"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 1, ബുധനാഴ്‌ച

കാവാലം രംഭ; ഓര്‍മ്മകള്‍ അവശേഷിക്കുമോ? - സുരേഷ് ബാബു കെ. കെ. കാവാലം


കുട്ടനാടന്‍ കാര്‍ഷിക സംസ്‌കൃതിയ്ക്ക് വെള്ളവും വെളിച്ചവു മേകിയിരുന്ന നാടന്‍ കലാരൂപങ്ങളുടെ കലവറ കാവാലം രംഭ 2015 സെപ്തം : 29-ാം തീയതിയാണ് ഓര്‍മ്മയായി മാറിയത്. അന്ന് അവര്‍ക്ക് 78 വയസ്സായിരുന്നു പ്രായം. അന്യം നിന്നുപോയ പല കലാരൂപങ്ങളും മനസ്സിന്റെ താളുകളില്‍ വര്‍ണ്ണം വിതച്ചി രുന്നുവെങ്കിലും അവ കൈയ്യടക്കുവാനോ, കണ്ടെത്താനോ പുതിയ തലമുറയ്ക്കായില്ല ; അവര്‍ സന്നദ്ധയായിരുന്നിട്ടു കൂടി ... ! രംഭാമ്മ യുടെ സിദ്ധി വിശേഷങ്ങള്‍ സമൂഹം മനസ്സിലാ ക്കിയത് വളരെ വൈകി മാത്രമായിരുന്നു. അപ്പോഴേയ്ക്കും കാലം ഏറെ കടന്നു പോയിരുന്നു.

കാവാലം കുന്നുമ്മ നാല്പതിച്ചിറ വീട്ടില്‍ നാരായണന്റേയും അച്ചാരിന്റേയും മകളായി പിറന്ന രംഭാമ്മക്ക് കലാവാസനകള്‍ പാരമ്പര്യമായി പകര്‍ന്നു കിട്ടിയതാണ്. അച്ഛന്‍ നാരായണന്‍ കോലം തുള്ളലില്‍ വൈദഗ്ധ്യമുള്ളയാളായിരുന്നു. ക്ഷേത്രാ ചാരവുമായി ബന്ധപ്പെട്ടു കാള കെട്ടിന്റെ അനുബന്ധമായി നടത്തുന്ന 'മരമുടിയാട്ടം' മറ്റെവിടെയും കാണാന്‍ കഴിയില്ല. വിവിധ മൃഗങ്ങളുടെ മുഖരൂപങ്ങള്‍ ഘനം കുറഞ്ഞ തടിയില്‍ (ഒതളമോ, പാലയോ..) കൊത്തിയെടുത്ത് മുഖ അണിയുകയും വെച്ച് പിടിപ്പിച്ച വലിയ കുംഭ കുലുക്കിക്കൊണ്ട് പ്രത്യേക താളത്തില്‍ ചുവടുവെച്ച് കാളകെട്ടിന്റെ അനുബന്ധമായി നടത്തുന്ന മരമുടിയാട്ടം സംഘാടകര്‍ക്കും കാഴ്ചക്കാര്‍ക്കും ഒരുപോലെ ആകര്‍ഷകമായും ഉത്സാഹം ജനിപ്പിക്കുന്നതുമാണ്. കൈയ്യും, കാലും, കണ്ണും, മെയ്യും പരസ്പര പൂരകമായി ചലിപ്പിക്കുവാന്‍ വൈദഗ്ധ്യം ഏറെ വേണ്ടിയായിരുന്നു. വേലകളിയുടെ താള ചുവടുകളുമായോ പുലികളിയുടെ നൃത്തച്ചുനടുകളുമായോ ഇത് ഏറെ സാമ്യപ്പെട്ടിരുന്നു. സാധാരണയായി പുരുഷന്മാരാണ് ഈ വേഷം കൈകാര്യം ചെയ്തിരുന്നെങ്കിലും അച്ഛനില്‍ നിന്നും ചിറ്റപ്പനില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവ് തന്റെ പിന്‍ഗാമികളിലേയ്ക്ക് പകരുവാന്‍ രംഭാമ്മ ശ്രമിച്ചിരുന്നു. സാംബവ സമുദായത്തില്‍ പിറന്ന രംഭാമ്മയുടെ കുടുംബക്ഷേത്രമാണ് കാവാലം കുന്നുമ്മയിലുള്ള മഠത്തില്‍ കൊട്ടില്‍ ക്ഷേത്രം 'പള്ളി കീഴെമഠം'എന്നായിരുന്നു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്നാണ് കാളകെട്ടും, മരമുടിയാട്ടവും ഘോഷ യാത്രയായി മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്. കൊയ്ത്തു കഴിഞ്ഞുള്ള ഈ ഉത്സവ ഘോഷയാത്രയില്‍ ധാരാളം ദക്ഷിണകളും, കാണിക്കയും വഴിപാടുകളും ലഭിച്ചിരുന്നു. ദേവീ പ്രീതിയ്ക്കു വേണ്ടി നടത്തപ്പെടുന്ന ഈ ഘോഷ യാത്രയില്‍ ലഭിക്കുന്ന ധന -ധന്യാദികളുടെ ഒരു ഭാഗം മങ്കൊമ്പിലമ്മയ്ക്ക് സമര്‍പ്പിക്കും. ബാക്കിയുള്ളവ ഘോഷ യാത്രയില്‍ പങ്കെടുത്തവര്‍ വീതം വെയ്ക്കും. വര്‍ഷാവര്‍ഷം നടത്തി വരുന്ന ഈ ചടങ്ങ് തങ്ങളുടെ അവകാശമായാണ് രംഭാമ്മയുടെ കുടുംബക്കാര്‍ കണ്ടിരുന്നത്. പില്‍കാലത്ത് എന്നോ ഇത് നിലച്ചുപോയി. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് ജീവിതം തള്ളി നീക്കിയിരുന്ന അധ: സ്ഥിതരുടെ നേര്‍രൂപമായിരുന്നു രംഭാമ്മ യുടെ കുടുംബം. പുളിംകുന്ന് മഠത്തില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു ആദ്യം താമസിച്ചിരുന്നത്. 15-ല്‍ ചിറയില്‍ കുടുംബത്തിന്റെ ആശ്രിതരായാണ് കാവാലം കുന്നുമ്മയിലേക്ക് വന്നത്. ചേറിലും ചെളിയിലും പകലന്തിയോളം പണിയോ ടുക്കുന്ന ഇവര്‍ക്ക് ജീവിതം എന്നും പ്രതിസന്ധി തന്നെയായിരുന്നു. രണ്ടു വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്‍പറ്റുവാന്‍ രംഭാമ്മയ്ക്ക് തലമുറകള്‍ ഉണ്ടായില്ല. കാവാലം കോച്ചേരില്‍ ഗോപാലനായിരുന്നു ആദ്യ ഭര്‍ത്താവ്. കുടുംബ ബന്ധം ദൃഢമായിക്കൊണ്ടുപോകുവാന്‍ കഴിയാത്തതിനാല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. രണ്ടാമതു വിവാഹം ചങ്ങനാശ്ശേരി കുരിശുംമൂടിനടുത്ത് വടക്കുംമൂട് എന്ന സ്ഥലത്തു നിന്നാണ്. 'കുഞ്ഞാക്കോ' എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് കുഞ്ചാക്കോ എന്നതിന്റ പ്രാകൃത രൂപം. അധ:സ്ഥിതര്‍ക്ക് അക്കാലത്ത് ഭാഷ പോലും വിലക്കപ്പെട്ടിരുന്നുവല്ലോ ?. ! കുഞ്ഞാക്കോയുമായുള്ള ബന്ധവും മുന്നോട്ടു കൊണ്ടുപോകുവനായില്ല. കുട്ടനാടന്‍ മണ്ണിനെ ഏറെ ഇഷ്ടം കുഞ്ഞാക്കോ അത് ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ആ ബന്ധവും നിലച്ചു.

നാടന്‍പാട്ടുകാരി എന്ന മേല്‍ വിലാസത്തിലാണ് രംഭാമ്മ അറിയപ്പെട്ടിരുന്നതെങ്കിലും അവന്‍ മറ്റെന്തൊക്കെയോ കൂടി ആയിരുന്നു. രണ്ടാം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെങ്കിലും കിളിപ്പാട്ടും, ദുരവസ്ഥയും, രമണനും, റാണിയും, വാഴക്കുലയു മൊക്കെ ഹൃദിസ്ഥമായിരുന്നു. മുടിയാട്ടവും തിരുവാതിരയും കോല്‍കളിയും നാടന്‍ പാട്ടും വഞ്ചിപ്പാട്ടും ഒരുപോലെ ഇഷ്ടപ്പെടുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക തലമുറയില്‍വളര്‍ന്നു വന്ന അധര്‍മ്മ ബോധം ഇത്തരം കലാരൂപങ്ങള്‍ നമസ്‌കരിക്കപ്പെടുവാന്‍ ഇടായെങ്കിലും ചിലയിടങ്ങളിലെങ്കിലും തളിരിടുന്ന തനതു കലാരൂപങ്ങള്‍ നമസ്‌കരിക്കപ്പെടുവാന്‍ ഇടായെങ്കിലും ചിലയിടങ്ങളിലെങ്കിലും തളിരിടുന്ന തനതു കലാരൂപങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമാണ് . രംഭാമ്മയുടെ കലാചാതുരിയും വൈഭവവും അതിന് വഴിയൊരുക്കിയിട്ടുണ്ട്. 

അച്ഛനില്‍ നിന്നാണ് തന്റെ തന്നെ ബന്ധുവും സമപ്രായക്കാരി യുമായ അമ്മാളുവില്‍ നിന്നാണ് മുടിയാട്ടം ഹൃദസ്ഥമാക്കിയത്. മാങ്കൊമ്പ് ഒന്നാം കരയിലുള്ള അമ്മാളുവിനെ ആശാട്ടിയുടെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അമ്മാളുവും രംഭാമ്മയും ഒരുമിക്കുന്ന വേദികള്‍ അനിര്‍വചനീനമായ അനുഭൂതികള്‍ പ്രേക്ഷകരില്‍ നിറച്ചിരുന്നു. 

സമുദ്രനിരപ്പില്‍ നിന്നും ഏറെ താഴ്ന്നു കിടക്കുന്ന കുട്ടനാടും അവിടത്തെ കൃഷി നിലങ്ങളും ഇന്നും ഏവര്‍ക്കും അത്ഭുതം തന്നെ. വെള്ളം വറ്റിക്കുമ്പോള്‍ മുതല്‍ നെന്മണികള്‍ പത്തായ പ്പുരയില്‍ നിറയുന്നതു വരെയുള്ള കാലം കര്‍ഷകത്തൊഴി ലാളികളുടെ അധ്വാനത്തിന്റെ ദിനങ്ങളാണ്. കഠിനമായ കാറ്റും വെയിലും മഞ്ഞും മഴയും അവരെ അതില്‍ നിന്നും പിന്‍തിരി പ്പിച്ചിരുന്നില്ല. അധ്വാനഭാരം ലഘൂകരിക്കുവാന്‍ അഥവാ അതില്‍ നിന്നും ചിന്തകളെ അകറ്റുവാന്‍ വേണ്ടി രൂപപ്പെട്ടു വന്ന തേക്കുപാട്ടും, ചക്രപ്പാട്ടും കൊയ്ത്തുപാട്ടും, ഞാറ്റു പാട്ടും നടിച്ചില്‍ പാട്ടുമൊന്നും കൃഷിയിടങ്ങളില്‍ മുഴങ്ങുന്നില്ല. കിഴക്ക് വെള്ളം കീറുന്നതിനു മുന്‍പ് കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നവര്‍ക്ക് സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാലെ വീടണയാന്‍ കഴിയൂ... ! ഇതിനിടയില്‍ ആശ്വാസമായെത്തുന്ന നാടന്‍ ശീലുകള്‍ അധ്വാന ഭാരത്തെ ലഘൂകരിച്ചിരിക്കുന്നു.

ഇന്ന് അവ അന്യം നിന്നു പോയിരിക്കുന്നു. പെണ്ണാളുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് പാടുകയും പാട്ടിനൊപ്പം താളത്തില്‍ ഞാറു പറിക്കുകയും, നടുകയും, കൊയ്യുകയും ചെയ്യുന്ന തൊഴിലാളി കള്‍ക്ക് മുതലാളിമാര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. പണിയുടെ വേഗം ഇടുമെന്നതിനാലാണ് ഈ പരിഗണന തലപ്പാട്ടു പാടുന്നവര്‍ക്ക് പ്രത്യേക കൂലിയും നല്‍കിയിരുന്നു. ഞാറുപറി ക്കലാകട്ടെ, നടീലാകട്ടെ, കൊയ്ത്താകട്ടെ ....... ഏതിലും രംഭാമ്മ മുന്നില്‍ തന്നെയുണ്ടായിരുന്നു.

കുട്ടനാടന്‍ വയലോലകളില്‍ നിന്നു വിശുന്ന കാറ്റും പുന്നെല്ലിന്റെ മണവും, വിയര്‍പ്പിന്റെ ഗന്ധവും അധ്വാനത്തിന്റെ മഹത്വവും കുട്ടനാടിന്റെ മനോഹരിതയും വഞ്ചിപ്പാട്ടിന്റെ ഈരടികളെയും കലയിലും സാഹിത്യത്തിലും നിറയുമ്പോള്‍ ഒരിക്കലെങ്കിലും കുട്ടനാടു കാണുവാന്‍ കൊതിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. പക്ഷെ ഈ ദൃശ്യചാരുത പകര്‍ന്നു നല്‍കുന്ന കുട്ടനാട്ടിലെ കലാ - സാഹിത്യ നായകന്മാര്‍ പട്ടണങ്ങളിലേയ്ക്ക് ചേക്കേറുന്നത് വിരോധാഭാസം തന്നെ ! മണ്ണിനേയും, കൃഷിയിടങ്ങളേയും കുട്ടനാടന്‍ സംസ്‌കൃതിയേയും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന രംഭാമ്മയെപ്പോലുള്ളവര്‍ ഇവിടെ ത്തന്നെ ജീവിതം ഹോമിക്കുന്നു. വിവാഹ ശേഷം ചങ്ങനാശ്ശേരിയിലേയ്ക്ക് താമസം മാറ്റാതിരുന്നതും ഈ മണ്ണിനോടും സംസ്‌കൃതയോടുമുള്ള കളങ്കമില്ലാത്ത ഇഴയടുപ്പം തന്നെ.

പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരോടൊപ്പംഏഷ്യാനെറ്റ് ചാനലില്‍ പ്രത്യക്ഷപ്പെടുവാന്‍ കഴിഞ്ഞത് ഭാഗമായി കരുതുന്ന രംഭാമ്മയെ കുട്ടനാട്ടുകാരല്ലാത്തവര്‍ അറിഞ്ഞു തുടങ്ങിയതും ആ പരിപാടിയോടു കൂടിയാണ്. 2005 ല്‍ ലഭിച്ച ഫോക്‌ലേറ്റര്‍ അക്കാദമി അവാര്‍ഡ്, 2007 -ല്‍ തൃശൂര്‍ ഭരതം പുരസ്‌ക്കാരം, 2008 - ല്‍ മാധവാനന്തരി പുരസ്‌ക്കാരം, 2010 - ലെ ഹിന്ദു പാര്‍ലമെന്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള രംഭാമ്മയുടെ അവസാന നാളുകള്‍ കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ അഭയ കേന്ദ്രത്തിലായിരുന്നു. രോഗാതുരയാല്‍ അവശമായ ആ കലാക്കാരിയുടെ സംരക്ഷണം കാവാലം ഗ്രാമപഞ്ചായത്തി ന്റെയും, ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കെ.സി.ജോസഫി ന്റേയും ഇടപെടലിനെത്തുടര്‍ന്നാണ് കോട്ടയം നവജീവന്‍ ട്രസ്റ്റ് ഏറ്റെടുത്തത്. അഭയ കേന്ദ്രത്തിലെത്തുമ്പോള്‍ ഏറെ അവശതയി ലായിരുന്നെങ്കിലും അവിടെ നടക്കുന്ന കലാപരിപാടികളിലും അവിടെ ഷൂട്ട് ചെയ്ത ഡോക്കുമെന്ററി നിര്‍മ്മാണത്തിലും രംഭാമ്മ നിറ സാന്നിദ്ധ്യമായിരുന്നു. അവശത കാര്‍ന്നു തിന്നുന്നതിനു മുന്‍പ് രംഭാമ്മയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു വന്ന തനത് വായ് മെഴിയാട്ടം ലോ ട്രൂപ്പ് അവരുടെ വളര്‍ത്തു പുത്രനായ ശ്രീ. രാജേന്ദ്രനിലൂടെ ഇപ്പോള്‍ അരങ്ങത്ത് നിറയുന്നു.
നവജീവനില്‍ വെച്ചായിരുന്നു രംഭാമ്മയുടെ അന്ത്യം. സംസ്‌ക്കാരം വീട്ടുവളപ്പിലും. മണ്ണിനേയും, കൃഷിയേയും, കലകളേയും ഒരുപോലെ സ്‌നേഹിച്ചിരുന്ന രംഭാമ്മയുടെ ഓര്‍മ്മകള്‍ കാലം കത്തുവെയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ .......... ?

-സുരേഷ് ബാബു കെ. കെ. കാവാലം 9497637786