‍ എസ്.ബി.ഐ.യില്‍ കരാറടിസ്ഥാനത്തിലായതിനാല്‍ സമൂഹത്തിറ്റന്റ താഴേക്കിടയിലുളളവര്‍, വിമുക്ത ഭടന്‍മാര്‍ തുടങ്ങിയലരുടെ തൊഴിലവസരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും.
30. ലയന നിര്‍ദ്ദേശം സാമ്പത്തികമോ വളര്‍ച്ചാപരമോ ആയ കാരണങ്ങളാലല്ല.
31. എസ്.ബി.റ്റി. പ്രവര്‍ത്തന മികവിലും സാമ്പത്തിക സ്ഥിതിയിലും ജനവിശ്വാസത്തിലും മുന്‍ നിരയിലാണ്.
32. ലയന നിര്‍ദ്ദേശമുളള എസ്.ബി.ഐ. യെക്കാളും പല മാനദണ്ഡങ്ങളിലും എസ്.ബി.റ്റി. മുന്നിലാണ്
33. വലിയ ബാങ്കുകളുടെ കുത്തക രൂപപ്പെടുന്നതോടെ വായ്പാ പലിശ നിരക്കുകള്‍ യഥേഷ്ടം വര്‍ദ്ധിപ്പിക്കും.
34. സ്വകാര്യ ബാങ്കുകളുമായി ബിസിനസ് ഏകീകരിക്കാന്‍, സേവനങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ഫീസ് ഏര്‍പ്പെടുത്തും.
35. വലിയ ബാങ്കുകള്‍ കൂടുതല്‍ ശക്തമാണ് എന്നത് മിഥ്യാ ധാരണയാണ്.
36. ബാങ്കുകള്‍ പരസ്പരം മത്സരിക്കാനല്ല, പകരം അവ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ ജനനന്മയാണ് ലക്ഷ്യമാക്കേണ്ടത്.
37. വലിയ ബാങ്കുകള്‍ നിലവിലെ കിട്ടാക്കട പ്രശ്‌നത്തിന് ഒരു പരിഹാരമേ അല്ല.
38. കിട്ടാക്കട വിഷയത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം, കര്‍ശന നടപടികള്‍ ഇവയില്‍ നിന്ന് ഓടിയൊളിക്കുകയാണ്.
39. വലിയ ബാങ്കുകള്‍ തകരാനുളള സാധ്യതകള്‍ കൂടുതലാണ്.
40. ലയനത്തിന്റെ കനത്ത ചിലവ് താങ്ങാനാവാതെ വലിയ ബാങ്കുകളുടെ നിലനില്പ് അപകടത്തിലാവും.
41. വലിയ ബാങ്കുകള്‍ നടത്തിപ്പിലെ അഴിമതികള്‍, റിസ്‌ക് തുടങ്ങിയവയ്ക്ക് സാധ്യത കൂട്ടുന്നു.
42. വലിയ ബാങ്കുകള്‍ സ്വകാര്യവത്കരണത്തിലേക്കുളള ആദ്യ ചുവടുവയ്പാണ്.
43. സ്വകാര്യവത്കരണം പിന്നീട് വിദേശമൂലധന സ്വീകരണത്തിലേക്ക് നീങ്ങും.
44. സാമ്പത്തിക മേഖലയിലെ വിദേശ കടന്നുകയറ്റം രാജ്യതാത്പര്യങ്ങള്‍ക്ക് എതിരാണ്.
45. ഇത് രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാകും.
46. പൊതുമേഖലയിലെ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നത് രാജ്യത്തെ സാധാരണക്കാരുടെ ഹിതമല്ല.
47. പൊതുമേഖലാ ബാങ്കിംഗ് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ മാതൃകയാണ്.
48. ബാങ്കിംഗ് സ്വകാര്യവത്കരണം, മറ്റ് സുപ്രധാന മേഖലകളിലും ഇത്തരം ശ്രമങ്ങള്‍ ത്വരിതപ്പെടുത്തും.
49. ജനശ്രദ്ധ ലയന നീക്കങ്ങളില്‍ കേന്ദ്രീകരിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സര്‍ക്കാരിനെ സഹായിക്കും.
50. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്കുന്നതില്‍ നിന്ന് ഒളിച്ചോടാനാണ് ലയന നിര്‍ദ്ദേശം.

(അവലംബം വാട്‌സ്അപ് കുറിപ്പികള്‍)

* സഖാവ് മാസിക. 2016 ജൂണ്‍ ലക്കം.