"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 18, ശനിയാഴ്‌ച

പാഠം 6: എങ്ങനെ ഒരു നല്ല ഫുഡ്‌ബോള്‍ കളിക്കാരനാകാം - ഡോ. കെ എം കര്‍മചന്ദ്രന്‍


പന്ത് ഹെഡ് ചെയ്യല്‍:

ഉയര്‍ന്നു വരുന്ന പന്ത് സ്വന്തം ടീമിന്റെ വരുതിയിലാക്കണ മെങ്കിലും അതില്‍ നിന്ന് ഗോള്‍ നേടണമെങ്കിലും ഒരു കളിക്കാരന് ഹെഡ്ഡിംഗിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഉയര്‍ന്നു വരുന്ന പന്ത് നിന്നുകൊണ്ടോ, നടന്നുകൊണ്ടോ, ഓടിക്കൊണ്ടോ ചാടി ഉയര്‍ന്നോ ഹെഡ് ചെയ്യാവുന്നതാണ്. എങ്ങനെ വേണമെന്നുള്ളത് പന്തിന്റെ ഉയര്‍ച്ചയും ഗതിയും വേഗവും അനുസരിച്ചാണ് കളിക്കാരന്‍ തീരുമാനിക്കേണ്ടത്.

പരിശീലനത്തിനിറങ്ങും മുമ്പ് ലഘു വ്യായാമങ്ങളും ഗ്രൗണ്ടിനു ചുറ്റുമുള്ള ഓട്ടവും കൊണ്ട് ശരീരം വാം ആക്കണം. കഴുത്തിന് ബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളും നന്ന്. ഹെഡ്ഡിംഗ് പരിശീലിക്കുമ്പോള്‍ ആദ്യം പഠിക്കേണ്ടത് നിന്നുകൊണ്ടുള്ള ഹെഡ്ഡറാണ്. കൂട്ടുകാരനോട് വൃത്തിയുള്ള പന്ത് തലക്കു നേരെ സാവധാനം എറിയുവാന്‍ ആവശ്യപ്പെടുക. ചെറിയ കുട്ടികള്‍ക്ക് ഒന്നാം നമ്പര്‍ പന്തും മറ്റുള്ളവര്‍ക്ക് കൂടുതല്‍ വലിയ പന്തും ഉപയോഗിക്കാം. കൂട്ടുകാരന്റെ സേവനം ലഭ്യമല്ലെങ്കില്‍ കളിസ്ഥലത്തിനടുത്തുള്ള ഉയരമുള്ള മതിലിന്മേല്‍ ശക്തിയായി എറിഞ്ഞശേഷം തിരികെ വരുന്ന റീബൗണ്ട് ബോളിനെ ഇക്കാര്യത്തിനായി ആശ്രയിക്കാം. തലക്കുനേരെ വരുന്ന പന്തിന് അഭിമുഖമായിട്ടാണ് കളിക്കാരന്‍ പരിശീലന സമയത്ത് നില്‌ക്കേണ്ടത്. വായുവിലൂടെ പന്ത് തലക്ക് നേരെ വരുമ്പോള്‍ കഴുത്തും തലയും അല്പം പുറകോട്ടു ചായ്ചശേഷം ശക്തിയായി കഴുത്തും തലയും കൊണ്ട് കൃത്യമായി മുന്നോട്ടാഞ്ഞ് തന്റെ നെറ്റികൊണ്ട് ശക്തിയായി പന്തില്‍ ഇടിക്കുക. പന്തുവന്ന വഴിയേ വായുവിലൂടെ മടങ്ങിപ്പോകുന്നതു കാണാം. നെറ്റി പന്തിലിടിക്കുന്ന സമയം കണ്ണു തുറന്നു ശരിക്ക് നോക്കേണ്ടത് ആവശ്യമാണ്. പന്തില്‍ മണ്ണ് , ചെളി എന്നിവ ഉണ്ടെന്നു സംശയമുണ്ടെങ്കില്‍ മാത്രം കണ്ണടക്കുക. ഇപ്രകാരം ആദ്യം സാവധാനം കുറഞ്ഞ ശക്തിയിലും പിന്നീട് വേഗത്തിലും ശക്തിയിലും ഹെഡ് ചെയ്യുന്നത് പരിശീലിക്കാം. നെറ്റികൊണ്ട് ഹെഡ് ചെയ്താല്‍ മാത്രമേ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പന്തുനീങ്ങൂ. (കളിക്കിടയില്‍ എതിര്‍ കളിക്കാരന് പന്ത് കിട്ടാതിരിക്കുവാന്‍ വേണ്ടി തലയുടെ മറുഭാഗങ്ങള്‍ കൊണ്ടും പന്ത് ഹെഡ് ചെയ്യേണ്ടി വരും. അപ്പോള്‍ സെല്‍ഫ് ഗോള്‍ ആകാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്)

നിന്നുകൊണ്ടുള്ള ഹെഡ്ഡിംഗ് വേണ്ടത്ര പരിശീലിച്ചു കഴിഞ്ഞാല്‍ നടന്നുകൊണ്ട്, ഓടിക്കൊണ്ട്, ചാടി ഉയര്‍ന്നു കൊണ്ട് എന്നീ വ്യത്യസ്ത രീതികളില്‍ ഹെഡ്ഡ് ചെയ്ത് പരിശീലിക്കാവുന്നതാണ്. ഇതിനായി സഹകളിക്കാരനോട് / കുട്ടുകാരിയോട് പന്ത് വശങ്ങളില്‍ നിന്നും നിങ്ങളുടെ തലക്ക് കണക്കാക്കി എറിഞ്ഞു തരാനോ കാലുകൊണ്ട് കിക്ക് ചെയ്ത് തരുവാനോ ആവശ്യ പ്പെടേണ്ടതാണ്. വശത്തു നിന്നു വരുന്ന പന്ത് നിങ്ങളുടെ നെറ്റിയുടെ മുന്‍ഭാഗത്തേക്കാണ് ഹെഡ് ചെയ്യേണ്ടത്. 

വേണ്ടരീതിയില്‍ പരിശീലിച്ചാല്‍ കളിക്കിടയിലെ നിര്‍ണായക ഘട്ടങ്ങളില്‍ ഗോള്‍ സേവ് ചെയ്യുവാനും സ്വന്തം ടീമിനായി ഗോള്‍ നേടുവാനും ഹെഡ്ഡര്‍ കൊണ്ട് നിങ്ങള്‍ക്കും സാധിക്കുക്കും. ഉയരത്തില്‍ ചാടുവാനുള്ള കഴിവ് പ്രധാനമാണ്. ചാട്ടം കൃത്യമാണെങ്കില്‍ ഉയരം കുറഞ്ഞ കളിക്കാര്‍ക്കു പോലും ഗോള്‍ ഹെഡ്ഡു ചെയ്തു നേടാനാകും.