"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 24, വെള്ളിയാഴ്‌ച

മഹാനായ അയ്യന്‍കാളി: വിദ്യാഭ്യാ സാവകാശ പ്രക്ഷോഭണം - ദലിത്ബന്ധു എന്‍ കെ ജോസ്


ശൂദ്രര്‍ക്കു വിദ്യാഭ്യാസം പാടില്ല എന്ന നീതിശാസ്ത്രം നിലവിലിരുന്ന ഒരു രാജ്യത്തു ജനിച്ച, ജാതിയടിസ്ഥാനത്തില്‍ ശൂദ്രനു താഴെ ഒരു പുലയനായിരുന്നു അയ്യന്‍കാളി. പുലയര്‍ അന്ന് അക്ഷരം പഠിക്കുക എന്നത് അതിനാല്‍ സ്വപ്നത്തിനും അതീതമായിരുന്നു. ഓരോരുത്തര്‍ക്കും ജാതിയനുസരിച്ചുള്ള ജോലികളും ജീവിതരീതികളും മനു വിവരിച്ചിട്ടുണ്ട്. അതില്‍നിന്നും വ്യതിചലിക്കുന്നത് സാമൂഹ്യഘടന യെത്തന്നെ താറുമാറാക്കുന്ന കുറ്റകൃത്യമാണ്. അതനുസരിച്ച് പുലയന്റെ ജോലി പാടത്തു നെല്‍കൃഷിക്കുവേണ്ടി പണി ചെയ്യുകയെ ന്നതാണ്. അതിന് അക്ഷരാഭ്യാസത്തിന്റെ ആവശ്യമില്ല. അതിനാല്‍ അക്ഷരം പഠിക്കുകയെന്നത് കുലധര്‍മ്മത്തിനു വിരുദ്ധമാണ്. പുലയര്‍ അക്ഷരം പഠിച്ചാല്‍ പാടത്ത് പണിചെയ്യാന്‍ ആളെ ലഭിക്കാതെവരും. കൃഷി നശിക്കും. നായരും നമ്പൂതിരിയും പട്ടിണിയാകും. തിരുവിതാംകൂറിന്റെ സാമ്പത്തിക വ്യവസ്ഥി തിയാകെ തകരും. ബ്രാഹ്മണകോപമുണ്ടാകും. പുലയന്റെ കുടുംബം അതുമൂലം നശിക്കും. ഇതര രാജ്യക്കാര്‍ ഈ നാടിനെ ആക്രമിച്ച് കീഴ്‌പെടുത്തും. അതിനാല്‍ പുലയര്‍ അക്ഷരം പഠിക്കുക എന്നത് രാജ്യദ്രോഹകരമായ പ്രവര്‍ത്തിയാണ്. ആ രാജ്യദ്രോഹത്തിനാണ് അയ്യന്‍കാളി ശ്രമിച്ചത്.

ഡോ.പല്‍പ്പു വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം തിരുവിതാംകൂറില്‍ ഉദ്യോഗത്തിനപേക്ഷിച്ചപ്പോള്‍ ഈഴവരുടെ കുലത്തൊഴില്‍ കള്ളുചെത്താണ്, അതു ചെയ്താല്‍ മതി എന്നാണ് സര്‍ക്കാരില്‍ നിന്നും മറുപടി കൊടുത്തത്. ഗാന്ധി ഒരിക്കല്‍ പറഞ്ഞു ഓരോരുത്തരും അവരവരുടെ കുലധര്‍മ്മമനുസരിച്ചു ജീവിക്കണം. ജാതിപരമായ തൊഴില്‍കൊണ്ടു നിത്യവൃത്തി കഴിക്കണം. അതില്‍ നിന്നും വ്യത്യസ്തമായ അറിവുകളു ണ്ടെങ്കിലും ജീവിതവൃത്തിക്ക് അത് ഉപയോ ഗിക്കരുത്. 1925 മാര്‍ച്ച് 13-ാം തീയതി ഗാന്ധി ശിവഗിരിയില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു, '...ഓരോ തോട്ടിയോടും എനിക്കു അപേക്ഷിക്കുവാനുള്ളത് തന്റെ തൊഴിലിനെക്കുറിച്ച് അയാള്‍ ലജ്ജിച്ചുകൂടാ എന്നാണ്. ആത്മാര്‍ത്ഥമായി സ്വകൃത്യം അനുഷ്ഠിക്കുന്ന തോട്ടി ശുചീകരണ കര്‍മ്മം ചെയ്യുന്നവനാണ്.'8 അതു തന്നെയാണ് തിരുവിതാംകൂര്‍ രാജാവ് ഡോ.പല്‍പ്പുവിനെ ഉപദേശിച്ചതും. സി.രാജഗോപാലാചാരി മദ്രാസ്സിലെ മുഖ്യമന്ത്രി യായപ്പോള്‍ ആ വിധത്തില്‍ ഒരു വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കി. ഉച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥി കള്‍ അവരവരുടെ പാരമ്പര്യത്തൊഴിലുകള്‍ അഭ്യസിക്കുക. കുശവരുടെ കുട്ടികള്‍ ഉച്ചകഴിഞ്ഞാല്‍ കലം മെനഞ്ഞു പഠിക്കുക. നെയ്ത്തുകാരുടെ മക്കള്‍ ഉച്ചകഴിഞ്ഞു നെയ്ത്തു പഠിക്കുക. അപ്പോള്‍ തോട്ടിയുടെ മക്കള്‍ ഉച്ചകഴിഞ്ഞ് മലം ചുമന്നു പഠിക്കണമല്ലോ. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തമായ പ്രതിഷേധം കാരണം രാജാജിക്ക് അതു പിന്‍വലിക്കേണ്ടിവന്നു. അതാണ് ഗാന്ധിസം, ചാതുര്‍വര്‍ണ്ണ്യം. അതിനുമുമ്പാണ് അയ്യന്‍കാളി പുലയക്കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കാന്‍ തയ്യാറായത്.

വിദ്യാഭ്യാസരംഗത്ത് ആദ്യമായി അയ്യന്‍കാളി ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം-ആശാന്‍കളരി സ്ഥാപിക്കുക എന്നതാണ്. അത് 1904 ലാണ് സംഭവിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പുലയന്‍ കളരി-കുടിപ്പള്ളിക്കൂടം-സ്ഥാപിച്ചു. വെങ്ങാനൂരും പരിസരത്തു മുള്ള ഏതാനും പുലയക്കുട്ടികളെ വിളിച്ചുവരുത്തി അവിടെ ഇരുത്തി ഒരാളെക്കൊണ്ട് നിലത്തെഴുത്ത് അവരെ പഠിപ്പിച്ചു. അയ്യന്‍കാളിക്ക് അന്ന് അക്ഷരം അറിഞ്ഞുകൂടായിരുന്നു.

പുലയര്‍ക്ക് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനാവകാശം വേണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതും അയ്യന്‍കാളി തന്നെയാണ്. അന്നു മിഷനറിമാര്‍ നടത്തിയപ്പോരുന്ന സ്‌കൂളു കളില്‍ പുലയക്കുട്ടികള്‍ക്കു ചേര്‍ന്നു പഠിക്കാമായിരുന്നു. മിഷനറിസ്‌കൂളുകളില്‍ പുലയക്കുട്ടികളെ ചേര്‍ക്കുന്നത് ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇഷ്ടകരമായിരുന്നില്ലെങ്കിലും സ്‌കൂള്‍ അധികൃതരുടെ വിട്ടുവീഴ്ചയി ല്ലാത്ത നയം മൂലം അതിനോടൊത്തുപോകാന്‍ തയ്യാറുള്ള ഈഴവരും ക്രിസ്ത്യാ നികളും മാത്രം പുലയക്കുട്ടികളോടൊപ്പം തങ്ങളുടെ കുട്ടികളെയും മിഷനറിസ്‌കൂളുകളില്‍ പഠിപ്പിച്ചു. സവര്‍ണ്ണരില്‍ ആരും തന്നെ അന്നതിന് തയ്യാറായില്ല. അന്നത് അറിയപ്പെട്ടിരുന്നത് പുലപ്പ ള്ളിക്കൂടം എന്നായിരുന്നു.

പ്രസ്തുത സ്‌കൂളുകളിലേയ്ക്കുപോലും തങ്ങളുടെ കുട്ടികളെ അയയ്ക്കാന്‍ പുലയര്‍ തയ്യാറായിരുന്നില്ല. അക്ഷരാഭ്യാസം ആവശ്യമാണെന്ന ബോധം അന്നു പുലയരിലുണ്ടായിരുന്നില്ല. വയലിലെ കൂലിപ്പണി മാത്രമാണ് തങ്ങളുടെ തൊഴില്‍ എന്നാണ് സവര്‍ണ്ണരെ പ്പോലെ അവരും ധരിച്ചിരുന്നത്. അതിന് അക്ഷരാ ഭ്യാസ ത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ക്രൈസ്തവ മതത്തിലേക്ക് മാനസാന്തരപ്പെട്ട പുലയര്‍ മിഷനറിമാരുടെ നിര്‍ബന്ധം മൂലം സ്‌കൂളുകളിലേക്ക് അന്നു കുട്ടികളെ അയച്ചിരുന്നു എന്നുമാത്രം. എല്‍.എം.എസിലെ റവ. മീഡ് തങ്ങളുടെ സ്‌കൂളുകളില്‍ പഠിക്കുന്ന പുലയക്കുട്ടികളുടെ എണ്ണം നോക്കി അധ്യാപകര്‍ക്ക് ശമ്പളം കൊടുത്തിരുന്നു. ഒരു പുലയ പെണ്‍കുട്ടിയെ പഠിപ്പിക്കുന്നതിന് ഒരു പണവും ഒരാണ്‍കുട്ടിയെ പഠിപ്പിക്കുന്നതിന് അര പണവും വീതവും അദ്ധ്യാപകന് ശമ്പളത്തിനു പുറമെ അധികമായി കൊടുക്കുന്നതിന് ഏര്‍പ്പാടു ണ്ടാക്കി. അങ്ങനെ അദ്ധ്യാപകരുടെ നിര്‍ബന്ധംമൂലം കുറച്ചു പുലയക്കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിച്ചു.

എന്നാല്‍ മിഷന്‍ സ്‌കൂളുകള്‍ അന്ന് എല്ലായിടത്തും ഉണ്ടായി രുന്നില്ല. ഉള്ളവതന്നെ സവര്‍ണ്ണരുടെ ദൃഷ്ടിയില്‍ പുലപ്പള്ളിക്കൂട ങ്ങളും'ക്രൈസ്തവമതത്തിലേക്ക് അധഃകൃതരെ മാനസാന്തര പ്പെടുത്തു വാനുള്ള റിക്രൂട്ടുശാലകളുമായിരുന്നു. അവിടുത്തെ വിദ്യാഭ്യാസരീതിയും ആഢ്യന്മാരായ സവര്‍ണ്ണര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ളതുമായി രുന്നില്ല.

ഇംഗ്ലീഷ് സ്‌കൂളുകളല്ലെങ്കില്‍ത്തന്നെയും സര്‍ക്കാര്‍ വക വിദ്യാലയങ്ങള്‍ അന്നു വളരെ ചുരുക്കമായിട്ടുണ്ടായിരുന്നു. ആ പരിതസ്ഥിതിയിലാണ് 1906 ല്‍ ആദ്യമായി അയ്യന്‍കാളി പുലയക്കുട്ടികളെ സര്‍ക്കാര്‍വക പള്ളിക്കൂടങ്ങളില്‍ പ്രവേശി പ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അടിസ്ഥാന സമുദായ ങ്ങളില്‍പ്പെട്ട കുട്ടികളെ പഠിപ്പിക്കു ന്നതിന് നിലവിലുള്ള പള്ളിക്കൂടങ്ങളില്‍ അവരെ ചേര്‍ക്കുന്നതിന് അനുവാദം തരികയോ, അതിലേയ്ക്കു പ്രത്യേകം സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു കിട്ടുകയോ ചെയ്യുന്നതിന് അദ്ദേഹം തുടര്‍ച്ചയായി സര്‍ക്കാരിലേയ്ക്ക് അപേക്ഷകള്‍ അയച്ചുകൊണ്ടിരുന്നു. ശ്രീമൂലം പ്രജാസഭാ മെമ്പറായതിനു ശേഷം അവിടെയും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു.9

അതിന്റെയെല്ലാം ഫലമായി 1908-ല്‍ അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുന്നതി നുള്ള അനുവാദം സര്‍ക്കാരില്‍നിന്നും ലഭിച്ചു. അങ്ങനെ സ്ഥാപിക്കപ്പെട്ട താണ് ഇന്നുകാണുന്ന വെങ്ങാനൂര്‍ പുതുവല്‍വിളാകം ഹൈസ്‌കൂള്‍. അതാണ് 2009 ല്‍ കെ.പി.എം. എസ്സുകാര്‍ ഏറ്റെടുത്ത് പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്നത്. അയ്യന്‍കാളിപ്പള്ളിക്കൂടം എന്ന പേരിലാണ് അത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ആ സ്‌കൂളില്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. അതിന്റെ മേല്‍ ക്ലാസ്സുകളില്‍ പഠിക്കേണ്ടിവന്ന കുട്ടികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ പോകേണ്ടി വന്നു. അവിടെ ടൗണ്‍ സ്‌കൂള്‍ എന്ന പേരില്‍ നാലു ക്ലാസ്സുവരെ മാത്രമുള്ള ഒരു സ്‌കൂളുണ്ടായിരുന്നത് പുലപ്പള്ളിക്കൂടമ ാക്കിമാറ്റി.

അക്കാലത്ത് സ്‌കൂള്‍ അദ്ധ്യാപകര്‍ എല്ലാവരും തന്നെ സവര്‍ണ്ണ രായിരുന്നു. അദ്ധ്യാപകജോലി നിര്‍വഹിക്കത്തക്കവിധത്തില്‍ വിദ്യാഭ്യാസം ലഭിച്ച പുലയരാരും തന്നെ ഉണ്ടായിരുന്നില്ല. അക്ഷരം അറിയാവുന്ന ഒരു പുലയന്‍ പോലും തെക്കന്‍ തിരുവിതാംകൂറിലു ണ്ടായിരുന്നില്ല എന്നതാണ് നേര്. ആരെങ്കി ലുമുണ്ടെങ്കില്‍ എല്‍.എം.എസ്സിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവരാണ്. അങ്ങനെയാണ് തോമസ് വാധ്യാരും മറ്റുമുണ്ടായത്. പുലയര്‍ക്കു മാത്രമായിട്ടുള്ള പുലപ്പള്ളിക്കൂട ത്തില്‍ അദ്ധ്യാപകരാകുവാന്‍ സവര്‍ണ്ണരില്‍ ആരും തയ്യാറാ വുകയില്ല. പുലയരെ അക്ഷരം പഠിപ്പിക്കുക എന്നത് ധര്‍മ്മശാസ്ത്രത്തിനു വിരുദ്ധമായിട്ടുള്ളതു മാത്രമല്ല അയിത്ത ത്തിന്റെ നിഷേധം കൂടിയാണ്. അയിത്തക്കുട്ടികളുടെ നടുക്കു കുത്തിയിരുന്ന് പകല്‍ മുഴുവനും അവരെക്കൊണ്ട് നിലത്ത് അക്ഷരം എഴുതിക്കുക, അവരുടെ കൈയ്ക്കു പിടിച്ചു അക്ഷരം വരക്കുക എന്നതിനേക്കാള്‍ ഹീനമായ പണിയുണ്ടോ? അരനൂറ്റാണ്ടിനുശേഷം മഹാരാഷ്ട്രയില്‍ ഒരു കോളേജിന്റെ പേരിന്റെ കൂടെ ഡോ.അംബേദ്ക്കറുടെ പേരു കൂട്ടിച്ചേര്‍ത്തതിന് ആ കോളേജ് കത്തിക്കാന്‍ തുടങ്ങിയവരാണ് ഇന്ത്യയിലെ ചാതുര്‍വര്‍ണ്ണ്യക്കാര്‍. തിരുവനന്തപുരത്തിനു സമീപത്തെ ഒരു കൈതമുക്ക് പരമേശ്വരന്‍പിള്ള യാണ് വെങ്ങാനൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനാകാന്‍ അവസാനം സന്നദ്ധത പ്രകടിപ്പിച്ചത്. അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തദ്ദേശവാസികളായ നായന്മാര്‍ ഒരു ശ്രമം നടത്താതിരുന്നില്ല. അവസാനമവര്‍ ഭീഷണിവരെ ഉപയോഗിച്ചു. ദിവസവും രാവിലെ സ്‌കൂളിലേക്കും വൈകു ന്നേരം തിരികെ വീട്ടിലേയ്ക്കും അയ്യന്‍കാളി അയച്ചുകൊടുത്ത അംഗരക്ഷകരുടെ അകമ്പടിയോടുകൂടിയാണ് അദ്ധ്യാപകന്‍ സഞ്ചരിച്ചത്. അതിനു പരമേശ്വരന്‍പിള്ള സന്നദ്ധനായതി നാല്‍ അയ്യന്‍കാളിപ്പള്ളിക്കൂടം നിലനിന്നു.