"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 22, ബുധനാഴ്‌ച

നമ്മുടെ റിപ്പബ്ലിക് 67- ആം പിറന്നാളിലെത്തുമ്പോള്‍ - എം. ജോണ്‍സണ്‍ റോച്ച്

                                                                           Courtesy;അരുപത്താറു തികഞ്ഞ നമ്മുടെ റിപ്പബ്ലിക് നാം ആഘോഷിക്കുന്ന ഇത്തരുണത്തില്‍ ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന ഘടകങ്ങള്‍ക്കും റിപ്പബ്ലിക്കുനുള്ളില്‍ വലിയതോതില്‍ അപചയം സംഭവിച്ചിരിക്കുന്നു. പ്രത്യേകിച്ചും അഴിമതി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തീരാശാപമായിത്തീര്‍ന്നിരിക്കുന്നു. അഴിമതിയില്‍ പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ മുഖത്തെ എത്രത്തോളം വികൃതമാക്കാമോ അത്രത്തോളം വികൃതമാക്കിക്കൊണ്ടിരിക്കുന്നു. ആഗോള മൂലധനശക്തികള്‍ നമ്മുടെ രാഷ്ട്രത്തിന്റെ പരമാധികാരം തന്നെ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. ആഗോളീകരണ സാമ്രാജ്യത്വ വ്യാപനം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നയങ്ങളെതന്നെ രൂപപ്പെടു ത്തുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഐ. എം. എഫ്, എ. ഡി. ബി തുടങ്ങിയ സാമ്രാജ്യത്വ മൂലധന ഏജന്‍സികളാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ നിയന്ത്രിക്കുന്നത്. ഈ നിയന്ത്രണം ഇന്ത്യന്‍ പരമാധികാരത്തെ തന്നെ പൊള്ളയാക്കിത്തീര്‍ത്തു കൊണ്ടിരിക്കുന്നു. ഈ ഏജന്‍സികളും സാമ്രാജ്യത്വ ശക്തികളും ചേര്‍ന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പൊതുമുതലും പൊതുവിഭവ ങ്ങളും വന്‍തോതില്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. 

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അപചയത്തിന്റെ കാരണവും പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടെത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇന്ത്യയിലെ അമ്പതുശതമാനത്തിലധികം വരുന്ന ദരിദ്രവാസികളെ മറന്നുകൊണ്ട് വന്‍ശക്തിപഥത്തിലേക്കു കുതിക്കുന്ന വികസ്വര സമ്പദ് വ്യവസ്ഥയെയും ആഗോളകോടീശ്വര പട്ടികയിലെ ഇന്ത്യയുടെ സാന്നിദ്ധ്യത്തെയും ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം ജനത നിത്യനിതാന ചെലവുകള്‍ക്കു പോലും ധനം കണ്ടെത്തുവാന്‍ നിവൃത്തിയില്ലാതെ നട്ടം തിരിയുന്ന ഒരു റിപ്പബ്ലിക് എന്തു നേടിയാലും അതിനെന്താണ് വില? വെറും പത്ത് ശതമാനം പേര്‍ ഇന്ത്യയിലെ സിംഹഭാഗം ഭൂമിയും, സമ്പത്തും പ്രകൃതിവിഭവങ്ങളും കയ്യടക്കിവയ്ക്കു ന്നൊരു സംവിധാനവും ആ സംവിധാനത്തെ പ്രോത്സാഹിപ്പി ക്കുന്നൊരു ഭരണകൂടവുമുള്ളൊപ്പോള്‍ റിപ്പബ്ലിക് എന്ത് പരമാധികാര റിപ്പബ്ലിക്കാണ്? ഇത്തരമൊരു റിപ്പബ്ലിക്കിനെ പുറംപൂച്ചുകള്‍ കൊണ്ട് താങ്ങിനിര്‍ത്താനാണ് ഭരണകൂടങ്ങള്‍ വ്യഗ്രതകാട്ടുന്നത്. ശാസ്ത്ര - സാമൂഹിക - സാമ്പത്തിക - സാംസ്‌കാരിക രംഗങ്ങളില്‍ നാം നേടിയ നേട്ടങ്ങള്‍ പേര്‍ത്തും - പേര്‍ത്തും എടുത്തുകാട്ടി തിളങ്ങുന്ന ഇന്ത്യയെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ തിളങ്ങാത്ത ഇന്ത്യയുടെ അവസ്ഥയെ ഭരണകൂടവും മാധ്യമങ്ങളും കലാ - സാംസ്‌കാരിക രംഗങ്ങളും ഒത്തു ചേര്‍ന്ന് മറച്ചു പിടിക്കുന്നു. അങ്ങനെ നമ്മുടെ യഥാര്‍ത്ഥ ബോധം മറയ്ക്ക പ്പെട്ടിരിക്കുന്ന ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറിയിരിക്കുന്നു. സമൂഹത്തിനു മൊത്തം ഉപയോഗിക്കേണ്ട സമ്പത്ത് ചിലര്‍ കയ്യടക്കി വയ്ക്കുന്ന നിഷ്ഠൂര പ്രവര്‍ത്തിയെ വാഴ്ത്തുന്ന ഒരു ഭരണാധികാരസംസ്‌കാരവും മാധ്യമസംസ്‌കാരവും ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഇന്നു സ്വന്തമാണ്. 

ഒരു വശത്ത് ലാഭം വാരിക്കൂട്ടി ധനകേന്ദ്രീകൃതമാക്കിയശേഷം നികുതിവെട്ടിച്ച കള്ളപ്പണം വിദേശബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിക്കുന്നു. ആ കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഫലപ്രദമായി ഉപയോഗിക്കുമെന്ന് നമ്മോട് പറഞ്ഞു - പറഞ്ഞ് ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഭരണകൂടം കബളിപ്പിച്ചുകൊണ്ടി രിക്കുന്നു. 

കര്‍ഷക ആഹത്യകള്‍, പട്ടിണിമരണങ്ങള്‍, പോഷകാഹാര ക്കുറവുകൊണ്ടുള്ള കുഞ്ഞുകുട്ടികളുടെ മരണങ്ങള്‍, പാര്‍പ്പിട മില്ലാത്തവരും, ശൗചാലയങ്ങളില്ലാത്തവരും, വെള്ളവും വെളിച്ചവും നിഷേധിച്ചിരിക്കുന്നവരും ഒരു തുണ്ട് ഭൂമി ഇല്ലാത്തവരുമായ മനുഷ്യര്‍ പെരുകുന്ന ഒരു റിപ്പബ്ലിക്കായി നമ്മുടെ റിപ്പബ്ലിക് പരിണമിച്ചിരിക്കുന്നു. ഇന്ത്യയെന്ന പരമാധികാരജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നു. വായു പോലെ, പ്രകാശംപോലെ ഈ ഭൂമിയുടെ സമ്പത്ത് എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. ഈ ഭൂമിയുടെ സമ്പത്തില്‍ നിന്ന് പ്രതിപ്രവര്‍ത്തിച്ചുകൊണ്ടുണ്ടാക്കുന്ന വസ്തുവകകള്‍ ഭൂരിപക്ഷം ജനതയ്ക്കും നിഷേധിക്കപ്പെടുന്ന ക്രൂരത നില നില്‍ക്കുന്ന ഒരു റിപ്പബ്ലിക്കിനെ എങ്ങനെയാണ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരു റിപ്പബ്ലിക്കെന്നു വിളിക്കാനാകുക. നമ്മുടെ റിപ്പബ്ലിക്കില്‍ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവരുടെ മൗലികാവകാശങ്ങള്‍ പോലും ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ റിപ്പബ്ലിക് മുഖം ഒരു വലിയ പരിഹാസ്യമായി തീര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനഘടകങ്ങള്‍ക്കും വലിയതോതില്‍ ക്ഷയം സംഭവിച്ചിരിക്കുന്നു. ജനാധിപത്യത്തെ ഭരണാധികാരികളുടെ സങ്കുചിതതാല്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്നു. ഭരണാധികാരത്തിലെ മര്‍മ്മസ്ഥാന ങ്ങളിലുള്ള രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വങ്ങളും അവരുമായി അവിഹിത ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചിട്ടുള്ള വ്യവസായ - വാണിജ്യ അധോലോകവിഭാഗങ്ങളും ചേര്‍ന്ന് നടത്തുന്ന കൊള്ള ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മുഖമുദ്രയായി മാറ്റിയെടുത്തിരിക്കുന്നു. ഈ ജനാധിപത്യ റിപ്പബ്ലിക്കില്‍ പൊതുമുതല്‍ വെട്ടിക്കുന്ന വരെയും കൃത്രിമമാര്‍ഗ്ഗം കാണിക്കുന്നവരെയും ന്യായീകരിക്കാനും താങ്ങിനിര്‍ത്താനും ഭരണകൂടം ശ്രമിക്കുന്നു. ഭരണകൂടം കോര്‍പ്പറേറ്റുകളുടെ സംരക്ഷണത്തിനായി നിലനില്‍ക്കുകയും ജനാധിപത്യമൂല്യങ്ങളെ ഹനിക്കുകയും അസഹിഷ്ണുത വളര്‍ത്തുകയും ചെയ്യുന്നു. 

ജീവിക്കാന്‍ തൊഴില്‍ വിരളമാണ്, ഉള്ള തൊഴിലിന് സുരക്ഷിതത്വം പോലും ഇല്ലാതാകുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ വാരിക്കോരിക്കൊടുക്കുന്നു. പാവപ്പെട്ടവര്‍ക്കു നല്‍കി വരുന്ന സബ്‌സിഡികള്‍ തകിടം മറിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. തൊഴിലുറപ്പു പദ്ധതികള്‍ക്ക് നിലനിന്നിരുന്ന ബജറ്റ് തുക പോലും വെട്ടിക്കുറയ്ക്കുന്നു. പൊതുവിതരണ സമ്പ്രദായം തകര്‍ത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. കരിച്ചന്തകള്‍ ഇത്രത്തോളം തഴച്ചു വളരുന്നതും നിര്‍ഭയം പ്രവര്‍ത്തിക്കുന്നതുമായൊരു റിപ്പബ്ലിക് ലോകത്ത് മറ്റൊന്നു കാണില്ല. ഭൂമിയുടെ തെറ്റായ വിനിയോഗങ്ങളും, ആരോഗ്യ - വിദ്യാഭ്യാസരംഗത്തെ തെറ്റായ പ്രവണതകളും ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ദുഷിപ്പിച്ചുകൊണ്ടി രിക്കുന്നു.

വ്യവസ്ഥാപിത ആശയങ്ങള്‍ താങ്ങിനിര്‍ത്താനായി മിത്തുകളെയും, ശാസ്ത്രത്തെയും ഒരേനുകത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം നേടാനും നിലനിര്‍ത്താനുമായി മാറി - മാറി ആവശ്യാനുസരണം കൈക്കൊണ്ട ന്യൂനപക്ഷ - ഭൂരിപക്ഷ പ്രീണനനയങ്ങള്‍, വര്‍ഗ്ഗീയചേരിതിരിവുകള്‍ക്കും സംഘര്‍ഷ ങ്ങള്‍ക്കും രാഷ്ട്രീയധ്രുവീകരണത്തിനും കാരണമായതോടെ നമ്മുടെ റിപ്പബ്ലിക്കിലെ മതനിരപേക്ഷത ഏതാണ്ട് മരണാവസ്ഥയിലാണ്. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗ്ഗീയത, ബീഭത്സരൂപം പ്രാപിച്ച് ദേശീയ കാഴ്ചപ്പാടിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിക്കൊണ്ടി രിക്കുന്ന ഒരു റിപ്പബ്ലിക്കിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. 

തിരഞ്ഞെടുപ്പുകളാണ് ജനങ്ങള്‍ക്ക് ജനാധിപത്യഭരണകൂടങ്ങളില്‍ ഇടപെടാനുള്ള സാധ്യത നല്‍കുന്നത്. നിസ്വരും നിരാലംബരുമായ ജനങ്ങളുടെ അഭിപ്രായം പ്രതിഫലിക്കേണ്ടത് തിരഞ്ഞെടുപ്പുകളി ലൂടെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ജാതി, മതം, കുടുംബം, പണാധിപത്യം, ആക്രമണങ്ങള്‍, പ്രചരണതന്ത്രങ്ങള്‍ തുടങ്ങിയവയാണ് നമ്മുടെ റിപ്പബ്ലിക്കില്‍ ആധിപത്യം പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പുകളില്‍ ജാതി ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ഒരു പൊതുവികാര മാക്കിമാറ്റിയെടു ത്തിരിക്കുന്നു. ചുരുക്കത്തില്‍ തിരഞ്ഞെടുപ്പുകള്‍ ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും ഒരു ബിസിനസ്സായി ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ആധിപത്യം പുലര്‍ത്തുന്നു. തിരഞ്ഞെടുപ്പുകളില്‍ കോര്‍പ്പറേറ്റ് സ്വാധീനം വളരെ നിര്‍ണ്ണായകമാകുന്നു. കോര്‍പ്പറേറ്റുകള്‍ തിരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണം മുടക്കുകയും അവര്‍ മുടക്കുന്ന പണത്തിന്റെ സ്വാധീനമുപയോഗിച്ച് അധികാരശക്തികളെ നിയന്ത്രിച്ച് പ്രകൃതിവിഭവങ്ങളെയും മനുഷ്യവിഭവങ്ങളെയും യഥേഷ്ടം കൊള്ളയടിക്കുകയും ചെയ്യുന്നു. 

ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ദുഷിപ്പിക്കുന്നതില്‍ നിന്നും നീതിന്യായ വ്യവസ്ഥയെപ്പോലും മാറ്റിനിര്‍ത്താനാകില്ല. മുന്‍ചീഫ് ജസ്റ്റീസുമാരടക്കം സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ പേരില്‍പ്പോലും ഗുരുതരമായ അഴിമതിയാരോപണങ്ങളും ലൈംഗികാരോപണവും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇത് കോടതിയുടെ വിശ്വാസത്തിലും സംവിധാനത്തിലും പൊതുജന ങ്ങളുടെ മനസ്സില്‍ മങ്ങലേല്‍പ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ന്യായാധിപന്മാരില്‍ ഇരുപതു ശതമാനമെങ്കിലും അഴിമതിക്കാരാ ണെന്നു പറഞ്ഞത് ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയാണ്. 

നിയമനിര്‍മ്മാണവും ഭരണനിര്‍വ്വഹണവും നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും കൂടിച്ചേര്‍ന്ന് സാധാരണ ജനങ്ങളെ അന്യവല്‍ക്കരിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പരമാധികാര മതേതരത്വജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് വന്‍കിട ബിസിനസ്സുകാരുടെയും രാജ്യാന്തരമൂലധന താല്പര്യത്തിനും ഏതാണ്ട് പൂര്‍ണ്ണമായി വിധേയമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു റിപ്പബ്ലിക്കിന്റെ അവസ്ഥക്ക് മാറ്റം വരുത്തി ജനങ്ങളുടെ ഇച്ഛാനുസൃതമായുള്ള അധികാര ശക്തിയെ അധികാരമേല്‍പ്പിക്കാന്‍ ജനങ്ങള്‍ തന്നെ ഉണരേണ്ടി യിരിക്കുന്നു. ഈ ഉണര്‍വ്വിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശക്തിക്ക് സാമ്പത്തിക അസന്തുലിതാവസ്ഥ കുറയ്ക്കാനും ദുര്‍ബലന്‍ വീണ്ടും ദുര്‍ബലനായിക്കൊണ്ടിരിക്കുന്നത് തടയാനും, അവസരസമത്വം സൃഷ്ടിക്കാനും, മതനിരപേക്ഷത നിലനിര്‍ത്താനും കഴിയും. അങ്ങനെ കഴിയുന്നൊരു അവസ്ഥയില്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യ പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണാര്‍ത്ഥം കൈവരികയുള്ളൂ